Malayalam Short Story : പച്ചമാംസത്തിന്റെ രുചി, പ്രവീണ്‍ പി എസ് ഏവൂര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   പ്രവീണ്‍ പി എസ് ഏവൂര്‍ എഴുതിയ ചെറുകഥ

 

chilla malayalam short story by Praveen PS Evoor

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Praveen PS Evoor

 

കാര്‍മേഘങ്ങള്‍ മൂടിയ സന്ധ്യയെ കീറിമുറിച്ച് കൊണ്ട്  തുലാമാസ കാറ്റ് ശക്തിയായി കടന്നു പോയി. 

എന്ത് ദ്രോഹമാണ് അവന്‍ എന്നോട് ചെയ്തത്. ആ കറുമ്പന്‍മഴ എന്നെ നോക്കി കൊതിപ്പിക്കുകയായിരുന്നു. എന്റെ നീറുന്ന ചിരട്ടക്കനല്‍  കെടുത്താന്‍ ഇപ്പോള്‍ വരാം ഇപ്പോള്‍ വരാം എന്ന്. 

ശരീരത്തിലെ  ഒരു പോറലിനായി കാത്തിരിക്കുന്ന  ചോരയെ പോലെ ഞാന്‍ വെമ്പി. ആ കറുമ്പനോടുള്ള പ്രണയം വറ്റിയിട്ടില്ലായിരിക്കും. അവനെ ഇല്ലാതാക്കാന്‍ കാറ്റിനും സാധിച്ചു കാണില്ല. അവന്‍ കറുമ്പനെ ആരും  കാണാത്ത ഇടം നോക്കി കൊണ്ടുപോയതാരിക്കും, അവന്മാര്‍ക്ക് ഒന്നിക്കാന്‍. ഒരു പക്ഷെ അവന്‍ താഴേക്ക് വരാഞ്ഞത് നന്നായി. വന്നിരുന്നുവെങ്കില്‍. എന്റെ കനല്‍. അത് കെടുത്തിയാലുണ്ടാകുന്ന പുക.


ഹോ! അത് എന്റെ  ശരീരം  മുഴുവന്‍ ബാധിച്ച് എന്നെ  കീഴ്‌പ്പെടുത്തും. ഞാനാ പുകയുടെ അടിമയാവും. മൂക്കിലൂടെ ഇപ്പം പുറത്ത്ചാടും പുറത്ത്ചാടും എന്ന് ഞാന്‍  പ്രതീക്ഷിക്കും. പക്ഷെ അവന്‍ എനിക്ക് പിടിതരാതെ തിരിച്ച് ഉള്ളിലേക്ക് പോവും. എന്നെ ചതിച്ചുകൊണ്ടേയിരിക്കും.

ഹാ....! അതൊന്നും വേണ്ട. അവന്‍  അങ്ങനെ തന്നെ  കിടക്കട്ടെ. ഇപ്പം എന്റെ ഹൃദയത്തിന്റെ  പകുതിയും കരിഞ്ഞിരിക്കുന്നു.

മാംസം കത്തി കരിഞ്ഞിരിക്കുന്നത് എനിക്ക് കാണാം. കരിയട്ടെ, മുഴുവന്‍ കരിയട്ടെ! എന്നിട്ട്  ആ മാംസം കരിയുന്ന ഗന്ധം പുറത്തേക്ക് വരുമ്പോള്‍  അതിനേം ഞാന്‍ രുചിക്കും. വിഴുങ്ങും. എന്ത്  സ്വാദായിരിക്കും. 

പക്ഷെ അവളുടെ  മാംസത്തിന്റെ ആ സ്വാദ് അതില്‍  കാണില്ല.  ആ രുചി  എനിക്ക്  മറക്കാന്‍ പറ്റുമോ. എന്റെ വിശപ്പകറ്റിയ ദാഹം അകറ്റിയ ആ സുഗന്ധം. നഷ്ടപ്പെട്ടുപോയ തൂവല്‍ തുന്നി ചേര്‍ക്കാന്‍ നോക്കുന്ന കാക്കയെപ്പോലെ ആ സുഗന്ധം തേടി എന്റെ മനസ്സ് വേട്ടപ്പട്ടിയുടെ ശൗര്യത്തില്‍, പിറന്ന പൊടിയുടെ ആദ്യ ശബ്ദത്തില്‍  അലയുകയാണ്. തലയണേല്‍ അമര്‍ന്ന കണ്ണുകളും മനസ്സും ഇരുട്ടില്‍ കുളിച്ചു.

ഞാന്‍ കോളേജില്‍ രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഏറ്റവും  നല്ല  സുഹൃത്തായി അവള്‍ മാറിയതും പെട്ടെന്നായിരുന്നു. എന്റെയുള്ളില്‍ ഒരു  പുരുഷനുണ്ട്  എന്ന് ആദ്യമായി പറഞ്ഞത്  അവളായിരുന്നു. ആ സമയം ശക്തമായ കാറ്റില്‍ കുലുങ്ങാതെ നില്‍ക്കുന്ന വടവൃക്ഷത്തെ പോലെയുള്ള അവളുടെ നോട്ടം.  ഞാന്‍  ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ അതിയായ സന്തോഷം.  മനസ്സിന്റെ അടിത്തട്ടിലിട്ട് ഒരു പാറക്കല്ല് വെച്ച് അതിനെ മൂടി

അവളുടെ നോട്ടത്തെ ഛേദിച്ച്  ഒന്നും കേള്‍ക്കാത്ത രീതിയില്‍ പുസ്തകത്താളില്‍  കണ്ണ് തളച്ചു. ബെഞ്ചിലൂന്നിയിരുന്ന എന്റെ കൈയുടെ മുകളിലേക്ക് അവളുടെ കൈ വന്നു പതിച്ചു. മുല്ലമൂട്ടിലെ ലോലമായ ഉള്‍താളിനെ പോലെ. ആ ലോലത്വം  ഞാന്‍ മുന്നേ അറിഞ്ഞിട്ടുണ്ട്. ഡെസ്‌കില്‍ തറഞ്ഞിരുന്ന ആണിയുടെ മുനമ്പ്  തട്ടിയപ്പോള്‍ മുല്ലപ്പാളിയിലേക്ക് രക്തത്തുള്ളി വീണതുപോലെ ചുമന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം  എന്നിലെ പുരുഷത്വത്തെ അറിഞ്ഞവള്‍. ഉള്ളില്‍  സന്തോഷമുണ്ടെങ്കിലും അതിലേക്കും ഒരു കുട്ടിനിഴല്‍ അവകാശവാദവുമായി വന്നു.

പണ്ട് ഞാന്‍ മറച്ചതാണ് എന്നിലെ പുരുഷത്വം. ഇപ്പോള്‍ അത് വീണ്ടും ഒരാള്‍ തിരിച്ചറിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണാദ്യമായി ഞാന്‍ ചേട്ടന്റെ പാന്റും ഷര്‍ട്ടും ധരിക്കുന്നത്. ആ വേഷത്തില്‍ ദര്‍പ്പണം എന്നെ പകര്‍ത്തിയപ്പോള്‍ എന്റെ മനസ്സ് ഐസ് വെളളത്തില്‍ വീണതുപോലെ. 

മൂക്കിന് താഴെ ചുണ്ടിന് മുകളിലേക്ക് അടുത്തിരുന്ന കണ്‍മഷി ഓടിക്കയറി. ചേട്ടന്‍ വീട്ടില്‍ ഇല്ലാത്തതുകൊണ്ട് പ്രശ്‌നം ഒന്നും ഉണ്ടായില്ല. ഇങ്ങനെ ഒരോ ദിവസോം ഞാന്‍ സുര്യനെ തള്ളിനീക്കും. ആദ്യ മൂന്ന് ദിവസങ്ങളില്‍ വീട്ടുകാരും ഒപ്പം കൂടിയിരുന്നു. പിന്നീട് അവരുടെ മുഖത്ത് ഇരുട്ട് കയറി. ഒരോ തവണ ഞാന്‍ പാന്റീന്നും ഷര്‍ട്ടീന്നും ഇറങ്ങുമ്പോഴും എന്റെ ചുണ്ടുകള്‍ അതിനോട് സ്‌നേഹം കൂട്ടിയിരുന്നു. ഒരിക്കല്‍ ആ സമയത്ത് അമ്മ എന്റെ മുറിയിലേക്ക് കയറി വന്നു.

പതിവിന്ന് ഭിന്നമായ ഗൗരവം മുഖത്ത് തമ്പടിച്ചിരിക്കുന്നു.

ചുണ്ടുകള്‍ രണ്ടും പശതേച്ചതുപോലെ. തലയോട്ടിയിലേക്ക് ഇറങ്ങിയ കണ്ണിലേക്ക് ടാര്‍പ്പാതയും കൊടിപിടിച്ചു പോയി.

'എന്താമ്മേ.....'

'എന്താ നിന്റെ ഉദ്ദേശം?'

'എന്ത്?'

'ഈ വേഷം കെട്ടല്‍ കുറേനാളായി തുടരുന്നു'

'അത് ചുമ്മാ ഒരു രസം'

'ഞങ്ങക്ക് ഇത് രസമായി തോന്നുന്നില്ല. നിന്റെ അച്ഛന്‍ എത്ര നാളായി ഉറങ്ങിയിട്ട് എന്നറിയാമോ?'

'അച്ഛനെന്താ'

അമ്മ വളരെ ഗൗരവത്തോടെ എന്നെ നോക്കി. ആ കണ്ണീന്ന് തീ തുപ്പി ഞാന്‍ കത്തിപോകുമോ എന്ന് പോലും തോന്നി.

'ഇനി മേലില്‍ നീ ഈ കോമാളി വേഷം കെട്ടിയേക്കരുത്.'

ഇതില്‍ എന്ത് കോമാളിത്തരമാണ് എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും അമ്മയുടെ ഭാവം കണ്ട് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

കിളികളുടെ കൂട്ടകരച്ചിലുകളില്‍ കലുഷിതമാകുന്ന അന്തരീക്ഷം പെട്ടെന്നു ശാന്തമായതു പോലെ.

തറയില്‍ പതിഞ്ഞ കണ്ണിന്റെ ഒടക്കു പൊട്ടിച്ചുകൊണ്ട് അമ്മ വിളിച്ചു.

'മോളെ...'

ആ വിളിയില്‍ സ്‌നേഹം ഉണ്ടായിരുന്നു. ലാളന ഉണ്ടായിരുന്നു. വാത്സല്യം ഉണ്ടായിരുന്നു. അതിന് മുന്നില്‍ എന്റെ പുരുഷത്വം തോറ്റു.

ആ തോല്‍വിയിലൂന്നിയ ജയമാരുന്നു ഇത്. എന്നിലെ പുരുഷന്‍ അവളോട് അടുത്തു.

അങ്ങനെ ഒരിക്കല്‍ എന്റെ മനസ്സിന്റെ വലിയൊരാഗ്രഹം അവളറിഞ്ഞു. ആരും അറിയാതെ ഒരു പൊതിയായി എനിക്കവള്‍ അത് സമ്മാനിച്ചു.

ചാനലുകള്‍ മാറ്റി മാറ്റി പോകുന്നതിനിടയിലാണ് അതിലെ മണ്ണിര എന്നെ ഭ്രമിപ്പിച്ചത്. ആ മണ്ണിരയെ ഞാന്‍ കടിച്ച് നുണയുന്നതിനടയിലാരുന്നു വളഞ്ഞിരുന്ന കൊളുത്ത് എന്നില്‍ തറഞ്ഞത്. ഞാന്‍ വീട്ടിലെത്തി കതകടച്ചു കുറ്റിയിട്ടു.

ആ പൊതിയെടുത്തു. കുറ്റി വീണിട്ടില്ലേ. ഒന്നൂടെ ഉറപ്പ് വരുത്തി. പൊതി തുറന്ന് അത് കൈയിലെടുത്തു. 

പ്രണയത്തിന്റെ മൂര്‍ദ്ധന്യവസ്ഥയിലിരുന്ന കാമുകന്‍ കാമുകിയെ കാണുന്ന അവസ്ഥ. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു പാട് ആഗ്രഹിച്ച കാര്യമാണ് ആരോടേലും പറയാന്‍ പേടിയാരുന്നു അതാണ് അവളിപ്പോള്‍.

വട്ടത്തിലെ തിളങ്ങുന്ന സ്റ്റിക്കര്‍ ഇളക്കിമാറ്റി അത് എന്റെ കാലുകളില്‍ കൂടി മുകളിലേക്ക് കയറിയപ്പോള്‍. 

ഹൃദയം വിശാലമായ പൂക്കളും അവയുടെ കാമുകന്മാരും നിറഞ്ഞ ലോകത്തെവിടെയോ ആയിരുന്നു.

പണ്ട് ആദ്യമായി പുരുഷന്മാര്‍ മൂത്രം ഒഴിക്കുന്നപോലെ നിന്ന് മൂത്രം ഒഴിച്ചപ്പോള്‍ എനിക്ക് കിട്ടിയ ആനന്ദം പോലെയാരുന്നു.

അങ്ങനെ അവള്‍ എന്റെ മനസ്സില്‍ ശ്രീ കോവില്‍ തീര്‍ത്തു. അര്‍ദ്ധനാരികളായി ഞങ്ങളുടെ പ്രണയം പുറത്ത് കാണിക്കാന്‍ പേടിയായിരുന്നു. ഒരു പെണ്ണും മറ്റൊരു പെണ്ണും പ്രേമിച്ചാല്‍ സമൂഹം എന്ത് പറഞ്ഞേക്കും? 

ഹും! ആരറിയാന്‍ ഞങ്ങടെ വികാരവിചാരങ്ങള്‍.

ഒരുനാള്‍ അവള്‍ എന്റെ വീട്ടില്‍ വന്നു. അന്നാണ് ഞങ്ങള്‍ മറ്റ് ശല്യങ്ങളില്ലാതെ പരസ്പരമറിയുന്നത്. അവളോടുള്ള സ്‌നേഹം എന്നില്‍ കരയില്ലാത്ത കടലുപോലെ വളര്‍ന്നിരുന്നു. വേലിയേറ്റം പോലെ അത് പ്രകടിപ്പിക്കാന്‍ വെമ്പല്‍കൊണ്ടു. ഞാന്‍ അവളുടെ ചുമന്ന മുത്തു കമ്മല്‍ ധരിച്ച ചെവിയില്‍ കടിച്ചു. ഞങ്ങടെ ചുണ്ടുകള്‍ പരസ്പരം ആര്‍ക്കും അറിയാത്ത ലോകകഥകള്‍ പറഞ്ഞു. പാദങ്ങള്‍ ബാര്‍ കാന്തത്തിന്റെ ഉത്തരദക്ഷിണ ധ്രുവം പോലെയായി.

ഇരട്ടപ്പഴം വലിച്ച് മാറ്റുമ്പോള്‍ പറിഞ്ഞുപോകുന്ന തൊലി. അത് നല്‍കുന്ന വേദന. അതായിരുന്നു അന്ന് ഞങ്ങള്‍ പിരിഞ്ഞപ്പോള്‍. 

ആ വേദന പൂര്‍ണ തീവ്രതയില്‍ ഞാന്‍ അനുഭവിക്കുന്നത് അവളുടെ മാംസത്തിന്റെ പുക രുചിച്ചപ്പോഴാണ്.
തലയണയിലേക്ക് മുഖം ആഞ്ഞ് ഞെരുക്കി.

'ഇല്ല ഒരിക്കലും ഞാന്‍ കരയില്ല'

കാര്‍മേഘം വന്ന് ഇരുണ്ടുമൂടി. 

മഴയുടെ വിരഹത്തീ മിന്നിക്കൊണ്ടെയിരുന്നു. 

അവന്റെ കാമുകന്‍ അവനെ തേടി അലറി പാഞ്ഞു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios