Malayalam Short Story : രണ്ട് പെണ്ണുങ്ങള്‍, പ്രജിത രാജേഷ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രജിത രാജേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാറ്റ് വീശിയപ്പോള്‍ തുറന്ന വാതില്‍ എണ്ണയിടാത്ത പരിഭവം പറഞ്ഞു. അമ്മ മുറി താഴിടാന്‍ മറന്നു കാണും.അല്ലാതെ തന്നോട് ദയ തോന്നുന്ന ആരും ഇല്ലല്ലോ ഇവിടെ.
തുറന്ന വാതിലിലൂടെ കാറ്റിനേക്കാള്‍ വേഗതയില്‍ ഓടി. കാറ്റ് ചെന്നവസാനിച്ചത് കുളപ്പടവുകളിലാണ്. കാട്ടുപൊന്തകള്‍ നിഴല്‍ വിരിച്ച കുളപ്പടവില്‍ അമ്മിണി ഇരിപ്പുണ്ട്.
'അമ്മിണീ, നീ എങ്ങനെയെത്തി ഇവിടെ!'
'അതൊക്കെ എത്തി.'
അമ്മിണി ഗൂഢമായി ചിരിച്ചു.
'ആട്ടെ. മണിക്കുട്ടി എങ്ങനെ എത്തി?'
'വാതില്‍ തുറന്നു കിടന്നു. കിട്ടിയ തക്കത്തിന് ഞാന്‍ ഇങ്ങട് പോന്നു.'
ഇളം വെയിലേറ്റ് ചുവന്ന മണിക്കുട്ടി വീണ്ടും തുടുത്തു.
'അമ്മിണീ.നമ്മള്‍ എന്ത് തെറ്റാ ചെയ്‌തേ?'
ചെറിയ കല്ലുകള്‍ വെള്ളത്തില്‍ വീണപ്പോള്‍ ഉണ്ടായ ഓളങ്ങള്‍ കരയെ തഴുകി.
'അറിയില്ല മണിക്കുട്ടീ. പ്രണയം ഒരു തെറ്റാണെങ്കില്‍ നമ്മള്‍ തെറ്റുകാര്‍ തന്നെ.'
രണ്ട്
രണ്ടു വീടുകളിലാണെങ്കിലും ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. കൗമാരത്തില്‍ എന്നോ കണ്ണുകളില്‍ തെളിഞ്ഞ തിളക്കം പരസ്പരമുള്ള പ്രണയമെന്ന തിരിച്ചറിവില്‍ പ്രണയവഴിയില്‍ ഒരുമിച്ച് നടന്നവര്‍.
ഒരിക്കല്‍ കുളപ്പടവില്‍.
കൈ കോര്‍ത്ത് മതി വരുവോളം നീന്തി, മുങ്ങാംകുഴിയിട്ട് അഭ്യാസങ്ങള്‍ കാട്ടി. തളര്‍ച്ചയുടെ ആലസ്യത്തെ പാടെ മറന്ന പ്രണയിനികളുടെ ചുണ്ടുകള്‍ തമ്മില്‍ കഥ പറഞ്ഞു. ഉടല്‍ ഉടലിനോട് ചേര്‍ന്നു.
'എടീ..'
പെണ്ണുടലുകള്‍ പിടഞ്ഞു മാറി.
'ഒരുമ്പെട്ടവള്‍ തറവാട് മുടിപ്പിക്കും. അശ്രീകരം. അമ്മിണീ..നിന്നെ ഇനി ഇവിടെ കണ്ടു പോവരുത്. വാടീ ഇവിടെ'
അമ്മ കൈപിടിച്ചു വലിച്ചു കൊണ്ടു പോകുമ്പോള്‍ അമ്മിണിയെ വിരഹ വേദനയോടെ നോക്കി. മുറിയ്ക്ക് പുറത്തു സംഭാഷണങ്ങള്‍.
'എത്രയും പെട്ടെന്ന് പെണ്ണിനെ കെട്ടിച്ചു വിടണം. ഒന്നും നോക്കേണ്ട. ആരായാലും വിരോധല്യ.'
അമ്മിണിയുടെ കാര്യം ആരും ഒന്നും പറയുന്നില്ലല്ലോ.അവളെയും മുറിയില്‍ പൂട്ടിയിട്ടു കാണും. എത്ര ദിവസമായി തമ്മില്‍ കണ്ടിട്ട്.
പൊടുന്നനെ വാതില്‍ തുറന്നു വന്ന കാറ്റ് അവളില്‍ കുളിര് കോരി.
മൂന്ന്
'അമ്മിണീ.നീ ഒരു ആണായി ജനിച്ചാല്‍ മതിയാരുന്നു. വെറും ഒരാണ്'
'അങ്ങനെ ആയിരുന്നെങ്കില്‍ നിനക്ക് എന്നോട് പ്രണയം തോന്നുമായിരുന്നോ. നീ പ്രണയിച്ചത് അമ്മിണിയെ അല്ലേ.'
'ഇല്ല. മീശയുള്ള ഒരു അമ്മിണിയെ എനിക്ക് സങ്കല്‍പ്പിക്കാനേ ആവണില്ല'
കുസൃതിച്ചിരി നിറഞ്ഞ ചോദ്യവും ഉത്തരവും പൊട്ടിച്ചിരികളായി അലയടിച്ചു.
പെണ്ണുങ്ങളുടെ പൊട്ടിച്ചിരി കണ്ട് കാട്ടുപൊന്തകള്‍ തലയാട്ടി. നിഴല്‍ അനങ്ങുന്ന വെള്ളത്തില്‍ പുളവന്‍ പുളഞ്ഞു മാറി.
'ഒന്ന് നീന്തിയിട്ട് എത്ര കാലമായി. നമുക്ക് ഒന്ന് നീന്തിയാലോ.'
കളി പറഞ്ഞ കുഞ്ഞോളങ്ങള്‍ തിരകളായി.
നീന്തി തുടിച്ച് മുങ്ങാംകുഴിയിട്ട പെണ്ണുടലുകള്‍ പ്രണയാഗ്‌നിയില്‍ ഉണര്‍ന്നു.
നഗ്‌നമായ ഉടലുകള്‍ കണ്ട് പരല്‍ മീനുകള്‍ കണ്ണ് പൊത്തി. കാട്ടുപൊന്തകള്‍ ഇരുട്ടിലേക്ക് മറഞ്ഞു. പെണ്ണുടലിന്റെ സീല്‍ക്കാരത്തില്‍ പുളവന്‍ നാണിച്ചു നിന്നു. ഉടലാഴങ്ങളിലെ പ്രണയം നുകര്‍ന്ന് മതി വരാതെ അവര്‍ ആഴക്കയങ്ങളിലേക്ക് ഊളിയിട്ടു.
പിറ്റേ ദിവസംവെയില്‍ മൂത്ത നേരം കുളത്തില്‍ പൊന്തിയ ശവങ്ങള്‍ക്ക് പരല്‍ മീനുകള്‍ കാവലിരുന്നു.
'എന്റെ മണിക്കുട്ടിയേ എന്നാലും നീ ഇത് ചെയ്തല്ലോ. തറവാടിന് ചീത്തപ്പേര് വരുത്തി വെച്ച് നീ ഇത് ചെയ്തത് എന്തിനേ കുട്ടിയേ..?'
മറുപടി പറയാനാകാതെ പൊന്തക്കാടുകള്‍ തലകുനിച്ചു നിന്നു.
പുളവന്‍ നീന്താന്‍ മറന്നു.
പരല്‍മീനുകള്‍ കൂട്ടം കൂടി.
സ്വതന്ത്രമായ പെണ്ണുടലിന്റെ ആത്മാക്കള്‍ കൈകോര്‍ത്ത് പൊട്ടിച്ചിരിച്ചു.
വിലക്ക് കല്‍പ്പിച്ച ലോകത്തെ തോല്‍പ്പിച്ച പൊട്ടിച്ചിരി.