Malayalam Short Story : ചുടലക്കളം, പീജി നെരൂദ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. പീജി നെരൂദ എഴുതിയ ചെറുകഥ

chilla malayalam  short story by PG Neruda

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

'ദൈവമേ നീ പരിശുദ്ധനാകുന്നു. മരണമില്ലാതെ വേദനയോടെ കുരിശില്‍ കിടന്നവനേ, നീ പരിശുദ്ധനാകുന്നു. മരിക്കാത്തവരുടെ വിങ്ങുന്ന മുഖത്തെ വേദനയോടെ ഞാന്‍ സ്മരിക്കുന്നു ദൈവമേ'

മുണ്ടിന്റെ കോന്തലയും പിടിച്ച് ഓര്‍മ്മകളുടെ തോര്‍ത്തുമുണ്ടില്‍ മുഖം തുടച്ചു നീങ്ങുന്ന മധ്യേ, അമ്മാത്തു  മുരടനക്കിക്കൊണ്ട് ഒളികണ്ണിട്ട് നോക്കി.

കടവാവല്‍ ചിറക് വിരിക്കുന്നതുപോലെ താഴേക്ക് നീട്ടിത്തുപ്പുമ്പോഴും, ഭാവഭേദങ്ങളില്ലാതെ മുന്നില്‍ നില്‍ക്കുന്ന ചെമ്മാന്‍ തന്റെ കൈയ്യിലിരുന്ന മാങ്ങാണ്ടിയുടെ മുടികളോരോന്നായി എണ്ണിത്തുടങ്ങി. എണ്ണിത്തീരുമ്പോഴേക്കും ചെമ്മാന്‍ 'ഇനിയും മുളക്കാത്ത വിത്തേ, തണലൊരുക്കൂ മനുഷ്യനു വേണ്ടി'' എന്നുപറഞ്ഞ് ആകാശത്തേക്ക് ചുഴറ്റി എറിഞ്ഞു. അത് ആകാശത്ത് 'റ' വരച്ച് കാടിന്റെ ഇടയിലേക്ക് ഒരു പരുന്തിനെപ്പോലെ പറന്നിരുന്നു.

ആറിന്റെ ഇടുപ്പിലേക്ക് ചാഞ്ഞുനിന്നുകൊണ്ട് ചിറകുമുളച്ചവരെ പെറ്റുപോറ്റുന്ന ഒറ്റത്തടിയന്റെ കൂര്‍ത്ത പൂങ്കുലക്കൂമ്പു പോലെ, പരുപരുത്ത നഖത്തിനിടയിലെ കറുത്ത ഭൂപടത്തിലെ ചുവന്ന ബൊളീവിയയെ തിരഞ്ഞുകൊണ്ടിരുന്ന ചെമ്മാന്‍ മുക്രയിട്ട്  വരുന്ന മൂരിക്കൂട്ടം കണ്ട്  സന്തോഷംകൊണ്ട് കൂക്കിവിളിച്ചു.

'ഓന് ഭ്രാന്താ ..... മുഴുത്ത ഭ്രാന്ത്.'

കാര്യാക്കണ്ടാ ചങ്ങായീ. ഇബിടെ നിറയെ ഭ്രാന്തന്‍മാരാ. ഇങ്കള് പൊയ്‌ക്കോണ്ട് ബെക്കം.'

 

Also Read : ചില്ലുമാളങ്ങള്‍, ആരതി അശോക് എഴുതിയ കഥ

 

അമ്മാത്തുവിന് കൗമാരന്റെ മുഖത്തുനിന്ന് കണ്ണെടുക്കാനേ തോന്നിയില്ല. തുരുത്തിലേക്ക് ഒറ്റയടിപ്പാത പോലെ നീളന്‍ മീശയുടെ വട്ടത്തിനുള്ളില്‍ ചൊറിഞ്ഞുകൊണ്ട് കൗമാരന്‍ ശ്വാസംമുട്ടലിന്റെ മൂര്‍ദ്ധന്യതയില്‍  ഒറ്റ ശ്വാസത്തില്‍ പറഞ്ഞവസാനിപ്പിച്ചതിന്റെ തിളക്കം മുഖത്ത് കാണാം.

'എന്ത്? ഭ്രാന്തന്‍മാരുടെ നാടോ?'

അതെ, വളരെ പണ്ട് പണ്ട് ....' കൗമാരന്‍ കഥയുടെ പുറത്ത് വടികൊണ്ട് ആഞ്ഞ് തച്ചുകൊണ്ട് പറഞ്ഞു.

'അങ്ങ് നീങ്ങ് കഥയെ, ഹെയ് ഇങ്ങ്ട് ....ഇബ്‌ടെ  ബെക്കം കഥയേ'

കഥ മുക്രയിട്ട് മുന്നോട്ടുനീങ്ങി.

ആ കുന്ന് കണ്ടാ?

ഓര്‍മ്മയുടെ കാക്കത്തൊള്ളായിരം രാത്രികളും കഴിഞ്ഞ്, നിറങ്ങളുടെയും പൂവുകളുടെയും ഓര്‍മ്മകളില്‍ ജീവിച്ച ഉന്മാദിയായ നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ മലയാണത്! ഭയപ്പെടുത്താന്‍ വന്ന കാളിയെപ്പോലും ഭയപ്പെടുത്തിയ വിവേകിയായ മനുഷ്യന്‍. നാറാണത്ത് ഭ്രാന്തനെ പ്രാപിച്ച് കുലം വേണമെന്നാഗ്രഹിച്ച കാളി  അരുളി. ദേവി  അംശമായ എന്നിലൂടെ നിനക്ക് ഒരു കുലം ആരംഭിക്കാം. എന്നെ പ്രാപിച്ച് നീ സ്വര്‍ഗ്ഗം പൂകുക. ജാതി-വര്‍ണ്ണ ചരാചരങ്ങള്‍ ഭ്രഷ്ട് കല്‍പ്പിക്കാത്ത 'നാറാണത്ത് കുലം.'

നാറാണത്ത് ഭ്രാന്തന്‍ ഉറക്കെ ചിരിച്ചുകൊണ്ട് കുറച്ച് കഞ്ഞി തവിയില്‍ കോരി 'ഇതൊന്ന് വെന്തോന്ന് നോക്കൂ' എന്ന് മറുപടിയായി പറഞ്ഞു.

കാളി തന്റെ ഏത് കൈ നീട്ടുമെന്ന് ആശയക്കുഴപ്പത്തിലായി. നാറാണത്ത് ഭ്രാന്തന്‍ ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.

'ഒരു തവി കഞ്ഞിയുടെ വേവ് നോക്കാന്‍  കഴിയാതെ കുഴപ്പത്തിലായ നിങ്ങളെയാണോ ഞാന്‍ പ്രാപിക്കേണ്ടത്? നിങ്ങളുടെ ഏത് കൈ കൊണ്ട് എന്നെ വാരിപ്പുണരും? ചോരമണക്കുന്ന വാ കൊണ്ട് നിങ്ങളെന്നെ ചുംബിച്ചാല്‍ ഞാന്‍ ശര്‍ദ്ദിച്ച് അവശനാകും.' 

കാളി ഭ്രാന്തന്റെ പരിഹാസംകേട്ട് ഉടുത്ത തലകളും തലയോട്ടിയും വലിച്ചെറിഞ്ഞ് സുന്ദരിയായ കന്യകയുടെ രൂപംപൂണ്ടു. നഗ്‌നയായി നിന്ന കന്യകയുടെ ദേഹത്ത് ഭ്രാന്തന്‍ അടുപ്പില്‍നിന്ന് ചാരം വാരി എറിഞ്ഞു കന്യകയുടെ നിറം ഇരുണ്ടതുകണ്ട് ഭ്രാന്തന്‍ അവളെ നോക്കി പൊട്ടിച്ചിരിച്ച് മന്തുകാല്‍ ആകാശത്തോളം ഉയര്‍ത്തി പലകുറി തറയില്‍ ചവിട്ടിയട്ടഹസിച്ചു .'ദേവലോക അപ്‌സരസുകളോ ഭൂലോകസുന്ദരിമാരോ ഒരു നാഴികയോ ഒരു സംവത്സരമോ നഗ്‌നതയില്‍ നൃത്തമാടിയാലും തന്റെ മനം ചഞ്ചലപ്പെടില്ല. ഇത് ശിവനോ വിശ്വാമിത്രനോ അല്ല നാറാണത്ത് ഭ്രാന്തനാണ്!'

നാറാണത്ത് ഭ്രാന്തന്റെ മുടിക്ക് കുത്തിപ്പിടിച്ച് കാളി മുടിയഴിച്ചിട്ട്  ഉറഞ്ഞുതുള്ളി. ആകാശവും ഭൂമിയും ഇഹലോകവും പരലോകവും മുടിത്തുമ്പില്‍ കിടന്ന് കീഴ്‌മേല്‍മറിഞ്ഞു. കോട്ടകള്‍ പിളര്‍ന്നു, കൊടിക്കൂറകള്‍ കീറി, കൊടിമരം നിലംപതിച്ചു. പെരുവിരല്‍ മുറിഞ്ഞ നാറാണത്തു ഭ്രാന്തന്‍ കുഴഞ്ഞു വീണു.  മുറിവിനെ നാവുകൊണ്ട് കാളി സുഖപ്പെടുത്തി. കാളിയുടെ ഉമിനീരില്‍ ചോരയ്ക്ക് കുന്തിരിക്കത്തിന്റെ മണം പടര്‍ന്നു.  നാറാണത്ത് ഭ്രാന്തന്റെ ശരീരം കുടഞ്ഞിട്ട് ആത്മാവ് കാളിയില്‍ ചേര്‍ന്നു.

നാറാണത്തു ഭ്രാന്തനോടുള്ള സ്‌നേഹം കാരണം കാളി ഭ്രാന്തന്റെ ചങ്ങലയുടെ അറ്റം തന്റെ കാലില്‍ ബന്ധിച്ച് ഈ മലയില്‍ത്തന്നെ കുടികൊണ്ടു. നാറാണത്ത് ഭ്രാന്തന്‍ ചവിട്ടിയിടത്ത് ഉറവ ഇറ്റിയെന്നാണ് ഐതിഹ്യം. അവിടെ പിന്നീട് ക്ഷേത്രം പണിതു.

നാറണത്തു ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റി താഴേക്ക് ഉന്തിവിടുമ്പോള്‍ കല്ലിന്റെ പൊടിപടലങ്ങള്‍ ഇവിടെ വീണിട്ടുണ്ട്. ആ പൊടിയില്‍ തട്ടി പെരുവിരല്‍ മുറിഞ്ഞാല്‍ ചങ്ങലകൊണ്ട് കാഞ്ഞിരത്തില്‍ ബന്ധിക്കപ്പെട്ട്. അവരും ഭ്രാന്തന്‍ കുലത്തില്‍ ചേരും.

കഥകേട്ടുകൊണ്ടിരുന്ന അമ്മാത്തു ഒന്നും മിണ്ടാതെ ചെടികളുടെ തളിരലകളുടെ വിടവിലൂടെ  ആകാശം നോക്കിക്കണ്ടു.

 

Also Read : വെടിക്കാരത്തി, ബിജു സി പി എഴുതിയ കഥ

 

പെരുവിരല്‍ മുറിയാതെ പൊയ്‌ക്കോണ്ട് ബെക്കമെന്ന്  പുലമ്പി കൗമാരന്‍, 'നില്ല് മൂര്യാ,ബടെ നില്ല് ന്ന് ' വിളിച്ച് ദൂരേക്ക്  പാഞ്ഞു. 'അയാളുടെ പിന്‍വശത്ത് ഒരു വാലുകുടി ഉണ്ടായിരുന്നേല്‍ പാടത്ത് ഉഴാന്‍ വിടാരുന്നു'- അമ്മാത്തു മൂരിയെപ്പോലെ അയവെട്ടി ഊറിച്ചിരിച്ചു.

'ഭ്രാന്തന്‍ കുലം വിരോധാഭാസം തന്നെ'  തലയാട്ടിച്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്ന അമ്മാത്തുവിന്റെ മുന്നിലൂടെ, ''ഏയ് ... പൂ തരുമോ'' എന്ന് ചോദിച്ചു കൊണ്ട് നടപ്പാതയുടെ നെടുകേ  എട്ടുപെറ്റ ക്രൈസ്തവയായ ഉലിയാന, ചോവനായ ചോമുവിന്റെ പിന്നാലെ മരച്ചുവട്ടിലേക്ക് ഓടിപ്പോകുന്നതുകണ്ട് അമ്മാത്തു പിന്നാലെ പോയി. ചോമു കൈയ്യിലിരുന്ന ആകാശമല്ലിയുടെ ഇതളുകളിലെ ഉറുമ്പിനെ സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു. അയാളെ വാക്കുകള്‍ കൊണ്ടുപോലും മുറിപ്പെടുത്താന്‍ കഴിയുന്നത്ര മൃദുലമായിരുന്നു ആ സമയം.

'ആ പൂ തരുമോ?' ഉലിയാന ചോദിച്ചു.

'പൂ തന്നാല്‍ എനിക്കെന്ത് തരും?'

'ഞാന്‍ മുത്ത് തരാം'

'എന്ത് മുത്ത്?'

'ചെമപ്പ് മുത്ത്'

'ചെമപ്പ് വേണ്ടാ. നിലാവിന്റെ നിറം തരുമോ?'

'നിലാവിന്റെ നിറം തന്നാ  പൂവ് തരുമോ?'

'മ്.....! തരും.'

'ഇന്നാ പിടിച്ചോ'-ആകാശത്ത് ഒരു വട്ടം വരച്ച് ഉലിയാന കൈക്കുള്ളിലിട്ടു.

'കൈ ആകാശത്തിന് നേരെ ചരിച്ച് പിടിക്ക്. എന്നാലേ മുത്തിന് നിലാവിന്റെ നിറം കിട്ടൂ'-ലിയാന കൈക്കുമ്പിള്‍ ചോമുവിന് നേരേ നീട്ടി. ചോമു കൈവെള്ള നിവര്‍ത്തിപ്പിടിച്ചു; 'ദാ നിലാവിന്റെ നിറമുള്ള മുത്ത്.'

അമ്മാത്തു  ഇരുന്നും കിടന്നും കുന്തിച്ചു നോക്കി. 'എവിടെ മുത്ത്? ഞാന്‍ കാണണില്ലല്ലോ?'
 
'കാണുന്നില്ലേ സൂക്ഷിച്ച് നോക്ക്.' ചോമുവിന്റെ  പെരുവിരലിലെ കട്ടപിടച്ച ചോരയില്‍ കുന്തിരിക്കത്തിന്റെ മണം പെരുകി അമ്മാത്തുവിന്റെ മൂക്കിന്റെ ദ്വാരങ്ങളില്‍ വന്ന് തട്ടുമ്പോഴേക്കും ചെവി കൊട്ടിയടച്ചു. 

 

Also Read : മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

 

ഒരു സന്ധ്യാനേരത്ത് ആറിന്റെ ഇടുപ്പിലേക്ക് ചാഞ്ഞ ഒറ്റത്തടിയന്‍ മലര്‍ന്നുവീണ ശബ്ദംപോലെ അമ്മാത്തു തലചുറ്റി, ധും...പതുക്കോന്ന് വീണു.

മഞ്ഞുമലയ്ക്കു മുകളില്‍ വിരിച്ചിട്ട പരവതാനിപോലെ നീളത്തില്‍ ചുരുങ്ങിയ ആകാശത്തിനു ചുവട്ടിലെ മലമുകളിലേക്ക് നടന്നടുത്ത അമ്മാത്തു, തണുത്തുവിറച്ചുകൊണ്ട് ഇരുകൈകളും അമര്‍ത്തി തിരുമ്മി. മഞ്ഞിന്റെ വിടവിലൂടെ നോക്കി ഏകാന്തതയുടെ അഭ്രപാളിയെ തിരഞ്ഞിരിക്കുന്ന അവള്‍  ചുവരിലടിച്ച ആണിപോലെ ഇളകാതെ പാറയില്‍ ഇരിക്കുന്നു. ഗൗണിനുള്ളിലേക്ക് ചുരുക്കിയ അവളുടെ ശരീരത്തിന്റെ സുഗന്ധത്തിലേക്ക് എത്തുമ്പോഴേക്കും ചുണ്ടുകള്‍ തണുത്ത് മരവിച്ചിരുന്നു. അവരുടെ മുടിയിഴകള്‍ മഞ്ഞിന്റെ ചുരുളുകളില്‍ പിണഞ്ഞുകിടന്നു.

'ഒരു തണുത്ത സിഗരറ്റ് തരുമോ?'

മാല്‍ബറോയുടെ പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ് നീട്ടി.

അമ്മാത്തു സിഗരറ്റ് വാങ്ങി പരവേശത്തോടെ ചുണ്ടിലേക്ക് വെച്ചു. ഗൗണിന്റെ ഉള്ളില്‍നിന്നും നിറയെ രോമങ്ങള്‍ പടര്‍ന്ന നീണ്ട കൈക്കുള്ളിലെ ലാമ്പിന്റെ അധരവും സിഗരറ്റിന്റെ അധരവും തമ്മില്‍ ചേരുമ്പോഴും അമ്മാത്തു അവരുടെ കൈയ്യുടെ  രോമങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.

'ഇരിക്കാന്‍ അല്‍പ്പം സ്ഥലം തരുമോ?'

അമ്മാത്തു ഇരുന്നു കൊണ്ട് പറഞ്ഞവസാനിപ്പിച്ചു. നിശ്ശബ്ദതയുടെ ഈയാംപാറ്റകള്‍ അവര്‍ക്കിടയില്‍ ആകാശം ലക്ഷ്യമാക്കി പറന്നുപൊങ്ങി. തന്റെ തണുത്ത കൈത്തലം  കുട്ടിത്തിരുമ്മുന്നതിനൊപ്പം അമ്മാത്തു തലചരിച്ച് നോക്കി. 'താത്രി' എന്ന് വിളിച്ച് അയാള്‍ വെപ്രാളപ്പെട്ടു. മഞ്ഞ്, സിഗരറ്റുപുകയോളം വലുപ്പം വെക്കുകയും മഞ്ഞിനോളം ചുരുങ്ങുകയും ചെയ്തു.

നിശ്ശബ്ദതയുടെ ഒഴുക്കില്‍ നിന്ന് കുതറിയ വെള്ളംപോലെ, താത്രി ഒന്നിളകിയിരുന്നുകൊണ്ട് കഥയെ  താഴ്ച്ചയിലേക്ക് ഉന്തിവിട്ടു. കുഴഞ്ഞു വീണ നാറാണത്ത് ഭ്രാന്തന്‍ ദാഹനീര് ചോദിച്ചു. കാളി തന്റെ മുലക്കണ്ണ് നാറാണത്ത് ഭ്രാന്തന്റെ വായില്‍ വെച്ചു. മുല അപ്പാടെ വായിലാക്കിയ നാറാണത്തുഭ്രാന്തന്‍ കാളിയുടെ പാലപ്പൂവിന്റെ മണമുള്ള ശരീരത്തില്‍ വില്ലുപോലെ പാഞ്ഞു നടന്നു. മൂര്‍ദ്ധന്യതയില്‍ പാലപ്പൂവിലേക്ക് താമരവണ്ടുപോലെ മദിച്ചു വീണു. ഒരശരീരി മാവിന്റെ പൂങ്കുലയില്‍  പിറവി കൊണ്ടു: 'ഹിരണ്യഗര്‍ഭന്റെ വായില്‍ പിറന്ന  ബ്രാഹ്മണന്റെ കുട്ടിയെ പെറാന്‍ ഹിരണ്യഗര്‍ഭന്റെ മലത്തില്‍ പിറന്നവര്‍ക്കെന്തവകാശം? അവര്‍ കരിങ്കല്‍ കുട്ടിയെ പെറ്റ് പോറ്റട്ടെ!'

കാളി മൂന്നാംനാള്‍ ഒരു കരിങ്കല്‍ക്കഷണത്തെ പെറ്റിട്ടു. സങ്കടം സഹിക്കാന്‍ കഴിയാത്ത കാളി അലമുറയിട്ടുകൊണ്ട് ഇരുമുലകളും പറിച്ചെറിഞ്ഞു. അത് വീണിടത്തുനിന്നും കൊടുങ്ങല്ലൂര്‍ ക്ഷേത്രവും ആറ്റുകാല്‍ ക്ഷേത്രവും പിറവി കൊണ്ടു. രക്തം വീണിടങ്ങളിലെല്ലാം ചെട്ടികുളങ്ങര പോലെ ഭദ്രകാളി ക്ഷേത്രങ്ങളുണ്ടായി. 

കഥ അവസാനിച്ചോ എന്നറിയാന്‍ അമ്മാത്തു താത്രിയുടെ ചുണ്ടുകളിലേക്ക് നോക്കി.ചുണ്ടില്‍ നിറഞ്ഞ പുകയുടെ ചെറിയ പാളികള്‍ തെന്നിനീങ്ങുമ്പോഴും പൈന്‍ മരങ്ങള്‍ക്കിടയിലൂടെ കണ്ണിനൊപ്പം ചുണ്ടും സഞ്ചരിച്ചു.

'എത്ര വെളിച്ചം വീണാലും അകം കാണാന്‍ കാത്ത പൈന്‍മരക്കാടുപോലെ, മനുഷ്യര്‍ നിഗൂഢതയുടെ ഒളിയിടങ്ങളാണ്.' അതുപോലൊരു കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്.

'കൊടുങ്ങല്ലൂരിന്റെ പടിഞ്ഞാറേ നടയില്‍ പഴയ ഒരു വീടുണ്ട്. അതിന്റെ ചുമരുകള്‍ വെട്ടുകല്ലുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയതാണ് . വെള്ള വീശിയിട്ടുള്ള വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ കോളേജ് കാലത്ത് താമസിച്ചിരുന്നു. ഒരാള്‍ ഞാനും വേറെ ഒരാള്‍ ജൂതമതക്കാരിയായ ഉക്കിലീനയും.'

അമ്മാത്തു ആ വീടിന്റെ ചുമരുകള്‍ കടന്ന് കഥയ്ക്കകത്തേക്കു പ്രവേശിച്ചു. അകത്ത് മൊസൈക്ക് പാകിയ തറയിലൂടെ മുന്നോട്ട് നടന്നു. പ്രവേശന ഹാളിന്റെ തെക്കേ ഇടനാഴിയില്‍ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാനുള്ള പിരിയന്‍ ഗോവണിയുടെ അറ്റം കാണാതെ കണ്ണും തലയും കറങ്ങി മുകളിലേക്കു നോക്കി നിന്നു. അകലെ നിന്നുള്ള കാലടികള്‍ പതുക്കെ അടുത്തേക്ക് വരുന്നു.

'താത്രി.. ദാ ഈ ആവി ഒന്ന് പിടിച്ചേ പനിയൊക്കെ പമ്പ കടക്കും' -ആവി പിടിക്കാനുള്ള കലവുമായി കയറി വന്ന ഉക്കിലീന കലം താഴെ വെച്ച് ഒരു കുഞ്ഞ് കുട്ടിയോടെന്ന പോലെ താത്രിയുടെ  വിരലുകളില്‍ പിടിച്ചു. കലത്തിന്റെ മുകളിലെ പുതപ്പിനുള്ളിലേക്ക് താത്രി ആഴ്ന്നു. നനഞ്ഞു കയറി വന്ന താത്രിയുടെ തല   ഉക്കിലീന തന്റെ തുടയിലേക്ക്  ഉയര്‍ത്തിവെച്ചു. ഇപ്പോള്‍ ജനലുകള്‍ക്കപ്പുറം മരങ്ങള്‍ക്ക് മുകളില്‍ വന്നിരിക്കുന്ന നക്ഷത്രങ്ങളെ കാണാം. ഏതോ കുരുത്തംകെട്ട കുട്ടികള്‍ ആകാശത്തൂന്ന് അടര്‍ത്തി തെങ്ങോലകള്‍ക്കിടയില്‍ തങ്ങി നില്‍ക്കുന്ന ചന്ദ്രന്റെ കുറച്ച് ഭാഗം മാത്രമെ കാണാന്‍ കഴിയുന്നുള്ളു. ചിലപ്പോള്‍ കാറ്റ് വീശിയപ്പോള്‍ അടര്‍ന്നു പോയതാണോ? 

 

Also Read; ക്രിയാപദങ്ങളുടെ ഭൂതകാലം, എം. നന്ദകുമാര്‍ എഴുതിയ കഥ

 

നെറ്റി തൈലം കൊണ്ട് തടവുമ്പോഴും താത്രി മയങ്ങിക്കഴിഞ്ഞിരുന്നു. നാലു ദിനങ്ങളുടെ രാത്രികളിലും  താത്രിയുടെ കോലന്‍ മുടി ഉക്കിലീനയുടെ തുടയില്‍ തൊട്ടാവാടിപ്പൂ പോലെ പടര്‍ന്നു. ഉറങ്ങിയാല്‍ തൊട്ടാവാടിപ്പൂ വാടിയാലോയെന്ന ഭയം. ക്ഷണിക്കപ്പെടാത്ത അതിഥിയായിപ്പോലും ഉറക്കം കണ്ണിലേക്ക് കയറാതെ. നാല് രാത്രിയുടെ മയക്കത്തിലും വിരസതയിലും അഞ്ചാംനാള്‍ താത്രിയും  ഒന്നിച്ച് കുളിച്ചു.   കോളേജിനുള്ളിലെ  മോസ്‌ക്കോ സ്‌ക്വയറിന്റെ നടുവിലെ തേക്കിന്‍ ചുവട്ടിലെ സിമന്റ് ബഞ്ചില്‍ ഒന്നും മിണ്ടാതെ ഇരുവരും ഇരിപ്പുറപ്പിച്ചു. ചുറ്റും ചിതറിയ തേക്കിന്‍ പൂവുകള്‍ക്കിടയിലെ കാലുകള്‍ വെയിലിന് നിഴല്‍ ദൂരം നല്‍കി.

'പോകാം?' ഉക്കിലീന താത്രിയുടെ മുഖത്തേക്ക് തല ചരിച്ചു. ഇരുവരും എഴുന്നേല്‍മ്പോള്‍ സ്ഥിരമായി ഇരുന്നിടം നഷടപ്പെട്ടവന്റെ ഈര്‍ഷ്യത്തോടെ  സിമന്റ് ബഞ്ചിലേക്ക് വെയില്‍ ക്ഷണനേരത്തില്‍ കയറിക്കിടന്നു.

താത്രി ജനാലക്കരുകില്‍ ഓരം ചാരി നിന്നു. 'നമ്മള്‍ പിരിയാന്‍ ഇനി 1001 ദിനരാത്രങ്ങള്‍. ആയിരാത്തൊന്നു രാത്രിയും നിനക്ക് ആയിരത്തൊന്നു രാവുകളുടെ കഥ പറഞ്ഞു തരാം?' താത്രി മറുപടി പറയാതെ ഉക്കിലീനക്കു നേരെ  പുഞ്ചിരിച്ചു  കണ്ണുകള്‍ ചിമ്മി.  അവളുടെ നിലാവുള്ള കണ്ണുകളില്‍ വിടര്‍ന്ന ചന്ദ്രന് പതിവിനേക്കാള്‍ തിളക്കം കൂടി.

ഒന്നാം ദിനം ഹരിയന്‍ രാജാവിന്റെ കഥ കേട്ടുകൊണ്ട്  ഉക്കിലീനയുടെ തുടയില്‍ തല ചായ്ച്ച് താത്രി ജനാലക്കപ്പുറമുള്ള ആകാശം നോക്കിക്കിടന്നു. ഉറങ്ങാത്ത ആയിരത്തൊന്നു ദിനരാത്രങ്ങളിലും നക്ഷത്രങ്ങള്‍ ആകാശത്തു നിന്നും ജനാലക്കുള്ളിലേക്ക് ചിതറി വീഴും. അവ അഴിച്ചിട്ട മുടികള്‍ക്കിടയില്‍ കയറിക്കൂടി കിടക്കയില്‍ ചിതറി. ചിലത് തലയിണകള്‍ക്കിടയിലും ചിലത് പുസ്തകങ്ങള്‍ക്കിടയിലും ഒളിച്ചു. ഒന്ന് കയറിയത് മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലത്തില്‍ . ആ നക്ഷത്രം പിന്നെ അതില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ അതിനുള്ളിലെ  ആകാശത്ത്  കുഞ്ഞുങ്ങളെ പെറ്റ് പോറ്റി.

നിലാവിന്റെ  വെളിച്ചം പൂശി ചന്ദ്രന്‍ ചാഞ്ഞുകിടന്ന തെങ്ങോലയിലൂടെ തെന്നി മുറിക്കുള്ളിലേക്ക് വരാറുണ്ട്. ചന്ദ്രന്‍ മുറി മുഴുവന്‍ ചാരനിറത്തിലുള്ള വെളിച്ചം വിതറും.

കറുത്തവാവുള്ള ദിനങ്ങളില്‍ ഇരുട്ടിന്റെ ഓരത്തൂടെ ചന്ദ്രന്‍ കടന്നു വരാറാണ് പതിവ്. ഇരുളുകള്‍ ശൂന്യത നിറച്ച് മുറി നിറയെ കഥകളെ തനിച്ചാക്കിയ രാവുകളായാണ് അവസാനിക്കുക.  ഭ്രാന്തന്റെ കഥ ,ആലിബാബയും നാല്പതു കള്ളന്മാരും, വെള്ളക്കുതിരയുടെ യജമാനന്‍, ഉമറിന്റെ കഥ, ജാഫറുടെ അന്ത്യം അങ്ങനെ തുടങ്ങി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടാം ദിനത്തില്‍ ഒരു പ്രണയകഥ പറഞ്ഞു തുടങ്ങി .അത് ആയിരത്തിയൊന്നിന്റെ രാവിലെ മടിശീലവരെ നീണ്ടു. 

ഉക്കിലീന  കഥ പറഞ്ഞു തുടങ്ങി ഇരുളുന്നതുവരെ കഥയുടെ തുടര്‍ച്ചയില്‍ ചന്ദ്രനന്ന് നിലാവ് പൊഴിച്ച്   മുറിക്കുള്ളിലേക്ക് വെളിച്ചം വിതറി. നീണ്ടു പോയ ഒരു പ്രണയകഥയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ  രണ്ടു പേരും മുഖത്തോട് മുഖം നോക്കിയിരുന്നു. ചന്ദ്രനും നക്ഷത്രങ്ങളും ചേര്‍ന്ന് ആ മുറിയില്‍ ആകാശം കെട്ടിപ്പൊക്കി. ഒരു കാലവും പ്രണയബദ്ധരാവര്‍ പുറത്തിറങ്ങാന്‍ കഴിയാതെ പൂട്ടിയിട്ട മുറിക്കുള്ളില്‍ തന്നെ ഇന്നും കാലങ്ങള്‍ കഴിച്ചു കൂട്ടുന്നു.

അമ്മാത്തു താത്രിക്കുട്ടിയുടെ കൈയമര്‍ത്തി പതുക്കെ പറഞ്ഞു. 'മരണത്തിനപ്പുറം നിന്നെ കാണുമെന്ന് കരുതിയതേയില്ല. ന്റെ അന്തര്‍ജനത്തെ തിരഞ്ഞുനടന്ന് എന്റെ കാല്‍പ്പാദം തറയില്‍ മുട്ടാതെയായി. ദേ , നോക്ക്'-അയാള്‍ ഒരു പുഞ്ചിരി ചുണ്ടിലേക്ക് വിരിച്ചിട്ടുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു.

'നമുക്ക് പോകാം?'

'പോകാനോ ? എവിടേക്ക് ?'

'പറയാന്‍ പാകപ്പെടാത്തതുകൊണ്ടുമാത്രം സ്വപ്നങ്ങള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടിവന്ന മനുഷ്യരില്‍ ഒരുവളാണ് ഞാന്‍. അനുഭവങ്ങള്‍ മാത്രമാണ് സത്യം. വാക്കുകളെല്ലാം വെറും മിഥ്യ മാത്രമാണ്.'

 

Also Read : വീനസ് ഫ്ലൈ ട്രാപ് , മനോജ് വെള്ളനാട് എഴുതിയ കഥ

 

താഴേന്ന് വെള്ളഗൗണ്‍ ധരിച്ച് കയറിവരുന്ന വിടര്‍ന്ന കവിളുകളുള്ള ഉക്കിലീനയെ കണ്ട് താത്രിക്കുട്ടി എരിഞ്ഞുതീരാറായ സിഗരറ്റ് വലിച്ചെറിഞ്ഞുകൊണ്ട് എഴുന്നേറ്റു. അവളെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിക്കാന്‍  ചതുരംഗക്കളികളിലെ കരുക്കള്‍ മുന്നേറുന്ന വേഗതയില്‍ ഹൃദയം റേഡിയോനിലയം പോലെ ക്ലിയറാവാതെ പതറിനിന്നു. കണ്ണുകളില്‍ സ്‌നേഹത്തിന്റെ സൂര്യകാന്തിപ്പാടം നനച്ചിട്ടതുപോലെ തുള്ളികള്‍ ഊര്‍ന്നു. 

കൈക്കുള്ളിലിരുന്ന തൈലം അമ്മാത്തുവിന്റെ മുന്നിലേക്ക് നീട്ടി.

'ഇത് ആ വീട്ടില്‍ കണ്ടിരുന്നോ?'

'ഊവ്വ്.'
'കൊടിഞ്ഞിക്കുത്തില്‍ പുളയുമ്പോള്‍ ഒന്ന്  നെറ്റിയില്‍ തടവി തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കും. നിങ്ങളുടെ കൈയ്യെത്തും ദൂരത്ത് ഉണ്ടായിട്ടും നിങ്ങള്‍ ഒരു തവണ പോലും വന്നില്ല, എന്നെ ഒന്ന് കെട്ടിപ്പിടിച്ചിട്ടില്ല. അപ്പോഴും നിങ്ങള്‍ കഴിക്കുന്ന കറിക്ക് ഉപ്പ് പാകമാകാതെ വന്നിട്ടില്ല, ചായക്ക് കടുപ്പം കൂട്ടിയും,കുറച്ചും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കിത്തന്നിട്ടുണ്ട് .തൊഴുത്തിലെ പശുവിന്റെ മുതുകില് തടവുന്ന സ്‌നേഹത്തോടെയെങ്കിലും  ഒന്ന് തൊടാമായിരുന്നു.'

താത്രിയുടെ വാക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ്  അമ്മാത്തു പതുക്കെ മുന്നോട്ട് നടന്നു.

ഉറക്കം കണ്ണില്‍ കട്ടപിടിച്ച് കിടക്കുമ്പോള്‍ ചിതറിയ പാത്രവും, തുണി കല്ലില്‍ തല്ലുന്നതിന്റെയും ശബ്ദം  ചെവിക്കുള്ളില്‍ റെയില്‍ പാളം മുറിച്ചു കടന്നു.

ഉച്ചനേരത്ത് ഇതു വരെയും അനുഭവിക്കാത്തൊരു വെയില്‍ ജനലിന്റെ ഗ്ലാസ്സില്‍ നിന്നും ചിതറി. അവ അമ്മാത്തുവിന്റെ കണ്ണുകളില്‍ തുളച്ചിറങ്ങി അസ്വസ്ഥമായി അയാള്‍ പിടഞ്ഞു.അടുപ്പിനുള്ളില്‍ ചിരട്ടകള്‍ക്ക് പുറത്തെ പൈന്‍ മരക്കാടുകള്‍ക്ക് തീപിടിച്ചു. 

താത്രി പതിവു പോലെ മാല്‍ബറോയുടെ സിഗരറ്റ് പരതി. നെടുവീര്‍പ്പുകള്‍ ഇറ്റുവീഴുന്ന തണുത്ത കാറ്റു മാത്രം അവശേഷിച്ച് ഓര്‍മ്മകളെല്ലാം അമ്മാത്തുവിന്റെ കനപ്പെട്ട ചിന്തകളുടെ ഭാരം, പിന്നണികളിലെ തിരശീലയുടെ രംഗപടം മാത്രമായി ഓളം തല്ലി.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios