സാഡിസ്റ്റ്, പങ്കു ജോബി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പങ്കു ജോബി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അയാള്‍ അങ്ങനെയായിരുന്നു. മറ്റുള്ളവരുടെ വേദനയില്‍ അവാച്യമായ സന്തോഷം ലഭിക്കുന്ന മനസ്സിനടിമ. ആവശ്യങ്ങള്‍ക്കായി മാത്രം ചേര്‍ന്ന് നില്‍ക്കുന്ന ബന്ധങ്ങള്‍. കാപട്യത്തിന്റെ പുഞ്ചിരിയണിഞ്ഞ സൗഹൃദം. ചതിയുടെ വിഷംകലര്‍ന്ന പ്രണയങ്ങള്‍. ചുറ്റും നിരന്ന ആത്മാര്‍ത്ഥതയില്ലായ്മയില്‍ നിന്നും ആവണം അയാളുടെ മനസ്സ് ക്രൂരതകളില്‍ സന്തോഷിക്കാന്‍ ആരംഭിച്ചത്. അയാള്‍ ഒരു സാഡിസ്റ്റായി മാറിയത്.
ആ പകലും അന്നത്തെ രാത്രിയും നിര്‍ത്താതെ പെയ്ത മഴ, തുള്ളികളായി തോര്‍ന്നു തുടങ്ങിയ പുലരിയിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് വീടിന്റെ ഉമ്മറത്ത് നനഞ്ഞ്, കുളിര്‍ന്ന്, ചുരുണ്ട് കിടക്കുന്ന പൂച്ചക്കുഞ്ഞിനെ അയാള്‍ കണ്ടത്. രാത്രി മുഴുവന്‍ പെയ്ത പേമാരിയുടെ രൗദ്രതയില്‍ ഭയന്ന് അവിടെ ചുരുണ്ടു കൂടിയതാവണം അത്. കണ്ട നിമിഷം തന്നെ അയാള്‍ അതിനെ ആഞ്ഞൊന്നു തൊഴിച്ചു. ദൂരേക്ക് തെറിച്ച് വീണ അത് 'മ്യാവൂ...' എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ഓടി മറഞ്ഞു. വൈകുന്നേരം അയാള്‍ തിരിച്ചെത്തുമ്പോഴും ഉമ്മറത്ത് അതേ സ്ഥലത്ത് പൂച്ചക്കുഞ്ഞ് അതേ കിടപ്പു തന്നെ.
അപ്പോഴും അയാള്‍ ആഞ്ഞു തൊഴിച്ചു, അതിന്റെ തലയില്‍ തന്നെ. പൂച്ചക്കുഞ്ഞ് ദയനീയമായി കരഞ്ഞുകൊണ്ട് പുറത്ത് വീണ്ടും പെയ്തു തുടങ്ങിയ മഴയിലേക്ക് ഓടിയിറങ്ങി. പിറ്റേന്ന് പകലും പക്ഷേ അത് അവിടെ തന്നെ ഉണ്ട്, അതേ സ്ഥലത്ത്. അതില്‍ പിന്നെയാണ് അയാള്‍ക്ക് അതൊരു ഹരമായത്. അയാള്‍ പൂച്ചക്കുഞ്ഞിന് ഭക്ഷണം എറിഞ്ഞു കൊടുക്കും. അത് കഴിച്ചു കഴിയാറാകുമ്പോള്‍ അതിന്റെ തല നോക്കി ശക്തമായി തൊഴിക്കും. അതിന്റെ വായില്‍ നിന്ന് ചോരയില്‍ മുങ്ങിയ വറ്റുകള്‍ പുറത്തേക്ക് തെറിക്കും. അത് വേദന കൊണ്ട് പിടഞ്ഞു കരയും. അയാള്‍ അത് കണ്ട് ആഹ്ലാദിക്കും.
അയാളാ പൂച്ചക്കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിട്ടും അത് അവിടം വിട്ട് പോകാത്തത് എന്താവും?
നില്‍ക്കുന്നിടം വേദനയുടേതെങ്കില്‍ ഒഴിഞ്ഞു തന്നെ ആവണ്ടേ? നിശബ്ദമായി സഹിക്കുന്ന ഏതൊരു വേദനയുടെയും ഏതൊരു അപമാനത്തിന്റെയും പിന്നില്‍ അറിയപ്പെടാത്ത ഒരു കാരണം, അറിയപ്പെടാത്ത ഒരു നിസ്സഹായത ഒളിഞ്ഞിരിപ്പുണ്ട്!
എന്താവും ആ പൂച്ചക്കുഞ്ഞിന്റെ നിസ്സഹായത? എന്താവും അതിന്റെ ആവശ്യം?
എന്തുതന്നെയായാലും ആ പൂച്ചക്കുഞ്ഞും അയാളും പരസ്പരം ക്രൂരതയുടെയും സഹനത്തിന്റെയും അദൃശ്യമായ ഒരു ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു ആ ദിവസവും. അയാള്‍ക്കാണെങ്കില്‍ ഓഫീസില്‍ പോകാന്‍ വൈകുകയും ചെയ്തിരുന്നു. അന്ന് പക്ഷേ ആ പൂച്ചക്കുഞ്ഞിന് എന്ത് സംഭവിച്ചുവെന്ന് അയാള്‍ക്ക് മനസ്സിലായതേ ഇല്ല. അത് അയാളുടെ പാദങ്ങളില്‍ മാന്താനും, കടിക്കാനും തുടങ്ങി. ഇരച്ചുവന്ന കോപത്തോടെ എത്രയോ തവണ അയാള്‍ അതിനെ തൊഴിച്ചെറിഞ്ഞു. അത് വീണ്ടും അയാള്‍ക്കരികിലേക്ക് ഓടിയെത്തി അയാളെ മാന്തുകയും, കടിക്കുകയും, വല്ലാത്ത ശബ്ദത്തില്‍ കരയുകയും ചെയ്തു. ഇനിയിപ്പോ ചെയ്ത ക്രൂരതയുടെ പ്രതികാരമായിരിക്കുമോ?
അതോര്‍ത്ത് അയാള്‍ക്ക് കോപം ഇരട്ടിച്ചു. അയാളുടെ തൊഴിയുടെ ശക്തിയും വര്‍ദ്ധിച്ചു. പോരാത്തതിന് എവിടെനിന്നോ ഒരു കമ്പി കൊണ്ടുവന്ന് അതിന്റെ തലയ്ക്ക് തന്നെ അടിയ്ക്കുകയും ചെയ്തു. അടി അതിന്റെ വലതുമുന്‍കാലിലാണ് പതിച്ചത്. അത് ഞരങ്ങിക്കൊണ്ട് പിന്‍വാങ്ങി. അതിന്റെ കാല് ഒടിഞ്ഞു തൂങ്ങി. അതിന്റെ ശരീരമാസകലം മുറിവുകളും ചതവുകളും. അത് ഭയന്ന് കാണും.
എന്നിട്ടും പക്ഷേ, ആ പൂച്ചക്കുഞ്ഞ് ഓടിപ്പോയില്ല. അത് മുടന്തി മുടന്തി ചെന്നത് അയാളുടെ ഷൂസിന്റെ അരികിലേക്കാണ്. കുറച്ചുനേരം അത് ഷൂസിലേക്ക് നോക്കി ഭയന്നു നിന്നു. പിന്നെ തിരിഞ്ഞ് അയാളെ ദയനീയമായി ഒന്നു നോക്കി. അതിനുശേഷം അത് അതിന്റെ മുഖം ഷൂവിനകത്തേക്കിട്ടു.
അടുത്ത നിമിഷം 'മ്യാവൂ...' എന്ന് ഉറക്കെ കരഞ്ഞുകൊണ്ട് അത് പിന്നോട്ടാഞ്ഞു. ആ സമയം ഷൂസിന്റെ ഉള്ളില്‍ നിന്നും ഒരു പാമ്പ് പുറത്തേക്ക് തല നീട്ടി. ആസന്നമായ മരണം മുറ്റം കഴിഞ്ഞു പുരയിടത്തിന്റെ പച്ചപ്പിലേക്ക് ഇഴഞ്ഞു മറയുമ്പോള്‍ അയാള്‍ പൂച്ചക്കുഞ്ഞിന്റെ മിഴികളില്‍ സ്‌നേഹം എന്ന വാക്കിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. അതാണല്ലോ അയാള്‍ക്ക് അപരിചിതവും.
പുറത്ത് മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു. പൂച്ചക്കുഞ്ഞ് അപ്പോഴേക്കും തീരെ അവശനായിക്കഴിഞ്ഞിരുന്നു. ഇനി ഒരു തൊഴി കൂടി സഹിക്കാനുള്ള കരുത്ത് ഇല്ലാത്തതുകൊണ്ടാവണം ആ പാവം അയാളെ ദയനീയമായി തിരിഞ്ഞു നോക്കിക്കൊണ്ട് പേമാരിയിലേക്ക് മുടന്തി മുടന്തി ഇറങ്ങിയത്.
അതിന്റെ ദേഹത്തെ മുറിവുകളെ കഴുകി ചുവക്കുന്ന മഴവെള്ളം നോക്കി നില്‍ക്കുമ്പോള്‍ ആ നിമിഷം... ആദ്യമായി ആ സാഡിസ്റ്റിന്റെ മനസ്സൊന്ന് പിടച്ചു. അയാള്‍ സ്വയമറിയാതെ പിറുപിറുത്തു.
'പാവം, അതിനു വേദനിക്കുകയാവുമോ?'