Malayalam Science Fiction : പൊടുന്നനെ ലോകം ഇരുട്ടിലായി, നൗഫിയ എസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നൗഫിയ എസ് എഴുതിയ ചെറുകഥ

chilla malayalam short story by Noufiya S

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Noufiya S

 

ആദ്യമെഴുന്നേറ്റത്  പാട്രിക് ആയിരുന്നു. അയാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ജോലികള്‍ ഒരുപാടുണ്ടായിരുന്നു. നാലുമണിയോടെ പാട്രിക്കിന്റെ കണ്ണുകള്‍ മുന്നിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലും  പേപ്പറുകളിലും പതിഞ്ഞു. സാറയും മകന്‍ നോയലും അപ്പോഴും ഉറക്കത്തിലായിരുന്നു.

പാട്രിക് ഫോണില്‍ നോക്കി, സമയം ഏഴുകഴിഞ്ഞു. അയാള്‍ മുന്നിലെ ഗ്ലാസ് ജനാലയിലെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കി. പുറത്തെ കൂരിരുട്ട് അയാളെ നടുക്കി. വാച്ചും ഫോണും വീട്ടിലെ ക്ലോക്കുകളും ഏഴുമണിയെന്ന് കാണിച്ചു. എന്നാല്‍ ഇരുട്ട് അപ്പോഴും വിട്ടൊഴിഞ്ഞില്ല. നടുക്കത്തില്‍ പാട്രിക് ഉറങ്ങിക്കിടക്കുന്ന സാറയുടെ അടുത്തേക്കോടി.

ഉറക്കമെഴുന്നേറ്റ അവളും ആ പ്രതിഭാസം കണ്ട് അമ്പരന്നു. അവള്‍ വേഗം ഫോണ്‍ കയ്യിലെടുത്തു. അതില്‍ പലരും അവര്‍ നേരിടുന്ന പുതിയ പ്രതിഭാസത്തെ പറ്റി ലൈവ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കൊണ്ടേയിരുന്നു. എവിടെയും സൂര്യനുദിച്ചിട്ടില്ലയെന്ന വസ്തുത അവര്‍ പതിയെ തിരിച്ചറിഞ്ഞു. പലരും ഉറ്റവരെ ചേര്‍ത്തുപിടിച്ച് പ്രാര്‍ഥനതുടങ്ങി. ചിലര്‍  ഇത് ലോകാവസാനമായി കണക്കാക്കി. ആരും പതിവ് ജോലികള്‍ക്ക് പോയില്ല, ഭയം അവരുടെ രക്തത്തെ പോലും മരവിപ്പിച്ചിരുന്നു.

പത്തു മണിയോടെ ചെറിയ പ്രകാശം ലഭിച്ചു തുടങ്ങി. എല്ലാവരും  ആശ്വസിച്ചു. എന്നാല്‍ പതിനൊന്നു മണിയോടെ ആ അരണ്ട വെളിച്ചം അവസാനിച്ചു. പിന്നെ രണ്ടു മണിമുതല്‍ നാലുമണിവരെയും അരണ്ട പ്രകാശം കടന്നു വന്നു.

സമയം കടന്നു പോയി. ഏഷ്യയുള്‍പ്പെടുന്ന മറ്റ് വന്‍കരകളില്‍ നേരം വെളുക്കേണ്ട സമയമായി. എന്നാല്‍ സൂര്യനുദിച്ചില്ല. ജനങ്ങള്‍ പരിഭ്രാന്തരായി മാറി. സോഷ്യല്‍ മീഡിയയിലൂടെ, ലോകം മുഴുവന്‍ ഇരുട്ടിലാണെന്ന വസ്തുത അവര്‍ തിരിച്ചറിഞ്ഞു.

അന്നേരം മറ്റൊരിടത്ത് നാസയില്‍ ശാസ്ത്രജ്ഞര്‍ ഒറ്റദിവസം കൊണ്ട്  നടന്ന ആ പ്രതിഭാസത്തെ പഠിക്കാന്‍ തുടങ്ങിയിരുന്നു.

'എന്താണ് പ്രാഥമിക നിഗമനം?'  

ചോദ്യം നാസയുടെ ഹെഡ് ആയ ഡോക്ടര്‍ കാര്‍ണോസിന്റേതായിരുന്നു. അവര്‍ അതിനോടകം തന്നെ ആ പ്രതിഭാസത്തെ പറ്റി പഠിക്കാന്‍ പത്തു പേരടങ്ങുന്ന ഒരു സംഘത്തിന് രൂപം കൊടുത്തിരുന്നു.

'സൂര്യനെ പൊതിഞ്ഞു കൊണ്ട് ഒരു ആവരണം പോലെ ഒന്ന് കാണുന്നുണ്ട്, അതില്‍ കൂടുതലായി ഒന്നും കണ്ടെത്താനായിട്ടില്ല'-ഡോക്ടര്‍ ലോറ പറഞ്ഞു.

ശാസ്ത്രജ്ഞരില്‍ പലരും അത്ഭുതത്തോടെയായിരുന്നു ആ പ്രതിഭാസത്തെ നോക്കിക്കണ്ടത്.

'നമ്മള്‍ ശാസ്ത്രജ്ഞരാണ്, ശാസ്ത്രം അറിയുന്നവരാണ്, പഠിക്കുന്നവരാണ്. നമുക്കുള്ളില്‍ വേണ്ടത് ഭയമില്ല, അറിയാനുള്ള ആകാംക്ഷയാണ്. കോടിക്കണക്കിന് ജനങ്ങള്‍ ഭയത്തിലാണ്, അവര്‍ പ്രതീക്ഷയോടെ നോക്കുന്നത് നമ്മളെയാണ്'- ഡോക്ടര്‍ കാര്‍ണോസ് പറഞ്ഞു നിര്‍ത്തി.

എല്ലാ ബഹിരാകാശകേന്ദ്രങ്ങളും കൂടുതല്‍ സജ്ജരായി. ടെലിസ്‌കോപ്പുകള്‍ എത്ര തിരിച്ചിട്ടും അവര്‍ക്ക് സൂര്യനെ കാണാനായില്ല. ഒടുവില്‍ സൂര്യനെ പൊതിഞ്ഞുകൊണ്ട് ഒരു ആവരണം ഉണ്ടെന്ന വസ്തുത അവരെല്ലാം തിരിച്ചറിഞ്ഞു. ബഹിരാകാശത്തെ ടെലിസ്‌കോപ്പുകള്‍ പുതിയ ആവരണത്തിന്റെ ചിത്രങ്ങള്‍ നല്‍കി. ആവരണം പൂര്‍ണ്ണമായും ഒരു ഗോളമല്ലെന്നും അതില്‍ ചിലയിടത്തായി ചെറിയ ചില ഭാഗങ്ങള്‍ സൂര്യനെ മൂടാതെയുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു. വല്ലപ്പോഴും ലഭിക്കുന്ന അരണ്ട വെളിച്ചത്തിന്റെ കാരണം അതാണെന്നവര്‍  തിരിച്ചറിഞ്ഞു.

'ഇത് ഡൈസന്‍ സ്ഫിയര്‍ ആണെന്നാണ് നിഗമനം. സൗരയുഥത്തിലെ ഒരു സിവിലൈസേഷനും ഇത് വരെ ഇത്തരത്തിലൊന്ന് നിര്‍മിക്കാന്‍ തക്ക വളര്‍ച്ചയില്‍ എത്തിയിട്ടില്ല. ഒരു പക്ഷേ ഇത് സൗരയുഥത്തിന് പുറത്തുള്ള ഏതെങ്കിലും ജീവിവര്‍ഗം ആവാനാണ് സാധ്യത.'-ഡോക്ടര്‍ ലോറ  കാര്‍ണോസിന് വിവരം നല്‍കി. 

നാസ ഔദ്യോഗികമായി തങ്ങളുടെ കണ്ടെത്തലുകള്‍ ജനങ്ങളെ അറിയിച്ചു. ഐ എസ് ആര്‍ ഓ, സി എസ് എ, ബ്രസീലിയന്‍ സ്‌പേസ് ഏജന്‍സി, ജാപ്പനീസ് സ്‌പേസ് ഏജന്‍സി തുടങ്ങിയ എല്ലാ സ്‌പേസ് ഏജന്‍സികളും നാസയുടെ കണ്ടെത്തലുകള്‍ ശരിവെച്ചു.

'നിലനില്‍പ്പിന്റെ പ്രശ്‌നമല്ലേ, ആ ആവരണം തകര്‍ത്താലോ?'-വിവിധ രാജ്യങ്ങള്‍ ചേര്‍ന്ന ആ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചോദ്യമുന്നയിച്ചത് സൗത്ത് കൊറിയന്‍ പ്രസിഡന്റായിരുന്നുവെങ്കിലും പലരാജ്യങ്ങളും അതിനെ ശരിവെച്ചു.

'അത് ശരിയാവില്ലെന്നാണ് എന്റെ അഭിപ്രായം, കാരണം ഭൂമിയില്‍ വീഴുന്ന പകുതി സൗരോര്‍ജം പോലും നമ്മള്‍ ഇതുവരെ ഉപയോഗിക്കാന്‍ പഠിച്ചിട്ടില്ല . അങ്ങനെയുള്ള നമ്മള്‍ എങ്ങനെയാണ് ഒരു നക്ഷത്രത്തിന്റെ ഊര്‍ജം മുഴുവന്‍ ഉപയോഗിക്കാന്‍ പഠിച്ച ഒരു വിഭാഗത്തോട് മത്സരിക്കുന്നത്?'-  ന്യൂസിലാന്‍ഡ്  പ്രെസിഡന്റ് അഭിപ്രായം പറഞ്ഞു.

'എങ്കില്‍ ഉടനേ തന്നെ ഭൂമി ഹിമയുഗത്തിലേക്ക് കടക്കും'-മറ്റൊരു അഭിപ്രായം ഉയര്‍ന്നു വന്നു.

'നമുക്ക് ഇടയ്ക്കിടയ്ക്ക് പ്രകാശം ലഭിക്കുന്നുണ്ടല്ലോ, അത് കൊണ്ട് ഉടനെങ്ങും അങ്ങനെയൊന്ന്  സംഭവിക്കില്ല' 

'ഇതിനൊരു പരിഹാരമാണ് വേണ്ടത്...!'

പല പല അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.

'പ്രകാശസംശ്ലേഷണത്തിന്റെ നിരക്ക് കുറഞ്ഞു, അതിനാല്‍ എല്ലാ രാജ്യങ്ങളും അവരുടെ പെട്രോളിയം വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറക്കണം. കാര്‍ബണ്‍ മോണോക്‌സൈഡും ഡൈഓക്‌സൈടും ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പ്രവര്‍ത്തികളും എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണം, ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.'

എല്ലാ രാജ്യങ്ങളും സംയുക്തമായി ഒട്ടനവധി തീരുമാനങ്ങള്‍ എടുത്തു.

രണ്ട് വര്‍ഷം കടന്ന് പോയി. അപ്പോഴും ലോകം ഇരുട്ടിലായിരുന്നു. കുറച്ച് സമയം മാത്രം കിട്ടുന്ന അരണ്ടവെളിച്ചവുമായി പൊരുത്തപ്പെടാന്‍ അവര്‍ പഠിച്ചു. നഗരവീഥികളിലെ ലൈറ്റുകള്‍  ദിവസങ്ങളെ പ്രകാശപൂരിതമാക്കി, ജനജീവിതം മുന്നോട്ട് പോയി.

അന്നേരം സൂര്യനില്‍ ഡൈസണ്‍ സ്ഫിയര്‍ തീര്‍ത്ത ആ ജീവിവിഭാഗം ഊര്‍ജദാതാവായി മറ്റൊരു നക്ഷത്രത്തെ കൂടി കണ്ടെത്തിയിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios