Malayalam Short Story: നത്ത്, നിയാസ് അലി കെ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നിയാസ് അലി കെ എഴുതിയ ചെറുകഥ

chilla malayalam  short story by NIyas Ali K

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by NIyas Ali K

 

ഉമ്മാമ മരണപ്പെട്ടതിന്റെ നാല്‍പതാം നാള്‍, നാല്‍പതുവായിരക്കലും മറ്റും കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. 

രാവിലെ സുബഹി നിസ്‌കാരം കഴിഞ്ഞ ഉടനെ യത്തീംഖാനയിലെ കുട്ടികള്‍ വന്ന് യാസീന്‍ ഓതി ദുആ ചെയ്തുപോയി. പിന്നീട് ഉച്ചകഴിഞ്ഞ് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടൊരു ചെറിയ ദുആ മജ്ലിസും. 

വന്നവരെയെല്ലാം ആവുംവിധം സല്‍ക്കരിച്ചാണ് ഞങ്ങള്‍ തിരിച്ചയച്ചത്. എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. വല്ലാതെ ക്ഷീണിതരായിരുന്നു ഞങ്ങളെല്ലാവരും.

ഉറങ്ങാന്‍ കിടന്ന് ഏതാണ്ട് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വീടിന്റെ പിന്നാമ്പുറത്തെ പുളിമരക്കൊമ്പിലിരുന്ന് നത്ത് കരയാന്‍ തുടങ്ങിയത്. ഉമ്മാമ്മ മരണപ്പെടുന്നതിന്റെ തലേദിവസം രാത്രി സമാനമായ രീതിയില്‍ ഇതേ  മരക്കൊമ്പിലിരുന്ന് ഒരു നത്ത് കരയുന്നുണ്ടായിരുന്നു .

അന്ന് ഉമ്മാമ പറഞ്ഞു: 'നത്ത് കരഞ്ഞാല്‍ ഒത്തുകരയും.'

വരാന്‍ പോകുന്ന ഏതോ ഒരു മുസീബത്തിന്റെ സൂചനയാണത്രേ നത്തുകളുടെ ഈ കരച്ചില്‍.

'നത്ത് കരഞ്ഞാല്‍ ഒത്തുകരയും.'

നത്ത് കരഞ്ഞു കൊണ്ടേയിരുന്നു. 

പിറ്റേന്നാള്‍ ഒരു കൂട്ടക്കരച്ചിലായിരുന്നല്ലോ ഇവിടെ. 

നത്ത് കരഞ്ഞു കൊണ്ടേയിരുന്നു. 

ആദ്യം ആരും കാര്യമാക്കിയിരുന്നില്ല. എന്നാല്‍, തുടരെത്തുടരെ കരഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ ചെറുതല്ലാത്തൊരു ആധി മനസ്സിലൂടെ കടന്നുപോയി.

ഒരല്‍പം കഴിഞ്ഞപ്പോള്‍ പണ്ടാരോ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ഒരു വലിയ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചുമെടുത്ത് ഉപ്പാപ്പ പുറത്തേക്കിറങ്ങി.

പുളിമരക്കൊമ്പിലേക്ക് നീട്ടി ടോര്‍ച്ച് അടിച്ചു.

വെളിച്ചം കണ്ട നത്ത് പുളിമരക്കൊമ്പില്‍ നിന്നും പറന്നു നേരെ വീട് ചുറ്റി മുന്നിലുള്ള മാവിന്റെ കൊമ്പിലിരുന്നെങ്കിലും കരച്ചില്‍ നിര്‍ത്തിയിരുന്നില്ല.

അതങ്ങനെ കരഞ്ഞുകൊണ്ടേയിരുന്നു.

മാങ്കൊമ്പിലിരിക്കുന്ന നത്തിനെ നോക്കി പതിഞ്ഞ ശബ്ദത്തില്‍  ഉപ്പാപ്പയും പറഞ്ഞു.

'നത്ത് കരഞ്ഞാല്‍ ഒത്തുകരയും'.


രണ്ട്

ക്ഷീണം കാരണമായിരിക്കും, ഒന്ന് കിടക്കുകയെ വേണ്ടിയിരുന്നുള്ളൂ ഉറക്കത്തിലേക്ക് ചെന്ന് വീഴാന്‍.
ക്ഷീണത്തോടെ കിടന്നാല്‍ ഉറക്കത്തിന് ആഴമുണ്ടാകും എന്നല്ലേ.  അന്ന് അതുപോലൊരു ഉറക്കമായിരുന്നു.

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.

വീടിന്റെ സെന്റര്‍ ഹാളില്‍ മനോഹരമായൊരു തലപ്പാവ് ഇരിക്കുന്നു. ആരുടെയെന്നറിയാന്‍ ഞാന്‍ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. ആരുടെതെന്ന ഒരു സൂചന പോലുമില്ല. 

അതിനിടയില്‍ ആരോ വാതില്‍ തട്ടുന്ന ശബ്ദം. തുറന്ന് നോക്കിയപ്പോള്‍, താടിരോമങ്ങള്‍ നരച്ച, മെലിഞ്ഞൊട്ടിയ ഒരു വൃദ്ധന്‍. 

അയാളുടെ വെളുത്ത താടിരോമത്തില്‍ എനിക്ക് നിലാവെളിച്ചത്തിന്റെ പ്രതിബിംബം ദൃശ്യമാകുന്നത് പോലെ തോന്നി.

ഈ പാതിരാത്രിയില്‍ ഇതാരെന്ന സംശയത്തില്‍ അന്തിച്ച് നില്‍ക്കുന്നതിനിടയില്‍ അയാള്‍ എന്നോട് സലാം  പറഞ്ഞു.

നിങ്ങളാരാണ്? 

സലാം മടക്കിയ ഉടനെ എന്റെ ആദ്യ ചോദ്യം.

'ഞാന്‍ ആരാണെന്നത് അവിടെ നില്‍ക്കട്ടെ', മലക്കുല്‍ മൗത്തിന്റെ തലപ്പാവ് കയ്യില്‍ വെക്കാന്‍ നിങ്ങള്‍ക്കെന്തധികാരം?'

'ആരുടെ തലപ്പാവ്?'

'മരണത്തിന്റെ മാലാഖയുടെ'
അയാള്‍ സംസാരം തുടര്‍ന്നു.
 
'നാല്പത് ദിവസം മുന്‍പ് ഈ വീട്ടില്‍ ഒരു മരണം സംഭവിച്ചിരുന്നില്ലേ. അന്ന് അവരുടെ ആത്മാവുമായി ഇഹലോകം വിട്ട് പറന്ന മരണത്തിന്റെ മാലാഖ അവരുടെ തലപ്പാവ് ഈ വീട്ടില്‍ മറന്ന് വെച്ചിരിക്കുന്നു.'

അത്ഭുതത്തോടെ  ഞാന്‍ ആ തലപ്പാവിലേക്ക് നോക്കിയിരിക്കുന്നതിനിടയില്‍ അയാള്‍ സംസാരം തുടര്‍ന്നു.

'മലക്കുല്‍ മൗത്ത്  ഇനിയും വരും. തലപ്പാവ് കൊണ്ടുപോകാന്‍. ആ വരവില്‍, ഒരു ആത്മാവിനെ കുടി കൊണ്ടുപോകും.'

'നത്ത് കരഞ്ഞാല്‍ ഒത്ത് കരയും'


മൂന്ന്
     
അതുവരെയുണ്ടായിരുന്ന അത്ഭുതം മാറി വീണ്ടുമൊരു ഞെട്ടലിലേക്ക് പോയത് ഒരൊറ്റ സെക്കന്റിലായിരുന്നു.

ഞാന്‍ ആ തലപ്പാവെടുത്ത് അയാളുടെ നേരെ നീട്ടി.

''ഇത് നിങ്ങള്‍ വെച്ചോളൂ. എന്നിട്ട് മാലാഖയെ ഏല്‍പ്പിക്കൂ.'' 

വിനീതവിധേയനായി ഞാനയാളോട് കെഞ്ചി. 

''അത് സാധ്യമല്ല.''

ഒറ്റ വാക്കില്‍ അയാള്‍ മറുപടി പറഞ്ഞു. 

''ആ വഴി നിങ്ങള്‍ക്കുമുന്നില്‍ മാത്രമേ തുറക്കപ്പെടൂ. നിങ്ങള്‍ മുന്നില്‍ നടന്നാല്‍ ഞാന്‍ പിന്നാലെ തലപ്പാവുമെടുത്ത് വരാം. വഴികള്‍ നിങ്ങളുടെ മുന്നില്‍ തുറക്കപ്പെടും. സൂചനകള്‍ നിങ്ങള്‍ക്ക് വഴി കാണിക്കും. ഒടുവില്‍ നിങ്ങളവരെ കണ്ടെത്തും. ഒരൊറ്റ നിബന്ധന മാത്രം. യാത്രയില്‍ വഴിയില്‍ കാണുന്നവരോടെല്ലാം നീ കരുണ കാണിക്കണം.''

പെട്ടെന്ന് എന്തോ ശബ്ദം കേട്ട് ഞാന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
കണ്ടത് സ്വപ്നമാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും , വെറുതെ സെന്റര്‍ ഹാള്‍ വരെ പോയി അവിടെ അങ്ങനെ ഒരു തലപ്പാവുണ്ടോന്ന് നോക്കി ഇല്ല എന്ന് തീര്‍ച്ചപ്പെടുത്തി വീണ്ടും മുറിയില്‍ പോയി കിടന്നു..

ഇടക്കൊന്ന് ഉറക്കം ഞെട്ടിയതുകൊണ്ടാവും, രണ്ടാമത് കിടന്നപ്പോള്‍ ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. 
കുറെ സമയം അങ്ങനെ വെറുതെ കിടന്നു.

അപ്പോഴാണ് വീണ്ടും ആരോ വാതില്‍ തട്ടിയത്.

ഇത്തവണ സ്വപ്നമൊന്നുമല്ല.

ഈ പാതിരാത്രിയില്‍ ആരായിരിക്കും വാതില്‍ തട്ടിയത്?

ഒരല്പം ആധിയോടെയും അതിലേറെ കൗതുകത്തോടെയും ഞാന്‍ വാതില്‍ തുറന്നുവെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല.

തോന്നലായിരിക്കും.

എങ്കിലും വെറുതെ ടോര്‍ച്ചെടുത്ത് പുറത്തിറങ്ങി നാലുഭാഗവും ഒന്ന് പരിശോധിച്ചു. ആരുമില്ല എന്ന് ഉറപ്പുവരുത്തുക മാത്രമായിരുന്നു ലക്ഷ്യം.

ഞാന്‍ നേരെ ആ പുളിമരച്ചോട്ടിലേക്ക് നടന്നു. അല്പനേരം അലക്ഷ്യമായി അവിടെയിരുന്നു.

പിന്നെ വീണുകിടക്കുന്ന പുളിയെല്ലാം പെറുക്കി അവിടെയുണ്ടായിരുന്ന ഒരു സഞ്ചിയില്‍ ഇട്ടു.

നേരം ഒരുപാട് ഇരുട്ടിയിരിക്കുന്നു.

ഞാനാ പുളിമരച്ചോട്ടില്‍ തന്നെ ഉറങ്ങിവീഴും എന്നായി.

അപ്പോള്‍ ദാ വീണ്ടും ആരോ വാതില്‍ തട്ടുന്നു.

ഇത്തവണ ഞാന്‍ വീടിന്റെ പുറത്തായത് കൊണ്ട് പെട്ടെന്ന് മുറ്റത്തേക്ക് ഓടിയെത്താന്‍ പറ്റി.

മെലിഞ്ഞൊട്ടിയ ശരീരമുള്ള, നരച്ച താടിരോമങ്ങളുള്ള ഒരു വൃദ്ധന്‍.

അയാള്‍ എന്നെ സസൂക്ഷ്മം നോക്കി.

'നടന്നോളൂ , നിങ്ങളുടെ മുന്നില്‍ വഴി കാട്ടപ്പെടും' -അതും പറഞ്ഞ് അയാള്‍ എങ്ങോട്ടോ യാത്രയായി.

എങ്ങോട്ടെന്നില്ലാതെ ഞാനും ആ രാത്രിയില്‍ പരവശനായി നടന്നു. ദിക്കുകളറിയാത്ത ഇടം തേടിയുള്ള അലച്ചില്‍ 

നാല്

നടന്ന് ക്ഷീണിച്ചവശനായി, ഒരു പീടിക വരാന്തയില്‍ ഇരിക്കുമ്പോഴാണ് ദൂരെ നിന്നും ആരൊക്കെയോ ചേര്‍ന്ന് അതിമനോഹരമായ പാട്ടുകള്‍ പാടുന്നത് കേട്ടത്.

നല്ല വിശപ്പുണ്ടായിരുന്നു. 

ദാഹവും.

അതിലേറെ ക്ഷീണവും.

എങ്കിലും അതൊന്നും വകവെക്കാതെ സംഗീതത്തെ ലക്ഷ്യം വെച്ച് ഞാന്‍ നടന്നു.

കുറേ ദൂരം നടന്നു ഞാനാ മജ്ലിസിന്റെ അടുത്തെത്തി. 

കുറെ ആളുകള്‍ ചുറ്റും കൂടി ഇരുന്ന് അതിമനോഹരമായി ഗാനമാലപിക്കുന്നു.

ആളുകള്‍ അതില്‍ ലയിച്ചിരിക്കുന്നുണ്ട്. 

പലരും കണ്ണടച്ചിരുന്നാണ് പാടുന്നത്.

അതും അവരുടെ പരമാവധി ഉച്ചത്തില്‍.

ഞാനാ സദസ്സ് ലക്ഷ്യം വെച്ച് കുറച്ചുകൂടി മുന്നോട്ട് നടന്നു .
 
കൂടുതല്‍ അടുക്കുംതോറും അവരെന്താണ് പാടുന്നതെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നുണ്ടായിരുന്നു. 

അതെ.
 
അവര്‍ എന്നെ കുറിച്ചാണ് പാടുന്നത്.

എന്നെയാണ് അവര്‍ പാടി പുകഴ്ത്തുന്നത്.

എന്റെ ജീവിതത്തെക്കുറിച്ചാണ് അവര്‍ പ്രകീര്‍ത്തിക്കുന്നത്.

എന്റെ ചെയ്തികളെയാണ് അവര്‍ അനുസ്മരിക്കുന്നത്.

ഞാന്‍ ആ സദസ്സില്‍ ചെന്നിരുന്നു.

നടന്ന് ക്ഷീണിച്ചവശനായ  എന്നെ അവര്‍ തിരിച്ചറിയുന്നുണ്ടായിരുന്നില്ല.

അതിനിടയിലാണ് ഞാനാ സദസ്സില്‍ അയാളെ ശ്രദ്ധിക്കുന്നത്. 

താടി നരച്ച മെലിഞ്ഞൊട്ടിയ ശരീരമുള്ള വൃദ്ധനായ ആ മനുഷ്യന്‍.
 
തൊട്ടിപ്പുറത്ത് ഒരു തലപ്പാവ് വച്ച ഗാംഭീര്യമുള്ള ശരീരമുള്ള മറ്റൊരാള്‍.

ഞാന്‍ ആ തലപ്പാവ് സൂക്ഷിച്ചു നോക്കി. 

അതെ, ഈ തലപ്പാവ് തന്നെയാണ് ഞാന്‍ ഇന്നലെ കണ്ടത്.

അയാള്‍ എന്റെ അടുത്തേക്ക് വന്നു.

എനിക്ക് പേടി തോന്നിയതേയില്ല. 

അയാള്‍, എന്റെ അടുത്ത് വന്ന് എന്റെ ചെവിയില്‍ ഇപ്രകാരം മന്ത്രിച്ചു.

''കരഞ്ഞുകൊള്ളുക'', ''വിലപിക്കുന്ന ഈ കൂട്ടത്തോടൊപ്പം ചേര്‍ന്നിരുന്നു കരഞ്ഞു കൊള്ളുക'' 

'കേട്ടിട്ടില്ലേ, നത്ത് കരഞ്ഞാല്‍ ഒത്തുകരയും.'
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios