Malayalam Short Story: വധശിക്ഷ, നിയാസ് അലി കെ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. നിയാസ് അലി കെ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രാത്രിയില്‍ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയതാണ്. പാതിയുറക്കത്തില്‍ ഒന്നങ്ങോട്ടും ഒന്നിങ്ങോട്ടും കണ്ണോടിച്ച് നാലുഭാഗവും സസൂക്ഷ്മം പരിശോധിച്ചുവെന്ന് സ്വന്തം മനസ്സിനെ തെറ്റിദ്ധരിപ്പിച്ച് അകത്തേക്ക് കയറാന്‍ തുനിയുന്നതിനിടയിലാണ്, വലതുഭാഗത്തെ ലോറി പാര്‍ക്ക് ചെയ്തതിന്‍റെ അടിയിലായി ഒരു ചാക്കില്‍ ആരോ ഉപേക്ഷിച്ച നിലയില്‍ രണ്ടു നായക്കുട്ടികളെ ശ്രദ്ധയില്‍ പെട്ടത്.
ഉപേക്ഷിക്കപ്പെടാന്‍ മാത്രം എന്തപരാധമാകും ഈ പട്ടിക്കുട്ടികള്‍ ഈ ചെറു പ്രായത്തില്‍ തന്നെ ചെയ്തതെന്നാലോചിച്ച് തലപുണ്ണാക്കാന്‍ നില്‍ക്കാതെ അകത്തേക്ക് കയറി ഉറക്കം തുടര്‍ന്നു.
മദ്രാസിലെ തന്തയാര്‍പേട്ടിനടുത്തുള്ള ഒരു ഫാക്ടറിയാണ്.
മരമില്ലില്‍ നിന്നും മറ്റും ഈര്‍ച്ചപൊടി പോലുള്ള വസ്തുക്കള്‍ ശേഖരിച്ച്, ചില രാസവസ്തുക്കള്‍ ചേര്‍ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ച് പുട്ട് രൂപത്തിലുള്ള വസ്തുവാക്കി മാറ്റും. പിന്നീട് അത് വിറകായും മറ്റും ഉപയോഗിക്കാന്‍ വിവിധ നാടുകളിലേക്ക് കയറ്റുമതി ചെയ്യും.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട് മദ്രാസിലെത്തിയത് മുതല്‍ അയാളുടെ വീടും ജോലിസ്ഥലവുമെല്ലാം ഇതാണ്.
പതിവുപോലെ ഉറക്കമുണര്‍ന്ന് ബ്രഷും കയ്യില്‍ പിടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇന്നലെ വന്ന നായക്കുട്ടികള്‍ കാട്ടിക്കൂട്ടിയ ഹറാംപറപ്പ് കാണുന്നത്. കഴിഞ്ഞ ദിവസം ഇറക്കിയ ഈര്‍ച്ചപ്പൊടികള്‍ മുഴുവനും ഇവ രണ്ടും ചേര്‍ന്ന് ആകെ ചിക്കിയിട്ടിട്ടുണ്ട്. ഒന്നൊന്നര മണിക്കൂര്‍ അധികം പണിയെടുക്കേണ്ടി വന്നു ഈ ഒരൊറ്റ കുറുമ്പ് കാരണം.
ജോലിക്കാര്‍ ഓരോന്നായി എത്തിത്തുടങ്ങി.
ഒരൊറ്റയാളെയും നേരം വണ്ണവും ജോലി ചെയ്യാന്‍ സമ്മതിക്കാതെ രണ്ടും മെഷീനുകള്‍ക്കിടയിലൂടെയും പൊടികള്‍ക്കിടയിലൂടെയും അവ ഓടിപ്പാഞ്ഞുകൊണ്ടേയിരുന്നു.
അപരാധം വ്യക്തമാണ്. കാപ്പ ചുമത്തി നാട് കടത്തണം.
അന്ന് രാത്രി, ഒരു ചാക്കില്‍ പൊതിഞ്ഞ് രണ്ടിനെയും അരല്പം ദൂരെ, ചെറിയാന്‍ നഗറിനടുത്തുള്ള ഒരു കോളനിയില്‍ കൊണ്ടുപോയുപേക്ഷിച്ചു.
പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നായ വീണ്ടും ഫാക്ടറിക്കുള്ളില്‍.
രണ്ട്
ശല്യം തുടര്‍ന്നുകൊണ്ടേയിരുന്നു. കാപ്പ പ്രായോഗികമല്ല. നാടുകടത്തിയാല്‍ തിരിച്ചുവരും. സ്റ്റേറ്റ് ചെയ്യാറുള്ളത് പോലെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി വധശിക്ഷ വിധിക്കണം.
നൂറ്റമ്പത് രൂപയില്‍ താഴെയേ ഒരു ചെറിയ പാക്കറ്റ് ഫ്യുറഡാന് ചിലവാവുകയുള്ളു. ഭക്ഷണത്തില്‍ ചേര്‍ത്ത് അണ്ണാക്കിലേക്കിട്ടു കൊടുത്താല്‍ പിന്നെ ഖലാസ്.
ഒരു കുഴിവെട്ടി രണ്ടിനെയും മൂടിയാല്‍ മതി.
തീരുമാനിച്ച പ്രകാരം ഫ്യുറഡാന് വാങ്ങി തട്ടിന്‍ പുറത്ത് വെച്ചു. രാത്രി ജോലി കഴിഞ്ഞ് വേണം വധശിക്ഷ നടപ്പാക്കാന്‍.
മൂന്ന്
അന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ രണ്ടിനെയും ഒന്ന് അടുത്തിരുത്തി. ഭക്ഷണത്തില്‍ നിന്നും അല്പം എടുത്ത് കഴിക്കാന്‍ കൊടുത്തു. ഇന്ന് കൂടിയല്ലേ ഇവ രണ്ടും ദുനിയാവിലുണ്ടാകൂ.
കൊടുത്ത ഭക്ഷണം കഴിച്ച് നന്ദിയോടെ വാലാട്ടി രണ്ടും അടുത്ത് വന്നിരുന്നു. ഇപ്പോള്‍ വലിയ ശല്യമൊന്നുമില്ല. ഒരുപക്ഷെ വിശന്നിട്ടാവും ഈ കോപ്രായങ്ങളെല്ലാം കാട്ടിയത്.
ഭക്ഷണം കഴിഞ്ഞാല്‍ ഒരല്പ നേരം മയക്കമാണ്. ശബ്ദമുണ്ടാക്കാതെ രണ്ടും ശാന്തമായിരുന്ന് സഹകരിച്ചു.
ആദ്യമൊന്നുമുണ്ടായിരുന്നിട്ടില്ലാത്ത ഒരു സ്‌നേഹം അയാള്‍ക്കതിനോട് രണ്ടിനോടും തോന്നിത്തുടങ്ങിട്ടുണ്ട്.
അല്ലെങ്കില്‍ തന്നെ ഒരു ജീവിയെ സ്‌നേഹിക്കാതിരിക്കാന്‍ എന്തധികാരമാണ് നമുക്കുള്ളത് ?
മുമ്പൊരിക്കല്‍ ശൈഖ് അവറുകള്‍ പറഞ്ഞ ഒരു കഥയുണ്ട്.
ബനൂ ഇസ്രായീല്‍ കാലത്തെ ഒരു രാജാവ് ഒരു വഴിയിലൂടെ നടന്ന് പോകുമ്പോള്‍ വഴിയോരത്ത് വൃത്തിഹീനമായ അവസ്ഥയില്‍ ഒരു നായയെ കണ്ടു. കണ്ടപാടെ നായയെ നോക്കി രാജാവ് അറപ്പോടെ ആട്ടി. അക്കാലത്ത് ജീവിച്ച പ്രവാചകന് അല്ലാഹു ഇപ്രകാരം ദിവ്യവെളിപാട് നല്‍കി. 'പ്രവാചകരെ, ആ രാജാവിന്‍റെ അടുത്ത് പോയി നിങ്ങള്‍ ചോദിക്കണം. ആ നായയാണോ മോശക്കാരന്‍ , അതോ ആ നായയെ പടച്ച ദൈവമാണോ മോശക്കാരന്‍ എന്ന്.'
സ്‌നേഹിക്കപ്പടാന്‍ സകല പടപ്പുകളുടെയും അര്‍ഹത അത് പടച്ചോന്‍റെ പടപ്പാണെന്നാണല്ലോ.
നാല്
അന്ന് ജോലി കഴിയാന്‍ ഒരുപാട് വൈകി. പതിവില്‍ കൂടുതല്‍ ക്ഷീണമുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ക്ഷീണം കൂടുംതോറും ഉറക്കത്തിന്‍റെ ആഴവും കൂടും എന്നാണല്ലോ. ഈ ഈര്‍ച്ചപ്പൊടിയില്ലാത്ത ഒന്നും സ്വപ്നം പോലും കാണാത്തതിനാല്‍ ഉറക്കത്തിന്‍റെ ആഴവും പരപ്പുമൊന്നും ഇവിടെയാരും ഗൗനിക്കാറില്ല.
പിറ്റേദിവസം രാവിലെ ഉറക്കമുണര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേരും പുറത്ത് കാത്തിരിപ്പുണ്ട്.
ദിവസങ്ങള്‍ കഴിഞ്ഞു. തട്ടിന്‍പുറത്തെ ഫ്യുറഡാന്‍ തട്ടിന്‍പുറത്ത് തന്നെയിരുന്നു. പട്ടിക്കുട്ടികള്‍ ഫാക്ടറിക്കുള്ളില്‍ നിന്നും തന്‍റെ മുറിക്കുള്ളിലേക്കും മുറിക്കുള്ളില്‍ നിന്നും ഹൃദയത്തിനുള്ളിലേക്കും സ്ഥലമാറ്റം ലഭിച്ചുവന്നു.
പതിവുപോലെ അന്നും അയാള്‍ നേരത്തെ ഉറക്കമുണര്‍ന്നു.
തനിക്കേറെ പ്രിയപ്പെട്ട അപ്പുവും ഇന്നയും പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നില്ല. നാലുപാടും ഓടി നടന്നു തിരഞ്ഞിട്ടും എവിടെയും കാണാനില്ല. അയാള്‍ തിരച്ചില്‍ തുടര്‍ന്നു.
പല്ലുതേപ്പും ചായകുടിയും മറന്ന് തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ജോലിക്കാര്‍ ഓരോന്നായി എത്തിത്തുടങ്ങി. അവരും കുടെക്കൂടി.
ഫാക്ടറിക്കുള്ളില്‍ കയറിയ അയാള്‍ ആദ്യമൊന്ന് ഞെട്ടി. തട്ടില്‍ പുറത്ത് മുമ്പെങ്ങോ വാങ്ങി വെച്ച ഫ്യുറഡാന്‍ നിലത്ത് വീണുകിടക്കുന്നു.
അരികില്‍ ചലനമില്ലാതെ അപ്പുവും ഇന്നയും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...