Malayalam Short Story : ശേഷം, നമിത സുധാകര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നമിത സുധാകര്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Namitha Sudhakar

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Namitha Sudhakar

 

കോവിഡ് ബാധിച്ചു യേശുവില്‍ അഭയം പ്രാപിക്കരുതേ എന്നാണ് അമ്മച്ചി ഇന്നലെയും പ്രാര്‍ത്ഥിച്ചത്. കഴിഞ്ഞ കൊല്ലത്തെ ഓശാന കഴിഞ്ഞതില്‍ പിന്നെ കൊറോണ കാരണം പള്ളിയിലേക്ക്  പോകാന്‍ അമ്മച്ചിയെ വീട്ടിലുള്ളവര്‍ ആരും അനുവദിച്ചില്ല. ജനുവരിയില്‍ കൊറോണ ഒന്നടങ്ങിയപ്പോള്‍ അനാഥാലയത്തിന്റെ കാര്യം പറയാന്‍ കൊച്ചച്ചന്‍ വീട്ടില്‍  വന്നു. പുണ്യാളനെ കാണാന്‍ പോകാന്‍ അനുവദിക്കാത്തതിന് കൊച്ചച്ചനോട് അമ്മച്ചി വേണ്ടുവോളം പരിഭവം പറഞ്ഞു. 

''കുമ്പസരിക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ല...''

''പാതിരാത്രി മാതാവ് മെഴുകുതിരി വെക്കാത്തതിന് സങ്കടം  പറഞ്ഞു...''

''പള്ളിപ്പെരുന്നാളിന് കൂടാന്‍ ക്ഷണിച്ചു...''

''വേളാങ്കണ്ണിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു...''

''എനിക്ക് പള്ളിയില്‍ വരണമച്ചോ ഇതിങ്ങളോട് ഒന്ന് പറ എന്നെ ഒന്ന് കൊണ്ടുവരാന്‍...''

അമ്മച്ചിയിങ്ങനെ  പുലമ്പുന്നതിനിടയില്‍  അച്ഛനാണ്  പറഞ്ഞത്, കുര്‍ബാന പിന്നേം തുടങ്ങിയിട്ടുണ്ട് ഞായറാഴ്ച പോന്നോളാന്‍.

ഞാന്‍ രണ്ട് മെഴുകുതിരി കത്തിച്ചും വന്നേച്ചോളാടി ക്ലാരെന്നും പറഞ്ഞ് മാര്‍ച്ചു മാസത്തിലെ അവസാനത്തെ ഞായറാഴ്ച പള്ളിയിലേക്ക്  ഇറങ്ങിയോടിയ അമ്മച്ചിയെ ക്ലാര ഒരുവിധത്തില്‍ പിടിച്ചു വലിച്ചു മുറിയിലാക്കി.

''കൊറോണ മാറിയെന്നും പറഞ്ഞേച്ച് നടന്നാലേ ശരിയാവില്ല, പിന്നേം വന്നിട്ടുണ്ട് കേട്ടോ, അമ്മച്ചി ഈ വര്‍ത്തയൊന്നും കാണുന്നില്ലേ, എങ്ങോട്ടും പോകണ്ട. അമ്മച്ചിയോടാരാ പറഞ്ഞെ കൊറോണ മാറിയെന്ന്...എങ്ങാനും കൊറോണ വന്നാല്‍ വയസ്സന്‍ കാലമാണ്, പിന്നെ മെഴുകുതിരിയില്‍ കാര്യം നടക്കൂല.''

''മരിയ സിസ്റ്ററിനെ കണ്ട് രണ്ട് വര്‍ത്താനം പറഞ്ഞാല്‍ ലേശം ആശ്വാസം കിട്ടും, ആള്‍ക്കാരെ കാണാതെ എനിക്ക് വട്ട് പിടിക്കും...' എന്നൊക്കെ പറഞ്ഞിട്ടും ക്ലാര സമ്മതിച്ചില്ല. 

''എന്റെ ജോമോനെ നിന്നെ കൊണ്ട് കെട്ടിക്കാന്‍ എനിക്ക് തോന്നിപ്പോയതാടീ എന്റെ തെറ്റ്'' എന്നും പറഞ്ഞു ചട്ട മുറുക്കി അമ്മച്ചി അകത്തേക്കോടി.

റബര്‍ ഷീറ്റു പുരയിലെ ഓടുകള്‍ക്കിടയില്‍ ക്ളാര കാണാതെ ജോമോന്‍ ഒളിപ്പിച്ചു വെച്ച റം എടുത്ത് ഒറ്റവലിക്ക് കുടിച്ചു. ബാക്കിയുണ്ടായിരുന്ന കുറച്ചു റമ്മില്‍ വെള്ളം കലര്‍ത്തി അതേപോലെ വെച്ചു. 

''എന്റെ അച്ചായന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പറയുന്ന സ്ഥലത്ത്, പറയണ സമയത്തു എന്നെ കൊണ്ടോയെനെ. അങ്ങേര് ഈ പിശാച്ചുങ്ങളുടെ ഇടയില്‍ എന്നേം ഇട്ടേച്ചു നിന്റടുത്തേക്ക് വന്നീച്ചല്ലോ എന്റെ കര്‍ത്താവേ..''

കുറെയധികം അണ്ടിപ്പരിപ്പുകള്‍ ഒരുമിച്ച് വായിലിട്ട്  ക്ലാരയെ പഴിച്ചും കൊണ്ട് അമ്മച്ചി ഉമ്മറപ്പടിയിലേക്ക് ഇറങ്ങി വന്നു.

''അമ്മച്ചി എന്നെ ഇങ്ങനെ പഴി പറഞ്ഞിട്ടൊന്നും കാര്യമില്ല. അമേരിക്കയിലുള്ള നിങ്ങടെ മോന്‍ ജോണിന്റെ ഓര്‍ഡര്‍ ആണ് അമ്മച്ചിയെ അകത്തു ഇരുത്തിയാല്‍ മതിയെന്ന്. എന്നേം ജോമോനേം തെറി വിളിച്ചിട്ടൊന്നും കാര്യമില്ല. പുറത്തിറങ്ങിയാല്‍ പോലീസ് കൊണ്ട് പോകും. ഇന്നാളൊരു ദിവസം മാസ്‌ക് വെച്ചോണ്ട് ഷുഗര്‍ ടെസ്റ്റ് ചെയ്യാന്‍  പുറത്തു പോയ പുകില്‍ ജോമോന്‍ പറഞ്ഞതാ, അമ്മച്ചി മാസ്‌ക് അങ്ങോട്ടും ഇങ്ങോട്ടും കൈകൊണ്ട് മാറ്റി ഒടുവില്‍ കണ്ണ് കാണാതെ തടഞ്ഞു വീണത്.ഇനി  മാസ്‌കും വെച്ചോണ്ട് ഇറങ്ങിയാല്‍ പോലും ചുമ്മാതെ പോയാല്‍ പോലീസ് അങ്ങ് കൊണ്ടോവും. ഇല്ലെങ്കില്‍ കൊറോണ പിടിച്ച്‌ദേ ഇങ്ങനെ പുരയ്ക്ക് പുറത്തു കൂടി ഇറങ്ങി നടക്കാന്‍ ഒക്കത്തില്ല. ഒറ്റയ്ക്ക് ഒരു മുറിയിലോട്ട് മാറ്റും.''

മഴക്കാറ് കണ്ട്, ഉണങ്ങാനിട്ട ചേമ്പും കാച്ചിലും ചാക്കിലേക്ക് വാരി നിറയ്ക്കുന്നതിനിടയില്‍ ക്ലാര വിളിച്ചു പറഞ്ഞു, 

അടുത്ത നിമിഷം അമ്മച്ചിയുടെ മറുപടി വന്നു: 

''ഞാന്‍ കൊറോണ പിടിച്ചു ചത്താല്‍ ജോണിന്റെ കെട്ട്യോള്‍ക്ക് അവള്‍ ഉണ്ടാക്കിയതാണെന്നും പറഞ്ഞു മാങ്ങാ അച്ചാറും ഉപ്പിലിട്ടതും ഒക്കെ കൊടുത്ത് മദാമ്മമാരെ പറ്റിക്കാനൊക്കത്തില്ല. അവിടന്നിങ്ങോട്ട് ഇപ്പൊ വിമാനം ഒന്നുല്ലാത്തോണ്ട് ഞാന്‍ ചത്ത് കഴിഞ്ഞിട്ട് ജോണ്‍ വന്നാല്‍ പുത്തന്‍പുരയ്ക്കലെ റബ്ബര്‍ തോട്ടം ജോമോന്‍ എടുത്താലോ? മാത്രമല്ല മരിക്കും മുമ്പ് അപ്പച്ചന്‍ ബാങ്കില്‍ ഇട്ട പൈസയൊക്കെ അവനറിയാം.  നീ എന്നാ വേണേലും ചെയ്തോടിന്ന് പറഞ്ഞിട്ടാ എന്റെ ഇച്ചായന്‍ പോയെ. അത് കണ്ട് ആരും ബംഗ്‌ളാവ് പണിയാന്‍ നിക്കണ്ട. ജോണിനോടും അവന്റെ കെട്യോളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്, ആ പൈസ  അനാഥാലയത്തിനുള്ളതാ. ജോണിന്റെ മനസ്സില്‍ പണവും സ്വത്തുമൊക്കെയാണ്. അവനിവിടെ ഇല്ലാത്ത കാലത്തു ഞാനെങ്ങാന്‍ ചത്താല്‍ അവന്റേം കെട്യോളുടെയും മെനഞ്ഞ തന്ത്രങ്ങള്‍ നടന്നേക്കില്ലന്നുള്ള ആവലാതിയാ. അല്ലാണ്ട് അമ്മച്ചിയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടല്ല.'' 

''എന്റെ അമ്മച്ചീ ഞാന്‍ ഒന്നും പറഞ്ഞില്ല. ഒന്നും ചോദിച്ചുമില്ല. പുറത്തിറങ്ങാന്‍ വിടാത്തതിന് എന്നെ പഴിക്കണ്ടാന്ന്  പറഞ്ഞെന്നെ ഉള്ളു. ആര്‍ക്കു എന്ത് കൊടുത്താലെന്താ, ഈ വീട്ടിലെ വിഴുപ്പ് ചുമക്കാനാണ് എന്റെ വിധി. നമ്മള്‍ വന്നത് സ്വത്തും പണവും ഇല്ലാതെ ആയിപ്പോയില്ലേ. ഇപ്പോ അമേരിക്കയിലും കാലിഫോര്‍ണിയയിലുമുള്ളവര്‍ക്കൊക്കെ വാട്ട് കപ്പയും ഉണക്കമീനും അച്ചാറും കെട്ടിക്കൊടുത്ത് മരിക്കാനാണ് നമ്മളെ ഇങ്ങോട്ട് കേറ്റികൊണ്ട് വന്നത്.''

അവസാനത്തെ ചേമ്പിന്‍ ചാക്കും വിറകുപുരയ്ക്കടുത്ത് കെട്ടിവെച്ച് ക്ലാര ചൂലുമായി മുറ്റത്ത് ഇറങ്ങി.

''എടിയേ ക്ലാരെ, ചേമ്പ് മുറുക്കെ കെട്ടിയിട്ടില്ലേ..എങ്ങാനും ഈര്‍പ്പം  കേറിയാലേ പിന്നെ ഒന്നിനും കൊള്ളത്തില്ല. സജി എന്താടിയെ പണിക്ക് വരാതെ അവന്‍ ആണേല്‍ കെട്ടി വെച്ചാല്‍ എനിക്കൊരു സമാധാനം ഇണ്ടായേനെ. ഇതിപ്പോ നിന്റെ കെട്ടൊക്കെ കണക്കാ, ഒരു വകയ്ക്ക് കൊള്ളത്തില്ല.'

''സജിടെ പെങ്ങടെ മോന് കൊറോണ! ഒരു മാസത്തേക്ക് ഇങ്ങോട്ട് വരണ്ടാന്ന് ജോമോനാ പറഞ്ഞെ''- ക്ലാര മുറ്റമടിക്കുന്നതിനിടയില്‍ ആരെയോ പഴിച്ചു.

''അതെന്നാ വര്‍ത്താനാടീ സജിയോട്  ജോമോന്‍ പറഞ്ഞെ. സജി പട്ടിണിയാവുലേ. അവനു വേറെന്നാ ഒരു വരുമാനം. ഒരു മാസത്തെ ശമ്പളം അവനങ്ങു കൊടുത്തേക്കാന്‍ ജോമോനോട് പറയണം. കാശില്ലേല്‍ ഞാന്‍ തരാം. എന്റെ കുണുക്ക് അവന്റെ മോള്‍ടെ കല്യാണത്തിന് ഒരു വള പണിയിപ്പിച്ചു കൊടുക്കാന്‍ വെച്ചേക്കുവാ. ഈയിടെ അവന്‍ മോളുടെ കാര്യം പറഞ്ഞപ്പോ ഞാന്‍ മനസിലുറപ്പിച്ചതാ .ഇതൊക്കെ ഒന്ന് തീരട്ടെ..''

''മേരി സിസ്റ്ററിനെ ഈ വഴീല്‍ കണ്ടാല്‍ ഒന്ന് പറയണെടി. ഞാന്‍ ദൂരെ നിന്ന് വിശേഷം പറഞ്ഞോളാം. ആരെയും കാണാതെ മടുത്തു.''

ഇത്രയും പറഞ്ഞു കൊന്തയും ബൈബിളും കൊണ്ട് അമ്മച്ചി അകത്തേക്ക് പോയി. അനന്തരം, ക്ലാര  കേള്‍ക്കാനെന്നോണം ഉറക്കെ വായിച്ചു: ''പുതിയ നിയമം, പ്രവര്‍ത്തികള്‍ അധ്യായം പതിനാറ്. പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി. വാതില്‍ തുറന്നു പോയി.  എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു..''

ജോമോന്‍ ധൃതിയില്‍ ജോണിനെ വിളിച്ചു. ''ജോണിച്ചായാ അമ്മച്ചിക്ക് കൊറോണ ഒന്നും ഇല്ലാത്തതിനാല്‍ മതാചാര പ്രകാരം പള്ളിയില്‍ തന്നെ അടക്കാനുള്ള അനുവാദം കിട്ടിട്ടുണ്ട്.''


''എനിക്ക് വരാനൊക്കില്ല ജോമോനെ നീ നോക്കിക്കോണം.''-ജോണ്‍ മറുപടി പറഞ്ഞു. 

''എന്നാല്‍ പിന്നെ വെച്ചേക്കാം'' ജോമോന്‍ പറഞ്ഞു.

''പിന്നേയ് അനാഥാലയത്തിലേക്കുള്ള കാര്യം അച്ഛന്‍ സൂചിപ്പിച്ചാല്‍ ഇപ്പൊ നീയൊന്നും പറയണ്ട. ഞാന്‍ വന്നിട്ടാലോചിക്കാം. പെട്ടെന്നെടുത്തോ. ഇനി കരക്കാരാരേലും വന്നിട്ട് അതൊരു പുലിവാലാകേണ്ട. എന്തായാലും അമ്മച്ചി ആഗ്രഹം പോലെ കൊറോണ വരാതെ മരിച്ചല്ലോ. അമ്മച്ചിയുടെ പ്രാര്‍ത്ഥന പുണ്യാളന്‍ കേട്ടൂന്ന് കരുതിയാ മതി.''

ഒടുവില്‍, കൊവിഡ് രണ്ടാം തരംഗത്തിന്റെ വരവില്‍, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ അതേ ദിവസം  രണ്ടാള്‍മാത്രം ചുമന്ന്  അമ്മച്ചിയുടെ  ശവപ്പെട്ടി അടക്കം ചെയ്യുന്നത് മേരി സിസ്റ്റര്‍ ദൂരെ നിന്നും ജനലിലൂടെ നോക്കി. പിന്നെ, അമ്മച്ചിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ചു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios