Malayalam Short Story : റോസമ്മ ജേക്കബിന്റെ ജാരന്‍, നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ

chilla malayalam  short story by Najeeb Kanjirode

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam  short story by Najeeb Kanjirode

 

'റോസമ്മേ, പിന്നിലെ വാതില്‍ തുറന്നിട്ടേക്കണേ. ഞാന്‍ അര മണിക്കൂറിനുള്ളില്‍ എത്തും. ഭയങ്കര മഴയാ. എത്തിയാല്‍ വിളിക്കാനൊന്നും പറ്റിയേക്കില്ല.'

മുകള്‍ നിലയിലെ പാതി തുറന്നിട്ട ജാലകത്തിലൂടെ അരിച്ചു കയറിയ തണുത്ത കാറ്റിന്റെ കുളിരില്‍, പത്തു മിനുട്ട് മുമ്പ് മൊബൈലില്‍ കൊഞ്ചിയാടിയ അയാളുടെ വാക്കുകളിലൂടെ, കിനിഞ്ഞിറങ്ങിയ അനുഭൂതിയുടെ രസക്കൂട്ടുകള്‍ ഹൃദയത്തിലേക്ക് ആവാഹിച്ചു കൊണ്ട് റോസ്ലിന്‍ പുറത്തേക്ക് നോക്കി. അയാളെ കുറിച്ചുള്ള നേരിയ ഓര്‍മ്മകള്‍ പോലും അവളില്‍ അസാധാരണമായ കുളിരും പ്രണയവും പ്രസരിപ്പിച്ചു. വീടിന്റെ പിന്നില്‍ തുറന്നിട്ട വാതിലില്‍ കൂടി അയാള്‍ കടന്നു വരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിയുള്ള സമയത്തെ അക്ഷമയായ കാത്തിരിപ്പിന്റെ വിരസതയില്‍, അയാളെ പരിചയപ്പെട്ട നാളിലേക്ക് അവളുടെ ചിന്തകള്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചു.

അതൊരു ശാന്തമായ സായാഹ്നം. വായുവില്‍ നേര്‍ത്ത തണുപ്പും ചക്രവാളത്തില്‍ കുങ്കുമ വര്‍ണ്ണത്തിന്റ നേരിയ പാടയും കലര്‍ന്ന വൈകുന്നേരം. നഗരത്തിലെ പ്രശസ്തമായൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങളും വാങ്ങി വണ്ടിയിലേക്ക് കയറിയതായിരുന്നു റോസ്ലിന്‍.

ഭര്‍ത്താവ് ജേക്കബ് ചെറിയാന്‍ കഴിഞ്ഞ മാസം നാട്ടില്‍ വന്നപ്പോള്‍ എടുത്ത ചുവന്ന നിറത്തിലുള്ള പുതിയ ഓട്ടോമാറ്റിക് സ്വിഫ്റ്റ് കാര്‍ ഇച്ചിരി പിന്നോട്ട് എടുത്തതെ ഉള്ളൂ, പിന്നില്‍ എന്തോ ശബ്ദവും ബഹളവും കേട്ട് ഞെട്ടി. വണ്ടിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ പിന്നില്‍ ഇടിച്ചു നില്‍ക്കുന്ന ഓട്ടോയും ദേഷ്യത്തോടെ നില്‍ക്കുന്ന ഡ്രൈവറെയും കണ്ടത്.

'എന്താ മാഡം, വണ്ടി പിന്നോട്ട് എടുക്കുമ്പോള്‍ നോക്കണ്ടേ? ആകെ പണിയായല്ലോ.'

അയാള്‍ വല്ലാതെ കോപപ്പെട്ട നിലയിലാണെന്ന് കണ്ട അവള്‍ ആദ്യമായി സംഭവിച്ച ആക്‌സിഡന്റിന്റെ അപരിചിതത്വത്തില്‍ വിളറി നിന്നു. കൊത്തി വലിക്കാന്‍ സുന്ദരിയായ ഇരയെ കിട്ടിയ ആവേശത്തോടെ നാലഞ്ചാളുകള്‍  അടുത്തേക്ക് വരുന്നത് കണ്ടതോടെ അവള്‍ ഒന്നു കൂടി പരുങ്ങി.

'സോറി ചേട്ടാ, ഞാന്‍ കണ്ടില്ല. അറിയാതെ പറ്റിപ്പോയതാണ്. എന്താ വേണ്ടതെന്നു വെച്ചാല്‍ ചെയ്യാം.'

അവള്‍ സമന്വയത്തിന്റെ പാതയിലൂടെ മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ ഒച്ചയുയര്‍ത്തി. 

'നിങ്ങളൊക്കെ ആകാശത്തോട്ട് നോക്കിയല്ലേ നടപ്പ്. അപ്പോള്‍ താഴെയുള്ളവരെ കാണില്ല. കുറച്ച് പൈസയുള്ളതിന്റെ കഴപ്പ്. അല്ലാതെന്താ?'

അതോടെ ചുറ്റും മുറുമുറുപ്പുയര്‍ന്നു. 'അതന്നെ. കെട്ട്യോന്‍ വലിയൊരു വണ്ടിയങ്ങ് എടുത്തു കൊടുത്തേച്ച് അമേരിക്കേലോട്ട് തിരിച്ചു പോകും. പിന്നെ അതുമെടുത്തോണ്ട് കറങ്ങലല്ലേ കൊച്ചമ്മമാരുടെ പണി.'
വേറൊരാളും അശ്ലീലച്ചിരിയോടെ മുന്നോട്ടു നീങ്ങി.

'എന്താ വേണ്ടതെന്ന് വെച്ചാ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞല്ലോ. ഓട്ടോ ശരിയാക്കാനുള്ള പൈസ തരാം.'

കാവി മുണ്ടുടുത്ത ഒരു ചേട്ടന്‍ മറ്റെന്തോ കൂടി പറയാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ മുന്നോട്ടു വന്നു.

'സാരമില്ല, മനുഷ്യന്മാരല്ലേ ചേട്ടാ, എനിക്ക് പൈസ കിട്ടിയാല്‍ മതി. പ്രശ്‌നമില്ല. എല്ലാവരും പോയ്‌ക്കോളൂ. ഇത് ഞങ്ങള്‍ തമ്മില്‍ തീര്‍ത്തോളാം.'

അതോടെ ചുറ്റും കൂടിയവര്‍ പിറുപിറുത്തു കൊണ്ട് വൈമനസ്യത്തോടെ പിറകോട്ടു നീങ്ങി. 'ഒരു ഉപകാരം ചെയ്യാമെന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കില്ല.' അസഹ്യതയോടെ ചൊറിഞ്ഞു കൊണ്ട് കാവിമുണ്ടുകാരനും ചുറ്റിപ്പറ്റി നിന്നു. 

'താങ്ക്‌സ് ചേട്ടാ. കാശ് എത്രയാന്ന് വെച്ചാ ഞാന്‍ തരാം.' അപകടം ഒഴിഞ്ഞു പോയതിന്റെ ആശ്വാസത്തില്‍ നേരിയൊരു മന്ദഹാസത്തോടെ അവള്‍ ഡ്രൈവറെ നോക്കി.

'സാരമില്ല മാഡം, ഞാനും ശ്രദ്ധിക്കാതെയല്ലേ പിന്നില്‍ വന്നു പാര്‍ക്ക് ചെയ്തത്. ഇപ്പ കാശൊന്നും വേണ്ട. ഞാന്‍ വണ്ടി വര്‍ക്ക് ഷാപ്പില്‍ ഒന്ന് കാണിച്ചേച്ചും വരാം. ചിലപ്പോള്‍ ചെറിയ കാശേ ആകത്തുള്ളൂ. വേറെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കാം. അപ്പൊ ഒന്ന് സഹായിച്ചേച്ചാ മതി. ചേച്ചിയുടെ നമ്പര്‍ തന്നേക്ക്.'
 
ആശ്വാസത്തോടെ നമ്പര്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അവളൊരു ദീര്‍ഘ നിശ്വാസമിട്ടു. ചുറ്റും കൂടി നിന്ന പലരും പിടിക്കുന്നതിനിടെ കയ്യീന്ന് വഴുതിപ്പോയ പുഴമീനിനെ നോക്കും പോലെ അവളെ ചുഴിഞ്ഞു നോക്കി ഒഴിഞ്ഞു പോയിക്കൊണ്ടിരുന്നു.

തണുത്ത രാത്രി.

അടിച്ചു വന്ന കാറ്റില്‍ ജനാലകള്‍  മുരള്‍ച്ചയോടെ ഇളകിയപ്പോള്‍ റോസ്ലിന്‍ ചെറിയാന്‍ എന്ന റോസമ്മ എണീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തു നിവര്‍ന്നു കിടന്ന ഇരുട്ടിനെ പൊളിച്ച് 
സാജന്റെ ഓട്ടോയുടെ വെളിച്ചത്തെ പ്രതീക്ഷിക്കുന്ന അവളില്‍ അടക്കാനാവാത്ത മൃദുല വികാരങ്ങള്‍ തിളച്ചു പൊന്തി.

ജേക്കബിനു നാട്ടില്‍ വരാന്‍ വല്ലാത്ത മടിയാണ്. അമേരിക്കയില്‍ അയാള്‍ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ജീവിതം ആഘോഷിക്കുകയാണ്. ഇടക്ക് നാട്ടില്‍ വന്നാലും സുഹൃത്തുക്കളെ കൂട്ടി ബാറിലും തിയേറ്ററിലും ക്ലബ്ബിലുമൊക്കെയായി അടിച്ചും പിടിച്ചും ശീട്ട് കളിയുമായി നടക്കും. ലീവ് കഴിഞ്ഞാ 'ബൈ ഡിയര്‍' എന്നും പറഞ്ഞങ്ങ് പോകും. മക്കള്‍ പഠിക്കുന്നത് ഇവിടെയായത് കൊണ്ട് തനിക്കും അങ്ങോട്ട് പോകാന്‍ പറ്റുന്നില്ല. അല്ലെങ്കിലും അയാള്‍ക്കും അതില്‍ താല്പര്യമില്ലല്ലോ. അവളുടെ ചിന്തകള്‍ അസംതൃപ്തി നിറഞ്ഞ, വിരസമായ തന്റെ ഏകാന്ത ജീവിതത്തിന്റെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചു കയറി കുത്തി വേദനിപ്പിച്ചു. അയാള്‍ അവിടെ ഏതോ മദാമ്മയുമായി അടുത്ത ബന്ധം തുടങ്ങിയോ എന്ന സംശയം അമ്മായിയുടെ മകന്‍ ജോജോയാണ് കഴിഞ്ഞ മാസം വിളിച്ചു പറഞ്ഞത്. അവിടെ നിയന്ത്രിക്കാന്‍ ആരുമില്ലാത്തതിന്റെ കഴപ്പാണയാള്‍ക്ക്. അവളില്‍ ഭര്‍ത്താവിനോടുള്ള രോഷം തിളച്ചു മറിഞ്ഞു. എത്ര സമ്പത്ത് ഉണ്ടെന്ന് പറഞ്ഞിട്ട് എന്നാത്തിനാ? അവള്‍ ഒന്ന് നിശ്വസിച്ച്, മുടി മാടിയൊതുക്കി പ്രതീക്ഷയോടെ റോഡിലേക്ക് നോക്കി.

സാജന്റെ ആദ്യ വിളി

സാജന്റെ ആദ്യവിളി വരുന്നത് വരെ അവള്‍ അന്നത്തെ സംഭവവും അയാളെയും മറന്നു കഴിഞ്ഞിരുന്നു. പക്ഷെ അപ്രതീക്ഷിതമായി ഒരു ദിവസം അയാള്‍ വിളിച്ചത് പൈസക്ക് വേണ്ടിയായിരുന്നില്ല. വണ്ടിയൊക്കെ ശരിയായെന്നും അന്ന് ആളുകള്‍ മോശമായി പെരുമാറിയതില്‍ ക്ഷമ ചോദിക്കുന്നുമെന്നൊക്കെ പറഞ്ഞ് അവളുടെ മനസ്സിലേക്ക് അയാള്‍ ഓട്ടോ ഓടിച്ചു കയറി. 

അന്നവര്‍ ഒരുപാട് സംസാരിച്ചു. സാജന്റെ സൗമ്യമായ വാക്കുകളും തമാശകളും അവളുടെ ഉള്ളിലേക്ക് മഞ്ഞുപുകയുടെ നൈര്‍മല്യത്തോടെ പതഞ്ഞു കയറി. പതിയെ അത്തരം വിളികളും സംസാരങ്ങളും വര്‍ദ്ധിച്ചു വരികയും ഇടക്കെങ്കിലും പുറത്തേക്ക് പോകുമ്പോള്‍ കാറുപേക്ഷിച്ച് റോസ്ലിന്‍ അയാളുടെ ഓട്ടോ വിളിക്കുകയും ചെയ്തു. അവളുടെ വരണ്ട ജീവിതത്തിലെ കനത്ത ഏകാന്തതയില്‍ അയാളുടെ വാക്കുകള്‍ തേന്മഴയായി പെയ്യാന്‍ തുടങ്ങി.

സാജന്റെ ചിന്തകള്‍

കനത്ത ഇരുട്ടിനെ തുളച്ചു കൊണ്ട് സാജന്റെ ഓട്ടോ റോസമ്മയുടെ വലിയ വീട് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ അയാളില്‍ അടുത്തിടെ നടന്ന സംഭവങ്ങളുടെ ഓര്‍മ്മകള്‍ നീരൊഴുക്ക് പോലെ മുഴങ്ങിയുണര്‍ന്നു.

അന്ന് വല്ലാത്ത മഴയുള്ളൊരു ദിവസമായിരുന്നു, വലിയൊരു ഓപ്പറേഷന്റെ ഭാരവുമായി ലില്ലിയോടൊപ്പം ഓട്ടോയില്‍ മടങ്ങുന്ന വഴിയില്‍ അയാളില്‍ ഭീതിയുടെ കാറ്റടിച്ചു. ചുറ്റും നിറഞ്ഞ ഇരുട്ടില്‍ താനും ലില്ലിയും വഴിയറിയാതെ സഞ്ചരിക്കുകയാണെന്നു തോന്നി. തെരുവിലേക്ക് ചെരിഞ്ഞു വീഴുന്ന നിയോണ്‍ ബള്‍ബിന്റെ മഞ്ഞ വെളിച്ചത്തില്‍ രണ്ടാളുടെയും മുഖം വിളറിയിരുന്നു. അനിശ്ചിതത്വം നിറഞ്ഞ മുന്നോട്ടുള്ള ജീവിതവ ഴിയിലൂടെ എങ്ങനെയൊക്കെയാണ് വണ്ടിയോടിക്കേണ്ടതെന്നുള്ള ചിന്തകളില്‍ അയാള്‍ തണുത്ത കാറ്റിലും വിയര്‍ത്തു.

പാലും പഞ്ചസാരയും മേടിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറുമ്പോഴാണ് വലിയ രണ്ട് പാക്കറ്റുകളില്‍ സാധനങ്ങളുമായി കാറിലേക്ക് കയറുന്ന റോസമ്മയെ അയാള്‍ ആദ്യമായി കാണുന്നത്. റോസ് നിറത്തിലുള്ള സാരിയില്‍ തിളങ്ങി അല്പം പതര്‍ച്ചയോടെ വണ്ടി പിന്നോട്ടെടുക്കുന്ന അവളില്‍ അയാളുടെ കണ്ണുകള്‍ തൂങ്ങിപ്പിടിച്ചു. 

'നമുക്ക് സാധനങ്ങള്‍ രാജേട്ടന്റെ കടയില്‍ നിന്നും മേടിക്കാം' എന്നും പറഞ്ഞു അയാള്‍ ഓട്ടോറിക്ഷ കാറിന് പിന്നാലെ വിട്ടു. അയാളുടെ വീട്ടിലേക്കുള്ള വഴിയില്‍ കൂടി തന്നെയാണ് ആ ചുവന്ന കാര്‍ പതിയെ മുന്നോട്ട് നീങ്ങുന്നതെന്ന് കണ്ടതോടെ ലില്ലിക്ക് സംശയം തോന്നാനുള്ള വഴി അടഞ്ഞതില്‍ അയാള്‍ ആശ്വസിച്ചു. മുന്നിലെ വണ്ടിയുടെ പോക്ക് കണ്ടാലറിയാം ഡ്രൈവ് ചെയ്യുന്ന ആളിന് വണ്ടിയോടിക്കല്‍ അത്ര വശമില്ല എന്ന കാര്യം. ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആ സ്വിഫ്റ്റ് കാര്‍ മെയിന്‍ റോഡിലുള്ള വലിയൊരു ഗേറ്റ് കടന്നു അകത്തേക്ക് കയറുന്നത് കണ്ട അയാള്‍ ആ വീട് മനസ്സില്‍ ഉറപ്പിച്ചു അടയാളമിട്ട് നേരിയൊരു ചിരിയോടെ ഓട്ടോ ഓടിച്ചു വീട്ടിലേക്ക് പോയി. ലില്ലിയെ ചേര്‍ത്ത് പിടിച്ചു നനഞ്ഞ കണ്ണുകളോടെ അകത്തേക്ക് നടക്കുമ്പോഴും അയാളുടെ മനസ്സില്‍ ചുവന്ന സ്വിഫ്റ്റ് കാറും ആ വലിയ ഇരുനില വീടുമായിരുന്നു.

ഓര്‍മ്മകളുടെ ഇരപ്പില്‍ അയാളില്‍ നേര്‍ത്തൊരു  ചിരി തെളിഞ്ഞു.

പിറ്റേന്നു മുതല്‍ അയാള്‍ സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും റോസമ്മയുടെ വീടിനെ ആഗ്രഹത്തോടെയും കൊതിയോടെയും നോക്കിത്തുടങ്ങി. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അയാള്‍ ആ ചുവന്ന കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് വെളിയില്‍ പാര്‍ക്ക് ചെയ്തത് കണ്ടതും, അവള്‍ സാധനങ്ങളുമായി പുറത്തിറങ്ങുന്നത് വരെ കാത്തു നിന്ന് വണ്ടി പിന്നോട്ട് എടുക്കുമ്പോള്‍ ഓട്ടോ പിന്നില്‍ കൊണ്ട് പോയി വെച്ചു മന:പൂര്‍വം ആക്സിഡന്റ് ഉണ്ടാക്കി റോസമ്മയെ പരിചയപ്പെട്ടതും.

റോസമ്മയുടെ പ്രതീക്ഷകള്‍.

ജനാലയിലൂടെ മഴത്തുള്ളുകള്‍ അകത്തേക്ക് തെറിച്ചു വീഴാന്‍ തുടങ്ങിയതോടെ റോസമ്മ ജാലകം അടച്ച്, മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസ് നിറത്തിലുള്ള ബെഡ്ഷീറ്റ് വിരിച്ചു വെച്ച കിടക്കയില്‍ കയറിയിരുന്ന് മൊബൈല്‍ എടുത്ത് വാട്‌സ്ആപ്പിലേക്ക് നുഴഞ്ഞു കയറി. 

സാജനെ വിളിച്ചു നോക്കിയാലോ എന്നാലോചിച്ചെങ്കിലും അയാള്‍ വണ്ടി ഓടിക്കുകയായിരിക്കും എന്ന ചിന്തയില്‍ അവള്‍ ഷെയര്‍ ചാറ്റ് വീഡിയോകളിലേക്ക് ഇരച്ചു കയറി. അതിനിടയില്‍ താഴെയിറങ്ങി ഫ്രഡ്ജില്‍ നിന്നും അല്പം തണുത്ത വെള്ളമെടുത്ത് കുടിച്ചു. ശേഷം മക്കള്‍ ഉറങ്ങുന്ന മുറിയിലേക്ക് ഒന്ന് എത്തി നോക്കി പതിയെ മുകളിലേക്ക് കയറി. പിന്നെയും കിടക്കയിലേക്ക് വീണ് മൊബൈലിലേക്ക് നൂഴ്ന്നിറങ്ങി. 

സമയം തെന്നി നീങ്ങിക്കൊണ്ടിരിക്കെ പുറത്ത് ഇരുട്ട് കനക്കുകയും മഴ തളരുകയും പിന്നെയും അടിച്ചു പെയ്യുകയും ചെയ്തു. താഴെ നേരിയൊരു അനക്കം പോലെയുള്ള ശബ്ദം കേട്ടപ്പോള്‍ അവള്‍ പ്രതീക്ഷയോടെ മൊബൈല്‍ ബെഡിലേക്കിട്ട് അയാളെ കാത്തിരുന്നു. പക്ഷെ അഞ്ചു മിനുട്ട് കഴിഞ്ഞിട്ടും സാജനെ കാണാതായതോടെ അവള്‍ പതിയെ സ്റ്റെയര്‍ കേസിറങ്ങി താഴേക്ക് നടന്നു. അപ്പോള്‍ വീടിന്റെ പിന്നിലൂടെ ആരോ ഓടുന്ന ശബ്ദം കേട്ട റോസ്ലിന്‍ പെട്ടെന്ന് അടുക്കള ഭാഗത്തേക്ക് ഓടി ചുറ്റും നോക്കി. ആരെയും കണ്ടില്ലെങ്കിലും ഉള്ളിലേക്കിരച്ചു കയറിയ കനത്ത ഭീതിയോടെ അവള്‍ പിറകിലെ ഗ്രില്‍സും വാതിലും അടച്ച് കുറ്റിയിട്ട്, സാജന്റെ മൊബൈലിലേക്ക് വിളിച്ചു. 

കുറേ സമയം അടിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നിരാശയോടെ മൊബൈല്‍ കട്ട് ചെയ്തു അവള്‍ മുകളിലേക്കു നടക്കുമ്പോഴാണ് തറയില്‍ കാല്‍പാടുകളും ചെളിയും കണ്ടത്.  ഭയന്ന് വിറച്ച റോസമ്മ അതിവേഗം മക്കളുടെ മുറിയിലേക്ക് ഓടിക്കയറി. തുറന്നിട്ട അലമാരയും വാരി വലിച്ചു നിലത്തിട്ട തുണികളും കണ്ടതോടെ അവളുടെ ഉള്ളില്‍ ഒരാന്തലുയര്‍ന്നു. തളര്‍ച്ചയോടെ തറയിലിരുന്നു പോയ അവളില്‍ ഒരു നിലവിളി നിശബ്ദമായി ഉയര്‍ന്നു പൊങ്ങി.

ക്ലൈമാക്‌സ്

ഓട്ടോറിക്ഷ വീട്ടിലേക്കുള്ള വഴിയിലൂടെ മുറ്റത്തേക്ക് കയറുമ്പോള്‍ സാജന്റെ മനസ്സില്‍ ഡോക്ടര്‍ പരശുരാമന്റെ വാക്കുകള്‍ നുരഞ്ഞു കയറി. 'അഞ്ചു ലക്ഷം രൂപയുണ്ടെങ്കില്‍ നമുക്ക് ലില്ലിയുടെ ഓപ്പറേഷന്‍ നടത്തി സുഖപ്പെടുത്താം.' നാല് വര്‍ഷം പ്രണയിച്ച ശേഷം പഠനം പോലും പൂര്‍ത്തിയാക്കാതെ വീട്ടുകാരെ ഉപേക്ഷിച്ചു തന്റെ കൂടെ ഇറങ്ങിപ്പോന്ന ലില്ലിയെ പറ്റി ഓര്‍ത്തപ്പോള്‍ അയാളുടെ ഉള്ളം കലങ്ങി. അന്ന് മുതല്‍ ചേര്‍ത്ത് പിടിച്ചതാണ്. പക്ഷെ ഇപ്പോള്‍..

ഓട്ടോറിക്ഷ, മുകളില്‍ വലിച്ചു കെട്ടിയ കടും നീല നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിനു താഴെ പാര്‍ക്ക് ചെയ്ത് വണ്ടിയില്‍ നിന്നും സ്വര്‍ണ്ണവും പണവുമായി അകത്തേക്ക് നടക്കുമ്പോള്‍ ലില്ലിയുടെ ചുമയും മൊബൈലില്‍ റോസമ്മയുടെ വിളിയും ഒരുമിച്ചു കാതിലേക്ക് പടര്‍ന്നു. അയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് സിം ഊരി വളപ്പിലേക്ക് വലിച്ചെറിഞ്ഞ് അകത്തേക്ക് നടന്നു.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios