Malayalam Short Story : സ്പര്‍ശം, മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഞാന്‍ ഹര്‍ഷ. വര്‍ഷങ്ങളായി ഫിസിയോതെറാപ്പി ചെയ്യുന്നു. അങ്ങനിരിക്കെയാണ്, പ്രൊഫഷനിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ എഴുതിയാലോ എന്നുള്ള ആലോചന വന്നുചാടിയത്. പിന്നെ അതിനുള്ള ഇരിപ്പായിരുന്നു. സത്യത്തില്‍ അതത്ര എളുപ്പമേയല്ല. ഓര്‍മ്മകള്‍ ഖനനം ചെയ്‌തെടുക്കണം. മറവിയ്ക്കും ഓര്‍മ്മയ്ക്കുമിടയിലെ, പുഴയിറമ്പില്‍ തങ്ങി നില്‍ക്കുന്ന ചില ഇലകള്‍, ചെടിത്തഴപ്പുകള്‍, ഒടിഞ്ഞ പൂമ്പാറ്റ ചിറകുകള്‍, പ്രണികളുടെ ശിഷ്ടങ്ങള്‍. ഒരു സാധാരണ ഫിസിയോതെറപ്പിസ്റ്റിനൊക്കെ എന്ത് ആത്മകഥ എന്ന സന്ദേഹത്തേക്കാള്‍ ആഴമുണ്ടായിരുന്നു ഓര്‍മ്മകളുടെ മേശപ്പുറത്ത് ഞാന്‍ തൊട്ടറിഞ്ഞ മനുഷ്യരുടെ ഇലപ്പച്ചകള്‍.
അങ്ങനെ ഓര്‍മ്മകളുടെ ഖനിയിലൂടെ, പരതിപ്പരതി നടക്കവേയാണ് പെട്ടെന്ന് ഞാന്‍ അവരില്‍ എത്തിയത്. ഒരുമ്മയും മകനും. ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് ഒരു പിടിയുമില്ല. പക്ഷേ അവരോടൊത്ത് ചിലവഴിച്ച ഓരോ ദിനങ്ങളും ഓര്‍മ്മയിലുണ്ട്. അവരെ ആദ്യമായി കണ്ട ദിവസം മറക്കാന്‍ കഴിയില്ല.
അതെന്റെ ആദ്യത്തെ പേഷ്യന്റായിരുന്നു. സെയ്തലവി. ഉമ്മ മാത്രമായിരുന്നു അവന്റെ കൂട്ട്. 'സെയ്‌തേ' എന്നവര്‍ വിളിക്കുമ്പോള്‍ 'ഹ്മ്..' എന്ന് മാത്രം ചിണുങ്ങാന്‍ അറിയുന്നവന്‍. ഞാനും ആ ഉമ്മയെപ്പോലെ സെയ്‌തേ എന്നവനെ വിളിച്ചു തുടങ്ങി.
സി പി പേഷ്യന്റ് ആയിരുന്നു സെയ്തു. കൈകാലുകള്‍ സ്വന്തമായി അനക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പ്രായത്തിനനുസരിച്ച വളര്‍ച്ചയില്ല. കൈയും കാലും ചെറിയ രീതിയില്‍ വളഞ്ഞു പുളഞ്ഞാണ് കിടപ്പ്. സെയ്തുവിന്റെ മുഖത്തോട്ട് ഒരിക്കല്‍ നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. മുഖത്തെ പ്രകാശവും ആ കണ്ണിലെ തിളക്കവും ചുണ്ടില്‍ വിരിയുന്ന ആ ചിരിക്കും വല്ലാത്തൊരു മാസ്മരികതയുണ്ടായിരുന്നു. സെയ്തിന്റെ ആകര്‍ഷണം ആ ചിരി തന്നെയായിരുന്നു.
അവനെ ആദ്യമായി തൊട്ട നിമിഷം. അവന്റെ കൈയ്യിലും കാലിലും വല്ലാത്തൊരു തണുപ്പുണ്ടായിരുന്നു. പതിയെ കംപ്രഷനില്‍ തുടങ്ങാന്‍ ആയിരുന്നു എച് ഡി യുടെ നിര്‍ദ്ദേശം. ആഴ്ചയില്‍ അഞ്ച് ദിവസവും അവര്‍ വരുമായിരുന്നു. ഓരോ ദിവസവും കഴിയുന്തോറും ആ ഉമ്മയോടും സെയ്തുവിനോടും ഞാന്‍ വല്ലാതെ അടുത്തു. ഒരു ദിവസം അവനെ കണ്ടില്ലെങ്കില്‍ എന്റെ ഉള്ളം പിടഞ്ഞു. ആറ് മാസം പിന്നിട്ടപ്പോഴേക്കും ഞങ്ങള്‍ ഒരു കുടുംബം പോലെ ആയി. ഇതിനിടയില്‍ കൂടുതല്‍ ആളുകളെ തെറാപ്പിക്കായി എന്റെ മാഡം എനിക്ക് അസൈന്‍ ചെയ്തുവെങ്കിലും സെയ്തുവിന്റെ സെഷന്‍സ് ഞാന്‍ ആര്‍ക്കും വിട്ട് കൊടുത്തില്ല.
എത്ര തിരക്കാണേലും അവനെ കാണാതെ, അവനെ ഒന്ന് തൊടാതെ ഇരിക്കാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഒരു തരം വീര്‍പ്പുമുട്ടല്‍. ശ്വാസം കിട്ടാത്ത ഒരവസ്ഥ. എനിക്ക് അവനോട് എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സഹോദരസ്‌നേഹമാണോ അതോ അവന്റെ അവസ്ഥ കണ്ടിട്ടുള്ള സഹതാപമാണോ എന്താണാവോ....
അവനെപ്പറ്റി ഓരോ കാര്യവും ഞാന്‍ അവന്റെ ഉമ്മയോട് എപ്പോഴും ചോദിച്ചു കൊണ്ടിരുന്നു. എന്നും ചിരിച്ചു കൊണ്ട് സംസാരിച്ചു കൊണ്ടിരുന്ന ആ ഉമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു-'ഒരു കൊതുക് കടിച്ചാല്‍ അതിനെ അടിക്കാന്‍ പോയിട്ട്, അതിനെ ആട്ടി വിടാനുള്ള കെല്‍പ്പ് പോലും, ന്റെ കുട്ടിക്കില്ല.'
അന്നാണ് അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടത്. ഞാനും അന്നാണ് ആദ്യമായി അവന് വേണ്ടി കരഞ്ഞത്. 'എന്റെ കാലശേഷം എന്റെ കുട്ടീനെ ആര് നോക്കും' എന്ന ആശങ്ക ആ ഉമ്മ എപ്പോഴും പങ്ക് വെച്ചിരുന്നു.
അവരുടെ നാലാമത്തെ മോനാണ് സെയ്തു. മൂത്ത മൂന്നു പെണ്‍മക്കളും സെയ്തൂനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. സെയ്തുവും ഉമ്മയും വാടകവീട്ടിലാണ് താമസം. അവരുടെ ഭര്‍ത്താവ് സെയ്തൂന്റെ മൂന്നാം വയസ്സില്‍ മരണപ്പെട്ടതാണ്. അന്ന് തുടങ്ങിയ ഓട്ടമാണ് ആ ഉമ്മ സെയ്തൂനേയും കൊണ്ട്. ഒരു വര്‍ഷം തുടര്‍ച്ചയായി അവര്‍ ഫിസിയോതെറാപ്പിക്കായി തുടര്‍ച്ചയായി വന്നു. അതിനിടയില്‍ ഒരു ദിവസം സെയ്തുവിന് കൈയില്‍ തെറാപ്പി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈ വിരലുകള്‍ പെട്ടെന്ന് ഇറുകിയ പോലെ തോന്നി. തോന്നലാണ് എന്ന് കരുതി ഞാന്‍ വീണ്ടും തെറാപ്പി ചെയ്തു കൊണ്ടിരുന്നു. അപ്പോഴതാ ഇറുക്കത്തിന്റെ ശക്തി കൂടിയിരിക്കുന്നു. സെയ്തു അവന്റെ ഇടത്തെ കയ്യിലെ വിരലുകള്‍ കൊണ്ട് എന്റെ കൈ ഇറുകെപ്പിടിച്ചിരിക്കുന്നു. ആ ഒരു നിമിഷം എന്തായിരുന്നു എന്റെ മനസ്സില്‍ എന്നെനിക്കറിയില്ല. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്തോ എന്റെ കണ്ണിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഉമ്മയ്ക്ക് ഞാന്‍ കാണിച്ചു കൊടുത്തു. സെയ്തു കൈവിരലുകള്‍ അനക്കുന്നത്.
അന്ന് ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അത്രമേല്‍ ആഴത്തില്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ച മറ്റൊരനുഭവം ഈ പ്രൊഫഷണല്‍ ജീവിതത്തില്‍ ഇത്രയും കാലത്തിനിടെ ഞാന്‍ കണ്ടിട്ടില്ല. ആ ഉമ്മ കഴിഞ്ഞ പതിനാല് വര്‍ഷക്കാലമായി സെയ്തൂനേയും കൊണ്ട് തെറാപ്പികള്‍ക്കായി നടക്കുകയാണ്. ഒരു പുരോഗമനവും കണ്ടിട്ടില്ലെങ്കില്‍ കൂടി അവര്‍ പരിശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല.
ഇടയ്ക്ക് അവന് അപസ്മാരം വരാറുണ്ട്. ഒരു ദിവസം, തെറാപ്പിക്കിടെ സെയ്തുവിന് അപസ്മാരം വന്നു. വായില്‍ നിന്നും നുരയും പതയും വന്ന് വിറച്ച് വിറച്ച് കണ്ണുകള്‍ തുറന്നു പിടിച്ച് അവന്‍ നിശ്ചലനായി. അവനെ ചേര്‍ത്തുപിടിച്ച ഞാന്‍ അറിഞ്ഞു, അവന്റെ ശരീരത്തിന്റെ ചൂട് അവനില്‍ നിന്നും വിട്ടു പോകുകയാണ്...
ഡ്യൂട്ടി ഡോക്ടര്‍ വന്ന് മരണം ഉറപ്പ് വരുത്തി. ആ ഉമ്മയോട് എന്ത് പറയും, എങ്ങനെ പറയും എന്നെല്ലാം ആലോചിച്ച് എന്റെ ഉള്ള് തിങ്ങിവിങ്ങി. പക്ഷേ അവരോട് ഇത് പറയാനായി ഞാന്‍ അവരെ അകത്തേക്ക് വിളിപ്പിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയത്. പക്ഷേ, ആ മുഖത്ത് നടുക്കമായിരുന്നില്ല. പകരം അസാധാരണമായ എന്തോ തങ്ങി നിന്ന ആശ്വാസത്തിന്റെ ഒരംശമായിരുന്നു.
'ഇനിയെനിക്ക് സമാധാനത്തോടെ മരിക്കാം.'-അവര്‍ കണ്ണുകള്‍ എങ്ങോനട്ട് പറഞ്ഞു. ''മരിക്കാന്‍ എനിക്ക് പേടിയായിരുന്നു. എന്റെ മരണത്തിന് മുന്നെ അവന്റെ മരണം സംഭവിക്കണേ എന്ന് അത്രമേല്‍ പടച്ചോനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് ഞാന്‍.''
അതു പറഞ്ഞതും അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ കയറുപൊട്ടിച്ചോടി. ഞാന്‍ അവരെ വേദനയോടെ നോക്കി നിന്നു.
എന്റെ മനസ്സിനെ ആ വാക്കുകള്‍ അത്രമേല്‍ വേദനിപ്പിച്ചു. ഒരമ്മയുടെ നിവൃത്തികേടായിരുന്നു അത്. തന്റെ കുഞ്ഞിന്റെ മരണം കാത്തു കിടക്കുന്ന ഒരവസ്ഥ. ഇനിയൊരമ്മയ്ക്കും അതുണ്ടാവരുതേ എന്ന് ഞാന്‍ സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
പിന്നീട് അവര്‍ വരാതെയായി. ഞാന്‍ അന്വേഷിച്ചിരുന്നു അവരെക്കുറിച്ച്. അവര്‍ വീട് മാറിപ്പോയി എന്ന് മാരതം ആരോ പറഞ്ഞ് അറിഞ്ഞു. എവിടെയാണെന്നോ എന്ത് പറ്റിയെന്നോ അറിയാന്‍ ഞാന്‍ വീണ്ടും ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ല. പിന്നെ, മറ്റനേകം മനുഷ്യരുടെ ഉടലിലെ ഇളം ചൂടുള്ള കൈകാലുകളും സങ്കടങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറാിയതിനിടെ, മറ്റ് തിരക്കുകള്‍ക്കിടയില്‍ ഞാന്‍ അവരെ മറന്ന് പോയി. എന്നാലും ഇടയ്ക്ക് ഞാന്‍ അവരെക്കുറിച്ച് ഓര്‍ത്തിരുന്നു, കുറേക്കാലം.
സംഗതി ഓര്‍മ്മയാണ്, എന്റെ മറവിയുടെ തുരുത്തിലേക്ക് ഇനിയും ചെന്നടിയാത്ത ഒരോര്‍മ്മ. അവിടെയിപ്പോള്‍ വെറുതെ നിന്നു ചിരിക്കുന്നുണ്ട് അവന്‍. എങ്ങോ നട്ട പ്രതീക്ഷയുടെ കണ്ണുകളിലേക്ക് മരവിപ്പ് വന്നുമൂടുന്നത് ഗൗനിക്കാതെ അരികെ ആ ഉമ്മ ഇരിക്കുന്നുണ്ട്.
അവനെ ഞാനെങ്ങനെയാണ് എഴുതേണ്ടത് എന്ന ചോദ്യത്തിനു മേല്‍, പൊടുന്നനെ വന്നു പുതയുന്നുണ്ട്, പൊടുന്നനെ അടഞ്ഞ രണ്ടു കണ്ണുകള്‍.
സെയ്‌തേ, നിന്നെ ഞാനെങ്ങിനെയാണ് എഴുതിത്തീര്‍ക്കേണ്ടത്?