Malayalam Short Story : കുമ്പസാരം, മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇതൊരു കുമ്പസാരമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ പറ്റാത്തവനായി മാറിയ ഒരാളുടെ ആത്മഗതം. അവളെക്കുറിച്ചാണിത്. അതുപോലെ എന്നെക്കുറിച്ചും. ഞങ്ങളിരുവര്‍ക്കും ഇടയിലൂടൊഴുകിയ ജീവിതമെന്ന നദിയെക്കുറിച്ചും.
അവളുടെ കുഞ്ഞു പിണക്കങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചപ്പോള്‍, ദേഷ്യം ഭാവിച്ച് അവള്‍ മുഖം വക്രിച്ചപ്പോള്‍, ഒന്ന് തഴുകി പോലും അവളെ ആശ്വസിപ്പിക്കാന്‍ മെനക്കെടാതിരുന്നത് എന്റെ പരാജയം മാത്രമായിരുന്നു.
എന്നിലൂടെ അവള്‍ ഒരു നല്ല കൂട്ടുകാരനെ തിരഞ്ഞപ്പോള്‍ ധാര്‍ഷ്ഠ്യക്കാരനായ മുന്‍കോപിയായ ഭര്‍ത്താവായി ഞാന്‍ ജ്വലിച്ച് നിന്നു.
അവളുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചില്ല. ചോദിക്കാതെ അറിയാനും ശ്രമിച്ചില്ല. എന്റെ ഇഷ്ടക്കേടുകളുടെ കൂമ്പാരം അവള്‍ക്ക് മേല്‍ ചൊരിഞ്ഞപ്പോഴും അവള്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടേ ഇരുന്നു, അവളുടെ താല്‍പര്യങ്ങള്‍ എനിക്ക് ബോധ്യപ്പെടുത്തി തരാന്‍. അപ്പോഴും ഞാനത് മുഖവിലക്കെടുത്തില്ല.
ഒരു നല്ല വാക്കോ നോക്കോ അവള്‍ക്ക് സമ്മാനിക്കാനെനിക്ക് കഴിഞ്ഞിട്ടില്ല. കൂട്ടുകാരോട് ഞാന്‍ കളിച്ച് ചിരിച്ച് തമാശകള്‍ പങ്ക് വെക്കുമ്പോഴും അവള്‍ പരിഭവിച്ചിരുന്നു. തന്നോടും മക്കളോടും ഇടയ്‌ക്കൊക്കെ ഇത് പോലെ പെരുമാറിക്കൂടെ എന്ന്.
എനിക്കും മക്കള്‍ക്കും കഴിക്കാന്‍ അവള്‍ പാകം ചെയ്ത് തന്നിരുന്ന ഭക്ഷണങ്ങളുടെ കുറ്റങ്ങള്‍ ഞാന്‍ എണ്ണി എണ്ണി പറയാറുണ്ടായിരുന്നു. കുറവുകള്‍ കണ്ട് പിടിക്കാന്‍ ഞാന്‍ മത്സരിച്ചിരുന്നു.
അവള്‍ പറഞ്ഞ് വരുന്ന ഓരോ കാര്യങ്ങള്‍ക്കും ഞാനോരോ കുറ്റങ്ങള്‍ കണ്ടുപിടിച്ചു കൊണ്ടേ ഇരുന്നു. പലപ്പോഴായി അവള്‍ അതിനെല്ലാം പരാതി പറഞ്ഞിരുന്നു.
അവളെ ഒന്ന് ഉറക്കെ ചിരിക്കാന്‍ പോലും ഞാന്‍ അനുവദിച്ചിരുന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം എന്റെ അനുമതിക്കായി കാത്ത് നില്‍ക്കണമെന്ന തത്വം അവളില്‍ ഞാന്‍ അടിച്ചേല്‍പിച്ചു.
'അടക്കവും ഒതുക്കവുമുള്ള പെണ്ണായിരിക്കണം നീ' എന്ന് ഓരോ നിമിഷവും അവളെ ഓര്‍മിപ്പിച്ച് കൊണ്ടേയിരുന്നു. പൊട്ടിത്തെറികളും അസഭ്യവര്‍ഷങ്ങളും അവളിലേക്ക് പകര്‍ന്നു കൊണ്ടേ ഇരുന്നു.
അവളുടെ കണ്ണുകളില്‍ നിഴലിച്ചിരുന്ന ഭയവും സങ്കടവും ബോധപൂര്‍വം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ഇടയ്‌ക്കെപ്പോഴോ അവള്‍ മൊഴിഞ്ഞു, ഒരു ദിവസം ഞാനിതെല്ലാം ഇട്ടെറിഞ്ഞു പോകുമെന്ന്. അതിലും ഞാന്‍ വീണില്ല.
പതിയെ പതിയെ അവള്‍ പരിഭവം പറച്ചില്‍ നിര്‍ത്തി. പിന്നെ ആവശ്യങ്ങളുടെ നിരയുടെ നീളവും കുറഞ്ഞു വന്നു. പിന്നീട് ആവശ്യങ്ങളേ പറയാതെയായി. അതും കഴിഞ്ഞപ്പോള്‍ എനിക്ക് മുഖം തരാതെ നടക്കാന്‍ തുടങ്ങി അവള്‍. ഒരു കട്ടിലിന് ഇരുവശവും കിടന്നിരുന്ന ഞങ്ങള്‍ക്കിടയിലുള്ള അകലം അവള്‍ കൂട്ടി കൊണ്ട് വന്നു. സധൈര്യത്തോടെ അവളുടെ ദേഹത്ത് ഞാനുറപ്പിച്ച് വച്ചിരുന്ന ആധിപത്യം ഒരിക്കല്‍ എന്റെ കൈ തട്ടിത്തെറിപ്പിച്ച് അവള്‍ ഇല്ലാതാക്കി.
കട്ടിലില്‍ നിന്ന് തറയിലേക്ക് അവള്‍ ദ്രുതവേഗത്തില്‍ സ്ഥാനചലനം നടത്തിയത് എന്നില്‍ ആശ്ചര്യമുണര്‍ത്തിയെങ്കിലും ഞാന്‍ അതും കണ്ടില്ല എന്ന് നടിച്ചു. അവളുടെ അവഗണന പതിയെ എനിക്കും ഒരു വേദനയായി മാറി. എന്റെ പിന്നാലെ 'ഏട്ടാ' എന്ന് വിളിച്ച് നടന്നവള്‍ ഒരക്ഷരവും മിണ്ടാതെ വഴിമാറി നടന്നപ്പോഴാണ് ഞാന്‍ എന്ത് തെറ്റാണവളോട് ചെയ്തത് എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തത്.
ആ ചിന്തകളാണ് ഞാന്‍ എത്രത്തോളം അധ:പതിച്ച ഭര്‍ത്താവായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കി തന്നത്.
അടുത്ത ദിവസം.
അവളോടെല്ലാം ഏറ്റ് പറഞ്ഞ് പുതിയ ഒരു ജീവിതം ഇനി അവളോടൊത്ത് അവളാശിച്ച പോലെ തുടങ്ങാം എന്ന് കരുതിയ എന്നെ വരവേറ്റത് അവളുടെ ചേതനയറ്റ ശരീരമാണ്. ഓടിച്ചെന്ന് അവളെ വാരിപ്പുണര്‍ന്നപ്പോള്‍ അറിഞ്ഞതാണവളുടെ മരവിച്ച ശരീരത്തിന്റെ തണുപ്പ്. ആ കൈവിരലുകളില്‍ എന്റെ വിരലുകളാല്‍ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോഴും തോറ്റു പോയി ഞാന്‍.
ഒന്നാര്‍ത്ത് കരയാന്‍ പോലുമാവാതെ തൊണ്ടയില്‍ കുരുങ്ങികിടക്കുകയാണെന്റെ ഗദ്ഗദം.
ഒടുവില്‍ അവളെ വെള്ള പുതപ്പിച്ച് കിടത്തിയപ്പോള്‍ ആ മുഖം എന്നോട് വിളിച്ച് ചോദിക്കുന്നത് പോലെ തോന്നി, 'ഇപ്പോഴെങ്കിലും എനിക്ക് അടക്കവും ഒതുക്കവുമുണ്ടോ?'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...