Malayalam Short Story : അഥവാ ബിരിയാണി കൊടുത്താലോ?, മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തെളിഞ്ഞ മാനം. ഇളംവെയില്‍ തെളിച്ചം കൊണ്ട് വന്ന ഉച്ചക്കാറ്റിന് ചൂട് വന്ന് തുടങ്ങി
വേനല്‍ വിരുന്ന് വരാനായി എന്ന് അറിയിക്കാന്‍ ഉള്ള ലക്ഷണമാണീ ചൂട് കാറ്റ്. കാറ്റിനോടൊപ്പം ചെറിയ പൊടിപടലങ്ങളും ദൃശ്യമാണ്. അടുത്ത വീട്ടിലെ രമണിയേച്ചി പുറത്ത് വലിയ ഒരു പായ വിരിച്ച് അതില്‍ ചുവന്ന മുളക് വാരി വിതറിക്കൊണ്ടിരിക്കുന്നു. ഞാന്‍ നോക്കിയത് കൊണ്ടാവാം,അവര്‍ എനിക്ക് ഒരു നല്ല ചിരി സമ്മാനിച്ചു. എന്റെ മുഖത്ത് വിരിഞ്ഞ ചിരിക്ക് എന്തായാലും വെയിലിന്റെ അത്ര പോലും തെളിമ കാണില്ല എന്ന് ഉറപ്പാണ്.
എങ്ങനെ തെളിയാനാണ്? മനസ്സ് അത്രയും അസ്വസ്ഥമല്ലേ? എന്റെ പേര് സൗമ്യ എന്നാണ് എങ്കിലും സ്വഭാവത്തില്‍ സൗമ്യത തൊട്ട് തീണ്ടാത്ത പ്രകൃതമായതിനാല്‍ ചെറിയ ഒരു കാര്യം മതി എനിക്ക് കലി കയറാന്‍. എന്റെ നീരസങ്ങള്‍ ഒളിപ്പിക്കാന്‍ അല്ലേലും പണ്ടേ എനിക്ക് കഴിയാറില്ല. മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നത് എന്റെ കാര്യത്തില്‍ വളരെ ശരിയാണ്.
'നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന് പറയുന്നത് എത്ര സത്യമാണ് അല്ലേ?എനിക്ക് എന്നും എപ്പോഴും എല്ലായിടത്തും എല്ലാവരോടും ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങളേ പറയാന്‍ കഴിയാറുള്ളൂ. അത് കൊണ്ട് തന്നെയായിരിക്കണം എന്നെ അടുത്തറിയാവുന്നവര്‍ ഞാന്‍ എന്തെങ്കിലും പറയുവാന്‍ തുടങ്ങിയാല്‍ എന്നെ 'ദുരന്തം' എന്ന് വിളിക്കുന്നത്.
ഞാന്‍ പറയുന്ന പല കാര്യങ്ങളും അത് എത്ര തന്നെ യാഥാര്‍ത്ഥ്യം വിളിച്ചോതുന്നവയാണെങ്കിലും സകലര്‍ക്കും അവയെല്ലാം ശ്രവിക്കുന്നത് അരോചകം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും ഒന്നും പറയാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളായിരുന്നു. ഇനിയും അത്തരം അബദ്ധങ്ങളോ സാഹചര്യങ്ങളോ പറ്റിപ്പോകരുത് എന്ന് സ്വയം ബോധ്യപ്പെടുത്തുന്ന വലിയ ജീവിതപാഠങ്ങള്‍.
ഇന്നെന്നെ അസ്വസ്ഥമാക്കിയിരിക്കുന്നതും അത് പോലൊരു അനുഭവമാണ്. ഒരു പുരുഷസുഹൃത്ത് എന്നോട് കാണിച്ച മനോഭാവം. ആ സുഹൃത്ത് എന്നോട് കാണിച്ച അനുഭാവപൂര്‍വ്വമായ സ്‌നേഹത്തിനും സൗഹൃദത്തിനും എനിക്ക് പോലും അറിയാത്ത മറ്റൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് വെളിവാക്കിയ അയാളുടെ നിലപാട്.
ഞാന്‍ ഒരു വിധവയാണെന്ന തികഞ്ഞ ബോധ്യം ഉണ്ടായിരുന്നിട്ട് കൂടിയും എന്നിലെ സ്ത്രീയുടെ അരക്ഷിതാവസ്ഥയ്ക്ക് മുകളില്‍ നിന്നും ചൂഷണം ചെയ്യാന്‍ ഒരുമ്പെട്ട സുഹൃത്തിന്റെ നിലപാട്.
ഒരു വിധവയ്ക്ക് നഷ്ടമാവുന്നത് നാല് കാര്യങ്ങളാണ്. ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം, വൈകാരികമായും മാനസികമായും ലഭിക്കുന്ന പിന്തുണ, ശാരീരിക ബന്ധം, സമൂഹത്തില്‍ ഇറങ്ങി വന്നു പെരുമാറുവാന്‍ ഉള്ള പരിമിതികള്‍ എന്നിവയാണത്. എന്നിലെ ഈ നഷ്ടങ്ങളില്‍ ഏതിലെങ്കിലും കൈ കടത്താന്‍ നടത്തിയ ആ ഒരു ശ്രമമാണ് എന്റെ സ്വസ്ഥത കെടുത്തിയിരിക്കുന്നത്. ഏതൊരു ബന്ധത്തേയും വിവേകപൂര്‍വ്വവും സംശയക്കണ്ണോടേയും നില നിര്‍ത്തുന്നതില്‍ എനിക്ക് തെറ്റ് പറ്റില്ലെന്ന എന്റെ ആത്മവിശ്വാസത്തെ തകര്‍ത്തു കളഞ്ഞു, ആ സൃഹൃത്ത്.
സൗഹൃദങ്ങള്‍ ദൃഢമാകുന്നിടത്ത് വിള്ളലുകളും വിടവുകളും സൃഷ്ടിക്കുന്ന സമൂഹത്തിലാണ് നാം നില കൊള്ളുന്നത്. ആണ്‍പെണ്‍ ഭേദമില്ലാതെ നേരും നന്മയും നിറഞ്ഞ സൗഹൃദങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന നേരത്ത്, അധിക സ്വാതന്ത്ര്യം പോലും നല്‍കാതെ ഒരു കയ്യകലം ദൂരം സൂക്ഷിച്ചിട്ടും എപ്പോഴാണ് അതിര് കടന്ന് വരാന്‍ അയാള്‍ ധൈര്യപ്പെട്ടത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല.
ഭര്‍ത്താവിന്റെ മരണശേഷം, വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വീട്ടില്‍ പണിക്ക് വരുന്ന ഇലക്ട്രീഷ്യന്‍ പോലും 'കാര്യങ്ങള്‍ ഒക്കെ എങ്ങനെ നടക്കുന്നു' എന്ന് ചോദിക്കാതെ ചോദിച്ചു പോകുന്ന എത്രയോ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിധവയുടെ വേഷം അണിയേണ്ടി വന്നപ്പോഴാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ നിസ്സഹായതകളിലൊന്നാണ് വൈധവ്യം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അര്‍ത്ഥം വിളിച്ചോതുന്ന നോട്ടങ്ങളും മുന വെച്ച വാക്കുകളും മാറി മാറി ജീവിതത്തിന്റെ പല കോണിലും നേരിട്ടപ്പോള്‍ പോലും ഇത്തരമൊരു വൈഷമ്യം ഉണ്ടായിട്ടില്ല.
ഒരു പക്ഷേ, അയാള്‍ എന്നോടുള്ള സൗഹൃദത്തിന് പ്രണയത്തിന്റെ പ്രതിച്ഛായ നല്‍കണമെന്ന് കരുതിക്കാണും. എന്റെ ഹൃദയവും മെയ്യും ചന്ദ്രേട്ടന്റേത് മാത്രമാണെന്ന് ഞാന്‍ പറഞ്ഞ നിമിഷത്തിലാണയാള്‍ അത് പറഞ്ഞത്.
'അഥവാ ബിരിയാണി കൊടുത്താലോ!' എന്ന്. ഉദ്ദേശിക്കുന്നത് എന്ത് തന്നെയായാലും, അയാള്‍ നഷ്ടപ്പെടുത്തിയത് നല്ല ഒരു സൗഹൃദത്തെയാണ്. ചന്ദ്രേട്ടന്‍ മരിച്ചതില്‍ പിന്നെ ആദ്യമായി ആണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതില്‍ വിഷമം തോന്നിയത് മോന്റെ കോളേജ് ഫീസ് അടയ്ക്കാന്‍ കടം ചോദിച്ച സ്ത്രീ സുഹൃത്തുക്കളുടെ കൈവശം ഒന്നുമില്ല എന്ന തിരിച്ചറിവിലാണ്. എന്നല്‍ ഈ ഒരൊറ്റ അനുഭവത്തോട് കൂടി, ഇന്നെനിക്ക് ആണ്‍ സുഹൃത്തുക്കള്‍ ആരും ഇല്ല എന്നത് എനിക്കേറെ ആത്മവിശ്വാസം പകരുന്നുണ്ട്.
ഇപ്പോഴും കാതിലലയ്ക്കുന്നത് ആ ചോദ്യമാണ്, അഥവാ ബിരിയാണി കൊടുത്താലോ?
അത്ര മാത്രം എന്നെ തളര്‍ത്തിയത്, ആ ചോദ്യത്തില്‍ ഒളിഞ്ഞ് കിടന്ന അര്‍ത്ഥമാണ്.
എന്ത് കൊണ്ടാണാവോ പുരുഷന്മാര്‍ സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്? ഭൂരിഭാഗം പുരുഷന്മാരും ഇങ്ങനെയല്ലെങ്കിലും ഇത് പോലെ സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി കാണുന്ന എത്രയോ പേരുണ്ട്.
ആലോചനകളില്‍ മുഴുകി നിന്നതിനിടെയാണ് ആരോ വാതിലിന് മുട്ടുന്നത് ശ്രദ്ധിച്ചത്.
ആരായിരിക്കും ഇന്നേരത്ത് വാതിലിനു മുട്ടുന്നത്?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...