Malayalam Short Story : അമേയം, മോഹന്‍ ബാബു എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോഹന്‍ ബാബു എഴുതിയ ചെറുകഥ

chilla malayalam short story by Mohan Babu

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Mohan Babu

 

വിസ്മയഭരിതമായ വര്‍ണ്ണങ്ങളുടെ  മുത്തുകള്‍കൊണ്ട്  കൊരുത്തെടുത്ത ഒരു പെണ്ണായിരുന്നു അമേയ.  ജീവന്റെ ഒരിക്കലും നിലയ്ക്കാത്ത താളം അവളുടെ നെഞ്ചിന്റെ മിടിപ്പും. അതവളുടെ  ആഹ്ലാദമായിരുന്നു. അത്തരം  ആഘോഷങ്ങളുടെ  നേരങ്ങളില്‍ അവളോടൊപ്പം പാടാനും ആടാനും തുറന്നിട്ട ജാലകത്തിലൂടെ കളിക്കൂട്ടുകാരായി  കാറ്റിനൊപ്പം കടന്നുവരിക  പൂമ്പാറ്റകളും  കിളികളും.  

ആട്ടവും പാട്ടും നിറഞ്ഞ ബഹളങ്ങളില്‍ മമ്മയുടെ ഗിറ്റാറില്‍ നിന്നുള്ള താളത്തിനൊപ്പം പപ്പയാണ്  ചുവടുകള്‍ വെക്കുക. എന്നോ പപ്പ സ്വന്തം  ജീവിതത്തില്‍ നിന്നും  കടഞ്ഞെടുത്ത മറക്കാത്തൊരു  ശീലം. അപ്പോള്‍ അമേയയുടെ ചുണ്ടുകളില്‍നിന്നും  ഹേ ജൂഡിന്റെ  ഈണങ്ങള്‍  നേര്‍ത്ത  ശീല്‍ക്കാരത്തോടെ ഒഴുകിപ്പരക്കും.  അതെ,  അവളില്‍ അളവില്ലാതെ  നിറഞ്ഞുനിന്ന  സന്തോഷം സ്വര്‍ഗീയം തന്നെയായിരുന്നു. അങ്ങനെയുള്ളൊരു പെണ്ണിലേക്ക്    സങ്കടങ്ങള്‍ സുനാമിയുടെ  തിരമാലകള്‍പോലെ ആഞ്ഞടിക്കുമ്പോള്‍   എങ്ങനെ, ആര്‍ക്കാണ്  സഹിക്കാന്‍ കഴിയുക? 

അസൂയനിറഞ്ഞ മനസ്സുകളില്‍ മാത്രം ഒരുപക്ഷെ ഹര്‍ഷോന്മാദം  നിറയുമായിരിക്കും. മങ്ങിയ  വെളിച്ചത്തില്‍ കാറ്റ്  അവളുടെ കഥകളും കേട്ട്, സ്‌നേഹപൂര്‍വ്വം പുണര്‍ന്ന്, ചുണ്ടുകളിലും മുഖത്തും അമര്‍ത്തി ചുംബിക്കുമ്പോള്‍  കവിളുകളില്‍  പടരുന്ന നനവില്‍  നൊമ്പരം  ചുട്ടുപൊള്ളും. ആ  കാറ്റിന്റെ  കൈകളില്‍കെട്ടിയ ഊഞ്ഞാലിന്റെ  വള്ളികളില്‍ ഇറുക്കിപ്പിടിച്ച്  മുകളിലേക്കുയരുമ്പോള്‍  ആകാശത്തിന്റെ മേല്‍ക്കൂരയില്‍  ശിരസ്സ്  മുട്ടും. അപ്പോള്‍  മുന്നിലേക്ക് കടന്നുവരുന്ന കുഞ്ഞുമേഘങ്ങളോട് നേരത്തെ  പാതിപറഞ്ഞു നിര്‍ത്തിയ വിങ്ങലുകളുടെ ബാക്കിയാവും  അവള്‍ പറയുക.  ആ  പാര്‍പ്പിടസമുച്ചയത്തിന്റെ പതിനഞ്ചാം നിലയിലെ സ്വന്തം വീടിന്റെ  ബാല്‍ക്കണിയില്‍   നിന്നും താഴേക്കുപതിച്ച നേരങ്ങളിലെ  മനസ്സിന്റെ അശരണമായ നിലവിളിയില്‍ നിറഞ്ഞുനിന്ന  നൊമ്പരങ്ങളാണത്. മയങ്ങിക്കിടക്കുന്ന കാമനകള്‍ക്കുമേല്‍ ചുംബിക്കുന്ന ഭാവത്തോടെ  വിഷപ്പല്ലുകള്‍ കുത്തിയിറക്കി തന്നെ  മരണത്തിലേക്ക് തള്ളിയിട്ട നിമിഷങ്ങളിലെ വ്യാകുലതകളായിരിക്കും അവളുടെ വാക്കുകളില്‍. 

കപടതന്ത്രങ്ങള്‍ക്കുമേല്‍ സ്‌നേഹത്തിന്റെ  വെള്ളച്ചായവും പൂശി സൗഹൃദങ്ങളെ ഒളിവില്‍ വേട്ടയാടുക. പിന്നീട് അവസരത്തിനൊത്ത് ചങ്ങാതിയുടെ ജീവിതം ചതിവിലൂടെ തട്ടിത്തെറിപ്പിക്കുക. അപ്പോള്‍ ലഭിക്കുന്ന നേട്ടം മാത്രമായിരിക്കും അവന്റെ അന്തിമലക്ഷ്യം. എന്തും  സൂത്രത്തില്‍ സ്വന്തമാക്കുവാനുള്ള വിരുതിനൊപ്പം  സമ്പത്തിനോടുള്ള ത്വരയും പെണ്‍ശരീരങ്ങളോടുള്ള അടങ്ങാത്ത മോഹവും നിറഞ്ഞ ആരിലും  ഒരു ക്രൂരനായ  കൊലപാതകി തന്റെ ഊഴവും കാത്ത് പതിയിരിക്കാം. 

അനുയോജ്യമായ അവസരം വന്നപ്പോള്‍ അവന്‍ ഒരു ചെറുസ്പര്‍ശനത്താല്‍  തന്നെ താഴേക്കു തള്ളിയിട്ടത്  ഒരു ഞെട്ടലോടെയാണ്  അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത്. വീഴുംമുന്‍പ്  അവന്റെ മുഖത്തേക്ക് തിരിഞ്ഞൊന്ന്  നോക്കാന്‍പോലും കഴിഞ്ഞില്ലല്ലോ എന്നും അവള്‍ സങ്കടപ്പെട്ടു. അവന്റെ മുഖം അപ്പോള്‍ ഒരു ക്രൂരന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞ് ചിരിക്കുക ആവാം. ആത്മഹത്യയുടെ തിരശ്ശീലകൊണ്ട് തന്റെ  മരണത്തെ നന്നായി പൊതിഞ്ഞപ്പോള്‍ അവന്‍  നല്ലവനായി  വാഴ്ത്തപ്പെട്ടു. എല്ലാ  ചോദ്യങ്ങളോടും ഒരു ഭ്രാന്തനെപോലെ പൊട്ടിക്കരഞ്ഞവന്‍    നിരപരാധിയായി. സ്‌നേഹം പോലും  പങ്കുവെക്കാന്‍  കഴിയും മുന്‍പേ എല്ലാം നഷ്ടപ്പെട്ടവന്റെ  നിസ്സഹായതയോടെ  തനിക്കും മരണമാണ് ഇനിയുള്ള ജീവിതത്തെക്കാള്‍ നന്നെന്ന്  പറഞ്ഞത് അവന്റെ  കപടതന്ത്രം. എന്നിട്ടും  ഒരു കുറ്റവാളിക്കുവേണ്ട  എല്ലാ  തെളിവുകളും അവള്‍ക്കൊപ്പം അവന്‍  നിരത്തി  വെച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരു പെണ്ണിന്റെ പതനം  ഇത്തരത്തില്‍ ആകുമെന്ന്  ആര്‍ക്കും  വിധിയെഴുതാമല്ലോ.  

അവള്‍  പറഞ്ഞുനിര്‍ത്തും  മുമ്പുതന്നെ  മേഘങ്ങള്‍ ഘനീഭവിച്ച് മഴയായ്  പെയ്തിറങ്ങി. ആ മഴയും  നനഞ്ഞവള്‍ കരിങ്കല്‍ ചീളുകള്‍ വിരിച്ച  ഭൂമിയുടെ മാറില്‍ കമഴ്ന്നാണ്  കിടന്നത്. ആ  കിളിക്കുഞ്ഞിന്റെ അവസാന  നിശ്വാസവും  അവളില്‍ നിന്നും അപ്പോഴേക്കും  ചിറകടിച്ചെങ്ങോ പറന്നുപോയിരുന്നു.

അമേയ  ബാല്‍ക്കണിയുടെ തുറന്നിട്ട ജനാലയില്‍ കൂടി  വെളിയിലേക്ക്  നോക്കി. മണ്ണില്‍നിന്നും മുളച്ച്  മുകളിലേക്ക് പൊന്തിയെങ്കിലും  നാലുഭാഗത്തേക്കും വിടരാന്‍ മറന്ന  കൂണുകള്‍പോലെ ചുറ്റും കരിങ്കല്‍ സൗധങ്ങള്‍  മാത്രം. അവയ്ക്കുള്ളില്‍ പണിതീര്‍ത്ത  കൂടുകള്‍ക്കുള്ളില്‍ സ്വയം മറച്ചും മതിമറന്നും  ജീവിക്കുന്നവര്‍.  അതിനും മുകളിലെ  ആകാശം  വരണ്ട ശൂന്യതയില്‍ നിശ്ശബ്ദവും.  ആ ശൂന്യതയെ കീറിമുറിക്കാനായിരിക്കാം പരുന്തുകള്‍  അവിടെ വട്ടമിട്ട് പറക്കുന്നത്.


രണ്ട്


ഒരു ഗാഢനിദ്രയില്‍  നിന്നെന്നപോലെ  അമേയ കണ്ണുകള്‍ തുറന്നു.  അലങ്കോലമായ മുറിയുടെ കാഴ്ച്ചയില്‍ അവളുടെ  മനസ്സ്  പതറി. വികൃതമായൊരു  സ്വപ്‌നമോ അതോ കൈമോശം വന്ന സ്വന്തം ജീവിതം തന്നെയോ ഇവിടെ തനിക്കുമുന്നില്‍ തച്ചുതകര്‍ന്ന് കിടക്കുന്നതെന്നും അവള്‍  ശങ്കിച്ചു. 

അടിച്ചുതകര്‍ക്കപ്പെട്ട അക്വേറിയത്തിന്റെ ഗ്ലാസ് ചില്ലുകള്‍  നാലുഭാഗത്തായി ചിതറിക്കിടക്കുന്നു. ഒഴുകിപ്പരന്ന ജലത്തിന്റെ അവശിഷ്ടങ്ങളില്‍ ചലനശേഷി നഷ്ടപ്പെട്ട വര്‍ണ്ണമത്സ്യങ്ങളുടെ അവസാന തുടിപ്പുകള്‍  അവളില്‍ മരവിപ്പാണ്  പടര്‍ത്തിയത്. കമ്പികള്‍ പൊട്ടിയും തണ്ടുകള്‍ ഒടിഞ്ഞും കിടക്കുന്ന  വയലിനും ഗിത്താറും  ഒന്നു തേങ്ങാന്‍പോലും ആവാത്തവിധം    തകര്‍ക്കപ്പെട്ടിരിക്കുന്നു. ചില്ലിട്ട  അലമാരയുടെ  കമനീയതയില്‍ തന്റെ  കൂട്ടുകാരെയും  കാത്തിരുന്ന കളിപ്പാവകള്‍പോലും  ശിരസ്സും  കൈകാലുകളും ഛേദിക്കപ്പെട്ട്  വികൃതമാക്കപ്പെട്ടിരിക്കുന്നു. പതറിയ മനസ്സിന്റെ വ്യാകുലതയില്‍ അവള്‍ക്ക്  ശബ്ദിക്കാന്‍ പോലും  കഴിഞ്ഞില്ല. തന്റെ മെലിഞ്ഞ കഴുത്തിന് ചുറ്റും ബലിഷ്ടമായ  കൈവിരലുകള്‍കൊണ്ട്  ആരോ  ഇറുക്കി പിടിച്ചിരിക്കുന്നുവോ? 

അവള്‍ സ്വന്തം  ശിരസ്സും ശരീരവും  ശക്തിയോടെ കുടഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഇല്ല, കഴിയുന്നില്ലല്ലോ ദൈവമേ എന്നവള്‍ നിസ്സഹായ ആയി. പൊട്ടിക്കരയുവാന്‍ പോലും കഴിയാത്തൊരു  നിരാലംബത  അവളെ പൊതിഞ്ഞു. പതിയെയാണ്  അവള്‍ തിരിച്ചറിഞ്ഞത് സ്വന്തം അവസ്ഥയെ കുറിച്ചും താന്‍ എവിടെ ആണെന്നും. 

അതെ, താന്‍ മരണപ്പെട്ടിട്ട്  ദിവസങ്ങള്‍  കടന്നുപോയിരിക്കുന്നു എന്ന സത്യം  അവള്‍ ഓര്‍ത്തെടുത്തത് വളരെ സാവധാനവും. ആ ദിനങ്ങളില്‍  മോര്‍ച്ചറിയുടെ തണുപ്പില്‍  അവള്‍ മരവിച്ചു കിടന്നത് ആരെ കാത്തായിരുന്നു? അപ്പോഴും ആ ചുണ്ടുകളില്‍ അടരാതെയും അഴുകാതെയും കാത്തുവെച്ച  പുഞ്ചിരി ആര്‍ക്കുവേണ്ടി ആയിരുന്നു?   ഏകാന്തതയുടെ സൗരഭ്യം അപ്പോഴും വിട്ടുപിരിയാന്‍ മടിച്ച് അവളെ  പൊതിഞ്ഞുനിന്നു.


മൂന്ന്

ബന്ധങ്ങളും  സൗഹൃദങ്ങളും നിറഞ്ഞതെങ്കിലും അമേയയുടെ ദില്ലി  ജീവിതത്തില്‍  ഏകാന്തതയാണ്  സൗരഭ്യം നിറച്ചിരുന്നത്. താന്‍ ജനിച്ചു  വളര്‍ന്ന ഈ നഗരം നല്‍കുന്ന ഒരിക്കലും വറ്റാത്ത സൗഹൃദത്തിന്റെ  വൈവിധ്യങ്ങളോടും  എന്തിനേയും  നിസ്സാരവല്‍ക്കരിക്കുന്ന തിരക്കുകളുടെ  ബാഹുല്യം നിറഞ്ഞ രൂപഭാവങ്ങളോടും  അവള്‍ക്ക്  വല്ലാത്ത  പ്രണയമായിരുന്നു.  ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചു കളിക്കുന്ന സൗഹൃദങ്ങളെ അവള്‍ക്ക് ഒരിക്കലും  വെറുക്കാന്‍ കഴിഞ്ഞിരുന്നില്ല. ബന്ധങ്ങളും സൗഹൃദങ്ങളും  മരീചികപോലെയാണ് അവള്‍ക്ക് അനുഭവപ്പെടുക.  പിടിക്കാന്‍ തുനിയുമ്പോള്‍  പിടിതരാതെ വഴുതി  പൊയ്‌ക്കൊണ്ടിരിക്കും. അതൊരു സുഖമുള്ള ഏര്‍പ്പാടായിട്ടേ അവള്‍ക്ക് തോന്നിയിട്ടുള്ളു. കടവും കടപ്പാടുകളും വേണ്ടല്ലോ? അതുകൊണ്ടുതന്നെയാണ്  അവളുടെ ആ ഏകാന്തതകള്‍ സൗരഭ്യം നിറഞ്ഞതായത്. 

യമുനയുടെ ഓളങ്ങളിലേക്ക് മിഴികള്‍ തുറക്കുന്ന തന്റെ വീടിന്റെ സ്വകാര്യതയില്‍ അവളൊരു രാജകുമാരി ആയിരുന്നു.  ആ വീടിന്റെ അകത്തളങ്ങളിലെ ജീവിതം അവള്‍ക്ക് മറ്റൊരു ലോകത്ത് അകപ്പെട്ടപോലെ തികച്ചും വ്യത്യസ്തവും. സ്വാതന്ത്ര്യത്തിന്റെ  പൂര്‍ണതയില്‍ പണിതൊരു രാജ്യത്തെന്നപോലെ, പാട്ടും നൃത്തവും നിറഞ്ഞ ആ സ്വപ്നസമാനതയില്‍ അവള്‍ തന്റെ  ഇഷ്ടത്തിനൊത്ത്  ആടുകയും പാടുകയും ചെയ്തു. കൈയ്യടിക്കാനും ചിയേര്‍സ് വിളിക്കാനും പപ്പയും മമ്മയും മാത്രമല്ല,  ഇടയ്ക്കിടെ കടന്നുവരുന്ന സൗഹൃദങ്ങളും  അവളുടെ ജീവിതത്തിന്റെ ഉന്മാദമായിരുന്നു. ആ ജീവിതമാണ് ഒരു ചീട്ടുകൊട്ടാരം പോലെ  പൊടുന്നനെ തകര്‍ന്നു വീണത്. 

വിമാനദുരന്തത്തിന്റെ രൂപത്തില്‍  പപ്പയും മമ്മയും മരണത്തിന്  കീഴടങ്ങിയപ്പോള്‍  ഇടിമിന്നലില്‍ ചിതറിയ ചില്ലുകൊട്ടാരത്തില്‍ എന്നപോലെ അവള്‍  പകച്ചുപോയി. കാലവും കാഴ്ചകളും  ദിക്കുകളും കീഴ്‌മേല്‍ മറിഞ്ഞ ദിനങ്ങളില്‍ മനസ്സാകെ പതറി. തുറന്നുവെച്ച ജാലകത്തിലൂടെ മരണം കടന്നുവന്ന്  തനിക്കുചുറ്റും വട്ടം കറങ്ങുന്നത്  അവള്‍ നോക്കി നിന്നു. ഇത്തരം ഒരു സന്നിഗ്ധതയില്‍ ആത്മഹത്യ എന്നൊരു പോംവഴിയല്ലാതെ  മറ്റെന്താണ് അവള്‍ക്ക്  തിരഞ്ഞെടുക്കാന്‍  കഴിയുക?  സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി  മാത്രമായിരുന്നുവെല്ലോ  അപ്പോള്‍ ആ പെണ്‍കുട്ടി.

എന്നോ മനസ്സില്‍  കുടിയേറിയ  നാടകത്തിനോടുള്ള  അടങ്ങാത്ത മോഹങ്ങള്‍ മകളിലൂടെ സാക്ഷാത്കരിക്കും മുമ്പേ പപ്പക്ക്  ജീവിതത്തോട് വിട പറയേണ്ടി വന്നപ്പോള്‍ അമേയ  ഒത്തിരി സങ്കടപ്പെട്ടു. തനിക്ക്  കഴിയാതെ പോയ ജീവിതത്തെക്കുറിച്ച് അവളോട് പലതവണ പപ്പ പറഞ്ഞിട്ടുണ്ട്. നാടകങ്ങളോടും അതിലെ കഥാപത്രങ്ങളോടുമുള്ള പപ്പയുടെ പ്രേമം  പലപ്പോഴും അതിരുപോലും ലംഘിക്കുന്നതായിരുന്നു. അവധിദിനങ്ങളിലായിരുന്നു പപ്പയുടെ ആഘോഷം മുഴുവന്‍. നാടകങ്ങളും സിനിമയും  സംഗീതവും നിറഞ്ഞ ദില്ലിയിലും അതിന്റെ  പരിസരങ്ങളിലും രാത്രിയും പകലും മറന്നായിരിക്കും പപ്പ അലയുക. ഈ ഭ്രാന്തിന്റെ കാരണം പപ്പക്ക് മാത്രമേ അറിയു. ആ രഹസ്യം പപ്പ ആരോടും ഒരിക്കലും പങ്കുവെച്ചില്ല. അല്ലെങ്കില്‍തന്നെ ഇത്തരം  ഭ്രാന്തിനൊക്കെ പ്രത്യേക കാരണം വല്ലതും  വേണോ? 

പക്ഷെ, പപ്പയുടെ  ഏത് സാഹസികതക്കുമൊപ്പം  മമ്മയും താനും ഉറപ്പായി കാണും. കാരണം അത്തരം സാഹസികതയെ തങ്ങളും  ആഘോഷിച്ചു. കമാനിയിലോ, ശ്രീറാം സെന്ററിലോ, വിഗ്യാന്‍ ഭവനിലോ, എവിടെ ആയാലും  പപ്പ പാഞ്ഞെത്തും.  ചില ദിവസങ്ങളില്‍ വിദേശത്തുനിന്നുള്ള നാടകങ്ങളോ സിനിമയോ ആയിരിക്കും. ചില എംബസികളിലെങ്കിലും പലപ്പോഴും  ഒരു ഗസ്റ്റിനെ പോലെ പപ്പയെ  സ്വാഗതം ചെയ്യാന്‍ ഒരു സുഹൃത്ത് അവിടെ എവിടെയെങ്കിലും  കാണും.  സൗഹൃദങ്ങളുടെ ഒരു ചിലന്തിവല  ആ നഗരത്തിനു മുകളില്‍ പപ്പ സ്വയം നെയ്ത് വിടര്‍ത്തിയിരുന്നത് ഇതിനുവേണ്ടി മാത്രമായിരുന്നു. താന്‍ കണ്ട നാടകങ്ങളുടെയും സിനിമയുടെയും  ബ്രോഷറുകള്‍പോലും  പപ്പക്ക് വിലപ്പെട്ട നിധിയായിരുന്നു. അവയെല്ലാം തന്റെ ലൈബ്രറിയിലെ  ബുക്കുകളോട് ചേര്‍ത്ത് അടുക്കിവെക്കുമ്പോള്‍ പപ്പ അവളെ  നോക്കി പറയും  ഇതെല്ലാം  നിനക്കു വേണ്ടിയാണെന്ന്. അപ്പോള്‍ ആ  കൈകള്‍ അവളുടെ  ശിരസ്സില്‍ തലോടുമ്പോള്‍, നഷ്ടബോധത്താല്‍  നിറംമങ്ങി കൊഴിഞ്ഞ തൂവലുകള്‍ക്കു പകരം വര്‍ണ്ണത്തൂവലുകല്‍കൊണ്ടു  നിറഞ്ഞ  പുതിയ ചിറകുകളില്‍ കൊക്കുരുമ്മുന്ന കിളിയെയായിരിക്കും പപ്പ  സ്വപ്നംകാണുക.  അപ്പോളെല്ലാം  മമ്മയുടെ കണ്ണുകള്‍  അങ്ങുദൂരെ ഈ നഗരത്തിന്റെ വെള്ളി അരഞ്ഞാണം പോലെ ഒഴുകുന്ന യമുനയുടെ ഓളങ്ങളില്‍ ആയിരിക്കും. ചിലപ്പോള്‍  ഗുലാം അലിയുടെ ചുപ്‌കെ ചുപ്‌കെയോ അല്ലെങ്കില്‍ ടാഗൂറിന്റെ അമാര്‍ ഷോണയോ മമ്മയുടെ കൈയിലെ വയലിനില്‍നിന്നോ അല്ലെങ്കില്‍ ഗിറ്റാറില്‍നിന്നോ അവിടെ ഒഴുകിപ്പരക്കും.

മുന്നോട്ടുള്ള വഴികളിലെല്ലാം തടസ്സങ്ങള്‍ മാത്രം കുമിഞ്ഞുകൂടിയ ദിവസങ്ങള്‍ അമേയക്കു ചുറ്റും അനിശ്ചിതത്വത്തിന്റെ  യവനിക മറകെട്ടിനിന്നു. അന്നുവരെ മായികമെന്നു കരുതിയ  മരീചികയുടെ കൂടുംപൊട്ടിച്ച് ബന്ധുക്കള്‍ അവളെ പൊതിഞ്ഞു. കണ്ടതും കാണാത്തവരുമായി പലതരം വേഷക്കാര്‍.  അവരുടെയെല്ലാം കണ്ണ് മറ്റൊന്നിലും ആയിരുന്നില്ല, പപ്പയുടെ സ്വത്തില്‍ മാത്രമായിരുന്നു.  അതുകൊണ്ടുതന്നെ അവരില്‍നിന്നും  പുച്ഛത്തോടെ  മുഖം തിരിച്ചു. 

ആത്മഹത്യക്കായി  പലതവണ ശ്രമിച്ചു പരാജിതയായപ്പോള്‍   ആരുടെയും തണല്‍ തേടാതെ   ഒറ്റക്കുനില്ക്കാന്‍  അവള്‍ക്കു ധൈര്യം കൊടുത്തത്  അനുരാധ ഠാക്കൂര്‍  ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ  അദ്ധ്യാപികയും  നാടകസംവിധായകയുമായ അനുരാധ  അവള്‍ക്കൊപ്പം ഒരുവഴികാട്ടിയുടെ ഉത്തരവാദിത്തത്തോടെ  കൂടെ നിന്നു. പലദിവസങ്ങളാണ് അനുരാധ  അവളെ വിടാതെ  അവളിലെ  ആത്മധൈര്യത്തെ വീണ്ടെടുക്കാന്‍ വേണ്ടി അവളുടെ കൂടെ  താമസിച്ചത്. ബന്ധുക്കളിലും സൂഹൃത്തുക്കളിലും നിന്നുള്ള എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ അനുരാധ  നീട്ടിയ ആ കൈകള്‍ മാത്രം മതിയായിരുന്നു അവള്‍ക്ക്. പപ്പ തനിക്കായി ഒരുക്കിയ  പാതയിലൂടെ പതറാതെ അവള്‍ തന്റെ യാത്ര വീണ്ടും  തുടര്‍ന്നു. നിരാശയില്‍ നിന്നും മുക്തയെങ്കിലും  അവള്‍ക്കറിയാം തന്റെ  ഈ തോണിക്ക്  മറുകരകാണാത്തൊരു  കടലിന്റെ ക്ഷോഭത്തെയാണ്  മുറിച്ചു കടക്കേണ്ടതെന്നും ഒറ്റക്കെങ്കിലും  ഉള്‍ക്കരുത്തോടെ  ആ തുഴച്ചില്‍  തുടര്‍ന്നേ മതിയാകൂ  എന്നും. തന്റെ യാത്രയില്‍  ഇനി താന്‍ അനാഥയല്ല എന്നൊരു ബോധത്തിലേക്കും  അവള്‍ സ്വയം പറിച്ചുനട്ടു. 

നാടകവും അവയിലെ കഥാപാത്രങ്ങളുടെ ചിതറിയ  സ്വപ്നങ്ങളും കൂടാതെ  അനുരാധയെ പോലുള്ളവര്‍ നല്‍കുന്ന ആത്മബലവും  സൗഹൃദങ്ങളും ഇനിയെന്നും കൂടെയുണ്ടല്ലോ എന്നും അവള്‍ക്ക്  ഉറപ്പുണ്ടായിരുന്നു.  പഠനവും അതിന്റെ ഭാഗമായ റിഹേഴ്‌സലുകളും പിന്നെ നാടകത്തിന്റെ  അനിവാര്യഘടകമായ  അവതരണവും വീണ്ടും  ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളിലേക്ക് അവളെ കൈ പിടിച്ചുനടത്തി. വിദൂരമെങ്കിലും  വീണ്ടും ഒഴുകിത്തുടങ്ങിയ യമുനയുടെ ഓളങ്ങളിലേക്ക് അവള്‍ നോക്കിനില്‍ക്കും. പപ്പയും മമ്മയും ഇല്ലാത്ത രാജ്യത്ത് ഒറ്റക്കെങ്കിലും വീണ്ടും  അവള്‍ പിച്ചവെച്ചു. സംഗീതവും സിനിമയും നാടകങ്ങളും നിറഞ്ഞതായിരുന്നു പിന്നീടുള്ള ജീവിതം. കൂടെ പപ്പയുടെയും  മമ്മയുടെയും ഓര്‍മ്മകള്‍  അവളുടെ കൈകളില്‍നിന്നും ഒരിക്കലും  പിടിവിടാത്ത സഹയാത്രികരും.

 

നാല്

ബാലശങ്കര്‍ തന്റെ ജീവിതത്തിലേക്ക്  എങ്ങിനെയാണ്  കടന്നുവന്നത്? 

അമേയ  ഒന്നോന്നായി  ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ജന്‍ചേതന്‍ നാട്യമഞ്ചിന്റെ  റിഹേഴ്സല്‍  ക്യാമ്പിന്റെ  അവസാന ദിവസങ്ങളില്‍  ഒരിക്കല്‍ ഒരതിഥിയായി അവന്‍ കടന്നുവന്നു. ആ ദിവസത്തിന്റെ  റിഹേഴ്‌സല്‍ അവസാനിപ്പിച്ച് അവരവരുടെ  വീടുകളിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. പാരീസ്സിലെ പ്ലേ ആഫ്റ്റര്‍  ബ്രെഹ്ത് എന്നൊരു തീയറ്റര്‍ ഗ്രൂപ്പില്‍നിന്നും നാടകത്തിന്റെ വരുംകാല പ്രസക്തിയെ കുറിച്ചുള്ള  ഗംഭീരമായൊരു പഠനവും  കഴിഞ്ഞാണ്  എത്തിയതെന്നു പറഞ്ഞ്  അനുരാധ ഠാക്കൂറാണ് അവനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. അനുരാധക്കൊപ്പം കടന്നു വരുമ്പോള്‍ അവന്‍ കാല്‍മുട്ടോളം  നീണ്ടൊരു ബംഗാളി കുര്‍ത്തയായിരുന്നു ധരിച്ചിരുന്നതെന്നു  പോലും അവള്‍ ഓര്‍ത്തെടുത്തു.

പിന്നീട് അവന്‍ ക്യാമ്പിലെ നിത്യസന്ദര്‍ശകനില്‍നിന്നും ഒരംഗമായി മാറി. റിഹേഴ്‌സല്‍ ഹാളിന്റെ ചുമരില്‍ ഒട്ടിച്ചുവെച്ച സഫ്ദര്‍ ഹഷ്മിയുടെ ചിത്രത്തിലേക്ക് നോക്കികൊണ്ട്  ജന്‍നാട്യ മണ്ഡലിനൊപ്പം താന്‍ പ്രവര്‍ത്തിച്ച നാളുകളെ കുറിച്ചും അവന്‍   പറഞ്ഞു. ബംഗാളി  കലര്‍ന്ന  അവന്റെ ആംഗലേയത്തിന് എന്തോ ഒരു വശ്യത അനുഭവപ്പെട്ടിരുന്നു. ദില്ലിയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍  കത്തിപ്പടര്‍ന്ന  നിര്‍ഭയയുടെ ജീവിതവും പോരാട്ടവുമായിരുന്നു ഞങ്ങള്‍ നാടകരൂപത്തിലാക്കാന്‍  ശ്രമിച്ചിരുന്നത്.  അനുഭവങ്ങളുടെ വേറിട്ടൊരു  വ്യാഖ്യാനമാണ് തങ്ങളുടെ ഈ നാടകം എന്ന അറിവ് അവനെ  ആവേശഭരിതനാക്കിയതു പോലെ തോന്നിച്ചു. അനുരാധയോട്  അവന്‍ കൂടുതലും ചോദിച്ചത്  നാടകത്തിന്റെ  അവതരണത്തെക്കുറിച്ചു മാത്രം ആയിരുന്നു.  റിഹേഴ്‌സല്‍ ക്യാമ്പില്‍ തങ്ങള്‍ക്കൊപ്പം തങ്ങളില്‍ ഒരാളായി പെട്ടെന്നു തന്നെ അവന്‍ മാറി. പഴഞ്ചന്‍ അവതരണ  രീതികളില്‍ നിന്നും മാറിനിന്ന്, കാഴ്ചക്കാരുടെ ഡിഎന്‍എയെ പോലും  ഉടച്ചുവാര്‍ക്കുന്ന  തരത്തിലുള്ള പുതിയ  അവതരണരീതികള്‍ക്കു വേണ്ടി ആയിരുന്നു  അവന്റെ ഇടപെടല്‍.  കാണികള്‍ക്കിടയില്‍ തന്നെ ജനിച്ച് അവിടെതന്നെ വളര്‍ന്ന് അവരുടെ ബോധത്തെ ഉടച്ചുവാര്‍ക്കുന്ന ഒരു രാസത്വരകമായി  ആ നാടകത്തിന്റെ ജീവന്‍  കാണികളില്‍ പിന്നീട്  സൂക്ഷ്മമായെങ്കിലും തുടരണം. അതിലായിരിക്കണം അവതരണം മികച്ചു നില്‍ക്കേണ്ടത് എന്നും നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. 

നിര്‍ഭയ റേപ്പ് ചെയ്യപ്പെടുന്നതിന്റെ  രംഗവ്യാഖ്യാനം  കറുത്തനിഴല്‍ കലര്‍ന്ന  വെളിച്ചത്തിന്റെ വിന്യാസത്തിലൂടെ കാഴ്ചക്കാരന്റെ മനസ്സിനെ ഉഴുതുമറിക്കണമെന്നും  അതിന് കഴിയുന്നൊരു ആയുധം ആയിരിക്കണം കാഴ്ച്ചയുടെ ഓരോ വിന്യാസമെന്നുമുള്ള ഓര്‍മപ്പെടുത്തലുകളില്‍ മാത്രം ഒതുങ്ങാതെ, അഭിനയത്തിലും അവന്റെ പൂര്‍ണ്ണമായ ഇടപെടലുകള്‍  തുടര്‍ന്നു. ഗുണപരമായ ഇടപെടലുകളെയും അതിലൂടെ സംഭവിക്കുന്ന മാറ്റങ്ങളെയും  തുറന്നമനസ്സോടെ  അനുരാധയും ഉള്‍ക്കൊണ്ടു. അവന്റെ പല നിര്‍ദ്ദേശങ്ങളും നാടകത്തിന്റെ ചലനവേഗങ്ങളെപോലും  മാറ്റിമറിച്ചു. അങ്ങിനെ മാറ്റപ്പെട്ടെങ്കിലേ നമ്മുടെയെല്ലാം മനസ്സില്‍ ജീവിക്കുന്ന  നിര്‍ഭയയുടെ ആത്മാവിനോട് നമ്മള്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയൂ എന്നായിരുന്നു അവന്റെ സുവിശേഷംതന്നെ. കുറിയ  സംഭാഷണങ്ങളിലൂടെയും  കൊച്ചുകൊച്ചു  പ്രതീകങ്ങളിലൂടെയും  നിര്‍ഭയക്ക്  ദില്ലിയെ  മാത്രമല്ല ഇന്ത്യയുടെ ആത്മാവിനെതന്നെ പുതുക്കിപണിയുവാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിച്ചു. പിന്നെയും അവന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.  നാടകത്തെക്കുറിച്ചും അതിന്റെ മൂല്യം ഒട്ടും ചോരാതെ പ്രേക്ഷകനിലേക്ക് എങ്ങിനെ എത്തിപ്പെടാമെന്നുമുള്ള
വിവിധങ്ങളായ കാഴ്ച്പ്പാടുകളെ കുറിച്ചുള്ള സംഭാഷണങ്ങളില്‍  ഞാന്‍  അവന്റെ ശ്രോതാവ് മാത്രമായിരുന്നില്ല. ഒരു നാടക കലാകാരിക്ക് വിലമതിക്കാത്ത സൗഹൃദത്തിന് ഇവനുമുകളില്‍ വേറെ ആരും ഉണ്ടാവില്ല എന്നുപോലും തനിക്കു തോന്നിയ നാളുകള്‍. 

നിര്‍ഭയക്കുവേണ്ടി  ഇന്ത്യാഗേറ്റില്‍ ഒത്തുകൂടിയ ആയിരങ്ങളില്‍ ഒരുവന്‍ ആയിരുന്നില്ല ബാലു അവള്‍ക്ക്.  ആ പുല്‍ത്തകിടിയുടെ വിശാലവും വിജനവുമായ ഏകാന്തതയില്‍ അവര്‍  എത്രയോ രാപ്പകലുകള്‍ എരിഞ്ഞ്  അമര്‍ന്നിരിക്കുന്നു.  ആ  സന്ധ്യകളിലെ  പ്രണയപാരവശ്യങ്ങളിലേക്കുള്ള  തീര്‍ത്ഥയാത്രകളില്‍ അവര്‍  അറിയാതെ ഒഴുകി. മഞ്ഞ് പെയ്തിറങ്ങിയ  നിലാവിന്റെ വിലയങ്ങളില്‍  സ്വയം മറന്ന നാളുകള്‍. ചെങ്കോട്ടയുടെ കമനീയതയിലും  പ്രതാപങ്ങളിലും മുഴുകിയ ചാന്ദിനി ചൗക്കിലെ  ഷാജഹാനും  മുംതാസുമായി അവര്‍ മാറി.  ഇടമുറിയാതെ പാടിയ  പ്രണയഗീതങ്ങളിലൂടെ യമുനയുടെ തീരങ്ങളെ  വീണ്ടും അവര്‍  പ്രണയപാരവശ്യത്തിലേക്ക് നടത്തി. ശ്രീറാമിലും കമാനിയിലും മാത്രമല്ല മണ്ടീഹൗസിന്റെ എല്ലാ തിരക്കുകളിലും ഏകാന്തതകളിലും അവര്‍  ഒന്നിച്ചു. സംഗീതവും നാടകവും സിനിമയും അവരെ  പുനര്‍നിര്‍മിച്ചു കൊണ്ടിരുന്ന നാളുകളായിരുന്നു അന്നെല്ലാം. ബാല്‍ക്കണിയുടെ  തുറന്നിട്ട ജാലകത്തിലൂടെ പ്രണയപുളകിതയായി ഒഴുകുന്ന യമുനയേയും നോക്കി എത്രയോ സന്ധ്യകള്‍ ആലിംഗനബദ്ധരായി അവര്‍  ഇരിക്കുമായിരുന്നു. അവന്റെ  മുഖത്തും ചുണ്ടുകളിലും തീരാത്ത ആര്‍ത്തിയോടെ ചുംബിക്കുമ്പോള്‍ അവളുടെ  കണ്ണുകളിലേക്ക് അവന്‍ നോക്കിയിരിക്കും. അവിടെ ഒഴുകിപ്പരക്കുന്ന നീലിമയില്‍ നിലക്കാതെ അലയടിക്കുന്ന പ്രണയത്തിന്റെ സംഗീതം അവന്‍ ആസ്വദിക്കുമായിരുന്നു എന്ന് എത്രയോ തവണകളാണ് അവളോട് പറഞ്ഞിരിക്കുന്നത്. എന്നിട്ടും ആ കൈകള്‍  അങ്ങിനെ ചെയ്യുമോ? 

വീണ്ടും വീണ്ടും തന്നെ ഇറുക്കിപ്പിടിക്കേണ്ടിയിരുന്നവ ആയിരുന്നില്ലേ അവ. അവന്‍ സ്വയം അറിഞ്ഞുകൊണ്ടായിരുന്നോ  അങ്ങിനെ  ചെയ്തത്? അവന്റെ മനസ്സിന്റെ  ഒളിവില്‍ പതുങ്ങിയിരുന്ന  വഞ്ചകനെ കണ്ടെത്തുവാന്‍ താനൊരിക്കലും ശ്രമിച്ചില്ലല്ലോ എന്നവള്‍ സ്വയം കുറ്റപ്പെടുത്തുമ്പോള്‍ മോര്‍ച്ചറിയുടെ തണുപ്പിലും ആ ശരീരം വിയര്‍ത്തുവോ?

അഞ്ച് 

ഒരു ശരത്കാലസന്ധ്യയുടെ  ഏകാന്തതയെ മറികടക്കാന്‍ അമേയ  തിരഞ്ഞെടുത്തത്  ഫാനി ആന്റ്  അലക്‌സാണ്ടര്‍ എന്ന ബര്‍ഗ്മാന്‍ സിനിമയായിരുന്നു. ബാലു ഭോപ്പാലില്‍ ഭരത് ഭവനില്‍ ഒരു നാടകക്കളരിയുടെ തിരക്കിലും. വളരെ നാളായി കാത്തിരുന്നൊരു സിനിമയായിരുന്നു അത്. മനസ്സിനെ  അസ്വസ്ഥമാക്കിയ ഫാനിയും അലക്‌സാണ്ടറും  ആ രാത്രിയുടെ ഉറക്കം നഷ്ടപ്പെടുത്തിയ  ആലസ്യത്തില്‍നിന്നും ഉണരാന്‍ വൈകിയ പ്രഭാതത്തില്‍  കാളിങ് ബെല്ലിന്റെ ശബ്ദം പലതവണയാണ്  മുഴുങ്ങിയത്. ചുണ്ടില്‍ കടിച്ചുപിടിച്ചൊരു  സിഗരറ്റിന് തീയും കൊടുത്ത്, വൈകുന്നേരം കുടിച്ച ബ്രാണ്ടിയുടെ ബാക്കിയിരുന്നതും വിഴുങ്ങിക്കൊണ്ടാണ് കതകിനടുത്തിക്ക് ചെന്നത്. വിദേശിയെ പോലെയെങ്കിലും ഭാവവും നോട്ടവുംകൊണ്ട് അവളൊരു  ബംഗാളിതന്നെ എന്ന്  മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് കതകുതുറന്നത്. ചിരിച്ചുകൊണ്ടെങ്കിലും ആകാംക്ഷ നിറഞ്ഞ കണ്ണുകളുമായി  ഒരു ചോദ്യചിഹ്നം പോലെയാണവള്‍  നിന്നത്. എന്ത് എന്നു  ചോദിക്കുംമുമ്പേ അവള്‍ തിരക്കിയത് ബാലുവിനെ കുറിച്ചായിരുന്നു. 

അകത്തേക്ക് ക്ഷണിച്ചുകൊണ്ട് സ്വയം  ഓര്‍മ്മിച്ചത്  നാടകവുമായി ബന്ധപ്പെട്ട് ആരെല്ലാം അവനെ തിരക്കി  ഇവിടെ വരുന്നു. ആരെല്ലാം ഫോണ്‍ ചെയ്യുന്നു. അതിനു കാലമോ സ്ഥലമോ ഒരിക്കലും ഒരു പരിമിതിയാകാന്‍ കഴിയില്ലല്ലോ. ഒരു കലാകാരന്‍ ഇതെല്ലാം ഉള്‍കൊള്ളാന്‍ കടപ്പെട്ടവനാണ്. കസേരയില്‍ ഇരിക്കും മുമ്പേ ബാലുവിനെ കുറിച്ച് വീണ്ടും ചോദിക്കുമ്പോള്‍ അവളുടെ വാക്കുകളില്‍  അക്ഷമ പ്രകടമായിരുന്നു. ഭോപ്പാലില്‍ ഏതോ  നാടകത്തിന്റെ  പണിപ്പുരയുടെ  തിരക്കില്‍ ആണല്ലോ  എന്നു പറഞ്ഞപ്പോള്‍ തീരെ ഇഷ്ടപ്പെടാതെ, നീ അവന്റെ ആരാ, വെപ്പാട്ടിയോ  എന്നൊരു മറുചോദ്യയുമായി അവള്‍  എഴുന്നേറ്റു. പൊടുന്നനെ ഉലച്ചില്‍ തട്ടിയ തന്റെ  മനസ്സ്  വിഭ്രമത്തിലേക്ക് വഴിമാറുന്നുവോ എന്ന്  അമേയ  സംശയിച്ചു. ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ  നിശ്ശബ്ദയായപ്പോള്‍  അവളുടെ  മനസ്സ്  ആകാംക്ഷയും ഉത്കണ്ഠയും  കൊണ്ട്  നിറഞ്ഞു. 

നിര്‍ത്താന്‍ ഭാവമില്ലാതെ  ഇംഗ്ലീഷും ഹിന്ദിയും ബംഗാളിയും കൂടികലര്‍ന്ന ഭാഷയില്‍  എന്തൊക്കെയോ അവള്‍ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.  

ഒരു പുരുഷനുമൊത്തുള്ള  പാരീസിലെ നാളുകളെക്കുറിച്ചുള്ള ഒരു പെണ്ണിന്റെ പതംപെറുക്കലായിരുന്നു എല്ലാം. സമ്മാനമായി തന്ന കുഞ്ഞിനെക്കുറിച്ചും അടിച്ചുമാറ്റിയ തന്റെ  സമ്പത്തിനെക്കുറിച്ചും അവള്‍ക്കുള്ള രോഷം ഇടക്കിടെ അണപൊട്ടി.  നിര്‍ത്താതെ തുടര്‍ന്ന സംസാരത്തിന്റെ  അവസാനം അവള്‍ ഉറപ്പിച്ചു പറഞ്ഞ ഒരു കാര്യം അവള്‍ ബാലുവിനേയും  കൊണ്ടേ പോകു എന്നായിരുന്നു. വഞ്ചനയും ചതിയും നിറഞ്ഞൊരു ലോകം അവളുടെ വാക്കുകളാല്‍  അനാവരണം ചെയ്യപ്പെടുന്നത്   ഒരു നാടകത്തിന്റെ കാഴ്ചക്കാരിയെ പോലെ അവള്‍  നോക്കി ഇരുന്നു. ഫോണില്‍ പലതവണ ശ്രമിച്ചപ്പോളാണ്  ബാലുവിനെ കിട്ടിയത്. ഇനിയും ഉറക്കത്തില്‍ നിന്നും അവന്‍ ഉണര്‍ന്നിട്ടില്ല. ഫോണിന്റെ ഈ തലക്കലെ ശബ്ദംകെട്ടവന്‍ തീര്‍ച്ചയായും  ഞെട്ടിക്കാണും. സൗഹൃദം നിറഞ്ഞതായിരുന്നില്ല  ആ  സംഭാഷണം, രണ്ടു ശത്രുക്കളുടെ അന്യോന്യമുള്ള  പോര്‍വിളികളായിരുന്നു നിറയെ. എല്ലാം ചതിവിന്റെയും വഞ്ചനയുടെയും കഥകള്‍ മാത്രം. ഏതോ ഒരു  നിരര്‍ത്ഥക നാടകത്തിലെ കഥാപാത്രത്തിന്റെ ഭാവവും വികാരവും അമേയയുടെ മനസ്സില്‍  നിറഞ്ഞു.

പിന്നീട്  അവളെ അമേയ  ഒരിക്കലും  കണ്ടിട്ടില്ല. പക്ഷെ ബാലു വീണ്ടും വന്നു,  വര്‍ഷങ്ങള്‍ക്കുശേഷം. അവന് വരാതിരിക്കാന്‍ കഴിയില്ലല്ലോ. എല്ലാ നാടകങ്ങള്‍ക്കും തിരശ്ശീലകൊണ്ടല്ലെങ്കിലും ഒരവസാനം വേണമല്ലോ എന്നവള്‍ക്ക്  ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  

മാസങ്ങളും  വര്‍ഷങ്ങളും വഴുതി  കടന്നുപോയത് എത്ര നിശ്ശബ്ദവും നിസ്സാരവുമായി. വഴി തെറ്റി,  നഗ്‌നപാദയും ഏകാകിയും ആയൊരു  സഞ്ചാരിയുടെ  പാത മുള്ളുകളും കല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.  എല്ലാം പെരുംനുണകള്‍ ആയിരിക്കണേ എന്നു മാത്രം അവള്‍  ആഗ്രഹിച്ചു. എങ്കില്‍ ബാലു എവിടെ? അവളുടെ മനസ്സ് ആശാന്തിയുടെ കയങ്ങളിലെ ചുഴിയില്‍പെട്ട് നിലക്കാതെ കറങ്ങികൊണ്ടിരുന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ ബാല്‍ക്കണിയുടെ തുറന്ന ജനാലക്കരികില്‍ അവള്‍ ആരെ കാത്താണ് ഇരിക്കുക? അപ്പോള്‍  കടന്നുവരുന്ന കാറ്റിന്റെ കൈകളില്‍ തലചായ്ച്ച്, നിലക്കാത്ത  വേദനകള്‍ മാത്രം  പങ്കുവെക്കും. അങ്ങു ദൂരെ ഒഴുകാന്‍ മറന്ന യമുനയുടെ തീരങ്ങളില്‍ എങ്ങുനിന്നോ വരുന്ന  ആരെയോ കാത്തിരിക്കുന്ന  വെളിച്ചത്തിന്റെ ചെറുതുണ്ടുകള്‍  തുടരെ കത്തി അമരുന്നതും  നോക്കിയിരിക്കുമ്പോള്‍  ഒരു കൗതുകമായിപ്പോലും ആ കാഴ്ച്ച അവളുടെ മനസ്സില്‍ നിറഞ്ഞില്ല. സമനില  നഷ്ടപ്പെട്ട  മനസ്സിന്റെ വീണ്ടെടുപ്പ് അനിവാര്യമായപ്പോള്‍, ഉന്മാദത്തിന്റെ  പിടിയില്‍ അകപ്പെടുംമുന്‍പ് അവള്‍ക്ക് സ്വയം രക്ഷപ്പെട്ടേ മതിയാകുമായിരുന്നുള്ളു.  സുഹൃത്തായ  ഡോക്ടര്‍ കുറിച്ചുനല്‍കിയ ഉറക്കഗുളികകളില്‍ തേടിയ അഭയം പിന്നീട് മയക്കുമരുന്നുകളുടെ ലോകത്തിലേക്കാണ് അവളെ  എത്തിച്ചത്.  നിരാശകളുടെ വിടാത്ത ആലിംഗനങ്ങളില്‍ നിന്നുള്ള  രക്ഷപ്പെടല്‍ താല്‍ക്കാലികമാണെന്ന് അറിഞ്ഞിട്ടും അവള്‍ക്ക് വേറൊരു വഴിയും  ഇല്ലായിരുന്നു.       


ആറ് 


അനുരാധ വീണ്ടും ഇടപെട്ടു. അവരുടെ  നിരന്തരമായ  പ്രേരണയും സമ്മര്‍ദ്ദവും അവളിലെ നാടകക്കാരിയെ വീണ്ടും ഉണര്‍ത്തി. മിഡ്‌സമ്മര്‍  നൈറ്റ്‌സ് ഡ്രീമിന് പുതിയൊരു ആഖ്യാനവുമായി  ആഷാഡ് കാ ഏക്ദിന്‍ എന്നൊരു പ്രൊഡക്ഷന്‍ അമേയയുടെ തോളിലേക്ക് അനുരാധ വെച്ചുകൊടുക്കുക തന്നെ ആയിരുന്നു. അത് അവളുടെയും  സ്വപ്നമായി പെട്ടെന്നാണ് മാറിയത്. കാരണം അവളുടെ ഞരമ്പുകളിലെ ചോരയില്‍ നാടകത്തിന്റെ തുടിപ്പുകളായിരുന്നു നിറയെ. കാലത്തിന്റെയും  സ്വപ്നങ്ങളുടെയും  പുനര്‍വായനയായും അഴിച്ചുപണിയായും നിരൂപകര്‍  മാധ്യമങ്ങളിലൂടെ ആഷാഡ് കാ എക് ദിന്‍  വാഴ്ത്തപ്പെട്ടപ്പോള്‍  ആഘോഷമാക്കിയത്  അമേയ തന്നെ ആയിരുന്നു. ദൃശ്യ മാധ്യമങ്ങളിലും  പത്രങ്ങളിലും അമേയ, സ്ത്രീപക്ഷ  നാടകരംഗത്തെ ഒരു പുത്തന്‍ താരോദയമായിപോലും അവളെ പ്രശംസിച്ചു. ദില്ലിയുടെ നാടകവൃത്തങ്ങളില്‍ മാത്രമായിരുന്നില്ല, കൊല്‍ക്കത്തയിലും മുംബയിലും ഭോപ്പാലിലും കൂടാതെ  തൃശ്ശൂരെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോലും ആ നാടകവും അതിന്റെ പാഠവും വിശകലനം ചെയ്യപ്പെട്ടു പിന്നീടുള്ള നാളുകളില്‍. 

ജീവിതംപോലും കൈവിട്ടു പോകുമോ എന്ന് ആശങ്കപ്പെട്ട നാളുകളില്‍നിന്നും കരകയറിയപ്പോള്‍ അമേയയുടെ ജീവിതം വീണ്ടും  തിരുത്തപ്പെട്ടു. ആഷാഡ് കാ ഏക്ദിന്‍ കൂടാതെ റോമിയോ ആന്റ് ജൂലിയെറ്റ് പോലെ  കൂടുതല്‍  പ്രൊഡക്ഷനുകളും വന്നുചേര്‍ന്നപ്പോള്‍  കടന്നുവന്നത് തിരക്കിന്റെ നാളുകള്‍. ജീവിതവും നാടകവും തമ്മില്‍  വേര്‍തിരിക്കാനാവാത്ത  സ്വപ്നങ്ങളുടെ മായികലോകത്തായിരുന്നു പിന്നീടുള്ള സഞ്ചാരം. പകലും രാത്രിയും പിടികൊടുക്കാത്ത കാലത്തിലൂടൊരു യാത്ര. ഇന്ത്യയില്‍   നാടകോത്സവങ്ങള്‍ എവിടെ നടന്നാലും  ജന്‍ചേതന നാട്യമഞ്ചും  അതിന്റെ നാടകങ്ങളും ഒരു അനിവാര്യതയായി മാറി. ആ തിരക്കുകള്‍ക്കിടയില്‍  ബാദല്‍ സര്‍ക്കാരിന്റെ ഘോഷയാത്രക്ക് ദില്ലിയിലെ കേരള ക്ലബ്ബുമായി ചേര്‍ന്ന്  മലയാളത്തില്‍ ഒരു ബദല്‍ പാഠവും  ചെയ്തു. നാടകത്തിനുള്ളില്‍ നിന്നും മറ്റൊരു നാടകമായി ഉയര്‍ന്ന്  കാണികളിലേക്കും  അവരുടെ ബോധത്തെ  കടന്നല്‍കൂട്ടത്തെ പോലെ ആക്രമിക്കുകയും  മുറിവേല്‍പ്പിക്കപ്പെട്ട മനസ്സിന്റെ ആഴങ്ങളിലെ പതിയിരിക്കുന്ന  വിശ്വാസങ്ങളില്‍ ആഘാതം  ഏല്‍പ്പിക്കുകയും ചെയ്യുക. അതുതന്നെയായിരുന്നു   അത്തരം പാഠങ്ങളിലൂടെ ലക്ഷ്യമിട്ടതും നേടിയെന്ന് കരുതിയതും. സൗഹൃദം നിറഞ്ഞ  ചര്‍ച്ചകളും സിനിമകളും നാടകങ്ങളും യാത്രകളും കടന്നുവന്നപ്പോള്‍ ജീവിതം  ഹരിത ഭംഗികള്‍ കൊണ്ട് വീണ്ടും  നിറഞ്ഞു. ധൂര്‍ത്തടിക്കപ്പെടുന്നു എന്ന് തോന്നുമെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും മറ്റൊരു കാലത്തേക്ക്  മാറ്റിവെക്കാനുള്ളതല്ല  എന്നൊരു തിരിച്ചറിവും കൂടെ ഉണ്ടായിരുന്നു. ഇന്നിന്റെ സൗരഭ്യത്തെ എന്തിനുവേണ്ടിയും  ആര്‍ക്കുവേണ്ടിയും  മാറ്റിവെക്കണ്ട എന്നൊരു ജീവിതക്രമംതന്നെ അവളില്‍ രൂഢമൂലമായി. ആ നാളുകള്‍, അതെ വീണ്ടും അവള്‍  ആഘോഷിക്കപ്പെടുക തന്നെ ആയിരുന്നു.


ഏഴ്

തബലയുടെ അലയടികള്‍ സാക്കിര്‍ ഹുസൈന്റെ വിരലുകളില്‍  നിന്നും  മാസ്മരികമായി പെയ്തിറങ്ങിയ വന്യതയില്‍ വെറുതെ ചുറ്റിത്തിരിയുന്ന ഒരു സന്ധ്യയിലാണ് മൊബൈല്‍ ഫോണിന്റെ നീല വെളിച്ചത്തിലേക്ക്  ആരുടെയോ കാളുകള്‍ തുടര്‍ച്ചയായി വന്നത്. ശ്രീറാം സെന്ററിന്റെ ഇരുണ്ടവെളിച്ചത്തില്‍ തബലയുടെ സംഗീതം  തിളയ്ക്കുന്ന തിരക്കില്‍നിന്നും അമേയ പുറത്തേക്കിറങ്ങി.  മറവിയുടെ മഹാനിദ്രയിലേക്ക്  മാഞ്ഞുപോയെന്ന് കരുതിയ ഓര്‍മകളെല്ലാം വീണ്ടും പത്തിയും  വിടര്‍ത്തി  ശീല്‍ക്കാരം പുറത്തുവിടുന്നത്  അവള്‍ കണ്ടു. ഇത് ബാലു  തന്നെ എന്നുറപ്പിച്ച് കുറച്ചുനേരം അവള്‍ പതറിനിന്നു. ഒരിക്കല്‍ പിഴുത്തെറിഞ്ഞ കാലത്തിന്റെ പ്രേതം ആ ഫോണിന്റെ നീലവെളിച്ചത്തിലൂടെ തന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരികയാണോ എന്നവള്‍ ഭയന്നു.

ജീവിതത്തില്‍ ആദ്യമായി ഫോണിനോട് ഇത്രക്ക്  വെറുപ്പ് തോന്നിയ നിമിഷം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ എന്നവള്‍ ഓര്‍ത്തു. ആശങ്കകള്‍ തിടം വെച്ചുതുടങ്ങിയെങ്കിലും ആ ഫോണിന്റെ പച്ച ബട്ടനില്‍  അവളുടെ  വിരല്‍  അവള്‍പോലും അറിയാതെയാണ് അമര്‍ത്തപ്പെട്ടത്. അല്ലെങ്കില്‍ തന്നെ ആ വിളികളെ അത്രപെട്ടെന്ന് അവള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? എത്രയോ ദിനങ്ങളാണ്  അവന്റെ ഒരു ഫോണ്‍ വിളിയെങ്കിലും പ്രതീക്ഷിച്ച് കാത്തിരുന്നത്. ഒരു കൊടുങ്കാറ്റിനു മുന്‍പുള്ള  നിശബ്ദതയുടെ നിശ്ചലമായ  കാത്തിരുപ്പിനുശേഷം ഒരു തേങ്ങലിന്റെ നേര്‍ത്തതും എന്നാല്‍  കുറ്റബോധത്തിന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞ അവന്റെ  വേദനകള്‍ അവളിലേക്ക്, ആ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഒരു മേഘവിസ്‌ഫോടനമായി പെയ്തിറങ്ങി. 

തെറ്റിയ വഴിയില്‍നിന്നും മടങ്ങിയെത്തിയ ആട്ടിന്‍കുട്ടിയുടെ നിഷ്‌കളങ്കതയോടെയാണ്  അവള്‍ക്കു മുന്നിലേക്ക് ബാലു കടന്നുവന്നത്. അവള്‍ നിശ്ശബ്ദയും നിശ്ചലയുമായി തുറന്നിട്ട ജാലകത്തിലൂടെ വെളിയിലേക്ക് നോക്കിനിന്നു. അപ്പോള്‍ ജലത്തിലൂടെ പതിവില്ലാതെ  കടന്നുവന്ന കാറ്റ്  അവളെ പൊതിഞ്ഞു.  പോകാന്‍ മടിച്ച്  അവളെയും കെട്ടിപ്പിടിച്ച് ചുറ്റും ചിണുങ്ങി നടന്നു. ഇടക്കിടെ കടന്നുവന്ന  കുഞ്ഞുമേഘങ്ങള്‍ അവളെ നോക്കുമ്പോള്‍ അന്നുവരെ ഇല്ലാത്ത ഒരപരിചിതത്വം  അനുഭവപ്പെട്ടു. അവര്‍ പറഞ്ഞ  അരുതേ എന്നൊരു വാക്കുമാത്രം അവള്‍ കേട്ടില്ല. അപ്പോഴേക്കും ആ മനസ്സിന്റെ  താഴ്വാരങ്ങളിലെ മഞ്ഞ് ഉരുകികഴിഞ്ഞിരുന്നു. അവിടെനിന്നും  ഒരു നീരുറവ  വീണ്ടും ഒഴുകിത്തുടങ്ങി. പക്ഷെ, ആ സമതലങ്ങളില്‍ വസന്തം പൂത്തുലഞ്ഞില്ല.  കിളികളും പൂമ്പാറ്റകളും തേനുണ്ണുവാനും വന്നില്ല.   അവനൊപ്പമൊരു  മടങ്ങിവരവ് അമേയക്ക്  അസാദ്ധ്യമായിരുന്നു. ചെങ്കോലും കിരീടവും ഉപേക്ഷിച്ച ഗൗതമനെ  പോലെ അവളും പാതിവഴിയുടെ ഓരത്തുനിന്നും  തിരിഞ്ഞു നോക്കാന്‍ മടിച്ചു.  ബാലുവും ഒത്തുള്ള ജീവിതത്തിന്റെ വീണ്ടെടുപ്പ് ഇനി ഒരിക്കലും നടക്കില്ല എന്നവള്‍ പറയും മുന്‍പേ ബാലു നിസ്സഹായന്റെ പ്രച്ഛന്നവേഷത്തില്‍  അവളെ വിടാതെ, അവള്‍ക്കൊപ്പം ഒഴിയാതെ നിന്നു. അവള്‍ വീണ്ടും വീണ്ടും ഒന്നു മാത്രം  അവനോട് പറഞ്ഞു, ഇനി ഇല്ല ഒരു തിരിച്ചുപോക്കെന്നും  അതിന് കഴിയുന്നില്ലല്ലോ എന്നും.

അവളുടെ പകലുകളിലും  രാത്രികളിലും  അനിശ്ചിതത്വവും നിരുന്മേഷവും കടന്നുവന്നു. പാടാനും ആടാനും മറന്നൊരു നര്‍ത്തകിയെ പോലവള്‍ അലസയായി. ഗിത്താറും വയലിനും മറന്നത് സ്വന്തം ശബ്ദമായിരുന്നു.  കടലുകള്‍ സ്വപ്നംകാണാന്‍  മറന്ന മീനുകള്‍ അക്വേറിയത്തിന്റെ ഗ്ലാസ്  ചുമരുകള്‍ക്കുള്ളില്‍ നിദ്രയിലും. 
 
അമേയ ബാല്‍ക്കണിയുടെ ജന്നല്‍പാളികള്‍ മെല്ലെ തുറന്നു. കത്തുന്ന വേനല്‍ചൂട് ഒരിളം കാറ്റിനൊപ്പം  ഉള്ളിലേക്ക്  കയറിവന്നു. കറുത്ത മാനത്ത് പുളയുന്ന മിന്നല്‍ വേനല്‍ മഴയുടെ വാതിലില്‍ മുട്ടിവിളിക്കുന്നതും നോക്കി അവള്‍ നിന്നു. ബാലു അവള്‍ക്കുപിന്നില്‍, അഴിഞ്ഞ് അലസമായി  പാറിപറക്കുന്ന അവളുടെ  മുടിയെ തഴുകാനെന്നപോലെ നിന്നു. അവള്‍ നിശബ്ദയായി യമുനയെ മാത്രം നോക്കി നിന്നു. ഒരു പാമ്പിന്റ വന്യമായ നിറത്തോടെ യമുന പുളയുന്നുവോ? അവള്‍ ജന്നലിനോടെ ചേര്‍ന്നുനിന്ന് നദിയുടെ കാഴ്ചകളിലേക്കു മാത്രം നോക്കി.  അപ്പോള്‍  അവള്‍ക്കു പിന്നിലായ് നിന്ന ബാലുവിന്റെ ദംഷ്ട്രകളില്‍ നിന്നും വിഷം വമിക്കുന്നുണ്ടായിരുന്നുവോ? പിന്നീട് എന്താണ് സംഭവിച്ചത്? ഓര്‍മയിലേക്ക് ഒന്നും കടന്നുവരുന്നില്ലേ? പുണരുവാനായിരുന്നില്ല ആ കൈകള്‍ അവളുടെ അടുത്തേക്ക് നീണ്ടതെന്നുമാത്രം അവള്‍ ഓര്‍ത്തെടുത്തു. അതെ, ഈ പതിനഞ്ചാം നിലയില്‍നിന്നും തുറന്നിട്ട  ജനാലയില്‍കൂടി  താഴേക്ക് പതിക്കുമ്പോള്‍ നിലവിളിക്കാന്‍ പോലും അവള്‍ മറന്നു പോയിരുന്നു. താങ്ങുവാനാകാതെ കാറ്റിന്റെ കൈകളും കുഴഞ്ഞുപോയിരിക്കും.

എട്ട്

ആ വനഭൂമിയിലൂടെ അമേയ സഞ്ചരിച്ചത് ഏകയായി. ആഷാഡ് കാ എക് ദിന്നിലെ അതേ കാടുകളില്‍ അവള്‍ വീണ്ടും എത്തിപ്പെട്ടുവോ? പുല്‍പരപ്പുകള്‍ നിറഞ്ഞ കാടിന്റെ ശാന്തമായ  വന്യതയില്‍ ആരെയാണ് അവള്‍ തിരയുന്നത്?  ഇണകളുമൊത്ത് ഭക്ഷണം തേടുന്ന  ശലഭങ്ങളും കിളികളും ആവോളം ഉല്ലസിക്കുന്ന ആ  പരിസരം പൂക്കള്‍ നിറഞ്ഞ പച്ചകൊണ്ട് സമൃദ്ധവും. ഓര്‍മ്മയുടെ വിദൂരദൃശ്യങ്ങളിലേക്ക്  കണ്ണുകളും തറപ്പിച്ച് അമേയ  അവിടൊരു തടാകത്തിന്റെ കല്പടവുകളിലേക്ക് ഇറങ്ങി ചെന്നു. നിശ്ചലമായ  ആ ജലപ്പരപ്പ് ഒരു കണ്ണാടിപോലെ തിളങ്ങി. ചുറ്റും നിറഞ്ഞുനില്‍ക്കുന്ന വനഭംഗി ആ കണ്ണാടിയില്‍ പ്രതിഫലിച്ചപ്പോള്‍ അവിടം  കൂടുതല്‍ മനോഹരമായി. അപ്പോള്‍   കൊഴിഞ്ഞൊരു   വാടിയ ഇല വീണ് ആ ജലത്തിന്റെ നിശ്ചലതയെ തകര്‍ത്തപ്പോള്‍   ഒരു നിമിഷം  അവളുടെ ഓര്‍മകളും ഇളകി.  തച്ചുടക്കപ്പെട്ട സ്മരണകളാലാവാം ആ മുഖവും പൊടുന്നനെ ആശാന്തമായി. ഞെട്ടിയുണര്‍ന്ന അവള്‍ക്കു മുന്നിലെ തടാകം വീണ്ടും നിശ്ചലവും കണ്ണാടിയിലെ  വനഭംഗികള്‍ നിറഞ്ഞ കാഴ്ചകൊണ്ടും  തിളങ്ങി.  അപ്പോള്‍ അവിടേക്ക്  ഒരു  ശവപേടകം  മെല്ലെ ഒഴുകിവരുന്നത് അവള്‍ നോക്കിയിരുന്നു.  ഓളങ്ങളുടെ ചെറുതരിപോലും അപ്പോള്‍ അവിടേക്ക് കടന്നുവന്നേയില്ലല്ലോ എന്നും അവള്‍ അതിശയിച്ചു. പിഞ്ചുകുഞ്ഞിനെപ്പോലെ ആ  പേടകം തടാകത്തിന്റെ  മടിത്തട്ടിലേക്ക് ചേര്‍ന്നിരുന്നപ്പോഴും അതിന്റെ മേല്‍മൂടിയുടെ സുതാര്യതയിലൂടെ ആര്‍ക്കോ വേണ്ടി കാത്തുവെച്ച  ഒരു  പുഞ്ചിരിയുടെ പ്രകാശം പുറത്തേക്ക് തുളുമ്പുന്നുണ്ടായിരുന്നു. ആരെ ആയിരിക്കും ആ ചുണ്ടുകളിലെ  പുഞ്ചിരി അപ്പോഴും  കാത്തിരിക്കുന്നത്? 

Latest Videos
Follow Us:
Download App:
  • android
  • ios