Malayalam Short Story : അന്നയുടെ ആകാശങ്ങള്‍, മോഹന്‍ ബാബു എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  മോഹന്‍ ബാബു എഴുതിയ ചെറുകഥ

chilla malayalam short story by Mohan Babu

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Mohan Babu

 

നിശ്ചലമായ ആകാശത്തിന്റെ മൗനത്തിലേക്ക്  നോക്കാന്‍പോലും  മടിച്ച് കണ്ണുകളും  ഇറുക്കിയടച്ചുകിടന്ന അന്ന ഉറക്കമായിരുന്നില്ല. ഇടയ്ക്കിടെ കടന്നുപോകുന്ന മേഘശകലങ്ങളാല്‍ ശിഥിലമാക്കപ്പെടുന്ന  നിലാവിന്റെ കുളിരില്‍, അനാഥമായൊരു പൂന്തോപ്പിലെ പഴയൊരു സിമന്റ് ബെഞ്ചില്‍ അവള്‍ കിടന്നത്  അര്‍ദ്ധനഗ്‌നയായും. അവിടവിടെ കീറിയ ചുരിദാറിന്റെ വിടവിലൂടെ അവളുടെ മാറിന്റെയും തുടകളുടെയും നഗ്‌നത തെളിഞ്ഞുനിന്നു. പിച്ചിചീന്തിയ കവിളുകളിലും മാറിലും തുടകളിലും ഒലിച്ചിറങ്ങിയ ചോരയുടെ ചാലുകള്‍  ഉണങ്ങിയിട്ടും  അടരാന്‍ മടിച്ച് വികൃതമാക്കപ്പെട്ട ആ മേനിയുടെ മുറിവുകളില്‍ അള്ളിപ്പിടിച്ചു നില്ക്കുന്നു. അടിയേറ്റുവീണപ്പോള്‍ യുദ്ധഭൂമിയില്‍ ഉപേക്ഷിക്കപ്പെട്ട ഏകാകിയായൊരു പടയാളിയെ പോലവള്‍ നിരാലംബയും.

ഒരു ഞരക്കത്തോടെ ആ ബെഞ്ചിന്റെ പൂര്‍ണ്ണതയിലേക്ക് അവള്‍ നിവര്‍ന്നുകിടന്നു. നീറുന്ന നെഞ്ചകം തടവുമ്പോള്‍ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ഇഴകള്‍ പൊട്ടിയ ബോധത്തിന്റെ അതിരുകളില്‍ ഒരു തെരുവുനായയെ പോലെ അവളുടെ മനസ്സും അലഞ്ഞു. കുപ്പകളുടെ നാറ്റം  മണത്തും ഉള്ളിലേക്കുവലിച്ചും  തുറിച്ചുനോക്കിയും ഇടയ്ക്കിടെ പല്ലിളിച്ച്  ആക്രോശിച്ചും ആ നായ അലഞ്ഞുകൊണ്ടേയിരിക്കുന്നു.

അന്ന അങ്ങിനെ ആയിരുന്നു. കാലങ്ങളായി കിടക്കുന്ന തടവറയില്‍  നിന്നും എങ്ങിനെയോ രക്ഷപ്പെട്ട്, ചുട്ടുപൊള്ളിയ  കാലുകളുമായി നിര്‍ത്താതെ, തളര്‍ന്നിട്ടും  വീഴാതെ ആ നായ ഓടുന്നു, അലക്ഷ്യമായി.

എങ്ങിനെയോ രക്ഷപ്പെടുക ആയിരുന്നോ അവള്‍? തിരിച്ചുവെക്കാനാവാത്തവണ്ണം തച്ചുടക്കപ്പെട്ട ചില്ലുഗ്ലാസ്സുപോലെ നാലുഭാഗത്തേക്കും ചിതറിത്തെറിച്ച മനസ്സല്ലേ അവള്‍ക്ക് ഉണ്ടായിരുന്നത്.

രണ്ട്

അന്നയെ അറിയാത്തവരായി ഞങ്ങളുടെ ഈ ചെറുപട്ടണത്തില്‍ ആരാണുള്ളത്? പല ആവശ്യങ്ങള്‍ക്കായി ഇവിടെ വന്നുപോകുന്നവര്‍ക്കുപോലും അവള്‍  സുപരിചിത ആയിരുന്നു.  ചിലനേരങ്ങളില്‍ അഴിച്ചിട്ട  മുടി കൈകള്‍കൊണ്ട് വകഞ്ഞും  മറ്റു ചിലപ്പോള്‍  ഉച്ചിയിലേക്ക് ഉയര്‍ത്തിക്കെട്ടിയും  പകല്‍നേരങ്ങളില്‍ അവള്‍ ഇവിടെ എവിടെയും എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. അവളുടെ  നിഴലിനെ പോലും അകറ്റി നിര്‍ത്താന്‍ ഞങ്ങള്‍  ജാഗ്രത കാണിച്ചു. അവളെ കണ്ടാല്‍ ഞങ്ങളില്‍ പലരും ഓടിയൊളിക്കും. കൂടെ പഠിച്ചവരും പരിചയക്കാരും ആയിട്ടുള്ള മാന്യന്മാര്‍ ഒരിക്കലും  അവളോട് ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. മറ്റാരുടെയെങ്കിലും സാന്നിധ്യംകൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. തീണ്ടാപ്പാടകലം പാലിക്കാന്‍ കൂടുതല്‍  ജാഗരൂകരാകും. അന്തസ്സിന് യോജിക്കില്ലെന്ന ധാരണയോടെ  മാന്യതയുടെ വിശുദ്ധ കുപ്പായത്തിനുള്ളില്‍  ഒട്ടകപക്ഷികളെ പോലെ മുഖവും പൂഴ്ത്തി, തിരക്കഭിനയിച്ച് ഞങ്ങള്‍ സ്വയം ഒളിവില്‍ പാര്‍ത്തു. എന്തിന്, കൊച്ചുകുട്ടികള്‍പോലും അവളെ നോക്കുന്നത് രഹസ്യമായി, എന്തോ പാപം ചെയ്യുന്നു എന്ന ഭാവത്തോടെ ആയിരുന്നു.

ബസ്റ്റാന്റിലെ തിരക്കിനിടയില്‍ ബസ്സുംകാത്ത് നില്‍ക്കുമ്പോള്‍ ആയിരിക്കും 'രാജുച്ചായോ, ഈ കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങോട്ടാ' എന്നൊരു വിളിയുമായി അവള്‍  വരുന്നത്.  കെട്ടിയോനുമൊത്ത് പട്ടണത്തില്‍ കറങ്ങുമ്പോളായിരിക്കും 'എടീ സാറാകൊച്ചേ, നീ എന്നെ മറന്നോ, ഇതാരാ കെട്ടിയോനോ അതോ ചുറ്റിക്കളിയോ', എന്നും പറഞ്ഞായിരിക്കും  ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചവളോട് ഒട്ടിപ്പിടിക്കാനുള്ള അവളുടെ ശ്രമം. പിടിച്ചാല്‍ പിന്നെ പിടിവിടില്ല. വിടാതെ കൂടെക്കൂടും. പഴയ കാര്യങ്ങള്‍ ഒന്നൊന്നായി ചികയാനും തുടങ്ങും. അപ്പോഴായിരിക്കും എല്‍സി ടീച്ചറെ കാണുക. അപ്പോള്‍ ടീച്ചറേന്നൊരു വിളിയും പിന്നെ കഥ പറച്ചിലും തുടങ്ങും. അവള്‍ക്കുമുന്നില്‍ അകപ്പെട്ടവര്‍ക്കുനേരെ ഞങ്ങള്‍  നാലുഭാഗത്തുനിന്നും തൊടുത്തുവിടുന്ന  നോട്ടം തികച്ചും പരിഹാസം നിറഞ്ഞതായിരിക്കും. 

എങ്കിലും ആ മുഖം, പാറിപ്പറക്കുന്ന  മുടിയഴകിനുള്ളില്‍, എരിഞ്ഞടങ്ങുന്ന സന്ധ്യപോലെയാണ് അപ്പോള്‍  ശോഭിക്കുക. മുഷിഞ്ഞുപഴകിയ  വസ്ത്രത്തിനുള്ളില്‍ ആണെങ്കിലും ആ ശരീരത്തിന്റെ അഴകളവുകള്‍  അവിടെയുള്ള ഏതു പുരുഷനെയാണ് മോഹിപ്പിക്കാത്തത്.


മൂന്ന്

അന്ന കിടക്കുന്ന പൂന്തോപ്പിനും അപ്പുറം പൊന്തക്കാടുകള്‍ തിങ്ങിവളരുന്ന മൈതാനത്തോട് ചേര്‍ന്ന് നീണ്ടുകിടക്കുന്ന റെയില്‍ പാളത്തിലേക്ക് ഒരു ട്രെയിനിന്റെ ഇരമ്പം പ്രകമ്പനത്തോടെ കടന്നുവന്ന് ദൂരേക്ക് അകന്നുപോയി. അപ്പോള്‍ അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചത് കുറച്ചുമുന്‍പ് കളിക്കളത്തില്‍ നടന്ന മല്ലയുദ്ധം ആയിരുന്നു. നാലഞ്ചുപേര്‍ ചേര്‍ന്ന് ഒരാളിനെ ശത്രുവിനെ എന്നവണ്ണം  നിരന്തരം പരിക്കേല്പിക്കുന്നു. അബോധാവസ്ഥയിലും ആ ശത്രുവിന്റെ  നെഞ്ചില്‍  കാലുകള്‍കൊണ്ടാണ് അവര്‍ താളം പിടിച്ചത്. ആ കാപാലികരുടെ  ആനന്ദനൃത്തത്തിന്റെ അന്ത്യം എപ്പോഴായിരുന്നു? ഒന്നും ഓര്‍ത്തെടുക്കുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ആരൊക്കെയോ ഈ ബെഞ്ചില്‍ കൊണ്ടുവന്നു കിടത്തിയതുമാത്രം അവള്‍  അറിഞ്ഞു. ആ ഓര്‍മ്മയുടെ വിങ്ങല്‍ കനത്തപ്പോള്‍  ഉണങ്ങിത്തുടങ്ങിയ മുറിവുകളില്‍ വീണ്ടും ചോര കിനിഞ്ഞുവോ? ബെഞ്ചിന്റെ ഒടിയാറായ കൈത്താങ്ങിയിലേക്കവള്‍ ചാരി ഇരിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആകാശം  നിസ്സഹായതയുടെ മൂടുപടം  അവള്‍ക്കുമുകളില്‍ ഇരുട്ടായി പടര്‍ത്തി.

നാല്

ഇത്തരം ഒരു ജീവിതത്തിന്റെ തീരാദുരിതത്തിലേക്ക്  എങ്ങിനെയാണ്  അന്ന അകപ്പെട്ടു പോയത്? എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കിയിട്ടും  അവളുടെ ജീവിതം കടന്നുപോയത് കയ്പ്പുനീര്‍   മാത്രം കുടിച്ചായിരുന്നില്ലേ?

ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. ഒരിക്കല്‍  അവധിക്ക് വീട്ടിലെത്തി ഒരാഴ്ചകഴിഞ്ഞൊരുനാള്‍ അന്ന വീട്ടിലേക്ക് കടന്നുവന്നത് രാജുവിന്റെ മനസ്സില്‍  ഇന്നലെ കഴിഞ്ഞപോലെ തെളിഞ്ഞു. രണ്ടുകൈകളും ഒരു കുമ്പിള്‍പോലെ  കൂട്ടിപ്പിടിച്ച്, വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ഒരുപിടി മിഠായിയും  കൊണ്ട്  മമ്മക്കൊപ്പം തന്റെ മുന്‍പില്‍ പുഞ്ചിരിച്ചുകൊണ്ട് പതുങ്ങി നില്‍ക്കുന്നൊരു പെണ്‍കുട്ടി. മമ്മയാണ് അവളെ തനിക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം പെരുമണ്ണില്‍  ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചുപോയ ലില്ലിക്കുട്ടിയുടെയും മാത്തച്ചന്റെയും ഒരേയൊരു മകള്‍. ഇപ്പോള്‍ ലില്ലിക്കുട്ടിയുടെ ആങ്ങള തമ്പാനൊപ്പം താമസിച്ചു പഠിക്കുന്നു. പിള്ളാരില്ലാത്ത തമ്പാനും പെമ്പിളക്കും  കര്‍ത്താവ് കൊടുത്ത സമ്മാനമാണ് അന്നയെന്നും മമ്മ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.

അന്ന എനിക്കുനേരെ അപ്പോള്‍ ആ കൈക്കുമ്പിള്‍ നീട്ടി. മിഠായി നിറഞ്ഞ ആ  കൈകളുടെ ചന്തത്തില്‍ നിന്നും ഒരു ഹൃദയം തന്നെ നോക്കി മിടിക്കുംപോലെ. പിന്നീട്  നോട്ടം ഏതൊരു ആണിനെയും പോലെ  അവളുടെ മുഖത്തേക്കും  ആകാരവടിവിലേക്കും വഴിമാറിയപ്പോള്‍  മമ്മ ബാക്കിയും കൂടി പറഞ്ഞു. 
പ്ലസ് റ്റൂ  ഡിസ്റ്റിംഗ്ഷനോടെ പാസ്സായതിന്റെ സന്തോഷമാ ആ കൈകളില്‍. നിനക്ക് തരാന്‍ വേണ്ടി  കൊണ്ടുവന്നതാ. നീ വാങ്ങ്.

ആ കൈകളില്‍നിന്നും ഒരു മിഠായി മാത്രം ഞാന്‍ നുള്ളിയെടുത്തു. എന്നിട്ടൊരു  മന്ദസ്മിതവുമായി അവളെ, ആ ജ്വലിക്കുന്ന സൗന്ദര്യത്തെ നോക്കി മതിമറന്നപ്പോള്‍ നനുത്ത രോമം പടര്‍ന്ന ചുണ്ടുകള്‍ക്കിടയില്‍നിന്നും  നേര്‍ത്തൊരു  പുഞ്ചിരി നിലാവിന്റെ നിഷ്‌കളങ്കതയോടെ  ഒഴുകി പരന്നു.

രണ്ടുമാസത്തെ അവധിക്കായിരുന്നു വീട്ടില്‍ എത്തിയതെങ്കിലും ഒരാഴ്ചക്കുള്ളില്‍ അവധി ക്യാന്‍സലാക്കി തിരികെ പോകേണ്ടി വന്നപ്പോള്‍ എന്തോ ഒരു നഷ്ടബോധം എന്നെ പിടികൂടിയിരുന്നു. ഒരു പട്ടാളക്കാരന് അവന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും  ഒളിച്ചോടാന്‍ കഴിയില്ലല്ലോ, അതിര്‍ത്തി സംഘര്‍ഷഭരിതമാകുമ്പോള്‍ പ്രത്യേകിച്ചും. സംഘര്‍ഷഭൂമിയില്‍  പട്ടാളക്കാര്‍ക്ക്  ഒറ്റമനസ്സും ഒരു ജീവിതവുമേ കാണൂ. ഇരുട്ടിന്റെ മറവിലൂടെ പതുങ്ങിവരുന്ന ശത്രുവിന്റെ കിരാതരൂപത്തെ ഉന്നംവെക്കുന്ന കണ്ണുകളും വേട്ടയാടാന്‍ തരിക്കുന്ന കൈകളും മാത്രം. അതുമാത്രം തുടരുമ്പോള്‍ മരവിച്ച മനസ്സിന്റെ അവസാന പച്ചപ്പും കരിഞ്ഞ്, നീരുംവറ്റി വിണ്ടുകീറിയ വരണ്ട ഭൂമിയായി ആ ജീവിതം മാറ്റപ്പെടും.  ഊണും ഉറക്കവും മറക്കും. പിന്നെ സ്വപ്നങ്ങള്‍ ഉണ്ടാവില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന ബോംബുകളും  വെടിയുണ്ടകളെ  നിര്‍ത്താതെ  വര്‍ഷിക്കുന്ന തോക്കുകളുടെ കാതടപ്പിക്കുന്ന ശബ്ദവും  നിറഞ്ഞ രാപ്പകലുകള്‍ മാത്രമായിരിക്കും പിന്നീട്  കൂട്ടിനുണ്ടാകുക.

പൊട്ടിക്കരഞ്ഞും കൈകാലുകള്‍ ഇളക്കിയും ജീവിതത്തിലേക്ക് എടുത്തുചാടാന്‍ വെമ്പുന്ന കുഞ്ഞിനെ പോലെ ഓര്‍മ്മകള്‍ രാജുവിന്റെ മനസ്സില്‍ തിക്കിത്തിരക്കി. പിന്നീട് എന്താണ് സംഭവിച്ചത്? ഒരു വര്‍ഷത്തിനുശേഷം പൊടുന്നനെയുള്ള അവധിയില്‍ വീണ്ടും നാട്ടിലേക്കു വരുമ്പോള്‍ മനസ്സിന്റെ  ശൂന്യതയില്‍  പടര്‍ന്നത്  മരവിപ്പ് മാത്രം.  മമ്മയുടെ പൊടുന്നനെയുള്ള വിയോഗം  തനിക്ക് താങ്ങാവുന്നത്തിനും അപ്പുറത്തെ ഒരാഘാതം തന്നെയായിരുന്നു. തന്നെ ഇറുക്കെപ്പിടിച്ചിരുന്ന കൈയ്യുകള്‍    ഒന്നൊന്നായി പിടിവിട്ടുപോകുന്നുവോ?  വഴിയുടെ തുടക്കത്തില്‍തന്നെ  സ്വയം  തിരിച്ചറിയുന്നു  ഈ  ഊഷരഭൂമിയിലെ  ഏകാകിയായൊരു സഞ്ചാരിയാണ് താനെന്ന്.

ശവക്കല്ലറയുടെ വാതില്‍ തുറന്ന് പ്രാര്‍ത്ഥനയോടെ മമ്മക്ക് വിട നല്‍കുമ്പോള്‍ രാജു ദൂരെമാറി നിന്നു. സഹിക്കവയ്യാത്ത സങ്കടവും ഒതുക്കി  അയാളുടെ  കണ്ണുകള്‍ ആകാശത്തിന്റെ അതിരുകളില്‍ താന്‍പോലും  അറിയാതെ എന്താണ് പരതിയത്? അവിടെ എവിടെങ്കിലും ഒരു മാലാഖയെപ്പോലെ  പറന്നുനടക്കുന്ന മമ്മയെ ആയിരിക്കാം. അകാലത്തില്‍ പൊലിഞ്ഞ പപ്പയെ ആത്മാവിനൊപ്പം ചേര്‍ത്തുനിര്‍ത്തി, തനിക്കായി മാത്രം ജീവിച്ചവള്‍. ബന്ധുക്കള്‍ ആരൊക്കെയോ അതിഗൂഡമായി പപ്പയെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തുക  ആയിരുന്നെന്ന്  മമ്മ അക്കമിട്ടു നിരത്തി പറയുന്നത് പല തവണ കേട്ടിട്ടുണ്ട്. അതും സ്വത്തിനുവേണ്ടി തന്നെ.  ഒരിക്കലും ഒരു തടാകത്തിലെ വെള്ളക്കെട്ടില്‍ പപ്പ മുങ്ങിമരിക്കില്ലെന്ന് മമ്മക്ക് ഉറപ്പാണ്. തിരിച്ച് മമ്മ കാരണം പപ്പ ആത്മഹത്യ ചെയ്‌തെന്നു വരുത്തി തീര്‍ക്കാന്‍ ആര്‍ക്കൊക്കെയോ വലിയ വ്യഗ്രതയായിരുന്നു. എന്നിട്ടും ചോര്‍ന്നു പോകുന്ന  സ്വന്തം ജീവിതമായിരുന്നില്ല മമ്മക്ക് വലുത്, കേവലം  അഞ്ചുവയസ്സുമാത്രമുള്ള മകനുവേണ്ടി ആ ജീവിതം മാറ്റിവെക്കുക ആയിരുന്നു. 

വര്‍ണ്ണചാരുതയില്‍ ത്രസിക്കുന്ന സ്വപ്നവും മറന്ന്  ആകാശം നിശ്ശൂന്യമായിരിക്കുന്നു.  അയാളുടെ നെഞ്ചില്‍നിന്നും ഉയര്‍ന്ന വിങ്ങല്‍ പുറത്തേക്കു ചാടാനാവാതെ ഒരു തേങ്ങലായി തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ബന്ധങ്ങളും സൗഹൃദങ്ങളും വീടിന്റെ പടിവാതിലില്‍ അവസാനിച്ചപ്പോള്‍  അയാള്‍ തനിച്ചായി. ഓരോ ജന്മവും പിന്നീടുള്ള മടക്കവും തനിച്ചല്ലേ എന്ന്  വീണ്ടും അയാള്‍ ഓര്‍മിച്ചു.

അതിര്‍ത്തിയുടെ കാവല്‍മാടങ്ങളിലേക്ക് ഒരു പട്ടാളക്കാരനും മടങ്ങാതിരിക്കാന്‍ കഴിയില്ലല്ലോ. പോകുംമുന്‍പ് മനസ്സിലേക്ക്  അന്ന പലതവണ കടന്നുവന്നു. തിരക്കിനിടയിലും കണ്ണുകളും  കാതുകളും  അവളെ തിരയുന്നുണ്ടായിരുന്നു. എവിടെ അന്ന? ഒഴിവുസമയങ്ങളില്‍ തനിക്കൊപ്പമാണ്  അവള്‍ സൗഹൃദം പങ്കുവെക്കാന്‍  വരികയെന്ന്  ആവര്‍ത്തിക്കുന്ന വിശേഷങ്ങള്‍ക്കിടയില്‍ മമ്മ  പലതവണ  പറയുമായിരുന്നു. ഇടക്കെപ്പൊഴോ അവള്‍ മറ്റെങ്ങോട്ടോ മാറുന്നതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ഒരുപക്ഷെ അവള്‍ പോയിക്കാണും. അല്ലെങ്കില്‍  മമ്മയുടെ അന്ത്യയാത്രയില്‍ അവള്‍ വരാതിരിക്കില്ലല്ലോ. തുടര്‍പഠനത്തിനായി ആരൊക്കെയോ മുന്‍കൂട്ടി പ്ലാന്‍ചെയ്ത് മറ്റൊരിടത്തേക്ക് അവളെ മാറ്റി എന്നുമാത്രം പിന്നീട്  അറിഞ്ഞു. 

അവളിപ്പോള്‍ മറ്റെവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കുക  ആയിരിക്കും. വയ്യാവേലികള്‍ ചാടാന്‍ പണ്ടേ വിമുഖനായതിനാല്‍ രാജു ആ തിരച്ചില്‍ അവിടെ അവസാനിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പരവശനാകാന്‍ താന്‍ അവള്‍ക്കാരാണ് എന്നൊരു ബോധ്യത്തില്‍ സ്വന്തം   മനസ്സിന്റെ അനാവശ്യസഞ്ചാരങ്ങളെ  അയാള്‍  കുറ്റപ്പെടുത്തി. എങ്കിലും മുന്നില്‍ തന്റെ  സഞ്ചാരപാത അവസാനിക്കുന്നതും  അവിടെ നിന്നും ഇരുട്ടുമൂടിയ മറ്റൊരു പാതയുടെ  അവ്യക്തതയിലേക്ക്  വീണ്ടും യാത്ര  തുടരേണ്ടതും അയാള്‍ തിരിച്ചറിഞ്ഞു.  ഏകാകിയായൊരു  സഞ്ചാരിക്ക് ലക്ഷ്യമില്ലാത്ത തന്റെ യാത്ര അയാസരഹിതമായിരിക്കുമെന്നും അയാള്‍  ഓര്‍മ്മിച്ചു. അതെ, ഒരു പഞ്ഞിത്തുണ്ടുപോലെ കാറ്റിന്റെ കൈകളില്‍ എല്ലാം മറന്നു കിടക്കുക. കാറ്റിന്റെ സഞ്ചാരവഴികളില്‍ അലസമായി അനായാസം യാത്ര തുടരുക.

അഞ്ച്

പതിനഞ്ചുവര്‍ഷങ്ങള്‍ നീണ്ട പട്ടാളജീവിതം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ രാജു ഏകനായിരുന്നു. മമ്മ തന്നെ തനിച്ചാക്കിയിട്ട് ഇപ്പോള്‍ പത്ത്  വര്‍ഷങ്ങളാണ് കടന്നുപോയത്.  ആ മരണമാണ് അയാളെ തീര്‍ത്തും നിരാശനും ഒറ്റപ്പെട്ടവനും ആക്കിത്തീര്‍ത്തത്. മമ്മയുടെ  എല്ലാ ഓര്‍മദിനങ്ങളിലും  ആ  കല്ലറക്കുമുന്നിലെ കല്‍പ്പടിയില്‍  മെഴുകുതിരികള്‍ കത്തിച്ച് വിങ്ങിക്കരയുവാന്‍ അയാള്‍ കൊതിച്ചു. ഇല്ല, ഒരു പട്ടാളക്കാരന് അത്തരം ആഗ്രഹങ്ങള്‍ അതിരുകടന്നതായിരിക്കും. വീട്ടില്‍ അവധിക്ക്  വരുന്നതുതന്നെ അപൂര്‍വമായി. ആര്‍ക്കുവേണ്ടിയാണ്  ഇനി ഈ  ജീവിതം? ആ നാളുകളില്‍ ഒറ്റപ്പെട്ട  യാത്രയുടെ സാധ്യതയാണ് അയാള്‍ തേടിയത്. 

കാശ്മീര്‍മലനിരകളിലെ  വെണ്മയില്‍ കോറിയിട്ട വര്‍ണങ്ങളേക്കാള്‍ രാജസ്ഥാന്‍ മരുഭൂമിയുടെ പേടിപ്പെടുത്തുന്ന നിസ്സംഗതയെയാണ് അയാള്‍ പ്രണയിച്ചത്.  എത്ര കണ്ടിട്ടും മതിവരാതെ വീണ്ടും  എത്രയോ  തവണകളാണ് ആ  കാഴ്ചകളിലും മരുപ്പച്ചയിലെ ജീവിതത്തിന്റെ നൈര്‍മല്യത്തിലും അയാള്‍   നീന്തിത്തുടിച്ചത്. ഒറ്റപ്പെടലിന്റെ എല്ലാ ഭാവങ്ങളെയും മറികടക്കുവാനുള്ള മനസ്സിന്റെ വ്യഗ്രതയോ  അതോ ജീവിതത്തില്‍നിന്നുള്ള നിരന്തരമായ ഒളിച്ചോട്ടമോ ആയിരുന്നോ ആ യാത്രകള്‍? അതെ, ഓരോ യാത്രയും തനിക്ക്  ജീവിതത്തില്‍നിന്നുള്ള  ഒളിച്ചോട്ടം തന്നെ ആയിരുന്നു എന്നയാള്‍ തിരിച്ചറിഞ്ഞു.

ഓര്‍മ്മകള്‍കൊണ്ട്  തിങ്ങിനിറഞ്ഞ വീടിന്റെ ശൂന്യതയിലേക്ക് രാജുവിന് തിരിച്ചെത്താന്‍ കഴിയാതെ വയ്യല്ലോ. അവിടെ മമ്മയുടെ സാന്നിധ്യം പൂത്തു  നില്‍ക്കുന്നൊരു വള്ളിപടര്‍പ്പിന്റെ ഗന്ധമായി അയാള്‍ക്ക് അനുഭവപ്പെട്ടു.  നിര്‍വ്വികാരനായ  കാലത്തിന്റെ കളിപ്പാട്ടം പോലെ അയാള്‍ ആ ഓര്‍മ്മകളില്‍ ആശ്രയം തേടി. പെയ്‌തൊഴിഞ്ഞ്  മറ്റൊരു കാലവര്‍ഷം കൂടി കടന്നുപോകുന്നു.                             

വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും നോക്കുമ്പോള്‍ അത്ര ദൂരെയല്ലാതെ കാണപ്പെടുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ഒരു ട്രെയിന്‍ കടന്നുവന്ന് ഏറെനേരം കാത്തുകിടന്ന് മറ്റൊരു ട്രെയിന്‍ കടന്നു പോയശേഷം  മെല്ലെ മുന്‍പോട്ടു കുതിക്കുന്ന നേരമെല്ലാം രാജു ആ കാഴ്ച്ചയില്‍ മാത്രം കണ്ണുംനട്ടിരുന്നു. ആളൊഴിഞ്ഞ  പ്ലാറ്റ്‌ഫോമിന്റെ വീണ്ടുമുള്ള  അലസവും അനന്തവുമായ കാത്തിരിപ്പിന് ഒരു മടുപ്പും ഇല്ലല്ലോ എന്നയാള്‍ ഓര്‍മ്മിച്ചതും യാന്ത്രികമായി. എങ്കിലും അലഞ്ഞുതിരിയുന്ന നായകള്‍ക്കും പൂച്ചകള്‍ക്കും  നിര്‍ഭയം വിശ്രമിക്കാനും ഇണചേരാനും ആശ്രയമാകുമ്പോള്‍ അവിടം സജീവമാകുന്നുണ്ടല്ലോ എന്നും അയാള്‍ ആശ്വാസിച്ചു.

വീട്ടിലേക്ക് പറിച്ചുനട്ട ആദ്യനാളുകളില്‍  ഒരു ദിവസം അതിരാവിലെ  എവിടേക്കോ പോകാന്‍വേണ്ടി ബസ്സുംകാത്തു  നില്‍ക്കുമ്പോള്‍  പിന്നില്‍നിന്നും ഒരു സ്ത്രീ രാജുച്ചായനല്ലേ എന്ന് ചോദിക്കുന്നപോലെ. പാറിപ്പറക്കുന്ന മുടി കൈകൊണ്ടു പിറകോട്ട് തുടരെത്തുടരെ  കോതികൊണ്ട്  ഒരു പെണ്ണ് തന്നെ നോക്കി ചിരിക്കുന്നു. ചുറ്റും തുറിച്ചുനോക്കുന്ന കണ്ണുകളിലെ പുച്ഛമോ പരിഹാസമോ അയാള്‍ തിരിച്ചറിയും മുന്‍പ് അവള്‍ ഉറക്കെ ചിരിച്ചുകൊണ്ട്  വീണ്ടും പറഞ്ഞു, അച്ചായാ, ഞാന്‍ അന്നയാണ്, എന്നെ ഓര്‍ക്കുന്നില്ലേ? ബസ് വന്നതും അതില്‍ കയറിയതും പിന്നില്‍  അന്ന ഒറ്റയ്ക്ക് നില്‍ക്കുന്നതും പിന്നീട് കണ്ണില്‍നിന്നും മറഞ്ഞതും അമ്പരപ്പോടെ മാത്രമേ നോക്കാന്‍ കഴിഞ്ഞുള്ളു. നീട്ടിപ്പിടിച്ച ആ  കൈകുമ്പിളില്‍   ഒരു  ഹൃദയം അപ്പോഴും മിടിക്കുന്നുവോ?

പിന്നീടാണ് അറിഞ്ഞത്, അന്നയെ തുടര്‍പഠനത്തിനൊന്നും ആയിരുന്നില്ല  ഇവിടെ നിന്നും കൊണ്ടുപോയതെന്ന്. കുരുക്കുവെച്ച് അവളെ കെണിയില്‍ വീഴ്ത്തുക ആയിരുന്നു. അതിജീവനത്തിന്റെ തുടിപ്പില്‍നിന്നും ആ ജീവിതം അറുത്തു മാറ്റപ്പെട്ടപ്പോള്‍  നേരും ചതിയും തിരിച്ചറിയാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയാണ് പിച്ചിച്ചീന്തപ്പെട്ടത്.  

പിന്നീട് പലതവണ അന്നയെ അയാള്‍ പട്ടണത്തിന്റെ പലയിടത്തും കണ്ടുമുട്ടി. അപ്പോഴെല്ലാം ഭ്രാന്തമായ  ആ കണ്ണുകള്‍ തന്നില്‍നിന്നും പറിച്ചെടുത്തവള്‍ എങ്ങോട്ടോ ഓടിമറഞ്ഞു. അറിഞ്ഞോ  അറിയാതെയോ  വീണുപോയ ആ കുഴിയുടെ ആഴത്തിലേക്ക് നീണ്ടുചെന്ന  കൈകളെ അവള്‍ തട്ടിമാറ്റുമ്പോള്‍ അയാള്‍ക്ക് അറിയാമായിരുന്നു  അവളുടെ ഭയം. അത്രമാത്രം ആ മനസ്സ് തണുത്ത് ഉറഞ്ഞു പോയിരിക്കുന്നു.


ആറ്

അന്നയുടെ അപ്പന്റെ മൂത്തജ്യേഷ്ഠന്‍ ചാക്കോയുടെ  രണ്ടാമത്തെ ഭാര്യയെന്ന് അവകാശപ്പെട്ട്  തമ്പാന്റെ വീട്ടിലേക്ക് ആലീസ് വന്നത് അവളെ  പഠിപ്പിക്കാനുള്ള കടമ തന്റെ ഇച്ചായന്‍ ചാക്കോക്കാണെന്ന തുറുപ്പു ചീട്ടുമായി ആയിരുന്നു. ചാക്കോച്ചായന്‍  വളരെ നിര്‍ബ്ബന്ധിച്ചിട്ടാണ് താന്‍ ഇങ്ങോട്ട് വന്നതെന്ന്  ആലീസ് പറഞ്ഞതും വളരെ  അലിവോടെ. നിസ്വനും നിസ്സഹായനുമായ തമ്പാന്‍ എല്ലാം നല്ലതിനെന്നുമാത്രം കരുതി. രോഗവും ദാരിദ്ര്യവും ഏതോരുവനെയും നിസ്സാരനും ബുദ്ധിശൂന്യനും ആക്കിയേക്കാം. തമ്പാന്റെയും അവസ്ഥയും  അതായിരുന്നു. അയാളും അന്നയുടെ കൂടെ  ബാംഗ്ലൂരിലെ  പുതിയ വീട്ടിലേക്കു പോയിരുന്നു. 

അവള്‍ക്കായി കര്‍ത്താവ് തുറന്നിട്ട ഒരു പുതുവഴിയാണ് ഇതെന്ന് അയാള്‍ സ്വയം വിശ്വസിച്ചു. ബാംഗ്ലൂര്‍ അത്ര വിദൂരമൊന്നും അല്ലല്ലോ എന്നും അയാള്‍ ആശ്വസിച്ചു. അവധി ദിവങ്ങളില്‍ അന്നയെ തമ്പാച്ചായന്റെ വീട്ടില്‍ എത്തിച്ചിരിക്കും എന്ന് ആലിസ് ഉറപ്പും തന്നപ്പോള്‍  തമ്പി നിറഞ്ഞ സന്തോഷത്തോടെ വിചാരിച്ചത് ഒരു രാത്രിയാത്രയില്‍ തീരുന്ന ദൂരമല്ലേയുള്ളൂ എന്നായിരുന്നു. തന്നെ  തുറച്ചുനോക്കിയ  ഭാരിച്ച ഉത്തരവാദിത്തത്തിന്റെ കനലുകള്‍ കര്‍ത്താവിന്റെ ഇച്ഛയാല്‍ അണക്കപ്പെട്ടെല്ലോ എന്നൊരു ചിന്തയും അയാള്‍ളുടെ  രക്ഷകനായി. 

പക്ഷെ, ഒരിക്കല്‍പോലും അവധി ആഘോഷിക്കാന്‍ അന്ന വന്നില്ല.  അന്നയുടെ മേനിയുടെ അഴകില്‍ ആലിസ് കണക്കുകൂട്ടിയത് മറ്റുപലതും. അപ്രതീക്ഷിതമായി അകപ്പെട്ട  ദുരന്തത്തിന്റെ  ആഘാതത്തില്‍  തകര്‍ന്ന മനസ്സുമായി അവള്‍  ചെന്നുപെട്ടത് ഭ്രാന്താശുപത്രിയിലും. അവിടെനിന്നും എങ്ങിനെയോ 
രക്ഷപ്പെട്ടായിരിക്കണം  പിന്നീട് അവള്‍  തിരികെ വന്നത്. അതും തമ്പാന്റെ മരണശേഷം. കനത്ത ദുഖത്തിലും നിരാശതയിലും മനംനൊന്തായിരുന്നു തമ്പാന്റെ അന്ത്യം. ഏറെനാള്‍ കഴിയുംമുമ്പേ  മറിയയും   ഇവിടെ നിന്നും ഏതോ ബന്ധുവീട്ടിലേക്ക്  പോയി എന്നുമാത്രം അറിയാം. അതിനും കാരണം അന്ന ആയിരുന്നു, അവളുടെ മടങ്ങി വരവായിരുന്നു.

ഏഴ് 

അതൊരു ശനിയാഴ്ച ആയിരുന്നു. തമ്പാച്ചായന്റെ മരണത്തിന്റെ ഒന്നാം  ഓര്‍മദിനം. കല്ലറക്കുമുന്നില്‍ കത്തുന്ന മെഴുകുതിരിയായി മറിയയുടെ ദുഖം ഉരുകി, ഇരുകണ്ണുകളില്‍നിന്നും കണ്ണീരായി ഒഴുകിയ ദിവസം.  മറിയ തിരികെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ  തൊടിയിലും ഉമ്മറത്തും ഒരു പെണ്ണ് ഭ്രാന്തിയെ പോലെ  ഓടിക്കളിക്കുന്നു. അത് അന്നയായിരുന്നു. കണ്ടമാത്രയില്‍ മറിയയുടെ  മാറിലേക്ക് അവള്‍ തളര്‍ന്നു വീണു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്  പതംപെറുക്കിയത്.  തുടലും പൊട്ടിച്ച് സ്വന്തം വീട്ടിലേക്ക്  ഓടിയെത്തിയ ഒരു നായയെ പോലവള്‍ തേങ്ങി. തമ്പാന്റെ ഫോട്ടോയിലേക്ക് നോക്കി അവള്‍ എന്തൊക്കെയോ കുറ്റപ്പെടുത്തി  പറയുകയും പൊട്ടിക്കരയുകയും ചെയ്തു.

ആര്‍ത്തലച്ചെത്തിയൊരു പേമാരി പോലെ ആ മനസ്സിന്റെ ദുഃഖം പെയ്‌തൊഴിയുക ആയിരുന്നു.

പിന്നീട് മറിയയെവിട്ട് അന്ന പോയില്ല. പക്ഷെ മറിയ ഒരുനാള്‍ എവിടെയോ  ബന്ധുവീട്ടിലേക്ക്  പോയി. പിന്നീട്  മടങ്ങിവന്നില്ല.  അന്നയോ, അവള്‍ എവിടേക്ക് മടങ്ങാന്‍? ഈ പട്ടണത്തിന്റെ തെരുവുകളില്‍ പുരുഷകാമത്തിന്റെ വൈകൃതങ്ങളെ ആത്മപീഡനംപോലെ ഏറ്റുവാങ്ങി അലയാന്‍ തുടങ്ങി. ഏതൊരു പുരുഷനിലും  വിവശമാകുന്ന കാമവ്യഥകളെ അവള്‍ ശമിപ്പിച്ചു, അവന്റെ രഹസ്യവേദികളിലും സ്വപ്നസല്ലാപങ്ങളിലും അവള്‍ നിറഞ്ഞാടിയ ദിനങ്ങളായിരുന്നു പിന്നീട്.  വഴിയോരങ്ങളില്‍ അവള്‍  പൂത്തുലഞ്ഞത് അവളെ തേടിയെത്തിയ ഓരോ പുരുഷനും വേണ്ടിയായിരുന്നു.  ക്രമേണ  ഒരു വിഷസര്‍പ്പത്തെ എന്ന പോലെ അവള്‍ ചവിട്ടിപുറത്താക്കപ്പെട്ടു. മറവിരോഗം പിടിപെട്ട പുരുഷലോകം അവളെ ഒരപരിചിതയും കുറ്റവാളിയും ആക്കാന്‍ ശ്രമിച്ചു. അവള്‍ നല്‍കിയ ദാഹജലം കുടിച്ചവരും  അവളെ ഒറ്റിക്കൊടുക്കാന്‍  മടിച്ചില്ല. ഒരു കുറ്റവാളിക്കുള്ള മുള്‍ക്കിരീടം അവള്‍ക്കായി തയ്യാറാക്കി. അവളില്‍നിന്നും ഒളിച്ചിരിക്കാന്‍ ഈ പട്ടണത്തിന് അത്രയൊന്നും ബുദ്ധിമുട്ടേണ്ടിയും വന്നിട്ടില്ല.ഇലകള്‍ കൊഴിഞ്ഞ്  ചില്ലകളും വേരുകളും ഉണങ്ങിത്തുടങ്ങുമ്പോള്‍ തണല്‍മരങ്ങള്‍  പിഴുതുമാറ്റപ്പെടും. അവിടെ ചേക്കേറാന്‍ പിന്നീട് കിളികളാരും  വരില്ലല്ലോ.

എട്ട് 

അന്ന മെല്ലെ കണ്ണുകള്‍ തുറന്നു. ആ കണ്ണുകളുടെ നീറുന്ന  കാഴ്ച്ചയിലേക്ക്  അപ്പോള്‍ മറ്റൊരു ആകാശം പതിയെ വിടര്‍ന്നു. ഏതോ രഹസ്യ താവളത്തില്‍ നിന്നെന്നപോലെ കടന്നുവന്ന വെണ്‍മേഘങ്ങളെക്കൊണ്ട് അവിടം നിറഞ്ഞു. സൗഹൃദത്തിന്റെ നിഗൂഢഭാവവുമായൊരു  ശബ്ദം അപ്പോള്‍  അവിടെ ഒഴുകിപ്പരന്നത്  ഒറ്റക്കമ്പി മാത്രമുള്ളൊരു വീണയുടെ തേങ്ങലുകള്‍ പോലെ. പിന്നാലെ  എങ്ങുനിന്നോ ഒരനിവാര്യത പോലെ ഒരു ട്രെയിനിന്റെ ഇരമ്പം കടന്നുവന്ന് ആ  തേങ്ങലുകളെയും  ചേര്‍ത്തുപിടിച്ചാണ് പ്ലാറ്റ്‌ഫോമിന്റെ ഓരം  ചേര്‍ന്നു നിന്നത്. അപ്പോള്‍ രാജു   മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പോടെ അവിടെ ആ  ട്രെയിനും കാത്ത് നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios