Malayalam Short Story : പരിണാമം, മനോജ് സഞ്ജീവ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മനോജ് സഞ്ജീവ് എഴുതിയ ചെറുകഥ

chilla malayalam short story by Manoj Sanjeev

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Manoj Sanjeev

''പറഞ്ഞു തുടങ്ങിയാല്‍ ഒരുപാടു ഒരുപാടു പറയാനും, എഴുതിത്തുടങ്ങിയാല്‍ ഒരുപാടു എഴുതാനും, ചിന്തിച്ചു തുടങ്ങിയാല്‍ മലയോളം ചിന്തിക്കാനും  ഒക്കെ തോന്നുക സ്വാഭാവികം തന്നെയാണ്.

ആണോ...?

പക്ഷെ ആ തോന്നലുകള്‍ക്കിടയില്‍ തടസ്സമായി എന്തെങ്കിലും ഒന്ന് ഒരു  ചിലന്തിവലപോലെ പടര്‍ന്നു നില്‍ക്കും. ചിന്തകളും  തോന്നലുകളും ആ വലയിലെ പശിമയില്‍ ഇരയെപോലെ ഒട്ടിപ്പിടിച്ചു കൊണ്ടും ഇരിക്കും. ചിലന്തിവലകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, എന്താണെന്നല്ലേ. ചിലന്തി അതിനുനടക്കാന്‍ പാകത്തിന് പശിമയില്ലാത്ത ഒരു പാത ഒരുക്കിയിട്ടിരിക്കും. അതിനു മാത്രം അറിയാവുന്ന ഒരു രഹസ്യ പാത.

അപ്പോള്‍ ആ പാത കണ്ടെത്തുക അതിലൂടെ മറുപുറം കടക്കുക. കുറെ നാളുകളായി ഞാനും തേടിയത് അതുതന്നെയായിരുന്നു. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിയും ഓടിയും പിടഞ്ഞുമൊക്കെ ആ വഴിയില്‍ എത്തിയപ്പോഴോ?

അത്ര എളുപ്പമല്ല!

വലക്കണ്ണികളില്‍ കുടുങ്ങി മറിഞ്ഞ് ഇപ്പോള്‍ എന്റെ തോന്നലുകള്‍ക്കും ചിന്തകള്‍ക്കും  വല്ലാത്ത പശിമ ഉള്ള പോലെ. സുരക്ഷിതമായ ആ വഴിയിലും നേര്‍ത്ത പാടപോലെ എന്റെ ചിന്തകള്‍ പശ തേച്ചു. പതിയെ പുറത്തുകടന്നു. 

അതെ ഇപ്പോളെന്റെ ചിന്തകള്‍  സ്വതന്ത്രമായി. ഇനി എന്റെ ചിന്തകള്‍ക്ക് ചിറകു വിരിക്കാം. ചിറകടിച്ചു ഒരുപാടു ഒരുപാടു പറക്കണം.. അകലേക്കല്ല. ഇവിടെത്തന്നെ. ഈ മണ്ണിലും മരത്തിലും പൂവിലും കാം കാട്ടിലുമൊക്കെയായി പ്രകൃതിയെ  തൊട്ടുരുമ്മി പറക്കണം. ചിന്തകള്‍ ചിറകുവിരിച്ചു നിവര്‍ന്നു. മുന്നോട്ടായും മുന്നേ പിന്നിട്ട വഴിയിലെ നേര്‍ത്ത പശിമയുടെ പാട പടര്‍ന്ന ആ പാതയിലേക്ക് നോക്കി. അതിനേക്കാള്‍ ഭയപ്പെടുത്തിയത് ആ വലക്കണ്ണികളില്‍ കുടുങ്ങിയ മറ്റനേകം ചിന്തകളുടെ പിടച്ചിലാണ്.

ഇല്ല. പറക്കണം അതാണ് ലക്ഷ്യം. പറക്കണം. ചിന്തകള്‍ ചിറകു വിടര്‍ത്തി ഉയര്‍ന്നു പൊങ്ങി.''

രണ്ട്

ഇത്രയും നോട്പാഡില്‍ ടൈപ്പ് ചെയ്ത് തീര്‍ത്ത് മെല്ലെ പുറത്തേക്ക് നോക്കി. തിരക്കുപിടിച്ച പായുന്ന അനേകം വാഹനങ്ങള്‍ മനുഷ്യര്‍, അംബരം ചുംബിച്ചില്ലെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന തലയെടുപ്പുള്ള  കെട്ടിടങ്ങള്‍. അതിനു നെറ്റിപ്പട്ടമെന്നോണം നിയോണ്‍ വെളിച്ചം വിതറുന്ന ബോര്‍ഡുകള്‍ ആകെപ്പാടെ ഒരു ഉത്സവപ്പറമ്പ് പോലെ തോന്നിച്ചു.

കോറിയിട്ട വാക്കുകള്‍ ചിതറിവീണ നോട്പാഡിന്റെ കറുത്ത പ്രതലത്തില്‍ ഒരു ചിത്രം പോലെ ആ കാഴ്ച നിറഞ്ഞ് നിന്നു. ഒരു അപാര നഗരം പോലെ ആ പറമ്പ് എനിക്ക് മുന്നില്‍ വീണ്ടും വീണ്ടും തിളങ്ങി നിന്നു.

ഇത്രയും നാള്‍ ഈ തിരക്കില്‍ ഊളിയിട്ടു നടന്നിട്ടും എനിക്ക്  ഇതൊരിക്കല്‍പ്പോലും തോന്നിയിട്ടില്ല. ഈ സാമ്യം. ആ തിരിച്ചറിവ് ഇപ്പോള്‍ എവിടുന്നു വന്നു അറിയില്ല.

'ചിലപ്പോള്‍ ചിറകുവിരിച്ച ചിന്തകള്‍ ഓര്‍്മിപ്പിച്ചതാവാം... '

ആത്മഗതം ഉച്ചത്തിലായിപ്പോയോ എന്ന് തെല്ലാശങ്കയുണ്ടായി. അതുശരി വെക്കുമ്പോലെ വീണ്ടും

'അതെ...അതു തന്നെ...ചിലപ്പോള്‍ ചിറകുവിരിച്ച നിന്റെ ചിന്തകള്‍ ഓര്‍മിപ്പിച്ചതാവാം...'

'ആ നീയോ... നീയെപ്പോ എത്തി'

'നിന്റെ ചിന്തകള്‍ വല്ലാത്ത വിഷമത്തോടെ ഉയര്‍ന്നു പറക്കാന്‍ തുടങ്ങിയപ്പോള്‍.. അതിനു നീ ദിനാങ്കങ്ങള്‍ കൊണ്ട് അടിവരയിട്ടപ്പോള്‍...'

അല്ലെങ്കിലും അവന്‍ എപ്പോഴും ഇങ്ങനെയാ.. ഞാന്‍ ഒറ്റക്കാകുമ്പോള്‍. വിഷമിക്കുമ്പോള്‍ ഓടിയെത്തും. പക്ഷെ വല്ലാത്ത സന്തോഷത്തില്‍ മതിമറന്നു നില്‍ക്കുമ്പോള്‍ കാണാന്‍ കൂടി കിട്ടില്ല...

'നിങ്ങളൊന്നു സൂക്ഷിച്ചു നോക്കിയാല്‍ ഇപ്പോള്‍ അവനെക്കാണാം..കാണുന്നുണ്ടോ.'

'എന്നെ അവര്‍ എങ്ങനെ കണാനാ. മരിച്ചു മണ്ണടിഞ്ഞു പോയ എന്നെ നിനക്ക് മാത്രമേ കാണാന്‍ പറ്റൂ. കാരണം. ഇപ്പോള്‍ നീ എടുത്തണിഞ്ഞിരിക്കുന്ന ദേഹം ഞാനായത്  കൊണ്ട് മാത്രം.'

'നീ മരിച്ചെന്നോ? ഇല്ലാ, ഞാനിതു വിശ്വസിക്കില്ല. എനിക്ക് നിന്നെ കാണാന്‍ പറ്റുന്നുണ്ട് അറിയാന്‍ പറ്റുന്നുണ്ട്. പിന്നെങ്ങനെ?'

ഒരു അമര്‍ത്തിയ പുഞ്ചിരിയോടെ അവന്‍ മെല്ലെ എന്റെ അരികിലേക്ക് നീങ്ങി വന്നു. ബാല്‍ക്കണിയിലെ ഭിത്തിയോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. കാലിനുമേല്‍ കാല്‍ കയറ്റി വല്ലാത്തൊരു മന്ദഹാസത്തോടെ എന്നെ നോക്കികൊണ്ടേ  ഇരുന്നു. പുറത്ത് ഇരുള്‍ മെല്ലെ പടര്‍ന്നു കയറുന്നു. അങ്ങകലെ നരവീണ കുന്നുകള്‍ക്കപ്പുറം ഒരു അസ്തമയം കൂടി മുഖച്ഛായം പൂശുന്നു. 

പതിയെ പതിയെ അന്ധകാരം അവിടമാകെ മൂടും. ഈ നാട്ടിലെ അവസാന സന്ധ്യ. ഈ അവസാന രാത്രിയില്‍ ഇതുവരെയില്ലാത്ത ഭാവത്തില്‍ അവനും.

'മരിച്ചതല്ല, കൊന്നതാണ്. നീ എന്നെ. ഇഞ്ചിഞ്ചായി. നിനക്ക് എന്റെ ഈ ശരീരം വേണമായിരുന്നു. സ്വാര്‍ത്ഥമായ ലോകത്ത് സ്വാര്‍ത്ഥമായി തന്നെ നീയും ചിന്തിച്ചു കാരണം നിന്റെ മുന്നില്‍ ചിലന്തിവലകള്‍ കൊണ്ട് കെട്ടിയ ഒരു കോട്ടയുണ്ടായിരുന്നു. പുറത്തുനിന്നാര്‍ത്തലച്ച എന്നെ നീ കണ്ടില്ല. കേട്ടില്ല. നിനക്ക് എന്റെ ദേഹം മാത്രം  മതിയായിരുന്നു. ദേഹമില്ലാതെ ഈ ദേഹിക്ക് എന്ത് ചെയ്യാന്‍ കഴിയും. അതെ നീ എന്നെ കൊന്നതാണ്...'

ആ മറുപടി എന്നെ ഏതോ പൊട്ടക്കിണറ്റിലേക്കാണ്   തള്ളിയിട്ടത്.  ചുറ്റും വലകള്‍ക്കു പകരം ചിന്തകള്‍ കൊണ്ടുതീര്‍ത്ത  ചുവരുകള്‍ അതിനുള്ളില്‍ ഓര്‍മകളാകുന്ന ജലം നിറഞ്ഞിരിക്കുന്നു അതില്‍ നിലയില്ലാതെ ഞാനും ആഴങ്ങളിലേക്ക് ആഴ്ന്നുപോകുന്ന പോലെ.

കിണറുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്. എന്താണെന്നറിയാമോ. നിങ്ങള്‍ക്കും എനിക്കും ഇപ്പൊ അതറിയാം.

ചിന്തകള്‍ തൊടികളാക്കി ചവിട്ടുപടികളാക്കി ഞാന്‍ പതിയെ പതിയെ ഉയര്‍ന്നു വന്നു. ഉച്ചത്തില്‍ ഞാന്‍ അലറാന്‍ തുടങ്ങി

'അതെ കൊന്നതാണ്. കൊന്നതാണ്. ആര്‍ക്കുവേണ്ടി അറിയില്ല എന്തായാലും ഞാനല്ല. ഞാനല്ല കൊലപാതകി. ഞാനല്ല വെറും ദേഹിയായ ഞാന്‍ നിന്നെ എങ്ങനെ കൊല്ലാന്‍. നിന്നെപ്പോലെ ഞാനും ദേഹി മാത്രം അല്ലേ..'

എന്റെ ആ ചോദ്യത്തില്‍ ആ അലര്‍ച്ചയില്‍ അവന്‍ നടുങ്ങിയ പോലെ. ചുണ്ടിലൊളിപ്പിച്ച മന്ദസ്മിതം മഞ്ഞ പോലെ. ഞാന്‍ അവനരികിലേക്കു നീങ്ങി. അവന്‍ എനിക്കരികിലേക്കും. ഞാന്‍ അവനെയും അവന്‍ എന്നെയും കടന്നു പോയി. അവനിരുന്ന ഇരിപ്പിടത്തില്‍ ഞാനിരുന്നു. കാലിനു മേല്‍ കാല്‍ കയറ്റി വച്ചിരുന്നു.

പെട്ടെന്ന് അവന്‍ അലറാന്‍ തുടങ്ങി.

'എവിടെ.... എവിടെ.... ഞാന്‍ തേടിയെത്തിയത് എന്റെ ദേഹത്തെയാണ്. അതെനിക്ക് വേണം'

'അതെ നിനക്ക് നിന്റെ ദേഹം വേണം. അത് ഞാന്‍ തന്നു കഴിഞ്ഞു. ഓര്‍മകളാകുന്ന നീര്‍പുതച്ച് ചിതകള്‍ അതിരിട്ട തൊടികളില്‍ കാലുറപ്പിച്ചു ദേഹിയില്ലാത്ത ദേഹമായി അതാ അവിടെ. ദേഹമില്ലാതെ ദേഹിക്ക് ആലയം പക്ഷെ ദേഹിയില്ലാതെ ദേഹമില്ല..'

സ്വിമ്മിംഗ് പൂളിലെ പടിക്കെട്ടില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആ ശരീരം അവന്‍ ഇറുകെ പുണര്‍ന്നു. അങ്ങനെ ആ ദേഹിയും ദേഹവും ഒന്നായി. ആ കാഴ്ച ഞാന്‍ കണ്ണ് നിറയെ കണ്ടുകൊണ്ട് ഇരുന്നു. അകലെ ചായം പൂശി ചുവന്ന മാനം ഇരുട്ടിന്റെ കമ്പളം വലിച്ചിട്ടു. അന്ധകാരം.

'നീയെവിടെയാണ് എനിക്ക് നിന്നെ കാണാന്‍ പറ്റുന്നില്ല..'

ഞാന്‍ ഇരുന്നിടത്തു നിന്നും അനങ്ങിയതേയില്ല. അവിടെ തന്നെ ഇരുന്നു. അതെ അവസാന രാത്രി. അവസാന അസ്തമയം.പക്ഷെ അതിനു മുന്നേ അവനു വേണ്ടി ദിനാങ്കങ്ങള്‍ കൊണ്ട് വരച്ച അടിവരക്കു കീഴെ ഞാന്‍ ഇങ്ങനെ കുറിച്ചിരുന്നു.

'ദേഹവും ദേഹിയും ഒന്നായി ഇപ്പോള്‍ നീ അവനായി. ഞാന്‍ വെറും ദേഹിയും. ഇനിയൊരിക്കലും വരാത്ത അകലേക്ക് ഞാന്‍ പോകുന്നു. നിനക്ക് പറക്കാന്‍ ചിറകുള്ള ചിന്തകളും പുതിയ ലോകവും ബാക്കിയാണ്. ഒന്നായിരിക്കുക, ഒരിക്കലും പിരിയാതെ. '


അവന്‍ എന്നെങ്കിലും ആ വരികള്‍ കാണുമായിരിക്കും. പറഞ്ഞില്ലേ എനിക്ക് കാണാന്‍ ഇനി എന്തൊക്കെ ബാക്കിയാണ് . ആ  ഉത്സവപറമ്പിലേക്ക് പോണം. ഇതുവരെ കാണാത്ത കാഴ്ചകള്‍ കാണണം. ആ തിരക്കില്‍ ലയിക്കണം പറ്റുമെങ്കില്‍ ദേഹിയില്ലാത്ത. .അവകാശിയില്ലാത്ത ഒരു ദേഹം കണ്ടു പിടിക്കണം. അങ്ങനെ.. അങ്ങനെ..ഒരുപാട്...

പറഞ്ഞു തുടങ്ങിയാല്‍ ഒരുപാടു ഒരുപാടു പറയാനും, എഴുതിത്തുടങ്ങിയാല്‍ ഒരുപാടു നേരം എഴുതാനും, ചിന്തിച്ചു തുടങ്ങിയാല്‍ മലയോളം ചിന്തിക്കാനും ഒക്കെ തോന്നുക സ്വാഭാവികം തന്നെയാണ്....അല്ലേ! 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios