രൂപാന്തരം, ലിസ ലാലു എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ലിസ ലാലു എഴുതിയ കഥ

chilla malayalam short story by Lisa lalu

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by Lisa lalu

 

ജന്തുശാസ്ത്ര ലാബിലെ ഡിഷിനുള്ളില്‍ തവള കൈകാലുകള്‍ വലിച്ചു നീട്ടി പിന്നുകളാല്‍ ബന്ധിക്കപ്പെട്ടു. പാതി മയക്കത്തില്‍ അവള്‍ ബ്ലേഡ് കൈയിലെടുത്തു.

'നിങ്ങളുടെ ബാച്ചിനും കൂടെ ഉള്ളൂ. പാടത്തും പറമ്പിലും ഓടി നടന്നു പിടിച്ചതാണ്.തരാന്‍ വേറെയില്ല.'

ആരാണത് പറയുന്നത്..?

അബോധത്തില്‍ അവള്‍ തല ചെരിച്ചു നോക്കി.ലാബിലെ അസിസ്റ്റന്റിന് അയാളുടെ മുഖം! തവളയ്ക്ക് തന്റെ മുഖമാണോ..?

അയാള്‍ തന്റെ പിറകെ ഓടി നടന്നു മയക്കി പിടിച്ചു ചാക്കിലിട്ടു രജിസ്റ്റര്‍ ഓഫീസില്‍ കുടഞ്ഞിട്ടു ഒപ്പിടീപ്പിച്ചതോര്‍ത്തു അവള്‍ക്കു ചിരി വന്നു.

വയറിന്റെ ഏഴു പാളികള്‍ തുരന്ന് ഗ്ലൗസിട്ട കൈകള്‍ അകത്തേക്ക് ആഴ്ന്നു. കണ്ണു മൂടിയ കറുത്ത തുണിക്കിടയിലൂടെ മങ്ങിയ വെളിച്ചത്തില്‍ മയങ്ങിയ ബോധത്തില്‍ ചോര പുരണ്ട വെളുത്ത ഗ്ലൗസ് ചലിക്കുന്നതും വിവിധ  ആകൃതിയില്‍ ഉള്ള കത്തികള്‍ ആവിശ്യപ്പെടുന്നതും അവള്‍  കണ്ടുകൊണ്ടിരുന്നു. വട്ടം ചുഴറ്റി ചെത്തിയെടുത്തു വെക്കുന്ന അവയവം നനുനനുപ്പിന്റെ, വഴുവഴുപ്പിന്റെ ജീവിതത്തിലെ പല ഓര്‍മ്മകളുടെയും വളര്‍ച്ചയുടെ പല നിമിഷങ്ങളുടെയും ഭൂപടം അവള്‍ക്കു മുന്നില്‍ തുറന്നുവച്ചു. അഗാധഗര്‍ത്തങ്ങളും ചുഴികളും നിറഞ്ഞ കടല്‍ നാഭിയില്‍ ഒളിപ്പിച്ച് അവള്‍ കണ്ണുകളടച്ചു. ഒരേസമയം മരുഭൂമിയും പുല്‍മേടും പുഴകളും മലകളും കടലും കരയും നിറഞ്ഞ ഭൂമികയായി പെണ്‍ശരീരം മേശയില്‍ നിറഞ്ഞു. ഓപ്പറേഷന്‍തിയേറ്ററിന്  പുറത്തു നിന്നേല്പിച്ച ചെറിയ അടപ്പുള്ള പാത്രത്തില്‍ ഭൂമിയില്‍ ജീവനോടെയും മരിച്ചും പുറത്തെത്തിയ സകലബീജങ്ങളും ഒട്ടിപ്പിടിച്ചു വളരാന്‍ മത്സരിച്ചതും വളര്‍ന്നതുമായ ആദ്യതൊട്ടില്‍ രണ്ടു കൈകളും ചുരുട്ടി ചുരുണ്ടുകിടന്നു. നേര്‍ത്ത ശബ്ദത്തോടൊപ്പം ഭിഷഗ്വര വയറില്‍ കൊഴുപ്പിന്റെ മഞ്ഞപാളികളെ തുന്നിക്കൊണ്ടിരുന്നു. വയര്‍ ഭൂമി എന്ന ഗ്രഹമായതായും അതു മുഴുവന്‍ അവരുടെ കൈകളില്‍ ചാഞ്ചാടുന്നതായും സൂചിയും നൂലും അച്ചുതണ്ടായതായുമോര്‍ത്ത് അവളുടെ  വിയര്‍ത്ത നെറ്റി ചുളിഞ്ഞു.

ഡിസെക്ഷന്‍ മേശയില്‍ കീറാന്‍ മയങ്ങി കിടന്ന തവളയെപ്പോലെ തൂങ്ങിയ വയറിന്റെ രണ്ടു വശങ്ങള്‍ കവിഞ്ഞ് മേശപ്പുറം കവിഞ്ഞുപോയെന്നു അവള്‍ക്ക് തോന്നി. അഴകളവുകളെ കുറ്റപ്പെടുത്താന്‍ അയാളിവിടെ ഇല്ല. തുടര്‍ച്ചയായ ഗര്‍ഭങ്ങള്‍ നല്‍കിയ തൂങ്ങിയ വയര്‍ അയാളുടെ വിമര്‍ശനം എന്നും ഏറ്റുവാങ്ങി തളര്‍ന്നു പോയിരുന്നു.

തവളയുടെ മുഖം വീണ്ടും അബോധത്തില്‍ കാണുന്നു.

'ചെരിഞ്ഞു കിടക്ക്.. അനസ്‌തേഷ്യ തരുമ്പോള്‍ താനെന്തു ചെയ്യുവാടോ.. നേരെ കിടക്ക്.. മരയ്ക്കും മുന്‍പ് കിടക്കടോ..'

വെളുത്ത സാരി ഉടുത്തു കോട്ടിട്ട നേഴ്‌സ് അലറികൊണ്ടിരുന്നു. നേരെ കിടക്കും മുന്‍പ് അവരുതന്നെ തന്റെ അരഭാഗം  മേശയില്‍ കുടഞ്ഞിട്ടു.
തവള ദയനീയമായി സോപ്പ് വെള്ളത്തില്‍ മയങ്ങിക്കിടന്നു.

'പതിയെ കീറണം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിയാണ്. ഈ ഒരെണ്ണമേ കീറാന്‍ കിട്ടൂ. മെല്ലെ വേദനിപ്പിക്കാതെ. ഞരമ്പുകള്‍ ഉടയരുത്.' -അവള്‍ മയക്കത്തില്‍ പിറുപിറുത്തു.

ലാബില്‍ ഡിഷിനുള്ളില്‍ മയക്കത്തില്‍ പാതിജീവനില്‍ തവള പിടഞ്ഞുകൊണ്ടിരുന്നു.

 

.......................................

അയാള്‍ തന്റെ പിറകെ ഓടി നടന്നു മയക്കി പിടിച്ചു ചാക്കിലിട്ടു രജിസ്റ്റര്‍ ഓഫീസില്‍ കുടഞ്ഞിട്ടു ഒപ്പിടീപ്പിച്ചതോര്‍ത്തു അവള്‍ക്കു ചിരി വന്നു.

chilla malayalam short story by Lisa lalu

 

ഒരിക്കല്‍ ആലില വയറു വീര്‍ത്തു വീര്‍ത്തു വന്നകാലത്ത് ഇതുപോലൊരു പ്രാവശ്യം നീലതുണിയ്ക്ക് മുകളില്‍ കിടന്നത് അബോധത്തില്‍ അവളുടെ ഓര്‍മ്മകളിലൂയലാടി. ഒരു ദിവസത്തെ 'മുക്ക്.. മുക്ക് ' അലര്‍ച്ചകള്‍ക്കൊടുവിലത്തെ  പ്രാണവേദനയോര്‍ത്ത് വെളുത്തു മെലിഞ്ഞ അവളുടെ കൈയിലെ നീല ഞരമ്പുകള്‍ ഉയര്‍ന്നു നിന്നു.. ചുണ്ടിനു മുകളില്‍ വിയര്‍പ്പ് പൊടിഞ്ഞു. മുന്നീര്‍ക്കുടം* പൊട്ടിച്ചു  പൊക്കിള്‍ക്കൊടി ചുറ്റി ശ്വാസം നിലയ്ക്കാതിരിക്കാന്‍ അതിവേഗത്തില്‍ നീലവിരിപ്പുള്ള  മേശപ്പുറത്തെത്തി. അതോര്‍ത്തപ്പോള്‍ അവളുടെ വായില്‍ രക്തം പോലൊരു കയ്പ്പു നിറഞ്ഞു. നട്ടെല്ല് വളച്ചു കയറിയ സൂചിക്കൊടുവില്‍ മരവിച്ച അടിവയറില്‍ നിന്നു പുറത്തെടുത്ത കിളിക്കുഞ്ഞിനു പാതി മയക്കത്തില്‍ പച്ചനിറമായിരുന്നു. വേദന  സഹിക്കാനാവില്ലെങ്കില്‍ ഈ പണിക്ക്  പോകരുതെന്നു ഭിത്തികളാകമാനം  അലറിക്കൊണ്ടപ്പോഴും തന്റെ നേര്‍ക്ക്  പാഞ്ഞുകയറുന്നെന്ന് ഭീതിയോടെ  അവള്‍  കണ്ടു. അശ്ലീല വര്‍ത്തമാനങ്ങളുടെ  കഫക്കട്ടകള്‍ തന്റെ  ശരീരത്തില്‍ അങ്ങോളം  വഴുക്കുന്നതായി  അവള്‍ക്കു തോന്നി. അവളുടെ  കണ്ണുനിറഞ്ഞു.

ശീതീകരിച്ച ഐ സി യു വില്‍ നാലുമണിക്കൂറിനു ശേഷം കണ്ണുതുറന്നപ്പോള്‍ കിളിച്ചുണ്ടു പിളര്‍ത്തി നെഞ്ചോട് ചേര്‍ന്നു വന്ന ചുവന്ന കുഞ്ഞുമുഖം.. ആദ്യമായി വേദന സുഖകരമായ നിമിഷം. മകള്‍!

അവളെവിടെ?

അവളെ നെഞ്ചോട് ചേര്‍ക്കാന്‍ കൈകള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പിന്‍ ആണോ? ഒരു കൈ ബന്ധിച്ചിരിക്കുന്നു. മറ്റൊന്നില്‍ ഗ്ലുക്കോസ് കയറിക്കൊണ്ടിരിക്കുന്നു. കാലുകള്‍ മരവിച്ചു മരിച്ചുപോയിരിക്കുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞു അന്ന് ലഭിച്ചതൊരു മകളെയായിരുന്നു. ഇന്നവള്‍ കിടന്നിടം പുറത്തൊരു പാത്രത്തില്‍ ചത്തുകിടക്കുന്നു.

'രണ്ടു ഓവറികളിലും സിസ്റ്റ് ഉണ്ട്. നില്‍ക്കാതെ ബ്ലീഡിങ് തുടര്‍ന്നാല്‍ എടുത്തു കളയുക. ക്യാന്‍സറിന് സാധ്യത ഉണ്ട്. '

ചൂണ്ടുവിരല്‍ ആദ്യമായി ചുവന്ന നിമിഷത്തിലെ ഭയവും ലജ്ജയും അവളെ കൗമാരത്തിലേക്ക് കൊണ്ടുപോയി. രാജകുമാരിയായി പൊന്നും പുടവയും കൊണ്ടു മൂടിയ കാലം അവളുടെ കണ്ണില്‍ മിന്നി. ഏഴാം നാളിലെ പായല്‍ അധിനിവേശം നടത്തിയ കുളത്തിലെ തണുത്ത ജലം അരയില്‍ ഓളങ്ങളായി ഒഴുകുന്നതവളറിഞ്ഞു.

സ്‌കാനിംഗ്  റിപ്പോര്‍ട്ടിലെ കറുപ്പും വെളുപ്പും നോക്കി വീണ്ടും ഗൈനക്കോളജിസ്റ്റ് അതു പറയുമ്പോള്‍ ഭിത്തിയില്‍ ചിരിച്ചിരിക്കുന്ന പല കുഞ്ഞുങ്ങളെയും കൗതുകത്തോടെ നോക്കുകയായിരുന്നു അവള്‍.. മകളുടെ മുഖമുള്ള കുഞ്ഞുണ്ടോ..

'എടോ, താന്‍ കേട്ടോ, നമുക്കിതങ്ങു കളയാം. തന്റെ സ്ട്രക്ച്ചര്‍ പോകുമെടോ'

മഞ്ഞ ഭിത്തിയോട് അവളെ ചേര്‍ത്ത് നിര്‍ത്തി അയാള്‍ പറഞ്ഞു. ജീവന്റെ ആദ്യതുടിപ്പ്. ആ പറഞ്ഞത് അയാളാണെന്നു വിശ്വസിക്കാന്‍ അവള്‍ പാടുപെട്ടു. സ്‌നേഹത്തോടെയുള്ള സമാഗമങ്ങള്‍ ഒക്കെയും ഓര്‍ത്തു പെട്ടന്നവള്‍ക്ക് അയാളോട് വെറുപ്പ് തോന്നി. അയാളുടെ പരസ്ത്രീവര്‍ണ്ണനകള്‍ കാതിലേക്ക് തുളച്ചു കയറി തലവേദന പിടിച്ചുതുടങ്ങിയതില്‍ പിന്നെ അവളൊരു ശരീരം മാത്രമായിരുന്നു.

രണ്ടു ഡി എന്‍ സി ചെയ്തു ചുരണ്ടിതീര്‍ത്ത ഓവറികള്‍ക്കകത്ത് വീണ്ടും പവിഴപ്പുറ്റുകള്‍ പോലെ മുഴകള്‍ നിറഞ്ഞു വന്നു. കടല്‍ തിരമാലകള്‍ പോലെ നിലയ്ക്കാതെ കിടക്കവിരികളിലെ ചുവന്ന വൃത്തങ്ങള്‍ക്ക് വ്യാസം കൂടി വന്നു. അലക്കുയന്ത്രം എപ്പോളും മുരണ്ടുകൊണ്ടിരുന്നു. കറന്റ് ബില്ലിലെ സൂചിക ഉയര്‍ന്നു തുടങ്ങിയപ്പോള്‍ അയാളും യന്ത്രത്തെപോലെ ശബ്ദം ഉയര്‍ത്തി തുടങ്ങി.

'പെണ്ണിന്റെ ശരീരത്തില്‍ വേണ്ട പ്രധാന അവയവമാണിത്. എടുത്തു കളഞ്ഞാല്‍ പിന്നെ നിന്നെ എന്തിന് കൊള്ളാം.എല്ലാ കാര്യങ്ങളും അവതാളത്തിലാകും.  ശരീരത്തിന്റെ ഉള്ള ഭംഗിയും പോകും. അല്ലേല്‍ തന്നെ നിന്നെ കണ്ടാല്‍ എന്റെ അമ്മയാണെന്ന് പറയും. കറന്റ് ബില്‍ അടയ്ക്കുന്നതിലും നല്ലത് സര്‍ജറി തന്നെയാ. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇങ്ങനെ മുതലാക്കാം.'

അയാളുടെ മൂര്‍ച്ചയും മുനയുമുള്ള സംസാരം തികട്ടി തികട്ടി നെഞ്ചില്‍ വേദനയുണ്ടാക്കുന്നു.

രാത്രികളില്‍ ഓപ്പറേഷന്‍ നല്‍കുന്ന നഷ്്ടം നികത്താന്‍ പലതവണ ഇഷ്ടമില്ലാതെ അയാളാല്‍ ഞെരിഞ്ഞമര്‍ന്നു അവള്‍ ടാര്‍ വഴിയില്‍ പതിഞ്ഞു പോയ തവളയായി മാറി.

'നീ എന്റടുത്തു വരും മുന്‍പേ ഗര്‍ഭിണി ആയിരുന്നു എന്ന് എന്റെ അമ്മ പറഞ്ഞപ്പോള്‍ അന്ന് ഞാന്‍ വിശ്വസിച്ചില്ല. നിന്റെ മകള്‍ എന്റേതല്ല. ഇവിടെ നീ തിന്നുന്നതും ഉറങ്ങുന്നതും എന്റെ ഔദാര്യം.' മദ്യം മണക്കുന്ന രാത്രിയില്‍ പേ പിടിച്ച പട്ടിയെ പോലെ അയാള്‍ പുലമ്പി. രാവിന്റെ കറുത്ത ഭിത്തിയില്‍ ചാരി നഗ്‌നയായി അവള്‍ അന്ധാളിച്ചു നിന്നു. ഉരുക്കൊഴിച്ച പോലെ വാചകങ്ങള്‍ ചെവിയിലും ഹൃദയത്തിലും വീണു. തവളയെ അവള്‍ പതിയെ കീറി തുടങ്ങി..

 

.....................................

കഴുത്തിലെ മഞ്ഞച്ചരട് പൊട്ടിച്ചെറിഞ്ഞു കൊക്കുകള്‍ കൂര്‍പ്പിച്ചു നഖങ്ങള്‍ രാകി ചിറകുകള്‍ മിനുക്കി ആകാശം മാത്രം ലക്ഷ്യമാക്കി വട്ടമിട്ടു പറക്കാന്‍ അവളൊരു പരുന്തായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

chilla malayalam short story by Lisa lalu

 

'ഇതു ഹൃദയം.. ഇത് വയര്‍.. വയറില്‍ കുടലുമാത്രം..'
 
ഐ സി യു വിലേക്ക് മാറ്റാന്‍ പോവാണേ. രണ്ടു മൂന്നു പേര്‍ ചേര്‍ന്നു തന്നെ സ്ട്രെച്ചറില്‍ കിടത്തി. ഉന്തിക്കൊണ്ടുപോകുമ്പോള്‍ വയലിനരികിലെ തോട്ടില്‍ നിറയെ വാല്‍മാക്രികുഞ്ഞുങ്ങള്‍..

'ഒളിച്ചു വളര്‍ന്നോ.. ആര് വിളിച്ചാലും പോകരുത്. ചതിക്കും. '

പന്നലിലകളുടെ മറവു ചൂണ്ടിക്കാണിച്ചു അവള്‍ പറഞ്ഞു. കറുപ്പില്‍ മഞ്ഞപുള്ളിയുള്ള അട്ടകള്‍ തലങ്ങും വിലങ്ങും ഇണചേര്‍ന്നട്ടിയിരിക്കുന്ന മതിലോരത്ത് നനവൂറുന്ന കറുത്ത മണ്ണില്‍ നിന്നു വഴുക്കി വഴുക്കി ഒരു മണ്ണിര ചിരിച്ചു. എന്തുകൊണ്ടോ അവള്‍ക്കയാളെ ഓര്‍മ്മ വന്നു. വീണ്ടും വീണ്ടും അയാളിങ്ങനെ..

എത്രയോ രാത്രികളുടെ പകലുകളുടെ യാമങ്ങളുടെ ഫലമാണ് മകള്‍. അയാളെ അച്ചിലിട്ടു വാര്‍ത്തപോലെ.. അയാള്‍ക്കെങ്ങനെ അവളുടെ വേരുകളെ  നിരസിക്കാനായി..

'വേദന തുടങ്ങിയോ, മരുന്നിടാനാ..'

കുക്കരിക്കട്ട*കള്‍ നിറച്ചു ഇവിടെല്ലാം വൃത്തികേടാക്കി. മണ്ണപ്പം ചുട്ടു വച്ച പോലുണ്ട്. പഞ്ചാര മണലാരുന്നു. ചാടാം.. നീന്താം..മറിയാം.. തോടുണ്ട്. അമ്മയുണ്ട്. അച്ഛനുണ്ട്.

തവളയ്ക്ക് തവള മതി. മഞ്ഞച്ചേര വേണ്ട. മെല്ലെ സ്‌നേഹിച്ചു വിഴുങ്ങും. ചാടാനും നീന്താനും സമ്മതിക്കില്ല. വായില്‍ ഇറുക്കി പിടിക്കും. ശ്വാസം കിട്ടില്ല. രക്ഷപ്പെടണം. പൊട്ടക്കിണറ്റിലേക്കല്ല. അവിടെ ഇരുട്ടു മാത്രമേ ഉള്ളൂ. ശുദ്ധവായുവില്ലാതെ വീണ്ടും മരിച്ചു മരിച്ചു..
ചാടണം. ഉയര്‍ന്നു പൊങ്ങി ചാടണം. ചാടാനായില്ലേല്‍ പറന്ന്  പറന്ന്. അവനെ തിന്നുന്ന പറവയാകണം.

'പേഷ്യന്റിനു ബോധം വരട്ടെ. അണ്‍കോണ്‍ഷ്യസ് ആണ്.'
 
ഐ സി യു വിന്റെ കോച്ചുന്ന തണുപ്പില്‍ മുറിവിന്റെ വേദന അരിച്ചരിച്ചു തുടങ്ങുമ്പോള്‍ കഴുത്തിലെ മഞ്ഞച്ചരട് പൊട്ടിച്ചെറിഞ്ഞു കൊക്കുകള്‍ കൂര്‍പ്പിച്ചു നഖങ്ങള്‍ രാകി ചിറകുകള്‍ മിനുക്കി ആകാശം മാത്രം ലക്ഷ്യമാക്കി വട്ടമിട്ടു പറക്കാന്‍ അവളൊരു പരുന്തായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.

....................


1.*മുന്നീര്‍ക്കുടം -ഫ്‌ളൂയിഡ്
2.*കുക്കരിക്കട്ട -മണ്ണിരയുടെ വിസര്‍ജ്ജ്യവസ്തു. മികച്ച വളമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios