Malayalam Short Story : ഉണ്ണാക്കാക്കയുടെ സിനിമാപിടിത്തം, കെ.ആര്‍ രാജേഷ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ.ആര്‍ രാജേഷ് എഴുതിയ ചെറുകഥ

chilla malayalam short story by KR Rajesh

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by KR Rajesh

 


ഉണ്ണാകാക്ക എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഉമ്മറിന്റെ രാത്രി സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് സിനിമയായിരുന്നു. ഒരു സിനിമയെടുക്കുക എന്നതാണ് ഉമ്മറിയന്‍ ടാര്‍ഗറ്റ്.

ഒരു സുപ്രഭാതത്തില്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഉണ്ണാകാക്കയുടെ മനസ്സില്‍ കുടിയേറിയ മോഹമല്ല സിനിമ.

മ്മടെ ജയന്‍ ബെല്‍ബോട്ടം കളസ്സം വലിച്ചു കയറ്റി മസില്‍ പെരുപ്പിച്ചു വെള്ളിത്തിരയില്‍ 'വി ആര്‍ നോട്ട് ബെഗേര്‍സ്' എന്ന് മോഡേണ്‍ വസ്ത്രധാരിണിയായ സീമയോടും ഉടപ്പിറന്നവനോടും വിളിച്ചുകൂവിയ നാള്‍ മുതല്‍ മ്മടെ കാക്കയുടെ ഖല്‍ബില്‍ കുടിയേറിയതാണ് സിനിമ.

'താഴെവീണു കിടക്കുന്നവനെ തല്ലരുതെന്ന് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.'


നസീര്‍കാക്ക ജയനെ ഓര്‍മ്മപ്പെടുത്തുന്നത് കണ്ടതോടെ മ്മടെ ഉണ്ണാകാക്കയുടെ ഖല്‍ബിലെ മോഹം ഇരട്ടിച്ചു.

പെണ്ണെന്ന വര്‍ഗ്ഗത്തെ വിശ്വസിക്കാനാവില്ലയെന്നു ചന്തുവായി ചമഞ്ഞൊരുങ്ങി മമ്മൂക്ക പ്രഖ്യാപിച്ചതൊടേയും, ഭരതനാട്ട്യത്തിന്റെ ചുവടു വെച്ച്,കഥകളിയുടെ മുദ്രകാട്ടി ഭരതത്തില്‍ ലാലേട്ടന്‍ ഭരത് നേടിയതോടെ ഉണ്ണാകാക്ക ഉറപ്പിച്ചു തന്റെ മേഖല സിനിമതന്നെ.

കാലം പിന്നെയും കടന്നുപോയി , സിനിമ പിടിക്കുക എന്ന മോഹവുമായി ഉണ്ണാകാക്കയുടെ യാത്രതുടര്‍ന്നുകൊണ്ടേയിരുന്നു. സിനിമ മാത്രം യാഥാര്‍ഥ്യമാകുന്നില്ല.


അങ്ങനെ കടുത്തമനോദുഃഖത്തില്‍ ഉഴലുന്ന സമയ ത്താണ് കാക്ക പണ്ട് പത്തുചിറ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച നാട്ടുകാര്‍ പുങ്കന്‍ബാലന്‍ എന്ന് വിളിക്കുന്ന ഗള്‍ഫില്‍ ബിസിനസ്സ് നടത്തുന്ന ബാലന്‍ നാട്ടിലെത്തിയ വിവരം അറിയുന്നത്.

'എന്റെ കാക്കാ, കാക്കയുടെ കയ്യില്‍ കുട്ടപ്പന്‍ എഴുതിയ നല്ലൊരു തിരക്കഥ ഉണ്ട്, ആകെ കുഴപ്പം മുടക്കാന്‍ കാശില്ലാത്തതാണ്. പുങ്കന്‍ ബാലന്‍ ആണേല്‍ പേരും പ്രശസ്തിയും കിട്ടുന്ന എവിടെയും കാശ് മുടക്കാന്‍ തയ്യാറുള്ള ആളുമാണ്. തന്നെയുമല്ല നിങ്ങള്‍ പഴയക്ലാസ്സ്‌മേറ്റ്‌സും അല്ലെ? മടിക്കാതെ ബാലനെ പോയി കാണു.'


ഉപദേശകന്‍ ഉപേന്ദ്രന്‍ കാക്കയിലേക്ക് പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കിയതോടെ, ബാലന്‍-കാക്ക സമാഗമത്തിന് അരങ്ങൊരുങ്ങി.


ബാലന്റെ ബംഗ്ലാവില്‍ സിനിമാ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്, ബാലനും കാക്കയും ഉപേന്ദ്രനും കുട്ടപ്പനും ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടത്തവേ പുങ്കന്‍ബാലന്‍ തന്റെ ആദ്യ നിബന്ധന മുന്നോട്ട് വെച്ചു.

'നായകന്‍ ആരുമായിക്കോട്ടെ, നായിക മീനാക്ഷി വേണം.'

'അതെന്താ ബാലന്‍ സാറെ ഇപ്പോളിങ്ങനെ പറയുന്നത്? നമ്മള്‍ നായികയായി കല്യാണിയെ നിശ്ചയിച്ചു അഡ്വാന്‍സും കൊടുത്തതല്ലേ? അതുമല്ല മീനാക്ഷി തെന്നിന്ത്യ മൊത്തം തിളങ്ങി നില്‍ക്കുന്ന തിരക്കുള്ള നടിയല്ലേഴ അവളെ കൊണ്ടുവരുവാണേല്‍ സാറിന്റെ നിക്കര്‍ കീറും.'

ഉപദേശി ഉപേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

'എന്റെ നിക്കര്‍ കീറാതിരിക്കാനാണ് മീനാക്ഷിയെ നായികയാക്കണം എന്ന് പറഞ്ഞത്. കണിയാന്‍ പാച്ചു പറഞ്ഞാല്‍ അച്ചട്ടാ.'

ബാലന്റെ വാക്കുകള്‍ കേട്ട് അവാര്‍ഡ് സിനിമയിലെ ആദ്യ രംഗങ്ങള്‍ പോലെ മൗനമായിരിക്കാനെ കാക്കക്കും കൂട്ടര്‍ക്കും കഴിഞ്ഞുള്ളൂ.

'ഇന്നലെ കുടുംബ ജോത്സ്യന്‍ പാച്ചുവിന്റെയടുത്ത് പോയിരുന്നു. എന്റെ ശുക്രന് മേലെ നീളത്തില്‍ ശനിയും കുറുകെ ചൊവ്വയും കുടിയടപ്പ് കിടക്കുവാണെന്നാണ് പാച്ചു പറഞ്ഞത്. ധനനഷ്ടം, മാനഹാനി, അങ്ങനെ തൊന്തരവുകള്‍ ഒരുപാട് പരേഡ് പോലെ എന്നിലേക്ക് വരുമെന്നാണ് പാച്ചു നല്‍കിയ മുന്നറിയിപ്പ്.'

'പട്ടഷാപ്പില്‍ കുറ്റിയടിച്ചു കിടക്കുന്ന പാച്ചു പറയുന്നതാണോ ബാലന്‍ സര്‍ കേള്‍ക്കുന്നത്? കഷ്ടം കഷ്ടം. സാറിന് അത്ര വിശ്വാസമില്ലേല്‍ നമുക്ക് അമ്മിണിയമ്മയുടെ അടുത്ത് പോകാം. അഥവാ എന്തേലും കുഴപ്പം ഉണ്ടേല്‍ത്തന്നെ അമ്മിണിയമ്മ അതിന് പരിഹാരവും പറഞ്ഞുതരും. കൂട്ടത്തില്‍ ഫ്രീയായി അനുഗ്രഹവും തരും. ഒത്താല്‍ അമ്മിണിയമ്മയുടെ ചാനലിനെ കൊണ്ട് നമ്മുടെ സിനിമയുടെ സംപ്രേക്ഷണാവകാശവും വാങ്ങിപ്പിക്കാം.'

തന്റെ കഷണ്ടിതലയില്‍ തലോടികൊണ്ട് ഉപേന്ദ്രന്‍ പറഞ്ഞ ഉപായം കേട്ടപാടെ പുങ്കന്‍ ബാലന്‍ ആ അഭിപ്രായത്തെ നിഷ്‌കരുണം തള്ളി.

'അമ്മിണിയും കിമ്മിണിയുമൊന്നും വേണ്ട , കാലിച്ചായക്ക് കാശില്ലാതെ ഇവിടെ തെക്ക് വടക്ക് നടന്ന ഈ ബാലന്‍ ഇന്ന് ഗള്‍ഫില്‍ പോയി അല്‍-ബാലന്‍ ആയത് പാച്ചു തന്ന ഏലസ്സ് അരയില്‍കെട്ടിയ ശേഷമാണ്.'

'എന്നാല്‍ പിന്നെ ആ ഏലസ്സ് പാച്ചുവിന് സ്വന്തമായി കെട്ടികൂടായിരുന്നോ? ദിവസവും കള്ളുഷാപ്പില്‍ കടം പറഞ്ഞു തെറി കേള്‍ക്കണ്ടായിരുന്നല്ലോ അവന്.'

ബാലന്‍ കേള്‍ക്കാതെ ഉപേന്ദ്രനും ,കുട്ടപ്പനും പിറുപിറുക്കവേ ബാലന്‍ പാച്ചു നല്‍കിയ പരിഹാരനിര്‍ദേശം വിവരിച്ചു.

'എന്റെ ശുക്രന്‍ പ്രതിസന്ധിയിലാണ് ആയതിനാല്‍, ഈ സിനിമയില്‍ കോങ്കണ്ണുള്ള നടി തന്നെ നായികയായി അഭിനയിക്കണം. കോങ്കണ്ണുള്ള സ്ത്രീയുടെ സാമിപ്യം ശനിയുടെ അപഹാരം കുറക്കുമെന്നാണ് പാച്ചു പറയുന്നത്. ഒപ്പം സിനിമ റിലീസ് ആകുംവരെ സംവിധായകന്‍ അണ്ടര്‍വെയര്‍ ധരിക്കാന്‍ പാടില്ല എന്നും പാച്ചു പറഞ്ഞിട്ടുണ്ട്.'

അങ്ങനെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം താരറാണി മീനാക്ഷിയെ നായികയാക്കാനും സിനിമ പുറത്തിറങ്ങും വരെ ഉണ്ണാകാക്ക അണ്ടര്‍വെയര്‍ ധരിക്കാതിരിക്കാനും തത്വത്തില്‍ ധാരണയായി. ആ നാല്‍വര്‍ സംഘം സിനിമയുടെ ഒരുക്കങ്ങളിലേക്ക് കടന്നു.

'ഒരു പ്രശ്‌നമുണ്ട് നമ്മുടെ സിനിമ പുറത്തിറങ്ങുന്ന ദിവസം തന്നെയാണ് ലാലേട്ടന്റെയും മമ്മുക്കയുടെയും സിനിമ റിലീസ് ആകുന്നത്. ആ മഴവെള്ളപ്പാച്ചിലിനിടയില്‍ നമ്മുടെ സിനിമ ഒലിച്ചുപോകുമോ?'

സിനിമയുടെ ഷൂട്ടിംഗ് അവസാന നാളുകളില്‍ എത്തി നില്‍ക്കവേയാണ് ഉപേന്ദ്രന്‍ തന്റെ ആശങ്ക മറ്റുള്ളവരോട് പങ്കുവെച്ചത്. ആ ആശങ്ക ചിക്കന്‍ ഗുനിയ പോലെ മറ്റുള്ളവരിലേക്ക് പടര്‍ന്നു കയറാന്‍ അധികനേരം വേണ്ടിവന്നില്ല.

ഏറെ നേരത്തെ ആലോചനക്ക് ശേഷം കാക്കയും ബാലനും കുട്ടപ്പനും ഉപേന്ദ്രനും അടങ്ങുന്ന നാല്‍വര്‍ സംഘം പ്രശ്‌നപരിഹാരത്തിനായി പാച്ചു സമക്ഷത്തിലേക്ക് പാഞ്ഞു.

'ഇതിനൊക്കെ കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കണം.'

ഒരു കുപ്പി കള്ളിന്റെ അകമ്പടിയോടെ പാച്ചു പറഞ്ഞുതുടങ്ങി.

'എന്താണ് നിങ്ങളുടെ സിനിമയുടെ പേര്?'

'മുറ്റത്തെ മുല്ല'

പാച്ചുവിന്റെ ചോദ്യത്തിന് എല്‍കെജി പിള്ളേരെ പോലെ നാല്‍വര്‍ സംഘം ഒരേ സ്വരത്തില്‍ മറുപടി നല്‍കി.

'ഒന്നാംതരം പേര്, എടൊ കോപ്പന്മാരെ ഏതേലും ദൈവത്തിന്റെ പേരുചേര്‍ത്തു സിനിമക്ക് പേരിടൂ. അതുമല്ലേല്‍ ഏതേലും ഒരു പാട്ടില്‍, ഏതേലും ദൈവത്തിനെ ഉള്‍പ്പെടുത്തു. മതവികാരം പൊട്ടിയൊലിച്ച് അനുയായികള്‍ വിവാദവുമായി ഇറങ്ങും. നമുക്ക് വേണ്ടതും അതാണ്. നിങ്ങളുടെ സിനിമ ഹിറ്റ് ആകും. വിവാദം മുറുകി കഴിയുമ്പോള്‍ പേരങ്ങ് പിന്‍വലിച്ചാല്‍ മതി,ശുഭം സ്വസ്ഥം.'

പാച്ചുവിന്റെ പരിഹാര മാര്‍ഗ്ഗം കേട്ടതോടെ ഉണ്ണാകാക്കയുടെയും ബാലന്റെയുമൊക്കെ മുഖം പൂത്ത പനനീര്‍ മൊട്ടുപോലെ വിടര്‍ന്നു.

'അമ്മിണിയമ്മയുടെ ചുംബനങ്ങള്‍' എന്നാക്കിയാലോ സിനിമക്ക് പേര്?. അമ്മിണിയമ്മ ഭക്തര്‍ സിനിമക്കെതിരെ തെരുവില്‍ ഇറങ്ങും. വിവാദം മൂക്കുമ്പോള്‍ നമുക്ക് പേര് മുറ്റത്തെ മുല്ല എന്ന് തന്നെയാക്കാം.'

ഉപദേശി ഉപേന്ദ്രന്റെ നിര്‍ദേശം എല്ലാവരും കയ്യടിച്ചു പാസാക്കി.

രണ്ട്
മാസങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പ്രമുഖ ചാനലില്‍ , ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റ് സിനിമയായി മാറിയ 'മുറ്റത്തെ മുല്ല'യുടെ സംവിധായകന്‍ ഉണ്ണാകാക്ക എന്ന ഉമ്മര്‍കാക്കയുമായുള്ള അഭിമുഖം.

'ഈ സിനിമയുടെ വിജയത്തിന് ഞാന്‍ ഏറെ നന്ദി പറയുന്നത് അമ്മിണിയമ്മയോടും അതിലേറെ പാച്ചുവിനോടുമാണ്.'

ഹിറ്റ്മേക്കര്‍ ഉണ്ണാകാക്കയുടെ വാക്കുകള്‍ മലയാളിയുടെ സ്വീകരണമുറിയിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു 


 

Latest Videos
Follow Us:
Download App:
  • android
  • ios