Malayalam Short Story : കൊച്ചുറാണി കലിപ്പിലാണ്, കെ ആര്‍ രാജേഷ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ ആര്‍ രാജേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ നിന്ന് കാസര്‍കോട്ടേക്ക് സ്ഥലം മാറിയെത്തിയ പാര്‍ത്ഥസാരഥിയെന്ന പി. എസിന് ആപ്പീസില്‍ ഏറ്റവും കൂടുതല്‍ അടുപ്പം, ജോലിയുടെ ഗ്രേഡ് തുലനം ചെയ്താല്‍ തന്നേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പവിത്രന്‍, പാലരുവി എന്നിവരുമായിട്ടാണ്.
ജന്മനാടായ കൃഷ്ണപുരത്ത് നിന്ന് ജോലിമാറ്റവുമായി പി. എസ് സപ്തഭാഷാസംഗമ ഭൂമിയിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍,ഈ കാലയളവില്‍ വ്യക്തിപരവും, ജോലിസംബന്ധവുമായ പല കാതലായ വിഷയങ്ങളിലും തീരുമാനമെടുക്കുവാനാകാതെ വട്ടംചുറ്റിയ നേരത്തൊക്കെ പി.എസിന്റെ രക്ഷക്കെത്തിയത് പവിത്രന്റെയും, പാലരുവിയുടെയും വിദഗ്‌ധോപദേശങ്ങളായിരുന്നു.
പി.എസ്, പവിത്രന്‍, പാലരുവി ആപ്പീസിലെ 'ട്രിപ്പിള്‍ പി' യെ മട്ടത്രികോണത്തിന്റെ മൂന്നു വശങ്ങള്‍ പോലെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഘടകം പ്രാദേശികതയാണ്, മൂന്നുപേരും ഓണാട്ടുകരക്കാരാണ്, പി.എസ് കൃഷ്ണപുരത്തുകാരനാണെങ്കില്‍ കുംഭഭരണിയുടെ നാട്ടുകാരനാണ് പവിത്രന്‍, ന്യൂമാഹിക്കാരന്‍ നന്ദനനെ കെട്ടി വടക്കേമലബാറിന്റെ മരുമകളായെങ്കിലും അടിസ്ഥാനപരമായി പാലരുവിയും വള്ളികുന്നത്തുകാരിയാണ്, തന്നെയുമല്ല മൂവരും ഒരേ സര്‍വീസ് സംഘടനയില്‍പ്പെട്ടവരുമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ സങ്കീര്‍ണ്ണമായൊരു വിഷയത്തിന്റെ ചുരുളഴിക്കാന്‍ പി. എസ്, മനഃപൂര്‍വം തന്നെ പാലരുവിയെ മാറ്റി നിര്‍ത്തി പവിത്രനെ മാത്രമാണ് സമീപിച്ചത്.
'നീയെന്ത് പോക്രിത്തരമാണെടാ കാട്ടിയത്, അതും ഈ സമയത്ത്?'
പി. എസ് തന്റെ ആവലാതി മുഴുവന്‍ കുടഞ്ഞിട്ടപ്പോള്‍ പൊതുവേ ശാന്തനായ പവിത്രനിലും രോഷം തിളച്ചുയര്‍ന്നു.
രണ്ട്
കുടുംബജോത്സ്യന്‍ പപ്പനാവകണിയാന്റെ കവടിപ്പലകയില്‍ത്തെളിഞ്ഞ ജാതകദോഷത്തിന്റെ മാറാപ്പുമേന്തി
പി. എസ് അലഞ്ഞത് ഏറെനാള്‍. പപ്പനാവകണിയാന്റെ കവടിപ്പലകയില്‍ ഗ്രീന്‍ സിഗ്‌നല്‍ തെളിയുന്ന പെണ്‍ജാതകം തേടിയുള്ള പി. എസിന്റെ അന്വേഷണത്തിന് അറുതിവന്നത് പ്രായം നാല്പതുകളിലെത്തിയപ്പോഴാണ്.
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ഒരു നെഹ്റുട്രോഫി ദിനത്തിലായിരുന്നു പി. എസ്, കൊച്ചുറാണിയുടെ കഴുത്തില്‍ താലികെട്ടിയത്, അന്ന് കൊച്ചുറാണിയുടെ പ്രായം മുപ്പതിലെത്തുവാന്‍ പിന്നെയും മൂന്ന് നെഹ്റുട്രോഫികള്‍ കൂടികാത്തിരിക്കണമായിരുന്നു.
കല്യാണാലോചന മുറുകിവന്ന സമയത്ത് ചില ആരുമൂത്ത കാരണവന്മാര്‍ പ്രായവ്യത്യാസം ഓസോണ്‍ പാളിയുടെ വിള്ളല്‍ പോലെ ഗൗരവതരമായ പ്രശ്‌നമായി ഉയര്‍ത്തികാട്ടിയെങ്കിലും,
രണ്ടുപേരും സര്‍ക്കാര്‍ ആപ്പീസില്‍ ജോലിയുള്ളവര്‍, കുടുംബമഹിമയും, സൗന്ദര്യവുമുള്ളവര്‍ അപ്പോള്‍ 'ഏജ് ഡിഫ്രന്‍സ് ഈസ് നോട്ട് എ ബിഗ് ഇഷ്യു' എന്ന നിലപാടിലേക്ക് ഇരുകുടുംബങ്ങളും എത്തിച്ചേരുകയായിരുന്നു.
വിവാഹത്തിന് ശേഷം പിന്നെയും നെഹ്റുട്രോഫികള്‍ പലത് കടന്നുപോയെങ്കിലും കൊച്ചുറാണിയുടെ മാസമുറ മാറ്റമില്ലാതെ വന്നുകൊണ്ടിരുന്നത് ഒട്ടൊന്നുമല്ല പി. എസിനെ അലട്ടിയത്. വൈദ്യപരിശോധനയില്‍ ഇരുവരും 'പെര്‍ഫെക്റ്റ് ഓക്കേ' എന്ന് വിധിയെഴുതിയതോടെ, പപ്പനാവ കണിയാന്റെ കുറിപ്പടികളുമായി അമ്പലങ്ങള്‍ കയറിയിറങ്ങുന്ന നേരത്താണ് പിഎസിന്റെ കാസര്‍കോട്ടേക്കുള്ള ജോലിമാറ്റം. പവിത്ര-പാലരുവിമാര്‍ക്ക് മുന്നില്‍ പിഎസ് ആദ്യമായ് പങ്കുവെച്ച ആശങ്കയും ഈ പ്രസ്തുത വിഷയം തന്നെയായിരുന്നു.
'മുടങ്ങാതെ മൂന്നുമാസം ചൊവ്വയും, വെള്ളിയും ചാത്തനെ കാണു, എല്ലാം ശരിയാകും' പി. എസിന്റെ നീറുന്ന വേവലാതിക്ക് പരിഹാരമാര്‍ഗ്ഗം ചൂണ്ടിക്കാട്ടിയത് പാലരുവിയായിരുന്നു. 'ചാത്തനാണല്ലോ ഗൈനക്കോളജിസ്റ്റ്'
പാലരുവിയുടെ നിര്‍ദ്ദേശത്തെ പവിത്രന്‍ പുച്ഛിച്ചു തള്ളിയെങ്കിലും,ഈ വിഷയത്തില്‍ ചാത്തനെയല്ല സാക്ഷാല്‍ ജര്‍മ്മന്‍ ചാന്‍സിലറെപ്പോലും മൂന്നു മാസം മുടങ്ങാതെ കാണുവാന്‍ തയ്യാറുള്ള പി. എസ് തന്റെ ആപ്പീസില്‍ നിന്ന് കേവലം അഞ്ഞുറു മീറ്റര്‍ മാത്രം ദൂരമുള്ള ചാത്തന്‍നടയിലേക്ക് വെള്ളിയാഴ്ചകളിലെയും, ചൊവ്വഴ്ചകളിലെയും പ്രഭാതങ്ങളില്‍ നിത്യസന്ദര്‍ശകനായി മാറി. ഇപ്പോള്‍ കൊച്ചുറാണിയുടെ അടിവയറ്റില്‍ നാമ്പിട്ട ജീവന് ആറുമാസം വളര്‍ച്ചയെത്തുമ്പോള്‍, പിഎസ് ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് ചാത്തനോടും, പാലരുവിയോടുമാണ്.
മൂന്ന്
'കൊച്ചുറാണി കലിപ്പിലാണോ?'
'സംഭവം കൊച്ചുറാണി കണ്ടോ എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല, അവള്‍ പെരുമാറ്റത്തില്‍ നേരിട്ടൊന്നും പ്രകടിപ്പിക്കുന്നില്ല, എങ്കിലും സംസാരത്തില്‍ മുള്ളും മുനയുമൊക്കെ ഉണ്ടോ എന്നൊരു സംശയം, എനിക്ക് ആ നശിച്ച സമയത്ത് എന്ത് പറ്റിയെന്നു ഇപ്പോഴും മനസിലാകുന്നില്ല, ആ നഴ്‌സ് ആടിക്കുഴഞ്ഞു ഡബിള്‍ മീനിംഗില്‍ സംസാരിച്ചപ്പോള്‍ എന്റെ സര്‍വ്വനിയന്ത്രണവും വിട്ടുപോയി.'
പിഎസിന്റെ ആവലാതി കേട്ട് ആദ്യം നിയന്ത്രണം വിട്ടെങ്കിലും, സംയമനം വീണ്ടെടുത്ത പവിത്രന്‍ കൂടുതല്‍ കാര്യങ്ങള്‍ പിഎസില്‍ നിന്ന് ചോദിച്ചറിഞ്ഞു.
'എന്തായാലും പാലരുവി ഇതറിയണ്ട, എന്തേലും മാര്‍ഗ്ഗം തെളിയും,ഇപ്പോള്‍ നമുക്കൊന്ന് വലിക്കാം '
ആപ്പീസിന് പിന്നിലെ സ്ഥിരം വലിസങ്കേതത്തിലിരുന്നു പുകച്ചുതള്ളുമ്പോള്‍ പവിത്രന്‍ മൗനത്തിലായിരുന്നെങ്കില്‍, പി. എസ് പ്രശ്‌നങ്ങള്‍ക്ക് കാരണമായ കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളിലേക്ക് പുകച്ചുരുളുകള്‍ക്കൊപ്പം തിരിഞ്ഞുനടക്കുകയായിരുന്നു.
നാല്
രാത്രി എട്ടുമണി നേരത്താണ് അണുബാധയെത്തുടര്‍ന്ന് കൊച്ചുറാണിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെന്ന വിവരം പി.എസ് അറിയുന്നത്. എത്രയും വേഗം കൊച്ചുറാണിയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചേരുവാന്‍ വെമ്പിയ പി.എസ്, കെ-റെയിലിനു തടസ്സം നില്‍ക്കുന്നവന്മാരുടെ തലയില്‍ ഇടിത്തീ വീഴട്ടെയെന്നും, കെ-റെയിലിനായി ഇട്ട അളവുകല്ലുകള്‍ പിഴുതവന്മാരുടെ കൈകള്‍ തളര്‍ന്നു പോകട്ടെയെന്നും ശപിച്ചുകൊണ്ട് കോട്ടയം വഴി പോകുന്ന അടുത്ത ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള ശ്രമങ്ങള്‍ തുടരവേ, രാത്രി വെപ്രാളപ്പെട്ട് അങ്ങോട്ടേക്ക് വരേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, മൂന്നു ദിവസത്തെ ആന്റിബയോട്ടിക്ക് ഇഞ്ചക്ഷന്‍ എടുത്ത ശേഷം ഡിസ്ചാര്‍ജ് ആകുമെന്നും, അന്നേ ദിവസം ഹോസ്പിറ്റലിലെ ബില്ലടക്കാന്‍ വന്നാല്‍ മതിയെന്നും ആശുപത്രിയില്‍ നിന്ന് കൊച്ചുറാണി നേരിട്ട് വിളിച്ചു പി. എസിനെ അറിയിച്ചതോടെയാണ് പി. എസിന്റെ വെപ്രാളക്കെട്ടുകാഴ്ചയ്ക്ക് അറുതിയായത്. തൊട്ടടുത്ത ദിവസം പി.എസ് പതിവിലേറെ സമയം കൊച്ചുറാണിക്കും, കുഞ്ഞുവാവയ്ക്കുമായി ചാത്തന്‍ നടയില്‍ ചിലവിട്ടു.
കൊച്ചുറാണി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആകുന്ന ദിവസം പുലര്‍ച്ചെ ചെങ്ങന്നൂരില്‍ ട്രെയിനിറങ്ങിയ പി. എസ് നേരിട്ട് ഹോസ്പിറ്റലിലേക്കാണ് എത്തിയത്. മുറിയില്‍ ഹാപ്പിയായിരിക്കുന്ന കൊച്ചുറാണിയെ കണ്ടതോടെ പി. എസും ഡബിള്‍ഹാപ്പി.
'ജനറല്‍ വാര്‍ഡില്‍ അട്ടിയിട്ടേക്കുന്ന പോലെ കിടക്കേണ്ട, പ്രത്യേകം മുറി, അതിനോട് ചേര്‍ന്ന് ബാത്ത്‌റൂം, നല്ല സെറ്റപ്പാണല്ലോ'
മുറിയാകെ വീക്ഷിച്ചുകൊണ്ട് കൊച്ചുറാണിയുടെ അടിവയറ്റില്‍ ഒരു മൃദുചുംബനം സമ്മാനിക്കുവാനുള്ള പിഎസിന്റെ ശ്രമത്തെ പിന്തിരിപ്പിച്ചുകൊണ്ട് 'ബില്ല് വരുമ്പോഴും ഇതേ സെറ്റപ്പ് ഉണ്ടാകുമെന്ന്' കൊച്ചുറാണി ഓര്‍മ്മിപ്പിച്ചു.
'എന്തായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞേ ഞാന്‍ കാസര്‍കോട്ടേക്ക് മടങ്ങുന്നുള്ളു, ഡോക്ടറോട് മറ്റേക്കാര്യം നിനക്കൊന്ന് തിരക്കാമായിരുന്നു.'
'അതൊന്നും നടക്കത്തില്ല, ഇന്‍ഫെക്ഷന് മരുന്നു കഴിക്കുന്നു, അതിനിടയില്‍ ഇത് ചോദിച്ചാല്‍ അവര്‍ ഓടിക്കും'
പി.എസ് ഉദ്ദേശിച്ചത് മുളയിലേ നുള്ളി കൊച്ചുറാണി ബാത്റൂമിലേക്ക് കയറിയ നേരത്താണ് മരുന്നുകളുമായി ഡ്യുട്ടി നഴ്‌സ് വാതിലില്‍ മുട്ടിയത്.
വീട്ടിലെത്തിക്കഴിഞ്ഞു കഴിക്കേണ്ട മരുന്നുകള്‍ തരംതിരിച്ചു മേശപ്പുറത്തേക്ക് വെയ്ക്കുന്ന നഴ്‌സിനോടായി,
'നഴ്‌സ് = അര ഡോക്ടര്‍' എന്ന നാടന്‍ സമവാക്യം കണക്കിലെടുത്ത്, പി. എസ് തന്റെ സംശയം ഉണര്‍ത്തിച്ചു.
'ഡോക്ടറോട് ചോദിച്ചില്ലേ?' മരുന്നുകളുടെ കുറിപ്പടിയില്‍ നിന്ന് തലയുയര്‍ത്താതെ നഴ്‌സിന്റെ മറുചോദ്യം,
'ഇല്ല ഡോക്ടറോട് ചോദിക്കാനൊരു മടി അതാണ് സിസ്റ്ററോട് ചോദിച്ചത്'-പി. എസ് കൂടുതല്‍ വിനീതനായി
'സാധാരണ കേസുകളില്‍ ഈ സമയത്ത് പറ്റും. പക്ഷേ നിങ്ങളുടെ ഈ പ്രത്യേക സാഹചര്യത്തില്‍... വേണ്ട സാറെ റിസ്‌ക്കെടുക്കേണ്ട, സാറിന് വേറേ എത്രയോ മാര്‍ഗങ്ങള്‍ പുറത്ത് ലഭിക്കും, അതു വല്ലോം നോക്ക്'
പ്രത്യേക ചിരിയോടെ മറുപടി നല്‍കി നഴ്‌സ് വീണ്ടും ഗുളികക്കൂട്ടങ്ങളിലേക്ക് ശ്രദ്ധ തിരിച്ച നേരത്താണ്, പി.എസിന്റെ രണ്ടു കൈകളും പിന്നില്‍ നിന്ന് അവരുടെ അടിവയറിനെ കെട്ടിവരിഞ്ഞത്.
അയ്യോ എന്ന വിളിയോടെ കുതറിയ നഴ്‌സ് അരികില്‍ കിടന്ന കസേരയില്‍ തട്ടി നിലത്തേക്ക്. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന പി.എസ്. ബാത്റൂമില്‍ നിന്ന് പുറത്തേക്ക് വരുന്ന കൊച്ചുറാണി.
'സിസ്റ്ററിന്റെ ദേഹത്തേക്കൊരു പല്ലി വീണു, സിസ്റ്റര്‍ പേടിച്ചു മറിഞ്ഞും വീണു'-പി.എസില്‍ നിന്ന് വാക്കുകള്‍
കൊച്ചുറാണിയിലേക്ക് മുറിഞ്ഞു, മുറിഞ്ഞു വീണുകൊണ്ടേയിരുന്നു. മരുന്നുകള്‍ മേശപ്പുറത്ത് വെച്ച് നഴ്‌സ് മുറിക്ക് പുറത്തേക്കും.
അഞ്ച്
'ഞാന്‍ നഴ്സിനെ കയറിപ്പിടിച്ചത് കൊച്ചുറാണി കണ്ടുകാണുമോ? കണ്ടാല്‍ കൊച്ചുറാണിയുടെ സ്വഭാവം വെച്ച് ഇതിനേക്കാള്‍ കടുത്ത പ്രതികരണമായിരിക്കും ഉണ്ടാവുക'
സിഗരറ്റ് എരിഞ്ഞടങ്ങിയെങ്കിലും പി.എസില്‍ ആശങ്കകളുടെ കനല്‍ നീറിപ്പുകഞ്ഞുകൊണ്ടേയിരുന്നു.
'ആ നഴ്‌സ് ഒന്നും പ്രതികരിക്കാതെ പോകുകയല്ലേ ചെയ്തത്?'
'അതേ, പിന്നീട് അവരെ കണ്ടുമുട്ടേണ്ട സാഹചര്യം ഉണ്ടായില്ല, പെട്ടന്ന് തന്നെ ബില്ല് സെറ്റില്‍ ചെയ്തു ഞങ്ങള്‍ ഇറങ്ങി. പക്ഷേ അന്ന് ബാത്റൂമില്‍ കയറുന്നത് വരെയുള്ള കൊച്ചുറാണിയല്ല ഇപ്പോള്‍, പെരുമാറ്റത്തില്‍ നല്ല മാറ്റമുണ്ട്'
'കൊച്ചുറാണി ബാത്റൂമില്‍ നിന്ന് വരുമ്പോള്‍ കണ്ടത് ആ നഴ്‌സ് വീണുകിടക്കുന്നതാകാം, അതിനാല്‍ നിന്റെ പല്ലിക്കഥ കൊച്ചുറാണി വിശ്വസിച്ചിട്ടുമുണ്ടാകാം.'
പവിത്രന്‍ കാര്യങ്ങളെ പോസിറ്റീവായി കാണുവാന്‍ പ്രേരിപ്പിക്കുമ്പോഴും പി. എസിലെ ആശങ്കകള്‍ക്ക് കനംവെക്കുക തന്നെയായിരുന്നു.
'നാളെ വാലന്റൈന്‍സ് ഡേ ആണ് , നമ്മുടെ ക്ലര്‍ക്ക് സുധീഷ് നന്നായി ചിത്രം വരക്കും, നിങ്ങള്‍ രണ്ടു പേരുമായി ബീച്ചില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ നീ എഫ്ബിയില്‍ മുമ്പ് ഇട്ടിരുന്നല്ലോ, അതിന്റെ പെന്‍സില്‍ ഡ്രോയിങ്ങ് അവനിന്ന് രാത്രിവരച്ചുതരും, നാളെ രാവിലെ തന്നെ ആശംസകള്‍ അറിയിച്ചു കൊണ്ട് കൊച്ചുറാണിക്ക് അയക്കുക, എന്താണ് മറുപടിയെന്ന് നോക്കാം.'
തിരികെ ആപ്പീസിലേക്ക് കടക്കുമ്പോള്‍ പവിത്രന്‍ നല്‍കിയ ഉപദേശം പി.എസിന് മരുഭൂമിയിലെ തെളിനീര് പോലെ ആശ്വാസകരമായിരുന്നു.
ആറ്
തൊട്ടടുത്ത പ്രഭാതത്തില്‍ പവിത്രന്‍ ഉണരുമ്പോള്‍ കണ്ടത് , പതിവിലും നേരത്തെ ഉറക്കമുണര്‍ന്ന് ആശങ്കകളെ നെഞ്ചിലേറ്റി മുറിക്കുള്ളില്‍ തെക്ക് വടക്ക് നടക്കുന്ന പി. എസിനെയാണ്.
'എന്തു പറ്റി ഇത്ര വെളുപ്പിന് തന്നെ?'
'ഞാന്‍ വെളുപ്പിന് തന്നെ സുധീഷ് വരച്ചുതന്ന ഫോട്ടോ സഹിതം പ്രണയദിനാശംസകള്‍ അയച്ചു'
'എന്നിട്ട്?'
'ദാ, ഇതാണ് മറുപടി'
പി. എസ്, പവിത്രന് തന്റെ മൊബൈല്‍ കൈമാറി.
'ആശംസകള്‍ക്ക് നന്ദി,
പല്ലികളെ ദൂരെ നിന്നും കാണുവാന്‍ കഴിയുന്ന തരം ഒരു കണ്ണട എനിക്ക് വാങ്ങണം
എന്ന്
കൊച്ചു റാണി.'
'അപ്പോള്‍ നിന്റെ പല്ലിക്കഥ ഏറ്റില്ല, അവളെല്ലാം ലൈവായി കണ്ടിരുന്നു എന്ന് സാരം'
കൊച്ചുറാണിയുടെ മറുപടി വായിച്ച പവിത്രന്‍ തന്റെ നിഗമനത്തിലേക്ക് എത്തിച്ചേരുമ്പോഴേക്ക് പി. എസ് പുറത്തേക്ക് പോകുവാനായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.
'ചാത്തന്‍, എന്റെ കുടുംബം തകരാതിരിക്കുവാന്‍ ചാത്തന്‍ മാത്രമാണ് ഏക ആശ്രയം'
പി. എസ് പുറത്തേക്ക് നടന്നു നീങ്ങി.