Malayalam Short Story : യാനം, കെ.ആര്‍.രാഹുല്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   കെ.ആര്‍.രാഹുല്‍ എഴുതിയ ചെറുകഥ

chilla malayalam  short story by K R Rahul

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by K R Rahul

ഇപ്രാവശ്യത്തേതും കൂടി കൂട്ടിയാല്‍ ജാക്‌സണ്‍ എന്ന ജാക്കു നാടു വിട്ടു പോകുന്നത് മൂന്നാമത്തെ തവണയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണത്തെ അപേക്ഷിച്ച് ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടെന്ന് മാത്രം. ഇപ്രാവശ്യം ജാക്കു നാടു വിട്ടു പോയത് ഒറ്റയ്ക്കല്ല, ഒപ്പം ഒരാളെയും കൂട്ടികൊണ്ടായിരുന്നു. 

നെടുപറമ്പ് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജാക്കുവിന്റെ നാടോടി ജീവിതത്തിന്റെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നത്. ആറിലും എട്ടിലും ഒമ്പതിലും ഓരോ കൊല്ലം വീതം തോറ്റു പഠിച്ച്, സഹപാഠികള്‍ക്ക് ഇടയില്‍ തന്നെ സൂപ്പര്‍ സീനിയറായി വിലസിക്കൊണ്ടിരുന്ന ഒരു കാലം. സ്ഥലത്തെ പ്രധാന യാക്കോബായ കുടുംബത്തിലെ തലമൂത്ത കാരണവര്‍ ആയിരുന്നിട്ടുകൂടി ജ്യോതിഷത്തിലും ജാതകത്തിലും സാമാന്യ പിടിപാടും അസാമാന്യ വിശ്വാസവുമുണ്ടായിരുന്ന മേലെക്കുടി ജോണ്‍സണ്‍ എന്ന ജാക്കുവിന്റെ അപ്പന്, ജാക്കുവിന്റെ തലക്കുറി കളരിക്കല്‍ ഗോവിന്ദന്‍ ആശാന്റെ കൈയ്യില്‍ നിന്നും വാങ്ങുമ്പോഴേ പഠനകാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ല എന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. എങ്കിലും കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരാചാരം എന്ന നിലയ്ക്ക് പഠിക്കാന്‍ വിട്ടൂ എന്നേയുള്ളൂ. ജാതകത്തിന്റെ ഉള്ളുകള്ളികള്‍ അറിയില്ലെങ്കിലും പഠിപ്പു തന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല എന്ന് ജാക്കുവിന്  നാളുകള്‍ക്കു മുമ്പേ ബോധ്യം വന്നിരുന്നു. അതുകൊണ്ടുതന്നെ അപ്പന്‍ എപ്പോള്‍ ആവശ്യപ്പെടുന്നുവോ അപ്പോള്‍ ഫുള്‍സ്റ്റോപ്പ് ഇടാം എന്ന ചിന്തയില്‍ തന്നെയാണ് പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. വിരസവും പീഡനമുഖരിതവുമായ വിദ്യാഭ്യാസനാളുകളെ ചിരട്ടമോതിരവും ചെമ്പകവും റോസാപ്പൂവും വിറ്റ് അല്ലറചില്ലറ പണം സമ്പാദിച്ചും പ്രേമപരവശരായി ഹൃദയം നുറുങ്ങും വ്യഥ ഉള്ളിലൊതുക്കി കഴിയുന്ന  കാമുകന്മാര്‍ക്ക് ദൂതനായി ചെന്ന് ചില്ലറ സഹായങ്ങളും ചെയ്താണ് മറികടന്നിരുന്നത്.

നെടുപറമ്പ് സ്‌കൂളില്‍ എല്ലാവര്‍ഷവും എട്ടാംക്ലാസില്‍ എ മുതല്‍ ജി വരെ ഏഴ് ഡിവിഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഒന്‍പതില്‍ എത്തുമ്പോള്‍ ഇതിന്റെ എണ്ണം ആറായി കുറയും. ഒരു ഡിവിഷനുവേണ്ട കുട്ടികള്‍ പല ക്ലാസുകളില്‍ നിന്നായി തോറ്റ് ഡിവിഷന്‍ ഫാള്‍ എന്ന ദുര്‍ഭൂതത്തെ നേരിടാന്‍ അധ്യാപകര്‍ക്ക് വേണ്ടി ചാവേറുകളായി മാറും. സ്വാഭാവികമായും ഒന്‍പതില്‍ എത്തുമ്പോള്‍ ജി ഡിവിഷനെ ബാക്കി ഡിവിഷനുകളിലേക്ക് വീതിച്ചു കൊടുക്കും. അങ്ങനെയാണ് അതിസുന്ദരിയും പഠനത്തില്‍ ഏറെ മിടുക്കിയും ആയ ജിന്‍സി ജി ഡിവിഷനില്‍ നിന്നും വിഭജിക്കപ്പെട്ട് ഡി ഡിവിഷനിലേക്ക് എത്തുന്നത്. പ്രായത്തില്‍ ജാക്കുവിന്റെ ഒപ്പം എത്തില്ലെങ്കിലും കയ്യിലിരുപ്പു കൊണ്ട് അവനെക്കാള്‍ മുതിര്‍ന്ന ക്ലിന്റോ സണ്ണിക്ക് ജിന്‍സിയോട് അതിതീവ്രവും വിവരണാതീതവുമായ പ്രണയം അങ്കുരിക്കുന്നത് ആ സമയത്താണ്. മിനി ടീച്ചര്‍ മലയാളം പഠിപ്പിക്കുമ്പോള്‍ നളിനിയിലെ ഭാഗങ്ങള്‍ നീട്ടി ചൊല്ലുന്നതില്‍ 

'തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍'

എന്ന വരികള്‍ തന്റെ അവസ്ഥയ്ക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് പോലും അവന്‍ കരുതിപ്പോന്നു. അങ്ങനെയാണ് ഒരു ക്ലാസ്സിലായിരുന്നിട്ടും കാര്യമായി അടുക്കാത്ത ജാക്കുവിന്റെ സഹായം ക്ലിന്റോ തേടുന്നത്. അത് പിന്നീട് ദുര്യോധന -കര്‍ണ സൗഹൃദം പോലെ ദൃഢമായി. അല്ലെങ്കില്‍ അവസാനത്തെ നാടുവിടലിന് പാതിരാത്രി തന്റെ മറ്റഡോറില്‍ ജാക്കുവിനെ സുരക്ഷിതനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ ക്ലിന്റോ വരില്ലായിരുന്നല്ലോ?

പെണ്‍കുട്ടികളെ സ്വസ്ഥമായി കാണാനും സംസാരിക്കാനും ഉള്ള അനുയോജ്യമായ സമയം  ഇന്റര്‍വെല്‍ സമയവും സ്‌കൂള്‍ വിടുന്ന സമയവും ആണ്. ക്രീം കളര്‍ ഷര്‍ട്ടും ചുവന്ന പാന്റസും ധരിച്ച് ആണ്‍കുട്ടികളും ക്രീം കളര്‍ ഷര്‍ട്ടും ചുവന്ന മുഴുപ്പാവാടയും ധരിച്ച് പെണ്‍കുട്ടികളും ഒരു വിപ്ലവത്തിനെന്നപോലെ മാര്‍ച്ച് ചെയ്യുക ഈ സമയത്താണ്.

ഒമ്പതാം ക്ലാസിന്റെ പ്രത്യേകത, എല്ലാ ഡിവിഷനുകളും രണ്ടാം നിലയിലാണ് എന്നതാണ്. രണ്ടു ഭാഗത്തു കൂടിയാണ് ഇവിടേക്കുള്ള കോണിപ്പടികള്‍. ഒന്ന് ഓഫീസ് റൂമിനോട് ചേര്‍ന്നും മറ്റൊന്ന് സ്റ്റാഫ്‌റൂമിനോട് ചേര്‍ന്നും. തിരക്കേറിയ സമയങ്ങളില്‍ പെണ്‍കുട്ടികളുടെ ചെറിയൊരു കടാക്ഷത്തിനായി ദുര്‍ബല ഹൃദയരായ കാമുകന്മാരും ചെറിയൊരു സ്പര്‍ശനസുഖത്തിനായി അറുവഷളന്‍മാരായി  പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നവരും ഒരു അനുഷ്ഠാനം പോലെ പലകുറി ഈ പടിക്കെട്ടുകള്‍  കയറിയിറങ്ങും. ഇത് തടയുന്നതിനായാണ് കോണിപ്പടികളോട് ചേര്‍ത്ത് നിരീക്ഷണ സ്റ്റേഷന്‍ എന്ന രീതിയില്‍ ഓഫീസ് റൂമും സ്റ്റാഫ് റൂമും പ്രവര്‍ത്തിക്കുന്നത്. 

എന്നാല്‍ ഇതുകൊണ്ടൊന്നും കൗമാരപ്രായക്കാരുടെ ഉള്ളിലുണരുന്ന പ്രണയാഗ്‌നിയെ ശമിപ്പിക്കാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ക്കും അറിയാമായിരുന്നു. ദൈവം വിലക്കിയിട്ടും വിലക്കപ്പെട്ട കനി തേടി പിടച്ചുനിന്ന മനുഷ്യന്റെ പിന്‍ഗാമികളെ നിയന്ത്രിക്കല്‍ അത്ര എളുപ്പമല്ലല്ലോ. പ്രായത്തിന്റേയും ഹൃദയത്തിന്റേയും കനത്ത വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയാതിരുന്ന ക്ലിന്റോയും കൂട്ടുകാരനെ സഹായിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ജാക്കുവും ജീവിതത്തില്‍ ആദ്യമായി പടിക്കെട്ടുകള്‍ കയറി ഇറങ്ങി ഒരാളെ പിന്തുടരാന്‍ തീരുമാനിച്ചു. 

50 പൈസക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കുന്ന ചെമ്പകവും ഒരു രൂപയ്ക്ക് കൊടുക്കുന്ന റോസാപ്പൂമൊട്ടും ന്യായവിലയ്ക്ക് സുഹൃത്തിന് നല്‍കി ഇരുവരും പ്രണയപര്‍വ്വം ആരംഭിച്ചു. സ്റ്റാഫ് റൂമിനോട് ചേര്‍ന്ന് കാണുന്ന കോണിപ്പടിക്കരികിലാണ് ഇ, എഫ് ഡിവിഷനുകളും സയന്‍സ് ലാബും. നേരെ എതിര്‍ ഭാഗത്ത് എ,ബി, സി ഡിവിഷനുകള്‍. ഒത്തനടുക്ക് ഡി. അതുകൊണ്ടുതന്നെ ഡി ഡിവിഷനില്‍ ഉള്ളവര്‍ താഴേക്കിറങ്ങാന്‍ ഏതു കോണിപ്പടികള്‍ ആണ് ഉപയോഗിക്കുക എന്നത് മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റില്ല. അതുകൊണ്ട്  ബെല്ലടിച്ചാല്‍ ഉടന്‍ കൂട്ടുകാര്‍ രണ്ടുപേരും രണ്ടു കോണിപ്പടികളിലേക്ക് ചെല്ലും. ക്ലിന്റോ നില്‍ക്കുന്ന ഭാഗത്തു കൂടിയാണ് പെണ്‍കുട്ടി ഇറങ്ങി വരുന്നതെങ്കില്‍ തന്റെ ഹൃദയം ക്ലിന്റോ തുറന്നു പറയും. അല്ലെങ്കില്‍ സുഹൃത്തിനുവേണ്ടി ആ ദൗത്യം ജാക്കു ഏറ്റെടുക്കും. പിന്തുടരലിന്റെ ഓരോ നിമിഷവും അസ്വസ്ഥതകൊണ്ടും താല്പര്യരാഹിത്യം കൊണ്ടും ജിന്‍സി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഓരോ എതിര്‍പ്പിലും പ്രണയത്തിന്റെ സാധ്യതകളെ മാത്രം ദര്‍ശിച്ച ശുഭാപ്തി വിശ്വാസിയായ കാമുകന് പിന്‍മാറാന്‍ കഴിയില്ലായിരുന്നു.

ആ ആഴ്ചയാണ് ഹിന്ദി ടീച്ചര്‍ പ്രസവാവധിക്ക് പോകുന്നത്. ടീച്ചറുടെ അവധിക്കുപോക്ക് കാര്യങ്ങളുടെ മുഴുവന്‍ താളം തെറ്റിച്ചു. അന്ന് മുതല്‍ ടൈംടേബിള്‍ ചെറിയ മാറ്റം വരുത്തി. അതനുസരിച്ച് ഇന്റര്‍വെല്ലിന് മുമ്പുള്ള പിരീഡും ഉച്ചഭക്ഷണത്തിന് മുന്‍പുള്ള പിരീഡും കണക്ക് വന്നു. ഒരിക്കലും സമയത്തിന് ക്ലാസെടുത്ത് തീര്‍ക്കാത്ത സെബാസ്റ്റ്യന്‍ മാഷ് ബെല്ലടിച്ചതിനുശേഷവും 5 മിനിറ്റ് ഒരു അനുഷ്ഠാനം പോലെ ക്ലാസ്സെടുക്കും. ഇതോടുകൂടി ഒരു കാമുകന് ഏറെ വിലപ്പെട്ട പ്രണയനിമിഷങ്ങളില്‍ വലിയൊരു പങ്ക് അപഹരിക്കപ്പെട്ടു. 
        
അങ്ങനെയിരിക്കെ  കളര്‍ ഡ്രസ്സും  സ്‌പെഷ്യല്‍ യൂണിഫോമും അനുവദിക്കാത്ത ഒരു ബുധനാഴ്ച്ച സമാന്തര രേഖകള്‍ അനന്തതയില്‍ വെച്ച് കണ്ടുമുട്ടുമെന്ന് സെബാസ്റ്റ്യന്‍ മാഷ് പഠിപ്പിച്ചവസാനിപ്പിച്ച അതേക്ഷണത്തില്‍ കൂട്ടുകാര്‍ രണ്ടും പുറത്തേക്ക് പാഞ്ഞു. കോണിപ്പടിയിലൂടെ ചുവപ്പും ക്രീമും നിറത്തില്‍ ശബ്ദകോലാഹലങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് കോണിപ്പടിയുടെ ഏതാണ്ട് മധ്യത്തില്‍ ഇറങ്ങി കൊണ്ടിരിക്കുകയായിരുന്ന ജിന്‍സിയേയും കൂട്ടുകാരികളെയും കണ്ടത്. ജാക്കുവിന്റെ കൈയ്യില്‍ നിന്നും വില പോലും ചോദിക്കാതെ തട്ടിപ്പറിച്ചെടുത്ത റോസാപ്പൂവും കൊണ്ട് അവളുടെ അടുത്തേക്ക് ഓടിയെത്തിയത് മാത്രമാണ് ഓര്‍മ്മയുള്ളത്. പിന്നീട് സംഭവിച്ചത് നെടുപറമ്പ് സ്‌കൂളിന്റെയും അവര്‍ ഇരുവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട അധ്യായമായിരുന്നു.

മുഴുപാവാടയുടെ ഒരറ്റം രണ്ടു പടികള്‍ക്ക് മുകളില്‍ ഇഴയുന്നത് പ്രേമോതുരനായ പാവം കാമുകന്‍ കണ്ടില്ല. കാമുകിയുടെ അരികിലേക്ക് എത്താനുള്ള വ്യഗ്രതയില്‍ അറിയാതെ അതില്‍ കയറി ചവിട്ടിയതും ഇടുപ്പിലെ കൊളുത്ത് പൊട്ടി പാവാട ഊര്‍ന്നിറങ്ങിയതും പെട്ടെന്നായിരുന്നു. അര നിമിഷത്തില്‍ അതു വലിച്ചു കയറ്റിയെങ്കിലും നിലയ്ക്കാത്ത കൂക്കിവിളികള്‍ക്കും കമന്റുകള്‍ക്കുമിടയില്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ജിന്‍സിയെ കണ്ടതും രണ്ടുപേരും ക്ലാസ് റൂമിലേക്ക് ഓടി. അനന്തരം പെണ്‍കുട്ടിയുടെ പാവാട അഴിച്ചു എന്ന അതീവഗുരുതരമായ കുറ്റത്തിന് രണ്ടുപേരും വിചാരണ ചെയ്യപ്പെട്ടു. ചോദ്യത്തിനും പറച്ചിലും എല്ലാം മുമ്പ് ഇരുകൈകളിലും ചന്തിയിലും മൂന്ന് മാഷന്മാര്‍ കൈ വേദനിക്കുവോളം തല്ലി. കോളറില്‍ പിടിച്ച് പി.റ്റി സാര്‍ തള്ളിയപ്പോള്‍ റാക്കില്‍  തലയിടിച്ചാണ് ജാക്കു വീണത്. അടുത്തദിവസം രക്ഷിതാവിനെയും കൊണ്ട് വന്നാല്‍ മതിയെന്ന ഉഗ്രകല്പന ലഭിച്ചെന്നാണ് ജാക്കു ആദ്യമായി നാട് വിടുന്നത്. പീഡനങ്ങള്‍ ഏറ്റുവാങ്ങി ക്ലിന്റോ ഒരു കൊല്ലം കൂടി അധികം തോറ്റ്, പത്താം ക്ലാസ് പൂര്‍ത്തിയാക്കി. 

ആ ഒരു സംഭവം നടന്നില്ലായിരുന്നെങ്കില്‍ ജീവിതത്തിലൊരിക്കലും ഭൂതകാലത്തിന്റെ വേദന തന്നെ വേട്ടയാടില്ലായിരുന്നു എന്ന് ജാക്കു ആലോചിക്കാത്ത ദിവസങ്ങളില്ല. ഓട്ടം ചെന്ന് അവസാനിച്ചത് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ ആയിട്ടാണ്. പിന്നീട് തിരിച്ചു വരുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ആണ്. നാടുവിട്ടു പോയ ജാക്കുവിനെ എല്ലാവരും മറന്നിരുന്നു. എന്നാല്‍ തിരിച്ചെത്തിയതോടെ  ചെയ്തതും ചെയ്യാത്തതുമായ എല്ലാ കാര്യത്തിന്റേയും പിതൃത്വം  കഥകളിലൂടെ നാട്ടുകാര്‍ ജാക്കുവിന് വെച്ചുകൊടുത്തു.

 

Also Read: തൂവല്‍ത്തലയണ, ഹൊറേസിയോ കിറോഗ എഴുതിയ കഥ

 

രണ്ട്

ജാക്കുവിന്റെ രണ്ടാമത്തെ നാടുവിടലും ക്ലിന്റോയും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാല്‍ ആഴത്തില്‍ പരിശോധിച്ചാല്‍ ചെറിയ ബന്ധം കണ്ടെത്താനും കഴിയും. നാഷണല്‍ പെര്‍മിറ്റ് ലോറിയിലൂടെ ഇന്ത്യയുടെ ഹൃദയങ്ങളായ ഉത്തര-ദക്ഷിണ ഭാഗങ്ങളിലെ മുഴുവന്‍ ഗ്രാമങ്ങളും ചുറ്റിസഞ്ചരിച്ചു എത്തിയ ജാക്കുവിനെ കാണാന്‍ പഴയ കൂട്ടുകാര്‍ പലരും എത്തിയെങ്കിലും ക്ലിന്റോ മാത്രം എത്തിയിരുന്നില്ല. അവന്റെ അച്ഛന്‍ നടത്തിയിരുന്ന ഹോട്ടല്‍ ഏതോ കാരണം കൊണ്ട് പൂട്ടിയതിന് ശേഷം അവന്‍ അധികം നാട്ടില്‍ നില്‍ക്കാറില്ല എന്ന് മാത്രം അറിയാന്‍ കഴിഞ്ഞു. എന്നാല്‍ എന്താണ് അതിന്റെ കാരണം എന്താണെന്ന് ആരും വിശദീകരിച്ചു പറഞ്ഞിരുന്നില്ല. തിരിച്ചെത്തിയ മുടിയനായ പുത്രന് വീട്ടില്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച സ്വീകരണം നല്‍കാന്‍ വീട്ടുകാര്‍ മത്സരിച്ചു. താന്‍ പ്രതീക്ഷിച്ചതിന് വിപരീതമായി വീട്ടുകാര്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നത് കണ്ടപ്പോഴാണ് ഇനി ഒരു മടക്കം വേണ്ടെന്ന് അവന്‍ തീരുമാനിച്ചത്. 
ഇഷ്ടമില്ലാഞ്ഞിട്ടു കൂടി അപ്പന്റെ റബ്ബര്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കടയില്‍ ഉച്ചയ്ക്കുശേഷം പോയിരിക്കാന്‍ ജാക്കു തയ്യാറായതും അതുകൊണ്ടുതന്നെയാണ്.

ഒട്ടുപാലില്‍ തൊട്ടാലോ ഒരുപാട് നേരം കടയില്‍  ഇരുന്നാലോ തന്നെ പട്ടിക്കാട്ടം മണക്കുന്നുണ്ടെന്ന് ജാക്കുവിന് തോന്നാറുണ്ട്. എന്നിട്ടും അവിടെ പിടിച്ചിരുന്നത് വലിഞ്ഞുകയറി വന്നിട്ടും ഇറക്കിവിടാതെ സ്വീകരിച്ച വീട്ടുകാരുടെ മഹാമനസ്‌കത ഓര്‍ത്ത് മാത്രമാണ്.

അവന്റെ ആ  തോന്നലിന്റെ കാരണവും ഒരു സ്‌കൂള്‍ ഓര്‍മ്മ തന്നെയാണ്. ഷീറ്റ് കയറ്റി അയക്കുന്ന ദിവസങ്ങളില്‍  പണിക്കാര്‍ കുറവുള്ളപ്പോള്‍ ഷീറ്റ് കുത്താനും അടുക്കാനും ജാക്കുവും  അപ്പനെ സഹായിച്ചിരുന്നു. തലച്ചുമടായി ഷീറ്റ് കയറ്റുന്നത് വലിയ ചേട്ടന്മാരാണ്. അവര്‍ക്ക് അരികിലേക്ക് ഷീറ്റിന്റെ കെട്ട് വലിച്ചെത്തിലാണ് അവന്റെ പണി. രാവിലെ ആറുമണി മുതല്‍  ഒമ്പതര വരെ അത് തുടരും . അതിനുശേഷം വിസ്തരിച്ച് ഒരു കുളിയും കഞ്ഞി കുടിയും കഴിഞ്ഞ് നേരെ സ്‌കൂളിലേക്ക് ഓടുകയുമാണ്  പതിവ്. ഒട്ടുപാലിന് ഒരു പ്രത്യേകതയുണ്ട് . എത്ര വൃത്തിയായി കഴുകിയാലും വെളിച്ചെണ്ണ പുരട്ടിയാലും അതിന്റെ മണം പോവില്ല. അന്നത്തെ ബയോളജി ക്ലാസ്സില്‍ 

'ക്ലാസില്‍ പട്ടിക്കാട്ടം നാറുന്നുണ്ടല്ലോ, നിന്നെയാണോടാ ചെക്കാ'  എന്ന് പട്ടിക്കാട്ടത്തേക്കാളും അറപ്പുണ്ടാക്കുന്ന ഭാഷയില്‍ ചോദിച്ചത് സൂസന്‍ ടീച്ചറാണ്.

അന്ന് അത് കേട്ട് ക്ലാസില്‍ ഉണ്ടായിരുന്ന 43 കുട്ടികളും ചിരിച്ചു. ചിരിക്കുന്നതായി അവനും അഭിനയിച്ചെങ്കിലും  ടാപ്പിംഗ് കത്തി കയറിയ റബര്‍ മരത്തില്‍ നിന്നും പാല്‍ ഇറ്റു വീഴുന്നതുപോലെ ആ വാക്ക് കൊണ്ടു മുറിവേറ്റ് അവന്റെ ഹൃദയത്തില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് കുറെയധികം ഭൂമി ഏറ്റെടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചു കളയുകയും ചെയ്തതോടെ റോഡില്‍ നിന്നും ഏറെ പുറകില്‍ ഉണ്ടായിരുന്ന ജാക്കുവിന്റെ അപ്പന്റെ കട ഇപ്പോള്‍ റോഡിന്റെ അരികത്തെത്തി. തൊട്ടടുത്ത കെട്ടിടം പാല്‍ സൊസൈറ്റിയുടേതാണ്. അറുമുഷിപ്പന്‍  ദിവസങ്ങളില്‍ റോഡിലെ വണ്ടിയും പാല്‍ അളക്കാന്‍ എത്തുന്ന ആളുകളെയും  എണ്ണിക്കൊണ്ടിരുന്ന നിമിഷത്തിലാണ് സൊസൈറ്റിയില്‍ പാല്‍ അളക്കാന്‍ വരുന്ന പെണ്‍കുട്ടി ജിന്‍സി ആണെന്ന് അത്ഭുതത്തോടെ ജാക്കു തിരിച്ചറിഞ്ഞത്. അവളോട് മിണ്ടാനോ അവളെ പറ്റി ആരോടും ചോദിക്കാനോ കഴിയാത്ത അവസ്ഥയില്‍ ശ്വാസംമുട്ടി കഴിയുകയായിരുന്നു ജാക്കു. ആരോടെങ്കിലും അത് ചോദിക്കുക എന്ന് വെച്ചാല്‍ നാടുവിട്ടുപോയ കഥ നാട്ടുകാരെക്കൊണ്ട് വീണ്ടും പറയിക്കുക എന്ന വിഡ്ഢിത്തം കൂടിയായിരിക്കും. അതുകൊണ്ട് മിണ്ടാതിരുന്നു.

അത്ഭുതമെന്നോണം തിരിച്ചു വന്നതിനുശേഷം ആദ്യമായി   ക്ലിന്റോ അവനെ കാണാന്‍ വന്നത് അന്നു വൈകുന്നേരം ആയിരുന്നു . പ്രേമ രോഗിയായി അലഞ്ഞുതിരിഞ്ഞു നടന്ന പഴയ അവശ കാമുകന്‍ അല്ല ക്ലിന്റോ ഇപ്പോള്‍. ഭേദപ്പെട്ട ഒരു കമ്പനിയിലെ മെഡിക്കല്‍ റെപ്രസെന്ററ്റീവ് ആണ്. സംസാരത്തില്‍ മിതത്വം കുലീനത. വിദ്യാഭ്യാസം ഉള്ളതിന്റെ ഗുണവും ബഹുമാനപൂര്‍വ്വം മാത്രം എല്ലാവരോടും സംസാരിച്ച് പഴകുന്ന ജോലിയുടെ  വിനയവും ചേര്‍ന്ന അവനെ ഒരു അപരിചിതനായി ജാക്കുവിന് തോന്നി. 

'പഴയപോലെ പ്രേമത്തിന്റെ സൂക്കേട് ഒന്നും ഇല്ലേടാ ഇപ്പോള്‍?' -എന്ന ജാക്കുവിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മറുപടി.

നല്ല രീതിയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന അവന്റെ അപ്പന്റെ കട പെട്ടെന്ന് പൂട്ടിയതിന്റെ പിന്നിലും ഒരു പ്രേമകഥ ആയിരുന്നെന്ന് അവന്‍ തന്നെയാണ് പറഞ്ഞത്. അതിലെ നായകന്‍ അവന്റെ അപ്പന്‍ സണ്ണി ചേട്ടനും. കടയില്‍ പലഹാരം ഉണ്ടാക്കാന്‍ സഹായിക്കാന്‍ വരുന്ന ചേച്ചിയെയും കൊണ്ട് പെട്ടെന്നൊരു ദിവസം സണ്ണി ചേട്ടന്‍ അപ്രത്യക്ഷനാവുകയായിരുന്നു. അന്ന് അവന്റെ മൂത്ത പെങ്ങളുടെ കുട്ടിയുടെ മാമോദിസ ചടങ്ങ് കഴിഞ്ഞ് 10 ദിവസം പോലും തികഞ്ഞിരുന്നില്ല.

അമ്മയുമായി ഒരുതരത്തിലുള്ള വഴക്കോ വക്കാണമോ ഇല്ലാതിരുന്ന അപ്പന്‍ ഒരു പെണ്ണിനെ കൊണ്ടുപോയത് ആദ്യം അവന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. രണ്ടുപേരെയും ഒരുമിച്ച് കാണാതായി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഇരുവരെയും ഒരുമിച്ച് ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടാകും എന്നായിരുന്നു ചിന്ത. പ്രണയത്തിന്റെ പിടികിട്ടാത്ത മന:ശാസ്ത്രം അവനെ ഏറെ കുഴക്കിയിരുന്നു അന്ന്. 

ആ സംഭവം പെങ്ങളുടെ ജീവിതത്തിലും ക്ലിന്റോയുടെ ജീവിതത്തിലും വലിയ വഴിത്തിരിവ് ഉണ്ടാക്കി. അളിയനുമായി വഴക്ക് കൂടുമ്പോള്‍ പെങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായി അപ്പന്റെ ഒളിച്ചോട്ടം മാറി. പിന്നീട് ക്ലിന്റോ കല്യാണം കഴിച്ചതും അപ്പനില്ല എന്നു പറഞ്ഞുകൊണ്ട് തന്നെയായിരുന്നു. അവനും ഭാര്യയും തല്ലു കൂടുമ്പോഴും തോല്‍വി ഉറപ്പാക്കുന്ന ഘട്ടങ്ങളില്‍ ഭാര്യ ഉപയോഗിക്കുന്ന വജ്രായുധവും ഇതുതന്നെയായിരുന്നു. ഇപ്പോള്‍ അത് വേദനിപ്പിക്കാറില്ലെങ്കിലും അതിന് എന്തും മറുപടി കൊണ്ട് ന്യായീകരിക്കണമെന്ന് അവന് അറിയില്ലായിരുന്നു.

സംസാരത്തിനൊടുവില്‍ ജിന്‍സിയെ പറ്റിയുള്ള വിവരങ്ങള്‍ അവനാണ് പറഞ്ഞത്. 

'നന്നായി പഠിച്ചിട്ടും ഒരിടത്തും എത്താതെ പോയ ഒരു പെണ്‍കുട്ടി എല്ലാ നാട്ടിലും ഉണ്ടാവും. നമ്മുടെ നാട്ടില്‍ അത് ജിന്‍സിയാണ്.' -എന്നാണ് അവന്‍ പറഞ്ഞത്.

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന സുഖകരമല്ലാത്ത അവളുടെ ദാമ്പത്യത്തെപ്പറ്റിയും നാട്ടുകാര്‍ പറഞ്ഞു നടക്കുന്ന അപവാദങ്ങളെ പറ്റിയും ക്ലിന്റോ വിശദീകരിച്ചു. അവളെ ഇടയ്ക്ക് കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും അവന്‍ പറഞ്ഞു. അന്ന് ക്ലിന്റോ പോയതിനു ശേഷം കട പൂട്ടേണ്ട സമയം കഴിഞ്ഞിട്ടും എന്തൊക്കെയോ ആലോചനയില്‍ മേശയില്‍ കാല്‍ കയറ്റി വെച്ച് ജാക്കു അവിടെത്തന്നെ ഇരുന്നു. അന്വേഷിച്ച് അപ്പന്‍ എത്തിയപ്പോഴാണ് സ്ഥലകാലബോധം വന്നതും കട പൂട്ടിയിറങ്ങിയതും. 

എപ്പോള്‍ വേണമെങ്കിലും ഇനിയും നാടുവിട്ടു താന്‍ പോയേക്കുമെന്ന ഒരു ഭീതി അപ്പന്റെയും അമ്മയുടെയും കണ്ണുകളില്‍ വന്ന അന്നുമുതല്‍ കാണുന്നുണ്ട്. ചിലപ്പോള്‍ അതൊക്കെ കൊണ്ടാവാം പഴയ കാര്യങ്ങള്‍ ചോദിക്കാത്തതും കൂടുതല്‍ സ്‌നേഹിക്കുന്നതും.

അടുത്ത ദിവസം ഉച്ചയ്ക്ക്  ശേഷം ഭക്ഷണം കഴിഞ്ഞ് കടയിലെ തിരക്കെല്ലാം ഒഴിഞ്ഞ സമയത്ത് അവളെപ്പറ്റി അവിചാരിതമായി ഓര്‍ത്തു. 

അവളെപ്പറ്റി മാത്രം ഓര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് 500 രൂപയ്ക്ക് ചില്ലറ ചോദിച്ചു കൊണ്ട് അവള്‍ കടയിലേക്ക് വന്നത്. ആദ്യം അത് തന്റെ ചിന്തയാണോ അതോ യാഥാര്‍ത്ഥ്യമാണോ എന്ന് ജാക്കുവിന് പെട്ടെന്ന് മനസ്സിലായില്ല.

വലതു കൈയില്‍ ചുരുട്ടി പിടിച്ച നോട്ട് നീട്ടിയാണ് അവള്‍ ചില്ലറ ചോദിച്ചത്.

'ചില്ലറ ഉണ്ടാകുമോ ജാക്‌സാ?'

തികഞ്ഞ പരിചയ ഭാവത്തില്‍ ഏറ്റവും സൗഹാര്‍ദത്തോടെ ഒരു അന്വേഷണം. 

ആകപ്പാടെ വലിഞ്ഞുകെട്ടിയ ഒരു അങ്കലാപ്പില്‍ പോക്കറ്റില്‍ നിന്നും മേശവലിപ്പില്‍ നിന്നും 
ചില്ലറ തപ്പിയെടുത്തു കൊടുത്തു. 

അവള്‍ പോയതിനുശേഷമാണ് ഒരക്ഷരം പോലും താന്‍ തിരിച്ചു മിണ്ടിയില്ലല്ലോ എന്ന് അവന് തോന്നിയത്.
പാവാട ചവിട്ടിയഴിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും പറ്റിപ്പോയ ആ അബദ്ധം ഓര്‍ത്ത് ഇന്നും വേദനിക്കാറുണ്ടെന്നും അവന് പറയണമെന്ന് ഉണ്ടായിരുന്നു. കൂക്കിവിളികള്‍ ഉയരുമ്പോള്‍ പടിക്കെട്ടില്‍ കുന്തിച്ചിരുന്ന് അമ്മയെ വിളിച്ച് അവള്‍ നിലവിളിച്ചത് ഇന്നും ഹൃദയത്തെ മുറിക്കുന്ന ഒരു ഓര്‍മ്മയാണ്. 

എന്നാല്‍ അവള്‍ അതെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ മറന്നുപോയ പോലെ  സൗഹൃദപരമായാണ് സംസാരിച്ചത്. അത് അവന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആശ്വാസം നല്‍കി

.

Also Read: മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

 

മൂന്ന്


വിഷുവിന്റെ മുടക്ക് കഴിഞ്ഞ് കട തുറന്നത് ബുധനാഴ്ചയായിരുന്നു. അന്ന് ഒട്ടുപാലും ഷീറ്റും കടയില്‍ നിന്നും കയറ്റി വിടുന്ന ദിവസമായിരുന്നു. കെട്ടുകള്‍ തൂക്കി നോക്കിയും ഗ്രേഡ് തിരിച്ചും കണക്ക് എഴുതിയും ആകെ തിരക്ക് പിടിച്ച സമയം. 

മുട്ടന്‍ ഒരു തെറി വാക്ക് കേട്ടാണ് പുറത്തേക്ക് നോക്കിയത്.

കുടിച്ച് ബോധമില്ലാത്ത ഒരുവന്‍ പാല്‍ സൊസൈറ്റിയുടെ മുന്നില്‍ നിന്ന് ആരെയോ തെറി വിളിക്കുന്നു. മറ്റുള്ളവര്‍ക്ക്  അതൊരു  ചിരപരിചിതമായ കാഴ്ചയാണെന്ന് അവരുടെ നിസ്സംഗഭാവം കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു.

തനിക്ക് ഒഴികെ മറ്റാര്‍ക്കും ആ രംഗം ഒരു അത്ഭുതവും ഉണ്ടാക്കുന്നില്ല എന്നത് അവനെ അത്ഭുതപ്പെടുത്തി. ഏറെനേരമായി തുടരുന്ന ഭരണിപ്പാട്ട്  അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും എണ്ണിപ്പെറുക്കലും തെറിവിളിയും വെല്ലുവിളിയും ഭീഷണിയും കൂടിയപ്പോഴാണ് വീണ്ടും അതിലേക്ക് ശ്രദ്ധിച്ചത്. ആ സമയം അയാളോട് തര്‍ക്കിച്ചുകൊണ്ട് ജിന്‍സിയും നില്‍പ്പുണ്ടായിരുന്നു. കള്ളുകുടിച്ച് തെറി വിളിക്കുന്ന ആള്‍ അവളുടെ ഭര്‍ത്താവാണെന്ന് അവന്‍ തിരിച്ചറിഞ്ഞു. തെറിവിളിക്ക് ശേഷം അവളുടെ ചെവിക്കുറ്റി നോക്കി അയാള്‍  അടിച്ചപ്പോഴാണ് അവന് നിയന്ത്രണം നഷ്ടപ്പെട്ടത്. 

ഒരൊറ്റ കുതിപ്പിന് കടയുടെ പുറത്ത് എത്തിയ അവന്‍ വലതുകാല്‍ കൊണ്ട് അപരിചിതന്റെ  നെഞ്ചില്‍ ആഞ്ഞുതൊഴിച്ചു. ദുര്‍ബലനായത് കൊണ്ടും മദ്യലഹരിയില്‍ മുഴുകിയവന്‍ ആയതുകൊണ്ടും ഒറ്റ ചവിട്ടിന് നാല് കാതം അപ്പുറത്തേക്ക് തെറിച്ചുവീണു. ചെന്ന് വീണത് കയറ്റി അയക്കാനായി ശേഖരിച്ചു വെച്ച പാല്‍ പാത്രത്തിന്റെ മുകളിലേക്ക്. പാല്‍പ്പാത്രവും അയാളും കൂടെ സര്‍വീസ് റോഡിന്റെ അരികിലേക്ക് ഉരുണ്ടു വീണു. ക്ഷീരസാഗരത്തില്‍ അനന്തശയനം നടത്തുന്ന വിശ്വരൂപം നാട്ടുകാര്‍ക്ക് മുന്നില്‍ തെളിഞ്ഞു. ഉരിഞ്ഞ് വീണ ഉടമുണ്ട് ആയിരം തലയുള്ള അനന്തനായി റോഡില്‍ നിവര്‍ന്നു കിടന്നു.

തൊട്ടടുത്ത നിമിഷം അവന്റെ ധാരണകളെ തകിടം മറിച്ച് ഓടിച്ചെന്ന് ജിന്‍സി അയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

'ഇനിയും മതിയായില്ലേ നെനക്ക്. എന്നെ കൊന്നു തിന്ന് നീ. നെന്റെ ഭ്രാന്ത് തീരട്ടെ...'

ജാക്കുവിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി ജ്വലിക്കുന്ന കണ്ണുകളോടെയാണ് അവള്‍ അതു പറഞ്ഞത്.

പെട്ടെന്ന് ഒരു നിശബ്ദത രണ്ട് ചെവികളെയും കൊട്ടിയടച്ചു.

താന്‍ ചെയ്തത് എന്താണെന്ന് അപ്പോഴും അവന് പൂര്‍ണമായും മനസ്സിലായിട്ടില്ലായിരുന്നു.

'ഇനിയും മതിയായില്ലേ നെനക്ക്' എന്ന ചോദ്യത്തില്‍ അവളുടെ ജീവിതത്തിലെ ഒരുപാട് ദുരിത പൂര്‍ണ്ണമായ ഇടങ്ങളില്‍ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് അവന്‍ തിരിച്ചറിഞ്ഞു. തന്റെ പേര് പറഞ്ഞ് ആരംഭിച്ച സൗന്ദര്യ പിണക്കമാണ് നടുറോഡിലെ കയ്യാങ്കളി വരെ എത്തിയിരിക്കുന്നത് എന്ന ഒരു സൂചന പോലും ക്ലിന്റോ നല്‍കിയിരുന്നില്ല. 

അടക്കിപ്പിടിച്ച ചിരികളുമായി ആളുകള്‍ നോക്കുന്നതും ചര്‍ച്ച ചെയ്യാന്‍ പുതിയ വിഷയം കിട്ടിയ ഭാവത്തില്‍ മുറുമുറുക്കുന്നതും അവന്‍ കണ്ടു. 

എല്ലാത്തിനും മുകളില്‍ പണ്ട് പടിക്കെട്ടില്‍ കുന്തിച്ചിരുന്ന് അമ്മയെ വിളിച്ചു കരഞ്ഞ കരച്ചിലിനെ ഓര്‍മ്മപ്പെടുത്തുന്ന പോലെ ഒരു കരച്ചില്‍ ജിന്‍സിയില്‍ നിന്നും വീണ്ടും ഉയര്‍ന്നു. ഈര്‍ച്ച വാള്‍ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുന്നത് പോലെ അവന് അനുഭവപ്പെട്ടു.

വൈകുന്നേരം ഒരു ഫുള്ള് എംഎച്ച് വാങ്ങി വരാം അപ്പോള്‍ കുറച്ചുകൂടി വിശദമായി ചില കാര്യങ്ങള്‍ പറയാനുണ്ട് എന്നു പറഞ്ഞു പോയ ക്ലിന്റോയെ പോലും കാത്തു നില്‍ക്കാതെ രണ്ടാം വട്ടവും ജാക്കു നാടുവിട്ടു.

 

Also Read: ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

 

നാല്
                   
ആദ്യമായി നാട് വിടുന്നത് പോലെയല്ല വീണ്ടും നാടുവിടുന്നത്.

ആദ്യമായി പോകുമ്പോള്‍ ഒരൊറ്റബുദ്ധിയില്‍ മുന്നും പിന്നും നോക്കാതെ ഇറങ്ങിപ്പോകാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തെ തവണ ആ പോക്ക് അത്ര എളുപ്പമായിരിക്കില്ല. പോയാലും മനസ്സ് മുഴുവന്‍ ഉപേക്ഷിച്ചു പോന്ന നാട് തന്നെയായിരിക്കും. ആദ്യത്തെ തവണ നാടുവിട്ടു പോയപ്പോള്‍ ഉണ്ടാകാതിരുന്ന വികാരം കുറ്റബോധമായിരുന്നു. എന്നാല്‍ ഇക്കുറി  അതു മാത്രമാണ് ഉള്ളത്. അപ്പനെയും അമ്മയെയും ആലോചിക്കുമ്പോള്‍ കണ്ണുനിറയും. തിരിച്ചു പോകേണ്ട കാര്യം ആലോചിക്കുമ്പോള്‍  അന്ന് അയാളെ തല്ലിയ മണ്ടത്തരം ഓര്‍ത്ത് വേദനിക്കും. കാല് വെന്ത നായയെ പോലെയാണ് രണ്ടാമത് നാടുവിട്ടു പോകുന്ന ഒരുവന്റെ അവസ്ഥ. എത്ര ഓടിയാലും ശാന്തി കിട്ടില്ല. അലഞ്ഞുതിരിഞ്ഞ് അലഞ്ഞുതിരിഞ്ഞ് ഒടുക്കം ഉപേക്ഷിച്ച നാട്ടില്‍ തന്നെ തിരികെ എത്തും. 

തിരികെ എത്തണം. എങ്കില്‍ മാത്രമേ നാടുവിട്ടതിന്റെ ചാക്രികത പൂര്‍ണമാവുകയുള്ളൂ. രണ്ടാമത്തെ നാടുവിടല്‍ ആദ്യത്തേതിനെ അപേക്ഷിച്ച് ഹ്രസ്വമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഒന്നര കൊല്ലവും 11 ദിവസവും മാത്രം. നാടുവിട്ടെങ്കിലും ക്ലിന്റോയുമായുള്ള ബന്ധം ഫോണിലൂടെ നിലനിര്‍ത്തിയിരുന്നു. 
രണ്ടാമത് നാടുവിട്ടപ്പോഴും ചെന്നത് ലോറിയിലേക്ക് തന്നെയായിരുന്നു. വണ്ടിപ്പണിക്കും ഒരു പ്രത്യേകതയുണ്ട്. എത്രയൊക്കെ മാറിപ്പോയാലും അത് നമ്മളെ വീണ്ടും അങ്ങോട്ടേക്ക് ആകര്‍ഷിക്കും. പെറ്റമ്മയെ പോലെ.

ഹൈദരാബാദിലേക്ക് സിമന്റ് ലോഡ് കയറ്റി പോയി തിരിച്ചുവന്ന് കണ്ണടച്ചതേയുള്ളൂ. അപ്പോഴാണ് അവിചാരിതമായി ക്ലിന്റോ വിളിക്കുന്നത്.

വേഗം നാട്ടിലേക്ക് വരണമെന്നും അപ്പന് വയ്യ എന്നുമാണ് പറഞ്ഞത്. എന്നാല്‍ അപ്പന്‍ മരിച്ചെന്ന് അവന്റെ സംസാരത്തില്‍ നിന്ന് ജാക്കു തിരിച്ചറിഞ്ഞിരുന്നു. എത്ര പൊതിഞ്ഞു കെട്ടി പറഞ്ഞാലും രക്തബന്ധത്തിന് നഷ്ടത്തിന്റെ വേദന പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമല്ലോ. 

സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോനോ പള്ളിയുടെ സെമിത്തേരിയിലേക്ക് അപ്പനെ ചുമന്ന് കൊണ്ടുപോകുന്നതിന് മുമ്പ് ജാക്കു തിരിച്ചെത്തിയിരുന്നു. അപ്പന്‍ കടയില്‍ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അപ്പന്റെ ജീവിതത്തിലെ നല്ലകാലം മുഴുവനും ആ കടയില്‍ ആയിരുന്നു. മരിക്കാന്‍ അതിനേക്കാള്‍ നല്ലൊരു സ്ഥലം അപ്പന് വേറെ കിട്ടാനില്ല. പെട്ടെന്നുള്ള അപ്പന്റെ മരണമായിരുന്നു അതുവരെ നാട്ടിലെ പ്രധാന സംസാര വിഷയം. എന്നാല്‍ തന്റെ വരവോടുകൂടി അത് തന്നിലേക്ക് മാറിയതായി ജാക്കു മനസ്സിലാക്കി. അപ്പന്റെ 41 കഴിഞ്ഞപ്പോള്‍ അമ്മാവന്മാര് അമ്മയെ കൂട്ടിക്കൊണ്ടുപോയി. രണ്ടാം വട്ടവും നാടുവിട്ടുപോയ മകനെ വിശ്വസിച്ച് പെങ്ങളെ നിര്‍ത്തി പോകാന്‍ പറ്റില്ല എന്ന് ആങ്ങളമാര്‍ കട്ടായം പറഞ്ഞു.  ആങ്ങളമാരുടെ നിര്‍ബന്ധത്തെ അമ്മ എതിര്‍ത്തതുമില്ല. അങ്ങനെ അപ്പന്‍ മരിച്ച കൃത്യം 41-ാമത്തെ ദിവസം താന്‍ അനാഥനായതായി ജാക്കു തിരിച്ചറിഞ്ഞു. 

അപ്പന്റെ മരണത്തിനും അമ്മയുടെ ഇറങ്ങിപ്പോകലിനും ശേഷം ജീവിതം പഴയതുപോലെ ആകാന്‍ കുറച്ചു ദിവസങ്ങള്‍ എടുത്തു. പിന്നെ അവന്‍ കടയില്‍ പോയി തുടങ്ങി. കാണുന്നവരെല്ലാം  സഹതാപത്തില്‍ പൊതിഞ്ഞ വിശേഷം തിരക്കുമെങ്കിലും ഉള്ളില്‍ കളിയാക്കുകയും സന്തോഷിക്കുകയും ചെയ്യുകയാണെന്ന് അവനറിയാം. ഇപ്പോള്‍ ആളുകള്‍ തന്നെപ്പറ്റി എന്തു പറയും എന്ന് ആലോചിച്ചുള്ള ചിന്തയോ ആധിയോ അവനില്ല. ആള്‍ക്കൂട്ടത്തില്‍ സ്വയം ഉണ്ടാക്കിയ ഒരു തുരുത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് എങ്ങനെയെന്ന് ഇപ്പോള്‍ അവന് അറിയാം. കടയില്‍ പോയി തുടങ്ങിയതിനു ശേഷം ഇടയ്‌ക്കൊക്കെ സൊസൈറ്റിയിലേക്ക് നോക്കിയിരുന്നു. ജിന്‍സി ഉണ്ടോയെന്ന്. കണ്ടിട്ടില്ല.

ആരോടും അന്വേഷിക്കാനും തോന്നിയില്ല.

ഉച്ചയാകുന്നതോടെ കടയില്‍ തിരക്ക് കുറയും. പണിക്കാര്‍ എല്ലാം ഉണ്ണാന്‍ പോകും. ആ സമയത്ത് മേശമേല്‍ രണ്ടുകാലും കയറ്റി വെച്ച് എന്തെങ്കിലുമൊക്കെ ഓര്‍ത്ത് അവന്‍ കിടക്കും. 

'അഞ്ഞൂറിന് ചില്ലറ ഉണ്ടാകുമോ ജാക്‌സാ?'

ജിന്‍സിയുടെ ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.

പോക്കറ്റില്‍ നിന്നും അഞ്ചു നൂറിന്റെ നോട്ട് എടുത്ത് കൊടുത്ത് 500 രൂപ വാങ്ങിവെച്ചു. 

വീണ്ടും വിദൂരതയിലേക്ക് നോക്കി ചിന്തയിലാണ്ടു കിടന്നു.

'ജാക്‌സാ...'-ജിന്‍സി വിളിച്ചു.

ആ വിളിക്ക് തേങ്ങലിന്റെയും കരച്ചിലിന്റെയും ഇടയിലുള്ള ഒരു ഛായ ആയിരുന്നു.

അവന്‍ ഒന്നും മിണ്ടിയില്ല അവളെ നോക്കി.

നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ച് അവള്‍ പെട്ടെന്ന് തിരികെ പോയി.

ആ സംഭവത്തിനുശേഷം ജാക്കുവിന് ഉണ്ടായിരുന്ന സമാധാനം കൂടി നഷ്ടപ്പെട്ടു.

ക്ലിന്റോയെ വിളിച്ച് വൈകിട്ട് ഒരു ഫുള്ളും കൊണ്ടുവരാന്‍ പറഞ്ഞു. പൂര്‍ണ്ണമായും തണുപ്പ് പോയ മിനറല്‍ വാട്ടര്‍ ഒഴിച്ച് ചിയേഴ്‌സ് പറയാതെ രണ്ടുപേരും മോന്തി തുടങ്ങി.

അന്നത്തെ സംഭവം ജാക്കു അവനോട് പറഞ്ഞു.

'നീ തല്ലിയത് കുറച്ചു കൂടിപ്പോയി. നിന്റെ സാമാന്യബോധം അന്ന് നഷ്ടപ്പെട്ടോ? അവര് കെട്ടിയവനും കെട്ടിയവളും അല്ലേ. നൂറായിരം പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് കരുതി നമ്മള്‍ അതില്‍ തലയിടണമായിരുന്നോ
ക്ലിന്റോ അവനെ കുറ്റപ്പെടുത്തി.'

'പന്ന...നീയല്ലേ പറഞ്ഞത് അവന്‍ അവളെ ഉപദ്രവം ആണെന്നും അവളുടെ ജീവിതം നരകം ആണെന്നും.'

'എടാ അങ്ങനെ പറഞ്ഞു എന്ന് കരുതി വേറൊരാളുടെ കുടുംബ കാര്യത്തില്‍ നമുക്ക് ഇടപെടാന്‍ അവകാശം ഉണ്ടോ?'

'ആ എനിക്ക് അങ്ങനെ ചെയ്യാനാണ് അപ്പോള്‍ തോന്നിയത്.'

'കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെപ്പറ്റി പറഞ്ഞിരിക്കേണ്ട. അന്നത്തെ സംഭവത്തിനുശേഷം അവര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ന്നു എന്ന് തോന്നുന്നു. വീട്ടുകാരൊക്കെ ഇടപെട്ടിരുന്നു. അവന്‍ അവളെ കൊണ്ടുപോകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തായാലും നിന്റെ തല്ലുകൊണ്ട് അവര്‍ ഒന്നായി.' ക്ലിന്റോ പറഞ്ഞു.

മിച്ചറില്‍ നിന്നും അതീവ ശ്രദ്ധയോടെ കടല പൊറുക്കി എടുക്കുകയായിരുന്നു ജാക്കു അപ്പോള്‍.

പിറ്റേ ദിവസവും ചില്ലറ ചോദിച്ചു ജിന്‍സി വന്നു.

അടുത്ത ദിവസവും വന്നു.

പിന്നെയും വന്നു.

പിന്നെ ചില്ലറ ചോദിക്കാന്‍ അല്ലാതെ സംസാരിക്കാന്‍ വേണ്ടി വന്നു.

പിന്നെ സംസാരിക്കാന്‍ വിഷയം ഇല്ലാഞ്ഞിട്ടും വന്നു.

ചില്ലറയ്ക്കായി നീട്ടിയ അവളുടെ കൈത്തണ്ടയില്‍ റബ്ബര്‍ മരത്തില്‍ ടാപ്പ് ചെയ്തതു പോലുള്ള  പാടുകള്‍ കണ്ടു. പട്ടയില്‍ താര്‍ തേക്കുന്ന പോലെ മൃദുവായി അവന്‍ ആ കൈകളില്‍ തഴുകി. പ്ലാസ്റ്റിക് കവര്‍ ഇടുന്നത് പോലെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് അവള്‍ അവന്റെ കൈ മൂടി.

പള്ളീലച്ഛന്റെയും വാര്‍ഡ് മെമ്പറിന്റെയും മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ജിന്‍സിയെ കെട്ടിയവന്‍ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് സമ്മതിച്ചതിന്റെ തലേദിവസം.

ചില്ലറ മാറാനായി വന്ന ജിന്‍സി ജാക്കുവിന്റെ മുന്നില്‍ കരഞ്ഞു.

എന്തൊക്കെ സംഭവിച്ചാലും ഉച്ചയ്ക്ക് രണ്ടുമണിവരെ തന്നെ വിളിക്കരുതെന്ന് ക്ലിന്റോ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അത് അവന്റെ ജോലിയുടെ പീക്ക് ടൈമാണ്. എന്നിട്ടും ജാക്കു വിളിച്ചു. അത്യാവശ്യം അല്ലാതെ ആ സമയത്ത് അവന്‍ വിളിക്കില്ല എന്ന് അറിയാവുന്ന ക്ലിന്റോ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. 

'ഞാനും ജിന്‍സിയും ഇന്ന് നാടുവിടുകയാണ്. രാത്രി നീയും വരണം. സഹായം ചോദിക്കാന്‍ എനിക്ക് വേറെ ആളില്ല.'

ഒറ്റവാക്കില്‍ കാര്യം പറഞ്ഞു.

ഉപയോഗിക്കാതെ കിടന്ന തന്റെ മറ്റഡോറില്‍ അന്ന് വൈകുന്നേരം സൊസൈറ്റിയുടെ മുന്നില്‍ നിന്നും അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ടത് ക്ലിന്റോ ആയിരുന്നു. അതായിരുന്നു മൂന്നാമത്തെതും അവസാനത്തേതുമായ അവന്റെ നാടുവിടല്‍. അതിനുശേഷം ആ നാട്ടിലെ ചരിത്രത്തില്‍ ജാക്കുവും ജിന്‍സിയുമില്ല. 

റെയില്‍വേ സ്റ്റേഷനില്‍ എത്താനുള്ള എളുപ്പവഴിക്ക് ദേശീയപാതയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മറ്റഡോര്‍ പോയത് നെടുപറമ്പ് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിന്റെ മുന്നിലൂടെയാണ്. ഇന്ന് അത് ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയിട്ടുണ്ട്.  സ്‌കൂള്‍ മൈതാനത്തിന്റെ അരികിലൂടെയുള്ള വഴിയിലൂടെ സ്‌കൂളിനെ വലം വച്ച് അവരുടെ വണ്ടി മുന്നോട്ടു കുതിച്ചു. കുരുത്തംകെട്ട രണ്ടു വിദ്യാര്‍ത്ഥികളുടേയും പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെയും നെറുകയില്‍ കൈവെച്ച് ആ സ്‌കൂള്‍  അനുഗ്രഹിച്ചു.


 

Latest Videos
Follow Us:
Download App:
  • android
  • ios