Malayalam Short Story: അപൗരുഷേയം, കെ പ്രദീപ് എഴുതിയ ചെറുകഥ


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   കെ പ്രദീപ് എഴുതിയ ചെറുകഥ

chilla malayalam short story by K Pradeep bkg

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by K Pradeep bkg

 

'അയമാത്മ ബ്രഹ്മ' ബദരീനാഥിലെ ജ്യോതിര്‍മഠത്തിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു. ഗൗരീ പടേക്കര്‍ മന്ദഹസിച്ചു കൊണ്ട് എന്‍റെ തോളിലൂടെ കയ്യിട്ടു കവിളില്‍ ഉമ്മ വച്ചു.

'അഥര്‍വ്വ വേദമാണ് ഇവിടെ അധ്യയനം ചെയ്യുന്നത്. നിനക്ക് ഒരു കൈ നോക്കാവുന്നതാണ്'

മഹാരാഷ്ട്രയിലെ കൂര്‍വാര ഗ്രാമത്തില്‍ നിന്നാണ് ഗൗരീ പടേക്കര്‍ നഗരത്തിലെത്തിയത്. കാശിയില്‍ രണ്ട് ദിവസം തങ്ങിയ ശേഷമാണ് ഞങ്ങള്‍ ബദരീനാഥില്‍ എത്തിയത്.

'നീച വേദമായിട്ടാണ് അഥര്‍വ്വ വേദത്തെ പലരും  കാണുന്നത്. ദുര്‍മന്ത്രവാദം പഠിക്കണമെന്ന് പണ്ടേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു' സംസാരിച്ചു കൊണ്ട് ഞാന്‍ പടവുകളിലൂടെ താഴോട്ടിറങ്ങി. ഗൗരി പിറകേയും. മഹാപ്രവാഹമായി നദി. ഞങ്ങള്‍ വെള്ളം കോരിയെടുത്ത് അംഗസ്‌നാനം ചെയ്തു.

'നിന്‍റെ പാപങ്ങളെല്ലാം തീരട്ടെ'

അവള്‍ എന്‍റെ നെറുകയില്‍ വെള്ളം കോരിയൊഴിച്ചു കൊണ്ട് പറഞ്ഞു.

'അതിന് ഞാന്‍ എന്ത് പാപമാണ് ചെയ്തത്?'

'പല പെണ്ണുങ്ങളോടൊത്ത് ഉറങ്ങി എന്ന പാപം. ഞാന്‍ നിന്‍റെ എത്രാമത്തെ കാമുകിയാണെടാ....' - അവളുടെ കവിളുകള്‍ തുടുക്കുകയും കണ്ണുകള്‍ ഉണരുകയും ചെയ്തു.

ഇത്രയും മനോഹരമായി രതി ആഹ്വാനം ചെയ്യുന്ന പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.

അവള്‍ നദിയായി.
നദി ഞാനായി.
പൂജാപുഷ്പങ്ങളും എണ്ണയും കലര്‍ന്ന വെള്ളം
സാക്ഷ്യം.

'മനുഷ്യന്‍ ആഗ്രഹിക്കുന്ന വിധം ഒരാളാകാന്‍ കഴിയാത്ത ദൈവം.' - എന്ന വാചകം എന്നോട് പറഞ്ഞത് അവളാണ്.

അവളുടെ മുത്തശ്ശന്‍ ഏതോ പഴയ പുസ്തകത്തില്‍ നിന്ന് പകര്‍ത്തിയെഴുതിവെച്ചതാണത്രെ അതിലെ വാക്കുകള്‍. എനിക്ക് വേണ്ടി അവളത് ഒരു പുതിയ പുസ്തകത്തിലേക്ക് - അവളുടെ മണമുള്ള ഡയറിയിലേക്ക്- എഴുതിയെടുത്തിരിക്കുന്നു, നൂറോളം കവിതകള്‍. അതില്‍ നിറയെ പ്രണയവും ദൈവവും - ഒരേ അനുഭവത്തിന്‍റെ രണ്ട് പേരുകള്‍ പോലെ.

അതിലൊരു പേജില്‍:

'നീ കരുതുന്നുണ്ടോ
ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?
നീ കരുതുന്നുണ്ടോ
ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന്?
നീ കരുതുന്നുണ്ടോ
ഓരോ തവണയും നാം ജനിച്ചത്
മറ്റേതോ പ്രാണികളായിട്ടാണെന്ന്?

ഒരിക്കലുമില്ല;
നാം
വാക്കുകളുടെ വാതില്‍ തുറന്ന്
കടന്നുവരുന്നവര്‍.
അക്ഷരങ്ങള്‍ക്കിടയിലാണ്  
നാം
ഓരോ തവണയും
കണ്ടുമുട്ടാറുള്ളത്.
ഇത്തവണ
അതിങ്ങനെയല്ലെന്ന്
ആര്‍ക്കുറപ്പിയ്ക്കാന്‍ കഴിയും!'

അവളില്ലാത്ത രാത്രികളില്‍ ആ കവിതാ പുസ്തകം മറിച്ചു നോക്കും. ഓര്‍മ്മകള്‍ നിറയും.

ഏറ്റവും സാധാരണമായ ജീവിതത്തില്‍, അസാധാരണമായ വിധം ദൈവത്തെ അനുഭവിച്ചവന്‍. താന്‍ ആ അനുഭവങ്ങളുടെ ഭാഗമാകുന്നുണ്ടെന്ന് നന്ദിയോടെ അറിഞ്ഞവന്‍. ഓരോ നിമിഷവും താഴ്മയോടെ ആ വിസ്മയങ്ങളെ കാത്തുനിന്നവന്‍. ആള്‍കൂട്ടത്തിന്‍റെ ബഹളങ്ങള്‍ക്കിടയിലിരുന്നും തന്‍റെ ഗാനം ശ്രുതിമധുരമായ് പാടി മുഴുമിപ്പിച്ചു, കയ്യടികള്‍ക്ക് കാത്തു നില്‍ക്കാതെ, നടന്ന് പോയ ഒരാള്‍.

'മരണമോ?
അല്ല; ജീവിതമാണ്
ദൈവവുമായ് ചേരാന്‍
ഏറ്റവും മികച്ച സമയം.
എന്‍റെ മരണശേഷം ദൈവവും
ഏകാകി ആകുന്നുവല്ലോ!'

- എന്താവും അവളെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്? ഞാന്‍ ആലോചിച്ചു.

വര്‍ഷങ്ങളായി അദ്ദേഹം ഉറങ്ങുന്നത് എവിടെയായിരിക്കും?  ചില ചോദ്യങ്ങള്‍ മനസ്സില്‍ വരും.

'നീ ഒരിയ്ക്കല്‍ പോകും അവിടേക്ക്.'
അവള്‍ എന്നോട് പറഞ്ഞു:
'കിഴവന്‍ ഒരിയ്ക്കല്‍ നിന്നെ ക്ഷണിയ്ക്കും.'

അതുപോലെ തന്നെ  ഈ ദേശത്തേയ്ക്ക് ഒരു യാത്ര തരപ്പെട്ടു. കൃത്യമായ സഞ്ചാരപഥങ്ങള്‍ നിശ്ചയിച്ചിരുന്നില്ല. ഏതിന്‍റെയൊക്കെയോ ഒപ്പം നടക്കുകയായിരുന്നു. ആരുടെയൊക്കെയോ കഥകള്‍ പങ്കിട്ട്, ആരുടെയൊക്കെയോ യാത്രകളുടെ ഭാഗമായി.  

'എല്ലാ കഥകളും എല്ലാവരുടെയും ആകണമെന്നില്ല. അതില്‍ ചിലത് എന്‍റെത് കൂടിയാകും.' - മനസ്സ് പറയുന്നത് പോലെ തോന്നി: 'നീയത് അറിയാതെ പോകില്ല.  അതുകൊണ്ട് എഴുതിക്കഴിഞ്ഞ വാക്കുകള്‍ ചേര്‍ത്ത് വയ്ക്കാന്‍ പറ്റിയ ഇടങ്ങളില്‍ എത്തിച്ചേരുകയല്ല; എത്തിച്ചേരുന്ന ഇടങ്ങള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുക.'

തുടക്കത്തില്‍ എല്ലാം സാധാരണമായ കാഴ്ചകളായിരുന്നു.  എല്ലാവരും ഒരേയിടത്ത് ഒരേ കാഴ്ചകള്‍ അല്ല കാണുക. എന്നിരുന്നാലും പുതുമകള്‍ അവകാശപ്പെടാനില്ലാത്തത്.

തിരക്ക് പിടിച്ച ഗലികള്‍, വില്പനശാലകള്‍, പ്രാര്‍ത്ഥനാലയങ്ങള്‍, ശവകുടീരങ്ങള്‍, സംഗീതസഭകള്‍, ആഘോഷങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍, വിശ്വാസികള്‍, കച്ചവടക്കാര്‍, നൃത്തം ചെയ്യുന്നവര്‍, ഭിക്ഷ യാചിക്കുന്നവര്‍, വിലപേശുന്നവര്‍.

കാലങ്ങളായ് ആളുകള്‍ വാക്കുകളിലേക്കും ക്യാമറകളിലേക്കും  പകര്‍ത്തിക്കഴിഞ്ഞതാണീ ചിത്രങ്ങള്‍. കഥകളോ പലപ്പോഴും ഒരേ ചേരുവകള്‍ കലരുന്നത്. ചരിത്രം പൂര്‍ണ്ണമായി അറിയുന്നവരല്ല അത് പങ്കുവയ്ക്കാന്‍ തല്പരരാകുന്നത് എന്നും തോന്നി. പലയിടങ്ങളിലും കച്ചവടമാണ് മുഖ്യം.

മനുഷ്യനാഗ്രഹിയ്ക്കുന്ന വിധം ശത്രുവിന്‍റെ ശത്രുവോ കച്ചവടത്തിന്‍റെ ഇടനിലക്കാരനോ അവിശ്വാസിയെ ആട്ടിയകറ്റുന്നവനോ ആകാന്‍ സാധിക്കാത്ത ദൈവം. മനുഷ്യനാഗ്രഹിയ്ക്കുന്ന വിധം തന്നിലെ  അത്ഭുതങ്ങളെ വിറ്റു കാശാക്കാന്‍ പരിശ്രമിക്കാത്ത ദൈവം. ഞാന്‍ ഉള്ളില്‍ കേട്ടു.

മനുഷ്യന് എന്തും വില്‍ക്കാന്‍ കഴിയുന്നു!  എവിടെയും കെട്ടിയിടാന്‍ കഴിയുന്നു, ആഗ്രഹങ്ങളുടെ ചരടുകള്‍.
എത്ര കുരുക്കുകളാണ് അവയിലോരോന്നിലും. ദൈവം ശാന്തമായി ഉറങ്ങുന്നത് ഇവിടെയൊന്നും ആവില്ലെന്ന് ഉറപ്പിച്ചു.

ഒരാള്‍ വന്നുകയറും, അവിടെയ്ക്കുള്ള മേല്‍ വിലാസവുമായ്; അതുവരെ കാത്തിരിയ്ക്കുക.

അവളും എന്നോട് ചോദിച്ചു: 'ദൈവത്തെ കാത്തിരുന്നവനെ അന്വേഷിയ്ക്കുമ്പോള്‍ അല്ലെങ്കിലും തിരക്കുകൂട്ടുന്നത് എന്തിന്?'

മെല്ലെ എന്ന വാക്കിനെ എന്നും പ്രകീര്‍ത്തിക്കുന്നവള്‍ ചോദിച്ചു: 'അല്ലെങ്കിലും ജീവിതത്തിന് എന്തിനാണ് തിരക്കുകളുടെ ഇത്രയും ചക്രങ്ങള്‍?'

പറഞ്ഞിട്ടുണ്ടല്ലോ ഇങ്ങനെ:
'ചില നേരങ്ങളില്‍
ഒരാള്‍ നമ്മുടെ അരികിലേക്ക് വരും.
ചിലതറിയാന്‍
നമുക്ക് സമയമാകുമ്പോള്‍,
അത് സ്വീകരിയ്ക്കാന്‍
നാം സന്നദ്ധരായിരിക്കുമ്പോള്‍,
അത്ര കൃത്യമായ് നമ്മിലേക്കത് പകരാന്‍
ആ ഒരാള്‍ നമ്മുടെ അടുത്തെത്തും.
നമ്മെ അന്വേഷിച്ചവരെത്തും.'

ഞങ്ങളുടെ മുന്നില്‍ അങ്ങനെ വന്ന് നിന്നയാള്‍ ഒരു സൈക്കിള്‍ റിക്ഷാക്കാരനായിരുന്നു.

മുന്‍പ് രണ്ട് മൂന്ന് തവണ അയാള്‍ക്കൊപ്പം സവാരി ചെയ്തിട്ടുണ്ട്. ദൈവത്തെക്കുറിച്ച് അയാളോട് അന്വേഷിച്ചിട്ടുമുണ്ട്. അന്നൊന്നും മറുപടിയില്ലാതിരുന്നയാള്‍ അന്ന്, ഞാന്‍ വിളിക്കാതെ തന്നെ എന്‍റെ മുന്നിലെത്തുകയായിരുന്നു; എനിയ്ക്ക് പോകേണ്ട സ്ഥലത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്.

ചെറിയ ചെറിയ കെട്ടിടങ്ങള്‍ക്കിടയില്‍, അശ്രദ്ധമായ്, അലങ്കാരങ്ങള്‍ ഇല്ലാതെ എന്നാല്‍ വൃത്തിയോടെ. മൈലാഞ്ചി ചെടികളില്‍ നിന്ന്  ഇലകള്‍ കൊഴിഞ്ഞ് വീഴുന്ന ഒരിടത്തായിരുന്നു ദേവാലയം. മഴയും വെയിലും വീഴുന്ന ഒരിടം. പ്രാവുകള്‍ ചേക്കേറുന്ന ചെറു വാതിലുകള്‍.

അവിടം വൃത്തിയാകാന്‍ വന്ന സ്ത്രീ പറഞ്ഞു: അവരുടെ കുടുംബം കാലങ്ങളായ് അത് ചെയ്തുപോരുന്നു. അതില്‍ കൂടുതലൊന്നും അറിയില്ല.

മടങ്ങുമ്പോള്‍ എന്തുകൊണ്ടെന്നറിയില്ല റിക്ഷാക്കാരന്‍ മൂളി:
'ദുഃഖമോ?
ദൈവമേ!
നീ അടുത്തു വരുന്നില്ലല്ലോ എന്നതല്ല ദുഃഖം.
അത്ര അടുത്തു നീ ചേര്‍ന്നിരുന്നിട്ടും
ഞാന്‍ അതറിയാതെ പോകുന്നത് ദുഃഖം.
അത് നിന്നേയും സങ്കടപ്പെടുത്തുന്നുവല്ലോ
എന്നത് ദുഃഖം.'

അയാള്‍, 'ദാദ' എന്ന് വിളിച്ചുകൊണ്ട് കയറിച്ചെന്ന വീട്ടില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കി റിക്ഷാക്കാരന്‍ മടങ്ങി.

ദാദ എന്നെ കാത്തിരുന്നത് പോലെ സ്വീകരിച്ചു. ഭക്ഷണം ഒരുമിച്ചു കഴിയ്ക്കാമെന്ന് ക്ഷണിച്ചു. പതിനാല് - പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടി അവളുടെ രണ്ട് അനുജന്മാര്‍ക്കും മുത്തശ്ശനും ഞങ്ങള്‍ക്കും ഭക്ഷണം വിളമ്പി. കഴിയ്ക്കുന്നതു മുന്‍പ് അവര്‍ പ്രാര്‍ത്ഥിച്ചു.

അവരുടെ പ്രാര്‍ത്ഥന എന്താണെന്നോര്‍ത്ത് ഞാന്‍ കണ്ണടച്ചിരുന്നു. അതായിരുന്നു എന്‍റെ പ്രാര്‍ത്ഥന.

ലളിതമായിരുന്നു ഭക്ഷണം.  അതുകഴിഞ്ഞു മധുരവും പുളിയും ചേര്‍ന്നു നിന്ന എന്തോ ഒന്ന് കഴിക്കാന്‍ തന്നു. അത് കഴിച്ചു കൊണ്ട് പുറത്തിരുന്ന എന്‍റെ അടുത്ത് വന്നിരുന്ന കുട്ടികളോട്,  കൗതുകത്തിന്, ആഹാരത്തിന് മുന്‍പ് അവര്‍  പ്രാര്‍ത്ഥിച്ചത് എന്താണെന്ന് ചോദിച്ചു. അവര്‍ അതിനു പറഞ്ഞ മറുപടി എനിയ്ക്കു വ്യക്തമായില്ല.

അത് കേട്ട് വന്ന മൂത്ത പെണ്‍കുട്ടി പറഞ്ഞു: ' ആഹാരം വിളമ്പുമ്പോള്‍ അത് വിളയിച്ച കര്‍ഷകന്‍റെ വീട്ടില്‍ കുഞ്ഞുങ്ങള്‍ വിശന്നുറങ്ങേണ്ടി വരരുതേ എന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ അബ്ബാ എന്നും പറയും.'

ഒരു പിടച്ചല്‍ ഞാനനുഭവിച്ചു. ഒരിയ്ക്കലും ഓര്‍ക്കുക പോലും ചെയ്യാത്തൊരു പ്രാര്‍ത്ഥന.

പുറത്തിട്ട ബെഞ്ചുകളിലൊന്നില്‍ കിടന്ന് ഉറങ്ങാം എന്ന് പറഞ്ഞപ്പോള്‍ ദാദ സമ്മതിച്ചു. ഞാനതേ ചെയ്യുമായിരുന്നുള്ളൂ എന്നദ്ദേഹം പ്രതീക്ഷിച്ചത് പോലെ.

ഉയരമുള്ള ഒരിടത്തായിരുന്നു അവരുടെ വീട്. ചുറ്റിലുമുള്ള വീടുകള്‍ നിരനിരയായ് കാണാം. മിതമായ് മാത്രം വിളക്കുകള്‍ കത്തിച്ചു വെച്ച വീടുകള്‍. ശാന്തമായിരുന്നു അവിടെ നിറഞ്ഞു നിന്ന കാറ്റ്. തണുപ്പുള്ളത്.

മെല്ലെ മെല്ലെ ഒഴുകുന്നത്.

കണ്ണടച്ചു കിടന്നു. ദൂരെ എവിടെയോ ആരോ പാടുന്നു :

'എന്നെ തിരഞ്ഞെത്തുന്ന ദൈവം,
അവനെ സ്വീകരിക്കാന്‍ എന്നും കാത്തിരിക്കുന്ന ഞാന്‍.

അവനെ കാണാതെ പോകരുതെന്ന് കരുതി
എന്‍റെയുള്ളിലേക്ക്
എന്നും ഞാന്‍ നോക്കിയിരിക്കുന്നു.

അവനെ കേള്‍ക്കാതെ പോകരുതെന്ന് കരുതി
ഞാനെന്‍റെ ഹൃദയത്തോട്
ശാന്തമാകുവാന്‍ പറയുന്നു.

ദൈവത്തിന്‍റെ ഇരിപ്പിടമെന്നപോലെ
എന്നും എന്‍റെ വാക്കുകളെ തുടച്ചു വയ്ക്കുന്നു.'

എപ്പോഴോ, 'ഉറങ്ങിയില്ലേ?! ഉറങ്ങിയില്ലേ?' എന്ന് ദാദ അടുത്തിരുന്ന് ചോദിയ്ക്കുന്നത് ഞാന്‍ കേട്ടു.

'ഭൂമി മുഴുവന്‍ പ്രകാശം നിറയുന്നത് കണ്ടുകൊണ്ടിരിയ്ക്കുന്ന ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നത് എങ്ങനെ?' എന്ന്  അദ്ദേഹം തന്നെ മറുപടി പറയുന്നതും.

അവള്‍, എനിയ്ക്കു വേണ്ടി കവിതാപുസ്തകം പകര്‍ത്തിയെഴുതിയവള്‍, അടുത്തുണ്ടായിരുന്നെങ്കില്‍ ചോദിയ്ക്കാമായിരുന്നു:

'നീ കരുതുന്നുണ്ടോ ഇതാണ് നമ്മുടെ ആദ്യത്തെ ജന്മമെന്ന്?

നീ കരുതുന്നുണ്ടോ ഇതാണ് നമ്മുടെ അവസാനത്തെ ജന്മമെന്ന് ?

നീ കരുതുന്നുണ്ടോ ഇത്തവണ അതിങ്ങനെയല്ലെന്ന്?

ഇത്തവണ അത് നീയും ഞാനുമല്ലെന്ന് !'

അല്ലെങ്കില്‍  'അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍' എന്ന് എന്തിനാണ് ഞാന്‍ പറഞ്ഞത്?

അവള്‍ എപ്പോഴാണ് അടുത്തില്ലാതെയിരിക്കുന്നത്!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios