malayalam Short Story : റീ മലാലക്കോ..,മഡഗാസ്‌കര്‍, കെ. നിശാന്ത് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ. നിശാന്ത് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'എനിക്കേറ്റവും പ്രിയപ്പെട്ട ഗന്ധം ഈ പെര്‍ഫ്യൂമുകള്‍ക്കിടയില്‍ കണ്ടെത്താനാവില്ലടോ. കാരണം അത് എന്റെ ഉപ്പയുടെ നെറ്റിയില്‍ പുരട്ടിയിരുന്ന ടൈഗര്‍ ബാമിന്റെ ഗന്ധമാണ്.'
അവള്‍ കയ്യിലിരുന്ന നീല നിറമുള്ള ആ പെര്‍ഫ്യൂം കുപ്പി അവനുനേരെ നീട്ടിയപ്പോഴായിരുന്നു അവന്റെ വാക്കുകള്‍. പലവര്‍ണ്ണങ്ങളില്‍ പെര്‍ഫ്യൂമുകള്‍ നിറഞ്ഞുനിന്നിരുന്ന ഷോപ്പിനുള്ളില്‍ ആയിരുന്നു അവരപ്പോള്‍.
'അതുകൊണ്ടാവാം ടൈഗര്‍ ബാം എവിടെ കണ്ടാലും ഞാനത് നെറ്റിയില്‍ പുരട്ടാറുണ്ട്. പക്ഷേ ഉപ്പയുടെ നെറ്റിയിലെ ആ ഗന്ധം പിന്നീടൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. കാരണം ആ ബാമിനോടൊപ്പം ഉപ്പയും കൂടിയുണ്ടെങ്കിലെ ആ ഗന്ധം പൂര്‍ത്തിയാവൂ..'
അവള്‍ സാകൂതം അവനെ നോക്കി നില്‍ക്കുകയാണ്. അവന്റെ വാക്കുകള്‍ ഒരു തരിമ്പും അവള്‍ക്ക് മനസ്സിലാവില്ല. അവര്‍ക്കിടയില്‍ ഒരു മഹാസമുദ്രത്തിന്റെ വിടവുണ്ട്. ഭാഷയിലും സംസ്‌കാരത്തിലും മറ്റെല്ലാത്തിലും ഇരുഭൂഖണ്ഡങ്ങളുടെ മാറ്റമുണ്ട്.
'സാ മംഗാലാ തി..?' (ഞാന്‍ ഇത് വാങ്ങിത്തരട്ടെ?)
അവള്‍ കയ്യിലിരുന്ന പെര്‍ഫ്യൂം അവനു നേരെ നീട്ടിക്കൊണ്ടു ചോദിച്ചു.
അവന്‍ ആ പ്രൈസ് ടാഗില്‍ നോക്കി. അവളുടെ ഒരു മാസത്തെ ശമ്പളത്തിലും അധികമാണ് ഈ വില. പൊരിവെയിലത്ത് അവള്‍ വിയര്‍പ്പൊഴുക്കി നേടിയ തുക. തലേന്നാളില്‍ ശമ്പളം അവളുടെ കയ്യില്‍ കൊടുക്കുമ്പോഴും അവള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് കൂലി കൊടുക്കുന്നത്. ജോലികഴിഞ്ഞാല്‍ വരിവരിയായി അവര്‍ കൂലിക്കു വേണ്ടി കാത്തു നില്‍ക്കും. അതിനു മുമ്പേ തുകയെല്ലാം കണക്കാക്കി മേശപ്പുറത്ത് വെക്കുക എന്നത് അവന്റെ ജോലിയാണ്. കമ്പനിയുടെ കാഷ്യര്‍ എന്ന നിലയിലെ പ്രധാന ഉത്തരവാദിത്വം. മാനേജര്‍ പേര് വിളിക്കുന്നതനുസരിച്ച് ഓരോരുത്തരായി വന്നുകൊണ്ടത് കൈപ്പറ്റും. അവളുടെ ഊഴമാകുമ്പോഴേക്കും ഇരുട്ടാകെ പരന്നിട്ടുണ്ടാകും. ഇടത്കയ്യില്‍ മഡഗാസ്‌കര്‍ കറന്‍സിയായ അരിയാരിയുടെ നോട്ടുകള്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടവള്‍ ഇരുട്ടിലേക്ക് നടന്നുനീങ്ങും. തെരുവില്‍ മലഗാസി സംഗീതം അലയടിക്കാന്‍ തുടങ്ങുന്നുണ്ടാവും അപ്പോള്‍.
അവന്‍ ആ പെര്‍ഫ്യൂം തിരികെ ഷെല്‍ഫിലേക്ക് തന്നെ വച്ചു.
അവളുടെ മുഖം വാടി.
'എന്തുപറ്റി.. ഇഷ്ടമായില്ലേ?'
മലഗാസി ഭാഷ ആദ്യനാളുകളില്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ഇരുനൂറോളം ജോലിക്കാരുള്ള കമ്പനിയിലെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം അവരുടെ ജോലികളില്‍ മേല്‍നോട്ടം വഹിക്കുകയും കൂടി ചെയ്യേണ്ടതിനാല്‍ ജോലി സംബന്ധമായ വാക്കുകള്‍ ആണ് ആദ്യം പഠിക്കാന്‍ തുടങ്ങിയത്. അവരുടെ മറുപടികള്‍ എഴുതിയെടുത്തും ഗൂഗിളിന്റെ സഹായത്താലും ഭാഷ മെച്ചപ്പെട്ടു വന്നു.
അവളുടെ ചോദ്യത്തിന് മറുപടിയായി വെറുതേ ഒന്നു പുഞ്ചിരിച്ചു. അവളാകട്ടെ വീണ്ടും പെര്‍ഫ്യൂമുകള്‍ തിരയുകയാണ്. അവളിട്ടിരിക്കുന്ന നിറം മങ്ങിയ നീല ടീഷര്‍ട്ടും കറുത്ത ട്രൗസറും അവളുടെ ഏറ്റവും പുതിയ വസ്ത്രങ്ങളായിരിക്കാം. കിട്ടുന്ന ശമ്പളം ഭക്ഷണത്തിനായി മാത്രം മാറ്റിവെക്കാന്‍ കഴിയുന്നവര്‍ക്കിടയില്‍ വസ്ത്രങ്ങള്‍ എപ്പോഴും ആര്‍ഭാടം തന്നെയാണ്.
അവിടെയുള്ളതില്‍ ഏറ്റവും വിലകുറഞ്ഞ പെര്‍ഫ്യൂം തെരഞ്ഞെടുത്തുകൊണ്ട് അത് അവളുടെ നേരെ നീട്ടി. ഏതെങ്കിലും ഒന്നു വാങ്ങാതിരുന്നാല്‍ അവളെയത് വല്ലാതെ വിഷമിപ്പിക്കും. പ്രത്യേകിച്ചും ഈ രാത്രിയില്‍.
കടയില്‍ നിന്നും അവരിറങ്ങുമ്പോള്‍ അംബാഞ്ചേയിലെ രാത്രി ജീവിതം സജീവമായി തുടങ്ങിയിരുന്നു.
പലയിടത്തുനിന്നും ഉച്ചത്തില്‍ മലഗാസി സംഗീതം ഒഴുകിയെത്തുന്നുണ്ട്. പരസ്പരം കൈകോര്‍ത്ത് റോഡരികിലൂടെ നീങ്ങുന്ന യുവാക്കളും യുവതികളും. മിക്കവരുടെയും ലക്ഷ്യം ഏതെങ്കിലും ഡാന്‍സ് ബാറുകള്‍ ആയിരിക്കാം. നാളെയെക്കുറിച്ച് ചിന്തിക്കാതെ ഇന്നിനെ ആഘോഷമാക്കി മാറ്റുന്ന ജനത. ഫ്രഞ്ച് അധിനിവേശത്തിന്റെ ബാക്കിപത്രമാണ് ഇവരുടെയീ ജീവിതം. ചിന്തകളും സ്വപ്നങ്ങളുമെല്ലാം കവര്‍ന്നെടുത്തു കൊണ്ട് അതവരെ ലഹരികളുടെ ലോകത്തേക്ക് നയിച്ചു.
അഥീന എന്ന ഗാസി പെണ്‍കുട്ടിയോടൊപ്പം അവന്‍ ആ റെസ്റ്റോറന്റിലേക്കു കയറി. പല വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന തട്ടുകള്‍. ഫ്രഞ്ച് റെസ്റ്റോറന്റ് ആണ്. ശീതീകരിച്ച മുറിയിലേക്കു കയറിയപ്പോള്‍ അവളാകെ അസ്വസ്ഥയാവുന്നതായി തോന്നി. വിദേശികളും പണക്കാരായ ഗാസികളും മാത്രം വരുന്ന ഇടം ആയതിനാലാവണം.
'നമുക്കിവിടുന്നു പോയാലോ'-അഥീന മടിയോടെ ചോദിച്ചു. പുഞ്ചിരിയോടെ അവന്‍ അവളോടൊപ്പം പുറത്തേക്കിറങ്ങി.
സാമ്പത്തികവും സാമൂഹികവുമായി രണ്ടു തട്ടുകളിലാണ് ഈ ജനത. ഫ്രഞ്ചുകാരുടെ പിന്‍ഗാമികളും വിദേശികളായ കച്ചവടക്കാരുമടങ്ങുന്ന ഉപരിവര്‍ഗ്ഗം. തെരുവിലെ ആഡംബര മേഖല ഇവര്‍ കീഴടക്കിയിരിക്കുന്നു. ഇനിയുള്ളത് താഴെത്തട്ടിലുള്ള ജനതയാണ്. ഇവിടെ ജനിച്ചവരും ഗ്രാമങ്ങളില്‍ നിന്നും ജോലിക്കായി ഇവിടെ വന്നവരുമടങ്ങുന്നത്. മരപ്പലകകളും പനയോലകളും കൊണ്ടുള്ള വീടുകളില്‍ ഉറങ്ങുന്നവര്‍. അവര്‍ക്കീയിടം അന്യമാണ്.
അഥീനയോടൊപ്പം പുഷ് എന്നു വിളിക്കുന്ന സൈക്കിള്‍ റിക്ഷയില്‍ കയറിയിരുന്നു. പ്രായം ചെന്ന ഒരാളാണ് ഡ്രൈവര്‍. അങ്ങേരുടെ ആയാസം കണ്ടപ്പോള്‍ അതില്‍ കയറേണ്ടിയിരുന്നില്ല എന്നു തോന്നി. അവള്‍ റോഡില്‍ നോക്കിയിരിക്കുകയാണ്. ചിലമ്പിച്ച ശബ്ദമുള്ള വായാടിയായ പെണ്ണാണ് ഇന്ന് ഒരു വാക്കുപോലും ഉരിയാടാതെ ഇരിക്കുന്നത്. അവളുടെ കൈപ്പടത്തിനു മുകളില്‍ കൈയ്യമര്‍ത്തി. അവളപ്പോഴും മുഖം തരാതെ ഇരിക്കുകയാണ്..
'എന്തുപറ്റി.. പെണ്ണേ'
അവള്‍ ഒന്നുമില്ലെന്ന് തലയാട്ടി.
തെരുവുവിളക്കുകളുടെ വെളിച്ചം അവസാനിച്ചിടത്ത് അവര്‍ റിക്ഷയില്‍ നിന്നും ഇറങ്ങി. മൂന്നു വഴികളായി പിരിയുന്ന ഒരു ജംഗ്ഷന്‍ ആണത്. അതിലൊന്ന് മാര്‍ക്കറ്റിലേക്കുള്ള വഴിയാണ്. മറ്റൊന്ന് അവന്‍ താമസിക്കുന്ന ഇടത്തേക്കുള്ള വഴിയും.
മലമുകളിലേക്ക് പോകുന്ന പാതയാണ് അവസാനത്തേത്.
വഴിയരികിലെ കച്ചവടം പൊടി പൊടിക്കുകയാണ്. സെലെസ്റ്റിന്‍ അമ്മച്ചിയുടെ മേശമേല്‍ നാടന്‍ ചാരായത്തിന്റെ കുപ്പികള്‍ നിറഞ്ഞിരിക്കുന്നു. റോഡരികില്‍ ഒരു ഡെസ്‌കും രണ്ടു ബെഞ്ചുകളും അടങ്ങുന്നതാണ് സെലെസ്റ്റിന്‍ അമ്മച്ചിയുടെ ബാര്‍. എഴുപതു വയസ്സോളം വരുന്ന സ്ഥൂല ശരീരിണി. മുന്നിലെ ബെഞ്ചില്‍ സ്ഥിരം കസ്റ്റമര്‍ റോബര്‍ട്ട് ഉണ്ട്.
കോള വില്‍ക്കുന്ന പെണ്‍കുട്ടി ആണ് അടുത്തത്. നിലത്തു ചാക്കില്‍ ആണ് കോളകള്‍ നിറച്ചിരിക്കുന്നത്. നാട്ടിലെ അടയ്ക്ക പോലെ ഒരു വസ്തു. ഇത് ച്യൂയിംഗം കൂട്ടി ചവച്ചു നടക്കുന്നത് ഗാസികളുടെ ഇടയില്‍ പതിവാണ്.
അതുപോലെ തന്നെയാണ് കാത്ത് എന്ന ഇല. അതിന്റെ തളിരിലകള്‍ കഴിക്കുന്നത് ഇവര്‍ക്ക് ലഹരി നല്‍കുന്നു. കമ്പുകളായി വില്‍ക്കാന്‍ വച്ചിരിക്കുന്നത് കാണാം. ഉച്ചകഴിഞ്ഞു വരുന്ന ജോലിക്കാരില്‍ പലരുടെയും കക്ഷത്തില്‍ ഈ കാത്തിന്റെ ഒരു കെട്ടു കാണാറുണ്ട്.
റോഡിനു മറുവശത്ത് അയല ചുട്ടുകൊണ്ട് വില്‍ക്കാന്‍ വച്ചിരിക്കുന്നത് വിക്ടോറിന്‍ മാമയാണ്. കനലില്‍ ചുട്ടെടുക്കുന്ന അയലയില്‍ ഉപ്പു മാത്രമേ ചേര്‍ക്കാറുള്ളൂ. മുളകിന്റെ സോസ് ഒരു ഭരണിയില്‍ അടച്ചുവെച്ചിട്ടുണ്ട്. ഗാസികള്‍ പൊതുവെ എരിവ് ഉപയോഗിക്കാറില്ല. സെലെസ്റ്റിന്‍ അമ്മച്ചിയുടെ ഉപഭോക്താക്കള്‍ തന്നെയാണ് ഇവരുടെ ലക്ഷ്യം.
ഇസ്മായിലിന്റെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങി ആ ബെഞ്ചില്‍ ഇരുന്നു. അവള്‍ തൊട്ടടുത്തായി ഇരിക്കുന്നുണ്ട്. കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇരിക്കുന്നതെങ്കിലും മറ്റേതോ ലോകത്താണ് അവള്‍.
'നമുക്ക് കുറച്ചു ദൂരം നടക്കാം വിനൂ'
അവള്‍ തന്നെ മൗനം ഭഞ്ജിച്ചു..
'ശരി.. ഏതു വഴി പോകണം.'
അവള്‍ നേരെ ചൂണ്ടിക്കാട്ടി. മലയിലേക്കുള്ള വഴിയാണ്. അനേകം ഗ്രാമങ്ങളുണ്ട് മലമുകളില്‍ പലയിടങ്ങളിലായി. അഥീനയടക്കം ഇവിടെ ജോലി ചെയ്യുന്ന പലരുടെയും നാട്. കോക്കോയുടെയും വാനിലയുടെയും കൃഷിത്തോട്ടങ്ങളാണ് അവിടങ്ങളില്‍ കൂടുതല്‍. വഴിയും വെളിച്ചവുമൊന്നും ഇല്ലാത്ത എത്രയോ ഇടങ്ങളാണ് ജൈവവൈവിധ്യമാര്‍ന്ന ഈ ദ്വീപിലുള്ളത്. മുഴുപട്ടിണി അവരെ അമ്പംജെ പോലുള്ള പട്ടണങ്ങളിലേക്ക് എത്തിക്കുന്നു.
തലമുടി പിന്നി മെടഞ്ഞുകൊടുക്കുന്ന ലീന എന്ന പെണ്‍കുട്ടി ഞങ്ങളെ കണ്ടപ്പോള്‍ കൈവീശി. അവളുടെ മുന്നില്‍ കറുത്തു തടിച്ചൊരു സ്ത്രീയാണ് ഇരിക്കുന്നത്.
ഇവര്‍ക്ക് മുടി മെടഞ്ഞിടുന്നത് ഒരു ജോലി തന്നെയാണ്. അതൊരു തൊഴിലാക്കിയതാണ് ലീന. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ അവളിവിടെ ഇസ്മയിലിന്റെ കടയ്ക്കിപ്പുറത്ത് ഒരു കസേരയുമായി വരുന്നു.
ഓല മേഞ്ഞ കുടിലുകളാണ് കടമുറികളെല്ലാം .അതില്‍ പരിഷ്‌കാരി ഇസ്മായില്‍ ആണ്. അവന്റെ കടമുറിക്കു മുകളില്‍ ആസ്ബറ്റോസ് ഷീറ്റ് ആണ്. രണ്ടു മുറികളില്‍ ഒന്നില്‍ കച്ചവടവും മറ്റൊന്നില്‍ പാചകവും താമസവുമാണ് അവനും ഭാര്യയും ഒരു വയസ്സുള്ള മകളും .പലചരക്ക് കച്ചവടമാണ് ഇസ്മയിലിന്. റീചാര്‍ജ്, വെള്ളം, സിഗരറ്റ് തുടങ്ങിയവയും കൂട്ടിനുണ്ട്.
ഓലമേഞ്ഞ കടമുറികളില്‍ പാപ്പിയുടെ ബാര്‍ബര്‍ ഷോപ്, സിസ്‌കോയുടെ സ്റ്റുഡിയോ തുടങ്ങിയവ പിന്നിട്ടുകൊണ്ടു ഞങ്ങള്‍ നടന്നു.
സ്റ്റാന്‍ലിയുടെ കടയില്‍ കപ്പ വേവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കപ്പയും മറ്റു ചില കിഴങ്ങുകളും വേവിച്ച ശേഷം അതിനു മുകളില്‍ ഉപ്പു വിതറുന്നു .കൂട്ടായി ചില സോസുകള്‍ കാണും.
'നീയിപ്പോള്‍ ഞങ്ങളുടെ തെരുവിനെ ഭയക്കുന്നുണ്ടോ വിനു..?'
സ്റ്റാന്‍ലി ഒരു പാത്രത്തില്‍ കൊണ്ടുവച്ച കിഴങ്ങ് എടുത്തു കഴിക്കുമ്പോഴായിരുന്നു അവളുടെ ചോദ്യം. മനസ്സിനെയാകെ കൊളുത്തി വലിച്ച ചോദ്യമായിരുന്നു അഥീനയില്‍ നിന്നും വന്നത്.
ഏഴു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിച്ചേരുന്നത്. ഒരു ഗുജറാത്തി കമ്പനി മഡഗാസ്‌കര്‍ എന്ന ദ്വീപ് രാഷ്ട്രത്തില്‍ അഡ്മിന്‍ കം അക്കൗണ്ടന്റിനെ തേടുന്നുവെന്ന പത്ര പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിക്കുന്നത്. പ്രായം അല്‍പം കൂടുതലായത് ഉപകരമായത് ഈ ജോലിക്കായിരുന്നു. ആഫ്രിക്ക യെക്കുറിച്ചുള്ള വിവരണങ്ങള്‍ കേട്ടപ്പോഴേ ചെറുപ്പക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ പിന്‍വലിയാന്‍ തുടങ്ങി.
സെലക്ഷന്‍ ആയ മൂന്നുപേരില്‍ മറ്റു രണ്ടുപേരും ഗുജറാത്തികള്‍ ആയിരുന്നു.
മഡഗാസ്‌കര്‍ എന്ന ഈ രാജ്യത്തിന്റെ പേരു തന്നെ കേള്‍ക്കാത്തവര്‍ ആയിരുന്നു ഗ്രാമത്തിലെ മിക്കവരും. ആഫ്രിക്ക എന്നു കേട്ടതും പലരും നെറ്റി ചുളിക്കാന്‍ തുടങ്ങി. സാമ്പത്തിക പ്രയാസം അതിന്റെ അത്യുന്നതിയില്‍ എത്തിയതിനാലാകണം വീട്ടുകാര്‍ ഒന്നും പറഞ്ഞില്ല.
ദ്വീപില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ കര്‍ശനമായ വ്യവസ്ഥകളുമായി കമ്പനി മാനേജര്‍ കൂടെയുണ്ടായിരുന്നു. വെളുത്തു കുറിയ ഒരു ഗുജറാത്തിയാണ് മാനേജര്‍. കമ്പനിയും താമസിക്കുന്ന വീടുമല്ലാതെ മറ്റൊരിടവുമായും ഒരു ബന്ധവും പാടില്ല എന്നതായിരുന്നു ആദ്യ നിബന്ധന. അപകടകാരികളായ ആഫ്രിക്കന്‍ ജനങ്ങളെക്കുറിച്ചു നാട്ടില്‍ നിന്ന് തന്നെ പല കഥകളും കേട്ടിരുന്നതിനാല്‍ ആ നിബന്ധന പൂര്‍ണമായും പാലിക്കുവാന്‍ നിര്‍ബന്ധിതനായി. അങ്ങനെ ആദ്യ നാളുകളില്‍ എക്കറുകള്‍ നീണ്ടു കിടക്കുന്ന കമ്പനി വളപ്പിനുള്ളിലായി പകലുകള്‍. ജോലി സമയത്തിനു ശേഷം കമ്പനിയുടെ വാഹനത്തില്‍ രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള താമസ സ്ഥലത്തേക്ക്.
അതായി ജീവിതചര്യ.
കമ്പനി ജോലിക്കാരായി ഇരുനൂറോളം ഗാസികളാണ് ഉള്ളത്. എല്ലാവരില്‍ നിന്നും അകലം പാലിക്കണം എന്നത് രണ്ടാമത്തെ നിബന്ധനയായതിനാലും, ഭാഷ ആദ്യ നാളുകളില്‍ ഒരു പിടിയും തരാതെ നിന്നതിനാലും അവരില്‍ നിന്നും അകലെയായിരുന്നു എപ്പോഴും.
മൂന്നു നിലകളുള്ള ഒരു കെട്ടിടത്തിലെ മുകളിലുള്ള നിലയിലായിരുന്നു താമസം. രണ്ടുമുറികള്‍, ടോയ്ലറ്റ്, കിച്ചണ്‍ എന്നിവയടങ്ങുന്ന സാമ്രാജ്യം. ഗോവണിക്കു താഴെയായുള്ള ഇരുമ്പു വാതില്‍ ആണ് പ്രധാന സുരക്ഷ. കൂടെ റോക്കി എന്ന വളര്‍ത്തു നായയുമുണ്ട്.
ചുറ്റുമുള്ള വരാന്തയില്‍ ഇരുന്നാല്‍ നാലു ദിക്കില്‍ നിന്നുമുള്ള കാഴ്ചകള്‍ കാണാം. ആദ്യ നാളുകളിലെ പുലരികളും രാത്രികളും സജീവമാക്കിയിരുന്നതും ഈ കാഴ്ചകളായിരുന്നു. ഒരു പഴയ മരക്കസേരയും റോക്കിയുമായിരുന്നു സഹചാരികള്‍. കാഴ്ചകളുടെ പൂര്‍ണ്ണതയെ തടസ്സപ്പെടുത്തിയത് ഇരുമ്പുഗ്രില്ലുകളാല്‍ തീര്‍ത്ത ജാലകങ്ങള്‍ ആയിരുന്നു. എങ്കിലും അവയ്ക്കിടയിലൂടെ ആ തെരുവിലെ ചലനങ്ങളിലേക്ക് മിഴി നട്ടിരിക്കുമ്പോള്‍ എന്തുകൊണ്ടോ ജന്മനാട്ടില്‍ നിന്നും ഒരുപാട് അകലെയാണെന്ന തോന്നല്‍ ഉണ്ടാവാറില്ല.
കിഴക്കുവശത്തെ വരാന്ത കാഴ്ചകളില്‍ വലിയ വീടുകളും കെട്ടിടങ്ങളും നിറഞ്ഞു നിന്നു. അകലെയായി മല നിരകള്‍ പുലര്‍കാല കാഴ്ചകളില്‍ സൂര്യപ്രഭയില്‍ നില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയായിരുന്നു. തെക്കുവശത്തെ കാഴ്ചയില്‍ റോഡും അതിനപ്പുറം വലിയൊരു മാവിന്‍ തണലില്‍ ശയിക്കുന്ന മരക്കുടിലുമായിരുന്നു. കുടിലിന് മുന്‍വശത്തെ കട്ടിലില്‍ വിശ്രമിക്കുന്ന വൃദ്ധനും അയാളുടെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന നായയും ആ ഭാഗത്തെ സ്ഥിരം കാഴ്ചയായിരുന്നു. നീണ്ടു കിടക്കുന്ന മണല്‍ പാതയും അതിനിരുവശങ്ങളിലും ചിതറിക്കിടക്കുന്ന കുടിലുകളുമുള്ള പടിഞ്ഞാറന്‍ വരാന്തയിലെ കാഴ്ചകളായിരുന്നു ഏറെയിഷ്ടം. രാവേറെ ചെല്ലുവോളം റോഡിലൂടെ സൈക്കിള്‍ റിക്ഷകള്‍ ഓടിക്കൊണ്ടിരിക്കും. മെഴുകുതിരി വെട്ടത്തില്‍ ചീട്ടുകളി സംഘങ്ങള്‍. പല വര്‍ണ്ണങ്ങളിലുള്ള കുപ്പികളില്‍ പാനീയങ്ങളുമായി മാടക്കട. തകരം മറച്ച ഒറ്റ ഷെഡില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സി ഡി കടയും ബാര്‍ബര്‍ ഷോപ്പും. അവിടെനിന്നും ഒഴുകുന്ന മലഗാസി സംഗീതം. ആ താളത്തില്‍ ചലിക്കുന്ന തെരുവിലെ ജീവിതങ്ങള്‍.
ആയിടെ ഏതോ ഒരു രാത്രിയിലാണ് അഥീനയെ കാണുന്നത്. കയ്യില്‍ ഒരു സഞ്ചിയുമായി അവളും കൂട്ടുകാരികളും നടന്നുപോകുമ്പോഴാണ് അവള്‍ പിന്തിരിഞ്ഞു നോക്കി കൈവീശി കാണിക്കുന്നത്. ജോലിക്കാരില്‍ ആരോ ആണെന്ന് മനസ്സിലായി. ഇടവഴികളിലെങ്ങോ അവള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. പിന്നീട് രണ്ടുനാള്‍ കഴിഞ്ഞാണ് അതേയിടത്തില്‍ അവളെ കാണുന്നത്.അവള്‍ക്ക് തിരിച്ചും കൈവീശി കാണിച്ചു. അവള്‍ മുകളിലേക്ക് ചൂണ്ടിക്കാട്ടി എന്തോ പറഞ്ഞുകൊണ്ട് നടന്നകന്നു.
അതായിരുന്നു തുടക്കം. പിന്നീട് ജോലിസ്ഥലത്ത് അഥീനയെ കണ്ടുപിടിക്കാനായി ശ്രമം. ഇരുനൂറോളം സ്ത്രീകള്‍ ക്കിടയില്‍ അവളെ കണ്ടുപിടിക്കുക ശ്രമകരമായ ജോലിയായിരുന്നു. അതും എല്ലാവരെയും ഒരുപോലെ തോന്നിക്കുന്ന ആ നാളുകളില്‍. ഒടുവില്‍ കണ്ടെത്തി. കോക്കോ വിരിച്ചിട്ട പായക്കരികില്‍ അവളുണ്ടായിരുന്നു.
അവള്‍ പുഞ്ചിരിച്ചു.
മുകളിലേക്ക് വിരല്‍ ചൂണ്ടിക്കാട്ടി തലേ നാളിലെ വാക്കുകള്‍ ആവര്‍ത്തിച്ചു.
ഒന്നും മനസ്സിലായില്ല എന്ന് അവളോട് ആംഗ്യം കാണിച്ചു. അവള്‍ ചിരിച്ചു കൊണ്ട് അവളുടെ ജോലിയിലേക്ക് കടന്നു.
പിറ്റേ ദിവസം അവള്‍ ഒരു ചെറിയ പുസ്തകവുമായി ഓഫിസില്‍ വന്നു.
മലഗാസി, ഫ്രഞ്ച് ഭാഷാ പദങ്ങളുടെ ഇംഗ്ലീഷ് തര്‍ജ്ജമയായിരുന്നു ആ പുസ്തകത്തില്‍. അതിന്റെ വില കൊടുക്കാന്‍ നോക്കിയെങ്കിലും അവള്‍ വാങ്ങിയില്ല. മാനേജര്‍ തന്റെ നിയമാവലികള്‍ വീണ്ടും ആവര്‍ത്തിക്കുകയും ബ്ലാക്ക് മാജിക് മുതലായ ചില പുതിയ പദങ്ങള്‍ കൊണ്ടുവരികയും ചെയ്തു. വശീകരണം അറിയുന്ന കറുപ്പന്‍ വംശജരുടെ കഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അന്നത്തെ ക്ലാസ്സുമുറി.
ഗൂഗിളിന്റെയും പുസ്തകത്തിന്റെയും സഹായത്തോടെയാണ് അവളുടെ അന്നത്തെ വാക്കുകള്‍ കണ്ടുപിടിച്ചത്.
'ആ തടവറയില്‍ ഇരുന്നുകൊണ്ട് ഞങ്ങളുടെ ആകാശം കാണാന്‍ കഴിയുന്നുണ്ടോ നിങ്ങള്‍ക്ക്?'
ഇതായിരുന്നു ആ വാക്കുകള്‍.
ആ രാത്രി മുതലാണ് ഇരുമ്പു ഗ്രില്ലിനാല്‍ ബന്ധിക്കപ്പെട്ട തടവറയായി ആ വീടിനെ കാണാന്‍ തുടങ്ങിയത്. തടവുകാരായ അവനും റോക്കിയും അഴികളില്‍ പിടിച്ചുനിന്നുകൊണ്ട് മുകളിലേക്കു നോക്കി. അവള്‍ പറഞ്ഞതുപോലെ മുകളിലുള്ള പാരപ്പെറ്റ് ആകാശത്തെ പാതിയിലേറെ മറച്ചതായി കാണപ്പെട്ടു. ശരിക്കും ഇവരുടെ ആകാശം ഇനിയുമൊരുപാട് അകലെയാണ്.
പിന്നീട് അവളോട് സംസാരിക്കാന്‍ അവസരം കിട്ടുന്നത് കുറച്ചു ദിവസങ്ങള്‍ക്കുശേഷമാണ്. ഉച്ചഭക്ഷണത്തിനു ശേഷം ഗേറ്റിനരികില്‍ ഒരു സിഗരറ്റിന് തീകൊളുത്തുമ്പോഴാണ് അവളും മറ്റു ചില ജോലിക്കാരും ഗേറ്റ് കടന്നു വരുന്നത്. പാന്റ്‌സും ടീ ഷര്‍ട്ടുമാണ് അവളുടെ സ്ഥിരം വേഷം. കറുത്തു മെലിഞ്ഞൊരു ആഫ്രിക്കന്‍ പെണ്‍കുട്ടി. തലയില്‍ ഒരു ഷാള്‍ കെട്ടിയതിനാല്‍ പിരിയന്‍ മുടിയിഴകള്‍ കാണുന്നുണ്ടായിരുന്നില്ല.
അവള്‍ അടുത്തേക്ക് വന്നു.
ഉപചാര വാക്കുകള്‍ മലഗാസിയിലും ഫ്രഞ്ചിലുമായി ഒരുപാടുണ്ട് ഇവിടെ.
അവയില്‍ ചിലത് പറഞ്ഞുകൊണ്ട് കുറച്ചു സമയം അവളോടൊപ്പം നിന്നു. മനോഹരമായ പുഞ്ചിരിയാണ് അഥീനയുടേത്. എന്റെ തടവറയില്‍ നിന്നും ആകാശം കാണാന്‍ കഴിയുന്നില്ല എന്ന എന്റെ വാക്കുകള്‍ക്ക് അവളുടെ മറുപടി ആ പുഞ്ചിരിയായിരുന്നു. പോകാന്‍ നേരം അവള്‍ പറഞ്ഞു
'ഞങ്ങളുടെ ആകാശത്തും നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കാറുണ്ട് ചിലപ്പോഴൊക്കെ...'
അഥീന എന്ന ഗാസി പെണ്‍കുട്ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് അങ്ങനെയാണ്. ഇരുപതുകാരിയായ അവള്‍ മലമുകളിലെ ബെഫോതക്ക എന്ന ഗ്രാമത്തില്‍ നിന്നുള്ളവളാണ്. അമ്പംജെയില്‍ ജോലിക്കുവേണ്ടി വന്നതാണ്. ക്രിസ്തുമത വിശ്വാസികളായി അവിടെയുള്ള ചുരുക്കം ചില കുടുംബങ്ങളില്‍ ഒന്നായിരുന്നു അവളുടേത്. നന്നായി സംസാരിക്കുന്ന അഥീനയുടെ വാക്കുകള്‍ പലതും മനസ്സിലാക്കിയെടുക്കാന്‍ ആദ്യ നാളുകളില്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ അവള്‍ സംസാരിക്കുന്നതും വിരളമായിരുന്നു.
ആയിടെ അവള്‍ തന്നെയാണ് ഒരു സിം കാര്‍ഡ് വാങ്ങിത്തരുന്നത്. മാനേജര്‍ വിലക്കിയിരുന്ന കാര്യങ്ങളില്‍ ഒന്നായിരുന്നതിനാല്‍ രഹസ്യമായി അവളുടെ ഐ ഡി ഉപയോഗിച്ചാണ് നമ്പര്‍ ശരിയാക്കിയത്. പിന്നീട് അതിലൂടെ സംസാരിക്കാന്‍ തുടങ്ങി.
ഒരു ദിവസം രാത്രിയില്‍ പടിഞ്ഞാറന്‍ വരാന്തയില്‍ കാഴ്ചകളില്‍ റോക്കിയുമൊത്ത് ഇരിക്കുമ്പോഴാണ് അവള്‍ വിളിക്കുന്നത്.
'ഞങ്ങളുടെ ആകാശം കാണണ്ടേ...?'
'വേണം.. പക്ഷേ..'
'വീടിനുള്ളില്‍ നിന്നുകൊണ്ട് കഴിയില്ല. പുറത്തേക്ക് ഇറങ്ങൂ..'
ഒമ്പതുമണി കഴിഞ്ഞിരുന്നു അപ്പോള്‍. സഹമുറിയന്മാര്‍ രണ്ടുപേരും ഫോണിന്റെ ലോകത്താണ്. അവളുടെ വാക്കുകള്‍ പുറത്തേക്ക് ഇറങ്ങാന്‍ മനസ്സിനെ വല്ലാതെ പ്രേരിപ്പിക്കുന്നതാണെങ്കിലും ഇരുണ്ട ഭൂഖണ്ഡത്തിലെ ഒരു തെരുവിലേക്ക് ഒറ്റയ്ക്ക് ഇറങ്ങാന്‍ ഒട്ടും ധൈര്യമുണ്ടായിരുന്നില്ല. കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു..
'എന്തുപറ്റി..?'
'ഏയ്...ഒന്നുമില്ല'
'പേടിയുണ്ടോ..?'
'സത്യം പറഞ്ഞാല്‍ പേടിയുണ്ട് അഥീന. തോക്കിലെ ഉണ്ടകളുടെ വില പോലും മനുഷ്യജീവന് ഇല്ലാത്ത ഇടമാണെന്ന് കേട്ടിട്ടുണ്ട് .പിന്നെയും കുറേ കഥകള്‍'
'ഇതിനെ പേടിയെന്ന് മാത്രം പറഞ്ഞുകൂടാ. ഞങ്ങള്‍ ഗാസികളെ ഇതുവരെയും വിശ്വാസത്തിലെടുക്കാന്‍ ആയില്ലെന്ന് പറയൂ..'
'അങ്ങനെയല്ല. ഞാന്‍ നിന്നെ വിശ്വസിക്കുന്നുണ്ടല്ലോ അഥീന..'
'എന്നെ വിശ്വസിക്കുന്നത് പോലെ നിനക്കെന്റെ ജനതയെയും വിശ്വസിക്കാം. പിടിച്ചുപറിയും മോഷണവും ഇവിടെ മാത്രമല്ല ഉള്ളതെന്നാണ് ഞാന്‍ കരുതുന്നത്. വലിയ വലിയ രാജ്യങ്ങളിലും അതൊക്കെ ഇല്ലേ..നിന്റെ രാജ്യത്തോ..?'
അവളുടെ മലഗാസി ഭാഷ ഈ രണ്ടുമാസങ്ങള്‍ കൊണ്ടാണ് ഞാന്‍ ഏറെക്കുറെ പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു കമ്പനിയിലെ ജോലിക്കാരിയായ സ്ത്രീ എത്ര ശക്തമായിട്ടാണ് അവളുടെ ജനതയെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുന്നത്.
'ഞാന്‍ വരാം...'
'എങ്കില്‍ ഇറങ്ങിയതിനു ശേഷം വിളിക്കൂ'
ഗോവണിപ്പടികള്‍ ഇറങ്ങുമ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. അപകടകരമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ ഒരു വശത്തുണ്ടെങ്കിലും അതിനെ മറികടക്കാന്‍ പ്രാപ്തമായിരുന്നു അവളുടെ വാക്കുകള്‍.
ഇരുമ്പുഗേറ്റ് തുറന്നു തരുമ്പോള്‍ കാവല്‍ക്കാരന്‍ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. രാവിലെയും വൈകിട്ടും കൃത്യസമയങ്ങളില്‍ അകത്തേക്കും പുറത്തേക്കും ചലിക്കുന്നവരില്‍ ഒരാളുടെ മാറ്റം ഒരുപക്ഷേ അയാളെ അമ്പരപ്പിച്ചിരിക്കാം.
ഭീമാകാരമായ ആ മതിലിനു വെളിയില്‍ നീളത്തിലും കുറുകെയും വഴികളുണ്ട്. ഇടത്തോട്ടുള്ള വഴി ടൗണിന്റെ പ്രധാന ഭാഗത്തേക്കും വലത്തോട്ടുള്ളത് കമ്പനി വരെയെത്തുന്നതുമാണ്. ഇതുവരെ സഞ്ചരിക്കാത്ത വഴിയാണ് തൊട്ടുമുന്നില്‍ മുന്നോട്ടു കാണുന്നത്.
അതിലൂടെയായിരുന്നു അഥീനയുടെ യാത്രകള്‍. ആ വഴിയേറെയും പൊട്ടിപ്പൊളിഞ്ഞതാണ്. കുറച്ചകലെ തെരുവ് വിളക്കുകളുടെ നേരിയ വെളിച്ചം കാണാം. സൈക്കിള്‍ റിക്ഷകള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്നു. ചിലര്‍ നിര്‍ത്തിക്കൊണ്ടു കയറുന്നോ എന്നു ചോദിക്കുന്നുണ്ട്. സ്ത്രീകളുടെ ഒരു കൂട്ടം അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി.
മുകളില്‍ നിന്നും റോക്കി ഒന്നു കുരച്ചു. അവനെ കൂട്ടാതെ പുറത്തു ചാടിയതിന്റെ പ്രതിഷേധമാകണം. അവനോട് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചുകൊണ്ട് ആ വഴിയിലേക്ക് നടന്നു.
ആദ്യ ബെല്ലടിക്കു തന്നെ അവള്‍ ഫോണെടുത്തു.
'ഞാന്‍ ഇപ്പോ എത്തും. ഏതു വഴിയാണ് നീ തെരഞ്ഞെടുത്തത്..?'
'നീ നടന്നുപോകാറുള്ള വഴികള്‍ തന്നെ..'
'വെളിച്ചം കൂടുതലുള്ള വഴികള്‍ ഒഴിവാക്കി ഈ വഴിയിലൂടെ വരാന്‍ കാരണമെന്താണ്..?'
'ഇത് നിന്റെ വഴികള്‍ ആയതിനാല്‍..'
വെളിച്ചം കുറവുള്ള വഴിയാണ്. നിറയെ മണലുകള്‍ നിറഞ്ഞയിടം.
പണ്ടു പണ്ട് ഈ നഗരം പിറക്കുന്നതിനും മുമ്പേ ഇതിലെ ഒരു വലിയ പുഴ ഒഴുകിയിരിക്കണം. മൊസാംബിക്കിനെ ലക്ഷ്യമാക്കി ഒഴുകിയിരുന്ന പുഴ പിന്നീടെപ്പോഴോ മണ്ണില്‍ ആഴ്ന്നിറങ്ങി പോയിട്ടുണ്ടാകണം. ഇപ്പോഴും ഈ മണലുകള്‍ പുഴയുടെ തിരിച്ചുവരവും കാത്തിരിക്കുകയാണ്, നഗരമാകെ പൊടിപറത്തിക്കൊണ്ട്.
ഇപ്പോള്‍ ഇരിക്കുന്ന ഈ ജംക്ഷനില്‍ തന്നെയാണ് ആ രാത്രിയില്‍ എത്തിച്ചേര്‍ന്നത്. കടയുടെ പുറത്ത് എന്തോ ജോലിയില്‍ ആയിരുന്ന ഇസ്മായില്‍ കണ്ടപ്പോള്‍ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു
'കരക്കൂര്‍ പത്രൂ'-(നമസ്‌കാരം മുതലാളി)
വൈദ്യുതി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു കടമുറികളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. കൂട്ടം കൂടിയിരിക്കുന്ന ഒരുപറ്റം യുവാക്കള്‍ തൊട്ടടുത്ത കടമുറിക്കു മുന്നില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദത്തില്‍ മലഗാസി സംഗീതം ഒഴുകുന്നു. അവരെല്ലാം നോക്കുന്നത് കണ്ടപ്പോള്‍ ഈ ധൈര്യം കാണിച്ചത് അബദ്ധമായോ എന്നു തോന്നിപ്പോയി.
'സിഗരറ്റ് വേണ്ടേ.'
സ്ഥിരം കസ്റ്റമറോടെന്ന പോലെയാണ് ഇസ്മയിലിന്റെ ചോദ്യം. അവന്റെ കയ്യില്‍ നിന്നും സിഗരറ്റ് വാങ്ങി കത്തിക്കുമ്പോള്‍ അവളെ വിളിച്ചു.
'ഞാന്‍ എത്താം വിനു.. നീ എല്ലാവരെയും ഒന്നു പരിചയപ്പെടുമ്പോഴേക്കും ഞാന്‍ എത്താം...'
പിന്നെയും രണ്ടുമണിക്കൂറുകള്‍ കഴിഞ്ഞ് അവളെത്തുമ്പോള്‍ ഒരു കൈയില്‍ ബിയര്‍ ബോട്ടിലും മറുകൈയില്‍ എരിയുന്ന സിഗരറ്റുമായി സ്റ്റുഡിയോ വരാന്തയില്‍ അവര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. മുന്നിലെ പ്ലേറ്റില്‍ അയക്കൂറ മീന്‍ വറുത്തതും സോസും ഒപ്പം വേവിച്ച ഏതൊക്കെയോ കിഴങ്ങുകളും ഉണ്ടായിരുന്നു. സ്റ്റുഡിയോ യുടെ പിന്നിലായി നിരയായി ചില കുടിലുകളാണ്.
ഉച്ചത്തില്‍ മുഴങ്ങുന്ന ഒരു മലഗാസിഗാനത്തിനൊപ്പം നൃത്തം വെക്കുകയായിരുന്നു എഡിയും കമിലയും.
മണിക്കൂറുകള്‍ നൃത്തം ചെയ്താലും തളരാത്തവരാണ് ഗാസികള്‍ എന്നത് പിന്നീടുള്ള ദിവസങ്ങളിലാണ് മനസ്സിലായത്.
അഥീന അരികിലായി വന്നിരുന്നു. മഞ്ഞനിറമുള്ള ടീ ഷര്‍ട്ടും നീല ജീന്‍സും ആയിരുന്നു അവളുടെ വേഷം.
'എവിടെയായിരുന്നു ഇതുവരെ?'
' നീ എല്ലാവരെയും പരിചയപ്പെട്ടതിനു ശേഷം വരാമെന്നു കരുതി..'
പിന്നീട് രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
ചുറ്റുമുള്ള കുടിലുകളിലുള്ളവരെല്ലാം നൃത്തത്തിന്റെ ലോകത്തില്‍ മുഴുകിയിരിക്കുന്നു. ചിലരുടെ മടിയില്‍ ഉറങ്ങുന്ന കുട്ടികള്‍. ആണുങ്ങളില്‍ പലരുടെയും ചുണ്ടില്‍ എരിയുന്ന ജമാല്‍. കഞ്ചാവിന്റെ ഇലയും പുകയിലയും ചെറുതായി അരിഞ്ഞെടുത്ത് ഒരു പേപ്പറില്‍ ചുരുട്ടിയെടുക്കുന്നതാണ് ജമാല്‍. ഗാനവും നൃത്തവും മദ്യവും ജമാലും അടങ്ങുന്ന ഗാസി രാത്രികള്‍. പുലരും വരെ ചിലപ്പോള്‍ നീളുന്നവ.
ചീര്‍ത്ത കണ്‍പോളകളുമായി തുടങ്ങുന്ന പിറ്റേ ദിവസത്തെ പുലരി. അങ്ങനെ പോകുന്നു ഇവരുടെ ജീവിത ചര്യ..
ബിയറിന്റെ ചെറുലഹരിയില്‍ അവളോടൊപ്പം തിരിച്ചു നടക്കുമ്പോള്‍ വഴിയേറെയും വിജനമായിരുന്നു. നക്ഷത്രങ്ങളില്ലാത്ത രാത്രിയായിരുന്നു അത്. മുകളിലേക്ക് നോക്കുന്നത് കണ്ടിട്ടാവണം അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
'നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്ന ആകാശം ഇവിടെ നിന്നാല്‍ കാണാനാവില്ല വിനു. അതിനിനിയും തെരുവുകള്‍ക്കുള്ളിലേക്ക് നടക്കണം..'
അതിന് മറുപടി പറയാതെ അവളുടെ തോളില്‍ കൈവച്ചുകൊണ്ടു നടന്നു.
ജൈവവൈവിധ്യങ്ങളുടെ ഈ ഭൂമികയിലെ ജനങ്ങളിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയത് അന്നു മുതലായിരുന്നു. പിന്നീട് പല രാത്രികളിലും അവള്‍ക്കൊപ്പം പലയിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങി .തൊഴിലിടങ്ങളില്‍ സൗഹൃദങ്ങള്‍ വര്‍ധിച്ചു. ട്രാക്ടര്‍ ഡ്രൈവറായ ലേറിജെ എന്ന ഇരുപതുകാരന്‍, രാത്രി കാവല്‍ക്കാരന്‍ പത്തൊമ്പത്തുകാരന്‍ റോസിതോ എന്നിവരായിരുന്നു കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍. ജോലി സമയത്തും അല്ലാതെയും ഏതു സഹായങ്ങള്‍ക്കും അവരുണ്ടാവും. റോക്കിയെ പരിപാലിക്കുന്ന ചുമതലയും റോസിതോ എന്ന രാസ്തക്ക് ആയതിനാല്‍ മിക്ക രാത്രികളിലും അവന്‍ വീട്ടില്‍ ഉണ്ടാവും.
തെരുവിലേക്കിറങ്ങുമ്പോള്‍ അവനും കൂട്ടുവരുമായിരുന്നു..
എത്ര പെട്ടെന്നാണ് സമയം കടന്നുപോകുന്നത്. മാസങ്ങള്‍ കലണ്ടറില്‍ മറിഞ്ഞുകൊണ്ടിരുന്നത് അറിയുന്നത് വീട്ടിലേക്ക് പണം അയക്കുമ്പോള്‍ മാത്രമായി. ഇരുണ്ട ഭൂമികയിലെ ആകാശം തെളിഞ്ഞുതുടങ്ങിയ സമയങ്ങള്‍. ഇടയില്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ മുറിപ്പെടുത്തിയ ഹൃദയം..
ഇവിടെ ഒരുപക്ഷേ ഈ ദ്വീപിലെ അവസാനത്തെ രാത്രിയില്‍ എത്തി നില്‍ക്കുമ്പോള്‍ അവനെ ഏറെ അലട്ടിയത് അവളുടെ ഈ ചോദ്യം തന്നെ.
'ഇനി നീ ഈ ചോദ്യം ചോദിക്കരുത്, പെണ്ണേ'
തെരുവിന്റെ ഹൃദയ വീഥികളിലൂടെ അവളുമൊത്ത് കൈകോര്‍ത്തുകൊണ്ടു നടക്കുകയാണ്. വഴികള്‍ നേര്‍ത്തു നേര്‍ത്തു വരികയായിരുന്നു. ഒരുപക്ഷേ അവര്‍ക്കിരുവര്‍ക്കും മാത്രം സഞ്ചരിക്കാന്‍ പാകത്തിലുള്ളത് ആയി മാറിയേക്കാം എന്നു തോന്നുന്നിടത്ത് പുതിയ വഴികള്‍ പിറക്കുകയായി.
ഇരുവശങ്ങളിലും കുടിലുകള്‍ നേര്‍ത്ത വെളിച്ചം യാത്രികര്‍ക്കായി ബാക്കി വച്ചുകൊണ്ട് ഉറങ്ങാന്‍ തുടങ്ങുന്നു.
'ഇല്ല..'
അവള്‍ പറഞ്ഞു. വാക്കുകള്‍ എവിടെയോ തടയുന്നുണ്ടായിരുന്നു.
വഴിവിളക്കുകള്‍ അവസാനിക്കുന്നിടത്ത് ഒരു സെമിത്തേരിയാണ്. ക്രിസ്ത്യന്‍, മുസ്ലിം, ഗോത്ര വര്‍ഗ്ഗമെല്ലാം അവസാനമുറങ്ങുന്നത് ഇവിടെയാണ്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അന്തരം ഇവിടെ അവസാനിക്കുന്നു. പതിവിനു വിപരീതമായി സെമിത്തേരിയാകെ വെളിച്ചം കാണുന്നുണ്ട്.
'നാളെയാണ് ആത്മാക്കളുടെ ദിവസം. ഇന്ന് പൂര്‍വികരുടെ കല്ലറയാകെ വൃത്തിയാക്കും. നാളെ ചില പ്രാര്‍ത്ഥനകളും ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആചാരത്തിന് ഇവിടെ വലിയ സ്ഥാനമുണ്ട്.'
അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവരിരുവരും ആ കല്ലറയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവന്‍ അന്തിയുറങ്ങുന്ന ഇടം. ആരോഗ്യരംഗത്തെ ദ്വീപിന്റെ ദൈന്യത വെളിവാക്കുന്ന അനേകം മരണങ്ങളില്‍ ഒന്ന്. രണ്ടു നാളിലെ പനിയില്‍ രാസ്ത കിടപ്പിലായി. ഏത് അസുഖങ്ങള്‍ക്കും പ്രതിവിധി യായി ഇവര്‍ക്കുള്ളത് ബോഡി മസാജിങ് എന്ന പരമ്പരാഗത ചികിത്സയാണ്. ആശുപത്രി ഇവര്‍ക്ക് പ്രാപ്യമാകുന്നതിലും ഒട്ടേറെ അകലെയാണ്. കമ്പനിയാകട്ടെ ഇതൊന്നും കണ്ടെന്നു നടിച്ചതുമില്ല .അവന് വിറച്ചു പനിച്ചിരുന്ന സമയത്താണ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാത്തതിന് മാനേജര്‍ ശകാരിക്കുന്നത്. വളഞ്ഞുതൂങ്ങി ഭക്ഷണവുമായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന രസ്തയുടെ പേരിലാണ് കമ്പനിയുമായി ആദ്യത്തെ തര്‍ക്കം നടന്നത്. ആ രാത്രി അവനെ കാണാന്‍ ചെല്ലുമ്പോള്‍ വെറും നിലത്തു വിരിച്ച പായയില്‍ ചുരുണ്ടു കിടക്കുകയായിരുന്നു അവന്‍. കൂടെ കൂട്ടുകാരി സ്റ്റെല്ലയും. മുറിയില്‍ നിന്നും കട്ടിയുള്ള പുതപ്പുമായി വീണ്ടും അവനടുത്തെത്തി. ഉറങ്ങുകയായിരുന്ന അവനെ പുതപ്പിച്ചുകൊണ്ടാണ് അന്ന് തിരികെ പോന്നത്. പിറ്റേ ദിവസം ഉണര്‍ത്തിയത് അഥീനയുടെ ഫോണാണ്.
നാളെ അവന്റെകൂടി ദിവസമാണ്. പ്രിയപ്പെട്ടവര്‍ വരുന്നതും കാത്ത് അവനിവിടെ ഇരിക്കും. അവന്റെ നിഷ്‌കളങ്കമായ ആ ചിരിയുമായി.
സെമിത്തേരിക്കപ്പുറം തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ല. മലമുകളിലെ ഗ്രാമങ്ങളിലേക്കുള്ള വഴികള്‍ തുടങ്ങുന്നിടത്താണ് അവരിപ്പോള്‍ നില്‍ക്കുന്നത്. അകലെയായി മലമുകളില്‍ വെളിച്ചത്തിന്റെ പൊടിപടലങ്ങള്‍ കാണാം. എത്രയോ കിലോമീറ്ററുകള്‍ അകലെയാണ് ഓരോ ഗ്രാമങ്ങളും.
മുമ്പെപ്പോഴോ ആ ഗ്രാമങ്ങളുടെ പേരുകള്‍ അവള്‍ പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ നാട്ടിലെ പാടത്തു നിന്നും നോക്കിയാല്‍ പന്തല്ലൂര്‍ എന്ന തമിഴ്‌നാട് ഗ്രാമത്തിലെ വെളിച്ചം കാണുമായിരുന്നു എന്നതാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്..
'കുറച്ചു ദൂരം കൂടി നടക്കാം..'
'ഈ വഴി കുറച്ചുദൂരം ഇരുട്ടാണ്. പിന്നീട് വഴികള്‍ തെളിഞ്ഞുവരും..'
അകലെ മലമുകളിലെ നേരിയ വെളിച്ചം നോക്കിക്കൊണ്ട് നടന്നു. ഇടയിലെപ്പോഴോ അവരെ കടന്നുപോയ രണ്ടു വാനുകള്‍ മാത്രമാണ് ഇരുളിനെ കീറിമുറിച്ചുകൊണ്ട് വഴികള്‍ തെളിച്ചത്.
'ഇനി ഇങ്ങോട്ട് വരുമോ.. എന്നെങ്കിലും?'
അവളുടെ ചോദ്യത്തിന് അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. അവളത് പ്രതീക്ഷിച്ചിരുന്നില്ലെന്നും തോന്നി
അങ്ങിങ്ങായി കുടിലുകള്‍ കാണാന്‍ തുടങ്ങിയിരുന്നു അപ്പോള്‍. പനയോലകളും മുളന്തണ്ടുകളും കൊണ്ടു പണിത കൂരകളുടെ ഒരു വലിയ നിരയായിരുന്നു ഇടതുവശത്ത്. എല്ലാ കുടിലുകളിലെയും വരാന്തകളില്‍ ചെരാതുകള്‍ എരിഞ്ഞു നില്‍ക്കുന്നു.
ആ വഴിയിലൂടെയാണ് നടത്തം.
മങ്ങിയ താളത്തില്‍ എവിടെ നിന്നോ മലഗാസി സംഗീതം ഒഴുകിവരുന്നുണ്ട്. പ്രണയവും സെക്‌സും പ്രധാന വിഷയങ്ങളായി വരുന്നവയാണ് മിക്ക ഗാസി ഗാനങ്ങളും
ഈ രാത്രി അവസാനിക്കുന്നതോടെ ഇവിടെ നിന്നും എന്നെന്നേക്കുമായി വിടപറയാന്‍ പോകുന്നതിനാലാവണം അവളോടൊപ്പം വഴികളേറെ ഇനിയും സഞ്ചരിക്കാനായിരുന്നു അവന് മോഹം. കാലിലെ മുറിവ് വേദനിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും.
രാസ്തയുടെ വിയോഗത്തിന്റെ മുറിപ്പാടുകള്‍ മായുന്നതിനു മുമ്പായിരുന്നു ലേറിജെക്കു സംഭവിച്ച അപകടം. ലോഡ് കയറ്റുന്ന സമയത്താണ് അവന്‍ ട്രാക്ടറില്‍ നിന്നും തെറിച്ചു വീഴുന്നത്. വാരിയെല്ലിന് ഏറ്റ ക്ഷതം; അതറിയാതെ പോയത് കമ്പനി മാത്രമായിരുന്നു. ആശുപത്രിയില്‍ നിന്നും നേരെ നൂറു മൈലുകള്‍ അപ്പുറമുള്ള അവന്റെ വീട്ടില്‍ കൊണ്ടു വിടാന്‍ ആയിരുന്നു കല്പന. ഇതുവരെ പണിയെടുത്ത ശമ്പളത്തിന്റെ പകുതി മാത്രം കൊടുക്കാനും ഉത്തരവായി.
ജനിച്ചുവീഴുമ്പോള്‍ സിമന്റു തേക്കാത്ത ചുമരില്‍ കാറല്‍ മാക്‌സ്, ലെനിന്‍, എംഗല്‍സ്... എന്നീ മുഖങ്ങള്‍ ആയിരുന്നു. കണ്ണുകള്‍ ആദ്യമായി പകര്‍ത്തിയതും ആ ചിത്രങ്ങള്‍ ആയിരിക്കാം. മുദ്രാവാക്യങ്ങള്‍ നിറഞ്ഞ, പോസ്റ്ററുകള്‍ നിറഞ്ഞ വീടിന്റെ അന്തരീക്ഷം, ഉപ്പയുടെ മുദ്രാവാക്യം വിളികള്‍.. ഇവയെല്ലാം തികട്ടിവന്ന നിമിഷങ്ങളായിരുന്നു.അവ..
കൈപ്പടം പതിച്ചത് മാനേജരുടെ മുഖത്ത് ആയിരുന്നു. ബാക്കിയുള്ള ശമ്പളം സാറയുടെ കയ്യില്‍ കൊടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ക്ക് നിരസിക്കാന്‍ ആയില്ല. കൂടെ തന്റെ ശമ്പളത്തിന്റെ പാതികൂടി സാറയുടെ കയ്യില്‍ കൊടുത്തു.
സാറ എന്ന ലേറിജയെ, ഇരുനൂറു കിലോമീറ്റര്‍ അപ്പുറമുള്ള അവന്റെ നാട്ടിലേക്ക് കൊണ്ടുപോയത് അവളോടൊപ്പമാണ്. നിലംപൊത്തി വീഴാറായ വീടാണ് അവിടെ എതിരേറ്റത്. ഇരുട്ടു നിറഞ്ഞ ആ മുറിക്കുള്ളില്‍ അവനെ ഉപേക്ഷിച്ചുവരുമ്പോള്‍ അവന്റെ അമ്മയുടെ കയ്യില്‍ അവള്‍ എന്തോ കൊടുക്കുന്നുണ്ടായിരുന്നു. തിരിച്ചെത്തിയപ്പോള്‍ പ്രതീക്ഷിച്ച കടലാസുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ഈ മണ്ണിലെ കമ്പനിയുടെ പ്രതിനിധി എന്ന മേല്‍വിലാസം അവസാനിക്കുന്നു എന്ന ഔദ്യോഗിക അറിയിപ്പ്.
ഇനിയെന്ന് എഴുന്നേല്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാറ. ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കില്‍ ഒരു പക്ഷേ രക്ഷപ്പെടുമായിരുന്ന രാസ്ത. വണ്ടിയിടിച്ച് മണിക്കൂറുകളോളം രക്തം വാര്‍ന്നു മരിക്കേണ്ടി വന്ന ജോങ്ക്ര. അങ്ങനെ എത്രയെത്ര പേര്‍. എന്നാണ് ഇവര്‍ ഈയിരുട്ടില്‍ നിന്നും ഉണരുക. അറിയില്ല...
'ഇതാണ് എന്റെ വീട്..'
ഒരു വരാന്തയില്‍ കയറി അവള്‍ പറഞ്ഞു. അവിടെ കയറി ഇരുന്നു..
'അകത്തേക്ക് വാ വിനൂ'
വാതില്‍ എന്നു പറയാന്‍ ഒരു നേര്‍ത്ത തുണിമാത്രമാണ് ഉണ്ടായിരുന്നത്. അകത്തു പായയില്‍ രണ്ടുപേര്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. പുറത്തുള്ള ചെരാതിന്റെ വെളിച്ചത്തില്‍ അവ്യക്തമായ കാഴ്ചയാണ്.
'ഒരാള്‍ എനിക്ക് ജന്മം നല്കിയവളും മറ്റെയാള്‍ഞാന്‍ ജന്മം നല്കിയവളും..'
അവരെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
അവളൊരു അമ്മയാണെന്നത് പ്രതീക്ഷിച്ചില്ലാത്തതിനാലാവണം അത്ഭുതം തോന്നിയത്. ഇന്നുവരെയുള്ള സംസാരങ്ങളിലൊന്നും ഇരുവരുടെയും കുടുംബം കടന്നുവന്നിരുന്നില്ല എന്നത് യാദൃശ്ചികമാവാം.
പെണ്‍കുട്ടി അവളെ കണ്ടപ്പോള്‍ എഴുന്നേറ്റു വന്നുകൊണ്ട് അവളുടെ മടിയില്‍ ഇരുന്നു. അവളുടെ കയ്യിലെ പൊതി വാങ്ങിക്കൊണ്ട് കഴിക്കാന്‍ തുടങ്ങി. അമ്മയാകട്ടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് പുറത്ത് അടുപ്പിനരികിലേക്ക് നടന്നു.
'നിന്റെ ഭര്‍ത്താവ്..?'
ഡാഡി ലൗവിലെ പാട്ടാണ് വെളിയില്‍ നിന്നെങ്ങോ കേള്‍ക്കുന്നത്. അതിനൊത്ത് ചുവടുവെക്കുന്ന കമിതാക്കളുണ്ടാവും. അതിനെ ആസ്വദിച്ചു കൊണ്ട് രാവേറെ ചെല്ലുവോളം ഇരിക്കുന്ന കൂട്ടുകാരുണ്ടാവും. നാളെയെക്കുറിച്ചുള്ള ആശങ്കകളോ പ്രതീക്ഷകളോ ഇല്ലാതെ കടന്നുപോകുന്ന ജീവിതങ്ങള്‍.
'ദ്വീപിലെ ഏറിയ പങ്കും ഭര്‍ത്താക്കന്മാര്‍ ഇല്ലാതെ അമ്മമാര്‍ ആകുന്നവരാണ്. അതിലൊരുവളാണ് ഞാനും.
കൗമാരത്തിലെ പ്രണയത്തിന് കിട്ടിയ ഉപഹാരം..'
'അയാളിപ്പോള്‍..?'
'ഗ്രാമത്തിലുണ്ട്. ഇവിടെ ഇങ്ങനെയൊക്കെയാണ്. മക്കള്‍ അമ്മയുടെ മാത്രം തണലില്‍ ആണ് വളരുന്നത്. പിതാവ് ആരെന്നത് ഒട്ടും പ്രസക്തമല്ല. അതിനാല്‍ തന്നെ ഇവള്‍ ജൂലിയന്‍. എന്റെ മാത്രം മകളാണ്..'
ഫ്രഞ്ച് കോളനിയായ ദ്വീപില്‍ ഏറ്റവും സുലഭമായി ലഭിച്ചിരുന്നത് മദ്യവും മലഗാസി പെണ്ണിന്റെ ശരീരവുമായിരുന്നു. അവരുടെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനായി ദ്വീപിനെ ഉപയോഗിച്ചു. ലൈംഗികതയിലെ കളിപ്പാട്ടങ്ങള്‍ ആയി ഗാസി സ്ത്രീകള്‍ മാറി. തലമുറകളില്‍ ഇരുസംസ്‌കാരങ്ങളുടെയും സങ്കരം ഉത്ഭവിക്കാന്‍ തുടങ്ങി. ഇരു തട്ടുകളായി സാമ്പത്തികവും പല തട്ടുകളായി സാമൂഹിക ജീവിതവും മാറി.
മുന്നിലെ പാത്രത്തില്‍ ആവിപറക്കുന്ന പച്ചരി ചോറും മാങ്ങയും ഉള്ളിയും നീളത്തില്‍ അരിഞ്ഞെടുത്ത് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത ചമ്മന്തിയും ആയിരുന്നു. ചെറിയ മത്തികള്‍ ഉപ്പുമാത്രം ചേര്‍ത്ത് പൊരിച്ചെടുത്തത് ചെറു ചട്ടിയിലാക്കി അരികില്‍ വച്ചിട്ടുണ്ട്. മറ്റൊരു പാത്രത്തില്‍ മീന്‍ വേവിച്ചതും ഉണ്ട്. ഒരു മസാല കൂട്ടുകളുടെയും പിന്‍ബലമില്ലാതെ വെറും വെള്ളത്തില്‍ വേവിച്ചെടുത്തതാണ് ആ കറി. പ്ലേറ്റുകളില്‍ വിളമ്പിക്കൊണ്ട് അവളുടെ അമ്മ കാത്തിരിക്കുകയാണ്.
'ഗാസി സ്ത്രീകളെ ശ്രദ്ധിക്കണം. അവര്‍ പാകം ചെയ്ത് തരുന്ന ഭക്ഷണം കഴിക്കരുത്. ബ്ലാക്ക് മാജിക്കിലൂടെ അവര്‍ നമ്മെ വശീകരിക്കും. പിന്നീട് അവരുടെ മനസ്സിന്റെ ചലനങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും നമ്മള്‍. ഇങ്ങനെയൊക്കെയല്ലേ പഠിപ്പിച്ചു തന്നിരിക്കുന്നത്.'
അവള്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..
ആദ്യ കാലങ്ങളിലെ കമ്പനി നിബന്ധനകളില്‍ കറുപ്പിന്റെ മാജിക്കിനെ കുറിച്ചു പറഞ്ഞിരുന്നു. അവള്‍ പറയുന്നത് പോലെ തന്നെയാണ് അന്ന് മാനേജര്‍ ക്ലാസ്സെടുത്തത്.
നിലത്തു പായ വിരിച്ച് അതിലിരുന്നാണ് അവരെല്ലാവരും ഭക്ഷണം കഴിച്ചത്. രുചികരമായ ഭക്ഷണമായിരുന്നു. എരിവ് ഒട്ടും ഉപയോഗിക്കാത്തവരാണ് ദ്വീപിലുള്ളവര്‍. ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നത് ദോഷകരമാണെന്നും അത് ദേവിയുടെ അപ്രീതിക്കു കാരണമാകുമെന്നും ഇവര്‍ കരുതുന്നു. അല്ലെങ്കിലും നമ്മുടെ നാടു വിട്ടാല്‍ എരിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ വളരെ കുറവാണല്ലോ.
ഒരു മുറിയുടെ വലിപ്പം മാത്രമാണ് അവളുടെ വീടിനുള്ളത്. മുളങ്കമ്പുകളും തകര ഷീറ്റുകള്‍ കൊണ്ടും മറച്ച ചുവരുകള്‍. പനയോലയാണ് മുകളില്‍ വിരിച്ചിരിക്കുന്നത്. പുറത്ത് ഒരു തിണ്ണ കെട്ടിയുണ്ടാക്കി അതിലാണ് പാചകം.
അകത്ത് ഇരുവശങ്ങളിലും ജാലകങ്ങള്‍ ഉണ്ട്. അതിനരികിലായി പായകള്‍ ഇട്ടുകൊണ്ട് അവിടെയാണ് അവര്‍ കിടക്കുന്നത്. മോളുടെ പുസ്തകങ്ങളും പാത്രങ്ങളും, അവരുടെ വസ്ത്രങ്ങളുമെല്ലാം പിറകിലെ വാതിലിനരികിലായി ഒരു ഷെല്‍ഫില്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു.
പിറകിലെ വാതിലിനപ്പുറം, മുറ്റത്ത് ഒരു കയറ്റുപായ കട്ടിലിലാണ് അവനും അവളും ഇപ്പോള്‍ ഇരിക്കുന്നത്. മുന്നില്‍ വിശാലമായി കിടക്കുന്ന കൃഷിയിടങ്ങളാണ്. അവയ്ക്കുമപ്പുറം ആ മലകള്‍ കാണാം. അവയിലെ നുറുങ്ങു വെളിച്ചങ്ങളും.
'ഈ വെളിച്ചം അണയാറില്ലേ..?'
'ഏയ്..ഇല്ല.. കൃഷിയിടത്തില്‍ മൃഗങ്ങള്‍ വരാതിരിക്കാന്‍ ഉള്ളതാണ് കൂടെ കാവലിരിക്കുന്ന ജോലിക്കാരും ഉണ്ടാവും. തീയണഞ്ഞാല്‍ അവര്‍ക്കുള്ള ശിക്ഷ വളരെ വലുതാണ്..'
അവള്‍ തെല്ലുനേരം മൗനമായി ഇരുന്നു.
'ഇരുട്ടുകുത്തി പെയ്യുന്ന മഴ മലയില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ആദ്യത്തെ ദിവസം കഴിഞ്ഞാല്‍ പിന്നെ പട്ടിണിയാണ്. ഉണങ്ങിയ കിഴങ്ങു കഷണങ്ങള്‍ ചിലപ്പോള്‍ ഒരു ദിനം കൂടി വിശപ്പിനെ കുറച്ചെങ്കിലും അകറ്റും. പുരകളാകെ ചോര്‍ന്നൊലിക്കുന്ന ആ ദിനങ്ങളിലും ഈ വെളിച്ചം അണയാന്‍ പാടില്ല എന്നതായിരുന്നു മുതലാളിയുടെ കല്‍പ്പന. അച്ഛനും മറ്റുള്ളവരും ഉണങ്ങിയ വിറകുകള്‍ തേടി ആ തോരാമഴയില്‍ ഓടി നടക്കുന്നത് കാണുമ്പോള്‍ ബാല്യത്തില്‍ ആഗ്രഹിച്ചതാണ് ഈ നക്ഷത്രങ്ങള്‍ മലയിലേക്ക് ഇറങ്ങി വന്നിരുന്നെങ്കിലെന്ന്'
പുഞ്ചിരിച്ചുകൊണ്ടാണ് അവള്‍ സംസാരിക്കുന്നത്.
'ഞങ്ങളുടെ മാനത്ത് നക്ഷത്രങ്ങള്‍ പൂക്കുന്നത് കാണുന്നില്ലേ.. വിനു'
അവന്‍ അവളോടൊപ്പം ആ കയറ്റുപായ കട്ടിലില്‍ കിടക്കുകയാണ് ഇപ്പോള്‍.
അവള്‍ മുകളിലേക്ക് നോക്കിയാണ് പറയുന്നത്. അവന്റെ കണ്ണുകളില്‍ ആ നക്ഷത്രങ്ങള്‍ വിരിയുന്നത് മലമുകളിലെ പലയിടങ്ങളില്‍ ആയിട്ടാണ്.
'ഇവിടെ കണ്ണുകള്‍ തുറന്നു കിടന്നാല്‍ ആകാശമാകെ നക്ഷത്രങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം. കണ്ണുകള്‍ അടച്ചു കിടന്നാല്‍ സ്വപ്നങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ആകാശവും...'
മലമുകളില്‍ കത്തിജ്വലിക്കുന്ന ഒരു നക്ഷത്രം.അതിനു ചുറ്റും കാവലിരിക്കുന്ന അവനും അവളും കൂടെ അപരിചിതരായ ആളുകളും. മറ്റുമലകളിലും സമാന കാഴ്ചയാണ്. എല്ലായിടത്തും നക്ഷത്രങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.
ഇടക്കെപ്പോഴോ അവനുറങ്ങിക്കാണണം. അവന്റെ കയ്യില്‍ നിന്നും വഴുതിവീണ ആ കടലാസ്സില്‍ അവള്‍ക്കുവേണ്ടി ഇങ്ങനെ എഴുതിയിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അവന്റെ ഭാഷ പഠിക്കുകയാണെങ്കില്‍ മാത്രം അവള്‍ക്ക് മനസ്സിലാവുന്ന ഒന്നായിരുന്നു അത്
'പ്രിയപ്പെട്ടവളേ,
ഋതുക്കള്‍ മാറിമറിയും. വസന്തമിനിയും വരും. വൈകാതെ നിന്നെ തേടിയെത്തുന്ന ആ വസന്തങ്ങളിലൊന്നില്‍ ചിന്തയുടെ, സ്വപ്നങ്ങളുടെ പുതുനാമ്പുകള്‍ മുളച്ചുപൊന്തും.
അവയാകെ തളിരിടുമ്പോള്‍ നീയും നിന്റെ ജനതയും പ്രതീക്ഷകളുടെ പുലരികളിലേക്കുണരുന്ന കാഴ്ചകളാണ് ഇന്നന്റെ കണ്ണുകളില്‍ നിറയുന്നത്. കടലുകടന്നെത്തുന്ന പാണന്റെ പാട്ടുകള്‍ക്കായി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം ഞാന്‍ കാതോര്‍ത്തിരിക്കാം.'
അവള്‍ ആ കടലാസ്സിലൂടെ വെറുതെ വിരലോടിച്ചുകൊണ്ടിരുന്നു. അവളുടേതായ അര്‍ത്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാവാം.
അവന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞ ഈ വാക്കുകള്‍ അവന്‍ ഒരിക്കലും കേട്ടിരിക്കാന്‍ ഇടയില്ല..
'മലയില്‍ നക്ഷത്രങ്ങള്‍ പൂക്കുന്നതിനായി
എന്റെ ബാല്യം കാത്തിരുന്നതുപോലെ ..
നിന്റെ തിരിച്ചുവരവിനായും
ഞാന്‍ കാത്തിരിക്കും..
റീ മലാലക്കോ..'
ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒന്നിനെ മനസ്സിന്റെ അഭ്രപാളിയില്‍ കോര്‍ത്തുകൊണ്ട് രാവുറങ്ങുമ്പോള്‍
അവയിലേറെയും എന്റെ ഇരുളാര്‍ന്ന ആകാശത്തു തെളിഞ്ഞു തുടങ്ങും. അങ്ങനെ. നീ എല്ലായ്‌പ്പോഴും പറയുന്നതു പോലെ ഞാനും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങും.'
അവളുടെ വിരലുകള്‍ അവന്റെ മുടിയിഴകളില്‍ തലോടിക്കൊണ്ടിരുന്നു.
മാനത്ത് നിന്നും നക്ഷത്രങ്ങള്‍ പെയ്തുതുടങ്ങി. അവയേറെയും മലമുകളില്‍ പതിച്ചുകൊണ്ടിരുന്നു.
മലമുകളിലാകെ വെളിച്ചമേന്തിക്കൊണ്ടവ കൃഷിയിടങ്ങള്‍ക്കു കൂട്ടു നിന്നു. പാതി പെയ്ത ആകാശം ബാക്കിവച്ചവയാകട്ടെ മാനത്താകെ വിരിഞ്ഞു നില്‍ക്കുകയാണ്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...