Malayalam Short Story : കരിനാഗങ്ങള്‍ ഇഴയുമ്പോള്‍, ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജോയ്‌സ് വര്‍ഗീസ് എഴുതിയ ചെറുകഥ

chilla malayalam short story by joyce Varghese

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam short story by joyce Varghese

 


ഉറക്കമുണര്‍ന്നിട്ടും ഹിമ എഴുന്നേല്‍ക്കാതെ കിടക്കയില്‍ തന്നെ തുടര്‍ന്നു. നെറ്റിപ്പട്ടമണിഞ്ഞ ആനയുടെ ചിത്രം ആലേഖനം ചെയ്ത കിടക്കവിരി അല്പം അയഞ്ഞു തൂങ്ങി കിടന്നിരുന്നു. കറുപ്പില്‍ തിളങ്ങിയ സ്വര്‍ണവര്‍ണത്തില്‍ അവള്‍ക്കു കൗതുകം തോന്നി. കറുപ്പു നിറം ഈയിടെയായി തന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ടോയെന്ന് അവള്‍ സംശയിച്ചു.

അവള്‍ വേനലവധി ചിലവഴിക്കാന്‍ അമ്മയുടെ തറവാട്ടില്‍ വന്നതാണ്. അടുത്ത വര്‍ഷം പൊളിച്ചുനീക്കാന്‍ ഉദ്ദേശിച്ച തറവാട്ടിലെ അവസാനത്തെ താമസമായിരിക്കുമെന്നു അമ്മ അവളെ യാത്രയില്‍ ഉടനീളം ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു. തിരക്കുപിടിച്ച നഗരത്തിലെ ജീവിതം ശീലിച്ച അവള്‍ക്കു വലിയ തറവാടിനോടും ചുറ്റും പരന്നു കിടക്കുന്ന തൊടിയോടും പായല്‍ പൊതിഞ്ഞ കുളത്തിനോടും ഒരു മമതയും തോന്നിയിരുന്നില്ല. ഉറങ്ങാത്ത നഗരത്തിന്റെ ശബ്ദവും വെളിച്ചവും നിരത്തിലെ ഇരമ്പലും നഷ്ടപ്പെടുത്താന്‍ തീരെ താല്പര്യവുമില്ല. പക്ഷെ അമ്മയുടെ ഗൃഹാതുരത്വം കുത്തിനിറച്ച കഥകളില്‍ പാടവും തൊടിയും കാവും തുടിച്ചു നിന്നിരുന്നു. ഇടുങ്ങിയ ചെറിയ നാട്ടിടവഴികളും ഉറക്കം തൂങ്ങുന്ന ഗ്രാമവും അമ്മക്കെങ്ങിനെ ഇത്രയും പ്രിയപ്പെട്ടതാവുന്നു എന്ന് അവള്‍ പേര്‍ത്തും പേര്‍ത്തും ആലോചിച്ചുകൊണ്ടിരുന്നു. പക്ഷെ ആരെയും മുഷിപ്പിക്കാത്ത അവളുടെ പ്രകൃതം, എല്ലാ ചോദ്യങ്ങളും വിഴുങ്ങിക്കൊണ്ടിരുന്നു.  എല്ലാവര്‍ക്കും സമ്മതയായ, തറവാട്ടിലെ ഏക പെണ്‍തരിയെ വേനലും വീടും തൊടിയും കിണറും മരങ്ങളും കാറ്റും കാത്തിരുന്നു.

സെല്‍ഫോണില്‍ നിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന മകളുടെ ഇടതൂര്‍ന്ന തലമുടിയില്‍ വിരല്‍ കൊരുത്തു കെട്ടുപിണഞ്ഞ മുടിയിഴകള്‍ വേര്‍തിരിച്ചെടുക്കുന്നതിനിടയില്‍ ഉമ മകളോട് പറഞ്ഞു.

'അമ്മൂമ്മ നിനക്കായി പട്ടുപാവാട തയ്ച്ചു വെച്ചിട്ടുണ്ട്, ഒന്നിട്ടു നോക്കൂ.'

'എനിക്കു അതൊന്നും താല്പര്യമില്ലമ്മേ.'-വലിയ കട്ടിക്കണ്ണടക്കുള്ളില്‍ വിടര്‍ന്ന വലിയ കണ്ണുകള്‍ ചിമ്മി തുറന്നു.

'സാരല്യ... അമ്മൂമ്മയുടെ ഒരു സന്തോഷത്തിന്.'

'ഉം.. ഉം', അവള്‍ പതിയെ മൂളി.

'ശ്ശോ... എന്താ ദ്... എന്റെ സെല്‍ ഫോണ്‍ പെട്ടെന്നു ബ്‌ളാങ്ക് ആയി പോയല്ലോ. ' ചെറിയ കറുത്ത ദീര്‍ഘചതുരം അവളുടെ മുന്നില്‍ അനക്കമറ്റ് കിടന്നു.

'കണക്കായി പോയി... ഇനി നിന്നെ ഒന്നു ഞങ്ങള്‍ക്ക് കാണാന്‍ കിട്ടുമല്ലോ', ഉമ കുലുങ്ങി ചിരിച്ചു.

ആ കറുത്ത നിറം തന്റെ അരികിലേക്ക് അവളെ മാടിവിളിക്കുന്നപ്പോലെ അവള്‍ക്കു തോന്നി. അതിനിടയില്‍,അമ്മ പറയുന്നതൊന്നും അവള്‍ കേട്ടില്ല.
'എങ്ങിനെയാ ഇവിടെ ഇതു ഫിക്‌സ് ചെയ്യുന്നേ?',

'അതിന് ടൗണില്‍ പോകണം, നമുക്ക് ശരിയാക്കാം ന്നെ...'

ഹിമ അമ്മയുടെ പുറകെ നടന്നു, അനുനിമിഷം കട്ടികൂടിവരുന്ന കറുപ്പ് അവളെ പിന്തുടര്‍ന്നു.

കാച്ചെണ്ണയുടെ പരിചിതമല്ലാത്ത ഇളം തണുപ്പു അവളുടെ കണ്ണുകളില്‍ കുളിരായി പെയ്തിറങ്ങി. തൊടിയില്‍ ചുറ്റിയടിക്കുന്ന ഇളം കാറ്റും അവളെ തഴുകി. ആ സുഖദമായ തണുപ്പില്‍ ഘനം കുറഞ്ഞ വായു അവള്‍ നിശ്വസിച്ചു. നീളന്‍ പട്ടുപാവാടയുടെ അരികു പാദങ്ങളില്‍ ഉരസ്സിയുലഞ്ഞു. പഴമയുടെ മന്ത്രണം ആ ഉരസലില്‍ അവള്‍ കേട്ടു.

പാടവരമ്പില്‍ തെളിഞ്ഞ, കടും ചുവപ്പു കച്ചയും വെള്ളമുണ്ടും ധരിച്ചു മുടി നീട്ടി വളര്‍ത്തിയ രാമനും സംഘവും നടന്നടുത്തു. നടുമുറ്റത്തു മണികിലുക്കി, വാള്‍ വിറപ്പിച്ചു, പറക്കൊട്ടിനൊപ്പം തുള്ളി വിറച്ചു. വിറയലില്‍ അയാളുടെ നഗ്‌നമായ മേനിയില്‍, വാരിയെല്ലുകള്‍ എഴുന്നു നിന്നു.

അമ്മൂമ്മ വലിയ മുറത്തില്‍ നിന്നും പച്ച നെല്ല് ചൊരിഞ്ഞു. പറയില്‍ നിറഞ്ഞു തൂവിയ നെല്ല് വെള്ളത്തുണിയില്‍ വാരിക്കെട്ടി രാമന്‍  യാത്രയായി. രാമന്റെ ചുവന്ന കച്ച കാഴ്ചയില്‍ നിന്നും മറഞ്ഞു പോയിട്ടും മുറ്റത്തു ചുവന്ന നിറം തങ്ങിനില്‍ക്കുന്നില്ലേ?, ഹിമ കുറച്ചു നേരം കൂടി അയാള്‍ പോയ വഴി നോക്കി നിന്നു.

കാലപ്പഴക്കത്തിലും അടര്‍ന്നു പോകാത്ത ചാരുപ്പടിയില്‍ അവള്‍ ചമ്രം പടിഞ്ഞിരുന്നു. ഈട്ടിത്തടിയുടെ നേര്‍ത്ത കറുപ്പില്‍ അവള്‍ മുഗ്ദയായി. ചങ്ങലയില്‍ തൂങ്ങുന്ന നിലവിളക്കിന്റെ പൊന്‍പ്രഭ അവള്‍ കണ്‍മിഴിച്ചു നോക്കി. തൂങ്ങിയാടുന്ന ചങ്ങലയില്‍ നറുവെയില്‍ വെളിച്ചം തട്ടി, സ്വര്‍ണനിറം ചങ്ങലയില്‍ ഇഴഞ്ഞു നീങ്ങി.

അമ്മൂമ്മ, നര വീണ മുടിയില്‍ നിന്നും ധാരാളമായി ഊര്‍ന്നുപോകുന്ന മുടിയിഴകള്‍ വിരലുകള്‍ക്കിടയില്‍ കോര്‍ത്തെടുത്തു ചൂണ്ടുവിരലില്‍ ചുറ്റിക്കൊണ്ടിരുന്നു.
'എത്ര നല്ല മുടി ആയിരുന്നുന്നോ... ഒക്കെ പോയി.' അമ്മൂമ്മയുടെ സങ്കടം കണ്ടു ഹിമക്ക് ചിരിവന്നുവെങ്കിലും അവള്‍ ചിരിയടക്കി.

'ഒന്നും ചെയ്യാനില്ലേ, മോള്‍ക്ക്?'

'തട്ടിന്‍പ്പുറത്തു അലമാരിയില്‍ കുറെ പഴയ പുസ്തകങ്ങള്‍ ഉണ്ട്, ഒന്നു പോയി നോക്കൂ', അമ്മൂമ്മ അവളെ വിരസതയില്‍ നിന്നും മോചിപ്പിച്ചു വായനയിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു.

' അവിടെ കുറച്ചു പൊടി കാണും കുട്ട്യേ... സൂക്ഷിക്കണം ട്ടോ.'


അവള്‍ മരഗോവണി കയറി. ഗോവണിയുടെ മരപ്പലകകള്‍ ഞെരങ്ങി കരഞ്ഞു. കൈവരികളില്‍ പൂതല്‍ പിടിച്ചു തുടങ്ങിയിരുന്നു. ചെറു പ്രാണികള്‍ അനേകം സൂക്ഷ്മദ്വാരങ്ങള്‍ വീഴ്ത്തി അവയെ ദുര്‍ബലമാക്കിയിരുന്നു.

കാലം, അതിന്റെ അജയ്യമായ കുതിപ്പില്‍ പഴമയെ തള്ളി ദുര്‍ബലമാക്കി അതിനുമുകളില്‍ വിജയം വരിക്കുന്നത് സ്വാഭാവികമാണല്ലോ.

ജനാലയുടെ മരപ്പാളികള്‍ തുറക്കാന്‍ വിസമ്മതിച്ചു. നല്ല ഒച്ചയനക്കത്തോടെ തുറന്ന ജനാലയുടെ കോണില്‍ നിന്നും ചെറുപ്രാണികള്‍  പൊടിയില്‍ ഇഴഞ്ഞു. ചെറുച്ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ ശ്രമം നടത്തി. പൊടിയും മാറാലയും പിടിച്ച അലമാരിയില്‍ അവള്‍ പുസ്തകങ്ങള്‍ തിരഞ്ഞു.

പുസ്തകങ്ങള്‍ തുറന്നിട്ട ലോകം അവള്‍ക്കു തീര്‍ത്തും അപരിചിതമായിരുന്നു. വിശ്വാസങ്ങളും ആചാരങ്ങളും ജീവിതശൈലിയായ ജനതയുടെ ജീവിതം അവള്‍ക്കു മുന്നില്‍ കഥകളായ് ചുരുള്‍ നിവര്‍ത്തി. ഓരോ കഥകളില്‍ സംഭവ്യമായതും സംഭവിച്ചതില്‍ കഥകളും ഇഴച്ചേര്‍ന്നു. ഉണ്മ തേടുന്ന ചിന്തകള്‍, ഉത്തരം നല്‍കാതെ, അടുക്കും തോറും അകലേക്ക് തെന്നി മാറുന്ന അമ്പിളിക്കലപ്പോലെ അവളില്‍ നിന്നും ഒഴിഞ്ഞുമാറി.

പ്രകൃതിക്കും അതിലെ ഗ്രഹങ്ങള്‍ക്കും ജീവികള്‍ക്കും ഒരാളുടെ ഭാവിയില്‍ ഒരു സ്വാധീനവുമില്ലെന്നു മനസ്സില്‍ ഉറപ്പിച്ചിടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ സങ്കീര്‍ണമായ ചിന്തകള്‍ കടുംകെട്ടായി അവളുടെ ലോലമനസ്സിന്റെ കടിഞ്ഞാണ്‍ കൈവശപ്പെടുത്തുന്നത് അവള്‍ തീരെ അറിഞ്ഞില്ല.

അടുക്കളപ്പുറവും പത്തായപ്പുരയും കടന്നു അവള്‍ നടന്നുകൊണ്ടിരുന്നു. തെങ്ങിന്‍തോപ്പിനപ്പുറം കാടുപിടിച്ചു കാവില്‍ അവള്‍ ചുറ്റിക്കറങ്ങി. ആ വന്യതയോടു അവള്‍ക്കു ആര്‍ത്തി തോന്നി തുടങ്ങിയിരുന്നു. വരണ്ട കാറ്റ് ഊതി പറപ്പിച്ച കരിയിലകള്‍ മുട്ടോളം പൊങ്ങിപ്പറന്നു താഴെ വീണു, അവളുടെ പാദങ്ങളില്‍ പട്ടുപാവാടയോടൊപ്പം ഉരസി.

ആല്‍മരത്തിന്റെ താഴെക്കിറങ്ങിയ വേടുകള്‍ കനത്ത വള്ളികളായി ചുറ്റിപ്പിരിഞ്ഞു. മണ്ണില്‍ ആധിപത്യം ഉറപ്പിക്കുന്ന ജീവനായി വലിയ ആല്‍മരം ശാഖകള്‍ നീട്ടി പരന്നു വളര്‍ന്നു. തന്നെ കാത്തിരിക്കുന്ന വന്‍മരത്തെ പുല്‍കാന്‍ അവള്‍ കൊതിച്ചു. ആല്‍മരത്തിന്റെ വലിയ പോടില്‍ അവള്‍ കരിനാഗങ്ങളെ തിരഞ്ഞു.

കരിനാഗങ്ങള്‍ പോടുകളില്‍ നിന്നും മെല്ലെ ഇഴങ്ങിറങ്ങി, അവയുടെ ഉടലിന്‍ ഇരുപ്പുറവും സ്വര്‍ണനിറത്തിലുള്ള വരകള്‍ തെളിഞ്ഞു കിടന്നു. സ്വനഗ്രാഹികള്‍ പുറത്തു നീട്ടി കരിനാഗം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണിന്റെ കൃഷ്ണമണികള്‍ വിളര്‍ത്തു തുടങ്ങിയിരുന്നു.

'എന്താ... ഇവിടെ വന്നു നില്‍ക്കണേ... അതും ഈ സന്ധ്യക്ക്? അമ്മൂമ്മ വെപ്രാളത്തോടെ അവളുടെ കൈകള്‍ പിടിച്ചുവലിച്ചു.

അവര്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു. അവര്‍ പറയുന്നതൊന്നും അവളുടെ കാതില്‍ പതിഞ്ഞില്ല. കരിനാഗങ്ങള്‍ അവളുടെ കണ്മുന്നില്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരുന്നു, അവ അവളുടെ ചിന്തകളും ഭാവവും സമയവും സ്വന്തമാക്കാന്‍ തുടങ്ങിയിരുന്നു.

ആഴമുള്ള കിണറില്‍, ചെങ്കല്ല് കൊണ്ടു തീര്‍ത്ത വളയങ്ങള്‍ ഭിത്തി ബലപ്പെടുത്തി. അതില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന പായല്‍, കറുപ്പ് കലര്‍ന്ന പച്ച നിറം പടര്‍ത്തി. ആഴങ്ങളില്‍ ഉറവയെടുത്ത വെള്ളം തെളിനീരായ് കിണര്‍ നിറച്ചു. ഹിമ തെളിഞ്ഞ വെള്ളത്തിലേക്കു നോക്കി നിന്നു. ആ പാമ്പേരി വലയങ്ങളുടെ നേര്‍ത്ത തിട്ടയിലൂടെ കരിനാഗങ്ങള്‍ ഇഴഞ്ഞുനീങ്ങി. അവയുടെ വശങ്ങളിലെ സ്വര്‍ണനിറം തിളങ്ങി. ഒരിക്കലും അവസാനിക്കാത്ത യാത്രയിലെന്നപ്പോലെ നാഗങ്ങള്‍ അവള്‍ക്കു നേരെ ഇഴഞ്ഞുകൊണ്ടിരുന്നു.

ഉറക്കത്തിന്റെ ഞെട്ടിപ്പിടച്ചലില്‍, രാത്രിയുടെ ഇരുട്ടില്‍, അവള്‍ ഉറക്കെ കരഞ്ഞു. അവള്‍ വിയര്‍പ്പില്‍ കുളിച്ചു, നാവു വരണ്ടു, ഒന്നിലും ദൃഷ്ടി ഉറപ്പിക്കാതെ ചുറ്റും പകച്ചു നോക്കി. ഇരുട്ടിന്റെ കറുപ്പ് നിറം മുറിയെ വിഴുങ്ങാന്‍ വാ പിളര്‍ത്തി.
'കുട്ടി... സ്വപ്നത്തില്‍ എന്തോ കണ്ടു പേടിച്ചിട്ട് കരയാണ്...', അമ്മൂമ്മയും, അമ്മയും അവളെ താങ്ങിയിരുത്തി. അവളുടെ കണ്ണുകളിലെ വിളര്‍ച്ച അവരെ ഭയപ്പെടുത്തി.

ഭ്രമകല്പനകള്‍, കരിനാഗങ്ങളായി അവളുടെ ശരീരത്തെ ചുറ്റിവരിഞ്ഞു. അവളുടെ ഉടല്‍ പ്രകമ്പനം കൊണ്ടു. ഉന്മാദാവസ്ഥയില്‍ അവള്‍ കരിനാഗങ്ങളോട് പുലമ്പികൊണ്ടിരുന്നു.

അവളുടെ ഉടലില്‍ നിന്നും അഴിഞ്ഞിറങ്ങിയ കരിനാഗം മേശപ്പുറത്തെ കറുത്ത ദീര്‍ഘചതുരത്തിലേക്കു ഇഴഞ്ഞു നീങ്ങി. അതിന്റെ സ്ഫടികക്കൂട്ടില്‍ ചുറ്റിപ്പടര്‍ന്നു, അതിനുള്ളില്‍ മാളം തേടി. അവളുടെ ചിന്തകളില്‍ ചേക്കേറാന്‍ തക്കം പാര്‍ത്തിരുന്നു.
 

 

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios