Malayalam Short Story : മണല്‍ മനുഷ്യന്‍, ജിത ഷരുണ്‍ എഴുതിയ കഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.ജിത ഷരുണ്‍ എഴുതിയ കഥ

chilla malayalam short story by Jitha Sharun

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Jitha Sharun

                 
തെളിഞ്ഞ ആകാശത്ത് സൂര്യന്‍ സര്‍വശക്തിയുമെടുത്ത് ഉദിച്ചുയര്‍ന്നു . നേരെ കണ്ട രണ്ടുവരി പാത അറ്റമില്ലാതെ നീളുന്നതായി അയാള്‍ക്കു തോന്നി. ഈ പാര്‍ക്ക് ചെന്നെത്തുന്നത് മെട്രോ സ്റ്റേഷന് അടുത്തേക്കാണ്. 

അയാള്‍ക്ക്  നടന്നുനടന്നു വയ്യാതെ ആയി. 

''വയ്യ ഇനി ഒരു അടി വെക്കാന്‍...എന്റെ ദൈവമേ''

കാലുകള്‍ മണലില്‍  താഴ്ന്ന് പോകുന്നു. ഒരു കാല്‍ മണലില്‍ നിന്നും പൊക്കി എടുത്താണ് അടുത്ത കാല്‍ വയ്ക്കുന്നത്. 

പാര്‍ക്കിന് ചുറ്റും ഉള്ള നടപ്പാതയില്‍ നല്ല വെയില്‍ ആണ്. ഉച്ചയ്ക്ക് 12 മണി . ഒരിറ്റു വെള്ളം കുടിക്കാനുമില്ല. കണ്ണുകള്‍  അടഞ്ഞു പോകുന്നല്ലോ. 

സൂര്യ രശ്മികള്‍ കണ്ണിലേക്ക്  ആഴ്ന്നിറങ്ങി. 

''പച്ച മത്താപ്പൂ 
ചോപ്പ് മത്താപ്പൂ 
നീല മത്താപ്പൂ 
റ്റെ, റ്റെ റ്റെ ട്ടെ''  മുത്തശ്ശന്റെ പാട്ട് രഘു കേട്ടു കൊണ്ടേ ഇരുന്നു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുത്തശ്ശന്‍  വിഷുവിന് പാടികൊടുത്ത അതേ പാട്ട് .

അയാളുടെ കണ്ണുകള്‍ അടഞ്ഞുപോയി. ആ ഈന്തപ്പനയുടെ ചുവട്ടില്‍  അയാള്‍ വീണു. 

''പാനീ .. പാനീ, ക്യാ ഹൂവാ ഭായി'

ആരോ നീട്ടിയ വെള്ളം രഘു ആര്‍ത്തിയോടെ കുടിച്ചു. 

വേനലില്‍  വിളയുന്ന ഈന്തപ്പനകളെ  നെറ്റ് കെട്ടി സംരക്ഷിക്കുന്ന ലാന്‍ഡ് സ്‌കേപ്പിങ് കമ്പനിയിലെ ഏതോ നന്മനിറഞ്ഞ മനുഷ്യന്‍ നീട്ടിയ വെള്ളമാണ് അയാള്‍ കുടിച്ചത്.

''കാം ഡൂണ്‍ട് രഹേഹോ..''

അയാള്‍ രഘുവിനോട് ചോദിച്ചു. 

രഘുവിന് കണ്ണ് തുറക്കാന്‍ പറ്റുന്നില്ല. 

അയാള്‍ അതേ എന്ന് തലയാട്ടി. 

''രഘു, നീ ഈ റാങ്ക് സര്‍ട്ടിഫിക്കറ്റ് പിടിച്ച്, നാലക്ക ശമ്പളത്തിന് ജോലി ചെയ്തു നടന്നാല്‍ അനിയത്തിമാരെ ആര് നോക്കും. അവര്‍ടെ കല്യാണം. വീട് പണി''

അമ്മേടെ ശകാരം  സഹിക്ക വയ്യാതെ ആയപ്പോഴാണ് നാട് വിട്ടു മണലാരണ്യത്തിലെ സ്വര്‍ഗം തേടി ഇറങ്ങിയത്.  ഒരിക്കലും അതായിരുന്നില്ല അയാളുടെ സ്വപ്‌നം. 

ഫിസിക്‌സ് ഫസ്റ്റ് റാങ്കും കൊണ്ട് വിമാനം കയറുമ്പോള്‍  നല്ലൊരു അധ്യാപക ജോലികൊണ്ട് കുടുംബം പോറ്റാമെന്നായിരുന്നു വിചാരം 

ജാതകത്തിലെ കേതുദശയോ സമയ ദോഷമോ എന്തോ ഒരു ജോലിയും അയാള്‍ക്കു ശരിയായില്ല. 

നാട്ടില്‍ നിന്നു ആരും അയാളെ വിളിച്ചില്ല . ഒന്നു രണ്ടു വര്‍ഷം ചെറിയ ജോലികള്‍  ചെയ്തു. സഹായം ചോദിക്കാന്‍ അയാള്‍ക്കു ഇഷ്ടവും ഉണ്ടായിരുന്നില്ല. 

ഒരിക്കല്‍ അയാള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചു. 

''നല്ലൊരു ജോലി ശരിയാവാതെ ഇനി ഇങ്ങോട്ട് വിളിക്കേണ്ടെ. ഇവിടെ ആര്‍ക്കും നിന്നെ കാണണം എന്നുമില്ല''

ചില മറുപടികള്‍ക്കു മരുഭൂമിയിലെ സൂര്യതാപത്തേക്കാള്‍ തീവ്രതയേറും.

എന്നും ജോലി തേടി ഇറങ്ങും. അന്നും  അയാള്‍ പതിവ് പോലെ ഇറങ്ങിയതായിരുന്നു. 

ഇടയ്ക്ക് ഒന്നു പതറി.

പതിവ് തെറ്റിച്ച് വന്ന പൊടിക്കാറ്റ് അയാളെ വലം വച്ചു പോയി.

''ഭായി, ആപ് ഹമാരെ സാത് ആവോ, കാം  സറൂര്‍  മിലേഗാ''

രഘു കണ്ണു തുറന്നു നോക്കി. നടന്നു വരുമ്പോള്‍ പനയുടെ മുകളില്‍  കണ്ട അതേ കൃശഗാത്രന്‍. അയാള്‍ തനിക്ക് വെള്ളം തന്നുവോ. എത്രെ നാളായി ഒരാള്‍ തന്നെ നോക്കി ചിരിച്ചിട്ട്, വര്‍ത്തമാനം പറഞ്ഞിട്ട്. 

അയാളുടെ നീല നിറമുള്ള യൂണിഫോമില്‍  ആകാശത്തോളം ദയ പ്രതിഫലിക്കുന്നതായി തോന്നി.
 
കണ്ണിലെ സൂര്യപ്രകാശത്തിന്റെ പ്രഭാവം മാറിയപ്പോള്‍ അയാളുടെ പേരുള്ള നെയിം ബോര്‍ഡ് രഘു വായിച്ചു. 

ഖാലിദ് എ.

''ഒരേ ഒരു ദൈവം. അത് നിങ്ങളാണ്'' -രഘുവിന്റെ വരണ്ട ചുണ്ടുകള്‍  പതുക്കെ പറഞ്ഞു. അയാള്‍ അവരില്‍ ഒരാളായി.

വേനലില്‍ കായ്ക്കുന്ന ഈന്തപ്പനകള്‍ അയാള്‍ക്കു തണലേകി. ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ ബന്ധുക്കളായി.. ചുട്ടുപൊള്ളുന്ന മണലിലും അയാള്‍ സ്‌നേഹത്തിന്റെ മരുപ്പച്ചയായി. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios