Malayalam Short Story : ദുരൂഹം, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തൃക്കാര്‍ത്തിക രാവായിരുന്നു. മൂര്‍ത്തിയുടെ പിറന്നാളുമാണ്.
ഒരു യാത്ര. പുലര്‍ച്ച തന്നെ പുറപ്പെട്ടു. ഗൂഗിള്‍ മാപ്പില്‍ ദൂരം കുറഞ്ഞു കൊണ്ടിരുന്നു. സന്ധ്യാനേരമായി.
വീടുകളില്‍ കാര്‍ത്തിക ദീപങ്ങള്‍ തെളിഞ്ഞു. കാറിനുള്ളില്‍ നേര്‍ത്ത സംഗീതം. സ്റ്റിയറിംഗില്‍ താളമിട്ട് മൂര്‍ത്തി യാത്ര തുടര്‍ന്നു. ഇരുണ്ടു കിടക്കുന്ന റോഡ്. ഇരുട്ടിലേക്കു തുളച്ചു കയറുന്ന കാറിന്റെ പ്രകാശം നിര്‍മ്മിച്ച ഗുഹയ്ക്കുള്ളിലേക്കായിരുന്നു മൂര്‍ത്തിയുടെ സഞ്ചാരം.
വഴിതെറ്റിയോ! ഇടയ്ക്കവന്‍ സംശയിച്ചു.
വഴി പെട്ടെന്നാണവസാനിച്ചത്.
പത്തേക്കര്‍ പറമ്പും അതിനോടൊപ്പമുള്ള ചിത്രങ്ങളും! വര്‍ഷങ്ങളായി പരിചിതമായ പ്രദേശങ്ങള്‍. താനൊരിക്കലും അവിടെ പോയിട്ടില്ല. പിന്നെങ്ങനെ പരിചിതമായി.
ഇനിയതും സ്വപ്നമായിരുന്നോ!
ഡ്രൈവിംഗിനിടയില്‍ എപ്പോഴോ ചിന്തകള്‍ കാടുകയറി. വഴിതെറ്റി. ഒരു കായല്‍ക്കരയിലെത്തി നില്‍ക്കുന്നു. ലക്ഷ്യത്തിലെത്താന്‍ കുറച്ചു ദൂരമെ ബാക്കി ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട് കാര്‍ നിന്നു. ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ വെള്ളത്തില്‍ പോയേനെ! മുന്നില്‍ ഇരുട്ടാണ്. കായലിനക്കരെ ചെറിയ വെളിച്ചങ്ങള്‍. എവിടെയാണ് വഴി തെറ്റിയത്. മനസ്സിലാകുന്നില്ല. തിരികെ പോയാലോ! പക്ഷേ ഓണായിരിക്കുന്ന ഗൂഗിള്‍ മാപ്പ്, വഴി കൃത്യമായിവിടെ വന്നു നിലച്ചിരിക്കുന്നു. താന്‍ സെറ്റ് ചെയ്തിരുന്നത് ഇതല്ലല്ലോ എന്നവനോര്‍ത്തു. തിരിച്ചു പോകാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നോക്കി.
സ്റ്റാര്‍ട്ടാകുന്നില്ല. വീണ്ടും ശ്രമിച്ചു. ഒരനക്കവും ഇല്ല. കായല്‍ക്കരയിലെ ഒരു ഓലപ്പുരയില്‍ റാന്തല്‍ വെളിച്ചം കാണുന്നു. കാറില്‍ നിന്നിറങ്ങി അവന്‍ അവിടേക്ക് നടന്നു. ബീഡിയും പുകച്ച് അതിനകത്തൊരാള്‍. മൂര്‍ത്തിയുടെ കാല്‍പ്പെരുമാറ്റം കേട്ടയാള്‍ ഇറങ്ങി വന്നു. ബീഡിക്കുറ്റി മണ്ണിലിട്ടു. ചെരിപ്പിടാത്ത കാലുകൊണ്ട് ചവിട്ടിപ്പൂഴ്ത്തി.
അവനെ കാത്തിരുന്നതു പോലായിരുന്നു. അയാളുടെ പെരുമാറ്റം.
''എന്താ സാറേ വണ്ടി കേടായല്ലേ?'' അയാള്‍ ചോദിച്ചു.
''അതെ എന്താന്നറിയില്ല വണ്ടി നിന്നു പോയി. എത്ര ശ്രമിച്ചിട്ടും സ്റ്റാര്‍ട്ടാകുന്നില്ല.''-മൂര്‍ത്തി പറഞ്ഞു.
''അതങ്ങനെയാ സാറേ ഇടക്കൊക്കെ പനച്ചിമുത്തി എനിക്കരി വാങ്ങാന്‍ വഴികൊണ്ടത്തരും. സാറിനെവിടെയാ പോകേണ്ടത് ഞാന്‍ വള്ളത്തിക്കൊണ്ടാക്കിത്തരാം.''
അയാള്‍ പറഞ്ഞു.
''എനിക്ക് ഈ സ്ഥലത്ത് എത്തണം.'
അവന്‍ മൊബൈലില്‍ നിന്നാ ചിത്രങ്ങള്‍ കാണിച്ചു.
''ഇതെനിക്കറിയാം ആറാട്ടുകടവിലാണ് ഈ കെട്ടിടം. സാറ് വള്ളത്തി കയറിയാട്ടെ ഞാന്‍ കൊണ്ടുവിടാം. പക്ഷേങ്കി എനിക്കഞ്ഞൂറ് തരണം.'
മൂര്‍ത്തി ആലോചിച്ചതു മറ്റൊന്നാണ്.
ഈ ജലയാത്ര! ഇതുപോലൊന്ന് മുന്‍പും സംഭവിച്ചതല്ലേ? അതൊ സ്വപ്നങ്ങളുടെ പട്ടികയില്‍ നിന്നുയര്‍ന്നു വരുന്നതാണോ!
മൂര്‍ത്തി വള്ളത്തില്‍ കയറി. ഉയരം കൂടിയ മെലിഞ്ഞ ഒരാളായിരുന്നു വള്ളക്കാരന്‍. നീളമുള്ളൊരു മുള കായലിലേക്കാഞ്ഞു കുത്തി അയാള്‍ വള്ളം തള്ളി വിട്ടു കൊണ്ടിരുന്നു. അയാളുടെ കറുത്തനിറമുള്ള ശരീരത്തിലെ വിയര്‍പ്പുതുള്ളികള്‍ നിലാവത്ത് തിളങ്ങി. തണുത്ത കാറ്റേറ്റ് അവനൊന്നു മയങ്ങി. വള്ളക്കാരന്‍ വിളിച്ചപ്പോഴാണുണര്‍ന്നത്.
''സാറേ ആറാട്ടിങ്കലെത്തി.''
മൂര്‍ത്തി കണ്ണുതുറന്നപ്പോള്‍, വള്ളം ഒരു കടവിലെത്തിയിരുന്നു. വലിയൊരു മരത്തിന്റെ ചില്ലകള്‍ കായലിലേക്കു ചാഞ്ഞു നില്‍ക്കുന്നു. വള്ളം അതിന്റെ ചുവട്ടിലേക്കയാള്‍ അടുപ്പിച്ചു. കുറച്ചകലെയായി ആകാശത്തിലേക്കുയര്‍ന്ന കെട്ടിടങ്ങള്‍.
''അതാണ് സാറ് പറഞ്ഞ ആശൂത്രി കെട്ടിടം. പണ്ട് അവിടൊരു വലിയ തറവാടായിരുന്നു.''-അയാള്‍ പറഞ്ഞു.
അഞ്ഞൂറിന്റെ രണ്ടു നോട്ടുകള്‍ മൂര്‍ത്തി അയാള്‍ക്ക് നല്‍കി. അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. വള്ളത്തില്‍ നിന്ന് മൂര്‍ത്തി കാലുകള്‍ നിലത്ത് വച്ചപ്പോള്‍ മിന്നലോടൊപ്പം ഒരു ഇടിമുഴക്കമുണ്ടായി.
''മഴ ഉണ്ടാകുമെന്ന് തോന്നുന്നു. സാറ് വേഗം പൊയ്‌ക്കോ''-വള്ളക്കാരന്‍ തിരിച്ചു തുഴഞ്ഞു.
നേര്‍ത്ത കാറ്റു വീശി. പൊഴിഞ്ഞു വീഴുന്ന ഇലകളോടൊപ്പം ഭസ്മത്തിന്റെ സുഗന്ധം!
ഇതിനു മുന്‍പും ഇങ്ങനെ സംഭവിച്ചിരിക്കുന്നല്ലോ എന്നവന്‍ ഓര്‍മ്മയില്‍ച്ചികഞ്ഞു.
കുറച്ചു ദൂരമെ നടക്കാനുണ്ടായിരുന്നുള്ളു.
വിശപ്പ് കലശലായിത്തുടങ്ങി. സമയം, രാത്രി
രണ്ടുമണി കഴിഞ്ഞിരിക്കുന്നു. കാടുകയറിയ പറമ്പ്. ഇരുട്ടുവിഴുങ്ങിയ കെട്ടിടങ്ങള്‍.
വിശാലമായപറമ്പിന്റെ ഒരറ്റത്തായി ചെറിയ വെളിച്ചം. മൂര്‍ത്തി അവിടേക്കു നടന്നു. ചെറിയൊരു വീട്. ഉള്ളില്‍ ആളനക്കമുണ്ട്. ജനാലയിലൂടെ ഒരു നിഴല്‍ കാണുന്നു. അവിടെ ഉള്ളവര്‍ ഉറങ്ങിയിട്ടില്ല. ഈ പാതിരാത്രിയിലും ഇവര്‍ എന്തു ചെയ്യുകയാകും. എന്നവനു തോന്നി.
മഴചാറിത്തുടങ്ങി. ഒന്നു വിളിച്ചു നോക്കാം. അവന്‍ കതകില്‍ മുട്ടി. അകത്തൊരു പാത്രം നിലത്തു വീഴുന്ന ഒച്ച ഉണ്ടായി. അല്‍പ്പനേരം അതു നീണ്ടുനിന്നു. പിന്നെ പിടിച്ചു നിര്‍ത്തിയതുപോലെ നിലച്ചു. നീണ്ട നിശബ്ദത. മൂര്‍ത്തി വീണ്ടും വാതിലില്‍ മുട്ടി. കാത്തു നിന്നു. ആരോ വാതില്‍ക്കലേക്ക് നടന്നടുക്കുന്നുണ്ട്. കാല്‍പ്പെരുമാറ്റം, വസ്ത്രങ്ങള്‍ ഉലയുന്ന ശബ്ദം. വാതിലിലെ സാക്ഷ നീങ്ങി. ഒരു പെണ്‍കുട്ടിയാണ് വാതില്‍ തുറന്നത്. ഒരുപാളി പകുതി തുറന്നവള്‍ വാതില്‍ മറഞ്ഞു നിന്നു. പതിനെട്ടു വയസോളമെത്തിയ പെണ്‍കുട്ടി. നീളന്‍പാവാടയും ഉടുപ്പും ആയിരുന്നു വേഷം. മുടി ഇരുവശത്തും പിന്നിക്കെട്ടിയിരിക്കുന്നു. ചമയങ്ങളില്ലാത്ത മുഖം. നെറ്റിയില്‍ നീളത്തിലൊരു ഭസ്മക്കുറി. മുഖത്ത് നിസ്സംഗമായ ഭാവം.
ഇക്കാലത്തും ഇങ്ങനെ വേഷം ധരിക്കാനൊരു പെണ്‍കുട്ടിയോ!
മൂര്‍ത്തിക്ക് അതിശയം തോന്നി.
അകലെ എവിടെയോ കാലന്‍ കോഴികള്‍ അന്നേരം കൂകി. അതിനകമ്പടിയായി നായകള്‍ ഓരിയിട്ടു.
''ആരാണ്? എന്തു വേണം?''
പെണ്‍കുട്ടിയുടെ പതിഞ്ഞ ശബ്ദം.
പാലപ്പൂവിന്റെ മണവും പേറി വരുന്ന കാറ്റ്.
അസമയത്ത് പുറത്തൊരു പുരുഷനെ കണ്ടിട്ടും ഒട്ടും പതറാത്ത ഭാവം. ഭയമില്ലാത്ത മുഖം. ശരിക്കും മൂര്‍ത്തിയാണ് ഭയപ്പെട്ടത്.
മഴയുടെ ശക്തി കൂടി വന്നു.
''ഞാന്‍ മൂര്‍ത്തി, ഈ സ്ഥലം വാങ്ങിയ ആളാണ്. വഴിയില്‍ വണ്ടി കേടായി. ഇവിടെ വെളിച്ചം കണ്ടതു കൊണ്ടാണിങ്ങോട്ട് വന്നത്.''
'ഇന്നു തങ്ങാനൊരിടം.'-പകുതിയില്‍ നിര്‍ത്തിയവന്‍ 'ഇവിടെ മറ്റാരുമില്ലേ?' എന്ന ചോദ്യത്തോടെ ആവശ്യം അറിയിച്ചു. അവള്‍ മൂര്‍ത്തിയെ അടിമുടി നോക്കി. അവന്‍ തോളിലെ പണമടങ്ങിയ ബാഗിന്റെ ഭാരമിറക്കി നിലത്തു വച്ചിരുന്നു.
''ആരാ മോളെ അത്? കാരണോത്തന്‍മാരാണോ? അടിച്ചു മെഴുകിയേന്റെ ചക്രം തന്നീല. പട്ടരെ ശാപം നീയൊക്കെ അനുഭവിക്കും.''
വീടിനകത്ത് നിന്നൊരു വൃദ്ധയുടെ പിറുപിറുപ്പുണ്ടായി.
മൂര്‍ത്തിക്ക് ആശ്വാസമായി. പെണ്‍കുട്ടി ഒറ്റക്കല്ല.
''ആരാ അത്?'' എന്ന ചോദ്യഭാവത്തോടെ അവന്‍ നോക്കിയെങ്കിലും അവള്‍ മറുപടി ഒന്നും പറഞ്ഞില്ല.
വാതിലടഞ്ഞു നിന്ന അവള്‍ വഴി നല്‍കി. മൂര്‍ത്തി അകത്തു കയറി. ചെറിയൊരു വരാന്ത. നടുക്കൊരു തടിമേശ. ഒരു പാത്രം ചോറതിലുണ്ട്. ഒരു പാത്രം നിലത്തായിരുന്നു. ചുറ്റിനും ചോറെല്ലാം ചിതറിത്തെറിച്ചിരിക്കുന്നു. വരാന്തയില്‍ നിന്നു കാണുന്ന ഒരു മുറിയിലെ വാതില്‍ തുറന്നിരുന്നു. അതിനുള്ളില്‍ ഒരറ്റത്ത് ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലില്‍ ഒരു വൃദ്ധ കിടക്കുന്നു. ഇടയ്ക്കിടക്കവര്‍ എന്തോ പിറുപിറുക്കുന്നുണ്ട്.
''കുറച്ചു വെള്ളം കുടിക്കാന്‍ കിട്ടുമോ''-അവന്‍ ചോദിച്ചു.
അവള്‍ ഒരു മണ്‍കലത്തില്‍ നിന്ന് വെള്ളമെടുത്ത് നല്‍കി. അവന് നല്ല വിശപ്പുണ്ടായിരുന്നു. മേശപ്പുറത്തിരുന്ന ചോറിലേക്ക് നോക്കി.
''അതു കഴിക്കണ്ട. അല്‍പ്പനേരം ഇരിക്കൂ ഞാനല്‍പ്പം അവല്‍ നനച്ചു തരാം.''-അവള്‍ പറഞ്ഞു.
അവിടെ ആകെ ഉണ്ടായിരുന്ന തടിക്കസേരയില്‍ അവനിരുന്നു. മേശപ്പുറത്തിരുന്ന ചോറ് അവളെടുത്തു ജനാല വഴി പുറത്തേക്കു കളഞ്ഞു. കുറച്ചു നേരം കൊണ്ട് അവള്‍ അവിലും ചുരണ്ടിയിട്ട ശര്‍ക്കരയും, അരിഞ്ഞിട്ട പഴവുമായി ഒരു പാത്രം മൂര്‍ത്തിക്ക് നല്‍കി.
''ചോറെന്താ കളഞ്ഞത്?''- അവന്‍ ചോദിച്ചു.
''അതില്‍ വിഷം ഉണ്ടായിരുന്നു.''
''അതെന്തിന്?''
''മരിക്കാന്‍.''
അവളുടെ മറുപടികള്‍ ഒട്ടും മടിയില്ലാതെയായിരുന്നു.
അവല്‍ പാത്രവുമായി മൂര്‍ത്തി സ്തംഭിച്ചിരുന്നു.
''ഭയപ്പെടണ്ട അതില്‍ വിഷമൊന്നുമില്ല. നിങ്ങള്‍ കഴിക്കൂ.'' അവള്‍ പറഞ്ഞു.
അപ്പോള്‍ ആ മുഖത്തൊരു മന്ദഹാസം അവന്‍ കണ്ടു. അവര്‍ക്കിടയിലെ അപരിചിതത്വം പതിയെ മറയുകയായിരുന്നു. ആര്‍ത്തിയോടെ അവനതു കഴിച്ചു.
''അടിച്ചു മെഴുകിയേന് ചക്രം കിട്ടീല.''-വൃദ്ധ, പിറുപിറുത്തു കൊണ്ടിരുന്നു.
''എന്താ കുട്ടിയുടെ പേര്?''
''അതിന് ഞാന്‍ കുട്ടിയല്ലല്ലോ''
''ശരി, ഒരു പേരുണ്ടാകുമല്ലോ?''
''ദേവി.'' അവള്‍ പറഞ്ഞു.
ദേവി. ആ പേരവന്‍ മനസ്സിലുരുവിട്ടു.
ശരിക്കും ഇവളിനി ഒരു ദേവിയാണോ?
പാതിരാത്രിയില്‍ ഒരു വീട്ടില്‍ ഉറങ്ങാതിരിക്കുക.
വിശന്ന വയറിന് ഒരാശ്വാസമാകുക.
ഇതെല്ലാം സ്വപ്നമാണോ?
സ്വപ്നമേത് സത്യമേത് എന്നു തിരിച്ചറിയാനാകാത്ത പട്ടികയിലെ ഓര്‍മ്മയാണോ ഇതും.
വൃദ്ധ, വീണ്ടും പണത്തിന്റെ കണക്ക് പറഞ്ഞു.
''ദേവിയുടെ മുത്തശ്ശി എന്താ പറയുന്നത്?'' മൂര്‍ത്തി ചോദിച്ചു.
''അതൊരു കഥയാണ്. നിങ്ങള്‍ ഈ ആശുപത്രി വാങ്ങിയ ആളല്ലേ. അപ്പോള്‍ നിങ്ങളതറിഞ്ഞിരിക്കണം. ഇതു വില്‍ക്കുന്നവര്‍ ഞങ്ങളെ ഇവിടെ നിന്നൊഴിയാന്‍ പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ല.
ഞങ്ങളെവിടെ പോകാനാണ്. മരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് നിങ്ങള്‍ വന്നു വിളിച്ചത്.''- അവള്‍ പറഞ്ഞു നിര്‍ത്തി. ഒന്നു ശ്വാസമെടുത്തു.
''എല്ലാം ഒരു പഴങ്കഥയുടെ ശാപമെന്ന് ചിലര്‍ ഇപ്പൊഴും വിശ്വസിക്കുന്നു.''
''പട്ടരുടെ കാലുകുത്താതെ ശാപം മാറില്ല.'' ആ വൃദ്ധ പിന്നെയും പിറുപിറുത്തു.
മൂര്‍ത്തി അവളുടെ മുഖത്തേക്കു നോക്കി.
''അതൊരു പഴങ്കഥയാണ് മാഷെ'' അവള്‍ പറഞ്ഞു.
''എന്റെ പേര് മൂര്‍ത്തിയെന്നാണ്.'''
ആ മറുപടി അവള്‍ ശ്രദ്ധിച്ചില്ല.
അവള്‍ പട്ടാഭിയുടെ കഥ പറഞ്ഞു.
''വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു രാത്രി. വടക്കുനിന്നൊരു തോണിയിലാണ് പട്ടാഭി എന്ന ബ്രാഹ്മണന്‍ ആറാട്ടുകടവിലെത്തിയത്. അയാളൊരു വ്യാപാരിയായിരുന്നു. ഈ സ്ഥലം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു തറവാടായിരുന്നു. ഒരിക്കലവര്‍ കടം കയറി ആത്മഹത്യയുടെ വക്കിലെത്തി. തറവാട്ടിലെ കാരണവന്‍മാരുടെ ധൂര്‍ത്തുകൊണ്ട് കടംകയറി പട്ടിണിയിലായി. ബാങ്കുകാര്‍ തടവാട്ട് പടിപ്പുരയില്‍ ജപ്തിനോട്ടീസ് ഒട്ടിച്ചു.
ഒരു തൃക്കാര്‍ത്തിക ദിവസമായിരുന്നു. തറവാട്ടിലെല്ലാം അന്നവര്‍ അവസാനദീപങ്ങള്‍ തെളിയിച്ചു. മാനഹാനി ഭയന്ന് അന്നുരാത്രി അവര്‍ എല്ലാവരുംകൂടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചോറില്‍ വിഷം കുഴച്ചുവച്ച് അവസാന അത്താഴത്തിനായവര്‍ അകത്തളത്തില്‍ നിരന്നിരിക്കുമ്പോഴാണ് തറവാട്ടുവാതിലില്‍ ആരോ മുട്ടിയത്. തുറക്കുമ്പോള്‍ ഒരാള്‍ പുറത്തുണ്ടായിരുന്നു.
'പട്ടാഭി എന്നാണെന്റെ പേര്. കുറച്ച് വടക്കുനിന്ന് വരികയാണ്. കൊല്ലത്തൂന്ന് വള്ളത്തിലായിരുന്നു യാത്ര. ആറാട്ടിങ്കല്‍ കടവിലെത്തിയപ്പോള്‍ ലേശം വൈകി. വ്യാപാരത്തിനായെത്തിയതാണെ. കൈയില്‍ ദമ്പടി കുറച്ചു പണവും, പണ്ടങ്ങളുമുണ്ടേ. കടവീന്ന് കുറച്ചുപേര്‍ പുറകെ കൂടിയിരുന്നു. തസ്‌ക്കരന്‍മാരാണോന്ന് ശി സംശയം. രാത്രി ഒന്നു തങ്ങാനനുവദിക്കണം.''-അയാള്‍ പറഞ്ഞു.
പരസ്പരം മുഖത്തുനോക്കിയ കാരണവര്‍മാര്‍ രണ്ടാമതൊന്നു ആലോചിക്കാതെ അയാളെ തറവാട്ടിലേക്ക് ക്ഷണിച്ചു. അത്താഴമായി വിഷം കുഴച്ചു വച്ചിരുന്ന ചോറ് നല്‍കി. അയാള്‍ മരിച്ചെന്നു വിശ്വസിച്ചു തെക്കേ ചായ്പ്പില്‍ അവര്‍ കുഴികുത്തി ശരീരം കുഴിയിലേക്കിട്ടപ്പോള്‍ അയാള്‍ 'വെള്ളം വെള്ളം' എന്നു മന്ത്രിച്ചു. ജീവന്‍ വെടിയാന്‍ മടിച്ച ആ ശരീരം മരണവുമായി മല്ലടിച്ചു. മൂത്ത കാരണവര്‍ നേരിയത് അയാളുടെ കഴുത്തില്‍ ചുറ്റി മുറുക്കിപ്പിടിച്ചു. ശ്വാസം മുട്ടി അയാളുടെ കൈകാലുകള്‍ പിടച്ചു. കണ്ണുകള്‍ തുറിച്ചു വന്നു. ചുണ്ടുകള്‍ എന്തോ മന്ത്രിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ആ ശരീരം നിലച്ചു.
അന്ന് തെക്കിനിയിലെ കുഴിമൂടിയതും അതിനു മുകളില്‍ ചാണകം മെഴുകിയതും അടിച്ചുറപ്പിച്ചതും എല്ലാം സൗദാമിനിയാണ്.
അതിനു ശേഷം ആ തറവാട്ടില്‍ പിറന്ന കുഞ്ഞുങ്ങളെയെല്ലാം ബുദ്ധിഭ്രമം പിന്‍തുടര്‍ന്നു.
പട്ടാഭി എന്ന ബ്രാഹ്മണന്റെ ശാപമാണെന്നാണ് പറഞ്ഞിരുന്നത്.
പിന്നെ തറവാട്ടുകാര്‍ ആ സ്ഥലം വിറ്റു. ഇവിടെ ആശുപത്രി വന്നു.
എന്നിട്ടെന്തായി?
ആ ആശുപത്രിയില്‍ പിറക്കുന്ന കുഞ്ഞുങ്ങളെയും ആ ശാപം പിന്തുടര്‍ന്നു. ബുദ്ധിസ്ഥിരതയില്ലാത്ത കുഞ്ഞുങ്ങള്‍ പിറന്നു. ആദ്യം അതറിഞ്ഞിരുന്നില്ല. ചില അന്വേഷണങ്ങള്‍ പൊതുവായൊരിടത്ത് എത്തിയപ്പോഴാണ് ആശുപത്രി സംശയമുനയിലായത്. പിന്നെയാരും ആശുപത്രിയില്‍ വരാതായി.
ഇപ്പൊഴതൊരു മോര്‍ച്ചറിയാണ്. കുറെ ശവങ്ങളും ഒരു കാവല്‍ക്കാരനും മാത്രമായി.
അന്നത്തെ ആ സൗദാമിനിയാന്ന് ഈ കിടക്കുന്ന മുത്തശ്ശി. അടിച്ചു മെഴുകിയേന്റ കാശ് കൊടുത്തില്ലന്നാണ് മുത്തശ്ശി പറയുന്നത്.''
കഥകള്‍ കേട്ട് മൂര്‍ത്തി സ്തംഭിച്ചിരുന്നു.
ഉറങ്ങിയതെപ്പോഴാണെന്നറിയില്ല.
കണ്ണുതുറന്നപ്പോള്‍ നിലത്തൊരു പായയിലാണ് കിടക്കുന്നത്. അവന്‍ ചുറ്റിനും നോക്കി. നേരം പുലര്‍ന്നിരിക്കുന്നു. നേര്‍ത്ത കുളിരുള്ള വെയില്‍. തലേദിവസത്തെ കാഴ്ച്ചകളിലേക്ക് ഓര്‍മ്മയെത്തി.
ദേവി! എവിടെ?
വൃദ്ധയുടെ പിറുപിറുക്കലും കേള്‍ക്കാനില്ല.
അവന്‍ എഴുന്നേറ്റു. പുറത്തേക്കു നടന്നു.
കുടവയറും, കട്ടിമീശയുമായി ഉയരം കുറഞ്ഞ ഒരാളെ കണ്ടു. മോര്‍ച്ചറിയുടെ കാവല്‍ക്കാരനാകും. ദേവി, പറഞ്ഞതവനോര്‍ത്തു. അയാള്‍ മൂര്‍ത്തിയെ സംശയത്തോടെ നോക്കി.
''ഞാന്‍ മൂര്‍ത്തി, ഞാനാണിത് വാങ്ങിയത്.'' അവന്‍ പറഞ്ഞു. അയാളുടെ മുഖത്തെ ഗൗരവഭാവം മാറി. വിധേയത്വം നിറഞ്ഞു.
പറമ്പ് ചുറ്റിക്കാണിക്കാന്‍ മൂര്‍ത്തിയോടൊപ്പം അയാളും നടന്നു.
അവര്‍ പറമ്പ് ചുറ്റി തെക്കേമൂലയില്‍ വളര്‍ന്നു പന്തലിച്ച പ്ലാവിന്റെ ചുവട്ടിലെത്തിയിരുന്നു.
ഒരിളംകാറ്റ് അവനെ തഴുകി വന്നു.
കാറ്റില്‍ ഭസ്മത്തിന്റെ സുഗന്ധം.
നിലത്ത് നിറയെ പൊഴിഞ്ഞു വീണു കിടക്കുന്ന പ്ലാവിന്റെ കളകള്‍.
'എപ്പൊഴും ഇങ്ങനെയാണിത്. ഈ പ്ലാവില്‍ ഇന്നുവരെ ഒരു ചക്ക ഉണ്ടായിട്ടില്ല. പൂവിടും കളകളാകും പൊഴിഞ്ഞു വീഴും.'' അയാള്‍ പറഞ്ഞു.
മൂര്‍ത്തി ആ മരത്തിന്റെ ഉയരങ്ങളിലേക്ക് നോക്കി. കാറ്റത്ത് ചില്ലകള്‍ നൃത്തം ചവിട്ടുന്നു. മഴനൂലുകള്‍ ആകാശത്തു നിന്ന് പെയ്തിറങ്ങുന്നതു പോലെ ആ വൃക്ഷം ഇലകള്‍ പൊഴിച്ചവനെ അഭിഷേകം ചെയ്തു.
അവന്റെ മനസ്സില്‍ നിന്നും പലതരം ചോദ്യങ്ങളുണര്‍ന്നു.
'വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതിന്റെ ആവര്‍ത്തനമായിരുന്നോ ഇന്നും നടന്നത്. ഈ പ്രദേശങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എന്തിനാണൊരു ആകര്‍ഷണം തോന്നിയത്. പട്ടാഭി എന്ന ബ്രാഹ്മണന്‍ എനിക്കാരായിരുന്നു. ഈ മണ്ണിനടിയില്‍ എവിടെയോ ശാപവാക്കുകളുരുവിട്ടൊടുങ്ങിയ പട്ടാഭിയുടെ അസ്ഥികൂടങ്ങളുണ്ടോ.'
''ഇവിടിന്നലെ ഒരത്ഭുതമുണ്ടായി.'' അയാളുടെ ശബ്ദത്തില്‍ ആശ്ചര്യം നിറഞ്ഞിരുന്നു.
''മരിച്ചൂന്ന് കരുതി കൊണ്ടുവന്ന കുഞ്ഞിന് ജീവന്‍ വച്ചു. മോര്‍ച്ചറിയിലേക്കെടുക്കാന്‍ നേരം ശക്തമായൊരു ഇടിമിന്നലുണ്ടായി. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞിന്റെ വിരലുകള്‍ അനങ്ങുന്നു. അതിനെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. ശരിക്കുമൊരു പുനര്‍ജന്‍മം തന്നെ!''
അവസാന വാചകം മൂര്‍ത്തിയുടെ ഹൃദയത്തില്‍ ചെന്നു തറച്ചു.
മണ്ണിനടിയില്‍ നിന്നൊരു അസ്ഥികൂടം ഉയര്‍ന്നു വരുന്നതായി തോന്നി. അവനഭിമുഖമായതു നിന്നു. ക്രമേണ ആ അസ്ഥികൂടത്തിലേക്ക് മാംസം പടര്‍ന്നു കയറി. അതിനൊരു രൂപമുണ്ടായി. അതിനു തന്റെ സ്വന്തം മുഖം തന്നെയെന്നു മൂര്‍ത്തി അതിശയത്തോടെ കണ്ടു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...