Malayalam Short Story: കൗസല്യ, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

chilla malayalam  short story by Jayachandran NT

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan


പടയൊരുക്കമാണ്. എന്റെ സൈന്യത്തിലെ പടയാളിയും, പടത്തലവനുമൊക്കെ ഞാന്‍ തന്നെയാണ്. മൂര്‍ച്ചയുള്ള ആയുധം സ്വായത്തമാക്കിയിട്ടുണ്ട്. കൗസല്യയുടെ മരണത്തിനു പുറകെയുള്ള അന്വേഷണമാണ് പോരാട്ടം. മൂവര്‍സംഘം എതിര്‍ചേരിയിലുണ്ട്. പിന്നെ, ഗതികിട്ടാതലയുന്ന കുറെ ആത്മാക്കളും. ദുരാത്മക്കളെന്നാണ് നാട്ടുകാരുടെ മതം.

അവരുടെ ഭയമാണങ്ങനെ പറയിപ്പിക്കുന്നത്. അവര്‍ മെനഞ്ഞ കഥകളില്‍ പാവം ആത്മാക്കള്‍ ഒരു പ്രതിഷ്ഠയെ ഭയന്നു ഇന്നും അന്ത്യാലയങ്ങളില്‍ എത്തപ്പെടാനാകാതെ ഉഴറുന്നു. ഇതിനെല്ലാം മോചനമേകണം. അതിനാണെന്റെ പടപ്പുറപ്പാട്. യുദ്ധം, ഞാന്‍തന്നെ വിജയിച്ചു. ഹൃദയം നിറയെ മുറിവുകളായിരുന്നു. കണ്ടെത്തിയ സത്യങ്ങള്‍ കുഴിച്ചുമൂടാനാണ് ആഗ്രഹിച്ചത്. ആ കഥ, എഴുതാതെ ഞാനുപേക്ഷിക്കുന്നു.

മനസ്സ്! എത്ര അതിശയമാണത്. ഒരു കഥ കഴിയുമ്പോള്‍ മറ്റൊന്ന് ഏറ്റെടുക്കുന്നു. എങ്ങനെ എഴുതണമെന്ന് പാകപ്പെടുത്തുന്നു. അവതരണത്തിലെ പുതുമകള്‍ തേടുന്നു. പരീക്ഷണങ്ങള്‍. ഭാഷയുമായുള്ള സംവാദങ്ങള്‍. പരാജയമായത് അകാല ചരമമടയുന്നു. ഓര്‍മ്മദിനങ്ങളിലവ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ചിലപ്പോള്‍ പുനര്‍ജന്മം ഉണ്ടാകും. അല്ലെങ്കില്‍ വീണ്ടും തര്‍പ്പണം സ്വീകരിച്ചു മടങ്ങും. അങ്ങനെ ഒരു കഥയായിരുന്നു ഇത്. എങ്ങനെ അവതരിപ്പിക്കണമെന്നറിയില്ല.

ഒന്ന്, മൂന്ന്, അഞ്ച് എന്നെഴുതിയിട്ട് അതിനിടയില്‍ രണ്ടും നാലും ഉണ്ടെന്ന് വായിപ്പിക്കാനുള്ള ശ്രമം. ആറും, ഏഴും എന്നുള്ള തുടര്‍ചിത്രങ്ങള്‍  ഉണ്ടാക്കാനുള്ള ശ്രമം. മനസ്സുമായുള്ള വാദപ്രതിവാദങ്ങള്‍ പരാജയപ്പെടുകയാണ്. ഒന്നാമത്തെ കാരണം ഈ കഥയില്‍ ചില മരണങ്ങള്‍ ഉണ്ട് എന്നുള്ളതാണ്.

'ഈയിടെയായി എഴുത്തിലതു പതിവാകുന്നുണ്ട്. ഇനിയതു വേണ്ട.' എന്നവള്‍ പറഞ്ഞിരുന്നു. അന്നു മുതല്‍ അങ്ങനെ ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷേ ഈ കഥ മരണമില്ലാതെ പറയാന്‍ കഴിയില്ല. കാരണം അത് അന്വേഷിച്ചാണല്ലോ ഞാനവിടെ ചെന്നത്. രാത്രിയില്‍ ആല്‍ത്തറയില്‍ക്കിടന്നു ഞാനുറങ്ങിപ്പോയിരുന്നു. കൗസല്യയാണ് തൊട്ടുണര്‍ത്തിയത്. ആത്മാവിന്റെ സ്പര്‍ശനത്തിനിത്ര നൈര്‍മ്മല്ല്യമോ! മഞ്ഞുപോലെ തണുപ്പുള്ള വിരലുകള്‍. അടഞ്ഞ കണ്ണുകളെ തഴുകി. ഞാനുണര്‍ന്നു. അവളുടെ കാലുകള്‍ നിലത്തു മുട്ടുന്നുണ്ടോ എന്നാദ്യം നോക്കി. ഇരുട്ടാണ്. അവളെപ്പുണര്‍ന്നൊരു നിലാവെളിച്ചമുണ്ട്. കാല്‍പ്പാദങ്ങള്‍ കാണാന്‍ കഴിയുന്നില്ല. നീളമുള്ള വസ്ത്രം മറച്ചിരിക്കുന്നു. മറ്റാത്മാക്കള്‍ എത്തിയോ! ചുറ്റിനും നോക്കി. നായകള്‍ ഓരിയിടുന്നുണ്ട്. അവള്‍ ചില്ലുടയുന്നതു പോലെ ചിരിച്ചു.

'വരൂ ഞാനൊരൂട്ടം കാട്ടിത്തരാം. നിങ്ങള്‍ക്കു കഥ എഴുതണ്ടേ' ഒഴുകുന്നതുപോലെ അവള്‍ മുന്നോട്ടു നടന്നു.

'ആ വിഗ്രഹം കൂടെ എടുത്തോളൂ, പുഴയിലൊഴുക്കാം.'-അവളുടെ നിര്‍ദ്ദേശം! അനുസരിക്കാതിരിക്കാനായില്ല.

ഒരു കാന്തികവലയത്തില്‍ അകപ്പെട്ടതു പോലെ ഞാന്‍ പുറകെ നടന്നു. വിഗ്രഹം പിഴുതെടത്തു, മാറോടു ചേര്‍ത്തു പിടിച്ചിരുന്നു. നായകള്‍ ഭയാനകമായി ഓരിയിട്ടു. പുഴക്കരയിലേക്കായിരുന്നു അവള്‍ എന്നെ കൊണ്ടുപോയത്. അവിടെ, വളര്‍ന്നു നിന്നൊരു മരത്തിന്റെ ചുവട്ടിലെത്തി. മറഞ്ഞു നിന്നു. പുഴയിലാരോ മുങ്ങിക്കുളിക്കുന്നു.

'തമ്പിക്കുറുപ്പാണത്.'- അവള്‍ അടക്കം പറഞ്ഞു. അയാള്‍ കരയിലേക്കു കയറി.

നിലത്തുണ്ടായിരുന്ന കള്ളിമുണ്ടെടുത്ത് ഉടുത്തു. നനഞ്ഞ തോര്‍ത്തഴിച്ചു തലയും പുറവും തുടച്ചു. ഷര്‍ട്ടു ധരിച്ചു. കൗസല്യ തൂങ്ങിച്ചത്ത മരച്ചുവട്ടിലാണു നില്‍പ്പ്. ആ മരക്കൊമ്പ് അവിടെത്തന്നെയുണ്ട്. നിലാവെളിച്ചം ഇലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്നു. ഇളങ്കാവ് ലക്ഷ്യമാക്കി അയാള്‍ നടന്നു. പുറകില്‍ ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ടു കാണും. 

'ആരാണത്?'

അയാള്‍ തിരിഞ്ഞു നോക്കിയതും വര്‍ഷങ്ങള്‍ക്കു മുന്‍പ് തൂങ്ങിച്ചത്ത കൗസല്യ!

ചിരിച്ചു കൊണ്ടു നില്‍ക്കുന്നു. നിലാവെട്ടത്തില്‍ തിളങ്ങുന്ന പല്ലുകള്‍.'-തമ്പിക്കുറുപ്പേ' അവള്‍ വിളിച്ചു.

എന്തോ പറയാനായി അയാള്‍ വായ്തുറന്നു. ശബ്ദം പുറത്തേക്കു വന്നില്ല. വെട്ടിയിട്ടതുപോലെ പുറകിലേക്കു മലച്ചു വീണു.

രണ്ട്

കൗസല്ല്യയുടെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഇനിയിത് എങ്ങനെ അവതരിപ്പിക്കണമെന്നറിയില്ല. 

ഇളങ്കാവില്‍ ബസിറങ്ങുമ്പോള്‍ നേരം വൈകിയിരുന്നു. റോഡവസാനിക്കുകയാണ്. ബസും അതുവരെയേ ഉള്ളു. ഒരു ചെറിയ കവല. വളര്‍ന്നു നില്‍ക്കുന്ന ആല്‍മരം. രണ്ടു മൂന്ന് ചെറിയപീടികകള്‍. ആല്‍മരത്തിനു ചുവട്ടിലൊരു കാടുമൂടിയിരിക്കുന്ന മന്ദിരം. കവലയില്‍ നിന്ന് മൂന്ന് ദിക്കുകളിലേക്കായി ചെറിയ ചെമ്മണ്‍പാതകള്‍ പോകുന്നുണ്ട്.

അതിനൊരു പ്രത്യേകതയുണ്ടായിരുന്നു.

എനിക്കതറിയാം. മൂന്നും, കുറച്ചു ദൂരത്തിനപ്പുറം അവസാനിക്കുകയാണ്.

പടിഞ്ഞാറേക്കു പോകുന്ന പാത തീവണ്ടിപ്പാളത്തിനരികില്‍ ചെന്നവസാനിക്കുന്നു. വലതുവശം മുസ്ലീം പള്ളിയും, ഇടതുവശം കബറിടങ്ങളുമാണ്. പാളത്തിനപ്പുറം ഒരു മല. മറ്റൊരു പാത തെക്ക് ദിക്കിലേക്കാണ്. അതവസാനിക്കുന്നത് ക്ഷേത്രം വക ശ്മശാനത്തിലാണ്. മൂന്നാമത്തെ പാത കിഴക്ക് ദിക്കിലേക്കാണ്. അത് ചെന്നവസാനിക്കുന്നത് പുഴക്കരയിലാണ്. അതിനരികിലാണ് മാര്‍ത്തോമ പള്ളിയും സെമിത്തേരിയും. വഴിയുടെ ഇരുവശങ്ങളിലും വീടുകളും, താമസക്കാരുമുണ്ട്. ചുരുക്കത്തില്‍ ആര്‍ക്കെവിടെ പോകണമെങ്കിലും ഇളങ്കാവിലെത്താതെ പോകാന്‍ കഴിയില്ല.

ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നടന്നൊരു സംഭവമാണ് ഈ കഥയുടെ ആധാരം. ഒരുദിവസം ഇളങ്കാവില്‍ ഉള്ളവര്‍ ഉണര്‍ന്നത് ഒരു മരണവാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. കൗസല്യ ആത്മഹത്യ ചെയ്തു. കായല്‍ക്കരയിലെ മരത്തില്‍ അവള്‍ കെട്ടിത്തൂങ്ങി മരിച്ചു. അവിടേക്കോടിയ നാട്ടുകാര്‍ കവലയില്‍ ഒരു കാഴ്ച്ച കണ്ടമ്പരന്നു നിന്നു. ആല്‍മരത്തിന്റെ ചുവട്ടിലൊരു പ്രാര്‍ത്ഥനാമൂര്‍ത്തിയുടെ വിഗ്രഹം. അതിനു മുന്നില്‍ പൂക്കള്‍ വിതറിയിരിക്കുന്നു. വിളക്കും തിരിയുമെല്ലാം കത്തിച്ചിട്ടുമുണ്ട്. രാത്രിയിലാരോ പറ്റിച്ച പണിയാണ്. വിഗ്രഹം എടുത്തുമാറ്റാനോ അതില്‍ തൊടാനോ ആര്‍ക്കും ധൈര്യം വന്നില്ല. 

തമ്പിക്കുറുപ്പ്, ബാലന്‍, കുരിശിങ്കല്‍ തറവാട്ടിലെ ജോണി എന്നീ ചെറുപ്പക്കാരാണ് ഇതിനു പുറകിലെന്ന് അവിടെ സംസാരമുണ്ടായി. അവര്‍ മുന്നോട്ടുവന്ന് അതു സമ്മതിച്ചു. പിറ്റേദിവസം വിഗ്രഹത്തിന് അവര്‍ ഒരു മന്ദിരം നിര്‍മ്മിക്കാന്‍ തുടങ്ങി. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അതു പൂര്‍ത്തിയായി. പൂജകളും ആരംഭിച്ചു. കഥയിലെ സംഭവങ്ങള്‍ തുടങ്ങുന്നത് ഇനിയാണ്.

വെള്ളിയാഴ്ച്ച! 

അര്‍ദ്ധരാത്രിയില്‍ നായകള്‍ കാതടപ്പിക്കുന്ന ഒച്ചയില്‍ ഓരിയിട്ടു. പടിഞ്ഞാറ് ഒരു തീവണ്ടി പാഞ്ഞു പോയി.

അടുത്തദിവസം പാളത്തില്‍ ജോണിയുടെ ശരീരം ചിന്നിച്ചിതറിക്കിടന്നു. കാക്കകള്‍ മാംസം കൊത്തി കിണറ്റിലിടാതിരിക്കാനായി നാട്ടുകാര്‍ കിണര്‍ മൂടിയിട്ടു. കുറച്ചു ദിവസങ്ങളായി ജോണിയുടെ പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടായിരുന്നു. ആരോടും മിണ്ടില്ല. എപ്പൊഴും മുറിയടച്ചിരിക്കും. എന്തോ കണ്ടു ഭയന്നതു പോലെ വിളറിയ മുഖം.

'അവനെന്തോ സംഭവിച്ചിട്ടുണ്ട്.' നാട്ടുകാരുടെ സംശയങ്ങള്‍ക്കൊരു മറുപടിയുമില്ലാതെ അവന്‍ അവസാനിച്ചു.
ജോണിയുടെ ശവമടക്കു കഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബാലനും സ്ഥലകാലബോധമില്ലാതെ സംസാരിക്കാനും പെരുമാറാനും തുടങ്ങി.

അഴുക്കുപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് മാനസികനില തെറ്റിയവനെപ്പോലെ അവന്‍ വഴിയരികില്‍ കുപ്പ പെറുക്കി നടന്നു. ഒരുദിവസം പുഴയില്‍ അവന്റെ ശവവും പൊങ്ങി. നാട്ടുകാര്‍ പിറുപിറുത്തു തുടങ്ങി.

ഇളങ്കാവില്‍ എന്തൊക്കെയോ ദോഷങ്ങള്‍ സംഭവിച്ചിരിക്കുന്നു. എല്ലാം കൗസല്യയുടെ മരണത്തിനുശേഷം മാത്രമാണ്. കൗസല്യയുടെ ആത്മാവ് മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്നുണ്ട്. രാത്രിയില്‍ ചിലരെല്ലാം അവളെ കണ്ടവരുണ്ട്. മൂവര്‍ സംഘത്തിലെ രണ്ടുപേരെ അവള്‍ കൊന്നതാണ്. അങ്ങനെ പല കഥകള്‍ വന്നു. നാട്ടിലെ ദുര്‍മരണങ്ങള്‍ക്കു കാരണമറിയാന്‍ പ്രശ്‌നം വയ്പ്പിച്ചു. പ്രശ്‌നത്തില്‍ തെളിഞ്ഞത് കേട്ടു നാട്ടുകാര്‍ കൂടുതല്‍ ഭയന്നു.

തമ്പിക്കുറുപ്പും, ജോണിയും, ബാലനും. മൂവര്‍സംഘം അര്‍ദ്ധരാത്രിക്കു ശേഷമായിരുന്നു കവലയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത്. മൂന്നു വഴികളും ചെന്നവസാനിക്കുന്ന ശ്മശാനങ്ങളില്‍ നിന്നു ആത്മാക്കള്‍ സഞ്ചരിക്കാനിറങ്ങുന്ന സമയമായിരുന്നു അത്. കവല കഴിഞ്ഞു പോയ ദുരാത്മാക്കള്‍ തിരികെ എത്തിയപ്പോള്‍ കവലയിലൊരു മൂര്‍ത്തിയുടെ പ്രതിഷ്ഠ. അതിനെ മറികടന്നവര്‍ക്ക് പോകാന്‍ കഴിയുന്നില്ല. പ്രേതങ്ങള്‍ മൂവര്‍ സംഘത്തെ പിടികൂടി. ഓരോരുത്തരായി മനസ്സിന്റെ നിയന്ത്രണം വിട്ട് ആത്മഹത്യ ചെയ്തു. 

ഇനി ബാക്കിയുള്ളത് തമ്പിക്കുറുപ്പാണ്. ആളുകള്‍ അവനെ ഉറ്റുനോക്കി തുടങ്ങി. ആള്‍ക്കാരുടെ പെരുമാറ്റം അവനെ അസ്വസ്ഥനാക്കി. താന്‍ ഭ്രാന്തനാകുമെന്നും, ആത്മഹത്യ ചെയ്യുമെന്നും  മനസ്സവനെ ഭരിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞു.

ആല്‍ത്തറയിലെ മന്ദിരം കാടുകയറി മൂടി. അര്‍ദ്ധരാത്രികളിലുള്ള തീവണ്ടികള്‍ കൂകിപ്പാഞ്ഞു പോകുമ്പോള്‍ നായകളുടെ ഓരിയിടല്‍ നാട്ടുകാരെ ഭയപ്പെടുത്തുന്നു.

ഇന്നും ഇരുട്ടുവീണു കഴിഞ്ഞാല്‍ ആരും പുറത്തിറങ്ങാറില്ല. ഇളങ്കാവിലെ പാതകള്‍ രാത്രി പ്രേതങ്ങള്‍ക്കു വിഹരിക്കുന്നതിനായവര്‍ ഒഴിഞ്ഞു കൊടുത്തു. ഭയത്തിനോട് പൊരുതി തമ്പിക്കുറുപ്പ്  ജീവിച്ചിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങള്‍.

ഇതെല്ലാം ഒരു കഥയായി എഴുതണം എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം.

നാട്ടുകാരുടെ കഥകളൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. യുക്തിവാദം തലക്ക് പിടിക്കുമ്പോള്‍ ചോദിക്കും: 'അതെന്താ പ്രേതാത്മാക്കള്‍ക്ക് വഴി ഉപേക്ഷിച്ച് സഞ്ചരിച്ചു കൂടെ? കവലയിലെ വിഗ്രഹം അവര്‍ ഭയപ്പെടുന്നതെന്തിന്? ആകാശത്തുകൂടെ പറന്നു പോകാമല്ലോ!' 

പിന്നെ! ഇത്തരം ചിന്തയിലെ യുക്തിയുടെ വിരോധാഭാസമോര്‍ക്കും. 

'മൂഢാ നീയപ്പോള്‍ പ്രേതത്തിനെ വിശ്വസിക്കുന്നുവോ'

എന്തായാലും കഥക്ക് ഇതെല്ലാം അനിവാര്യമായിരുന്നു.

ഇളങ്കാവിലെ ഭയത്തിന്റെ സത്യം അറിയണം. കുരിശിങ്കല്‍ ജോണി, ബാലന്‍, തമ്പിക്കുറുപ്പ് ഇവര്‍ മൂന്നുപേരുമാണ് അന്നുരാത്രിയില്‍ ഉണര്‍ന്നിരുന്നത്. മറ്റൊരാള്‍ കൗസല്യയായിരുന്നു. അന്നവള്‍ ആത്മഹത്യ ചെയ്തു. മൂവര്‍സംഘത്തിനു ഇതില്‍ എന്തെങ്കിലും പറയാനുണ്ടാകുമോ?

ശേഷിക്കുന്നത് തമ്പിക്കുറുപ്പാണ്.

പക്ഷെ, ഞാനാദ്യം കൗസല്യയില്‍ നിന്നാണ് അന്വേഷണം തുടങ്ങിയത്. അവളുടെ നാട്ടിലേക്കു യാത്രതിരിച്ചു.
നിറയെ റബ്ബര്‍മരങ്ങള്‍ മാത്രമുള്ളൊരു മലയോരഗ്രാമമായിരുന്നു പീലിമേട്.  അവിടെ നിന്നു ഇളങ്കാവിലെ കുരിശിങ്കല്‍ തറവാട്ടിലേക്കു ജോലിക്കെത്തിയവളായിരുന്നു. കൗസല്യ. അന്നവള്‍ക്ക് ഇരുപതുവയസ്സു പ്രായം.
ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നാല്പ്പത്തഞ്ചാകുമായിരുന്നു. എന്നെക്കാള്‍ പത്തു വയസ്സിനു മൂപ്പ്. കൗസല്യയുടെ വേരുകള്‍ അന്വേഷിച്ചു ഒരിടത്തെത്തുമ്പോള്‍ സന്ധ്യയായിരുന്നു. ഒരുപാടന്വേഷിച്ചാണ് ആ വീടു കണ്ടെത്തിയത്. ഓട്ടോക്കാരന്‍ ഒരു കപ്പേളക്കരികില്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നു.

'ഇവിടെ ഇറങ്ങണം സാറെ. ഈ രാത്രിയില്‍ ഇനിയങ്ങോട്ടു പോകാന്‍ വയ്യ.' -ആ ചെറുപ്പക്കാരന്‍ പറഞ്ഞു.

'അതെന്താ?'

'ഇനി ഒരു കിലോമീറ്ററുണ്ട്. ആകെ ഒരു വീടാണവിടെ ഉള്ളത്. ഇരുവശവും കാടാണ്. തിരിച്ചു ഞാനൊറ്റക്കേ ഉള്ളു. എന്നെ വിട്ടേക്ക് സാറെ. നടന്ന് പൊക്കോ'

ഞാന്‍ പൈസ കൊടുത്തു. അവന്‍ പോയി.

വിജനമായ വഴി. ഞാന്‍ മുന്നോട്ടു നടന്നു. ഓട്ടോക്കാരന്‍ പറഞ്ഞതു ശരിയായിരുന്നു. ഒരു വെട്ടവുമില്ല. ഇരുവശവും വളര്‍ന്ന റബ്ബര്‍മരങ്ങള്‍. റോഡിലെല്ലാം പൊഴിഞ്ഞുവീണ ഇലകളും, കായ്കളും. ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ചെറിയൊരു വെട്ടം കണ്ടു. ഞാനവിടെയെത്തി. ഇരുനിലവീട്. ആള്‍വാസം ഉള്ള ലക്ഷണം കണ്ടില്ല. കൗസല്യയുടെ സഹോദരിയുടെ വീടാണ് എന്നാണറിഞ്ഞത്. അവര്‍ ഡോക്ടറാണെന്നും അറിഞ്ഞിരുന്നു. 

കാലം, ദാരിദ്ര്യത്തില്‍ നിന്നവരെ കരകയറ്റിയിട്ടുണ്ടാകും! ഗേറ്റില്‍ ഒരു ബോര്‍ഡുണ്ടായിരുന്നു. നീലനിറത്തിലെ ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍. ചിലതൊക്കെ മാഞ്ഞു പോയിരിക്കുന്നു.

'ഇവിടെ ആരുമുണ്ടാകില്ലേ? യാത്ര വെറുതെയാകുമോ! ആള്‍വാസമുള്ള ലക്ഷണമൊന്നും കാണാനില്ല. തിരികെ പോയാലോ!'

മനസ്സില്‍ സംശയങ്ങളുണര്‍ന്നു.

മനോഹരമായ വീടായിരുന്നു. കാളിംഗ് ബെല്ലടിച്ചു ഞാന്‍ കാത്തിരുന്നു. വാതില്‍ തുറക്കുന്ന ശബ്ദം. പാളികള്‍ ഇരുവശത്തേക്കും തുറന്നു ഒരു സ്ത്രീ ഇറങ്ങി വന്നു. ഞാനവരെ ശ്രദ്ധിച്ചു. മെലിഞ്ഞ ശരീരമാണ്. ഉയരമുണ്ട്. സാരിയായിരുന്നു വേഷം. വലിയ കണ്ണുകളാണ് ആ മുഖത്തിന്റെ അഴകെന്നു തോന്നി. പൊട്ടു വയ്ക്കാത്ത നെറ്റിയിലേക്കു പാറിപ്പറക്കുന്ന നരവീണ മുടിയിഴകള്‍. അലസമെങ്കിലും കണ്ണുകളിലെ ഭാവത്തിനൊരു ആകര്‍ഷണീയതയുണ്ട്.

മദ്ധ്യവയസ്സെത്തിയ ഒരു സ്ത്രീയുടെ ഭംഗി.

സുഖമുള്ളൊരു നിശബ്ദത!

അവര്‍ മാത്രമായിരുന്നു അവിടെ താമസം എന്നു തോന്നി. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് ഒരു പെണ്ണിനോട് പെട്ടെന്നൊരിഷ്ടം തോന്നുന്നത്.

'ആരാണ്?'-അവരുടെ ശബ്ദം പതിഞ്ഞതായിരുന്നു.

'ഞാന്‍ ഇളങ്കാവില്‍ നിന്നു വരുകയാണ്.'

ആ സ്ത്രീയുടെ കണ്ണുകള്‍ ചെറുതാകുന്നതു കണ്ടു. 'ഇരിക്കൂ' -അവര്‍ പറഞ്ഞു.

വരാന്തയിലെ സോപാനത്തില്‍ കയറി ഞാനിരുന്നു. ആഗമനോദ്ദേശ്യം അറിയിച്ചു. മുറ്റത്ത് ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിന്റെ തലയ്ക്കലൊരു ഓട്ടുവിളക്ക് കണ്ടു.

'കൗസല്യയുടേതാണ് ' അവര്‍ പറഞ്ഞു.

ഞാനല്‍പ്പനേരം ഓട്ടുവിളക്കിലേക്കു നോക്കിയിരുന്നു. അവര്‍ അകത്തു പോയതോ തിരികെ വന്നതോ ഞാന്‍ കണ്ടിരുന്നില്ല. ഒരു കപ്പ് കോഫി അവരുടെ കൈയ്യിലുണ്ടായിരുന്നു. ഞാനതു വാങ്ങി. കോഫി കുടിച്ച് ഗ്ലാസ്സ് തിരികെ നല്‍കി. അലസമായിട്ടായിരുന്നു അവരുടെ ചേഷ്ടകള്‍. 

'ഇളങ്കാവിലിപ്പോഴും ആ വിഗ്രഹം ഉണ്ടോ? മൂന്നുവഴികളും രാത്രി വിജനമായിരിക്കുമല്ലേ'-അവര്‍ ചോദിച്ചു.

എനിക്കത്  അതിശയമായി.

നിങ്ങള്‍ അവിടെ വന്നിട്ടുണ്ടോ എന്ന ചോദ്യം എന്റെ കണ്ണുകളിലണേര്‍ന്നു. അവര്‍ പുഞ്ചിരിച്ചു.

എന്റെ മുന്നില്‍ നില്‍ക്കുന്ന ആ സ്ത്രീയുടെ ചിത്രം ചുവരില്‍ ഫ്രയിം ചെയ്തു സൂക്ഷിച്ചിരിക്കുന്നു. അതില്‍ മാല ചാര്‍ത്തി, മുന്നില്‍ വിളക്കു വച്ചിരുന്നു. 

പെട്ടെന്നെനിക്ക് ഓട്ടോക്കാരന്‍ ഭയന്നോടിയതാണ് ഓര്‍മ്മയിലെത്തിയത്. സാഹസത്തിലേക്കാണോ ഞാനെത്തിയത്? എന്റെ മുന്നില്‍ നില്‍ക്കുന്നത് മരണപ്പെട്ടൊരു ആളാണോ? 

പറഞ്ഞു കേട്ട കൗസല്ല്യയുടെ മുഖവുമായി ഞാനവരെ താരതമ്യം ചെയ്തു നോക്കി. ഇരുപതു വയസ്സില്‍ നിന്നവള്‍ വളര്‍ന്നു വന്നപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ രൂപം തന്നെയായിരുന്നു. എന്തുകൊണ്ടോ ഭയമെനിക്കുണ്ടായില്ല. എനിക്കാവശ്യം അവളുടെ കഥയായിരുന്നല്ലോ!

അതുപറയാന്‍ ഏറ്റവും അനുയോജ്യ അവള്‍ തന്നെയാണ്.

അതൊ! അല്‍പ്പനേരം മുന്‍പ് മുതല്‍ അവരോടുണ്ടായ ആ വികാരം കൊണ്ടായിരുന്നോ! അതൊരു ഇഷ്ടം തന്നെയായിരുന്നു. വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല. എന്നാല്‍ ആഗ്രഹവും പിന്നെ ഉണ്ടായി.

സമയം വൈകുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു. രാത്രിഭക്ഷണം കഴിച്ചു. അവര്‍ ഒന്നും കഴിച്ചിരുന്നില്ല. ഞാനുറപ്പിച്ചു. ആത്മാവ് തന്നെയാണ്.

അന്നുരാത്രി അവിടെക്കഴിഞ്ഞു. പിറ്റേന്നു പ്രഭാതഭക്ഷണവും കഴിഞ്ഞാണ് തിരിച്ചിറങ്ങിയത്.  രാത്രിയില്‍ മട്ടുപ്പാവിലിരുന്ന് ഞങ്ങള്‍ ഒരുപാടു സംസാരിച്ചിരുന്നു. 

ഞാനൊരു അപരിചിതന്‍. അവര്‍ക്കൊരു ഭയവും ഉള്ളതായി തോന്നിയില്ല. ചില ചോദ്യങ്ങള്‍ എന്നെ വലച്ചു.

'നിങ്ങളും മരണത്തിന്റെ വ്യാപാരികളുടെ കൂട്ടത്തിലാണല്ലേ?' -ആ ചോദ്യത്തിലൂടെയാണ് അവരതു തുടങ്ങിയത്.

'അതെന്തേ അങ്ങനെ ചോദിച്ചത്?'-എന്റെ ഉത്തരമൊരു മറുചോദ്യമായിരുന്നു.

'കഥാകാരനല്ലേ! മനുഷ്യമനസ്സുകളെ വിലയ്‌ക്കെടുക്കണ്ടേ ഏറ്റവും നല്ല മാര്‍ഗ്ഗമാണല്ലോ മരണക്കഥകള്‍.
മറ്റുള്ളവരുടെ വേദനകള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണല്ലോ. ഏറ്റവും അധികം വേദനിക്കപ്പെട്ടവനു കൂടുതല്‍ ആരാധകര്‍. ഇരവാദം വിഷം പോലെ കുത്തിവയ്ക്കണം. അതൊക്കെ അല്ലേ നിങ്ങളുടെ തന്ത്രങ്ങള്‍?'

'അതിപ്പോള്‍ പുതിയതല്ലല്ലോ കാലങ്ങള്‍ക്കു മുന്നേ തുടങ്ങിവച്ചതല്ലേ.'

'ഒരാള്‍ മരിച്ചെന്നറിഞ്ഞാല്‍ ഇന്നുള്ളവര്‍ ആദ്യം എന്തു ചെയ്യും?'

'ഇവിടെ താങ്കളുടെ വേണ്ടപ്പെട്ടൊരാള്‍  മരണപ്പെട്ടാല്‍ താങ്കള്‍ ആദ്യം ചെയ്യുന്നതെന്താകും?' 

'എനിക്കു സങ്കടമാകും.'

'എന്നിട്ട്!' 

'എന്നിട്ടെന്താ അവസാനമായി ആ മുഖം ഒന്നു കാണാന്‍ ശ്രമിക്കും.'

'എന്നിട്ട്?'

അവരുടെ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍. എനിക്കു ദേഷ്യം വന്നു. മൗനം പാലിച്ചു.

അവര്‍ തന്നെ ആ സംഭാഷണം തുടര്‍ന്നു.

'എന്നിട്ട് താങ്കള്‍ ആ മരണപ്പെട്ടയാളിന്റെ ചിത്രങ്ങള്‍ തിരയില്ലേ? മറ്റുള്ളവര്‍ പങ്കുവച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തതയുള്ള ചിത്രം കണ്ടെടുത്ത് ഭംഗിയായതൊരുക്കി ആദരാഞ്ജലികളുമായി മുഖപുസ്തകത്തിലും മറ്റും പങ്കുവച്ച് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമാകാനായി മത്സരിക്കില്ലേ? അതിനു മുന്‍പ് എപ്പൊഴെങ്കിലും ആ വ്യക്തിക്കു വേണ്ടി സന്തോഷം നിറഞ്ഞൊരു നിമിഷം നിങ്ങള്‍ പങ്കുവച്ചിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍, ഞാന്‍ ഈ ചോദ്യം പിന്‍വലിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ നിങ്ങളും ആ കമ്പോളത്തിലെ കച്ചവടക്കാരനാണ്.'

'ആ പറഞ്ഞതില്‍ സത്യമുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ ഞാന്‍ വ്യാപാരിയല്ല. ഇപ്പോള്‍ ഞാന്‍ ഒരു ഉപഭോക്താവാണ്. ഇവരുടെ വാക്കുകള്‍ വാങ്ങുന്നവനാണ്. എനിക്കതില്‍ നിന്നും കഥയൊരുക്കണം. 
അതിനുശേഷം! ശരിയാണല്ലോ, ഞാന്‍ വ്യാപാരിയാകുന്നുണ്ടല്ലോ'

എന്റെ ചിന്ത മനസ്സിലാക്കിയതുപോലെ അവര്‍ ചിരിച്ചു.

'ഒരു കര്‍മ്മം ചെയ്തവനെ ഏറ്റവും ക്രൂരമായി ശിക്ഷിക്കണമെങ്കില്‍ അവനാദ്യം ആ ദുഷ്‌ക്കര്‍മ്മം ചെയ്തിരിക്കണം. രജസ്വലയായൊരു നാരി പൊതുസഭയില്‍ നഗ്‌നയാക്കപ്പെടുന്നു. പിന്നെ പ്രതികാരം. വയറുകീറി പുറത്തെടുക്കപ്പെടുന്ന കുടല്‍മാലകള്‍. രക്തംപൂശി ചുരുട്ടി കെട്ടുന്ന തലമുടികള്‍. ഇതെല്ലാം പറയണമെങ്കില്‍ അവളാദ്യം പൊതുസഭയില്‍ വസ്ത്രമില്ലാതെ വിലപിക്കണം. നിങ്ങള്‍ നൂതന കഥയാളുകളും ഇതൊക്കെ തന്നെയല്ലേ ആവര്‍ത്തിക്കുന്നത്?'

അവര്‍ പറയുന്നതെല്ലാം ഫോണില്‍ റിക്കോര്‍ഡ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാങ്ങായി നില്‍ക്കുന്ന മൊബൈലില്‍ ഒന്നും വര്‍ക്കാകുന്നില്ല. ഈ വീട്ടിനുള്ളില്‍ കയറിയതു മുതല്‍ നെറ്റ് വര്‍ക്ക് നഷ്ടമായെന്നും എനിക്കു മനസ്സിലായി.

പലവട്ടം ഞാന്‍ ഫോണെടുത്തു നോക്കുന്നതു കണ്ടാകും അവര്‍ സംഭാഷണം നിര്‍ത്തിയത്.

നിശ്ശബ്ദത. ഞാന്‍ ഫോണില്‍ നിന്ന് മുഖമുയര്‍ത്തി.അവര്‍ എന്നെ ഉറ്റുനോക്കിയിരിക്കുന്നു. 

'തിരക്കിന്റെ ലോകത്തിലാണല്ലേ?'-അവര്‍ ചോദിച്ചു.

'ഒരഞ്ചു മിനിട്ട് മറ്റാരോടും മിണ്ടാനില്ലാതെ ഒരു തിരക്കുമില്ലാതെ നിങ്ങളോട് മാത്രം സംസാരിച്ചിരിക്കുന്നൊരു സൗഹൃദം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍'

എന്നെ ഉത്തരംമുട്ടിക്കുന്ന ആ സംഭാഷണങ്ങള്‍ ഞാന്‍ മടുത്തു തുടങ്ങിയിരുന്നു. മറ്റുപലതും എന്നെ ഭരിക്കാന്‍ തുടങ്ങി. രാത്രിസമയം. തണുത്ത കാറ്റ്. നേരിയ നിലാവില്‍ അവരുടെ സുന്ദരമായ മുഖം.

'നിങ്ങള്‍ ഇവിടെ ഒറ്റക്കാണോ? ഭര്‍ത്താവ്? കുട്ടികള്‍?'

സംശയങ്ങളും ചോദ്യങ്ങളും മനസ്സിലിരുന്നതെ ഉള്ളു. അല്ലെങ്കില്‍ അതിലെ ഉത്തരങ്ങള്‍ അറിയാന്‍ ഞാനാഗ്രഹിച്ചില്ല എന്നതാകും സത്യം. അവര്‍ ഒരു ആത്മാവാണെന്നു ഞാന്‍ സങ്കല്‍പ്പിച്ചു. മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത! എനിക്കു മാത്രം സ്വന്തമായ രൂപം. കാരണം മറ്റൊരാളോടൊപ്പം അവരെ സങ്കല്‍പ്പിക്കാന്‍ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല.

ആരാത്രി ഞാന്‍ മട്ടുപ്പാവിലെ ഒറ്റമുറിയില്‍ കിടന്നുറങ്ങി.

'ഒറ്റക്കിവിടെ ഭയമുണ്ടോ?'

അവര്‍ ചോദിച്ചിരുന്നു. ആ മുഖത്തു നോക്കാന്‍ അന്നേരം ധൈര്യമുണ്ടായില്ല.

ഉള്ളില്‍ നിന്ന് എന്തെങ്കിലും മുഖത്തേക്കു പ്രതിഫലിച്ചാലോ! രണ്ടാം കൗമാരത്തിലെത്തിയിരുന്നു, മനസ്സപ്പോള്‍.

'ഉണ്ടെങ്കിലും ഒറ്റക്ക് കിടന്നല്ലേ പറ്റൂ'

അവര്‍ പോയി. കതകടയുന്ന ശബ്ദം കേട്ടു. പിന്നെപ്പൊഴോ ഞാനുറങ്ങിപ്പോയിരുന്നു.

'ഇനിയെങ്ങോട്ടാണ് യാത്ര?'

രാവിലെ പടിയിറങ്ങുമ്പോള്‍ അവര്‍ ചോദിച്ചു. 

'ഇളങ്കാവില്‍ പോകണം. 'തമ്പിക്കുറുപ്പ് ഇപ്പോഴും ജീവനോടവിടെ ഉണ്ടല്ലോ?'

അവരുടെ മറുപടി അറിയാന്‍ മന:പൂര്‍വ്വം ഞാനങ്ങനെ ചോദിച്ചതായിരുന്നു.

'ഈ സൗദയും ജീവനോടെ ഉണ്ടല്ലോ സുഹൃത്തേ' -അവരുടെ ഉത്തരം എന്നെ അതിശയിപ്പിച്ചില്ല. 

ഞാനതായിരുന്നു പ്രതീക്ഷിച്ചിരുന്നതും.

'അപ്പോള്‍ എന്നെങ്കിലും ഇളങ്കാവില്‍ വച്ചു കാണാം.'-തിരികെ ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.

'എന്നെങ്കിലുമല്ല ഉടനെ...' ആ മറുപടിയായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്തോ നഷ്ടപ്പെട്ട അനുഭവമായിരുന്നു. ചുവരില്‍ ഫ്രയിം ചെയ്തു സൂക്ഷിച്ച ചിത്രത്തിലേക്കു നോക്കി. അവരെയും നോക്കി. ഇനി ഞാന്‍ പോയിക്കഴിയുമ്പോള്‍ ഇവര്‍ ഒറ്റക്കാകുന്നു. കാട് കയറുന്ന വീട്. ആള്‍ക്കാര്‍ ഭയക്കുന്ന പ്രേതഭവനം. ഇതൊക്കെയാണല്ലോ പതിവ്.

'ഇല്ല ഞാന്‍ ഇനിയും തിരിച്ചു വരും. എന്റെ കഥ പൂര്‍ത്തിയാക്കിയിട്ട്.'-ചിത്രത്തിലേക്ക് അമ്പരപ്പോടെ ഞാന്‍ നോക്കുന്നത് അവര്‍ കണ്ടു.

'ഭയക്കണ്ട, ഞാന്‍ പ്രേതമൊന്നുമല്ല. അതെന്റെ ചിത്രവുമല്ല. കൗസുവാണ്. ഞങ്ങള്‍ ഇരട്ടകളാണ്.'

എന്തുകൊണ്ടോ ആ വാചകങ്ങള്‍ എന്നില്‍ സന്തോഷവും, സങ്കടവും ഒരുപോലെ ഉണര്‍ത്തി. വിജനമായ വഴി. ഇനി ഒരു വളവ് കഴിഞ്ഞാല്‍ കപ്പേളയിലെത്താം. പിന്നില്‍ ആ വീട് മറയും മുന്‍പ് ഒരുവട്ടം മാത്രം തിരിഞ്ഞു നോക്കി. അകലെ അവര്‍ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇനിയും വരും. മനസ്സ് മന്ത്രിച്ചു.


ഞാനെന്തൊരു വിഡ്ഡിയാണ്. കൗസല്ല്യയുടെ കഥ അറിയാനാണവിടെ പോയത്. എന്നിട്ട് അതിനെ കുറിച്ചൊന്നും ചോദിച്ചതുമില്ല. അവര്‍ ഒന്നും പറഞ്ഞതുമില്ല.

ഒന്നുമാത്രം അവര്‍ പറഞ്ഞു.

'എന്റെ കൗസു ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'

എനിക്കതുമാത്രം മതിയായിരുന്നു. ആ ഉറപ്പ്.

അന്നുരാത്രിയില്‍ പിന്നെ എന്താകും സംഭവിച്ചിട്ടുണ്ടാകുക?

വസ്തുതകള്‍ ചികഞ്ഞൊരു കഥ മെനയണം. ആത്മഹത്യ ചെയ്തു എന്നു പറയപ്പെടുന്ന കൗസല്യയുടെ ശരീരം മരച്ചുവട്ടില്‍ നിലത്താണ് കിടന്നിരുന്നത്. വസ്ത്രത്തിലെ ഒരു ഭാഗം മരക്കൊമ്പില്‍ ഉണ്ടായിരുന്നു. അതില്‍ നിന്നാണ് അവളുടെ മരണത്തിലെ നിഗമനത്തില്‍ അന്നവരൊക്കെ എത്തിയത്.

എന്നാല്‍ മൂവര്‍സംഘത്തിനു ഇതുമായി ബന്ധമുണ്ട്. ജീവനറ്റ കൗസല്യയുടെ ശരീരത്തില്‍ അതിനുള്ള തെളിവുകളുണ്ടായിരുന്നു. കുരിശിങ്കല്‍ തറവാടിന്റെ സ്വാധീനത്തില്‍ അതു മാഞ്ഞുപോയി.

ഒരു കാര്യം ഉറപ്പാണ്.

സൗദാമിനി ഇളങ്കാവില്‍ വന്നിട്ടുണ്ട്. കുരിശിങ്കല്‍ ജോണിയും, ബാലനും എന്തോ കണ്ടു ഭയന്നാണ് മനസ്സിന്റെ സമനില തെറ്റിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല. സൗദു എന്ന കൗസുവിന്റെ ഇരട്ടമുഖം തന്നെയാകും. അതെല്ലാം യാദൃശ്ചികമായി സംഭവിച്ചതുമല്ല. കൃത്യമായ കണക്കുകൂട്ടലുകളോടെ രാത്രികളില്‍ അവരെ പിന്തുടരുന്ന സൗദു. ഭയപ്പെടുത്തി സ്വസ്ഥത നഷ്ടപ്പെടുത്തി മരണത്തിലേക്കു നയിക്കുന്നു. അവരുടെ പ്രതികാരം അങ്ങനെയാണെങ്കില്‍!

അവര്‍ ഇനിയും വരും, തമ്പിക്കുറുപ്പിനു വേണ്ടി. ആ കണ്ണുകളതു പറയുന്നുണ്ടായിരുന്നു. 

ഇനിയിതെല്ലാം ഒരു കഥയായെഴുതണം. സൗദയുടെ പ്രതികാരം പറയണം. കൗസൂന്റെ കഥ പറയണം.

അതിനവളുടെ ആത്മാവ് വരുമോ?  ശ്മശാനങ്ങളില്‍ നിന്ന് യാത്ര പോയിട്ടു ഗതി കിട്ടാതലയുന്ന പ്രേതങ്ങള്‍ കഥ പറയാനെത്തുമോ?

ഇവരൊക്കെ ആയിരുന്നല്ലോ അന്നത്തെ രാത്രിയിലെ സാക്ഷികള്‍. 

ഇളങ്കാവില്‍ക്കവലയിലെ പീടികയുടെ മുകളിലുള്ള ഒറ്റമുറിയാണ് ഞാന്‍ വാടകക്ക് എടുത്തത്. അതിനകത്തിരുന്നാല്‍ ജനാലയിലൂടെ ആല്‍മരവും, മന്ദിരവും കാണാം. അര്‍ദ്ധരാത്രിയിലെ തീവണ്ടി പോയി കഴിഞ്ഞപ്പോള്‍ ഞാനിറങ്ങി. നേരെ ആല്‍ത്തറയിലേക്കു ചെന്നു. മന്ദിരം കാടുപിടിച്ചു കിടക്കുന്നു. അതെല്ലാം വൃത്തിയാക്കി. വിഗ്രഹം അകത്തുണ്ട്.

അത് കഴുകി വൃത്തിയാക്കി. പൂക്കള്‍ അര്‍പ്പിച്ചു. ഒരു ദീപവും കൊളുത്തിവച്ചു.

ശക്തമായ മഴ കൂട്ടിനുണ്ടായിരുന്നു.

ആത്മാക്കളെയും കാത്തു ആല്‍ത്തറയില്‍ക്കിടന്നു ഞാനുറങ്ങിപ്പോയി. മഞ്ഞുപോലെ തണുപ്പുള്ള സ്പര്‍ശനം അടഞ്ഞ കണ്ണുകളെ തഴുകുന്നു. ഞാനുണര്‍ന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios