Malayalam Short Story: സായം, ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ജയചന്ദ്രന്‍ എന്‍ ടി എഴുതിയ ചെറുകഥ

chilla malayalam  short story by Jayachandran NT bkg

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Jayachandran NT bkg

 

സ്‌നേഹത്തിന് ഭ്രാന്തെന്നും അര്‍ഥമുണ്ടത്രെ ! അതുകൊണ്ടാകും ഈ പ്രവേശനകവാടത്തിന് അങ്ങനെയൊരു പേര്.

ഇന്നലെയാണ് ഞാനിവിടെ എത്തിയത്.

ഒറ്റമുറി. ഉയര്‍ന്ന ചുമരുകള്‍. ഓടുമേഞ്ഞ മേല്‍ക്കൂര. അഴുക്കുപിടിച്ചു മഞ്ഞ നിറമാര്‍ന്ന ചുമരുകളില്‍ കരി കൊണ്ടു വരച്ച ചിത്രങ്ങള്‍. തൊട്ടടുത്ത മുറിയില്‍ ആരോ അടക്കിപ്പിടിച്ചു സംസാരിക്കുന്നുണ്ട്.

ഉറക്കത്തില്‍ ആ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളു. ചുമരിനപ്പുറത്ത് നിന്നാണ് അടക്കിപ്പിടിച്ച വാചകങ്ങള്‍ വരുന്നത്. ഭിത്തിയിലേക്ക് കാതോര്‍ത്തു വച്ചു. ഉള്ളിലേക്കരിച്ചു കയറുന്ന തണുപ്പ്.

ഇരുമ്പഴികള്‍ക്കുള്ളിലൂടെ കയറിയ മഞ്ഞ് ഭിത്തിയെ തണുപ്പിച്ചിരുന്നു.

ആദ്യം എനിക്ക് തോന്നി അവര്‍ ഒരു ഒളിച്ചോട്ടത്തിന് പദ്ധതിയിടുകയാണെന്ന്.

കൗമാരക്കാരാരോ ആണ്!

പിന്നെ മനസ്സിലായി അതൊരു തീര്‍ത്ഥയാത്രയാകുമെന്ന്. ഒരു മടക്കയാത്ര ഇല്ലെന്നു കേട്ടപ്പോള്‍ ഞെട്ടി. ആത്മഹത്യയെന്ന ഭയം, അതൊരു തെറ്റിദ്ധാരണയായിരുന്നു. ഒരു ഒളിച്ചോട്ടമാണ്. തീര്‍ത്ഥയാത്രയുമാണ്. മടക്കയാത്രയില്ല. സ്വയമൊടുങ്ങലല്ല. പ്രകൃതിയില്‍ ലയിച്ചു ചേരലാണ്.

ഒരാള്‍ മറ്റൊരാളോടു ഫോണില്‍ സംസാരിക്കുകയാണ്. അയാളുടെ സംഭാഷണങ്ങള്‍ക്കിടയില്‍ ഇടവേളകള്‍ ഉണ്ടാകുന്നുണ്ട്. തിരികെയുള്ള മറുപടികള്‍ അയാള്‍ ശ്രദ്ധിക്കുന്നതാണ്. എനിക്കതു മനസ്സിലായി. കാതുകൂര്‍പ്പിച്ചിട്ടും മറുപടികള്‍ എനിക്കു കേള്‍ക്കാന്‍ കഴിയുന്നില്ല.

അവസാനമാണ് മടക്കയാത്ര ഇല്ലെന്ന് അയാള്‍ സൂചിപ്പിച്ചത്. ഞെട്ടല്‍ പിന്നെ കൗതുകവും, ആകാംക്ഷയും ഉണ്ടാക്കി. എന്റെ ഹൃദയം ധൃതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. എന്നെ ചുറ്റിപ്പറ്റി രണ്ടു പൂച്ചകളുണ്ട്. അവര്‍ക്കും ആ വിശേഷം അറിയണമെന്നു തോന്നുന്നു. ഒരാളുടെ മറുപടികള്‍ എന്തായിരുന്നു എന്നു ഞാന്‍ കേട്ടിരുന്നില്ലല്ലോ, എന്തു സംഭവിച്ചിട്ടുണ്ടാകും!

ഞാനന്ന് കേട്ട അയാളുടെ വാചകങ്ങള്‍ ചിത്രങ്ങളായി ചുവരിലുണ്ടായിരുന്നു.

ഓരോന്നിലൂടെ കണ്ണോടിക്കുമ്പോള്‍ എനിക്കതു വീണ്ടും കേള്‍ക്കാം. വരികള്‍ക്കിടയിലെ ശൂന്യതയില്‍ ഒരാളുടെ മറുപടികളുണ്ട്. മൗനം പറയുന്ന കഥയുടെ പൂര്‍ത്തീകരണങ്ങളവിടെയാണുള്ളത്.

'ഭാനുക്കൊച്ചേ ഒരിക്കല്‍ കൂടെ ഒളിച്ചോടിയാലോ?'

'തണുപ്പുള്ള പ്രഭാതം. മഞ്ഞുമൂടിയ റെയില്‍വെസ്റ്റേഷന്‍. അവിടെ കാത്തു നില്‍ക്കുന്ന പാവാടക്കാരി. ഒരുമിച്ചന്നു തുടങ്ങിയ യാത്ര. അന്‍പതുവര്‍ഷങ്ങള്‍! നമുക്കാവര്‍ത്തിച്ചാലോ?'

'നമുക്കപരിചിതരാകാം, പരിചിതരായൊരു രാവില്‍ ഉറങ്ങാതിരിക്കാം. കഴിഞ്ഞ് പോയ കാലങ്ങളിലൂടെ ഒരിക്കല്‍ കൂടെ നമുക്ക് സഞ്ചരിക്കാം. ഭാനൂ, ആ ട്രെയിന്‍യാത്ര ദുര്‍ഗ്ഗാപ്പൂരില്‍ ചെന്നവസാനിച്ചത് ഓര്‍മ്മയുണ്ടോ?'

'അതെ, നമ്മുടെ ജീവിതയാത്രയുടെ ആരംഭം. ആ സ്ത്രീയെ നീ ഓര്‍ക്കുന്നുണ്ടോ?'

'ഭാനൂ, നമുക്കൊരിക്കല്‍ കൂടെ ആ ഗലികളില്‍ കൂടെ സഞ്ചരിക്കണ്ടേ! കിഷോര്‍ കുമാറിന്‍റെ സ്വരത്തില്‍ അകലെ നിന്നൊഴുകി വരുന്ന പഴയ ഹിന്ദി ഗാനങ്ങള്‍. പാജിയുടെ ചോളം ദൂക്കാന്‍.'

'ഇരുമ്പ് ഫാക്ടറിയിലെ സൈറണ്‍ കേട്ടുണരണം. ഒരിക്കല്‍ കൂടെ ആ ഫാക്ടറിയില്‍ കയറണം. നിന്നെയും കൂട്ടാം. ഇരുമ്പ് ഉരുകുന്നത് കാണിച്ചു തരാം. കൊച്ചേ നീയൊന്നു കാതോര്‍ത്ത് നോക്കൂ. റഫിയുടെ ശബ്ദം കേള്‍ക്കുന്നില്ലേ?'

കുറച്ച് ഇരമ്പല്‍ ശബ്ദത്തിന് ശേഷം അപ്പുറത്ത് റാഫിയുടെ ഗാനം ഭാനു കേട്ടു.

'അതെ, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആകെ കൈയ്യിലെടുത്തത് ഇതു മാത്രമാണ്. കുഞ്ഞ് റേഡിയോ! നമ്മുടെ ഓര്‍മ്മകളുണ്ടിതില്‍. ഒന്നു മണത്തു നോക്കിയാല്‍ നിന്‍റെ ഗന്ധവുമറിയാം.'

'അറിയില്ല. കൊച്ച്, ഇരുമ്പ് ഉരുകുന്നത് കണ്ടിട്ടില്ലല്ലോ. എത്ര കട്ടിയുള്ള ഇരുമ്പാണ് തീക്കനലില്‍ ഉരുകി നീരുറവ പോലെയാകുന്നത്.  അസ്തമനസൂര്യന്‍റെ നിറമാണതിന്.'

'ആലയില്‍ നിന്നത് ആകരണത്തിലേക്ക് ഒഴിക്കുമ്പോള്‍ അതിനുള്ളിലെ ആകൃതിയിലതു രൂപപ്പെടും. നീ എനിക്ക് ആ ആകരണമായിരുന്നു. നിന്റെ ഗുണമായിരുന്നു എന്നിലെ ആകൃതിയും. സത്യമാണ്. കുട്ട്യോളോടുപോലും എനിക്കു കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞിരുന്നില്ല.'

'നീ ഓര്‍ക്കുന്നുണ്ടോ! നമ്മള്‍ തമ്മില്‍ കാണാതിരുന്ന ഒരുദിവസം പോലും ഉണ്ടായിട്ടില്ല. എന്നിട്ടിപ്പോള്‍!
എന്തിനാ ഭാനൂ നമ്മളിതിനെല്ലാം സമ്മതം മൂളിയത്?'

'ഉം'

'നീ വിളിച്ചില്ലെങ്കില്‍ ഞാനുണരില്ല'

'വേര്‍പിരിയലിനു നിബന്ധന വച്ചപ്പോള്‍ ആ കരാര്‍ നീയല്ലേ ഉറപ്പിച്ചത്. അതുകൊണ്ട് ഞാനെന്നും നിനക്ക് മുന്‍പെ ഉണരുന്നു.'

'ഇന്നു ബുധന്‍, ഉപ്പുമാവാണെന്നറിയില്ലേ. ഭാനുവിനിപ്പൊ ഓര്‍മ്മക്കുറവുണ്ട്.'

'കൊച്ചെന്താ കഴിച്ചത്?'

'ഉം, നീ കഴിക്കാനെടുക്ക്. ഭാനൂ'

'നിനക്കവിടെ സുഖമാണോ?'

'ഇവിടെ സന്തോഷമാണ്.'

'ഇന്നലെ വീണ്ടും പുതിയൊരു അതിഥി വന്നു. എന്നെപ്പോലെ തന്നെ ദേഷ്യക്കാരനാണ്. മകന് സഹിക്കാന്‍ പറ്റണില്ലെന്ന്. ഒരു കാര്യത്തില്‍ വ്യത്യാസം ഉണ്ട്. അവര്‍ക്ക് ഒരു മകനെ ഉള്ളു. അതു നന്നായി, ഒരമ്മക്കു ആഴ്ച്ചതോറും മാറി മാറി നില്‍ക്കണ്ടല്ലോ'

'ഒരു വിശേഷംണ്ട്, ആ തള്ളപ്പൂച്ച പിന്നെയും വന്നു. വയറ്റുകണ്ണിയാര്‍ന്നു. ഓളിന്നലെ പെറ്റു. മൂന്ന് കുഞ്ഞുങ്ങള്‍. രണ്ടാണും, ഒരു പെണ്ണും. പെണ്ണാണ് കുറുമ്പത്തി. ഞാനോള്‍ക്ക് കുഞ്ഞോളെന്ന് തന്നെ പേരിട്ടു. തള്ളപ്പൂച്ച അവറ്റകളെയും കൊണ്ട് എന്റെടുത്തുവന്നു, മ്യാവൂ മ്യാവൂ വിളിച്ചു കാലില്‍ മുട്ടിയുരുമിനടന്നു.'

'അതെ'

'ഉണ്ട്, തള്ളപ്പൂച്ച പ്രസവാലസ്യത്തിലല്ലേ! ഓളെ ചുറ്റിപ്പറ്റി നക്കിത്തുടച്ച് ഓന്‍ കൂടെത്തന്നെയുണ്ട്.'

'ഉം, കുഞ്ഞുങ്ങള് വലുതാകുമ്പൊ അവരെയും അകറ്റോരിക്കും അല്ലേ ഭാനൂ'

'ഭാനുക്കൊച്ചേ, ആദ്യത്തെ ചോദ്യത്തിനുത്തരം പറഞ്ഞില്ലല്ലോ?'

'ഭാനൂ'

'നീയൊരു കാവല്‍ക്കാരിയല്ലെന്നു പറഞ്ഞിട്ട്!'

മൗനം.

'നിനക്കോര്‍മ്മയുണ്ടോ ഇതിനു മുന്‍പ് നമ്മള്‍ കാണാതിരുന്ന ഒരു ദിവസം'

'എന്നാണ്?'

'പിന്നത്തെ കാര്യം ഓര്‍മ്മയുണ്ടോ?'

'എത്ര വര്‍ഷായിട്ടുണ്ടാകും!'

'അന്‍പതുവര്‍ഷങ്ങള്‍! അന്നത്തേതിലൊരു വസൂരിപ്പാട് ഇന്നും എന്റെ കൈകളിലുണ്ട്. മാഞ്ഞിട്ടില്ല.'

'പിന്നെ ഇപ്പഴാണല്ലേ നുമ്മ പിരിഞ്ഞിരിക്കണത്.'

ദീര്‍ഘനിശ്വാസം.

'ഭാനൂ'

'ഞങ്ങളൊരു യാത്ര പോകുന്നുണ്ട്. നാളെയാണ് പുറപ്പെടുന്നത്. കന്യാകുമാരി മുതല്‍ വാരണാസിവരെയാണ്. ഞായറാഴ്ച്ച ഞങ്ങള്‍ പഞ്ചാബിലെത്തും. സുവര്‍ണ്ണക്ഷേത്രം ദര്‍ശനം. പിന്നെ, അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നു യാത്ര തുടരുന്നു. കൊച്ചിനവിടെ അടുത്തല്ലേ ആ റെയില്‍വെസ്റ്റേഷന്‍. ഞായറാഴ്ച്ച പുലര്‍ച്ചെ നാലുമണിക്കാണ് ട്രെയിന്‍. കൊച്ചൊരു മൂന്നുമണിക്ക് ഉണര്‍ന്നാല്‍ മതി. അവരൊക്കെ ഉറക്കമായിരിക്കും. ആരോടും അനുവാദം ചോദിക്കണ്ട. ആരോടും പറയണ്ട. ഞാന്‍ വിളിക്കാം.
റെയില്‍വെസ്റ്റേഷനില്‍ കാത്തുനില്‍ക്കണം. അവിടെന്നു നമുക്ക് വീണ്ടുമൊരു യാത്ര തുടരാം.'

'നമുക്കൊരു മടക്കയാത്ര ഉണ്ടാകില്ല ഭാനൂ. ശേഷിച്ചകാലം അവിടെ!  ഒടുവില്‍ ഒരുദിനം ആ പ്രകൃതിയില്‍ ലയനം. അല്ലെങ്കിലും വിശ്വനാഥന്, ഭാനുമതിയുമായി പ്രകൃതിയില്‍ അനശ്വരനായൊന്നുചേരാന്‍ വാരണാസിയല്ലാതെ എവിടെയാണ് ഉത്തമം.'

'പൂച്ചക്കുട്ടികള്‍ വലുതാകുമ്പോള്‍ പൊയ്ക്കളയില്ലേ! തള്ളപ്പൂച്ച അനാഥയാകുന്നില്ലല്ലോ. കൂട്ട്, കൂടെയുണ്ടല്ലോ!
അവരിപ്പോള്‍ ഈ സ്‌നേഹാലയത്തിലെ അന്തേവാസികളാണ്. വേര്‍പിരിയാത്ത ഇണകളായവര്‍ ജീവിക്കട്ടെ.
ഞാന്‍ കാത്തിരിക്കും നീ വരുമോ?'

ആ സംഭാഷണങ്ങള്‍ അവിടെ നിലച്ചിരുന്നു.

ഇന്നു ഞായര്‍. സമയം നാലുമണി. ഭാനുവിന്റെ മറുപടി എന്തായിരുന്നു! അവര്‍ സമ്മതിച്ചിട്ടുണ്ടാകുമോ അവരുടെ പദ്ധതി വിജയിച്ചിട്ടുണ്ടാകുമോ? അവര്‍ വീണ്ടും ഒരുമിച്ചിട്ടുണ്ടാകുമോ?

രാത്രി വീണ്ടും പിറുപിറുക്കലുകള്‍ കേട്ടു.

ഭാനുവിന്റെ മറുപടികള്‍ക്കായി ഞാന്‍ വീണ്ടും ചുമരിലേക്കു കാതോര്‍ത്തു.

പതിഞ്ഞ ഒച്ചയില്‍ അവളുടെ മറുപടികള്‍ കേട്ടു തുടങ്ങി.

'എവിടേക്ക് ഒളിച്ചോടാനാണ്!'

'ഉണ്ട്, അന്നവിടെ കലശയാത്ര ആയിരുന്നു. കലശക്കുടങ്ങളും തലയിലേന്തിയ സ്ത്രീകള്‍. നമ്മളും അവരോടൊപ്പം കൂടി. ഒരു സ്ത്രീയൊരു  മണ്‍കുടം എനിക്കും തന്നു. ഞാനതു തലയില്‍ വച്ചു. അവിടെ നിന്നു ജഗന്നാഥക്ഷേത്രം വരെ നമ്മള്‍ നടന്നു. ഭഗവാനതു സമര്‍പ്പിച്ചു.'


'ഉവ്വ്, 'പൂനം' മറക്കാന്‍ കഴിയില്ല. പിന്നെ, റാഫിയുടെയും, കിഷോര്‍ കുമാറിന്റെയും പാട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്ന വൈശാലി നഗറിലെ ഗലികള്‍. പാജിയുടെ ദൂക്കാന്‍, മകള്‍ പല്ലവി. ചോളത്തിന്റെ മണമാണ് പാജിയുടെ ദൂക്കാന്റെയുള്ളില്‍. വെളുത്ത പഞ്ഞിക്കെട്ടു പോലെയുള്ള പാജിയുടെ താടി. മരച്ചില്ലയില്‍ തൂങ്ങിക്കിടക്കുന്ന കുരുവിക്കൂട് പോലെ തോന്നും. പാജി നിലത്ത് ചമ്രം പടിഞ്ഞിരിക്കുമ്പോള്‍ മുന്നിലെ കാശുപെട്ടിയില്‍ താടിരോമങ്ങള്‍ മുട്ടും. ആ തടിപ്പെട്ടിക്കു മുകളിലാണ് പഴയ റേഡിയോ. കിഷോര്‍കുമാര്‍ അതിനുള്ളിലിരുന്നു പാടും. ഞാന്‍ കൗതുകത്തോടെ അതു ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയാണ് ഒരുദിവസം പാജി എനിക്കൊരു കുഞ്ഞ് റേഡിയോ സമ്മാനമായി തന്നത്.'

'റേഡിയോ ശരിയാക്കിയല്ലേ? കുഞ്ഞോളത് കളിപ്പാട്ടമായെടുത്തു കേടാക്കിയതായിരുന്നു.'

'എന്നോടു മാത്രം നിനക്കെങ്ങിനെ ഇത്ര മധുരമായി സംസാരിക്കാന്‍ കഴിയുന്നു. എന്നിട്ടും! കുട്ട്യോള്‍ക്ക് നീയെങ്ങിനെ ഒരു കര്‍ക്കശക്കാരനായി മാറി.'

'ഇന്നെന്താ നേരത്തെ ഉണര്‍ന്നോ'

'എന്താ കഴിച്ചത്?'

'ശരിയാണ്. എന്താന്നറിയില്ല. മറവി ബാധിച്ചിട്ടുണ്ട്.'

'ഞാനൊന്നും കഴിച്ചില്ല. കുഞ്ഞുങ്ങളൊക്കെ ഇപ്പൊ പോയതെ ഉള്ളു, കഴിക്കണം.'

''ഉം''

'അതെ കൊച്ചേ ഞാന്‍, വെറുമൊരു കാവല്‍ക്കാരിയൊന്നുമല്ല, എന്നെ ഇവര്‍ പൊന്നുപോലെ നോക്കുന്നുണ്ട്.'

'അവിടെയോ?'

'നന്നായി, ഒരമ്മക്കു ആഴ്ച്ചതോറും മാറി നില്‍ക്കണ്ടല്ലോ'.

'കുഞ്ഞുമോള് ഇന്നലെ വന്നിരുന്നു. അടുത്താഴ്ച്ച അവിടേക്ക് ചെല്ലണ്ടെന്ന് അവര്‍ എവിടെയോ യാത്ര പോകുന്നു. ദാസന്റെവിടേക്ക് പോകാന്‍ പറഞ്ഞു.'

'എന്‍റെ കുട്ട്യോളെ കണ്ടോന്ന് പറഞ്ഞതാകും.'

'അതുങ്ങളെ അപ്പന്‍ അവിടെങ്ങുമില്ലേ?'

'ഉം, ഇങ്ങളെപ്പോലെ തന്നാണല്ലോ!'

'ഞാന്‍ പോയാല്‍ ഈടത്തെ കുട്ട്യോളെ ആര് നോക്കും! രാവിലെ കുട്ട്യോളെ കുളിപ്പിക്കണം ഒരുക്കണം. കഴിപ്പിക്കണം. സ്‌ക്കൂളിലേക്കയക്കണം. കുസൃതികളാണേ രണ്ടാളും. പറഞ്ഞാ കേള്‍ക്കില്ല
നമ്മുടെ പിള്ളാരെപ്പോലെ തന്നെയാ പിന്നെ ഉണ്ടല്ലോ!'

പെട്ടെന്നെന്തോ അബദ്ധം പിണഞ്ഞതുപോലെ സംസാരം നിന്നു.

'ഉം?'

മൗനം.

'ഉം'

'എന്നെ പ്രസവത്തിന് കൂട്ടികൊണ്ടുപ്പോയതിന്‍റെന്ന് എനിക്ക് വസൂരി പിടിപ്പെട്ടപ്പോ.'

'പിന്നില്ലേ! കൊച്ച് രാത്രീല് വന്നു പനിച്ചു വിറക്കണ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. പിറ്റേന്ന് നിങ്ങക്കും പനിയായി പിന്നെ ഒരു മുറിയില്‍ ഒരാഴ്ച്ച തമ്മില്‍ തമ്മില്‍ നോക്കി കിടന്നു.'

'കഴിഞ്ഞ വൃശ്ചികത്തില് അമ്പതു കഴിഞ്ഞു.'

ദീര്‍ഘനിശ്വാസം.

'ഉം.'

'അതിന് ഭാനുവിനിന്ന് പ്രായം പതിനഞ്ചല്ലല്ലോ, അറുപത്തഞ്ചു കഴിഞ്ഞിരിക്കണു.'

'അപ്പോഴവിടെ പൂച്ചക്കുട്ടികള്‍ തനിച്ചാകില്ലേ?'

'ഉം, സമ്മതം.'

എനിക്കു സന്തോഷമായി.

ഭാനു സമ്മതിച്ചിട്ടുണ്ട്. അവര്‍ യാത്ര പുറപ്പെട്ടു കാണും. ചുമരിലെ ചിത്രങ്ങളിലേക്കു ഞാന്‍ തിരിഞ്ഞു. മൂന്നു ചുമരുകളിലായി മൂന്നു ചിത്രങ്ങള്‍. നടുക്കുള്ള ചുമരില്‍ ഒരു റെയില്‍വെസ്റ്റേഷന്‍. കാത്തു കിടക്കുന്നൊരു ട്രെയിന്‍. കുറച്ചു യാത്രക്കാര്‍. തലപ്പാവ് ധരിച്ച പുരുഷന്‍മാര്‍. സാരി പ്രത്യേക രീതിയില്‍ ചുറ്റിയ സ്ത്രീകള്‍. ചായത്തൂക്കുമായൊരു ആണ്‍കുട്ടി. ട്രൗസര്‍ മാത്രമാണവന്റെ വേഷം. മലയാള നാടല്ല. മറ്റൊരിടമാണ്. ഇടതു വശത്തെ ചുവരില്‍ ചെറിയൊരു റേഡിയോ കാതോര്‍ക്കുന്ന പാവാടക്കാരി പെണ്‍കുട്ടി. തലപ്പാവ് ധരിച്ച, നീണ്ട താടിയുള്ള ഒരു സിഖുകാരന്‍. വലതു വശത്ത് വലിയൊരു ഫാക്ട്ടറി.

കരിക്കഷണമെടുത്ത് ഞാന്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലായി രണ്ടുപേരുടെ ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി.

ഒരു സ്ത്രീയും, പുരുഷനും. വൃദ്ധരാണ്.

അയാള്‍ അവരുടെ ഒരു കൈയ്യില്‍ പിടിച്ചിട്ടുണ്ട്. തോളിലൊരു തുണി സഞ്ചി.

ചിത്രത്തിലെ പുരുഷന്‍റെ മുഖത്തിന് എന്‍റെ സാദൃശ്യം വരച്ചു ചേര്‍ത്തു. പിന്നെ, ഞാന്‍ ഭാനുവിന്‍റെ മുഖം വരക്കാന്‍ തുടങ്ങി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios