Malayalam Short Story ; ഒരു കാറ്റ് വരുന്നുണ്ട്, മഴയും, ജസിയ ഷാജഹാന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജസിയ ഷാജഹാന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ചൂലിന്റെ പ്രഹരമേല്‍ക്കാന്‍ പ്രായഭേദമന്യേ ചെവിയോര്‍ത്ത് മണ്ണില്‍ കിടക്കുകയാണ് ഞങ്ങള്‍. ഞങ്ങളെന്നു പറയുമ്പോള്‍, പച്ചിലകളും പഴുത്തിലകളും തളിരിലകളും കരിയിലകളും. പാദരക്ഷകളുടെ ചവിട്ടിമെതിയില്‍ നിന്നും, വിസര്‍ജ്യങ്ങളില്‍ നിന്നും ഒരുമിച്ച് ഒറ്റയടിയ്‌ക്കൊരു ലയനം, അതാണ് ഞങ്ങള്‍ക്കാവശ്യം.
പക്ഷേ വിധിയെഴുതുന്നതും കല്‍പ്പിക്കുന്നതും യജമാനന്മാരാണ്. നടപ്പാക്കുന്നത് ആജ്ഞാനുവര്‍ത്തികളും.
ചിലര്‍ക്ക് കാലങ്ങളോളം ഇലകളെ ഇട്ടഴുക്കി പരമാവധി വളമാക്കണം. മറ്റു ചിലര്‍ അങ്ങനെയല്ല. ഉദാഹരണത്തിന് ഞങ്ങളുടെ യജമാനന്‍. ഈ മണ്ണില്‍ മാക്‌സിമം നാലു ദിവസം. അതാണ് അങ്ങേരുടെ കണക്ക്.
നാളെ ആ രംഭ വരും. കാര്യസ്ഥയാണ്. കണ്ടാലൊരു പെന്‍സില്‍ക്കോലം. എങ്കിലും അവളുടെ മട്ടും പടുതിയും കണ്ടാല്‍ ചിരി വരും. ആയമ്മയ്ക്ക് ഞങ്ങളെ വെറുപ്പാണ്.
കൈകൊണ്ടു തൊടില്ല, അവര്‍. പ്ലാസ്റ്റിക് കോരിയില്‍ മറ്റൊരു പ്ലാസ്റ്റിക് നീക്കി കൊണ്ടുകോരിയിടും. ദേഹത്ത് പൊടിപോലും പറ്റാതെ അവജ്ഞയോടെ ഞങ്ങളെ പഴകിയ ഒരു പൊട്ടിയ ബക്കറ്റില്‍ നിക്ഷേപിക്കും.
ഞങ്ങള്‍ തളര്‍ന്നു വീണുപോയവരാണല്ലോ? എന്തും ഉപേക്ഷിക്കാനുള്ള ഇടമാണല്ലൊ ഞങ്ങളുടെ കിടപ്പറ. അരുതാത്തതും തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമൊക്കെ പുതച്ചാണ് ഞങ്ങളുടെ കിടത്തം. ഇനി ഞങ്ങളെങ്ങാന്‍ തൊട്ടുപോയാല്‍ മഹാവ്യാധികള്‍ വരുമോന്നാ അവളുടെ പേടി.
'ഇപ്പഴത്തെ കാലാ, വിശ്വസിച്ചൊന്നിലും തൊടാന്‍ പറ്റില്ല'-ഇതാണ് അവളുടെ പതിവ് ആത്മഗതം. അതു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ പലപ്പോഴും പുച്ഛത്തോടെ അവളെ നോക്കിയിട്ടുണ്ട്. ഇങ്ങനെ മറുപടി പറയാറുണ്ട്: 'എടീ ശൃംഗാരീ...പല പേരുകേട്ട കേമന്മാരും ഞങ്ങളെ ശയ്യയാക്കിയിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത തൊട്ടുകൂടായ്മ നിനക്കൊക്കെ എന്തിനാടീ?'
ഇരുണ്ട മണ്ണിലെ അഴുക്കു മണമുള്ള ഞങ്ങളുടെ സ്വരം അവള്‍ കേള്‍ക്കില്ല. അതിലെ ഭാവമറിയില്ല. അപ്പോള്‍ ഞങ്ങള്‍ തുടരും:
'നീയൊക്കെ പുതിയ തലമുറക്കാരല്ലേ. ഗുരുത്വം വേണം. ചുമ്മാതല്ല, നീയൊന്നുമൊരിക്കലും ഗൊണം പിടിക്കാത്തെ.'
ഒന്നും കേട്ടില്ലെങ്കിലും മിക്കവാറും അവളുടെ പ്രാകല്‍ മറുപടിയായി വരും.
'ഹൊ...അതിനിടെ ഇത്രേം പൊഴിഞ്ഞു വീണോ? നാശം...'
അതു കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ എത്ര പ്രയാസമുണ്ടെന്ന് ആ രംഭയ്ക്ക് അറിയില്ലല്ലോ?
അതുപോട്ടെ. അവളെ വിടാം. പക്ഷേ തളിരിലകളെയോ. അവരിങ്ങനെ അന്തം വിട്ടിരിക്കാറാണ് പതിവ്. ഞങ്ങളന്നേരം അവരോട് പറയാറുണ്ട്. ''ജീവിതചക്രം പൂര്‍ത്തിയാക്കി താഴേയ്ക്കുവീണവരാണ് ഞങ്ങള്‍ പഴുത്തിലകള്‍. കുറച്ചു പേര്‍ പാതിവഴിക്ക്, കാറ്റിലും മഴയിലും, വെയിലിലും അറ്റു വീണവരാണ്. പക്ഷേ, അതുപോലല്ല നിങ്ങള്‍. ജീവിക്കുവാനുള്ള മോഹം ബാക്കിയാണ്. പിഞ്ചിളം മേനിക്ക് ഒന്നും താങ്ങാനുള്ള കരുത്തുമില്ല. എങ്കിലും നമ്മള്‍ പൊരുത്തപ്പെട്ടേ പറ്റൂ. ഇവിടെ നമ്മള്‍ അന്ത്യവിധി കാത്തുകിടക്കുകയാണ്. നമുക്കു വേറെ ഓപ്ഷനുകളില്ല.''
അവരന്നേരം വിചിത്രമായ എന്തോ കേട്ടതുപോലെ ഞങ്ങളെ നോക്കും.
ഞങ്ങളിലാരെങ്കിലും വീണ്ടും തുടരും. ''കാറ്റും മഴയും ഒരുമിച്ചുവന്നാല്‍, കാറ്റാണാദ്യം വീശുന്നതെങ്കില്‍ നമ്മളെല്ലാം മറ്റേതെങ്കിലും പുരയിടത്തിന്റെ ഓരങ്ങളിലേയ്ക്കു പറക്കും. നിങ്ങള്‍ക്കാണെങ്കില്‍, അത്ര ദൂരം എത്താന്‍ കഴിയില്ല. നമ്മള്‍ പിരിയേണ്ടിവരും. ഇനി മഴയാണാദ്യം വരുന്നതെങ്കിലോ? ഞങ്ങള്‍ അപ്പോഴേ കുതിര്‍ന്നു പൊടിയും. നിങ്ങള്‍ക്ക് കുറച്ചു ദൂരമെങ്കിലും ഒഴുകി നടക്കാം. പിന്നെ, കാറ്റും മഴയും ഒരുമിച്ചുവന്നാല്‍ അപ്പഴും ഞങ്ങള്‍ ദൂരേക്കുപോയി മണ്ണില്‍ പൊടിഞ്ഞു ചേരും.'
അവരപ്പോഴും ഒന്നും മിണ്ടില്ല. അവരുടെ കാതുകളിലൂടെ കാറ്റും മഴയും ഒന്നിച്ചാര്‍ക്കുന്ന ഭീതിയുടെ ഞരമ്പുപിടച്ചലുകള്‍ അന്നേരം ഞങ്ങള്‍ക്ക് കേള്‍ക്കാം. പക്ഷേ, പരസ്പരം അതുപറയാതെ വീണ്ടും തുടരും അറ്റമില്ലാത്ത ഗിരിപ്രഭാഷണം.
'നോക്കൂ, ഞങ്ങള്‍ മണ്ണിലേക്കു പൊടിയാറായി. ഇനിയാരുടേയും ദയയ്ക്കും വലിയ പ്രസക്തിയില്ല. പ്രകൃതി നിയമം അങ്ങനെയാണ്.''
അവരന്നേരം തലകുലുക്കും. അനിവാര്യമായ വിധിയെ അംഗീകരിക്കുന്നതുപോലെ നിസ്സംഗരാവും.
ഇന്നുമതുപോലെ തന്നെയായിരുന്നു. പതിവു സങ്കടം. പതിവു പ്രഭാഷണം. അന്നേരമാണ്, മണ്ണിലൂടെ ഒരു കാലൊച്ച. ഒരനക്കം.
രംഭ വരുന്നുണ്ട്!