ഓഡി കാറും കുഞ്ഞിരാമേട്ടനും
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജെയിംസ് ജിജോയ് കൊരട്ടി എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുലിനട പഞ്ചായത്തിലെ ആസ്ഥാന തേങ്ങവലിക്കാരനായ കുഞ്ഞിരാമേട്ടന്‍, രാഘവന്‍ മാഷ്‌ന്റെ വീട്ടിലെ തെങ്ങിന്റെ മോളില്‍ ഇരിക്കുമ്പോളാണ് അപ്പുറത്തെ തെങ്ങില്‍ കോട്ടും സൂട്ടും ഇട്ട് രതീഷ് ഇരിക്കുന്നത് കണ്ടത്.
ഈയെന്താ തെങ്ങുമ്മല് രതീഷേ, കുഞ്ഞിരാമേട്ടന്‍ അത്ഭുതത്തോടും , ഇച്ചിരി ഞെട്ടലോടും ചോദിച്ചു.
തന്റെ മൊണോപോളി തീര്‍ന്നോ എന്നു സംശയിച്ചു നില്‍ക്കുമ്പോള്‍, ഏന്തി വലിഞ്ഞു രതീഷ് പറഞ്ഞു
''തെങ്ങുമ്മല് കേറല്‍ ഒക്കെ എന്ത് പാടാ കുഞ്ഞിരാമേട്ടാ, ഇനി ഇങ്ങനെ കേറിയാല്‍ തന്നെ എന്തെങ്കിലും കിട്ടുമോ''
''തേങ്ങാ കിട്ടുലെ, പിന്നെ കൂലിയും കിട്ടുലെ?'
കുഞ്ഞിരാമേട്ടന്‍ കണ്‍ഫ്യുഷന്‍ ആയി.
''അതല്ല കുഞ്ഞിരാമേട്ടാ , ഇങ്ങനെ ഒക്കെ ജീവിച്ചാല്‍ മതിയോ, കാലം മാറിയില്ലേ . വെറുതെ ഇരുന്നാല്‍ പൈസ കിട്ടുന്ന പരിപാടി ഒക്കെ ഉണ്ടല്ലോ. ഇപ്പൊ അതാണ് ട്രെന്‍ഡ്.''
''വെറുതെ ഇരുന്നാല്‍ പൈസ കിട്ടുമോ''
''കിട്ടുമോ ന്നോ.ഹാ ..കുഞ്ഞിരാമേട്ടന്‍ ഉറങ്ങുമ്പോ രാത്രി ബാങ്ക് അക്കൗണ്ടില്‍ പൈസ വരും.അറിയോ? ''
''ഇല്ല''- കുഞ്ഞിരാമേട്ടന്‍ വീണ്ടും അത്ഭുതപ്പെട്ടു.
''അത് പറയാനല്ലേ ഞാന്‍ നിങ്ങളെ നോക്കി തെങ്ങുമല് കയറിയത്. താഴെ ഇറങ്ങി. മ്മക്ക് താഴെന്നു സംസാരിക്കാം.''
ശൂ ന്നു കുഞ്ഞിരാമേട്ടന്‍ താഴെ ഊര്‍ന്നിറങ്ങി.
രതീഷ് കപ്പിയും കയറും വെച്ചു എങ്ങനെക്കെയോ ഇറങ്ങി, കോട്ട് നേരെയാക്കി പറഞ്ഞു.
''വിജയിക്കാന്‍ മനസ്സുള്ളവര്‍ക്കു കുജിഫാര്‍ട്ട്.''
''മനസ്സിലായില്ല.''
''ഇതാണ് കുഞ്ഞിരാമേട്ടാ, പുതിയ പരിപാടി.''
''ഇതിപ്പോ കുഞ്ഞിരാമേട്ടന്‍ ഓരോ തെങ്ങിലും കയറിയാല്‍ അല്ലെ കുഞ്ഞിരാമേട്ടന് കൂലി കിട്ടൂ. എന്നാ ഇവിടെ ഇങ്ങള് രണ്ടു തെങ്ങില്‍ കയറിയാല്‍ മതി. ആ രണ്ടു തെങ്ങില്‍നിന്നു വേറെ രണ്ടാള്‍ കേറും അതില്‍ നിന്നു നാലു ആള്‍ കേറും പിന്നെ എട്ടു പതിനാറ്. അതിന്റെ ഒക്കെ പൈസ കുഞ്ഞിരാമേട്ടന് കിട്ടും.''
''എന്തിനാടോ എല്ലാരും കൂടി ഒരു തെങ്ങുമ്മല് കേറുന്നത്?''
''ശ്ശെ, അത് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞതാ.''
''ഇത് ഒരു മെട്രിക്സ് ആണ്. ഓണ്‍ലൈനായി വീട്ടിലേക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന ഏര്‍പ്പാട് ആണ് കുജിഫാര്‍ട്ട്. ഇതില്‍ കുഞ്ഞിരാമേട്ടന്‍ വെറും 16,000 ഉറപ്പിക കൊടുത്തു ഇതില്‍ ചേരുന്നു. രണ്ടു പേരെ ചേര്‍ത്തുന്നു. അവര് വേറെ ആളെ ചേര്‍ക്കുന്നു. അങ്ങനെ അങ്ങനെ കുഞ്ഞിരാമന്‍ ട്രീ ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിക്കുമ്പോ...''
''പന്തലിക്കുമ്പോ..''
''കുഞ്ഞിരാമേട്ടന്റെ അക്കൗണ്ടില്‍ പണം കായ്ക്കും. ചുമ്മാ ഇരുന്നാല്‍ മതി, പൈസ ഒഴുകി വരും.''
''നിനക്ക് വരുന്നുണ്ടോ?''
''ഹ ഹ ഹ കുഞ്ഞിരാമേട്ടന്‍ എന്റെ വാട്‌സാപ്പ് സ്റ്റാറ്റസ് കണ്ടില്ലെര്‍ന്നോ .ഇന്നലെ അല്ലെ ഞാന്‍ ഓഡി വാങ്ങിയത്.''
''എന്ത് ഓടി വാങ്ങ?''
''ഓഡി കാര്‍. അടുത്ത മാസത്തേക്ക് ഒരു ഫെറാറി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.''
''എന്നാല്‍, ഇങ്ങള് ഇപ്പൊ തന്നെ പോയിട്ട് ബാങ്ക് ന്നു 16000 എടുത്തത് താ.''
''അല്ലാ..അത് പിന്നെ''
ഒന്നും പറയണ്ട കുഞ്ഞിരാമേട്ടാ, ഇങ്ങക്ക് ഓഡി വേണോ ഫെറാറി വേണോ. ഇപ്പോ ബുക്ക് ചെയ്യണം കേട്ടോ. കുജിഫാര്‍ട്ടിലെ എല്ലാരും വാങ്ങുന്നത് കാരണം സാധനം കിട്ടാനില്ല.''
കുഞ്ഞിരാമേട്ടന്‍ പോയി 16000 എണ്ണി കൊടുത്തപ്പോള്‍ രതീഷ് വന്നു ബൈക്കില്‍ കേറ്റി അടുത്ത സ്റ്റുഡിയോയിലേക്ക് പറപ്പിച്ചു.
''എങ്ങോട്ടാ മോനെ?''
''പണിയുണ്ട് കുഞ്ഞിരാമേട്ടാ. ഇനി ഒക്കെ വേറെ ലെവല്‍.''
സ്റ്റുഡിയോ യില്‍ കയറിയപ്പോ തന്നെ മേക്കപ്പ് ഇട്ടു കോട്ടും ഇട്ടു നാലു ഫോട്ടോ.
ഫോട്ടോ കണ്ടു കുഞ്ഞിരാമേട്ടന്‍ ഞെട്ടി. ''ഇതാരാ ഞാനാ?''
''കളി മാറുകയാണ് കുഞ്ഞിരാമേട്ടാ''
രതീഷ് കുഞ്ഞിരമേട്ടന്റെ ഫോണില്‍ വാട്‌സ്ആപ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തു. അതില്‍ ഫോട്ടോ ഇട്ടു. ഗ്രൂപ്പായ ഗ്രൂപ്പില്‍ മുഴുവന്‍ ഫോട്ടോ അയച്ചു. എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തു.
''പുലിനടയില്‍ നിന്നും പുലി വരുന്നു. കുഞ്ഞിരാമന്‍ പുലി. പുലി പതുങ്ങുന്നത് ഒളിക്കാനല്ല. കുതിക്കാനാണ്. ഇതാ സിംഹ രാജാവ് എഴുന്നള്ളുന്നു. കുഞ്ഞിരാമന്‍ സാറിനു സ്വാഗതം.''
''എടാ ഇത് മറ്റേ ഷൈജു ദാമോദരന്‍ പറയുന്നത് അല്ലെ. ഇതൊക്കെ...''
''എന്റെ സ്റ്റാറ്റസ് നോക്കീ, രാജാവിന്റെ മകന്‍ രാജമാണിക്യം രതീഷ്.''
''ഇങ്ങള് ഒന്നും പറയണ്ട, ഇതൊക്കെ ഇങ്ങളാണ് കുഞ്ഞിരാമന്‍ സര്‍. വലുതായി ചിന്തിക്കു. ഉയരങ്ങളില്‍ എത്തണ്ടേ.''
''ഞാനോ കുഞ്ഞിരാമന്‍ സാറോ''
ഒരു ഉള്‍പ്പുളകത്തോടെ കുഞ്ഞിരാമന്‍ നിന്നു.
പിറ്റേന്ന് രാവിലെ കൊട്ടും ഇട്ടു ഇറങ്ങിയപ്പോള്‍ ആണ് രാഘവന്‍ മാഷിനെ കണ്ടത്.
''അല്ല കുഞ്ഞിരാമാ, നീ എന്ത് പണിയാണ് കാണിച്ചത്. പകുതി തേങ്ങാ വലിച്ചിട്ട് പോയല്ലോ. ബാക്കി വലിക്കണ്ടേ.''
''മാഷേ, ഞാന്‍ ഇപ്പൊ കുഞ്ഞിരാമന്‍ അല്ല. കുഞ്ഞിരാമന്‍ സാര്‍ ആണ്. തേങ്ങ വലി നിര്‍ത്തി. ഇപ്പൊ കുജിഫാര്‍ട്ടിന്റെ സില്‍വര്‍ കോപ്പര്‍ എക്‌സിക്യുട്ടിവ് ആണ്. പിന്നെ കാണാം. ട്രെയിനിങ് ഉണ്ട്.''
ട്രൈനിംഗിനിടെ സെവാഗിന്റെയും റൊണാള്‍ഡോയുടെയും കഥ ഒക്കെ കേട്ട് ഇരിക്കുമ്പോളാണ് രതീഷ് വിളിക്കുന്നത്.
''ഇങ്ങള് കുറച്ചു പ്രൊഡക്ടസ് വാങ്ങിട്ടോ. നല്ലതാ നാല് ആളറിയട്ടെ.പോയിന്റും കിട്ടും.''
കുഞ്ഞിരാമന്‍ പോയി കുജിഫാര്‍റ്റില്‍ കയറി സാധനം നോക്കി.
200 രൂപയുടെ വെളിച്ചെണ്ണക്ക് 1000. 1 കിലോ അരിക്ക് 100
''രതീഷേ ഇതെന്ത് വിലയാടോ?''
''കുഞ്ഞിരാമേട്ടാ, തേങ്ങാ പൊട്ടിക്കാതെ, എണ്ണ വലിച്ചെടുത്തു ഉണ്ടാക്കുന്നതാണ്. പ്യുവര്‍ വിര്‍ജിന്‍ ആണ്. അതാ വില ഇച്ചിരി കൂടുതല്‍. പിന്നെ പച്ച ചാണകം സ്വര്‍ണത്തില്‍ മുക്കി ഉണ്ടാക്കിയ ജൈവവളം ഇട്ടുണ്ടാക്കിയ അരിയാണ്. വില കൂടൂലെ. മാത്രമല്ല, ആഗോള കുത്തക കള്‍ക്കെതിരെ ഉള്ള പോരാട്ടമാണ് കുജിഫാര്‍ട്ട്.''
''എന്നാല്‍ കുഴപ്പമില്ല.''
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി മാസങ്ങള്‍ കടന്നു പോയി. രതീഷ് പറഞ്ഞ രണ്ടാള്‍ വന്നില്ല.
''എന്നാ പിന്നെ 16000 ഇട്ടു രണ്ടാളേ ഇങ്ങളെന്നെ ആക്കിന്നു.''
കയ്യിലുണ്ടായ 32000 വെച്ച് ഭാര്യേനേം മോളേം കുജിഫര്‍ട്ടില്‍ ചേര്‍ത്തിട്ടും ഒന്നും നടക്കുന്നില്ല എന്നു കണ്ടപ്പോ രതീഷിനെ വിളിച്ചു.
ഫോണ് സ്വിച്ഡ് ഓഫ് .
കുഞ്ഞിരാമേട്ടന്‍ രതീഷിന്റെ വീട്ടിലെത്തി.
''രാജാവിന്റെ മകന്‍, രാജമാണിക്യം രതീഷിന്റെ വീടല്ലേ. ഓനില്ലേ?''
''രതീഷ് ഗള്‍ഫില്‍ പോയല്ലോ. ഓന് അവിടെ ഡ്രൈവറിന്റെ പണി കിട്ടീട്ടുണ്ട്.''
നിരാശയോടെ കുഞ്ഞിരാമേട്ടന്‍ തളപ്പും എടുത്തു രാഘവന്‍ മാഷിന്റെ വീട്ടില്‍ എത്തി.
''എന്താ കുഞ്ഞിരാമന്‍ സാര്‍?''
രാഘവന്‍ മാഷ് ചോദിച്ചു.
''തെങ്ങില്‍ കയറേണ്ടെ''
''കുഞ്ഞിരാമന്‍ സാര്‍ തെങ്ങില്‍ കയറ്റം നിര്‍ത്തിന്നല്ലേ പറഞ്ഞത്.''
''അത്...''
''ഓഡി കാറില്‍ വരുംന്നു പറഞ്ഞിട്ട്, കാറൊന്നും കാണുന്നില്ലലോ''
''എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്കോര്‍മയില്ല.''
''പൊളിഞ്ഞോ കുഞ്ഞിരാമാ?''
പെട്ടെന്ന് കുഞ്ഞിരാമന്‍ മറ്റൊരാളായി തൃശൂര്‍ ഭാഷയില്‍ പറഞ്ഞു:
''ഞാനാ ഈ ഞാനാ.. മദ്രീര ടൗണില് പഴയ സാധനങ്ങള്‍ എടുത്ത നടന്ന ഒരു പയ്യനിന്‌ണ്ടെന്നു ട്ടാ. അവനോട് ടീച്ചര്‍ പറഞ്ഞു. നീ ഒന്നും പഠിച്ചിട്ട് ഒരു കാര്യല്ല പോയി വല്ല മീന്‍ വിക്ക്. ആ സ്‌കൂള്‍ വിക്കാന്‍ വെച്ചപ്പോ വാങ്ങാന്‍ ഫ്ളൈറ്റില്, അവന്‍ വരാണ് . അതിന്റെ ഡോര്‍ മെല്ലെ അവന്‍ നീക്കിയപ്പോ ആ എയര്‍പോര്‍ട്ടില് അക്തര്‍ന്റെ പന്ത് ബാറ്റിന്റെ സൈഡില്‍ കൂടെ അങ്ങട് പോയി. അപ്പോ സെവാഗ് നെഞ്ചത്തു തട്ടിട്ട് പറഞ്ഞു. ഗഡീ ആ പന്ത് ഞാന്‍ കണ്ടില്ല്യ അടുത്ത പന്ത് നീ കാണില്യ.''
''കുഞ്ഞിരാമാ....''
''എന്താ മാഷേ ഞാന്‍ ഇപ്പൊ പറഞ്ഞത് .എനിക്ക് എന്തോ ഉണ്ട് മാഷേ''
''ഒന്നുമില്ല കുഞ്ഞിരാമാ, കുഞ്ഞിരാമന് ഒന്നുമില്ല.''
''എന്നെ കൈ വിടല്ലേ മാഷേ..''
''ഇല്ല കുഞ്ഞിരാമാ നീ തെങ്ങുമ്മെ കേറിക്കോ.''
ഉയരങ്ങളിലേക്ക് കുഞ്ഞിരാമന്‍ കേറിപ്പോയി.