Malayalam Short Story : പെണ്‍പാവ, ഇന്ദു ആര്‍ എസ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ദു ആര്‍ എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
''മാടാ, നീ ഉറങ്ങുകയാണോ? ഇങ്ങനെ ഇരുന്നുറങ്ങരുത്. പെട്ടെന്നു ക്ഷീണിച്ചുപോകും.''
ഞെട്ടിയുണര്‍ന്ന അയാള്‍ പകച്ച് ചുറ്റും നോക്കി. ആരെയും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല.
''ഞാന്‍ തന്നെ മാടാ, എന്നെ മനസ്സിലായില്ലേ?''
വളരെ നനുത്ത്, ഒരു കൊഞ്ചലിന്റെ ഇമ്പമാര്‍ന്ന ശബ്ദം, വീണ്ടും.
അയാള്‍ക്ക് നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല. ഇത്ര മധുരമായ ശബ്ദം അയാള്‍ മുമ്പു കേട്ടിട്ടേ ഇല്ലായിരുന്നു.
''ആരെയും കാണുന്നില്ലല്ലോ ഞാന്‍. ആരാണെന്ന് ഒന്നു പറയൂ.''
മുറിയിലെ ചില്ലലമാരകളില്‍ സൂക്ഷിച്ചിരുന്ന ചെറുതും വലുതുമായ എല്ലാ കടലാസ് പെട്ടികളിലും ഒരു നിമിഷാര്‍ദ്ധം കൊണ്ടുതന്നെ അയാളുടെ ദൃഷ്ടി കയറിയിറങ്ങിയിരുന്നു. അവയിലുള്ള ഏതെങ്കിലും ഒരു യന്ത്രപ്പാവയുടെ ശബ്ദവുമായി താനിപ്പോള്‍ കേട്ട ശബ്ദത്തിന് ഒരു സാദൃശ്യവും കണ്ടെത്താന്‍ അയാള്‍ക്കായില്ല.
യന്ത്രപ്പാവകള്‍. അവ തടികൊണ്ട് ഉണ്ടാക്കപ്പെട്ടതായിരുന്നു. അഴകുറ്റ, മുഴുപ്പുറ്റ അവയവ ഭംഗിയോടെയുള്ള പൂര്‍ണ്ണ സ്ത്രീ ബിംബങ്ങള്‍.
വയറിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ബാറ്ററി ചാര്‍ജ് ചെയ്താല്‍, ഒരു റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള രീതിയില്‍ അവയെ ചലിപ്പിക്കാം. നേരത്തെ പ്രോഗ്രാം ചെയ്തതിനനുസരിച്ചുള്ള പ്രവൃത്തികള്‍ അവരെ കൊണ്ട് ചെയ്യിക്കാം. ആടിക്കുകയും പാടിക്കുകയും ചെയ്യാം. ഇഷ്ടമായില്ലെങ്കില്‍ അടിക്കുകയോ എടുത്തെറിയുകയോ ഉപേക്ഷിക്കുകയോ െചയ്യാം. ജീവനില്ലാത്തതിനാല്‍ അവ പ്രതികരിക്കില്ല. പക്ഷേ, പണിത്തരത്തിന്റെ മികവു കൊണ്ട് ജീവനുള്ളവ തന്നെ എന്നു തോന്നിപ്പിച്ചിരുന്നു അവ.
ചെറുപ്പത്തില്‍, കളിക്കാന്‍ വേണ്ട കളിക്കോപ്പുകള്‍ ഒന്നും കിട്ടാത്തത്ര ദാരിദ്ര്യമായിരുന്നതിനാലാവണം മാടസ്വാമിക്ക് കുറച്ചൊന്ന് മുതിര്‍ന്ന് സ്വന്തമായി ചെറിയ രീതിയില്‍ വരുമാനമുണ്ടായി തുടങ്ങിയതു മുതല്‍ ഈ യന്ത്രപ്പാവകളോട് കമ്പം തോന്നിത്തുടങ്ങിയത്. ഇപ്പോള്‍ അയാള്‍ക്ക് അവയോട് വല്ലാത്ത ഒരു അഭിനിവേശമാണ്.
മുമ്പൊക്കെ വരുമാനത്തിനനുസരിച്ച്, ഒന്നോ രണ്ടോ പാവകളെ മാത്രമേ അയാള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. അവ പക്ഷേ, അത്രയൊന്നും മികവുറ്റതായിരുന്നില്ല. അയാളുടെ മനസ്സ് അവയില്‍ തൃപ്തനായിരുന്നുമില്ല. എന്നാല്‍, വരുമാനം കൂടിയപ്പോള്‍, തന്റെ മുറിയിലുള്ള രണ്ട് വലിയ ചില്ലലമാരകള്‍ നിറയെ അയാള്‍ യന്ത്രപ്പാവകള്‍ വാങ്ങിക്കൂട്ടി. അയാള്‍ തന്റെ പാവകളെ അതാതിന്റെ കടലാസു പെട്ടികളിലാക്കി ചില്ലലമാരകളില്‍ വെച്ചുപൂട്ടി, പ്രത്യേകമായുള്ള തന്റെ മുറിയില്‍ സൂക്ഷിച്ചു. ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ പോലും ആ മുറിയില്‍ പ്രവേശിക്കാനോ ചില്ലലമാരകള്‍ തുറന്ന് പാവകളെ എടുക്കാനോ അനുവാദമുണ്ടായിരുന്നില്ല. അയാള്‍ ആ പാവകളെ തന്റെ അമൂല്യ സമ്പത്തായി കരുതിപ്പോന്നു.
ഒരു നേര്‍ത്ത ചിരി, ചില്ലലമാരകളിലെ കടലാസു പെട്ടികളില്‍ ഉടക്കിനിന്ന അയാളുടെ കണ്ണുകളെ തട്ടിത്തെറിപ്പിച്ചു. ഒരു സരോദില്‍ നിന്നു വന്ന നാദമാണ് അതെന്നാണ് അയാള്‍ ആദ്യം കരുതിയത്.
''മാടാ, ഈ പെട്ടിയില്‍... ഈ മൂലയ്ക്ക് ഇരിക്കുന്ന നീലപ്പെട്ടിയില്‍, ഞാനുണ്ട്. എത്ര ദിവസങ്ങളായി നീ എന്നെ ഇവിടെ വെച്ചിട്ട്. ഈ പൊതി നീ അഴിക്കുന്നതും കാത്ത്, നീ ഇവിടെ വരുമ്പോഴൊക്കെ നിന്റെ ത്രസിപ്പിക്കുന്ന ഗന്ധത്താല്‍ വീര്‍പ്പുമുട്ടി ഇരിക്കുകയായിരുന്നു ഞാന്‍. എത്ര കാത്തിരുന്നു നിന്നെ. നീ എന്നെ നോക്കിയതേ ഇല്ല.''
Also Read: സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ
താനാഗ്രഹിക്കുന്ന അത്രയും ഉയരമുള്ള, വണ്ണമുള്ള, മുഴുപ്പുള്ള ഒരു പാവ. എത്ര നോക്കിയിട്ടും അയാള്‍ക്കു മതി വന്നില്ല.
.................................................
അപ്പോഴാണ് മുറിയുടെ തെക്കുകിഴക്കേ മൂലയില്‍ ഇരുന്ന ഒരാള്‍ പൊക്കമുള്ള ആ വലിയ പെട്ടി മാടസ്വാമിയുടെ ശ്രദ്ധയില്‍ പെട്ടത്. തിളങ്ങുന്ന നീല നക്ഷത്രങ്ങള്‍ കൊണ്ട് ആലേഖനം ചെയ്ത പ്ലാസ്റ്റിക് കടലാസിനാല്‍ അതു ഭംഗിയായി പൊതിഞ്ഞിരുന്നു. താനിങ്ങനെ ഒന്ന് വാങ്ങിയതായോ ആരെങ്കിലും ഇങ്ങനെ ഒന്ന് തനിക്കു സമ്മാനമായി തന്നതായോ അയാള്‍ക്ക് ഓര്‍മ്മ വന്നില്ല. പിന്നെ ആര് അതവിടെ കൊണ്ടുവെച്ചു എന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.
''എന്താണിങ്ങനെ, ആലോചിച്ച് നില്‍ക്കുന്നത്. ഒന്നു തുറക്കണേ, പ്ലീസ്...''
അയാള്‍ പെട്ടെന്ന് ചിന്തകളില്‍നിന്നും ഉണര്‍ന്നു. തെല്ലൊരു ഭയം അയാളെ ബാധിക്കാതിരുന്നില്ല.
ഇതെന്താണിത്? താനറിയാതെ തന്റെ മുറിയില്‍ ഒരു പെട്ടി! അതില്‍നിന്നും ഒരു സ്ത്രീ ശബ്ദം! അതും, സാധാരണ കേള്‍ക്കാറുള്ള, മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ടിപ്പിക്കല്‍ സ്ത്രീ ശബ്ദങ്ങളില്‍നിന്നും വളരെ വ്യത്യസ്തം! അയാള്‍ വീണ്ടും ഒന്നു മടിച്ചു.
''ശ്ശോ, ഇയാളൊരു പേടിത്തൊണ്ടനാണല്ലേ...'' പെട്ടിക്കുള്ളില്‍ നിന്നും ഇത്തവണ പുച്ഛം കലര്‍ന്ന കളിയാക്കല്‍.
അത് അയാളുടെ അല്‍പ്പം അതിരുകവിഞ്ഞുനിന്ന ആത്മാഭിമാനത്തെ ചെറുതായൊന്ന് മുറിവേല്‍പ്പിച്ചു. എന്തു വേണമെങ്കിലും വന്നോട്ടെ എന്നു കരുതി അയാള്‍ വളരെ ശ്രദ്ധാപൂര്‍വം പൊതിയുടെ ഒട്ടിപ്പുകള്‍ ഓരോന്നായി ഇളക്കിത്തുടങ്ങി. അയാള്‍ പണ്ടേ അങ്ങനെയാണ്. ഒന്നും വെറുതെ കളയുന്നതോ നശിപ്പിച്ചു കളയുന്നതോ അയാള്‍ക്കു സങ്കല്‍പ്പിക്കാനാവില്ല. ആവശ്യമില്ലെങ്കില്‍ പോലും ഇതേ വരെ വാങ്ങിയ എല്ലാ യന്ത്രപ്പാവകളുടെയും ബില്ലും കടലാസ് പെട്ടിയും ഉള്‍പ്പടെ അയാള്‍ സൂക്ഷിച്ചിരുന്നു. അതിന് ഭാര്യയില്‍നിന്ന് ശകാരവും കേള്‍ക്കും. അല്ലെങ്കില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വീട്ടില്‍ സ്ഥലം തികയുന്നില്ല എന്നായിരുന്നു അവളുടെ പരാതി.
പെട്ടിയ്ക്ക് നല്ല കനമുണ്ടായിരുന്നതിനാല്‍ അതു കൈയില്‍ എടുത്തു പെരുമാറാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍, ഭാര്യയെയോ മക്കളെയോ സഹായത്തിനു വിളിക്കാനും അയാള്‍ മടിച്ചു. വളരെ പണിപ്പെട്ട്, ആ പെട്ടി മുറിക്കു നടുവിലേക്ക് വലിച്ചു വെച്ച്, അതിനു ചുറ്റും നടന്നാണ് അയാള്‍ പൊതി അഴിച്ചു തീര്‍ത്തത്. ഈ പണികള്‍ക്കിടയില്‍, തന്റെ കൈ തട്ടി ഒടുവില്‍ വാങ്ങിയ ഒരു യന്ത്രപ്പാവ താഴെ വീണ് കേടുപാടു പറ്റിയത് അയാളെ വിഷമിപ്പിച്ചിരുന്നു.
ഏകദേശം ഇരുപതു മിനിറ്റോളം എടുത്തു, അയാള്‍ ആ പൊതി അഴിച്ചു തീര്‍ക്കാന്‍. ആവേശവും ഉല്‍ക്കണ്ഠയും കാരണം അയാളുടെ കൈകാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് അയാള്‍ പെട്ടിയുടെ മുന്‍വശത്തെ അടപ്പു തുറന്നു. എവിടെ തുറക്കണമെന്ന് ആ പെട്ടിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
അയാള്‍ പെട്ടി തുറന്നു. അതിനുള്ളിലെ കാഴ്ച കണ്ടപ്പോള്‍ ഒരുനിമിഷം അയാള്‍ തന്നെത്തന്നെ മറന്നുപോയി.
''എന്താണ് ഇങ്ങനെ കണ്‍മിഴിച്ചു നോക്കുന്നത്?''
മാധര്യമേറിയ ആ ശബ്ദം അയാളെ വീണ്ടും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു.
സത്യത്തില്‍ അങ്ങനെ ഒരു സ്ത്രീ ബിംബം അതിനു മുമ്പ് അയാള്‍ കണ്ടിട്ടേ ഉണ്ടായിരുന്നില്ല. ഇത്രയേറെ ജീവനുറ്റ, ഇത്രയും മാദകത്വം തുളുമ്പുന്ന, തന്റെ സങ്കല്‍പ്പങ്ങളിലെ സ്ത്രീരൂപത്തിന്റെ അംഗലാവണ്യം അതേ പടി കടഞ്ഞെടുത്തു എന്നു തോന്നിപ്പിക്കുന്ന ബിംബം. അത് ഒരു യന്ത്രപ്പാവ തന്നെയാണോ എന്നു പോലും അയാള്‍ സംശയിച്ചു. താനാഗ്രഹിക്കുന്ന അത്രയും ഉയരമുള്ള, വണ്ണമുള്ള, മുഴുപ്പുള്ള ഒരു പാവ. എത്ര നോക്കിയിട്ടും അയാള്‍ക്കു മതി വന്നില്ല.
''ഹലോ...''
അയാള്‍ ഒന്നു ഞെട്ടി. അവളുടെ തുടകളിലും കണങ്കാലിലുമായി പോരാന്‍ കൂട്ടാക്കാതെ കൊരുത്തു കിടന്നിരുന്ന സ്വന്തം കണ്ണുകളെ പറിച്ചെടുത്ത് അയാള്‍ അവളുടെ കണ്ണുകളിലും ചുണ്ടുകളിലുമായി പ്രതിഷ്ഠിച്ചു.
''ഇത് മീനാക്ഷിയമ്മാള്‍ക്ക് ഉള്ളതാണ്...''
''എ...എ...എന്ത്...?''
വീണ്ടും ഒരു നടുക്കം കൂടി താങ്ങാനുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല.
''ഇത്, ഈ കത്ത്...''
അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവള്‍ പറഞ്ഞു.
അപ്പോഴാണ്, അയാള്‍, അവള്‍ തന്റെ കൈകളില്‍ മുറുക്കിപിടിച്ചിരുന്ന ആ കത്തു കണ്ടത്.
''മീനാക്ഷിക്കോ? കത്തോ? ഇങ്ങുതരൂ, നോക്കട്ടെ?''
''ഇല്ല, ഇത് അവര്‍ മാത്രം വായിക്കേണ്ടതാണ്. മാടനുള്ളതല്ല...''
അവള്‍ കത്തുമായി പെട്ടിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങി. അവളുടെ ഗന്ധം, ശ്വാസനാളങ്ങളിലൂടെ സിരകളിലേക്ക് പടര്‍ന്നിറങ്ങുന്ന ഏതോ ലഹരിയാണോ എന്നു കൂടി അയാള്‍ സംശയിച്ചു.
തന്റെ ഭാര്യയ്ക്ക് താനറിയാതെ ആരു കത്തെഴുതാന്‍...!
''ആ കത്ത് ഇങ്ങൂ തരൂ, ഞാനവള്‍ക്ക് കൊടുത്തേക്കാം...''
അയാള്‍ കൈനീട്ടി. പക്ഷേ അവള്‍ മടിച്ചു.
''ഇല്ല, അവള്‍ കാണാതെ, ഞാനിതു പൊട്ടിച്ചു വായിക്കില്ല. ഉറപ്പ്.''
അവള്‍ കത്ത് അയാള്‍ക്കു വെച്ചുനീട്ടി.
അതു വാങ്ങുന്നേരം അവളുടെ വിരലുകളില്‍ അയാളുടേത് സ്പര്‍ശിച്ചു. വെണ്ണയില്‍ തൊട്ടതുപോലെ അയാള്‍ക്ക് തോന്നി.
''നിന്നെ മരം കൊണ്ട് ഉണ്ടാക്കിയതല്ലേ, പിന്നെ എങ്ങനെ ഇത്രയും മാര്‍ദ്ദവം...''
''അല്ല. മരക്കഷണങ്ങള്‍ കൊണ്ടല്ല, ഹല്‍വാ കഷണങ്ങള്‍ കൊണ്ടാണ് എന്നെ ഉണ്ടാക്കിയത്.''-അവള്‍ മന്ദഹസിച്ചുകൊണ്ട് കണ്ണിറുക്കി.
ഹല്‍വാക്കഷണങ്ങള്‍ കൊണ്ടൊരു യന്ത്രപ്പാവ! അയാള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതു മാത്രമല്ല, അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തതായി പലതും അന്നു സംഭവിച്ചിരുന്നു.
Also Read: വെടിക്കാരത്തി, ബിജു സി പി എഴുതിയ കഥ
അയാളെ നോക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ പ്രണയം ജ്വലിക്കുന്നുണ്ടായിരുന്നു
..........................................
ഒരു യന്ത്രപ്പാവയും അന്നേവരെ അയാളുടെ വിരലുകളുടെ ചലനങ്ങള്‍ക്കപ്പുറത്തേക്ക് ചലിച്ചിട്ടുണ്ടായിരുന്നില്ല. ഒരു യന്ത്രപ്പാവയും ഇത്രയേറെ ജീവസ്സുറ്റതായിരുന്നില്ല. ഒരു യന്ത്രപ്പാവയും തന്നെ അനുസരിപ്പിച്ചിട്ടില്ല. ഒരു യന്ത്രപ്പാവയ്ക്കും ഇത്രയേറെ മാദകത്വവും മദിപ്പിക്കുന്ന ഗണവും മൃദുലതയും ഉണ്ടായിരുന്നില്ല!
താന്‍ സ്വപ്‌നം കാണുകയാണോ എന്നു പോലും അയാള്‍ക്കു തോന്നി. ഈ പാവയ്ക്കു മുന്നില്‍ താന്‍ മറ്റൊരു പാവയാവുകയാണോ എന്നുമയാള്‍ സംശയിച്ചു.
കത്ത് അയാള്‍ തിരിച്ചും മറിച്ചും നോക്കി. അതിനു പുറത്ത് ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.
''സ്വീകര്‍ത്താവ്
മീനാക്ഷിയമ്മാള്‍
മികവില്‍ മേച്ചേരിമന.
അതും അയാള്‍ക്ക് അതിശയമായി. ആരാണിപ്പോള്‍ From, To ഒക്കെ വിട്ട് സ്വീകര്‍ത്താവ് എന്നൊക്കെ എഴുതുക? ആരാണിന്ന് അവളുടെ അമ്മാത്തെ വീട്ടുപേരില്‍ കത്തയക്കുക? സ്ഥലവിവരവും വിലാസവും എഴുതാതിരുന്നത് അത് കൈയില്‍ തരുന്നതു കൊണ്ടായിരിക്കും. അയാള്‍ കത്ത് തന്റെ മേശപ്പുറത്തുവെച്ചു.
എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് അയാള്‍ പെട്ടെന്ന് തിരിഞ്ഞത്. നോക്കുമ്പോള്‍ അവള്‍, ആ യന്ത്രപ്പാവ, നിലത്തുവീണു പരിക്കേറ്റു കിടക്കുന്ന മറ്റേ യന്ത്രപ്പാവയില്‍ തട്ടി വീഴാന്‍ പോകുന്നു. ഒരു നിമിഷാര്‍ദ്ധം കൊണ്ട് അയാള്‍ കൈയെത്തി അവളെ കൈയില്‍ കോരിയെടുത്തു. അവള്‍ നിലം തൊടുന്നതിനു മുമ്പു തന്നെ.
തന്റെ കഴിവില്‍ അയാള്‍ക്ക് ഒരല്‍പ്പം അഭിമാനം തോന്നി. വളരെ ഒതുക്കത്തോടെ, ലാഘവത്തോടെ തന്റെ ഒരു കൈ കൊണ്ട് അയാളുടെ ചുമലില്‍ ചുറ്റി, മറുകൈ അയാളുടെ തോളില്‍ വെച്ച്, അയാളുടെ മിടിക്കുന്ന നെഞ്ചോടു ചേര്‍ത്ത് വിലങ്ങനെ കിടന്നുകൊണ്ട് അവള്‍ പുഞ്ചിരിച്ചു. എന്നിട്ട് സ്വകാര്യമായി അയാളുടെ ചെവിയില്‍ പറഞ്ഞു.
''എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ വെച്ചേറ്റവും പ്രണയാര്‍ദ്രമായ നിമിഷമാണ് ഇത്. നന്ദി...''
അയാള്‍ അവളെ പതുക്കെ അങ്ങനെ തന്നെ കൊണ്ടുപോയി കിടക്കയില്‍ കിടത്തി. അവളുടെ തല കൈ കൊണ്ട് താങ്ങി, ചരിഞ്ഞുകിടന്ന് കൊണ്ട് അയാളെ നോക്കി. അവള്‍ വീണ്ടും പുഞ്ചിരിച്ചു.
വാതിലില്‍ മുട്ടുകേട്ടു. ഭാര്യയാണ്. അവളോട് എന്തു പറയും എന്ന ആശങ്കയിലായി മാടസ്വാമി.
''എന്താണ്...?'' അയാള്‍ വിളിച്ചു ചോദിച്ചു.
''ഞാന്‍ അമ്മാത്തുവരെ പോകുന്നു. വരാന്‍ കുറച്ചു ദിവസമാകും. ഞാന്‍ പറഞ്ഞിരുന്നതാണല്ലോ, ഒന്നീ വാതില്‍ തുറക്കാമോ?''
''ആ ശരി. എനിക്കിവിടെ അല്‍പ്പം പണിയുണ്ട്. നീ പോയിക്കൊള്ളൂ. പോകുമ്പോള്‍ പൂമുഖ വാതില്‍ ചാരിയിരുന്നാല്‍ മതിയാകും.''
പൂമുഖവാതില്‍ തുറക്കുന്നതിന്റെയും അടയുന്നതിന്റെയും ശബ്ദം കേട്ടപ്പോഴാണ് അയാള്‍ക്ക് സമാധാനമായത്.
അയാള്‍ വാതിലിനടുത്തുനിന്നും കട്ടിലിനടുത്തേക്ക് ചെന്ന് അവള്‍ക്കു സമീപം ഇരുന്നു.
''േപടിച്ചുപോയോ?''
''ഏയ്, ഇല്ല...''
''ഈ ചില്ലലമാരകളിലെ പെട്ടികളിലൊക്കെ എന്താണ്...?''
''ഒക്കെ ഓരോരോ സാധനങ്ങളാണ്.''
അതൊക്കെ പാവകളാണ് എന്ന് അവളെ അറിയിക്കാന്‍ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു.
''ഞാന്‍ കാല്‍തട്ടി വീഴാന്‍ പോയ മരപ്പാവ...അതുപോലെ ഇനിയുമുണ്ടോ? അതു വല്ലാതെ കേടായി എന്നു തോന്നുന്നു...''
''ആ ഒരു പാവ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, അതിന്റെ സോഫ്റ്റ് വെയറിന് എന്തോ കുഴപ്പം. നില്‍ക്കാനുള്ള ബട്ടന്‍ അമര്‍ത്തിയാല്‍ അതിരിക്കും. പാടാനുള്ള ബട്ടന്‍ അമര്‍ത്തിയാല്‍ പുലഭ്യം പറയും. അതിനെക്കൊണ്ട് സഹിക്കാണ്ടായിരുന്നു. ഇപ്പോള്‍ വീണു പരിക്കുമായി. സത്യത്തില്‍ ഞാന്‍ ആകെ വിഷമിച്ചിരുന്ന സമയമായിരുന്നു. ''
''ഇനി ആ പാവയെ എന്തു ചെയ്യും? നന്നാക്കാന്‍ കൊടുക്കുന്നോ?
''ഇല്ല, തല്‍ക്കാലം അതവിടെ ഇരിക്കട്ടെ. നന്നാക്കണം...''
അയാളെ നോക്കുമ്പോള്‍ അവളുടെ കണ്ണുകളില്‍ പ്രണയം ജ്വലിക്കുന്നുണ്ടായിരുന്നു. ഒരു യന്ത്രപ്പാവയുടെ കണ്ണുകളില്‍ അങ്ങനെയൊരു ഭാവം കാണുന്നതും അയാള്‍ ആദ്യമായായിരുന്നു.
ഇനി ഒരു പക്ഷേ, താനതു കാണാതെ പോയതാവുമോ? എല്ലാ യന്ത്രപ്പാവകളും ഉണ്ടാക്കപ്പെടുന്നത് പ്രണയാര്‍ദ്ര നയനങ്ങളുമായാണോ? അയാള്‍ സംശയിച്ചു.
അവളുടെ ഭാവം, നോട്ടം, ചലനം, ഒക്കെ അയാളില്‍ കൂടുതല്‍ കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇവള്‍ ആര്? ഒരു പാവ തന്നെയോ? ഇവിടെ എങ്ങനെ എത്തി? അങ്ങനെ ഒരു കുന്നു സംശയങ്ങള്‍.
''നിനക്ക് പേരുണ്ടോ?'' അയാള്‍ ചോദിച്ചു.
''ഞാന്‍ ജ്വാല...''
''നല്ല പേര്. നിന്റെ കണ്ണുകളിലെ തീ കണ്ടിട്ട് ഇട്ട പേരു പോലുണ്ട്...''
അവള്‍ മന്ദഹസിച്ചു.
അയാള്‍ എഴുന്നേറ്റുപോയി അവള്‍ വന്ന കടലാസ് പെട്ടി പെരിശോധിക്കാന്‍ തുടങ്ങി.
''Net weight 67 Kg..''
''This side up''
ജ്വാല എന്ന് ഒരു ഭാഗത്ത് വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. അതിനടിയിലായി കമ്പനിയുടെ മേല്‍വിലാസവും എവിടെ ഉണ്ടാക്കിയതാണെന്നും.
'Made in Japan' എന്നെഴുതിയതില്‍ അയാളുടെ കണ്ണുകള്‍ തറച്ചുനിന്നു.
''ഊം വെറുതെയല്ല, പണിത്തരത്തിന് ഇത്ര മികവ്. എങ്കിലും 67 കിലോ എത്ര അനായാസമായി ഞാനെടുത്തു. ഭാഗ്യം, ദൈവമേ, ഇവള്‍ ഒരു പാവ തന്നെ...''
''പരിശോധനയൊക്കെ കഴിഞ്ഞോ...? ഇപ്പോള്‍ വിശ്വാസമായോ?''
മാടസ്വാമി വീണ്ടും ചെന്ന് അവള്‍ക്കരികിലായി തലകുമ്പിട്ട് ഇരുന്നു. അവള്‍ ചാരിക്കിടന്നുകൊണ്ട് തന്നെ അയാളുടെ താടിയില്‍ പിടിച്ച് തലയുയര്‍ത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി.
പെട്ടെന്ന് അവള്‍ ഉയര്‍ന്ന് അയാളെ പുണര്‍ന്നു. അവള്‍ അയാളെ തുരുതുരാ ചുംബിക്കാന്‍ തുടങ്ങി.
''നീ എത്ര സുന്ദരനാണ്, എനിക്ക് നിന്നെ വേണം.'' അവള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
മാടസ്വാമിക്ക് താന്‍ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് എത്തപ്പെട്ടതായി തോന്നി. എത്ര മണിക്കൂറുകള്‍ കഴിഞ്ഞാണ് താന്‍ ഉണര്‍ന്നത് എന്ന നിശ്ചയം പോലും അയാള്‍ക്ക് ഉണ്ടായിരുന്നില്ല. അതേ ആലസ്യം കലര്‍ന്ന പുഞ്ചിരിയോടെ, അല്‍പ്പം ക്ഷീണിതയായി വിവസ്ത്രയായി ഉയര്‍ത്തിവെച്ച തലയ്ക്കു താങ്ങായി സ്വന്തം കൈകുത്തി ചെരിഞ്ഞ് അടുത്തു തന്നെ കിടപ്പുണ്ടായിരുന്നു, ജ്വാല.
Also Read: ചില്ലുമാളങ്ങള്‍, ആരതി അശോക് എഴുതിയ കഥ
ഞാന്‍ പൂര്‍ണ്ണയായ ഒരു സ്ത്രീയാണ്. എനിക്കൊരിക്കലും പാവ മാത്രമായിരിക്കാന്‍ കഴിയില്ല
............................................
''നിനക്ക് റെഡ് ബുള്ളിന്റെ സ്വാദായിരുന്നു. എനിക്ക് വല്ലാതെ ദാഹിച്ചിരിക്കുകയായിരുന്നു. നന്ദി...''നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവള്‍ കണ്ണിറുക്കി.
''നിന്നോടു അനുവാദം ചോദിക്കാതെ നിന്നെ മുഴുവനായി ഞാന്‍ സ്വന്തമാക്കി അല്ലേ...''അവള്‍ വീണ്ടും ചോദിച്ചു.
''സെക്‌സ് ഇത്ര ആസ്വാദ്യകരമായിരുന്നുവെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല...'അയാള്‍ സംതൃപ്തിയോടെ പ്രതിവചിച്ചു.
''നീ ഇതുവരെ ചെയ്തത് സ്വയം ഭോഗം. ഇന്നു ചെയ്തത് സംഭോഗം. അതാണ് വ്യത്യാസം.''
അവള്‍ പറഞ്ഞത് വളരെയധികം ശരിയാണെന്ന് അയാള്‍ക്കു തോന്നി. അയാള്‍ പുച്ഛത്തോടെ ചില്ലലമാരകളിലെ കടലാസു പെട്ടികളിലേക്ക് നോക്കി. എന്നിട്ട് താഴെ വീണു കിടന്ന യന്ത്രപ്പാവയെ ജനലിനു പുറത്തേക്കു കളഞ്ഞു.
ഇതാ, ഇന്നിപ്പോള്‍ ഒരു യന്ത്രപ്പാവ വന്ന് തന്റെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. തനിക്ക് ഒരു പാവയോട് പ്രണയം തോന്നിത്തുടങ്ങിയിരിക്കുന്നു. താന്‍ അവളുടെ വിരല്‍ ചലിക്കുന്നതിന് അനുസരിച്ച് ചലിക്കുന്ന ഒരു പാവയായി മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ അതില്‍ അയാള്‍ക്ക് വല്ലാത്ത ഒരു സുഖമാണ് തോന്നിയത്.
കൊഴിഞ്ഞുപോയ ദിവസങ്ങള്‍ എത്രയെന്ന് അയാള്‍ക്ക് തിട്ടപ്പെടുത്താനാവുന്നുണ്ടായിരുന്നില്ല. സമയം ഇല്ലാത്ത ഏതോ ഒരു ലോകത്തായിരുന്നു അയാള്‍. സമയം ഒരിക്കലും നീങ്ങരുതേ എന്നായിരുന്നു അയാളുടെ പ്രാര്‍ത്ഥന.
''നിനക്ക് എന്റെ ആകാമോ?'' ഒരു ദിവസം അവള്‍ ചോദിച്ചു.
''ഞാന്‍ ഇപ്പോള്‍ നിന്‍േറത് തന്നെയല്ലേ...?''
''അല്ല, എന്റെ ഭര്‍ത്താവ്...''
''യന്ത്രപ്പാവകള്‍ വിവാഹം കഴിക്കുമോ? നിനക്ക് ഭര്‍ത്താവോ?''
വിഡ്ഡി, ഞാന്‍ വെറുമൊരു യന്ത്രപ്പാവയല്ല എന്ന് നിനക്കിനിയും മനസ്സിലായില്ലേ? ഞാന്‍ പൂര്‍ണ്ണയായ ഒരു സ്ത്രീയാണ്. എനിക്കൊരിക്കലും പാവ മാത്രമായിരിക്കാന്‍ കഴിയില്ല. പക്ഷേ, എനിക്കറിയാം, ഒരിക്കലും നിനക്കെന്നെ ഒരു പാവയ്ക്കപ്പുറം സങ്കല്‍പ്പിക്കാനാവില്ല എന്ന്...''
അയാള്‍ക്ക് അപ്പോള്‍ എന്തു കൊണ്ടോ മീനാക്ഷിയമ്മയുടെ ഓര്‍മ്മ വന്നു. തന്റെ കുട്ടികള്‍...
ദൈവമേ...പക്ഷേ, ഇവള്‍...അവള്‍ക്കു വേണ്ടി ഒരു മരപ്പാവ പോലുമാവാന്‍ അയാള്‍ തയ്യാറായിരുന്നു.
അയാള്‍ ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാല്‍ അവള്‍ ഒരു പാവയല്ല എന്നു വിശ്വസിക്കാനും അയാള്‍ക്കായില്ല.
''നീ ഒരിക്കലും എന്നോട് ഒരു പാവയായി അല്ല പെരുമാറിയത്. പൂര്‍ണ്ണയായ ഒരു സ്ത്രീ ആയിത്തന്നെ. പക്ഷേ, ഞാന്‍ എന്തു ചെയ്യും? എന്റെ പാവം ഭാര്യ, കുട്ടികള്‍...''
''ആയിക്കോളൂ, നിനക്ക് വെറും പാവകളെയേ ആവശ്യമുള്ളൂ. ഞാന്‍ പോകുന്നു..''
അവള്‍ ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ വാതില്‍ തുറന്ന് വലിച്ചടച്ച് നടന്നകന്നു.
അയാളുടെ മനസ്സിനെ വല്ലാത്ത ഒരു ശൂന്യത ബാധിച്ചു. തനിക്ക് ആരുമില്ലാത്തതായി അയാള്‍ക്ക് തോന്നി.
മനസ്സ് ഒരു മരപ്പാവയുടേതായിരുന്നു. മേശപ്പുറത്തിരുന്ന ആ കത്ത് അയാളുടെ ശ്രദ്ധയില്‍ വീണ്ടും പെട്ടു. അയാള്‍ അത് തുറന്നുനോക്കി.
ഒരൊറ്റ വരിയേ അതില്‍ എഴുതിയിരുന്നുള്ളൂ...
''ഒരു പാവയാണ് നീയെന്ന് കരുതരുത്..''
വാതില്‍ തുറന്ന് ലക്ഷ്യമില്ലാതെ നടന്നുതുടങ്ങിയ അയാള്‍ ചെന്നുകയറിയത് യന്ത്രപ്പാവകള്‍ വില്‍ക്കുന്ന ഒരു വലിയ കടയിലേക്കായിരുന്നു. അതിന്റെ വലിയ കണ്ണാടിച്ചില്ലുകള്‍ കൊണ്ടുണ്ടാക്കിയ പുറം ചുമരില്‍ വിവിധ രൂപങ്ങളിലുള്ള യന്ത്രപ്പാവകളുടെ മുഖചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. ഉള്ളില്‍ ചില്ലലമാരകളില്‍ ആള്‍വലിപ്പത്തിലുള്ള പാവകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
''സര്‍, എന്താ വേണ്ടത്..?''
ഒരു സെയില്‍സ്മാന്‍ വന്ന് വിനയത്തോടെ ചോദിച്ചു.
''ഉം...ഒരു പാവ. അതിനു ഞാന്‍ പറയുന്നത് മനസ്സിലാവണം.''
''സര്‍, അങ്ങനെയെങ്കില്‍ സാറിനു വേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള പാവകളാണ്. അവര്‍ അറിഞ്ഞ് എന്തും ചെയ്തുകൊള്ളും.''
''പക്ഷേ, അതിനു വികാരങ്ങളുണ്ടാവുമോ?''
''സര്‍''
''എന്നു വെച്ചാല്‍ സെന്റിമെന്റ്‌സ്. ഒരു പെണ്ണിനെപ്പോലെ ഉള്ള ഫീലിംഗ്‌സ്. അങ്ങനെ?..''
''സര്‍, നമ്മള്‍ പ്രോഗ്രാം ചെയ്തിരിക്കുന്ന പ്രകാരം ഇവയ്ക്ക് അങ്ങനെയുള്ള വികാരമില്ല. ചിരിക്കും. ആസ്വദിക്കും. പക്ഷേ, കരയില്ല. എന്തു കാര്യവും നിങ്ങള്‍ക്ക് അവയോട് പറയാം, വിശ്വസിക്കാം.
''അതു കൊള്ളാമെന്നു തോന്നുന്നു.''
''സര്‍, ഇതു വളരെ നല്ലതാണ്. പുതിയതായി വന്നതാണ്. ഇതു നിങ്ങളെ ജോലിയിലും സഹായിക്കും. മാത്രമല്ല, സാറിനറിയാമല്ലോ..''പകുതിക്കു നിര്‍ത്തി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു കൊണ്ട് അയാള്‍ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു. ''കാര്യങ്ങളൊക്കെ നടക്കും...''
''ഇതു മതി. പായ്ക്കു ചെയ്‌തോളൂ. ആ പിന്നെ എന്താ ഇതിന്റെ പേര്...?''
''യന്ത്രപ്പാവയ്ക്ക് എന്തു പേര് സര്‍? നമ്പര്‍ ആണുള്ളത്. JR 13. സാറിന് ഇഷ്ടമുള്ള പേരിട്ട് വിളിച്ചോളൂ.''
''ഇത് എവിടെ ഉണ്ടാക്കിയതാണ്?''
''ജപ്പാനില്‍ തന്നെ സര്‍...'
''ഇനി ഇതിന്റെ ആവശ്യം കഴിഞ്ഞാല്‍...?''
''ഇതിന് സെല്‍ഫ് ഡിസ്ട്രക്ഷന്‍ മോഡ് ഉണ്ട് സര്‍. നിങ്ങള്‍ക്ക് ആവശ്യമില്ല എന്ന ഇന്‍സ്ട്രക്ഷന്‍ കൊടുത്താല്‍ മതി. അത് സ്വയം നശിച്ചോളും.''
''ഒകെ. വളരെ നല്ലത്. എന്താണ് ഇതിന്റെ വില?''
''സര്‍, പറയാം. ഒരു നിമിഷം.''
സെയില്‍സ്മാന്‍ ബില്ലിംഗ് കൗണ്ടറിനടുത്തേക്ക് പോയി.
പാവയെ നോക്കിനിന്നപ്പോള്‍ അതിന്റെ കണ്ണില്‍നിന്നും ഒരിറ്റു കണ്ണുനീര്‍ പൊടിയുന്നത് പോലെ അയാള്‍ക്ക് തോന്നി.
''വെറുതെ തോന്നിയതാവാം.''
ആത്മഗതം ചെയ്തു കൊണ്ട് അയാള്‍ ബില്ലിംഗ് കൗണ്ടറിനടുത്തേക്ക് നടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...