Malayalam Short Story : തേജസ്വിനിയുടെ അമ്മ, ഹരിനായര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹരിനായര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇതു തന്നെയാവും വീട്.
വാഹനങ്ങളോടാത്ത വെട്ടുവഴിയിലൂടെ കുറച്ചേറെ ദൂരം നടന്നിരിക്കുന്നു. പടര്‍പ്പന്‍ പുല്ലുകളും പാഴ്‌ച്ചെടികളും നിറഞ്ഞു നില്ക്കുന്ന തൊടി കാഴ്ച്ചാ ദൂരത്ത് എത്തിക്കഴിഞ്ഞു. വെട്ടുവഴിയില്‍നിന്നും മുകളിലേക്ക് കുത്തുകല്ലുകള്‍ മാത്രം ആധാരമായിട്ടുള്ള തൊടി. കുത്തുകല്ല് ഇഷ്ടപ്പെടാത്തവര്‍ക്ക് പറമ്പൊന്നുചുറ്റി പാതിയിലേറെ ചെല്ലുമ്പോള്‍ വീടിന്റെ പിന്നാമ്പുറത്തെത്തുന്ന 'തൊണ്ട്' (നിരപ്പില്ലാത്ത് ഇടവഴി) വഴി കയറിപ്പോകാനാവും.
കുത്തുകല്ലുകയറി മുകളിലെത്തുമ്പോള്‍ കാപ്പിച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന പറമ്പിനോരത്ത്, വെണ്‍തേക്കും ഈട്ടിയും കൊണ്ടു പണി തീര്‍ത്ത് പഴയ വീട്. ഓടും തടിമച്ചുമിട്ട ആ വീട്, ശീതീകരണിയെ വെല്ലുമത്രെ. അറയും പത്തായവും പ്രതാപത്തിനു മാറ്റുകൂട്ടും. കൊയ്ത്തുകാലങ്ങളില്‍ നെല്ലുകൊണ്ട്, പത്തായത്തിന്റെ പള്ള വീര്‍ക്കും. ഐശ്വര്യത്തിന്റെ മാറ്റൊലിപോലെ കാലാകാലങ്ങളില്‍ പൂത്തുനില്ക്കുന്ന കാപ്പിപ്പൂക്കളുടെ സൗരഭ്യം മൂക്കിലടിച്ചുകയറി സ്വര്‍ഗ്ഗലോകത്തിന്റെ വാതായനങ്ങര്‍ തുറക്കുമത്രെ. കാപ്പിച്ചെടികര്‍ക്കിടയില് യഥേഷ്ടം ജലലഭ്യമായ ഒരു ഊക്കന്‍ കിണര്‍.
അതിലേക്കെത്തിനോക്കിയാല്‍ പളുങ്കുനിറമാര്‍ന്ന കിണര്‍വെള്ളത്തിന്റെ അടിയില്‍, വെയിലടിച്ചാല്‍ തിളങ്ങുന്ന കരിമ്പാറകള്‍ തീര്‍ത്ത അടിത്തട്ടു കാണാം. കന്നും കന്നിന്‍കിടാവും ഒഴിയാത്ത തൊഴുത്തുണ്ടാവും. കഴുത്തില്‍ മണികെട്ടി, പറമ്പാകെ പാഞ്ഞു നടക്കുന്ന കാളക്കുട്ടനോ പശുക്കുട്ടിയോ ഉണ്ടാവും. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കുഴിമാടത്തിനുമുകളില്‍ കുലകള്‍ ഞാന്നുകിടക്കുന്ന തൈത്തെങ്ങുകള്‍ ഉണ്ടായേ തീരു. കാലമിത്രയുമായ സ്ഥിതിക്ക് അമ്മക്ക് അല്പം സ്ഥൂലമായ ശരീരമുണ്ടാകാം. എങ്കിലും അമ്മയുടെ ശരീരത്തില്‍ വടിവൊത്തു പറ്റിക്കിടക്കുന്ന പളുപളുത്ത ഉടുവസ്ത്രം, അമ്മയുടെ തേജസ്സ് വര്‍ദ്ധിപ്പിച്ചിരിക്കാനേ തരമുള്ളു. കാശുമാലയോ പാലയ്ക്കാ മാലയോ ആ മാറിന്മുകളില്‍ തിളങ്ങുന്നുണ്ടാകും. ഒരിക്കലും ധരിക്കാന്‍ മറക്കാത്ത വലിയ കുങ്കുമപ്പൊട്ട്, ആ നെറ്റിയില്‍ ഉദയസൂര്യനുതുല്യം തെളിഞ്ഞുനില്‍ക്കുന്നുണ്ടാകും.
അമ്മ കണ്ണെഴുതാറില്ല. ആരേയും ആകര്‍ഷിക്കാന് കെല്‍പ്പുള്ള ആ കണ്ണിന്റെ തിളക്കം നഷ്ടപ്പെടുന്നത് അമ്മക്കിഷ്ടമല്ലത്രെ.
പുറപ്പെടുമ്പോള്‍ അച്ഛന് തേജസ്വിനിക്കു നല്‍കിയ, അമ്മയേയും അമ്മയുടെ വീടിനേയും പറ്റിയുള്ള വാഗ്മയചിത്രങ്ങള്‍ ഇത്രയുമായിരുന്നു.
ആ നാടിനെപ്പറ്റി അച്ഛന് കാര്യമായ ഓര്‍മ്മയൊന്നുമില്ല. അമ്മയെ വിവാഹം കഴിച്ച് അച്ഛന്‍ ആ നാട്ടിലെത്തിയെങ്കിലും, ജോലിത്തിരക്കിന്റെ തീവ്രതയില്‍ അച്ഛന് ആ നാടിനെയോ നാട്ടുകാരെയോ പരിചയപ്പടാന്‍ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ അച്ഛന് അവിടെ തങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. അമ്മയെയുമായി അച്ഛന് ജോലിസ്ഥലത്തേക്ക് വേഗം തന്നെ മടങ്ങിയിരുന്നു. ഉത്തരേന്ത്യയിലെ ജീവിതം, അമ്മക്കും ഒട്ടൊരു ഉത്തരേന്ത്യന്‍ സംസ്‌കാരം നേടിക്കൊടുത്തിരുന്നു. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ ഭാര്യക്ക് എവിടെയും മതിപ്പുണ്ടായിരുന്നു. അല്‍പം ചില പൊതുകാര്യങ്ങളിള്‍ ഇടപെടാതിരിക്കുവാനും ആകുമായിരുന്നില്ല. ഉന്നതന്മാരോടൊപ്പം പാര്‍ട്ടികളിലും സുഹൃദ്ബന്ധങ്ങളിലും സജീവമായിത്തന്നെ പങ്കെടുക്കുവാന്‍ അമ്മക്കു മടിയുണ്ടായിരുന്നില്ല. അങ്ങിനെ, ഒരു കോക് ടെയില്‍ പാര്‍ട്ടിയിലോ, വലിയ തുകകളുടെ ചൂതാട്ട കേന്ദ്രങ്ങളിലോ കുതിരപ്പന്തികളിലോ അച്ഛനൊപ്പം അമ്മയും സ്വാതന്ത്ര്യത്തോടെ പങ്കെടുത്തിരുന്നു. പക്ഷെ, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജന്മനാട്ടിലെത്തുന്ന അമ്മ അതിവിദഗ്ധമായിത്തന്നെ, ആ ചുറ്റുപാടുകളില്‍ ഇഴുകിച്ചേരുകയും ചെയ്തു.
പക്ഷെ, ജീവിതവും ചൂതുകളിയായി മാറിപ്പോയത്, ഇരുവരും അറിഞ്ഞു വരുമ്പോഴേക്കും വൈകിപ്പോയിരുന്നു. അച്ഛന്‍ എന്നും ഉത്തരവാദിത്വത്തോടെ ചെയ്തുപോന്ന ജോലിയും അംഗീകാരവും നഷ്‌പ്പെടാതെ കാത്തുസൂക്ഷിച്ചു പോന്നിരുന്നുവെങ്കിലും, സ്ഥാപനത്തിന്റെ തലപ്പത്തിരുന്നവര്‍ നല്ല ചൂതാട്ടം തന്നെ നടത്തുകയും. വന്‍ തുകയ്ക്ക് ആരോരുമറിയാതെ സ്ഥാപനം വിറ്റഴിക്കുകയും ചെയ്തു. പുതിയവര്‍ക്ക്, അച്ഛന്റെയും മറ്റു ചിലരുടെയും സേവനം ആവശ്യമില്ലായിരുന്നു. ഒന്നുമൊന്നുമില്ലാതെ, അച്ഛന്, ആ സ്ഥാപനത്തില്‍നിന്നും പുറത്താക്കപ്പെട്ടു. പുതിയ ജോലിയൊന്നും, അച്ഛന്റെയും അമ്മയുടെയും ഇതുവരെ കഴിഞ്ഞുപോന്ന ജീവിത്തിന്റെ അടിത്തറയുറപ്പിക്കുവാന്‍ പ്രാപ്തമായിരുന്നില്ല. അലോസരതകളും, പിണക്കങ്ങളും ഒടുവില്‍, അച്ഛനെയും അമ്മയെയും ജീവിതത്തില്‍നിന്നും അടര്‍ത്തിമാറ്റി. അവക്കിടയില്‍ തേജസ്വിനി, ഒരു പ്ലവം പോലെ ഒഴുകി നടന്നു. ഒരുനാള്, പൊട്ടിച്ചിരിക്കാന്‍ പഠിച്ചുതുടങ്ങിയ തേജസ്വിനിയെ, പിതാവിന്റെ സവിധത്തില് ഉപേക്ഷിച്ചിട്ട്, അമ്മ, ഏകയായി നാട്ടിലേയ്ക്ക് മടങ്ങി.
തേജസ്വിനി, അച്ഛനൊപ്പം വളര്‍ന്നു. ഓര്‍മ്മകളില്‍ ഇല്ലാത്ത അമ്മയേപ്പറി അവള്‍ക്ക് കാര്യമായ ധാരണയൊന്നും ഇല്ലായിരുന്നു. മനപ്പൂര്‍വ്വമോ എന്തോ, അച്ഛനും, അത് ഒരിക്കലും അവിടെ ചര്‍ച്ചാവിഷയമാക്കിയുമില്ല. ചെറിയ വരുമാനംകൊണ്ട് ജീവിക്കുവാന്‍ അച്ഛനും പഠിച്ചു കഴിഞ്ഞിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തേജസ്വിനിക്ക് അമ്മയെ കാണുവാനുള്ള ആഗ്രഹം ഉണ്ടായത് യാദൃശ്ചികമായിട്ടായിരുന്നു. എവിടെ നിന്നൊ തന്റെ മനസ്സില്‍ പതിച്ച വെറുമൊരു കിരണം. അച്ഛന്‍ എതിരു നിന്നില്ല. അമ്മയെപ്പറ്റി, അച്ഛനുണ്ടായിരുന്ന പ്രതീക്ഷകളും, ഓര്‍മ്മകളും പങ്കുവെച്ച്, മകളെ യാത്രയാക്കി.
ഓര്‍മ്മകളുടെ മായാലോകത്തില്‍, താന്‍ കുത്തുകല്ല് കയറിക്കഴിഞ്ഞത്, തേജസ്വിനിപോലും അറിഞ്ഞില്ല. ഉണങ്ങിയും പഴുത്തും നില്ക്കുന്ന കാട്ടുപുല്ലുകള്‍ ഹരിതാഭ പടര്‍ത്തിയിരുന്നില്ല. കാപ്പിച്ചെടികള്‍, റബ്ബര് തൈകള്‍ക്കു വഴിമാറിക്കഴിഞ്ഞിരുന്നു. തൊഴുത്തും കന്നും കുട്ടികളും, സ്മൃതികളിലെവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു. ആഴമുള്ള കിണര്‍ തട്ടിട്ടു മൂടിയിട്ട്, അതില്‍നിന്നും വെള്ളം വലിച്ചെടുക്കുവാന്‍ ഒരു യന്ത്രം സ്ഥാപിച്ചിരുന്നു. അതുകൊണ്ട് പളുങ്കിനെ വെല്ലുന്ന വെള്ളമോ അടിത്തട്ടോ കാണുവാന് കഴിഞ്ഞില്ല. പക്ഷേ, അപ്പോഴേക്കും, അവളുടെ പാദങ്ങള്‍ തരളിതമാകുകയും, അമ്മയെത്തേടിയുള്ള നടത്തയ്ക്ക് വേഗം കൂടുകയും ചെയ്തു. തടിപ്പണികളുണ്ടായിരുന്ന, പഴയവീട്, പൊളിച്ചു പണിത്, ഒരു മാളികയായി മാറിയിരുന്നു. എങ്കിലും, അവിടെ പുത്തനുടുത്ത്, പ്രകാശിച്ചുനില്ക്കുന്ന അമ്മയുടെ ചിത്രം അവളെ മനസാ കൊതിപ്പിച്ചു. പിന്നെ ഓടുന്നതുപോലെയായി നടത്ത. അപ്രതീക്ഷിതമായി കടന്നുവരുന്ന അതിഥിയെ അമ്മ എങ്ങിനെ സ്വീകരിക്കുമെന്നൊന്നും അവള്‍ ചിന്തിച്ചേയില്ല. ഒടുവില്‍ വീടെത്തുകയും, മണിമുറ്റത്ത്, അമ്മയെ ഓര്‍ത്ത് ഒരു നിമിഷം നില്‍ക്കുകയും ചെയ്തു. അപ്പോഴേക്കും സ്ഥൂലയായ ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. പക്ഷെ, അവര്‍ക്ക് തേജസ്വിനിയുടെ അമ്മക്കുണ്ടാകേണ്ടത്ര പ്രായമില്ലായിരുന്നു.
''ആരാ....''
തേജസ്വിനിയുടെ മുഖം വിവര്‍ണ്ണമായി. താന്‍ എത്തിയത് തെറ്റായ ഇടത്തിലാണോ. സംശയം ചോദിക്കാന്‍ വീട്ടുപേര് അച്ഛന് പറഞ്ഞു തന്നിരുന്നില്ല. വലിയ മറവി.
''ഞാന് തേജസ്വിനി. എന്റെ അമ്മ ഇവിടെ താമസിച്ചിരുന്നു...'' -ഒരു ധൈര്യത്തില് പറഞ്ഞൊപ്പിച്ചതാണ്.
''നേരത്തെ ഒരാള്‍ ഇവിടെ താമസിച്ചിരുന്നു. വരൂ. അകത്തേക്കു വരൂ. വിശദമായി സംസാരിക്കാം...''
തേജസ്വിനി അവര്‍ക്കൊപ്പം തളത്തിലെത്തുകയും, ക്ഷീണിതയായി ഇരുന്നുപോകുകയും ചെയ്തു.
ആതിഥ്യമര്യാദയോടെ അവര് അവള്‍ക്ക് തണുത്ത പഴച്ചാറ് നല്‍കി. ഒപ്പമിരുന്നു.
''ഞങ്ങള്‍ ഈ വീടു വാങ്ങിയതാണ്. മദ്ധ്യവയസ്‌കയായ ഒരു സ്ത്രീയില്‍നിന്നും.''
''അതെന്റെ അമ്മയാകും...''
''ആവാം, അല്ലായിരിക്കാം... ഏതായാലും അവര്‍ ദൂരെയൊന്നും പോയിട്ടില്ല...''
പെട്ടെന്നു പൊട്ടിവന്ന ഉല്‍ക്കണ്ഠയോടെ തേജസ്വിനി ചോദിച്ചു.
''അവര്‍ എവിടെയാണ്....''
തേജസ്വിനിയെയും കൂട്ടി പുറത്തേയ്ക്കിറങ്ങി, അവര്‍ ആ പറമ്പിന്റെ ഒരു മൂലയിലേയ്ക്ക് വിരല്‍ ചൂണ്ടി.
''അവിടെ...അവര്‍ക്കു കുറച്ചുകാലമായി നല്ല ഓര്‍മ്മയില്ല. ആഹാരം ഞങ്ങള്‍ കൊടുത്തയക്കാറുണ്ട്, ചിലപ്പോള്‍ കഴിക്കും, ചിലപ്പോര്‍ ഭയപ്പാടോടെ അതു കുഴിച്ചുമൂടും. ആരെ കണ്ടാലും നിശ്ശബ്ദമായി പുഞ്ചിരിക്കും. അതൊക്കെത്തന്നെ.. കുട്ടിയെ അറിയുമെന്നും തോന്നുന്നില്ല...''
''അങ്ങിനെയാവില്ല..''
അവിടെ, വെട്ടുകല്ലുകളും, ഷീറ്റുകളും മറച്ച ഒരു ചെറിയ കുടില്‍.
തേജസ്വിനി ഇറങ്ങി ഓടുകയായിരുന്നു.
തുറന്നു കിടന്ന വാതിലിലൂടെ അവള്‍ ശുഷ്‌കയായ ഒരു സ്ത്രീയെ കണ്ടു.
'അമ്മേ'--അവള്‍ വിളിച്ചു.
നിറപുഞ്ചിരിയോടെ അമ്മ പുറത്തുവന്നു. നഗ്‌നമായ ശരീരത്തില്‍, വിയര്‍പ്പിന്റെയും വിസര്‍ജ്ജ്യത്തിന്റെയും ഗന്ധം ലാവിയിരുന്നു. പാടവന്നു മൂടിക്കഴിഞ്ഞ മസ്തിഷ്‌കത്തില്‍ ഓര്‍മ്മകളുടെ ഓളങ്ങള്‍ എന്നേ നിലച്ചിരുന്നു. അപ്പോഴും അഴകും ആഴവുമുള്ള ആ കണ്ണുകള്‍ തേജസ്വിനിയെ ഓര്‍മ്മിപ്പിച്ചു.അതെ, ഇവര്‍ തന്നെയാണ്, തേജസ്വിനിയുടെ അമ്മ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...