Malayalam Shortstory| ഒരു ബംഗാളി പ്രണയകഥ, ഹരി അരയമ്മാക്കൂല്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഹരി  അരയമ്മാക്കൂല്‍ എഴുതിയ ചെറുകഥ

chilla malayalam short story by Hari Arayammakkul

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Hari Arayammakkul
   

സുബ്രതോ  ഘോഷിനെ ഞാന്‍ വീണ്ടും  കാണുന്നത് 2001 സെപ്റ്റംബര്‍  11 -നാണ്.  ലോകത്തിനു ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം.  പക്ഷെ എനിക്കത്    മറക്കാദിനമായി മാറാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.  രാവിലെ  ഏകദേശം പത്തു മണിയോടടുത്ത് കാണും.  ഡല്‍ഹിയിലുള്ള പശ്ചിമ വ്യോമ സേന കമാന്‍ഡിന്റെ  ഗാര്‍ഡ് റൂം പിന്നിട്ട് ഞാന്‍ ഉള്ളിലേക്ക് നടന്നു; പഞ്ചാബില്‍ നിന്നും താല്‍ക്കാലിക ഡ്യൂട്ടിക്കായി എത്തിയതാണ് ഞാന്‍.  എതിര്‍വശത്തു നിന്നുവന്ന  ഒരു ബജാജ് സ്‌കൂട്ടര്‍ എന്റെ  മുമ്പിലായി നിര്‍ത്തി. വണ്ടി ഓടിച്ചുവന്ന സര്‍ജന്റ് ഹെല്‍മെറ്റ് പൊക്കി മാറ്റി. കഷണ്ടി കയറി തുടങ്ങിയിരിക്കുന്ന തലയില്‍ അവശേഷിക്കുന്ന മുടിയില്‍ ഒന്ന് അമര്‍ത്തി തടവി  എന്നെ നോക്കി ചിരിച്ചു.

'അരേ, തൂ ഭൂല്‍ ഗയാ, ക്യാ?' ( സുഹൃത്തെ, നീ മറന്നു പോയോ?)

നാടോടിയായ, പല തവണ പറിച്ചുനട്ട, ഒരു പട്ടാളക്കാരന്റെ സ്ഥിരം പ്രശ്‌നം.  നല്ല പരിചയം  തോന്നുന്ന, പക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റാത്ത മുഖം.

ബംഗാളി കലര്‍ന്ന ഹിന്ദി, ഒരു  നിമിഷം തലയ്ക്കുള്ളില്‍ എന്തോ ഒന്ന് മിന്നി. കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ   സുബ്രതോ  ഘോഷ്  ഓര്‍മയിലേക്ക് അടര്‍ന്നു വീണു.

''ഘോഷ് ദാ!''

''അപ്പോള്‍ നീ മറന്നിട്ടില്ല. അല്ലേ?''

സുബ്രതോ ഘോഷ് സ്‌കൂട്ടര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തു, ഒരു കൈ കൊണ്ട് ഷേക്ക് ഹാന്‍ഡ് തന്നു മറുകൈ എന്റെ  ഇടതു തോളില്‍ വെച്ചു സ്‌നേഹം പ്രകടിപ്പിച്ചു.

''നിനക്ക് ഒരു മാറ്റവുമില്ല. ഇത്ര വര്‍ഷങ്ങളായിട്ടും''.

 'വരൂ , നമുക്കു ഒരു ചായ കുടിച്ചു സംസാരിക്കാം'-എന്നെ അടുത്തുള്ള കാന്റീനിലേക്ക് ക്ഷണിച്ചു.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍  ഘോഷിനെ  ആദ്യമായി കാണുന്നത്. ബാംഗ്ലൂരിലുള്ള   ട്രെയിനിംഗ് സെന്ററില്‍ നിന്നും ഒന്നര വര്‍ഷത്തെ  ട്രെയിനിംഗ് കഴിഞ്ഞു, പാകം വന്ന ഒരു  സൈനികനായി ഞാന്‍  യുണിറ്റിലേക്ക് എത്തുകയാണ്.  രാജസ്ഥാനിലെ ബിക്കാനീര്‍ ടൌണിനടുത്തുള്ള  വ്യോമത്താവളം.  മരുഭൂമിയുടെ പരുക്കന്‍ ഭാവവും പോയ കാലത്തിന്റെ രാജകീയ പ്രൗഢിയും ഒരുമിച്ചു പ്രതിഫലിക്കുന്ന ബിക്കാനീര്‍ ടൗണ്‍.  മീറ്റര്‍ ഗെയ്ജിന്റെ  വീതി കുറഞ്ഞ പാളത്തിലൂടെ പൊടിപറത്തി പുക തുപ്പി വന്ന ബിക്കാനീര്‍ എക്‌സ്പ്രസ്  കുറെ സമയം ഔട്ടറില്‍ പിടിച്ചിട്ടു.  യാത്രക്കാരില്‍ പലരും പാളങ്ങള്‍ക്കരികിലായി  പൂഴിയില്‍ ഇറങ്ങിനിന്നു. അങ്ങ് ദൂരെ വിളക്കുകള്‍ തെളിയുന്ന ബിക്കാനീര്‍ നഗരം  മണല്‍പരപ്പിന്റെ ത്രസിപ്പിക്കുന്ന സായാഹ്ന കാഴ്ചയായി.  കോട്ടമകുടങ്ങള്‍ക്കപ്പുറം മറയുന്ന  അസ്തമയകൂട്ട്  കാണാന്‍   തദ്ദേശീയരായ, കടും നിറങ്ങള്‍ ചുറ്റിയ യുവതികളുടെ  സംഘം  പോലും ജനലിലൂടെ  എത്തിനോക്കുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു.

  യൂനിറ്റിലെത്തി നേരെ ചെന്നത് 'മല്ലൂ ബില്ലെറ്റി'ലേക്കാണ് ( മലയാളി സൈനികര്‍ കൂടുതലുള്ള ബാരക്‌സിന്റെ ഭാഗം).  ഉത്തരേന്ത്യയിലെ അപരിചിതമായ  ഒരു മിലിട്ടറി ക്യാമ്പില്‍ ആദ്യമായി എത്തുമ്പോള്‍ ഏതൊരു സൈനികനും ചെയ്യുന്നത് പോലെ തന്നെ. മലയാളത്തില്‍  രണ്ടു വര്‍ത്തമാനം പറയാം. യേശുദാസിന്റെ തരംഗിണി കാസറ്റുകള്‍  കേള്‍ക്കാം,  തോര്‍ത്തുമുണ്ട് ചുറ്റി ഒന്ന് കുളിക്കാം, ജാള്യതയില്ലാതെ ലുങ്കി മടക്കി കുത്തി ഹവായ് ചെരിപ്പുമിട്ട് നടക്കാം, ആരെങ്കിലും ലീവില്‍ പോയി വരുമ്പോള്‍  കൊണ്ടുവരുന്ന കായ വറുത്തതും ചമ്മന്തി പൊടിയും രുചിക്കാം, നാട്ടിലെ രാഷ്ട്രീയക്കളി പറഞ്ഞു കൂട്ടച്ചിരി നടത്താം. പിന്നെ 'മദ്രാസി' വിളി കേള്‍ക്കാതെ രക്ഷപ്പെടുകയും ചെയ്യാം.  പക്ഷേ 'മല്ലു' ബില്ലെറ്റില്‍ സ്ഥലം കാലിയില്ല.  രണ്ടു പേര്‍ ഇപ്പോള്‍ തന്നെ ഫ്‌ലോടിംഗില്‍ ആണ്. 'ഫ്‌ലോടിംഗ്' എന്ന് വെച്ചാല്‍ സ്ഥിരമായി സ്ഥലം കിട്ടാത്തവര്‍.  ബാരക്‌സില്‍  ആരെങ്കിലുമെക്കെ എപ്പോഴും ലീവില്‍ കാണും. അപ്പോള്‍ ഫ്‌ലോട്ടിങ്ങില്‍ ഉള്ളവര്‍ അവിടെ-ഇവിടെയായി മാറി മാറി  നില്കും. അടുത്തയാള്‍  മറ്റെവിടെക്കെങ്കിലും പോസ്റ്റിങ്ങ് ആയി പോകുമ്പോള്‍  ഫ്‌ലോടിങ്ങുകാര്‍ക്ക്  സ്വന്തം  സ്ഥലമായി 'സ്ഥാനക്കയറ്റം' കിട്ടും.

തൊട്ടടുത്തുള്ള ബംഗാളി  ബില്ലറ്റില്‍ ഒരു ഇടം കാലിയുണ്ടെന്നു ആരോ അറിയിച്ചു. ചാര്‍പായും, കബോര്‍ഡും  ഒക്കെയുണ്ട്. എന്നാല്‍ പിന്നെ അങ്ങോട്ട് പോകാം. എനിക്കാണെങ്കില്‍ എന്തോ ബംഗാളികളോട് പൊതുവേ ഒരു താല്പര്യക്കൂടുതലുമുണ്ട്.  കേരളത്തിനും , ബംഗാളിനും തമ്മില്‍ സാമ്യതകള്‍ ഏറെയുണ്ടെന്നു പണ്ട് സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. ടാഗോറും, ഗീതാഞ്ജലിയുമൊക്കെ മനസ്സിലേക്ക് ഓടിവന്നു.

പ്രവൃത്തി ദിവസമായിരുന്നു.  ബംഗാളി ബില്ലെറ്റില്‍ അപ്പോള്‍ ആകെയുണ്ടായിരുന്നത്  സുബ്രതോ  ഘോഷ്.  കോര്‍ണര്‍  കബോര്‍ഡിന്റെ മുതലാളി. (ബില്ലറ്റിന്റെ  നാലു മൂലയ്കുള്ള സ്ഥലത്തിനാണ് ഏറ്റവും ഡിമാന്‍ഡ്). ബെഡിന് അടുത്തു കസേരയിലിരുന്നു എന്തോ കുത്തിക്കുറിക്കുന്നു.  ബംഗാളിയില്‍ മുക്കിയ ഇംഗ്ലീഷില്‍ അഭിവാദ്യം.

''ഫ്രം കേരള? ഗുഡ്. യു ആര്‍ ബെല്‍ക്കം''.

പ്രസന്നവദനന്‍. യുനിഫോം, ഷൂസ്, പുസ്തകങ്ങള്‍ എല്ലാം വളരെ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.

ഘോഷിന്റെ തൊട്ടടുത്തുള്ള ബെഡ് കാലിയാണ്.  അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍; രണ്ടു വര്ഷം കഴിഞ്ഞു അദ്ദേഹം അവിടുന്ന് പോകുന്നതുവരെ അത് തുടര്‍ന്നു.

കല്‍ക്കൊത്തയില്‍ തന്നെയാണ് വീട്. അച്ഛന്‍ , അമ്മ , ഒരു സഹോദരി. സഹോദരി വിവാഹിത.  കൂടാതെ  ഒരു കാമുകിയും ഉണ്ട്.  മുടിഞ്ഞ പ്രേമം.  സ്‌കൂളില്‍ തുടങ്ങി, കോളേജ് കഴിഞ്ഞു, ഇപ്പോള്‍ പട്ടാളത്തില്‍ എത്തിയിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ ഇല്ലാക്കാലം. പ്രേമവും സൗഹൃദവും സ്‌നേഹവും പരിഭവവും നൊമ്പരവും ദേഷ്യവും, ശകാരവും എല്ലാം കത്ത് വഴി വരണം. അമ്പതു പൈസയുടെ  ഇന്‍ലന്‍ഡ്. അല്ലെങ്കില്‍ ഒരു രൂപയടെ കവര്‍. ആയിരക്കണക്കിന്  കാതങ്ങള്‍  താണ്ടി, അനവധി കൈകള്‍ കൈമാറി, ദിവസങ്ങളോളം മെയില്‍ വണ്ടിയില്‍ സഞ്ചരിച്ച് പ്ലാറ്റ് ഫോമുകളില്‍  കാത്തു കിടന്ന് അവസാനം ആര്‍മി പോസ്റ്റ് ഓഫീസിലെ  സെന്‍സറിങ് കഴിഞ്ഞു ബില്ലറ്റിലേക്ക്.  ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ അത് അങ്ങിനെ ബെഡില്‍ കാത്തു കിടക്കും . അത് കാണുമ്പോള്‍ ഉള്ള വികാരത്തിനുള്ള വാക്ക് നിഘണ്ടുവില്‍ കാണില്ല. അത് പട്ടാളക്കാര്‍ക്ക് മാത്രമുള്ളതാണ്.  കൂടുതല്‍ കത്തുകള്‍  കിട്ടുന്നവരുണ്ട്.  അഴ്ചയില്‍ മൂന്നും, നാലും.  നാട്ടുകാര്‍ക്കും  വീട്ടുകാര്‍ക്കുമൊക്കെ വേണ്ടപ്പെട്ടവരായിരിക്കുമല്ലോ അവര്‍; അതാ മുഖത്ത് പ്രതിഫലിക്കും.  നടത്തത്തിനു  വേഗതയും സംസാരത്തിന് ഒച്ചയും കൂടും. കത്തുകളൊക്കെ  കബോര്‍ഡിന് മുകളില്‍  അട്ടിയ്ക്കുവെയ്ക്കും. വല്ലപ്പോഴും കത്ത് കിട്ടുന്നവന്‍ ഹതഭാഗ്യന്‍.  ഒന്നിനും ഒരു ഉഷാര്‍ കാണില്ല.  ഉച്ചയും രാത്രിയുമെല്ലാം ഒരുപോലെ.  വരുന്ന കത്ത് തന്നെ ആരും കാണാതെ വായിക്കും. ഇതൊന്നും അത്ര മഹാകാര്യമല്ലെന്നപോലെ.

ഘോഷിന്റെ  പ്രണയിനിക്ക് ആഴ്ചയില്‍ രണ്ടു കത്തുകള്‍ എങ്കിലും  നിര്‍ബന്ധമായി കിട്ടണമെന്നുള്ള വിവരം ബില്ലറ്റില്‍ എല്ലാവര്‍ക്കും  അറിയാം.  തിരിച്ചും ഇങ്ങോട്ടും അങ്ങിനെ തന്നെ.  ഉച്ചയ്ക്ക് വരുമ്പോള്‍  ഘോഷിന്റെ ബെഡ്ഡില്‍ കിടക്കുന്ന  വെള്ള ലോങ്ങ് കവര്‍ കാണുമ്പോള്‍ തന്നെ അറിയാം അത് ആരുടെതാണെന്ന്; അയാള്‍ക്ക് മാത്രമല്ല ബാരക്‌സില്‍  എല്ലാവര്‍ക്കും.  കവറിന്റെ മുകളില്‍  ഒരറ്റത്തായി കാണുന്ന  രാധ-കൃഷ്ണന്റെ  കറുത്ത രേഖാചിത്രം ഒരു വിളംബരമാണ്. 

തന്റെ  പ്രണയിനിയുടെ  സാമാന്യം വലിപ്പമുള്ള  ഫോട്ടോ, ദാദ ഒരു മഴവില്‍ ഫ്രെയിമിനുള്ളിലാക്കി  കബോര്‍ഡിനു  മുകളില്‍  ചുമരിനടുത്തായി ചാരിവച്ചിരിക്കുന്നത് ബില്ലറ്റില്‍ എവിടെനിന്നു നോക്കിയാലും കാണാം. തൊട്ടടുത്ത ബെഡിലുള്ള എനിയ്ക്കാണെങ്കില്‍ അത് ഒരു സ്ഥിരം കാഴ്ച തന്നെ.  നല്ല ഭംഗിയുള്ള ഒരു ബംഗാളി പെണ്‍കൊടി. പാതിരാ കറുപ്പ് ചാലിച്ചെഴുതിയ വലിയ കണ്ണുകള്‍. ഇടതൂര്‍ന്ന മുടി ഒരു വശത്ത് കൂടെ എടുത്തു മുന്നോട്ടെടുത്തിട്ട് പ്രദര്‍ശിപ്പിച്ചു  നില്‍ക്കുകയാണോ എന്ന് തോന്നും!  ഇരുപതു വയസ്സിനു താഴെയേ പ്രായം കാണൂ. എങ്കിലും  പ്രായത്തെക്കാള്‍ വയസ്സ് തോന്നുന്ന അംഗലാവണ്യം.  ബില്ലറ്റില്‍ വന്നുപോന്നവരൊക്കെ  ഫോട്ടോ ഒന്ന് നോക്കിപ്പോകുന്നത് ഞാന്‍ കാണാറുണ്ട്. എന്തുകൊണ്ടാണ്  ഘോഷ്  ഈ  ഫോട്ടോ ഉള്ളിലെടുത്ത് വയ്ക്കാത്തതെന്നു  ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട. എട്ടു പേരുള്ള ബില്ലറ്റില്ലെ ആണുങ്ങള്‍ക്കിടയില്‍ ഒമ്പതാമതായി ഒരു യുവതിയും കൂടെ ഉള്ളതായി എനിയ്ക്ക്  തോന്നും.  

ഘോഷ് ദായുടെ കൂട്ടും  ബംഗാളി ബില്ലറ്റും എനിയ്ക്ക്  നല്‍കിയത് ഒരു പുതിയ ലോകം തന്നെയായിരുന്നു. രാജസ്ഥാനിലെ , ബംഗാളി വര്‍ഷങ്ങള്‍. ചുറ്റും ഒരു ദാക്ഷിണ്യവുമില്ലാതെ മുഴങ്ങുന്ന  വറുത്തെടുത്ത ബംഗാളി ഭാഷ. പുസ്തകങ്ങളായും , വാരികകളുമായെല്ലാം നിറഞ്ഞു നില്‍ക്കുന്ന, അര്‍ത്ഥമറിയാതെ  സുപരിചിതമാകുന്ന 'സിദ്ധം' ലിപി. ബംഗാളില്‍ നിന്നും ഇടയ്ക്കിടെ ലീവ് കഴിഞ്ഞു വരുന്ന മീന്‍ വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍; വാശിയേറിയ ഫുട്‌ബോള്‍ കഥകള്‍, സന്ധ്യ കഴിഞ്ഞാല്‍ ടേപ് റിക്കോഡില്‍ നിന്നും ഒഴുകിവരുന്ന  രബീന്ദ്ര സംഗീതം;  ഹുഗ്ലി നദിയിലെ തോണിക്കാരന്റെ പാട്ട്.  ബംഗാളി ബില്ലറ്റില്‍ അകപ്പെട്ടു പോയ എന്നോട് നാട്ടുകാരായ മലയാളികള്‍ക്ക്  ചെറിയ സഹതാപം ഒക്കെയുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വിധിക്കപ്പെട്ട ചുറ്റുപാടുകള്‍, ഗംഭീര അനുഭവങ്ങളായി മാറുന്നത് എങ്ങിനെയാണെന്ന്  മനസ്സിലാക്കാനുള്ള ഒരവസരമായിരിന്നു ആ ദിനങ്ങള്‍.

ഞാനവിടെയെത്തി രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സുബ്രതോ ഘോഷിന് ബിക്കനീരില്‍ നിന്നും കശ്മീരില്‍ ഉള്ള ആവന്തിപൂരിലേക്ക് പോസ്റ്റിങ്ങ് വന്നു.  മരുച്ചൂടില്‍ നിന്നും നേരെ മഞ്ഞുതാഴ്വരയിലേക്ക്. ഇതാ പിന്നീട് ഇപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ വീണ്ടും കാണുന്നത്.

പട്ടാളത്തിലെ സൗഹൃദങ്ങള്‍ പണ്ട് അങ്ങിനെയായിരുന്നു. എത്ര അടുത്ത ബന്ധമായാലും അത് റയില്‍വേ സ്റ്റേഷന്‍ വരെയേ  കാണൂ എന്നാണ് പറയുക. ഒന്നിച്ചുള്ളപ്പോള്‍ കണ്ടാല്‍ തോന്നും ജീവിതത്തില്‍ ഒരിക്കലും ഇവര്‍ പിരിയില്ലെന്ന്. പക്ഷെ പോസ്റ്റിങ്ങ് വന്നു,  പരന്നു കിടക്കുന്ന ഈ മഹാരാജ്യത്തിന്റെ മറ്റേതെങ്കിലും കോണിലേക്ക് വണ്ടി കയറ്റി വിട്ടാല്‍ അവിടെ തീരുന്ന ബന്ധങ്ങള്‍.  ചിലപ്പോള്‍ ഒന്നോ രണ്ടോ കത്തുകള്‍ കിട്ടയെന്നു വരാം. പിന്നെ അതും നിലക്കും. ( ഇന്ന് മൊബൈല്‍ യുഗത്തില്‍ എങ്ങിനെയാണാവോ!).

സുബ്രതോ ഘോഷ് പോയപ്പോള്‍ പക്ഷെ കുറെ ദിവസത്തേയ്ക്ക് പട്ടാള ബാരക്‌സില്‍ സാധാരണ കാണാത്ത  ഒരു മങ്ങല്‍ ഞാനവിടെ  കണ്ടിരുന്നു.  'പോയവന്‍ പോകുന്നു , വരുന്നവന്‍ വരുന്നു' എന്ന പതിവ് രീതിയില്‍ നിന്ന് ഒരു മാറ്റം.  ചിലര്‍  അങ്ങിനെയാണല്ലോ!.  കൂടൊഴിയുമ്പോള്‍ മറ്റുള്ളവര്‍ക്കായി ശൂന്യത വിട്ടേച്ചു പോകും. പിന്നെ ദിവസങ്ങളോളം ഒരു പുകച്ചുരുള്‍ മാതിരി അതവിടെ തങ്ങിനില്‍ക്കും. അല്ലെങ്കിലും രണ്ടുപേരാണല്ലോ ഒന്നിച്ചു പോയത്.  കബോര്‍ഡിന്റെ മുകളില്‍ നിറഞ്ഞു നിന്ന് വര്‍ഷങ്ങളായി ബില്ലറ്റില്‍ നിറം ചൊരിയുന്ന അവള്‍; ആ ബംഗാളി പെണ്ണ് , അവളും കൂടെ പോയല്ലോ.

കാന്റീനില്‍  നിന്നു  ചായയും സമൂസയും കഴിച്ചു കഴിഞ്ഞപ്പോഴും ഞങ്ങളുടെ പതിനഞ്ചു വര്‍ഷത്തെ വിശേഷങ്ങള്‍ തീര്‍ന്നിരുന്നില്ല.  ഘോഷ് ദാ ഇവിടെ  ഡല്‍ഹിയില്‍ പോസ്റ്റിങ്ങ് ആയിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തോളമായിരിക്കുന്നു. ദാദയുടെ കുടുംബ കാര്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കരുതിക്കൂട്ടി ഒഴിവാക്കിയതാണ്.  ക്വാര്‍ട്ടേഴ്‌സില്‍ ആണ് താമസമെന്നും ഭാര്യയും,  മകളും കൂടെയുണ്ട് എന്നൊക്കെ  സംസാരത്തിനിടയ്ക്ക് എന്നോട് സൂചിപ്പിച്ചിരുന്നു എങ്കിലും.

''വൈകുന്നേരം വീട്ടിലേയ്കു വരണം'. ഇന്ന്  അത്താഴം മെസില്‍ വേണ്ട'' നിരസിക്കാന്‍ പറ്റാത്ത ക്ഷണം.

ഒരു പേപ്പറില്‍ ക്വാട്ടര്‍ നമ്പരും, വഴിയുമെല്ലാം കുറിച്ചുതന്നു, 

തികച്ചും അപ്രതീക്ഷമായ ഒരു കണ്ടുമുട്ടല്‍.  എന്തായാലും ഘോഷ്  വലിയ ക്ഷതമൊന്നും ഏറ്റുവാങ്ങാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നു ആണ് ആ ശരീര ഭാഷ സൂചിപ്പിക്കുന്നത്. കൂടുതലൊന്നും ചോദിച്ചില്ല.  എന്തിനാണ് വെറുതെ പഴയതൊക്കെ ഓര്‍മ പെടുത്തുന്നത്.

അദ്ദേഹം പോയതിനു പിന്നാലെ കാശ്മീരില്‍ നിന്ന് ചില വിവരങ്ങള്‍ ഒക്കെ ബിക്കാനീരില്‍ എത്തിയിരിരുന്നു.  ആറുമാസം കഴിഞ്ഞപ്പോള്‍ ശൈത്യകാലമായി. കാശ്മീരില്‍ മഞ്ഞു വീണു ഗതാഗതം ആഴ്ചകളോളം  തടസ്സപ്പെട്ടു.  തന്റെ പ്രണയിനിയുടെ കത്ത് സമയത്ത് കിട്ടാതെ സുബ്രതോ പരവശനായി.  അവളുടെ കൂസലില്ലായ്മ  അയാളുടെ ആശങ്കയായി  മാറി! അല്ലെങ്കിലും തുടര്‍ന്നുവന്ന സമയക്രമങ്ങളൊക്കെ കുറച്ചു നാളായി, തെറ്റുന്നത്  ശ്രദ്ധിക്കാതിരിക്കാന്‍  കഴിയാതിരുന്നില്ല.  വലിച്ചു നീട്ടിയ  മാര്‍ജിനുകള്‍,  നിറയാത്ത പേജുകള്‍, വടിവ് നഷ്ടപ്പെട്ട അക്ഷരങ്ങള്‍, ഉണങ്ങിയ  വാക്കുകള്‍,   മുറിഞ്ഞു പോകുന്ന വരികള്‍.  വരികള്‍ക്കിടയില്‍  തൂങ്ങി നില്‍ക്കുന്ന നിസ്സംഗത;  അവളുടെ കത്തുകള്‍   അയാളെ കുറെ നാളായി  അലട്ടാന്‍ തുടങ്ങിയിരിന്നു.

ശരിയാണ്; ജമ്മുവരെ മാത്രമേ ട്രെയിന്‍ ഉള്ളൂ. പിന്നെ ആര്‍മി വണ്ടികളില്‍ വേണം മെയില്‍ വരാന്‍.  അതുകൊണ്ടാവുമോ കത്ത്  വൈകുന്നത്!  അയാള്‍ സ്വയം സമാശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.   കണ്ടോണ്‍മെന്റിന്റെ  അങ്ങേയറ്റത്തുള്ള ആര്‍മി പോസ്റ്റ് ഓഫീസില്‍ ചെന്നു അന്വേഷിച്ചതാണ് . ചില നമ്പരുകള്‍ മാത്രമുള്ളതും  സ്ഥലപ്പേര് ഇല്ലാത്തതുമായ  ക്യാമ്പ് അഡ്രസ്സ്  ആണല്ലോ. ഒരു നമ്പര്‍  തെറ്റിയാല്‍ മതി മറ്റെവിടെയെങ്കിലും എത്തിച്ചേരും. പോസ്റ്റ് ഓഫീസില്‍ നിന്നും നിരാശനായി  മടങ്ങുമ്പോള്‍  ഉടനെ ലീവെടുത്ത് നാട്ടില്‍ പോയാലോ എന്നു പോലും  അയാള്‍ ചിന്തിച്ചു. മഞ്ഞുവീണു അടച്ചിട്ട വഴികളും , ലീവ് കിട്ടാനുള്ള വിഷമങ്ങളൊക്കെ നോക്കിയപ്പോള്‍  കല്‍ക്കത്തയിലുള്ള  അച്ഛന് കത്തെഴുതി.  പക്ഷെ അതിനും മറുപടി  കാണുന്നില്ല. രണ്ടു വീട്ടുകാര്‍ക്കും നന്നായി അറിയാവുന്ന ബന്ധമാണ്. അച്ഛന് പത്തു മിനിറ്റ് സൈക്കിള്‍ റിക്ഷയില്‍ പോയാല്‍ അവളുടെ  വീട്ടിലെത്താം. പിന്നെ എന്താണ് മറുപടി ഇത്ര വൈകുന്നത്!.

അച്ഛന്റെ കൈപ്പട ഉള്ള  ആ പച്ച ഇന്‍ലന്‍ഡ് മിലിട്ടറി ആശുപത്രിയില്‍ മാനസിക ചികില്‍സയ്ക്ക് പ്രവേശി പ്പിച്ചപ്പോഴും അയാള്‍ കയ്യില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു.  ആദ്യം കണ്ണില്‍ കണ്ടതൊക്കെ അടിച്ചുപൊളിച്ചു. തടയാന്‍ വന്നവരെ വിരട്ടിയോടിച്ചു. പിന്നെ ദിവസങ്ങോളം ഉറക്കമില്ലാരാത്രികള്‍. രാത്രി  ബാരക്‌സിനു പുറത്തുവന്നു ദൂരെ താഴ്വരയില്‍ മഞ്ഞു വീഴുന്നത് നോക്കി അയാള്‍  വെറുതെ നില്‍ക്കും.  നിലാവില്‍  ക്യാമ്പിലുള്ള പോപ്ലാര്‍ മരത്തിന്റെ  മിനുസമുള്ള തടിയ്ക്കു ചുറ്റും അവളുടെ  പേര് കുത്തിക്കുറിച്ചു വെയ്ക്കും.

കല്‍ക്കത്ത  മെട്രോയില്‍ ജോലിയുണ്ടായിരുന്ന അയാളുടെ  ഉറ്റ സുഹൃത്തു തന്നെ തന്റെ പ്രണയിനിയെ വിവാഹം ചെയ്യുന്ന ദൃശ്യങ്ങള്‍ ആശുപത്രി കിടക്കയിലും സുബ്രതോയുടെ മനസ്സില്‍  തികട്ടിവന്നു.  അപ്പോഴൊക്ക  ഉറങ്ങാനുള്ള ഇന്‍ജക്ഷന്‍ വേണമെന്ന് അയാള്‍ നഴ്‌സിനോട്  അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നത്രെ!

സന്ധ്യ കഴിഞ്ഞപ്പോള്‍ തന്നെ  ഞാന്‍  ഘോഷ് ദായുടെ വസതിയിലേക്ക് തിരിച്ചു.  കഴിയുന്നതും വേഗം തന്നെ മടങ്ങണം. രാത്രി പത്തുമണിക്കാണ്   എനിക്ക് പഞ്ചാബിലേക്ക്  തിരികെ പോകാനുള്ള വണ്ടി.  ആകാശനീല  പൂശിയ ക്വാട്ടേഴ്‌സ്. രണ്ടാം നില. കതകിനു മുട്ടി.  തൂവെള്ള കുര്‍ത്ത ധരിച്ച അച്ഛനും കൂടെ മൂന്നാം  ക്ലാസ്സില്‍ പഠിക്കുന്ന ബംഗ്ലാ സുന്ദരിയായ മകളും സ്വാഗതമോതാന്‍  കാത്തുനില്‍ക്കുകയായിരുന്നു .  മുറി നിറയെ കടുക് എണ്ണയുടെ ഗന്ധം,  നിരത്തി വെച്ച കുഷ്യനിട്ട മൂന്ന് കസേരകള്‍.  മുമ്പില്‍ ഭംഗിയായി അലങ്കരിച്ച ടി.വി. സ്റ്റാന്‍ഡിന് താഴെയായി  സ്‌കൂളില്‍ നിന്നും കിട്ടിയ മെഡലുകള്‍,  കുഞ്ഞു ട്രോഫികള്‍. ചുവരില്‍ പറന്നു പോകുന്ന  മഞ്ഞപറവകളുടെ  ചിത്രം.

'നമോസ്‌തെ'. ബംഗാളിയിലെ ഹിന്ദി സ്വാഗതം.

കയ്യില്‍ ഒരു 'ട്രേ' യില്‍ രണ്ടു ഗ്ലാസ് വെള്ളവുമായി ഘോഷ് ദായുടെ സഹധര്‍മ്മിണി. തല ഉയര്‍ത്തി ഞാന്‍ ഒന്ന് കൂടെ നോക്കി എന്ന് പറഞ്ഞാല്‍ തെറ്റായിരിക്കും. നോക്കിയിരുന്നു  പോയി. 

ബിക്കാനീരിലെ ബില്ലറ്റിലെ കബോര്‍ഡിന് മുകളില്‍ രണ്ടു വര്‍ഷം ഞങ്ങളെയൊക്കെ നോക്കി നിന്ന ഇരുട്ടിന്‍കൂട്ട് തൊട്ട് എഴുതിയ അതെ  കണ്ണുകള്‍,  ഇപ്പോള്‍ ഇതാ  നേരെ മുമ്പില്‍!

ഞാന്‍ ഘോഷ് ദായുടെ മുഖത്തേയ്ക്ക് നോക്കി. എന്റെ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായിട്ടുണ്ട്  എന്ന്  തോന്നുന്നു.  അയാളുടെ മൗനത്തിന്റെ അര്‍ത്ഥം ഞാനും ഗ്രഹിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. 

ആപ്പോഴെയ്ക്കും ആ അമേരിക്കന്‍ വാര്‍ത്ത എത്തി. ഘോഷ്  ടി.വി.  തുറന്നു.  വിമാനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ന്യൂയോര്‍ക്കിലെ അംബരചുംബികളില്‍ ഇടിച്ചു കയറുന്ന ദൃശ്യങ്ങള്‍ . 

അത്താഴം കഴിഞ്ഞു. വീട്ടുകാരെല്ലാവരും കൂടി വാതില്‍പ്പടിയില്‍ നിന്ന് എന്നെ യാത്രയാക്കുകയാണ്.  അവര്‍ക്ക് ടി.വി  വാര്‍ത്തകളിലേയ്ക്ക് മടങ്ങണം.

ഞാന്‍ ഒന്നുകൂടെ വീട്ടുകാരിയുടെ മുഖത്തേക്ക് നോക്കി; എനിക്ക് തെറ്റ് പറ്റിയിട്ടില്ലല്ലോ!

ഇല്ല.

സമസ്യാപൂരണത്തിനായി  എന്റെ മനസ്സ് വെമ്പി. ഘോഷ്  എന്റെ കൂടെ  പുറത്തേക്ക്  വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു; അതുണ്ടായില്ല.

തിരിച്ചു നടക്കുമ്പോള്‍ മനസ്സ് നിറയെ ഒരു പിടികിട്ടായ്മ. ഏതായാലും ഡല്‍ഹിയില്‍ ഇടയ്കിടയ്ക് വരുന്നതാണല്ലോ. അടുത്ത പ്രാവശ്യം എന്തു വന്നാലും  ഘോഷിനെ കാണണം .  

വര്‍ഷങ്ങള്‍  കൊഴിഞ്ഞുപോയി. പിന്നീട് ഒരിക്കലും  ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടില്ല.


...........
ബില്ലറ്റ്/ബാരക്‌സ്: സൈനിക ക്യാമ്പില്‍ അവിവാഹിതര്‍ തങ്ങുന്ന ഡോര്‍മറ്ററി മാതിരിയുള്ള  വാസസ്ഥലം.
 

Latest Videos
Follow Us:
Download App:
  • android
  • ios