Malayalam Short Story : റാപന്‍സെല്‍, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
യാത്രയിലായിരുന്നു. റബര്‍ത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള റോഡു കണ്ടപ്പോള്‍ പണ്ട് ബാലരമക്കഥയില്‍ വായിച്ച ഏതോ മന്ത്രവാദിയുടെ ഗുഹയിലേക്കുള്ള രഹസ്യപാത ഓര്‍മ്മവന്നു. മഴ നേര്‍ത്തു പൊടിഞ്ഞുതുടങ്ങിയിരുന്നു. റബര്‍മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ് ക്രമേണ അത് ശക്തിപ്രാപിച്ചു. ചെറുതല്ലാത്തൊരു ദേഷ്യം ഉള്ളില്‍ റബര്‍പ്പാലുപോലെ പതഞ്ഞുതുടങ്ങിയിരുന്നു. തോട്ടങ്ങള്‍ ഇപ്പോള്‍ അവസാനിക്കുമെന്നും റബര്‍മരങ്ങളുടെ ഈ ഇരുണ്ടകൂട്ടില്‍നിന്നും ഒരു പേടിസ്വപ്നത്തില്‍നിന്നെന്നെവണ്ണം അതിവേഗം പുറത്തുകടക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രത്യാശിച്ചു. കാറിന്റെ സൈഡ്‌സീറ്റിലേക്ക് ഒളികണ്ണിട്ടു നോക്കി. ഇത്രയുംനേരം സുഖകരമായ മയക്കത്തിലായിരുന്ന അപ്പനിപ്പോള്‍ കണ്ണു തുറന്നിരിക്കുന്നു. അങ്ങേരുടെ ചുണ്ടിലൊരു ചിരി വിരിയുന്നതു കണ്ടു. മഴ പെയ്തതിനുശേഷമുള്ള പുതുമണ്ണിന്റെ ഗന്ധമാസ്വദിക്കാനെന്നവണ്ണം പപ്പായുടെ മൂക്കുകള്‍ വിടരുന്നതു കണ്ടു.
'തൈമരത്തിനു പറ്റിയ കാച്ചലല്ല.. കൊല്ലന്‍ പറ്റിച്ചു മോനേ.'
അപ്പന്‍ പിറുപിറുക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചു. വഴിയരികില്‍ റബര്‍തോട്ടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വശങ്ങളില്‍ മണ്‍തിട്ടകള്‍ക്കുമുകളില്‍, ആര്‍ത്തുപടര്‍ന്ന കാട്ടുപയറുകള്‍ക്കു നടുവില്‍... എല്ലായിടത്തും.. എല്ലായിടത്തും റബര്‍മരങ്ങള്‍. കഠിനമായ വെറുപ്പിന്റെ പുഴുക്കുത്തേറ്റതുപോലെ കണ്ണൊന്നടച്ചു തുറന്നു. വശങ്ങളില്‍ റബര്‍മരങ്ങള്‍ മായുന്നു. കണിക്കൊന്നയുടെ കമ്പുകള്‍കൊണ്ടു വേലി കെട്ടിത്തിരിച്ച വെളിമ്പ്രദേശങ്ങളില്‍ കുടിലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ആദിവാസികളുടെ കുടിലുകളാണ്. ദേവാനന്ദന്‍ പറഞ്ഞ ഒന്നാമത്തെ അടയാളം. ഇവിടെ വഴി ചോദിക്കണം. ഇവിടെനിന്നും കുറേക്കൂടി മുന്‍പോട്ടുപോയി ആളുകള്‍ അധികം തിങ്ങിപ്പാര്‍ക്കാത്ത ഏതോ ചെറുഗ്രാമത്തിലൊന്നിലാണവളുടെ വീട്. മരണം പ്രവചിക്കുന്ന പൂച്ചക്കുട്ടിയുള്ള പെണ്‍കുട്ടിയുടെ വീട്. ഞാന്‍ ദേവാനന്ദന്‍ പറഞ്ഞത് ഓര്‍മ്മിച്ചു.
'അതൊരു അതീന്ദ്രിയസിദ്ധിയാണ്. നൂറിലധികമാളുകളുടെ മരണം ആ പെണ്‍കുട്ടിയുടെ പൂച്ച പ്രവചിച്ചു കഴിഞ്ഞു.'
കാര്‍ത്തിക ബാറിന്റെയുള്ളിലെ ഇളംമഞ്ഞനിറമുള്ള വിരി വിരിച്ചിരിക്കുന്ന ടേബിളിനപ്പുറത്ത് എനിക്കെതിര്‍വശമിരുന്ന് ദേവാനന്ദന്‍ പറഞ്ഞു. മങ്ങിയ നീലവെളിച്ചം തങ്ങിനില്‍ക്കുന്ന ബാറിന്റെ ഉള്‍ത്തളം നീണ്ടതാടിയില്‍ തടവിക്കൊണ്ടിരിക്കുന്ന അയാളെ ഒരു മന്ത്രവാദിയെപ്പോലെ തോന്നിപ്പിച്ചു. ദേവാനന്ദനെ ഞാന്‍ പരിചയപ്പെടുന്നത് ഒന്നുരണ്ടുമാസങ്ങള്‍ക്കു മുന്‍പാണ്. ദേവാനന്ദന്‍ എപ്പോഴും യാത്രയിലായിരുന്നു.
'പക്ഷേ...'- എനിക്കൊരുപാട് സംശയങ്ങളുണ്ടായിരുന്നു.
'വിശ്വാസമുണ്ടെങ്കില്‍ മതി. മരണം കണ്ടെത്തുന്നതിനു പല മാര്‍ഗങ്ങളുണ്ട്. ചിലര്‍ക്കതു പ്രത്യേക സിദ്ധിയായി കിട്ടുന്നതാണ്. ഗന്ധംകൊണ്ട് സ്പര്‍ശംകൊണ്ട്, പെരുമാറ്റംകൊണ്ട് എല്ലാമതു മനസ്സിലാക്കാന്‍ കഴിയും. ചില അച്ചന്‍മാര്‍ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചാല്‍ മരണാസന്നരായ രോഗികള്‍ ശാന്തമരണം വരിക്കും എന്നൊരു വിശ്വാസം ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്. രോഗങ്ങള്‍കൊണ്ടോ പ്രായാധിക്യം മൂലമോ ഉള്ള സ്വഭാവികമരണങ്ങള്‍ മാത്രമല്ല. ആരോഗ്യവാനായ ഒരു മനുഷ്യനില്‍പോലും മരണം നിഴലിട്ടിരിക്കും. '
നീണ്ട താടിയില്‍ തടവി ദേവാനന്ദന്‍ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.
(പണ്ഡിതരുള്ളത് വായനശാലകളിലാണെന്നും, കവികളെ കാണുക സാഹിത്യക്കൂട്ടായ്മകളിലാണെന്നും നിങ്ങള്‍ കരുതുന്നു. പക്ഷേ ഒരു ബാര്‍ അല്ലെങ്കില്‍ കള്ളുഷാപ്പ് ഇടയ്‌ക്കെങ്കിലും സന്ദര്‍ശിക്കുകയാണെങ്കില്‍ നിരവധി കവികളെയും സഞ്ചരിക്കുന്ന സര്‍വ്വവിജ്ഞാനകോശങ്ങളെയും നിങ്ങള്‍ക്കു കണ്ടുമുട്ടാന്‍ കഴിയും. കഴിഞ്ഞദിവസം കള്ളുഷാപ്പില്‍വച്ച് ഞാന്‍ ഒരാളെ കണ്ടിരുന്നു. അയാള്‍ തളര്‍ന്നുപോയ അശരണരായ മദ്യപര്‍ക്ക് കുര്‍ബാന ചൊല്ലിക്കൊടുക്കുന്ന തിരക്കിലായിരുന്നു. ഒരു പള്ളീലച്ചന്റെ തേജസ് അയാളുടെ മുഖത്ത് നിഴലിച്ചിരുന്നത് ഇപ്പോഴും ഓര്‍മ്മവരുന്നു.)
'നിന്റെ പ്രശ്‌നം നിന്റെ അപ്പനാണ്... അപ്പനോടുള്ള നിന്റെ സ്‌നേഹമെല്ലാം നിനക്കു നഷ്ടപ്പെട്ടിരിക്കുന്നു. മറവി ബാധിച്ച വൃദ്ധന്‍ നിനക്കിപ്പോള്‍ ഭാരമാണ്. അപ്പന്റെ മരണസമയം ഏതെന്നു നോക്കുന്ന മകനാണ് നീ.' - മദ്യലഹരിയില്‍ ദേവാനന്ദന്‍ എന്നെ പുച്ഛത്തോടെ നോക്കി. എന്റെ മുഖം കുനിഞ്ഞു.
'അപ്പന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടമായി... ഉറക്കപ്പിച്ചിലെന്നപോലെ ഇടയ്ക്കിടയ്ക്കു റബര്‍മരങ്ങളെക്കുറിച്ചു പറയുന്നു...'
അതോര്‍ത്തപ്പോള്‍ എന്റെ മുഖം റബര്‍പ്പാല്‍ കുടിച്ചിട്ടെന്നവണ്ണം ചുളിഞ്ഞു. തൊണ്ടയില്‍നിന്നുമൊരു പുളിപ്പുരസം വായിലേക്കു പതഞ്ഞുപൊന്തി.
എന്റെ അപ്പന് റബര്‍വെട്ടായിരുന്നു ജോലി. അപ്പനെന്നും അലാറംവച്ച് വെളുപ്പിനു മൂന്നുമണിക്ക് എണീക്കും. എന്നെ വിളിച്ചെണീപ്പിച്ച് പഠിക്കാനിരുത്തിയിട്ട് റബര്‍ വെട്ടാന്‍ പോകും. പഠനമുറിയിലിരുന്നാല്‍ ജനാലയിലൂടെ അപ്പന്റെ തലയിലെ ഹെഡ്‌ലൈറ്റിന്റെ മഞ്ഞവെട്ടം റബര്‍മരങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതു കാണാം.
ഞാന്‍ നഗരത്തിലെ മാതാവിന്റെ നാമധേയത്തിലുള്ള പ്രമുഖ സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. എന്റെ ഒപ്പം പഠിച്ചവരെല്ലാം പണച്ചാക്കുകളുടെ മക്കളായിരുന്നു. എന്നാല്‍ ഒരു എട്ടാംതരം കഴിഞ്ഞതും വല്ലാത്തൊരു അപകര്‍ഷത എന്നെ വന്നു പൊതിഞ്ഞു. അതുവരെ ഇല്ലാത്ത തോന്നല്‍. ചേര്‍ച്ചയില്ലാത്ത കുപ്പായം ധരിച്ചിരിക്കുന്നതുപോലെ ഒരസ്വസ്ഥത. സ്‌കൂളില്‍ പഠനകാര്യങ്ങള്‍ സ്ട്രിക്ടായിരുന്നു. മാസത്തിലൊരിക്കല്‍ പിടിഎ മീറ്റിംഗുണ്ട്. പഠനകാര്യങ്ങളും സ്‌കൂളിന്റെ ഭാവിയും ചര്‍ച്ചചെയ്യുന്ന മീറ്റിങ്ങില്‍ കുട്ടികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. എല്ലാവരുടെയും അപ്പന്മാര്‍ പാന്റും കോട്ടുമൊക്കെയിട്ട് വരുമ്പോള്‍ എന്റെ അപ്പന്‍ മാത്രം ഒരു കൈലിമുണ്ടും ചുറ്റി... എത്ര കുളിച്ചാലും അപ്പന് ഒരു മുഷ്‌കുമണമുണ്ടായിരുന്നു. റബര്‍പ്പാലിന്റെയും വിയര്‍പ്പിന്റെയും കൂടിക്കുഴഞ്ഞ ഗന്ധം.
ദേവാനന്ദനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല. ബാറിന്റെ നീലവെളിച്ചങ്ങളെ ഉപേക്ഷിച്ച് പുറത്തെ നഗരത്തിരക്കിലേക്ക് അയാളൊരു അവധൂതനെ പോലെ അലിഞ്ഞില്ലാതാകുന്നത് ബാറിലിരുന്നു പാതി സ്വപ്നത്തിലെന്നവണ്ണം ഞാന്‍ കണ്ടു. അയാള്‍ ആ പെണ്‍കുട്ടി എങ്ങനെയാണ് പൂച്ചക്കുട്ടിയെ ഉപയോഗിച്ച് മരണം പ്രവചിക്കുന്നത് എന്നതിനെപ്പറ്റി എന്തോ ഒന്നുകൂടി എന്നോട് പറഞ്ഞിരുന്നു. എനിക്കതും ഓര്‍ക്കാന്‍ സാധിച്ചില്ല. എന്റെ മനസ്സ് അപ്പോഴേക്കും ഭാരരഹിതമായി മേഘങ്ങള്‍ക്കൊപ്പം പറക്കാന്‍ തുടങ്ങിയിരുന്നു. എങ്കിലും അപ്പോഴേക്കും ആ പെണ്‍കുട്ടിയെ കാണണോ വേണ്ടയോ എന്ന കാര്യത്തില്‍ ഞാനൊരു തീരുമാനമെടുത്തിരുന്നു.
രണ്ട്
പറഞ്ഞുകേട്ടതുവച്ച് ആളൊഴിഞ്ഞ ഇടത്ത് പടുകൂറ്റന്‍ കരിങ്കല്‍ മതില്‍ക്കെട്ടുള്ള ഒറ്റപ്പെട്ട ഒരു വലിയ ബംഗ്ലാവാണ് ഞാന്‍ പ്രതീക്ഷിച്ചതെങ്കിലും അതൊരു സാധാരണ വീടായിരുന്നു. ചരല്‍വിരിച്ച മുറ്റം. തോട്ടവും മുറ്റവും തമ്മിലുള്ള അതിരില്‍ കുലച്ചുനില്‍ക്കുന്ന ഏത്തവാഴകള്‍.
വീടിന്റെ അകത്തുമാത്രം എന്തോ അസാധാരണത്വം തോന്നിച്ചു. വസ്തുക്കള്‍ അടുക്കിവച്ചിരിക്കുന്നതില്‍ എന്തോ പ്രത്യേകതയുള്ളതുപോലെ. എല്ലാത്തിലും അദൃശ്യമായ ഒരു ക്രമമുള്ളതുപോലെ. ഓരോരോ തോന്നലുകള്‍..
ആ പെണ്‍കുട്ടിക്ക് പതിമൂന്നോ പതിനഞ്ചോ വയസ്സു പ്രായം തോന്നിച്ചു. കാല്‍പാദം മറഞ്ഞുകിടക്കുന്ന നീളമുള്ള ഗൗണ്‍പോലെയുള്ള ഉടുപ്പും വട്ടമുഖവും ഇരട്ടപിന്നിയിട്ട നീളന്‍മുടിയുമുള്ള അവള്‍ ഒരു മന്ത്രവാദിനിയാണെന്ന് എനിക്കു തോന്നി. അവളുടെ കണ്ണുകളില്‍ വിഷാദം ഉറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. എനിക്കത് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. എങ്കിലും ശോകമയമാര്‍ന്ന അവളുടെ കണ്ണുകളില്‍ മറ്റെന്തോ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് എനിക്കു തോന്നി. കാടിന്റെ ഉള്ളറകളില്‍ സ്വച്ഛന്ദമായി പരക്കുന്ന നിലാവില്‍ പേരറിയാവൃക്ഷത്തിന്റെ കരിനിഴല്‍ വീണതുപോലെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അവളുടെ മിഴികളില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ( ഇവിടേക്കു വരുന്നതിനു മുന്‍പ് ദേവാനന്ദനെ പരിചയപ്പെട്ട കാര്‍ത്തികബാര്‍ ഒരിക്കല്‍ക്കൂടി സന്ദര്‍ശിച്ചിരുന്നു. ഇനിയെന്റെ നിരീക്ഷണങ്ങള്‍ക്കു ശക്തികൂടും... സാഹിത്യം പിന്നെ പറയേണ്ടല്ലോ! എന്റെ ജാക് ഡാനിയേല്‍ പുണ്യവാളാ.. )
ഞാന്‍ ഈ മുറിയില്‍ ഇരിക്കുവാന്‍ തുടങ്ങിയിട്ടു പതിനഞ്ചുമിനിറ്റോളമായി. ഞാന്‍ വരുമ്പോള്‍ പെണ്‍കുട്ടി മറ്റൊരു അറയില്‍ ധ്യാനത്തിലായിരുന്നു.
(വീടിന്റെ അകത്തളങ്ങളെ മുറികളെന്നു വിളിക്കാം.. പക്ഷേ അതൊരു മന്ത്രവാദിനിയുടെ വീടാണെങ്കിലോ? അറകള്‍... അറകള്‍ നല്ലൊരു പ്രയോഗമാണല്ലേ?? ക്ഷമിക്കണം ജാക്ഡാനിയേല്‍ വീണ്ടും ഫോമിലാകുന്നു. )
'റാപന്‍സെല്‍'- എന്നെ ചിന്തകളില്‍ നിന്നുമുണര്‍ത്തി പെണ്‍കുട്ടി പതിയെ വിളിച്ചു. അതുകേട്ട് എന്റെ അടുത്തിരുന്ന അപ്പന്‍ ഞെട്ടലോടെ കണ്ണുതുറന്നു.
'അങ്ങനെയല്ല.. ഇങ്ങനെ... കത്തിക്കു ബലം കൊടുക്കല്ലേ. മരത്തിനു കൊള്ളും.'
പിറുപിറുക്കുന്നതുപോലെ പറഞ്ഞുകൊണ്ട് അപ്പന്‍ കുറച്ചുനേരം കണ്‍തുറിച്ചിരുന്നു. പിന്നെ വീണ്ടും കണ്ണടച്ച് പൂച്ചയെപ്പോലെ ഉറക്കത്തിലാണ്ടു. തന്ത ഏതെങ്കിലും റബര്‍ത്തോട്ടം പാട്ടമെടുക്കുന്നത് കിനാവു കാണുകയായിരിക്കും. ഒരുനിമിഷം പുലര്‍ക്കാലങ്ങളില്‍ റബര്‍മരങ്ങള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന കട്ടിയുള്ള മഞ്ഞുപോലെ കഠിനമായ വെറുപ്പ് എന്നെ വന്നു പൊതിഞ്ഞു.
സാരമില്ല.. ഇന്നുകൊണ്ടറിയാം.. ആ ആലോചന ഉള്ളില്‍വന്നു നിറഞ്ഞപ്പോള്‍ ഹൃദയത്തില്‍ ചേക്കേറിയ മഞ്ഞിന്റെ ധൂളികള്‍ അലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു. ഞാന്‍ പോലുമറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. അകലങ്ങളോളം മൂടല്‍മഞ്ഞു പൊതിഞ്ഞ റബര്‍ത്തോട്ടങ്ങള്‍ മായുന്നു. നിലാവിനെയണിഞ്ഞ ജമന്തിപ്പൂപ്പാടങ്ങള്‍ കാറ്റിലിളകുന്നു.
പെണ്‍കുട്ടി എന്നെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ നീളന്‍നഖങ്ങളുള്ള വെളുത്തുമെലിഞ്ഞ കരങ്ങള്‍ മടിയിലിരിക്കുന്ന വെളുത്ത പഞ്ഞിക്കെട്ടുപോലെയുള്ള പൂച്ചക്കുട്ടിയുടെ തലയില്‍ തടവിക്കൊണ്ടിരുന്നു. ആ പൂച്ചയാണ് റാപന്‍സെല്‍. (പഴയ കഥയിലെ മന്ത്രവാദിനിക്കു കോട്ടയിലേക്കു കടക്കാന്‍ മുടിനീട്ടിക്കൊടുക്കുന്ന രാജകുമാരിയെ ഓര്‍മ്മവരുന്നുവല്ലേ? പക്ഷേ ഇത് അവളല്ല. ഇതൊരു പാവം പൂച്ചക്കുട്ടി.)
ജനാലവിരികള്‍ വകഞ്ഞുമാറ്റിക്കൊണ്ട് നേര്‍ത്തു കാറ്റ് മുറിയില്‍ കടന്നു. മുറിയില്‍ പലയിടങ്ങളിലായി കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികളുടെ മഞ്ഞനാവുകള്‍ സര്‍പ്പങ്ങളെപ്പോലെ പുളഞ്ഞു. മുറിയില്‍ പരിചിതമായ എന്തോ ഗന്ധം നിറയുന്നു. കാറ്റു കൊണ്ടുവന്ന ഗന്ധം. ആത്മാവിനെ മത്തുപിടിപ്പിക്കുന്ന കെട്ടനാറ്റം ഏതെന്നു തിരിച്ചറിയാന്‍ എനിക്കൊരു നിമിഷംപോലും വേണ്ടിവന്നില്ല. റബര്‍പ്പാലിന്റെ മണം. എന്റെ അപ്പന്റെ മണം. ഞാന്‍ വെറുപ്പോടെ മൂക്കു ചുളിച്ചു. എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം പെണ്‍കുട്ടി എണീറ്റുപോയി തുറന്നുകിടന്ന ജനല്‍ഗ്ലാസുകള്‍ ചേര്‍ത്തടച്ചു. അപ്പോള്‍ ജനലഴികള്‍ക്കപ്പുറം റബര്‍മരങ്ങളുടെ നീണ്ടനിര ഞാന്‍ കണ്ടു. എന്റെ മനസ്സിടിഞ്ഞു.
പെണ്‍കുട്ടി വീണ്ടും ഇരിപ്പിടത്തിലേക്കു മടങ്ങിയെത്തുന്നത് ഒരു സ്വപ്നത്തിലെന്നവണ്ണം ഞാന്‍ കണ്ടു. അവള്‍ നടക്കുകയായിരുന്നില്ല, ഒഴുകുകയായിരുന്നു. ചുവന്നനിറത്തിലുള്ള കുപ്പായമാണ് അവള്‍ അണിഞ്ഞിരിക്കുന്നത്. അവളുടെ നീട്ടിവളര്‍ത്തിയ കൈനഖങ്ങള്‍ മെഴുകുതിരികളുടെ വെളിച്ചത്തില്‍ ചുവന്നു തിളങ്ങി. ഒരുമാത്ര അവയില്‍നിന്നും രക്തം കിനിയുന്നുണ്ടെന്ന് എനിക്കുതോന്നി.
പലയിടങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ചിട്ടുണ്ടെങ്കിലും ഈ മുറിയില്‍ ചുവപ്പിന്റെ മങ്ങിയ ഒരു സാന്നിധ്യമുണ്ട്. ചുവന്ന കാര്‍പ്പെറ്റുകള്‍, ചുവന്ന കസേരകള്‍, ഭിത്തിയിലെ പഴക്കംചെന്ന മങ്ങിയ ചുവന്നനിറം. ആണികളില്‍ തൂങ്ങുന്ന ചിത്രങ്ങളുടെ പശ്ചാത്തലങ്ങളില്‍ പടരുന്ന ചുവപ്പ്. ചിത്രങ്ങളില്‍ ഒന്നിലും ദൈവങ്ങളില്ലായെന്നു ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
സിംഹാസനംപോലെയുള്ള ഒരു ചുവന്ന ഇരിപ്പിടത്തിലാണ് പെണ്‍കുട്ടി ഇരിക്കുന്നത്.
'റാപന്‍സെല്‍..' അവള്‍ വീണ്ടും വിളിച്ചു. ഇത്തവണ ആ സ്വരം നേര്‍ത്ത മന്ത്രണം പോലെയായിരുന്നു. ആ വിളിയില്‍ പെണ്‍കുട്ടിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന പഞ്ഞിക്കെട്ടിന്റെ തല പൊന്തി. പൂച്ചക്കുട്ടിയുടെ കണ്ണുകള്‍ നിലാവിന്റെ രണ്ടു നീലത്തുണ്ടുകള്‍പോലെ തോന്നിച്ചു. അതിന്റെ ശരീരത്തില്‍ വെളുത്തുനീണ്ട രോമങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് എനിക്കു തോന്നി. പെണ്‍കുട്ടി പൂച്ചയുടെ തലയില്‍ വീണ്ടും തടവി. ഇത്തവണ അതൊരു കല്‍പന പോലെയായിരുന്നു. രഹസ്യമായ കല്‍പന. എന്റെ നെഞ്ചിടിച്ചു. പെണ്‍കുട്ടിയുടെ കല്‍പനയില്‍ റാപന്‍സെല്‍ കണ്ണുതുറന്നു. അവളുടെ മടിയില്‍നിന്നും ചാടിയിറങ്ങി മൂരിനിവര്‍ത്തി. പിന്നെ മടിച്ചുമടിച്ചു ഞങ്ങള്‍ക്കുനേരെ നടന്നടുത്തു. എന്താണു സംഭവിക്കാന്‍ പോകുന്നത് എന്ന ഉദ്വേഗംകൊണ്ട് നെഞ്ച് പൊട്ടിപ്പോകുമെന്ന് എനിക്കു തോന്നി. ഞങ്ങള്‍ക്കടുത്തേക്കു നടന്നുവന്ന പൂച്ച എന്തോ പരതുന്നതുപോലെ നിലം മണത്തുനിന്നു. പിന്നെ അപ്പന്റെ കാല്‍ച്ചുവട്ടിലൊന്നുരുമ്മി.
'അട്ട കാണും അട്ട...സൂക്ഷിക്കണം മേരിയേ...'
അപ്പനിപ്പോഴും റബര്‍ത്തോട്ടത്തില്‍ തന്നെയാണ്. നിലത്തു കുറച്ചു നേരംകൂടി പരതിനിന്ന പൂച്ച പെട്ടെന്നെന്റെ മടിയിലേക്കു ചാടിക്കയറി. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ പെണ്‍കുട്ടിയുടെയടുത്തേക്കു നടന്നുചെന്ന് അവളുടെ മടിയില്‍ കയറി ഉറക്കമാരംഭിച്ചു. ഞാന്‍ ഉദ്വേഗത്തോടെ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്കായി കാത്തു. അവളെന്നെ ദുഃഖപൂര്‍വം നോക്കി. പിന്നെ പൂച്ചയുടെ തലയില്‍ തടവി ഒരു പ്രവാചകയെപ്പോലെ മന്ത്രിച്ചു.
'സമയമായിട്ടില്ല.' ഞാന്‍ കുറച്ചുനേരംകൂടി കാത്തു. പെണ്‍കുട്ടി ധ്യാനത്തിലെന്നവണ്ണം കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നു. ഞാന്‍ നോക്കുന്നതറിഞ്ഞിട്ടെന്നവണ്ണം അവള്‍ പെട്ടെന്നു കണ്ണുകള്‍ വലിച്ചുതുറന്ന് എന്നെ തറപ്പിച്ചുനോക്കി.
'നിങ്ങള്‍ക്കു പോകാം'-ഇത്തവണ അവളുടെ സ്വരം കടുത്തിരുന്നു. ഞാന്‍ നിരാശയോടെ എണീറ്റു. ഇത്രയും ദൂരം യാത്ര ചെയ്തുവന്നതു വെറുതെയായി. ഉള്ളിലെ ജാക് ഡാനിയേലിന്റെ എഫക്ടും കത്തിപ്പോയിരുന്നു. എത്രയും പെട്ടെന്നു കാര്‍ത്തിക പിടിക്കണം. എന്റെ കാല്‍ അമര്‍ഷത്തോടെ ആക്‌സിലേറ്ററില്‍ പതിഞ്ഞു.
മൂന്ന്
രാത്രിയായി. രാത്രി നിലാവിലലിഞ്ഞു. നിലാവുള്ള രാത്രിയാണ് സ്വപ്നങ്ങള്‍ ജനിക്കുക. പക്ഷേ എനിക്ക് സ്വപ്നങ്ങളെ ഇഷ്ടമല്ല. സ്വപ്നങ്ങളില്‍ എന്റെ അപ്പനുണ്ട്. ചിരട്ടപ്പാലിന്റെ ഗന്ധമുള്ള സ്വപ്നങ്ങള്‍..
ആസിഡിന്റെ മണമുള്ള മയക്കങ്ങള്‍..
ഞാനെന്റെ പഴയ പഠനമുറിയിലായിരുന്നു. ചിന്തകള്‍ക്കു ഭാരം കൂടുമ്പോഴെല്ലാം ഞാനീ മുറിയിലാണ് രാത്രിയുറക്കം. പഴയ സ്റ്റഡിടേബിള്‍ കിടന്നിടത്ത് ഇപ്പോളൊരു സിംഗിള്‍കോട്ട് കട്ടിലുണ്ട്. അടുത്തമുറിയില്‍ അപ്പന്‍ ഉറക്കത്തിലാണ്ടുകഴിഞ്ഞു. കുറച്ചുകഴിയുമ്പോള്‍ കെളവന്‍ റബര്‍മരം വെട്ടാനിറങ്ങും. ഷീറ്റിനൊഴിക്കേണ്ട ആസിഡിന്റെ കണക്കും ഗ്രേഡ്ഷീറ്റിന്റെ പഴയ മാര്‍ക്കറ്റ് വാല്യൂവുമെല്ലാം മുറികടന്ന് എന്റെ കാതില്‍ പതിക്കുവാന്‍ തുടങ്ങും. നാശം. അപ്പന്റെ പിറുപിറുക്കലുകളും റബര്‍ മരങ്ങളും പ്രതീക്ഷിച്ച് ഞാന്‍ പതിയെ ഉറക്കത്തിലാണ്ടു.
പണ്ടു പഠിച്ച സെന്റ് മേരീസ് സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയം. അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഞ്ഞൂറു റബര്‍തൈകള്‍ക്കെങ്കിലും പ്ലാറ്റ്‌ഫോം കൊത്താനുള്ള വലിപ്പം. ഇന്നതിന്റെ ഉദ്ഘാടനമാണ്. തൂണുകളില്‍നിന്നും തൂണുകളിലേക്കു കെട്ടിയിരിക്കുന്ന വര്‍ണ്ണബലൂണുകള്‍ തിളങ്ങുന്നു. മുന്‍നിരയില്‍ വെളുപ്പില്‍ നീലവരകളുള്ള യൂണിഫോമണിഞ്ഞു ഞങ്ങള്‍ വിദ്യാര്‍ഥികള്‍ നിരയായി ഇരിക്കുന്നു. ഞങ്ങള്‍ക്കു പിറകില്‍ മാതാപിതാക്കളുടെ വരി. കുലീനമായ വസ്ത്രങ്ങള്‍ ധരിച്ച് അക്ഷമരായി അവര്‍ പരിപാടികള്‍ക്കായി കാത്തിരിക്കുകയാണ്. ഞാന്‍ ഞെട്ടലോടെ ഇടയ്ക്കിടയ്ക്കു തലവെട്ടിച്ചു പിറകിലേക്കു നോക്കിക്കൊണ്ടിരുന്നു. എന്നെ നാണം കെടുത്താന്‍ അപ്പന്‍ വന്നിട്ടുണ്ടോ? അതായിരുന്നു എന്റെ പേടി. ഇല്ല. എവിടെനിന്നും മനംമടുപ്പിക്കുന്ന ഒട്ടുപാലിന്റെ ഗന്ധമില്ല. പരിപാടി തുടങ്ങുവോളം അപ്പനെ കണ്ടില്ല. ഞാന്‍ ദീര്‍ഘമായി ഒരു ശ്വാസമെടുത്തു. മുന്നില്‍ കര്‍ട്ടന്‍ പൊന്തുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അപ്പന്‍ സ്റ്റേജില്‍ നില്‍ക്കുന്നു. അപ്പന്റെ കൈയില്‍ സ്ലോട്ടറടിച്ച മരത്തിനു വെട്ടുന്ന നീളന്‍പിടിയുള്ള റബര്‍ക്കത്തി.
'കത്തി ദാ ഇങ്ങനെ പിടിക്കണം.. മരത്തില്‍ കൊള്ളിക്കരുത്. പതുക്കെ.. എന്നാല്‍ പാല്‍വരും വിധത്തില്‍. കൈവേഗമാണു പ്രധാനം. ഹെഡ്‌ലൈറ്റിനുപുറത്ത് തലയിലൊരു തോര്‍ത്തുകൂടി വട്ടത്തില്‍ കെട്ടണം. അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് സ്ട്രാപ്പ് അഴിഞ്ഞുപോയി സമയം നഷ്ടപ്പെടും. വല്ലാത്ത മെനക്കേടാ..'
അപ്പന്‍ സദസ്സിന് ക്ലാസ്സെടുക്കുകയാണ്.
നാണക്കേടുകൊണ്ട് എനിക്കു തലകറങ്ങി വീഴുമെന്നു തോന്നി. നെഞ്ചിനകത്തുനിന്നു കത്തിക്കാളുന്ന വേദന. ഞാന്‍ കട്ടിലില്‍നിന്നും നിലത്തേക്കു പതിച്ചു. ഒരു റബര്‍ക്കത്തി നെഞ്ചിലേക്കു കൊണ്ടുകയറിയിട്ടെന്നവണ്ണം വേദന കൂടിക്കൂടി വരികയാണ്. അപ്പോള്‍ എനിക്കു പണ്ട് ദേവാനന്ദന്‍ കാര്‍ത്തികാബാറില്‍വച്ച് പറഞ്ഞ ഞാന്‍ മറന്നുപോയ ആ കാര്യം ഓര്‍മ്മ വന്നു.
പെണ്‍കുട്ടിയുടെ ദുഃഖപൂര്‍വമായ നോട്ടം മനസ്സില്‍ മിന്നിമാഞ്ഞു
വേദന അതിന്റെ ഉച്ചസ്ഥായിലായി.
'കത്തി ദാ ഇങ്ങനെ പിടിക്കണം... പതിയെ.. റബര്‍മരത്തിനു നോവരുത്..'
അടുത്തമുറിയില്‍നിന്നും അപ്പന്‍ പറയുന്നതു കേട്ടു. എനിക്കു വെറുപ്പ് തോന്നിയില്ല. കാരണം ഞാന്‍ അപ്പന്റെ ശല്യമില്ലാത്ത, സ്വപ്നങ്ങളില്‍ റബര്‍മരങ്ങളില്ലാത്ത ഒരു നീണ്ട ഉറക്കത്തിലേക്ക് പതിയെ ആണ്ടുതുടങ്ങിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...