Malayalam Short Story : യുദ്ധം, ഗോവിന്ദ് ഉഷാ ഹരി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗോവിന്ദ് ഉഷാ ഹരി എഴുതിയ ചെറുകഥ

 

 

chilla malayalam short story by Govind Usha Hari

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Govind Usha Hari

 

ദയാനദി നിര്‍ദയമായി ഒഴുകിക്കൊണ്ടേയിരുന്നു. ഒന്നുതിരിഞ്ഞുപോലും നോക്കാതെ, വശങ്ങളില്‍ പ്രതിഷേധമുയര്‍ത്തികൊണ്ട്...

അകലങ്ങളിലെവിടെയോ സൂര്യന്‍ എരിഞ്ഞിറങ്ങുകയാണ്. ആ ചെറിയ കുന്നില്‍ ഒരാള്‍ കുതിരപ്പുറത്ത് ഏകനായി ഇരിപ്പുണ്ട്. ചെറിയൊരു കാറ്റുവീശി സമൃദ്ധമായ നീളന്‍മുടികള്‍ ഇടയ്ക്ക് കാഴ്ച മറയ്ക്കുന്നുണ്ടെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തിനിപ്പുറം അവസാനിയ്ക്കുന്ന തരത്തില്‍ ആ കണ്ണുകള്‍ എന്തിലെക്കെയോ തറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

അയാള്‍ പതിയെ തന്റെ കുതിരയെ താഴ് വാരത്തിലേക്ക് നയിച്ചു. അകലെ സന്ധ്യാനക്ഷത്രം നിസ്സഹായതയോടെ
അയാളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു അപ്പോഴും. കുതിരയുമായി അയാള്‍ സാവധാനം കുന്നിറങ്ങി ദയാനദിക്കരികെ വന്നുനിന്നു. ഒരു വേവലാതിയോടെ ആ കുതിര നദിയ്ക്കരികില്‍ അനങ്ങാതെ നിന്നു. കുതിരപ്പുറത്തിരിക്കുന്ന വെള്ള വസ്ത്രധാരിയ്ക്ക് അത്ഭുതം ഒന്നും തന്നെ തോന്നിയില്ല. തോന്നേണ്ടതാണ്. 

പക്ഷേ ഇന്ന്...അയാള്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു. കടിഞ്ഞാണ്‍ വലിച്ചെങ്കിലും മുന്‍കാലുയര്‍ത്തി കരഞ്ഞതല്ലാതെ ഒരടി അത് മുന്നോട്ടു പോയില്ല. അകാരണമായി അതിന്റെ കണ്ണുകളില്‍ തിളങ്ങിയ ഭയം വെളുത്ത വസ്ത്രധാരിയ്ക്ക് മനസ്സിലായെന്നു തോന്നുന്നു.

അശോകനെപ്പോലെ തന്നെ പ്രശസ്തിയാര്‍ജിച്ചതായിരുന്നു അദ്ദേഹത്തിന്റെ വെള്ളക്കുതിരയും. കരുത്തുറ്റ ഏകരാഷ്ട്രസങ്കല്‍പ്പത്തിന് വടക്കന്‍ പര്‍വതങ്ങളെയും പടിഞ്ഞാറന്‍ മരുഭൂമികളെയും മറികടന്ന്, പതിനായിരക്കണക്കിന് രാക്ഷസശ്വാരൂഢസേനയുടെ അകമ്പടിയോടെ ഏറ്റവും മുന്നില്‍ പടയെ നയിച്ചുകൊണ്ട് കൊടുങ്കാറ്റുപോലെ ശത്രു സേനയിലേക്ക് ഇരച്ചു കയറുമ്പോള്‍ പോര്‍ക്കളം ഒന്നാകെ മുഴങ്ങി കേള്‍ക്കും, മരണം.. മരണം വരുന്നു. 

അശോകന് സംശയമുണ്ടായിരുന്നില്ല ഈ നില്‍ക്കുന്നത് തന്റെ കുതിര തന്നെ. തോളുറയില്‍ കിടന്ന അല്പം മുതിര കൊടുത്ത് അയാള്‍ അതിന്റെ കഴുത്തിലെ നീളന്‍ രോമത്തില്‍ തടവിക്കൊണ്ട് വീണ്ടും അകലങ്ങളിലേക്ക് നോക്കിനിന്നു. കിരീടം ഒരിക്കല്‍ക്കൂടി ശരിയാക്കി പടച്ചട്ട മുറുക്കി അയാള്‍ നദിയിലേക്ക് ഇറങ്ങി. 

ഉടവാള്‍. അരയിലൊന്നു പരതി. ഉണ്ട്. നദിയിലേക്ക് ഇറങ്ങിയപ്പോഴും ദൂരേക്ക് തന്നെ ഏകാഗ്രമായിരുന്നു ആ കണ്ണുകള്‍. ആഴംകുറഞ്ഞ ഭാഗത്തൂടെയുള്ള നടത്തം. മുന്നില്‍ ചെറിയൊരു മണല്‍ത്തിട്ട. അധികം ഉയരമില്ല. ഓരോ ചുവടും നടന്നു കയറുമ്പോഴും കാതില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍. ആക്രോശമാണോ.. കരച്ചിലാണോ. ചെവി തുളയ്ക്കുന്ന കോലാഹലം, കൈകള്‍ അറിയാതെ തന്നെ വജ്രകുണ്ഡലത്തെയും ചേര്‍ത്ത് വച്ചു പൊത്തിപ്പിടിച്ചു. 

മുന്നേപോയ ശബ്ദങ്ങള്‍ തലച്ചോറില്‍ കാഹളമൂതുന്നു. പിന്‍പേ വരുന്ന ശബ്ദങ്ങളാകട്ടെ കൈപുറങ്ങളില്‍ ക്രൗഞ്ചവ്യൂഹം
സൃഷ്ടിക്കുന്നു. മണല്‍ത്തിട്ടയുടെ മുകളില്‍ അശോകന്‍ ഒരു നിമിഷം നിന്നു. അയാളൊന്നു വിറച്ചു. അരയിലെ ഉടവാള്‍, ഉണ്ട്. അതവിടെത്തന്നെയുണ്ട്. കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഒരു നിമിഷം നിന്നു. 

അതെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ഉള്‍കാഴ്ച. മൂര്‍ചയേറിയ ശരങ്ങളുടെ വേഗത്തെ തോല്‍പ്പിക്കുന്ന ആ കണ്ണുകള്‍ ആ കാഴ്ച കണ്ടു ആദ്യമായി. അതെ ആദ്യമായി തന്നെ. ണഭൂമിയില്‍ ആയുധങ്ങളുമായി വരുന്ന ശത്രുവിനെ ആദ്യമായി തന്നെ. 

അശോകന്റെ മുഖം വലിഞ്ഞു മുറുകി. രണഭൂമിയില്‍ ആയുധങ്ങളുമായി വരുന്ന ശത്രുവിനെ നേരിടാന്‍ പോകുമ്പോഴുള്ള അതേഭാവം. അതെ, അതും ഒരു രണഭൂമി തന്നെ. മാതൃരാജ്യത്തിന്റെ മാനസംരക്ഷണത്തിന് പരസ്പരം കൊന്നും വീഴ്ത്തിയും, മുന്നേറിയും രണ്ടു രാജ്യങ്ങളുടെ സമ്പത്ത് ആ പാഴ്ഭൂമിയില്‍ വെറും മണ്ണില്‍ കിടക്കുന്നു. ദയാനദി തീരത്തെ യുദ്ധഭൂമി. സ്വതന്ത്ര രാഷ്ട്രമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഭൂമി മൗര്യസാമ്രാജ്യത്തിന്റെ പടച്ചട്ടയില്‍ കാലം ഏല്‍പ്പിച്ച മുറിവ്.

അതെ. അതില്‍ നിന്നും രക്തംപൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് കലിംഗ. അശോകന്‍ തന്റെ സിംഹവാള്‍പിടിയില്‍ അമര്‍ത്തിപ്പിടിച്ചു. മൗര്യസാമ്രാജ്യത്തിന്റെ ഹൃദയത്തില്‍ രക്തം കൊണ്ട് ഏച്ചുകെട്ടിയ അവസാനത്തെ സ്വതന്ത്ര ഭൂമി. ചക്രവാളങ്ങളിലെവിടെയോ ഒരു ഇടിമുഴക്കം.

 

chilla malayalam short story by Govind Usha Hari

 

രണ്ട്

നിലവിളികളായിരുന്നു ചുറ്റും. ഭ്രാന്ത്പിടിക്കുന്ന നിലവിളികള്‍. വിശാലമായ പോര്‍ക്കളം അതിലും വിശാലമായി കിടക്കുന്ന ശവകൂമ്പാരങ്ങള്‍, ചിതറിക്കിടക്കുന്ന ആയുധങ്ങള്‍ യുദ്ധഭൂമിയെ ആകാശം പ്രതിഫലിപ്പിക്കുകയാണ്. മണ്ണില്‍ ഒഴുകി നടക്കുന്ന കറുത്ത രക്തം ആകാശത്തില്‍ പടര്‍ന്നിരിക്കുന്നു. ചിതറിതെറിച്ചു കിടക്കുന്ന ശിരസ്സുകള്‍ വിണ്ണിലെ ഒരായിരം നക്ഷത്രങ്ങള്‍, ഒരേയൊരു വ്യത്യാസം മാത്രം, മണ്ണിലെ നക്ഷത്രങ്ങളില്‍ ഒന്നു പോലും കണ്ണ് ചിമ്മുന്നുണ്ടായിരുന്നില്ല. 

രണഭൂമിയില്‍ രാത്രിയാത്ര രാജാവിന് നിഷിദ്ധമാണ്.

തന്റെ തന്നെ ഇഷ്ടപ്രകാരം വന്നതാണ്. ആരും തടഞ്ഞതുമില്ല. ഓരോരുത്തരും ഓരോ തിരക്കുകളിലാണ്. ഇവിടെയും അത് തന്നെ. തന്റെ മാര്‍ഗത്തെ ആരും തടയുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നുപോലുമില്ല. പുകള്‍പെറ്റ മൗര്യസാമ്രാജ്യാധിപന്‍ യുദ്ധഭൂമിയില്‍ ഒരനാഥപ്രേതത്തെപ്പോലെയലഞ്ഞു. മഗധയുടെ ആനപ്പട സൈനികരെ മാത്രമല്ല സാധാരണക്കാരെക്കൂടി ചവിട്ടിയരച്ചിരിക്കുന്നു. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അരഞ്ഞുപോയ ശവശരീരങ്ങളില്‍ ചവിട്ടി പലപ്പോഴും അശോകന്‍ വീഴാന്‍ ഭാവിച്ചു. ഹിമാലയസാനുക്കളുടെ താഴ്‌വരയില്‍ വിരിയുന്ന അപൂര്‍വ ഗന്ധപുഷ്പങ്ങളാല്‍ പൂജിക്കപ്പെട്ടിരുന്ന മൗര്യസാമ്രാജ്യാധിപന്റെ കാലുകള്‍ രക്തവും ചലവും അരഞ്ഞുപോയ മാംസത്താലും പൂജിക്കപ്പെട്ടിരിക്കുന്നു. 

സ്ത്രീകളുടെയും, കുട്ടികളുടെയും കരച്ചിലുകള്‍ ഉച്ചത്തില്‍ത്തന്നെ കേള്‍ക്കാം. ചെറിയ കുട്ടികളാകട്ടെ പൊട്ടിപ്പൊളിഞ്ഞ രഥങ്ങളില്‍ ഒളിച്ചു കളിയ്ക്കുകയാണ്. ദേ..ഒന്നിങ്ങുവന്നേ. താടിയും മുടിയും നീട്ടിയ ഒരു ഭ്രാന്തന്‍ അശോകന്റെ ബലിഷ്ഠമായ കൈകള്‍ പിടിച്ചു വലിച്ച് വലതുവശത്തേക്ക് കൊണ്ടുപോയി. 

കണ്ടോ, അതുകണ്ടോ, കഴുത്തറക്കാന്‍ ഉടവാളെടുക്കുന്നതിനു മുമ്പ് ഭ്രാന്തന്‍ ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പാഞ്ഞു. ഭ്രാന്ത്. ഭ്രാന്ത്. ഭ്രാന്ത് തന്നെ.

അതൊരു ശവശരീരമായിരുന്നു. പാതിമുറിഞ്ഞ ശിരസ്സോടെ കൈകാലുകള്‍ വിച്ഛേദിക്കപ്പെട്ട ശരീരം. പക്ഷേ കാലുകളുടെ സ്ഥാനത്ത് വെട്ടിമാറ്റപ്പെട്ട രണ്ടു കുതിരക്കാലുകള്‍, കൈകളുടെ സ്ഥാനത്ത് തുമ്പിക്കൈകള്‍. തല ശരിയായില്ല, തല ശരിയായില്ല. ഭ്രാന്തന്‍ കൈയുയര്‍ത്തിക്കൊണ്ട് പാതി മുറിഞ്ഞ ശിരസ്സ് പറിച്ചെടുത്തു. ഒന്ന് പരതിയശേഷം ചെറിയ എന്തോ ഒന്ന് അവിടെത്തന്നെ വച്ചു. അതും ഒരു ശിരസ്സായിരുന്നു. ഏതോ ഒരു പൈതലിന്റെ. ഇളം ചുണ്ടില്‍ പാലിനോടൊപ്പം തന്നെ ചോരയും ചെറുതായി ഒഴുകുന്നു. 

തല ചെറുതായി പോയി അല്ലേ, ഭ്രാന്തന്‍ കഴുത്ത് ചരിച്ച് അശോകനെ നോക്കി. 

നിലാവിന്റെ പ്രഭയില്‍ തിളങ്ങിയ ഉടവാള്‍ പതിയെ താഴ്ന്നു. അശോകന്റെ കലങ്ങിയ കണ്ണുകളില്‍ നിന്നും ഒരു തുള്ളി, വിളറിയ മുഖത്തൂടെ പാഞ്ഞ് കുറ്റിരോമങ്ങളുമായി യുദ്ധം ചെയ്തു. തല ചെറുതായി പോയി. തല ചെറുതായി പോയി. ഭ്രാന്തന്‍ നിലവിളിയോടെ ഇരുട്ടില്‍ മറഞ്ഞു. 

തല ചെറുതായി പോയി...

എരിയുന്ന തീയുടെ വെളിച്ചത്തില്‍ ചോരചിതറിയ ഒരു മുഖം ഞരങ്ങി. അവള്‍...മരിച്ചിട്ടില്ല. ആ രൂപം പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആയുധം തീര്‍ന്നുപോയി. ഒരു ശബ്ദത്തോടെ തേര്‍ചക്രങ്ങള്‍ക്കിടയിലേക്കവള്‍ വീണു. അറ്റുപോയ അംഗങ്ങളിലും, കുടല്‍മാലകളിലും അമര്‍ത്തി ചവിട്ടി അശോകന്‍ അവളുടെ അരികിലേക്ക് വന്നു നിന്നു.

കീറിപ്പറിഞ്ഞ ശരീരം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിക്കൊണ്ട് അവള്‍ ഉച്ചത്തില്‍ പറഞ്ഞു. ഇരുവലം വെട്ടുന്ന െപണ്‍കരുത്തിന് കാതങ്ങള്‍ താണ്ടുന്ന അശോകാസ്ത്രത്തെ കാണാന്‍ സാധിച്ചില്ല. എന്റെ തെറ്റ്.  അശോകന്‍ നിശബ്ദനായി അവളെ നോക്കി. മാതൃപരമ്പരയുടെ സംരക്ഷണബുദ്ധി ചന്ദ്രഗുപ്തനും കൗടില്യനും കൂടി തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

അശോകന്റെ കണ്ണുകളില്‍ അഗ്‌നി ജ്വലിച്ചു. ആണ്‍പോരിമ കൊത്തുന്ന ശാസനങ്ങളില്‍ കലിംഗ പുത്രിയുടെ ചരിത്രം വായിക്കപ്പെടേണ്ട കാലം. ഉയര്‍ന്നു പൊങ്ങിയ കഠാരയുടെ വേഗത്തിനെക്കാളും അശോകന്റെ വാളു ചലിച്ചു. പുകള്‍പെറ്റ കലിംഗയുടെ പെണ്‍ചരിതം തേര്‍ചക്രമെന്നപോലെ വടക്കുദിശ നോക്കി ഉരുണ്ടുപോയി. സ്വതന്ത്ര ഭൂമിയുടെ സിരാരക്തം ആളികത്തുന്ന അഗ്‌നിക്കു ഹവിസ്സായി മാറി. 

ധര്‍മയെ ഓര്‍മവന്നു അശോകന്. അമ്മയാണ്. കുട്ടിക്കാലത്ത് അമ്മ രക്തചന്ദനം തേച്ചു തരുമായിരുന്നു. വെളുപ്പിനെ കൂടുതല്‍ വെളുപ്പിക്കാനത്രേ! ഇവിടെ പതിനായിരക്കണക്കിന് മനുഷ്യരുടെ അരഞ്ഞുപോയ ശരീരം കലിംഗയില്‍ തേച്ചുപിടിപ്പിച്ചിരിക്കുന്നു മകനായ അശോകന്‍. വെളുപ്പിനെ കൂടുതല്‍ വെളുപ്പിക്കാനത്രേ! 

പൊന്തക്കാടുകളില്‍ കാട്ടുനായ്ക്കള്‍ ജീവനുള്ള ശരീരങ്ങളെ കടിച്ചു മുറിയ്ക്കുന്ന ഹ്രാ..ഹ്രാ... ശബ്ദങ്ങളെ നിസ്സഹായമായി കേട്ടുകൊണ്ട് അശോകന്‍ ശിരസ്സുതാഴ്ത്തി ദയാനദിയ്ക്കരികിലേക്ക് നടന്നു.

 

chilla malayalam short story by Govind Usha Hari

 

മൂന്ന്

രക്തപങ്കിലമായ ദയാനദിയെ കണ്ട് അശോകന്‍ ഭീതിയോടെ മറിഞ്ഞടിച്ചുവീണു. പ്രഭാപൂരിതമായിരുന്നു ദയയുടെ തീരങ്ങള്‍. കൂമ്പാരമാക്കിയ ശവങ്ങളില്‍ മഗധ, കലിംഗ ഭേദമന്യേ ഏവരെയും ഒരുപോലെ ദഹിപ്പിച്ചു. പാതിജീവനുള്ളവര്‍ നിലവിളിയോടെ ദയയില്‍ വീണ് കത്തിയമര്‍ന്നു. ചിതകളില്‍ നിന്നും രക്തം ചാലചോലായി ദയാനദിയില്‍ പതിച്ചുകൊണ്ടേയിരുന്നു. നാഴിമണ്ണിനെ പത്തായി കീറാന്‍ കെല്‍പ്പുള്ള ഉടവാള്‍ അശോകന്‍ പതിയെ എടുത്തു. 

കലിംഗയുടെ മാറ് കുത്തിപ്പിളര്‍ന്ന രക്തം ഇനിയും ഉണങ്ങിയിട്ടില്ല. ദയയുടെ ഒഴുക്കിന് ഈ കറയെ മായിക്കാന്‍ കഴിയുമോ? തന്റെ ശിരസ്സില്‍ മരവിച്ചിരിക്കുന്ന കിരീടം നദീതീരത്തിലേക്ക് അലസമായി അശോകന്‍ എറിഞ്ഞുകളഞ്ഞു. രക്തം കൊണ്ട് രക്തം കഴുകാനാകുമോ. 

സാമ്രാട്ട് അശോകന് തന്റെ ശ്വാസം നിലയ്ക്കുന്നപോലെ തോന്നി. ആജ്ഞാചക്രത്തിലൊരു മിന്നല്‍. കൈയിലിരുന്ന ഉടവാളൊന്നു വിറച്ചു. അശോകന്‍ പതിയെ ഒന്ന് തിരിഞ്ഞു നോക്കി. ആളികത്തുന്ന ചിതാവെളിച്ചം കവചമാക്കിയ ഒരു യുവഭിക്ഷു പതിയെ പുഞ്ചിരിച്ചു. 

ആകാശം മാത്രം അതിരെന്നു വിശ്വസിച്ച ബിന്ദുസാര പുത്രന്‍ അന്നാദ്യമായി തലകുനിച്ചു. അശോകഹൃദയമെന്ന് പാടിപുകഴ്ത്തപ്പെട്ട വാമൊഴികള്‍ക്ക് വിട. 

പൊട്ടിത്തകര്‍ന്നു പോയ ഹൃദയത്തോടെ ഇരുകൈകളും നീണ്ടമുടിയില്‍ അമര്‍ത്തിപിടിച്ച് വലിച്ച് അശോകന്‍ തലയുയര്‍ത്തി ഉറക്കെ ഉറക്കെ കരഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ. കുറച്ചു നിമിഷം അങ്ങനെ കടന്നു പോയി. പാറിപറക്കുന്ന കഴുകന്‍മാര്‍ക്കും മുകളില്‍, യുദ്ധക്കളത്തിനും മുകളില്‍, മൂന്നു കൊറ്റികള്‍ ദയാനദിക്ക് സമാന്തരമായി പറന്നു പോയി. 

കാശിയിലെ സുപ്രസിദ്ധമായ വെണ്ണിലാപട്ടിന് ഇന്ന് മണ്ണിന്റെ നിറം. അശോകന്‍ തന്റെ വസ്ത്രത്തില്‍ പതിയെ തലോടി. ലക്ഷകണക്കിനു മനുഷ്യരുടെ കുരുതി അശോകചക്രവര്‍ത്തിക്കുള്ള ശിക്ഷ. അശോകന്റെ ഇടം കൈമുട്ട് തുടിച്ചു. 

വൈശാഖപൂര്‍ണിമ അകലെയല്ല. ഭിക്ഷുവിന്റെ തോള്‍വസ്ത്രം കാറ്റടിച്ച് അശോകന്റെ മുഖത്തേക്ക് വന്നു പതിച്ചു. രക്തം കുതിര്‍ന്ന തിരുവസ്ത്രം ഒരു ഭീതിയോടെ അശോകന്‍ വലിച്ചെടുത്ത് ഭിക്ഷുവിനെ നോക്കി. തന്റെ മുറിഞ്ഞു തൂങ്ങിയ കൈപ്പത്തികള്‍ അശോകനുനേരേ തൊഴുതുപിടിച്ച് പുഞ്ചിരിയോടെ ഭിക്ഷു ഘനഗംഭീരമായി വീണ്ടും പറഞ്ഞു, വൈശാഖപൂര്‍ണിമ അകലെയല്ല മഹാനായ അശോകാ.

അത്രയും സമയം ഓളങ്ങള്‍ തഴുകിയ മൗര്യസാമ്രാജ്യാധിപന്റെ കിരീടം ഒരു ശബ്ദത്തോടെ ദയാനദി ഏറ്റുവാങ്ങി അവളുടെ ഗര്‍ഭത്തിലൊളിപ്പിച്ചു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios