malayalam Short Story: കരയാന്‍ മറന്നവര്‍, ഗീത നെന്‍മിനി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
'എനിക്ക് ഒന്നു സംസാരിക്കണം മൃദു, ഇപ്പോള്‍ തന്നെ. ഞാന്‍ അങ്ങോട്ട് വരട്ടെ? ഫ്രീ ആണോ?'
'തികച്ചും ഫ്രീ, ബാലു ടൂറിലാണ്. പെട്ടെന്നു തന്നെ വാ.'
രാജി ബാല്യകാല സുഹൃത്താണ്. ഇവിടെനിന്ന് മൂന്നു മണിക്കൂര്‍ ഡ്രൈവ്. ഇടയ്ക്കിടെ വിളിക്കും. മകന്‍ വിദേശത്തായതുകൊണ്ട് അങ്ങോട്ടും പോകും. സൗഹൃദങ്ങളില്‍ ഏറ്റവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവള്‍.
ഒരു മുന്നറിയിപ്പും കൂടാതെ ഇടയ്ക്കു വരും.
'നൊസ്റ്റാല്‍ജിയ കയറി ഒരു രക്ഷയുമില്ല. ആ ബാധ ഒഴിപ്പിക്കാനാ ഇന്ന് നിന്നെ കാണാന്‍ വന്നത്.'
'നമുക്ക് പതിനേഴുകളില്‍ ചെന്നു രാപ്പാര്‍ക്കാം. അവിടെ കുന്നിന്‍ മുകളിലുള്ള കോളേജിന്റെ പടികള്‍ ഓടിക്കയറാം. ഇടനാഴികളിലും കാന്റീനിലും ചുറ്റി തിരിയാം. മാധവിക്കുട്ടിയുടെ 'എന്റെ കഥ' ചോദിക്കുമ്പോള്‍ ലൈബ്രേറിയന്റെ മുഖത്തുദിക്കുന്ന ഗൂഢസ്മിതം കണ്ടില്ലെന്നു നടിക്കാം. മണിക്കൂറുകളോളം സംസാരിക്കുന്ന പ്രണയ ജോടികളെ നോക്കി എന്തായിരിക്കും ഇവരുടെ ടോപിക് എന്നോര്‍ത്ത് അത്ഭുതപ്പെടാം. 'മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു' എന്നു ബി എ ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്നു, മൂളിനോക്കാം. 'ഓര്‍മ്മകളെ കൈവള ചാര്‍ത്തി, വരൂ...' എന്നു പാടി അവസാനിപ്പിച്ചു കുന്നിറങ്ങാം.
'കഴിഞ്ഞോ, ബാധ ഇറങ്ങിയോ?' എന്നു ചോദിക്കുമ്പോള്‍ അവള്‍ ചിരിക്കും. ചിരിക്കുമ്പോള്‍ അവളുടെ
ഭംഗി ഇരട്ടിക്കും. പിന്നെ പാചകവും വാചകവുമായി രസകരമായ ഒരു ദിവസം. അതുപോലെ ഇന്നും വല്ല ബാധയും കൂടിയതാവും.
'പെട്ടെന്ന് എത്തിയല്ലോ. ഇന്ന് കൂടിയ ബാധ ഏതു പ്രായത്തിലേതാ സഖി...?'
രാജിയുടെ മുഖം വല്ലാതിരുന്നു.
'എനിക്ക് കരയണം മൃദു. പൊട്ടിക്കരയണം. വര്‍ഷങ്ങളായി നെഞ്ചില്‍ എന്തോ ഒന്ന് കെട്ടിക്കിടക്കുന്നുണ്ട്.
പലയിടങ്ങളില്‍ നിന്നും ശേഖരിച്ച വേദനകള്‍, ആശകള്‍, നിരാശകള്‍, എല്ലാം ഒഴിച്ചു കളയണം.. കരഞ്ഞു തീര്‍ക്കണം. ഒരു തുള്ളി കണ്ണുനീര്‍ വരുന്നില്ല. ഞരമ്പുകള്‍ വിങ്ങി പൊട്ടുന്ന പോലെ.'
തുറന്നു വെച്ച പുസ്തകംപോലെയാണ് എനിക്ക് രാജി. ഓരോ അദ്ധ്യായവും ഹൃദിസ്ഥമാണ്. ഒരു സ്ത്രീ ആഗ്രഹിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അവള്‍ക്കുണ്ട്. മധ്യവയസ്സിലെത്തുമ്പോള്‍ പല സ്ത്രീകളെയും
അപകടകരമായി ബാധിക്കുന്ന നിര്‍വികാരത, എന്തിനോടുമുള്ള മടുപ്പ്- അതൊന്നും അവളില്‍ കണ്ടിട്ടില്ല.
അവളുടെ ആശകളും നിരാശകളും എനിക്കറിയാം.
'ഓര്‍മ്മയുണ്ടോ രാജി, ആദ്യമായി ചായയുടെ കൂടെ ഉരുളച്ചോറ് കഴിച്ചത് നിന്റെ വീട്ടില്‍ നിന്നായിരുന്നു. ഉച്ചക്കുണ്ടാക്കിയ ചോറില്‍ കൂട്ടാനും ഉപ്പേരിയുമിട്ടു നെയ്യ് കൂട്ടി കുഴച്ച ഉരുളച്ചോറ്. അമ്മേടെ സ്‌നേഹം. അമ്മയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴും നമുക്ക് ഉരുള തരുമായിരുന്നു അല്ലെ...'
'അതെ ഭാഗ്യമില്ല.'
'ഈ ഓണത്തിനും നിന്റെ അച്ഛനെ ഓര്‍ത്തു. ആദ്യമായി ഒരേ പോലെയുള്ള ദാവണി വാങ്ങി തന്നത്. അച്ഛന്റെ കൂടെ ഫോട്ടോ എടുത്തത്. അച്ഛനില്ലാത്ത എനിക്ക് നിന്നെപ്പോലൊരു ഭാഗ്യവതി വേറെ ഇല്ലെന്നു തോന്നിയിരുന്നു. മരിക്കാനുള്ള പ്രായം ആവുന്നതിനു മുന്‍പേ പോയില്ലേ.'
'അതും യോഗം.'
'അച്ഛനെ വേദനിപ്പിയ്ക്കാന്‍ വയ്യാത്തതുകൊണ്ടായിരുന്നു രാജുവിനെ നീ വേണ്ടെന്നു വെച്ചത്. 'മാതളപ്പൂ' എന്നേക്കുമായി ഉപേക്ഷിച്ച ദിവസം നീയൊരു ഭ്രാന്തിയെപ്പോലെ ആയിരുന്നു. എന്തിഷ്ടമായിരുന്നു രാജുവിനു നിന്നെ. തീ പോലെ കത്തിനിന്ന പ്രണയം ഊതിക്കെടുത്തിയ ശേഷം നീ പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്. നീ അവനെ ഓര്‍ക്കാറുണ്ടോ രാജി?'
'പൂര്‍വജന്മം ആര്‍ക്കെങ്കിലും ഓര്‍മിക്കാനാവുമോ മൃദു?'
'ഇന്നലെ ഞാനൊരു സിനിമ കണ്ടു പുനര്‍ജന്മത്തെ പറ്റിയുള്ള സിനിമ. പത്തു വയസ്സുകാരി അപകടത്തില്‍ മരിച്ചു പോവുന്നതും പിന്നെ അവള്‍ അവരുടെ പേരക്കുട്ടിയായി ജനിക്കുന്നതുമായിരുന്നു കഥ. ആ കുട്ടിക്ക് നമ്മുടെ അനുമോളുടെ അതെ ഛായ. അവള്‍ മരിച്ചതും ഇതേ പ്രായത്തില്‍ ആയിരുന്നല്ലോ. ഇപ്പോള്‍ ഉണ്ടെങ്കില്‍ നീയൊരു അമ്മമ്മ ആയിക്കാണും അല്ലെ?'
രാജി ഒന്നും മിണ്ടിയില്ല.. അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ നിലത്തേക്കിരുന്നു. അവള്‍ കൊതിച്ചപോലെ നെഞ്ചില്‍ കെട്ടിക്കിടക്കുന്ന സങ്കടങ്ങള്‍ മണിക്കൂറുകളോളം പെയ്തുകൊണ്ടിരുന്നു. നമ്മളെ സ്‌നേഹിച്ചവര്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വേദന, നമ്മള്‍ സ്‌നേഹിച്ചവര്‍ നഷ്ടപ്പെടുമ്പോഴാണെന്ന് അമ്മ പറയുമായിരുന്നു.
അവള്‍ മറന്നുവെന്നു നടിക്കുന്ന സങ്കടങ്ങളെ കുത്തി ഉണര്‍ത്തേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വേറെ വഴിയില്ലായിരുന്നു.
കരഞ്ഞു തീര്‍ന്നാല്‍ അവള്‍ വീണ്ടും എന്റെ രാജിയാവും. ഞങ്ങള്‍ പഴയ പോലെ നൊസ്റ്റാല്‍ജിയയുടെ ബാധയുമായി കുന്നിന്‍മുകളിലും അരളി ചോട്ടിലും 'ഓര്‍മകളുടെ കൈവളകള്‍' കിലുക്കി നടക്കും.
പെട്ടെന്ന് മിന്നല്‍ പോലൊരു ഓര്‍മ. ഞാനെന്നാണ് അവസാനം കരഞ്ഞത്?
അവളുടെ കരച്ചില്‍ കണ്ടിട്ടും എന്റെ കണ്ണു നിറയുന്നില്ല. സിനിമ കണ്ടാല്‍ കരയുന്ന, മരണ വീട്ടില്‍ ഒരിക്കലും പോകാത്ത, ചത്തുപോകുമോ എന്നുപേടിച്ചു പക്ഷികളെ വളര്‍ത്താത്ത മൃദുല ഞാന്‍ തന്നെയല്ലേ?
എവിടെ വെച്ചാണ് എനിക്കെന്റെ കണ്ണുനീര്‍ നഷ്ടപെട്ടത്?
കണ്ണും മനസ്സും തമ്മില്‍ ഒരു ആത്മബന്ധം ഉണ്ടെന്നും ആ ബന്ധം തകരുമ്പോഴാണ് കണ്ണിനെ കരയിക്കാന്‍ മനസ്സിനാകാത്തത് എന്നുമുള്ള ആ വലിയ സത്യം ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു. ആര്‍ദ്രമായ മനസ്സ് അപ്പൂപ്പന്‍ താടി പോലെ എന്നില്‍ നിന്നും എന്നോ പറന്നകന്നു കഴിഞ്ഞിരിക്കുന്നു.
രാജിയുടെ ഒഴുകിപ്പടരുന്ന കണ്ണീരിനെ എന്റെ വറ്റിവരണ്ട കണ്ണുകള്‍ അസൂയയോടെ, ഒട്ടൊരു ഭീതിയോടെ നോക്കി നിന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...