Malayalam Short Story : കിനാവില്‍ ഒരു വീട് , ഗീത നെന്‍മിനി എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗീത നെന്‍മിനി എഴുതിയ ചെറുകഥ

chilla malayalam short story by geetha nenmini

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by geetha nenmini

 

ഉച്ചമയക്കത്തില്‍  ഉമ പിന്നെയും അതേ വീടു കണ്ടു. നിത്യ കല്യാണി നിറയെ പൂവിട്ടു നില്‍ക്കുന്ന മുറ്റമുള്ള വീട്. സ്വപ്നങ്ങളില്‍ വിരുന്നുവരാറുള്ള ആ വീട് എവിടെ വെച്ചാണ് കണ്ടിട്ടുള്ളതെന്ന്   ഓര്‍മിക്കാനായില്ല. ഓരോ മുക്കും മൂലയും വരെ മനസ്സില്‍ കൊത്തിവെച്ചപോലെ തെളിയുന്നു. മുറ്റത്തിന്റെ ഇടതു വശത്തു കിണര്‍. തെങ്ങിന്‍ തടത്തില്‍ പനി കൂര്‍ക്കിലചെടികള്‍. വേലിക്കരുകില്‍ അരിനെല്ലിമരം. അന്തിവെയില്‍ വീഴുന്ന നേരം മൂവാണ്ടന്‍ മാവ് മുറ്റത്ത് വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങള്‍ പോലും സ്വപ്നത്തില്‍ വരുന്നു.

നഗരവാസിയായിട്ടു മൂന്നു പതിറ്റാണ്ടു കഴിഞ്ഞു. നാട്ടില്‍ ഇടയ്ക്കിടെ പോകാറുമുണ്ട്. പക്ഷെ ഈ ഒരു വീട് അവിടെങ്ങും കണ്ടിട്ടില്ല. ദിവസം കഴിയുംതോറും പകലുറക്കങ്ങളില്‍ മാത്രം കണ്ടിരുന്ന വീട് രാത്രിയിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

പതുക്കെ പതുക്കെ അവള്‍ ആ വീടിനെ ഇഷ്ടപ്പെട്ടു തുടങ്ങി.

സ്വപ്നം കാണാത്ത ദിവസങ്ങളില്‍ എന്തെന്നില്ലാത്ത അസ്വസ്ഥത ഉമക്ക് അനുഭവപ്പെട്ടു. കരിന്തിരി കത്തുന്ന ഓര്‍മ്മകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ വീട്ടില്‍ പ്രിയപ്പെട്ട ആരോ ഉണ്ടെന്ന തോന്നല്‍ അവളെ വേട്ടയാടി.

മധ്യവയസ്സിലെത്തുമ്പോള്‍ സാധാരണസ്ത്രീകളില്‍ കാണാറുള്ള വിരക്തിയും ഉദാസീനതയും ഉമയെ പിടികൂടിയിരുന്നില്ല. പുസ്തകങ്ങളും യാത്രകളുമായി അവള്‍ സദാ ഉല്ലാസവതിയായിരുന്നു. ഉറ്റ സുഹൃത്ത് സമീരയുടെ കൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ജേര്‍ണലിസ്റ്റിന്റെ സകല അടവുകളും കയ്യിലുള്ള സമീരക്ക് സൗഹൃദങ്ങള്‍ അനവധി ഉണ്ടെങ്കിലും ഉമയോളം പ്രിയപ്പെട്ടതായിരുന്നില്ല അവരാരും.

'ഓര്‍ത്തുനോക്ക്, കുഞ്ഞുനാളിലെപ്പോഴോ കണ്ടിട്ടുള്ളതോ പോയിട്ടുള്ളതോ ആവാം ആ വീട്.   ഉപബോധമനസ്സില്‍ പതിഞ്ഞുപോയ ചില സംഭവങ്ങളുടെആവര്‍ത്തനവുമാവാം.' സമീരയിലെ പത്രപ്രവര്‍ത്തക അഭിപ്രായപ്പെട്ടു.

ഗോവിന്ദ് മരിച്ചശേഷം ഉമ അധികം നാട്ടില്‍ പോയിട്ടില്ല. ലിവര്‍ സിറോസിസ് ആയിരുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ല 
നിയന്ത്രിച്ചില്ല എന്നീ ആരോപണങ്ങള്‍ ഒളിപ്പിച്ചു വെച്ച സംസാരങ്ങള്‍ ബന്ധുക്കളില്‍ നിന്നും ഉണ്ടായപ്പോള്‍ അവള്‍ക്ക് മടുപ്പ് വന്നു. ഗുരുവായൂരിലുള്ള ഗോവിന്ദിന്റെ തറവാട്ടിലെ കാവും കുളവും പച്ചയുടുത്ത പാടവും അമ്പലവും കൈകൊട്ടി ചിരിക്കുന്ന അരയാലും മാത്രം നെഞ്ചോട് ചേര്‍ത്ത് അവള്‍ ആ നാടിനെ മനഃപൂര്‍വം മറന്നു കളഞ്ഞു.

എങ്കിലും കുറച്ചു കൂടി കരുതല്‍ വേണമായിരുന്നു. അങ്ങനെ വിട്ടുകളയേണ്ടായിരുന്നു എന്നൊരു കുറ്റബോധം ഇടക്കൊക്കെ തലനീട്ടും. ജന്മനാ ഉള്ള തകരാര്‍ ആയിരുന്നു. മദ്യമോ മറ്റു ലഹരികളോ ഉപയോഗിക്കുമായിരുന്നില്ല. നിയന്ത്രണമില്ലാത്ത ഭക്ഷണം കഴിക്കലായിരുന്നു പ്രശ്‌നം. എത്ര സ്വദിഷ്ടമായ ആഹാരം വീട്ടിലുണ്ടെങ്കിലും പുറത്തു നിന്നും ഓര്‍ഡര്‍ ചെയ്യും. മരണം പെട്ടെന്നായിരുന്നു.

കടുത്ത ഏകാന്തതയില്‍ ഒരു കുഞ്ഞിനെ ദത്തെടുത്താലോ എന്ന് ഉമക്ക് തോന്നിയിരുന്നു. പിന്നെ പതിയെ ജോലിയും സുഹൃത്തുക്കളുമായി മുന്നോട്ട് പോയി. ധാരാളം യാത്രകള്‍ ചെയ്തു. അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കി.

അന്നൊന്നും തോന്നാതിരുന്ന അസ്വസ്ഥത അവളില്‍ ഉടലെടുത്തത് വീടിനെ സ്വപ്നം കണ്ടത് മുതല്‍ക്കാണ്. ഓരോ തവണ കാണുമ്പോഴും ഉള്‍ക്കടലില്‍ നിന്നൊരു അല ഉയര്‍ന്നു വരുന്നു. അവസാനത്തെ പടുകൂറ്റന്‍ തിരപാടെ മറന്നൊരു ബാല്യകാലവും കൊണ്ടാണ് ആര്‍ത്തിരമ്പി വന്നത്. 

ആ വീട്.. ഉമയുടെ വളര്‍ത്തമ്മയായ ലക്ഷ്മി അമ്മയുടെ വീട്. ലപ്പി എന്ന് ഉമകൊഞ്ചിവിളിക്കും.

ഉമയുടെ വീടിന്റെ അടുത്തു തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. അച്ഛനും അമ്മയും ജോലികഴിഞ്ഞു വരുന്നതുവരെ ലക്ഷ്മിയമ്മ ഉമക്ക് കൂട്ടിരിക്കും. വീട്ടുജോലിക്കാരിയായി അല്ല അവരെ കണ്ടിരുന്നത്. അമ്മ ലക്ഷ്മിയേട്ടത്ത ിഎന്നേവിളിച്ചിരുന്നുള്ളു. ഉമയെ കുളിപ്പിച്ചൊരുക്കി സ്‌കൂളില്‍ കൊണ്ടു പോയിരുന്നതും അവരായിരുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ ഉമ ലക്ഷ്മി അമ്മയുടെ വീട്ടിലായിരിക്കും. അരിനെല്ലിക്കയും ചാമ്പക്കയും ചിതറി കിടക്കുന്ന കിഴക്കേമുറ്റത്തിരിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടു. ലപ്പിയുടെ അമ്മിണി ആടും നന്ദിനി പശുവും ഉമക്കും പ്രിയപ്പെട്ടതായിരുന്നു.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉമ ബാംഗ്ലൂരിലേക്ക് സ്ഥിരതാമസമാക്കിയത. ലക്ഷ്മി അമ്മയെ കൂടെ കൂട്ടാന്‍ ശ്രമിച്ചു നോക്കി. നാടും വീടും വിട്ടുവരാന്‍ അവര്‍ തയ്യാറായില്ല. ലപ്പിയമ്മയുടെ വാത്സല്യം നിറഞ്ഞ ഓര്‍മ്മകള്‍ ഉമയുടെ കുഞ്ഞുമനസ്സില്‍നിന്നും മെല്ലെ മാഞ്ഞു മാഞ്ഞുപോയി.

ഹ്രസ്വമായ ആ കാലയളവ് ഉള്ളില്‍നിന്നും തുടച്ചു മാറ്റിയ ശക്തി വീണ്ടും എന്തിനിത് തിരിച്ചു തന്നു എന്നവള്‍ ആശ്ചര്യപ്പെട്ടു.

അന്നു രാത്രി സ്വപ്നത്തില്‍ ഉമ ലപ്പിയമ്മയുടെ വീട്ടിലേക്കൊരു യാത്ര പോയി.

കരിയില മൂടിയ മുറ്റം കടന്ന് തുരുമ്പിച്ച ഓടാമ്പല്‍ നീക്കി വാതില്‍ തുറന്നു അകത്തു കയറി. പൊട്ടിയ ഓടിന്റെ വിടവിലൂടെ നിലാവിന്റെ വിരലുകള്‍ പൊടിയടിഞ്ഞ സിമന്റു നിലം തൊട്ടുനോക്കുന്നുണ്ടായിരുന്നു.
ലപ്പിയമ്മയുടെ മുറിക്കു പുറത്ത് ഉമ നിന്നു. ദീര്‍ഘശ്വാസം വലിക്കുന്ന ശബ്ദത്തോടൊപ്പം മോളെ എന്നൊരു ചിലമ്പിയ ഒച്ച കേട്ട് ഉമ ഞെട്ടി എഴുന്നേറ്റു.

ഘടികാരം നിലച്ചു പോയോ? 

കാലം പിറകോട്ടോടി മുപ്പത്തിയഞ്ചു കൊല്ലത്തിനപ്പുറമെത്തി തരിച്ചു നില്‍ക്കുന്നു. ഉമക്ക് പിന്നെഉറങ്ങാനായില്ല. തിരുക്കരയെന്നഗ്രാമവും  ലപ്പിയമ്മയും ആ കൊച്ചുവീടും ഉടന്‍തന്നെ പോയി കാണണമെന്ന് അവള്‍ തീരുമാനിച്ചു.

ഡ്രൈവിംഗില്‍  ഭ്രമമുള്ള സമീര കാറില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ ഉമ സമ്മതിച്ചു. രാത്രി യാത്രകള്‍ അവര്‍ക്കിടയില്‍ പതിവായിരുന്നു. എവിടെയെങ്കിലും പോകണമെന്നു വിചാരിക്കുന്ന നിമിഷം രണ്ടുപേരും ഉടന്‍ പുറപ്പെടും. ഫുള്‍ ടാങ്ക് പെട്രോള്‍, നാലു ജീന്‍സ്, ഷര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍... ഇത്രയും തയ്യാറെടുപ്പോടെ തുടങ്ങുന്ന യാത്രകള്‍.

സമീരയും ഉമയും തിരുക്കര എത്തുമ്പോള്‍ കുറെ വൈകിയിരുന്നു. എട്ടുവയസ്സുകാരിയുടെ മങ്ങിയ ഓര്‍മയില്‍ ഉള്ള തിരുക്കര മാറിക്കഴിഞ്ഞിരുന്നു. എങ്കിലും സ്‌കൂളിന്റെ പുറകുവശത്തായിരുന്നു ലപ്പിയമ്മയുടെ വീട് എന്നൊരോര്‍മ്മയില്‍ അവള്‍ മുന്നോട്ടു പോയി. വീട് ഒരു മാറ്റവുമില്ലാതെ അതുപോലെ തന്നെ.. നിത്യ കല്യാണിയും അരി നെല്ലിയും  ചാമ്പയും മാത്രം കാണുന്നില്ല. എണ്‍പതു വയസ്സ് ചെന്ന വൃദ്ധ കൂന്നു നില്‍ക്കുന്നതുപോലെയുള്ള വീട്ടിലേക്കു അവര്‍ കയറിച്ചെന്നു. 

'ആരാ എവിടുന്നാ'-മുറ്റത്ത് നിന്നൊരു സ്ത്രീ ശബ്ദം.

'ലക്ഷ്മിയമ്മേ കാണാന്‍.'

'മിനിയാന്ന് രാത്രി കഴിഞ്ഞൂലോ. രാവിലെ തന്നെ തൊടിയില്‍ മറവു ചെയ്തു..'
'എപ്പോഴായിരുന്നു'-സമീര ചോദിച്ചു.

'മിനിയാന്ന് രാത്രി ഏകദേശം രണ്ടുമണിക്ക്. ഒറ്റത്തടി ആയിരുന്നു. പക്ഷെ മോളെ എന്നുവിളിച്ചാണ്  ശ്വാസം പോയത്.'

സമീര ഉമയെ നോക്കി. ചിലമ്പിയ ഒച്ചയിലുള്ള മോളേ എന്ന വിളി അവള്‍ കേട്ടിരുന്നു. തണുത്ത വിരല്‍ നിറുകയില്‍ തടവിയത് അറിഞ്ഞിരുന്നു. ആ  ആത്മാവ് അവളെ കാണാന്‍ അങ്ങോട്ട് വന്നോ അതോ  ഇങ്ങോട്ടുവരുത്തിയോ?

മടങ്ങുമ്പോള്‍ ഉമ നിശബ്ദയായിരുന്നു. അമ്മയും അച്ഛനും ഭര്‍ത്താവും അവളുടെ കണ്മുന്നിലൂടെ കടന്നുപോയവരാണ്. ശരീരംഉറങ്ങുകയും ആത്മാവ് ഉണര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ സ്വപ്നമെന്ന മാധ്യമത്തിലൂടെ ചില സന്ദേശങ്ങള്‍ മരണാസന്നര്‍ നല്‍കുമെന്ന് കേട്ടിട്ടുണ്ട്. ലപ്പിയമ്മ 
അവളെ കാണാന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അടയാളപ്പെടുത്താനാവാത്ത ഈ അനുഭവം വിശ്വാസത്തിന്റെ ഏതു പട്ടികയില്‍പെടുത്തുമെന്ന് ഉമക്ക് ഇപ്പോഴും ഒരു തീര്‍ച്ചയുമില്ല.  

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios