തോക്ക്, ഇ. ബി. ജോണ്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഇ. ബി. ജോണ്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഞാന്‍ മരിച്ചിട്ട് അധിക നേരമായിട്ടുണ്ടാവില്ല. ഏറിയാല്‍ ഒന്നോ രണ്ടോ മിനിറ്റ്. സോഫയുടെ മുന്നില്‍ നിലത്തു രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്നത് എന്നെ തൊണ്ണൂറ്റിമൂന്ന് വര്‍ഷങ്ങള്‍ വഹിച്ചിരുന്ന ദേഹമാണ്. വലത്തെ ചെവിക്ക് ഒരല്‍പം മുകളിലൂടെ തലയോട്ടിനുള്ളിലേക്ക് ഒരു സ്‌ഫോടനത്തോടെ തുളച്ചുകയറിയ ഒരു വെടിയുണ്ട ആ ദേഹത്തില്‍ നിന്ന് എന്നെ വേര്‍പെടുത്തി. ഞങ്ങളുടെ കിടപ്പുമുറിയിലെ കട്ടിലില്‍ രക്തം വാര്‍ന്ന് ഒരു തേങ്ങലോടെ കിടക്കുന്നത് എന്റെ ഭാര്യയാണ്, അമ്മിണി. അവളുടെ ഹൃദയം ലക്ഷ്യമാക്കിയ വെടിയുണ്ടയുടെ ഉന്നം പിഴച്ചു. അവളുടെ ഇടതു കൈത്തണ്ടയിലാണ് അത് തറച്ചത്. ആ വെടിയുണ്ടക്ക് അവളെ അവളുടെ ദേഹത്തില്‍ നിന്ന് വേര്‍പെടുത്താനായില്ല.ഒരു മണിക്കൂറിനുള്ളില്‍ അവളുടെ സഹോദരിയുടെ ഇളയ മകന്‍ ഇവിടെ വരും. അവളെ ആശുപത്രിയിലേക്ക് കൊണ്ട് പോകും. അവള്‍ ഇനിയും കുറെ കാലം കൂടി ആ ദേഹത്തില്‍ വസിക്കണം. അതാണ് അവളുടെ നിയോഗം. അങ്ങനെ എഴുപത്തിയൊന്നു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ആദ്യമായി ഞങ്ങള്‍ തീര്‍ത്തും ഒരുമിച്ചല്ലാതാകുന്നു.
അപൂര്‍വ്വമായേ ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നിട്ടുള്ളു. എന്നും എപ്പോഴും ഒരുമിച്ചായിരുന്നു. യാത്രകള്‍ പോലും ഒരുമിച്ച്. അച്ഛന്‍ ദേഹവും അമ്മ അതിന്റെ നിഴലുമാണെന്നാണ് ഞങ്ങളുടെ മക്കള്‍ ഞങ്ങളെ കളിയാക്കി പറഞ്ഞിരുന്നത്. ഒരിക്കലും വേര്‍പ്പെടുത്താനാവില്ല.
ഞങ്ങളുടെ വിവാഹം നടക്കുമ്പോള്‍ എനിക്ക് ഇരുപത്തിരണ്ടു വയസ്സും അമ്മിണിക്ക് പത്തൊന്‍പതുമായിരുന്നു പ്രായം. ആ പ്രായത്തില്‍ ഞാന്‍ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നില്ല. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു പെണ്ണുകാണാന്‍ പോയത്. ആദ്യമായി കണ്ട ആ പെണ്‍കുട്ടിയുടെ മന്ദസ്മിതം ഉള്ളില്‍ കുളിര്‍മ്മ ചൊരിഞ്ഞപ്പോള്‍ മനസ്സില്‍ അമ്മക്ക് നന്ദി പറഞ്ഞു. ഒരു വനമുല്ലപ്പൂവിന്റെ സൗരഭത്തോടെ അമ്മിണി എന്റെ ജീവിതത്തിലേക്കു കടന്നു വന്നു.
വിവാഹം കഴിഞ്ഞു നാലു വര്‍ഷമായപ്പോള്‍, എനിക്ക് ഭാഗമായി വീതിച്ചു കിട്ടിയ ഈ പറമ്പില്‍ വീട് വച്ച് ഞങ്ങള്‍ ഇങ്ങോട്ടുമാറി. മൂന്നേക്കറിനു നടുവിലുള്ള ഈ വീട്ടിലെ താമസം അറുപത്തിയേഴു വര്‍ഷത്തിലേറെയായി. പറമ്പിലെ ഒട്ടുമിക്ക മരങ്ങളും ഞാനും അമ്മിണിയും കൂടി നട്ടുപിടിപ്പിച്ചതാണ്. ഈ പറമ്പില്‍ എത്ര മാവുണ്ട് എത്ര തെങ്ങുണ്ട് എന്നൊക്കെയുള്ള കണക്കുകള്‍ അമ്മിണിക്കു കൃത്യമായി അറിയാം. ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒരേ സ്ഥലത്ത് താമസിക്കുമ്പോള്‍ ആ സ്ഥലവും വീടുമെല്ലാം ജീവിതത്തിന്റെ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത ഭാഗങ്ങളായി മാറും. ഇങ്ങോട്ടു താമസം മാറ്റുമ്പോള്‍ മൂത്ത രണ്ടു കുട്ടികള്‍ മാത്രമേ ജനിച്ചിട്ടുണ്ടായിരുന്നുള്ളു. മാധവനും വാസന്തിയും. ഒടുവിലത്തെ മൂന്നു കുട്ടികള്‍ ഈ വീട്ടിലാണ് ജനിച്ചത്. ഇവിടെ ഞങ്ങള്‍ അഞ്ചു കുട്ടികളെ വളര്‍ത്തി. അമ്മിണി വളര്‍ത്തിയെന്നു പറയുന്നതാവും ഏറെ ശരി. ഞങ്ങളുടെ വീടൊരു കോവിലായിരുന്നു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ശ്രീകോവില്‍. അവിടത്തെ ദേവിയായിരുന്നു അമ്മിണി.
കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. അതൊരു മഹാനദി പോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ അനിവാര്യത അമ്മിണിയിലും മാറ്റങ്ങള്‍ വരുത്തി. അവളുടെ നനവാര്‍ന്നു ചുവന്നു തുളുമ്പി നിന്നിരുന്ന ചുണ്ടുകള്‍ വരണ്ടു നിറം മങ്ങി ചുളുങ്ങി. തുടിച്ചു കൊതിപ്പിച്ചു നിന്നിരുന്ന നിറഞ്ഞ മാറിടങ്ങള്‍ ഞാന്നു തൂങ്ങി. തൊട്ടാല്‍ രക്തം പൊട്ടുമായിരുന്ന മിനുസമുള്ള തക്കാളി കവിളുകളില്‍ വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണു. സമൃദ്ധമായ നിതംബം മറച്ചിരുന്ന നീണ്ടു കറുത്ത മുടികള്‍ പകുതിയും കൊഴിഞ്ഞു, വെളുത്തു നരച്ചു. തിളങ്ങുന്ന കണ്ണുകള്‍ക്കു മാത്രം ഒരു മാറ്റവുമില്ല. അന്നത്തെ അതേ തിളക്കം ഇപ്പോഴും ഉണ്ട്. തൊണ്ണൂറു വര്‍ഷങ്ങള്‍ അവളെ വഹിച്ചിരുന്നതിന്റെ ക്ഷീണം അവളുടെ ശരീരത്തില്‍ കാണാം. കൈകാലുകള്‍ ചുളുങ്ങി. നടുവ് ചെറുതായിട്ടൊന്നു കൂനി. നടക്കാന്‍ ഇപ്പോള്‍ വടി വേണം.
എന്റെ ഓര്‍മ്മയില്‍ അമ്മിണി ഒരിക്കല്‍ പോലും അവളുടേതായ ഒരു ആഗ്രഹമോ ആവശ്യമോ എന്നോട് പറഞ്ഞിട്ടില്ല ഒരു സാരി വേണമെന്നോ, പുതിയ കമ്മല്‍ വേണമെന്നോ അല്ലങ്കില്‍ ഒരു സിനിമക്ക് പോകണമെന്നോ പോലും എന്നോട് ഒരിക്കലും പറിഞ്ഞിട്ടില്ല. അവള്‍ എന്നും ഉള്ളതുകൊണ്ട് സംതൃപ്തയായി. മക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു അവളുടെ ആഗ്രഹങ്ങളെല്ലാം. 'മാധവന് പുതിയൊരു ഷര്‍ട്ട്..,' 'വാസന്തിക്ക് പുതിയ ഒരു ജോഡി കമ്മല്‍...' അങ്ങനെയൊക്കെയായിരുന്നു അവളുടെ ആഗ്രഹങ്ങള്‍. ഭര്‍ത്താവും മക്കളും മാത്രമായിരുന്നു അവളുടെ ലോകം.
കഴിഞ്ഞയാഴ്ചയാണ് ആദ്യമായി അവള്‍ ഒരാഗ്രഹം അറിയിച്ചത്. 'എനിക്ക് ഈ വീട്ടില്‍ കിടന്നു തന്നെ മരിക്കണം. എന്നെ വേറെയെങ്ങും കൊണ്ടുപോകാന്‍ സമ്മതിക്കരുത്.' അത് പറഞ്ഞപ്പോള്‍ അവള്‍ തേങ്ങിപ്പോയി. ശബ്ദം ഇടറി. കണ്ണുകള്‍ നിറഞ്ഞു വന്നു. എന്താണു പറയേണ്ടതെന്നറിയാതെ ഞാന്‍ വിഷമിച്ചു. ഈ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്കാവുമോ എന്നോര്‍ത്ത് ഞാന്‍ പരിതപിച്ചു. കട്ടിലിന്റെ തലക്കല്‍ ഒരു തലയിണയില്‍ ചാരിയിരുന്നു കൊണ്ടാണ് അമ്മിണി അവളുടെ ആഗ്രഹം പറഞ്ഞത്. അടുത്തൊരു കസേരയില്‍ ഞാനതു കേട്ടിരുന്നു. ആ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള കഴിവില്ലായ്മ എന്നെ വേദനിപ്പിച്ചു.
അവള്‍ ഏറെ നേരം കിടപ്പുമുറിയുടെ ജനാലയിലൂടെ തെക്കേ മുറ്റത്തെ വലിയ മാവിനെ നോക്കിയിരുന്നു. കുറെയേറെ നിമിഷങ്ങള്‍ക്കുശേഷം എന്തോ ഓര്‍ത്തിട്ടെന്നപോലെ അവള്‍ പറഞ്ഞു: ''ഈ മാവ് മാധവന്റെ എട്ടാം പിറന്നാളിന് അവനെക്കൊണ്ട് നടീച്ചതാ''. മക്കളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവള്‍ക്കിപ്പോഴും ഓര്‍മയുണ്ട്. മാവു വളര്‍ന്നതിനുശേഷം എപ്പോഴും ഓണത്തിന് ഊഞ്ഞാല്‍ കെട്ടിയിരുന്നത് ഇതിന്റെ കൊമ്പത്താണ്. അവള്‍ ഏറെനേരം നിശബ്ദയായി വീണ്ടും ആ വലിയ വൃക്ഷത്തെ നോക്കിയിരുന്നു. പിന്നെ പതിഞ്ഞ സ്വരത്തില്‍ അബോധാവസ്ഥയിലെന്നപോലെ ഒരു ദീര്‍ഘനിശ്വാസത്തോടെ എന്നെ നോക്കി വീണ്ടും പറഞ്ഞു: ''എനിക്ക് ഈ വീട്ടില്‍ കിടന്നു തന്നെ മരിക്കണം, എന്നെ വേറെയെങ്ങും കൊണ്ടുപോകാന്‍ സമ്മതിക്കരുത്''.
എന്തെങ്കിലും പറയാന്‍ വാക്കുകള്‍ പരതി ഞാന്‍ വിഷമിച്ചു. മധുരിക്കുന്ന ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ വീട്ടില്‍ നിന്ന് എങ്ങും പോകാന്‍ എനിക്കും അമ്മിണിക്കും ഒട്ടും ഇഷ്ടമില്ല. ഈ വീടായിരുന്നു ഞങ്ങളുടെ എല്ലാം. ഓരോ കോണിലും ഒരായിരം ഓര്‍മകള്‍ ഒഴുകി നടക്കുന്നു. ഒന്ന് കണ്ണടച്ചു കാതോര്‍ത്താല്‍ മക്കളുടെ ചിരി ഇപ്പോഴും കേള്‍ക്കാം. വാസന്തിയുടെ കൊലുസ്സിന്റെ കിങ്ങിണികള്‍ കിലുങ്ങുന്നതും മാധവന്‍ വീണ വായിക്കുന്നതും കേള്‍ക്കാം. ഉമ്മറത്തെ ചാരുകസേരയില്‍ വെറുതെയിരിക്കുമ്പോള്‍ 'അച്ഛാ ഓടി വാ' എന്ന് മക്കളിലാരോ ഉറക്കെ വിളിച്ചു പറയുന്നതും കേള്‍ക്കാം. ഓരോരോ ആവശ്യങ്ങള്‍ക്കായി മക്കള്‍ വിളിക്കുന്നത് കാതോര്‍ത്തിരുന്ന ആ പഴയ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു.
മാവിലകള്‍ക്കിടയിലൂടെ ഊഴ്ന്നിറങ്ങി നിലാവ് മുറ്റത്തു പളുങ്കുകള്‍ വിതറുന്ന രാവുകളില്‍ രാപ്പാടികള്‍ പാടുന്നതും കേട്ട് ഉമ്മറത്ത് വെറുതെയിരിക്കാറുള്ളത് ഞാന്‍ ഓര്‍ത്തു. എനിക്കും അമ്മിണിക്കും ഏറെ ഇഷ്ടമുള്ളൊരു കാര്യമാണത്. രാത്രിയുടെ ശാന്തതയില്‍ ഞങ്ങള്‍ ഓരോന്ന് പറഞ്ഞിരിക്കും. വീട്ടിലെ ഭിത്തികള്‍ നിറയെ മക്കളുടെയും ചെറുമക്കളുടെയും ഫോട്ടോകളാണ്. വളരെ പഴയ ഫോട്ടോകളും മക്കളെ സ്റ്റുഡിയോയില്‍ കൊണ്ടുപോയി എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളും അക്കൂട്ടത്തിലുണ്ട്. പലതും നിറം മങ്ങി. ചിലതൊക്കെ മഞ്ഞച്ചു. ചിലതിലൊക്കെ വെളുത്ത പാടുകള്‍ വീണു. എന്നാലും ഈ ഫോട്ടോകള്‍ ഞങ്ങള്‍ക്ക് അമൂല്യങ്ങളാണ്. എല്ലാ ദിവസവും അമ്മിണി ആ ഫോട്ടോകളുടെ മുന്നില്‍ പോയി കുറെ നേരം നോക്കി നില്‍ക്കും. പതിറ്റാണ്ടുകളുടെ ഓര്‍മ്മകള്‍ പേറുന്ന ഫോട്ടോകള്‍.
ഒരു മാസം മുമ്പ് അമേരിക്കയിലുള്ള മൂത്ത മകന്‍ വന്നിരുന്നു. അവന്‍ ഞങ്ങളെ നഗരപ്രാന്തത്തിലുള്ള ഒരു ലക്ഷ്വറി റിട്ടയര്‍മെന്റ് ഹോം കാണിക്കാന്‍ കൊണ്ടുപോയി. വളരെ വിശാലമായ സ്ഥലം. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത കെട്ടിടങ്ങള്‍. ഒരു സ്വീകരണ മുറിയും ഒരു കിടപ്പുമുറിയും അടുക്കളയും ഒക്കെയുള്ള ഒരു യൂണിറ്റ് ഞങ്ങള്‍ക്ക് കിട്ടും. എയര്‍ കണ്ടിഷന്‍ഡ് ആണ്. മൂന്നുനേരം ആഹാരം മുറിയില്‍ കൊണ്ടുതരും. ശുശ്രൂഷിക്കാന്‍ ആവശ്യത്തിന് ജോലിക്കാരുണ്ട്. ഒരു ഡോക്ടറും ഒരു നഴ്‌സുമുണ്ട്. എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. പുറത്തിറങ്ങിയാല്‍ മനോഹരമായ പൂന്തോട്ടം. താഴത്തെ നിലയില്‍ തന്നെ ആയതുകൊണ്ട് അധികം പടികളൊന്നും കയറണ്ട. ഞങ്ങളെ അങ്ങോട്ട് മാറ്റണമെന്ന് മക്കളെല്ലാവരും കൂടി തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ വീടുവിട്ട് എങ്ങും പോകാനിഷ്ടമില്ല. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.
നാട്ടില്‍ ഞങ്ങളെ നോക്കാന്‍ മക്കളാരും ഇല്ല. എല്ലാവരും പലയിടത്തായി ചിതറിക്കിടക്കുന്നു. രണ്ടു പേര്‍ അമേരിക്കയില്‍. ഒരാള്‍ ഇംഗ്ലണ്ടില്‍. പിന്നെ രണ്ടുപേര്‍ ഓസ്ട്രേലിയയില്‍. എല്ലാവര്‍ക്കും മക്കളും ചിലര്‍ക്ക് ചെറുമക്കളും ഒക്കെയായി. പിന്നെ ജോലിത്തിരക്കും. ആര്‍ക്കും ഒന്നിനും നേരമില്ല. ഒടുവില്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങി ഞാന്‍ സമ്മതം മൂളി. അമ്മിണി അഞ്ചു മക്കളെ വളര്‍ത്തി. ആ അഞ്ചു മക്കള്‍ക്കും കൂടി ഒരമ്മയെ നോക്കാന്‍ സമയം കണ്ടെത്താനാവുന്നില്ല- ഓര്‍ക്കുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍.
ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇളയ മകനെ സന്ദര്‍ശിക്കാന്‍ ഓസ്ട്രേലിയയില്‍ പോയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു തോക്കു കാണുന്നത്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് രണ്ടു മണിക്കൂര്‍ അകലെയാണ് അവന്റെ താമസം. വളരെ വലിയ ഒരു റാഞ്ചിന്റെ നടുവിലാണ് അവന്റെ വീട്. നോക്കിയാല്‍ കാണാവുന്ന ദൂരത്തിലൊന്നും വേറെ വീടുകളില്ല. അങ്ങനെയുള്ള സ്ഥലത്തു താമസിക്കുമ്പോള്‍ തോക്കുകള്‍ വീട്ടിലുണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അവന്‍ ദീര്‍ഘമായി സംസാരിച്ചു. ആദ്യമായി തോക്ക് കൈയിലെടുത്തപ്പോള്‍ ഒരു വിറയലനുഭപ്പെട്ടു. അവന്‍ അതിന്റെ പ്രവര്‍ത്തന രീതികളൊക്കെ വിശദീകരിച്ചു തന്നു. പിന്നെ റാഞ്ചില്‍ വിജനമായൊരിടത്തു കൊണ്ടുപോയി തോക്കുപയോഗിക്കാനും പഠിപ്പിച്ചുതന്നു. ആദ്യമായി തോക്കിന്റെ കാഞ്ചി വലിച്ചത്, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു. ഒരു വിരല്‍ത്തുമ്പിന് ഇത്രയധികം നശീകരണ ശക്തി അഴിച്ചു വിടാന്‍ കഴിയുമെന്ന അറിവ് എന്നെ ഭയപ്പെടുത്തി. അതിനടുത്ത വര്‍ഷം അവന്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു തോക്കു വാങ്ങിത്തന്നു. ലൈസന്‍സൊക്കെ അവന്‍ തന്നെ ശരിയാക്കി. അച്ഛനും അമ്മയും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഒരു തോക്കു വീട്ടിലുള്ളത് ധൈര്യം പകരുമെന്നായിരുന്നു അവന്റെ വാദം. വല്ലപ്പോഴും പൊടി തുടച്ചു വയ്ക്കുകയല്ലാതെ അത് ഒരിക്കല്‍ പോലും ഉപയോഗിച്ചിരുന്നില്ല.
കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ മനസ്സില്‍ അമ്മിണി പറഞ്ഞ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു നീരാളിയെപ്പോലെ അതന്നെ വരിഞ്ഞു മുറുക്കി. മറ്റൊന്നിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചില്ല. ചിന്തിക്കാന്‍ എനിക്ക് ആവുമായിരുന്നില്ല. ഇടറുന്ന ശബ്ദത്തില്‍ നഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞ വാക്കുകള്‍ എന്റെയുള്ളില്‍ മുഴങ്ങിക്കൊണ്ടിരിന്നു - 'എനിക്ക് ഈ വീട്ടില്‍ കിടന്നു തന്നെ മരിക്കണം, എന്നെ വേറെയെങ്ങും കൊണ്ടുപോകാന്‍ സമ്മതിക്കരുത്.'' ദയനീയത നിറഞ്ഞ അമ്മിണിയുടെ മുഖം എന്റെ മനസ്സില്‍ വേദനയോടെ വീണ്ടും വീണ്ടും തെളിഞ്ഞുവന്നു.
ഞാന്‍ നിസ്സഹായനായിരുന്നു. ആ നിസ്സഹായത എന്നെ ഭ്രാന്തുപിടിപ്പിച്ചുകൊണ്ടിരുന്നു. ഒന്നും നേരെ ചിന്തിക്കാനാവുന്നില്ല. എങ്ങനെയെങ്കിലും അമ്മിണിയുടെ ആഗ്രഹം സാധിച്ചുകൊടുക്കണം എന്നൊരു ചിന്ത മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. പണ്ടുകണ്ട സിനിമകളിലെ ചില രംഗങ്ങള്‍ എങ്ങനെയോ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു. ഒടുവില്‍ ഞാനൊരു തീരുമാനമെടുത്തു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള എന്റെ ബുദ്ധി ശരിയായി പ്രവര്‍ത്തിക്കുണ്ടായിരുന്നില്ല. തലച്ചോറിനെയാകെ ഒരു പുകപടലം ആവരണം ചെയ്തതു പോലെ.
ഇളയ മകന്‍ വാങ്ങിത്തന്ന തോക്കുമായി ഞാന്‍ കിടപ്പു മുറിയിലേക്ക് നടന്നു. ഞങ്ങളുടെ മോഹങ്ങള്‍ക്കും ദാഹങ്ങള്‍ക്കും മൂകമായി സാക്ഷ്യം നിന്ന മുറി. ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും സാക്ഷ്യം നിന്ന മുറി. താഴമ്പൂവിട്ടു കാച്ചിയ എണ്ണയുടെയും കളഭത്തിന്റെയും മുടിയില്‍ കൊരുത്തിട്ട മുല്ല മാലയുടെയും ഗന്ധം എപ്പോഴും നിറഞ്ഞുനിന്ന മുറി.
അമ്മിണി നേര്‍ത്ത മയക്കത്തിലായിരുന്നു. ഞാന്‍ ഒരുതരം മാനസിക വിഭ്രാന്തിയിലും. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരുന്നു. അധികമൊന്നും ആലോചിക്കാതെ വിറയ്ക്കുന്ന കൈകളോടെ ഞാന്‍ തോക്ക് അവളുടെ നേരെ ചൂണ്ടി നിറയൊഴിച്ചു. തിരികെ നടന്ന് ഞങ്ങളുടെ സ്വീകരണ മുറിയിലെ സോഫയുടെ മുന്നിലെത്തിയപ്പോള്‍ തോക്കിന്‍കുഴല്‍ എന്റെ തലയോട്ടിലേക്കു ചേര്‍ത്തു പിടിച്ചു വീണ്ടും കാഞ്ചി വലിച്ചു.
ഞാന്‍ മരിച്ചു കഴിഞ്ഞിട്ടാണ് അമ്മിണി മരിച്ചിട്ടില്ലായെന്ന സത്യം ഞാന്‍ അറിയുന്നത്. ഞാന്‍ എന്റെ ശരീരത്തില്‍ നിന്ന് വേര്‍പെട്ടു സ്വതന്ത്രനായി. അവള്‍ അവളുടെ ശരീരത്തില്‍ തന്നെ വാസം തുടരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചല്ലാതായി.
ഭൂമിയില്‍ നിന്ന് ശരീരം വെടിഞ്ഞു വരുന്നവര്‍ ആകാശത്തു നക്ഷത്രങ്ങളായി തുടരുന്നു. അടുത്ത യാത്ര തുടങ്ങുന്നതുവരെ ഇഷ്ടമുള്ളടത്തോളം കാലം നക്ഷത്രങ്ങളായി തുടരാം. അമ്മിണി, നീ വരുന്നതുവരെ നിന്നെയും കത്ത് ഞാന്‍ ഈ നക്ഷത്രലോകത്തുണ്ടാവും. ഒരിക്കല്‍ കൂടി നിന്റെ കരം ഗ്രഹിക്കാന്‍, ഒരിക്കല്‍ കൂടി നിന്നെ അണച്ച് അടുപ്പിച്ചു നിറുത്താന്‍, നിന്റെ ചുവന്നു തുടുത്ത ചുണ്ടൊത്തൊരുമ്മ തരാന്‍, നിന്റെ മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്റെ ഗന്ധം ഒരിക്കല്‍ കൂടി നുകരാന്‍ നിന്നെയും കാത്ത് ഞാന്‍ ഇവിടെ ഉണ്ടാവും.
പുനര്‍ജന്മം എന്നൊന്നുണ്ടങ്കില്‍ ഇനിയുള്ള എല്ലാ ജന്മങ്ങളിലും നീ എന്റേതാകണം.