Malayalam Short Story: കയം, ഡോ. ഷാനു എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. ഷാനു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : തൊണ്ണൂറാം നാള്‍, ഡോ. ഷാനു ഷൈജല്‍ എഴുതിയ ചെറുകഥ
''നോക്കൂ, സ്‌നേഹത്തിനുള്ളതു പോലെ ദു:ഖത്തിനുമുണ്ട് നമ്മെ പിടിച്ചുവലിച്ച് കൂടെക്കൂട്ടാനുള്ള ഒരു കാന്തിക ശക്തി. വിരഹദുഃഖത്തിന് അതേറും. അതിന്റെ കയത്തിലേക്ക് സ്വയം ഇറങ്ങുക എന്നത് ആത്മഹത്യാപരമാണ്. എന്നാല്‍, അത്ര എളുപ്പമല്ല ആ കയത്തില്‍ പെടാതിരിക്കാന്‍. നമ്മെ ആശ്രയിക്കുന്നവരെയും സ്‌നേഹിക്കുന്നവരെയും ഓര്‍ത്ത് മുന്നോട്ടു പോവുകയാണ് രക്ഷപ്പെടാനുള്ള ഒരേയൊരു പോംവഴി. അതിന്, യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, ആവും വിധം ജീവിക്കേണ്ടതുണ്ട്...''
അച്ചടി മലയാളത്തിനോട് അടുത്തുനില്‍ക്കുന്ന ആധികാരികതയോടെ, ബാലാജിയോട് ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ഫ്‌ലൈറ്റില്‍ ടേക്ക് ഓഫ് അനൗണ്‍സ്‌മെന്റ് വന്നു.
'എത്തിയിട്ട് വിളിക്കാം, ടേക്ക് ഓഫ് ആയി' എന്ന് അദ്ദേഹത്തോട് പറഞ്ഞ് ഫോണ്‍ വെച്ചു.
ബാലാജിയുടെ മറുപടികള്‍ പൊതുവേ പതുക്കെയേ വരാറുള്ളു. ഞാന്‍ പറഞ്ഞതൊക്കെയും അദ്ദേഹം കേട്ടോ ഇല്ലേ എന്ന് പോലും നിശ്ചയമില്ല.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യലും സീറ്റ് ബെല്‍റ്റ് ഇടലുമെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഇരുന്നപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന ആളെ വീണ്ടും ശ്രദ്ധിച്ചത്. അയാള്‍ എന്തോ ചോദിക്കാനെന്നോണം തല വെട്ടിച്ചു നോക്കുന്നു. അതുകണ്ട് 'സഹയാത്രികയുടെ മര്യാദ'യോടെ ഞാനൊന്ന് പുഞ്ചിരിച്ചു, അയാളും.
വായിക്കാന്‍ എന്നപേരില്‍ എല്ലാ യാത്രകളിലെയും പോലെ അന്നും എന്റെ കയ്യില്‍ ഒരു പുസ്തകമുണ്ടായിരുന്നു. അത് തുറക്കാം എന്നാലോചിക്കുമ്പോഴാണ് 'കോഴിക്കോടാണോ?' എന്നയാള്‍ ചോദിച്ചത്. 'അതെ' എന്ന് ചുരുക്കി മറുപടി പറഞ്ഞ ഉടനെ അടുത്ത ചോദ്യം വന്നു: 'ആരോടായിരുന്നു ഫോണില്‍ അത്രയും പറഞ്ഞത്?'
ആ ചോദ്യത്തിലെ അതിക്രമിച്ചു കടക്കാനുള്ള ത്വര എനിക്കത്ര പിടിച്ചില്ല, എങ്കിലും എവിടന്നോ കേറിവന്നൊരു മര്യാദാബോധം കൊണ്ട് 'നാട്ടിലെ സുഹൃത്താണ്!' എന്ന് മാത്രം മറുപടി കൊടുത്തു. ആ മറുപടി അയാളെങ്ങനെ എടുക്കുമെന്ന് ചുമ്മാ ആലോചിക്കവേ അത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായും ചെയ്യേണ്ട വിധം അയാളെന്റെ മുഖത്തേക്കു നോക്കി.
വിടാന്‍ പുള്ളിയ്ക്ക് ഭാവമില്ലെന്നൊരു തോന്നല്‍ വന്നെങ്കിലും ഞാന്‍ അയാളെ ബലമായി ഒഴിവാക്കാന്‍ തുനിഞ്ഞില്ല. വായിക്കാനുള്ള മൂഡൊന്നുമില്ല. ഒറ്റയ്ക്കിരുന്ന് ആലോചിച്ച് ആകാശം കീഴ്‌മേല്‍ മറിക്കാനും വയ്യ. അതിലും നല്ലത് പറയാന്‍ വെമ്പി നില്‍ക്കുന്ന അയാളിലെ കഥ കേള്‍ക്കലാകുമല്ലോ എന്നോര്‍ത്തു.
അത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും ചെയ്യാറുള്ളതില്‍നിന്നും നേര്‍വിപരീതമായ എന്റെ പ്രതികരണം അയാള്‍ക്ക് ആശ്വാസമായിക്കാണണം. 'തുടര്‍ന്നുകൊള്ളൂ' എന്ന മെസേജാവണം അത് അയാള്‍ക്ക് കൊടുത്തിട്ടുണ്ടാവുക എന്നു കരുതവേ പുള്ളിയുടെ അടുത്ത ചോദ്യം വന്നു. ''അല്ല, എന്തുപറ്റി സുഹൃത്തിന്?''
''മരണമാണ്. അവിവാഹിതനായ അദ്ദേഹത്തിന് ആകെയുള്ളൊരു കൂടപ്പിറപ്പാണ് അകാലത്തില്‍ പോയത്. ആ ദു:ഖത്തില്‍ നിന്ന് കരകയറാന്‍ രണ്ടുവര്‍ഷമായിട്ടും പാടുപെടുകയാണ് അദ്ദേഹം. മനുഷ്യരല്ലേ, ഒറ്റപ്പെടലോളം ഭീകരമായ അവസ്ഥ വേറെയില്ലല്ലോ.''
സൗമ്യമായ സ്വരത്തില്‍ ഞാന്‍ ബാലാജിയെക്കുറിച്ച് പറഞ്ഞു തുടങ്ങി. അപരിചിതനെങ്കിലും, ബാലാജിയുടെ ജീവിതത്തിന്റെ ദു:ഖഭരിതമായ ഇടവഴികളില്‍ അയാളും താല്‍പ്പര്യത്തോടെ കൂടെ വന്നു. കഥ തീര്‍ന്നപ്പോള്‍ അയാള്‍ നിശ്ശബ്ദനായി.
കുറച്ചുനേരം ഞാനും മിണ്ടാതിരുന്നു. പിന്നെ, അത്തരം സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുംവിധം ഞാനയാളെ പരിചയപ്പെടാനുള്ള ചോദ്യങ്ങള്‍ക്ക് തുടക്കമിട്ടു. അയാള്‍ മറുപടി പറഞ്ഞു. തിരിച്ചും ചോദ്യങ്ങള്‍ വന്നു. അല്‍പ്പനേരത്തിനുള്ളില്‍ പേരും നാളും സ്ഥലവും തുടങ്ങി സര്‍വ്വതും ഞങ്ങള്‍ പരസ്പരം ചോദിച്ചറിഞ്ഞു.
വിമാനം ആകാശം തുളച്ചുകീറി അങ്ങനെ മുന്നോട്ട് പോവുകയാണ്. മേഘപാളികള്‍ പഞ്ഞിമിഠായിപോലെ പിന്നോട്ടുപായുന്നു. ആ പഞ്ഞിക്കെട്ടുകളുടെ പോക്ക് നോക്കി നിന്നാല്‍ അസൂയതോന്നും. ഭാരരഹിതം. സ്വച്ഛന്തം. ശാന്തം. അതുപോലെ ഒഴുകണം. ഭൂമിയെ തൊടാതെ, യാഥാര്‍ഥ്യങ്ങള്‍ അലട്ടാതെ. പഞ്ഞിക്കെട്ടുയാത്ര.
''നിങ്ങള്‍ക്ക് വിന്‍ഡോ സീറ്റിലേക്ക് മാറണോ?''
ഞാനയാളെയും മറികടന്ന് മേഘങ്ങളോടൊപ്പം മനസ്സാലെ യാത്രപോകുന്നത് കണ്ടിട്ടാവാം, പൊടുന്നനെ സഹയാത്രികന്‍ ചോദിച്ചു.
''വേണ്ട''-ആ ചോദ്യത്തിന് ഒരല്‍പ്പം ജാള്യതയോടെ ഞാന്‍ മറുപടി പറഞ്ഞു.
അല്‍പ്പനേരം നിശ്ശബ്ദത. പിന്നെ അയാളുടെ കഥയിലേക്ക് കടക്കാനുള്ള ആ ചോദ്യത്താഴ് ഞാന്‍ തുറന്നു.
''എന്തേയ്, എന്റെ ഫോണിലെ സംസാരത്തെ പറ്റി ചോദിയ്ക്കാന്‍ കാര്യം...?''
ആ ചോദ്യത്തിനായി കാത്തിരുന്നിട്ടെന്നോണം അദ്ദേഹം മറുപടിയിലേക്ക് ചെരിഞ്ഞിരുന്നു.
''നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ വല്ലാതെ ടച്ച് ചെയ്തു. സമാനമായ അവസ്ഥയിലാണ് ഞാനും. വര്‍ഷങ്ങള്‍ കുറെ ആയി. ഇപ്പോഴും വിട്ടുമാറിയിട്ടില്ല ആ നഷ്ടമുണ്ടാക്കിയ ഭാരമുള്ള വേദന.''
അന്നേരം, എന്തുപറ്റി എന്നൊരു കൗതുകം ഒച്ചയില്ലാതെ ഞാന്‍ അയാളുടെ മുഖത്തേക്ക് എറിഞ്ഞു. അതിനു മറുപടിയായി ആറു വര്‍ഷങ്ങള്‍ക്കു മുമ്പൊരു മേയ് പത്താം തീയതി അയാള്‍ ഓര്‍ത്തെടുത്തു.
''ഞാനുമെന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട ദിവസമാണന്ന്. സ്‌പോട്ടില്‍ തന്നെ അവള്‍ പോയി. എന്റെ രണ്ടുകാലുകളും ഫ്രാക്ചര്‍ ആയി. പിന്നെയും എന്തൊക്കെയോ പരിക്കുകള്‍...''
നീണ്ട നെടുവീര്‍പ്പിന്റെ ഇടവേളയെടുത്ത ശേഷം ദീര്‍ഘനിശ്വാസത്തിന്റെ ചുഴിയില്‍നിന്നും തുഴഞ്ഞുകയറി അദ്ദേഹം തുടര്‍ന്നു.
''കാര്‍ ഓടിക്കാന്‍ പണ്ടേ ഇഷ്ടമായിരുന്നു അവള്‍ക്ക്. 15 വര്‍ഷമാണ് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും കാറോടിച്ചത് അവളാണ്. പണ്ടുപണ്ട് കോളേജില്‍ കാറില്‍ വന്നിറങ്ങുന്നത് കണ്ടാണ് ആദ്യമായവളെ ശ്രദ്ധിച്ചതും മിണ്ടിയതും.''
വളവുതിരിവുകളാന്നുമില്ലാത്ത ഇത്ര ഹ്രസ്വലളിതമായ ഒരു കഥയാവും അയാളുടേതെന്ന് കരുതിയിരുന്നില്ലല്ലോ ഞാനെന്ന് ചുമ്മാ ആലോചിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ പിന്നാലെ വന്നു.
''സത്യത്തില്‍ എന്റെ കഥയും അവിടെ തീരേണ്ടതായിരുന്നു. പക്ഷേ, കുട്ടികള്‍ അതിനു വിട്ടില്ല. ആ കഥ തുടരണമെന്ന് അവര്‍ എന്നെ ബോധ്യപ്പെടുത്തി. എന്നാലും നിങ്ങള്‍ ഫോണില്‍ പറഞ്ഞതുപോലെ, ഞാനിപ്പോഴും ആ കയത്തില്‍, വേദനയുടെയും വിഷാദത്തിന്റെയും ആ മാരക കാന്തികതയില്‍ വല്ലാതെ ഉഴറുന്നുണ്ട്''
അതു കേട്ടപ്പോള്‍ എന്റെ പുറംപൂച്ച് കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഇല്ലാതായി. ഇനിയിപ്പോള്‍ എന്തു പറയും? സര്‍വ്വ കരുതലുമെടുത്ത് അയാളെ മോട്ടിവേറ്റ് ചെയ്യണോ? അതോ 'ചെണ്ടയും മദ്ദളവും' എന്ന പഴങ്കഥ വേണ്ടഭാഗങ്ങളില്‍ നിര്‍ത്തിനിര്‍ത്തി പറയണോ?
ആലോചിച്ചു തുടങ്ങുമ്പോഴേക്കും ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ ക്യാബിന്‍ ക്രൂ ഭക്ഷണവുമായെത്തി. പറഞ്ഞ അദ്ദേഹത്തിന്റെയും കേട്ട എന്റെയും വായയും തൊണ്ടയും വറ്റിയിരുന്നു. എങ്കിലും, സ്വാഭാവികമായി ഉണ്ടാക്കിയെടുത്തൊരു പക്വതയുടെ ചെറുമേശയിലേക്ക് ഭക്ഷണംവെച്ച് ഞങ്ങള്‍ രണ്ടുപേരും അതിലേക്ക് തിരിഞ്ഞു.
ഫ്‌ളൈറ്റ് പുറപ്പെട്ടത് വൈകിയാണെന്ന് മോനെ അറിയിക്കാന്‍ വിട്ടുപോയല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ബാലാജിയുടെ നീണ്ട കാള്‍ കാരണം അവനെ ബന്ധപ്പെടാനായില്ല. എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്ന മകള്‍ക്കും ഓഫീസിലിരിക്കുന്ന മകനും ടെന്‍ഷനാവുന്നുണ്ടാവും ഇപ്പോള്‍ എന്ന് ഞാനൂഹിച്ചു.
ഞാനാ ആലോചനയിലൂടെ കുറേ ദൂരം മുന്നോട്ടുപോയതിനിടെ, അദ്ദേഹം വീണ്ടും സംസാരത്തിന് തുടക്കമിട്ടു. കാലങ്ങളായി മനുഷ്യര്‍ പരസ്പരം സംസാരം തുടങ്ങാന്‍ ഉപയോഗിച്ചിരുന്ന അതേ വാചകം.
''ഫുഡ് മോശമില്ലായിരുന്നു, അല്ലേ?''
''അതെ.'' കീഴ്വഴക്കം തെറ്റിക്കാത്ത ആ മറുപടി നല്‍കിയ ശേഷം ഞാന്‍ ഒന്നു തലയാട്ടി മൂളി.
ഇനിയെന്ത് പറയും എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ആ ആലോചനയില്‍നിന്നും കൂളായി പുറത്തുകടന്ന് അയാള്‍ സംസാരം തുടര്‍ന്നു.
''ഇക്കഴിഞ്ഞ ആറു വര്‍ഷവും ഞാന്‍ അതിജയിച്ചത് എങ്ങനെയാണ് എന്നറിയാമോ? കാശുണ്ടാക്കി. അതില്‍ മുഴുകി. അതിനായി ജീവിച്ചു.'' അതു പറഞ്ഞു തീര്‍ന്നതും അദ്ദേഹം ചിരിച്ചു. ആ ചിരിയുടെ കാരണം അപ്പോള്‍ എനിക്ക് മനസ്സിലായില്ല. എന്റെ മുഖഭാവത്തിലെ ആ അമ്പരപ്പ് വായിച്ചെടുത്തിട്ടാവാം അദ്ദേഹം തുടര്‍ന്നു.
''സംഗതി സാധാരണ കഥ തന്നെയാണ്. പരിക്ക് മാറാന്‍ മൂന്നാല് മാസമെടുത്തു. കാലില്‍ സ്റ്റീല്‍ ഇട്ടു. പിന്നെയും എന്തൊക്കെയോ ഓപ്പറേഷനുകള്‍. ജീവന്‍ തിരിച്ചു കിട്ടുമോ എന്നെല്ലാവരും സംശയിച്ച ആഴമേറിയ ഒരു മുറിവുമുണ്ടായിരുന്നു. പക്ഷേ, ഡോക്ടര്‍മാര്‍ തങ്ങള്‍ക്കാവുന്നതിന്റെ പരമാവധി ചെയ്ത് എന്നെ രക്ഷപ്പെടുത്തി. അതിനിടയില്‍, ബോധത്തോടെയും അല്ലാതെയും ഞാന്‍ കിടക്കയില്‍ കഴിയേണ്ടി വന്നത് മൂന്ന് മാസങ്ങളാണ്. എന്നാല്‍, ആരോഗ്യം വീണ്ടെടുത്ത് ഓഫിസില്‍ തിരിച്ചുചെന്നപ്പോള്‍ കഥയും കണക്കും മാറിയിരുന്നു. കത്തുന്ന മേല്‍ക്കൂരയിലെ കഴുക്കോലുകളെല്ലാം ഊരിയെടുത്ത് ചുറ്റുമുള്ളവര്‍ സ്ഥലംവിട്ടിരുന്നു. ആ തിരക്കില്‍ എന്നെ എല്ലാവരും ഉപേക്ഷിച്ചു. അപകടത്തിനു മുമ്പ് ലക്ഷങ്ങള്‍ വാര്‍ഷിക ലാഭമുണ്ടായിരുന്ന സ്ഥാപനത്തില്‍ അപകടത്തിനു ശേഷം ഞാന്‍ ചെല്ലുമ്പോള്‍ ശേഷിച്ചത് രണ്ടര കോടി രൂപയുടെ കടമാണ്. കൂടെയുണ്ടായിരുന്നവര്‍ ആരുമില്ല. ബിസിനസ് തകര്‍ന്നു. ഇനി ഒരിഞ്ച് മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും ഞാന്‍ തോറ്റില്ല. എന്നെ വേണ്ടാത്തവരെ ഞാനുമുപേക്ഷിച്ചു. ഒറ്റയ്ക്കുള്ള യുദ്ധത്തിനൊരു സുഖമുണ്ട്. ഒരാക്രമണത്തിന് മുതിരുമ്പോള്‍ മറ്റാരെയും നോക്കേണ്ടതില്ല. ബിസിനസ് എന്ന ഒറ്റ ഫോക്കസില്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ മാഞ്ഞുപോയത് കടക്കെണിയുടെ ഭാരം മാത്രമായിരുന്നില്ല, ഇനിയെന്ത് എന്ന അനിശ്ചിതത്വവും കൂടിയാണ്.''
ഇത്രയും കേട്ടതോടെ എന്റെ തുടക്കത്തിലേ ആശങ്ക മാറിക്കിട്ടി. ഞാന്‍ അങ്ങോട്ട് മോട്ടിവേറ്റ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ല. പുള്ളിയുടെ പക്കല്‍ എന്നെ ഇങ്ങോട്ട് മോട്ടിവേറ്റ് ചെയ്യാനുള്ളതും അതിലപ്പുറവും ഉണ്ട്, തീര്‍ച്ച.
''എന്താ പിന്നെ ചെയ്തത്?'' -ആകാംക്ഷയുടെ സൂചിമുനയില്‍ കയറിനിന്ന് ഞാന്‍ ചോദിച്ചു.
''ഞാന്‍ ചെല്ലുമ്പോള്‍ ബിസിനസ് പൂജ്യത്തിനും താഴെ ആയിരുന്നു. രണ്ടു വര്‍ഷത്തിനകം ഞാന്‍ ബിസിനസ് തിരിച്ചുപിടിച്ചു എന്ന് മാത്രമല്ല ദുബായിലേക്ക് അത് വികസിപ്പിച്ചു. പിന്നീടുള്ള ജീവിതം ബിസിനസ് മാത്രമായി. മക്കള്‍ക്ക് വേണ്ടതും അതിലപ്പുറവും നേടി. ഇന്ന് എന്റെ മൂത്തമകള്‍ അമേരിക്കയില്‍ പൈലറ്റ് ട്രെയിനിംഗിലാണ്. രണ്ടാമത്തെ മകന്‍ ലണ്ടനില്‍ എന്‍ജിനീറിങ്. എന്റെ ഭാര്യയുടെ സ്വപ്നങ്ങള്‍ എല്ലാം നിറവേറി. പക്ഷേ, നിങ്ങള്‍ പറഞ്ഞ ആ കയവും കാന്തികതയും കൂടെത്തന്നെ ഉണ്ട്...''
ഇക്കുറി നെടുവീര്‍പ്പിട്ടത് ഞാനാണ്. അതിശയത്തോടെ അയാളെ നോക്കുമ്പോള്‍, ജനാലച്ചിലിനപ്പുറം ആകാശത്തിനെ കീറിമുറിച്ച് ഒരുപറ്റം പഞ്ഞിക്കെട്ടു മേഘങ്ങള്‍ പിന്നോട്ടേക്കുപാഞ്ഞു.
അല്‍പ്പനേരം നിശ്ശബ്ദനായ ശേഷം അദ്ദേഹം മൊബൈല്‍ എടുത്ത് ഭാര്യയുടെയും മക്കളുടെയും ഓഫീസുകളുടെയും എല്ലാം ഫോട്ടോകള്‍ കാണിച്ചു തന്നു.
പറഞ്ഞു നിര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുളുമ്പിയെങ്കിലും, അദ്ദേഹം വിജയത്തിനു മാത്രം നല്‍കാനാവുന്ന ആത്മവിശ്വാസത്തിലും ആവേശത്തിലുമായിരുന്നു. അതെനിക്ക് വലിയ സന്തോഷവും ആശ്വാസവും തന്നു, ഒപ്പം മോട്ടിവേഷനും!
ബിസിനസ്സിനെപ്പറ്റിയും മറ്റുമുള്ള എന്തൊക്കെയോ ചോദ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നതിനിടയില്‍ എപ്പോഴോ-ഇനിയെന്ത് മിണ്ടണം എന്ന് ആലോചിക്കുന്നതിനിടയിലാവണം- ഞാന്‍ പതിയെ മയങ്ങിപ്പോയി.
പിന്നെ ഉണര്‍ന്നത് ലാന്‍ഡിംഗ് അനൗണ്‍സ്‌മെന്റ് കേട്ടാണ്.
കണ്ണൊന്ന് തിരുമ്മി ഉണര്‍ന്ന്, സീറ്റ് ബെല്‍റ്റ് റെഡി ആക്കുമ്പോള്‍ അദ്ദേഹം ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ടു പറഞ്ഞു: ''എന്റെ വര്‍ത്തമാനത്തില്‍ നിങ്ങളുടെ ഉറക്കവും വായനയും എല്ലാം നഷ്ടമായി ല്ലേ...''
'പുസ്തകങ്ങളിലേതിനേക്കാള്‍ കഥകള്‍ മനുഷ്യരില്‍ അല്ലേ? താങ്കളുടെ കഥ സിനിമ പോലുണ്ട്. മനുഷ്യായുസ്സില്‍ കടന്നുപോകാവുന്ന എല്ലാം അതിലുണ്ട്. ഭാര്യയോടുള്ള നിങ്ങളുടെ സ്‌നേഹവും ജീവിതത്തിനോട് പൊരുതിനേടിയ വിജയവും ആ കഥ കേട്ട എന്നെ വരെ ടച്ച് ചെയ്തു...''-ഞാന്‍ ചിരിയോടെ മറുപടി പറഞ്ഞു.
വിമാനം അല്‍പം വൈകിയെങ്കിലും പെട്ടെന്ന് തന്നെ ബാഗേജ് കിട്ടി പുറത്തിറങ്ങാനായി. ഫോണ്‍ ഓണ്‍ ചെയ്തപ്പോഴേക്കും മോന്റെ കുറെ മെസേജുകള്‍, മോളുടെ കാള്‍. അവരെ തിരികെവിളിക്കുമ്പോള്‍, അദ്ദേഹം അരികിലൂടെ നടന്നുപോവുന്നതു കണ്ടു.
യാത്രപറഞ്ഞ് പിരിയാന്‍ നോക്കിയപ്പോള്‍ അദ്ദേഹം അല്‍പ്പം ദൂരെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്ന് എന്തോ വാങ്ങുകയാണ്. അതുവരെ പോയി വരുന്ന നേരം കൊണ്ട് മോള്‍ മുഷിയും എന്നോര്‍ത്ത് ഞാന്‍ കൈ വീശി ബൈ പറഞ്ഞ് പെട്ടെന്നിറങ്ങി.
ഫോണ്‍ നമ്പര്‍ വാങ്ങാമായിരുന്നല്ലോ എന്ന് ഓര്‍ത്തതും മോള്‍ മുന്നില്‍ വന്നു. അടുത്ത ക്ഷണം അവളുടെ ഊഷ്മളാലിംഗനത്തിലേക്ക് ഞാനോടിച്ചെന്നു.
'Din't you both miss me ?' എന്നും മറ്റുമുള്ള സ്‌നേഹപരിഭവക്കെട്ടുകള്‍ ഞാന്‍ ഇറക്കിവെക്കുന്നതിനിടെ, പോര്‍ട്ടര്‍മാര്‍ ലഗേജുകള്‍ കാറിലേക്ക് എടുത്തുവെക്കുന്നത് കണ്ടു.
കാറെടുക്കുമ്പോള്‍ വീണ്ടുമതാ അദ്ദേഹം. വീണ്ടും ഞാന്‍ കൈവീശി.'Who's that?' എന്ന അവളുടെ ചോദ്യം ഇപ്പോ വരും, അപ്പൊ പൊടിപ്പും തൊങ്ങലും വെച്ചു കാച്ചാം, എന്നോര്‍ത്തതിനു പിന്നാലെ, എന്നെയോ അദ്ദേഹത്തെയോ എന്റെ കൈവീശലിനെയോ തെല്ലും മൈന്റ് ചെയ്യാതെ അവള്‍ കെട്ടഴിച്ച മറ്റനേകം കഥകളില്‍ ഞാനാഴ്ന്നു മുങ്ങിപ്പോയി...