Malayalam Short Story : വെള്ളിത്തള, ഡോ. പര്‍വീണ്‍ ടി. പി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. പര്‍വീണ്‍ ടി. പി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇതൊരു കഥയില്ലാത്ത കഥയാണ്. അല്ലെങ്കില്‍ കഥയില്ലാത്തവരുടെ കഥ. തുടര്‍ച്ചക്കുറവ് അനുഭവപ്പെട്ടേക്കാം.. അതെന്റെ ഓര്‍മ്മക്കുറവിന്റെ കുഴപ്പമാണ്.
ഇടക്കെപ്പോഴോ മറവി ബാധിച്ചു. തൂവല്‍ പൊഴിച്ചു കളഞ്ഞ ഒരു പക്ഷിയാണ് ഞാന്‍. ചിതറി തെറിച്ച തൂവലുകള്‍ ചേര്‍ത്തിണക്കി ഒരു കുപ്പായം തുന്നുകയാണ് ഇരുട്ടില്‍. എത്രതന്നെ ചേര്‍ത്തു വെച്ചാലും അതൊരിക്കലും കുപ്പായമല്ലാതെ ചിറകുകളാവില്ലല്ലോ.
നീണ്ട വേനലവധിക്കു മാത്രമേ ഞങ്ങള്‍ ഉമ്മ വീട്ടില്‍ പോവാറുള്ളു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന വസന്തമായിരുന്നു എനിക്കാ ദിനങ്ങള്‍. വളര്‍ച്ചക്കിടയിലെപ്പോഴോ അവിടെ കൗതുകത്തോടെ നോക്കി കണ്ടിരുന്ന കാഴ്ചകള്‍ ആരോചകമായി. ചിലത് പുഷ്പിക്കാതെയായി. മറ്റു ചിലതിന്റെ സുഗന്ധം കെട്ടുപോയി. വല്യുമ്മയുടെ മരണശേഷം തീര്‍ത്തും മരുഭൂമിയായി. പിന്നീട് ഓര്‍മ്മകള്‍ മാത്രമേ പൂക്കാറുള്ളു. ഞാന്‍ പകലന്തിയോളം ഭൂമിയെ വലം വെക്കും, ക്ഷീണിക്കുമ്പോള്‍ പൂര്‍ണത പ്രാപിക്കാത്ത ഓര്‍മകളെ ചേര്‍ത്തു പിടിച്ച് രാത്രി നടക്കാനിറങ്ങും അവിടെ പുലരാറാവുമ്പോള്‍ നേടിയതത്രയും നഷ്ടങ്ങളായിരുന്നെന്ന് തിരിച്ചറിയും.
ചിതലരിച്ചു വീഴാന്‍ പാകത്തിനുള്ള പടിപ്പുര, അതു കടന്നാല്‍ നീളത്തിലുള്ള നടവഴി. മുറ്റത്ത് ഉമ്മറം മറയുമാറ് പടര്‍ന്നു പന്തലിച്ച, ഊഞ്ഞാല്‍ കെട്ടിയ ചക്കരമാവ്. പടിഞ്ഞാറു കുളത്തിലേക്ക് ചാഞ്ഞു വളര്‍ന്ന പേരമരം. കിഴക്ക് മതിലിനോട് ചേര്‍ന്ന് മലയണ്ണാനും അവന്റെ പെണ്ണും കൂടു വെച്ചു പാര്‍ത്ത വയല മരം. തെക്ക് പ്രസവത്തില്‍ ചത്ത കുറുവി പശുവിന് സ്മാരകമായ തൊഴുത്ത്. അതിരു കാക്കാന്‍ തേക്കും പ്ലാവും, പറങ്കിമാവും. പക്ഷെ, വസന്തത്തിന് കാരണം ഗ്രാമീണതയുടെ ഭംഗിയും നന്മയുമായിരുന്നില്ല. ഓരോ നോക്കിലും വാക്കിലും വല്യുമ്മ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുന്ന കഥകള്‍. നബീസുന്ത നാക്കിട്ടു ചുട്ടത് കാരണം കായ്ക്കാതായ മുറ്റത്തെ ചക്കരമാവ് മുതല്‍, കാരണവന്മാര്‍ കുരത്തൊള്ളോര്‍ക്ക് കിട്ടാന്‍ കിണറ്റിലൊളിപ്പിച്ച നിധിയും അതിന് കാവലിരിക്കുന്ന കുട്ടിച്ചാത്തന്മാര്‍ വരെ കഥകളിലെത്തി.. ,
വെള്ളക്കാച്ചി, ഉമ്മാക്കുപ്പായം, കസവു തട്ടം, പിന്നെ മരതകം പതിപ്പിച്ച വെള്ളി അരഞ്ഞാണം.. നീണ്ടു മെലിഞ്ഞ ശരീരം. നരതിന്നു തീര്‍ത്ത കോലന്‍ മുടി, തിമിരം ബാക്കി വെച്ച വലത്തേ കണ്ണ് ഇതായിരുന്നു വല്യുമ്മയുടെ രൂപം. കോലായിലെ അര മതിലിനോട് ചേര്‍ന്നിരുന്ന ചാരുകസേര ഇഷ്ടസ്ഥലം. കസേരപ്പടിയില്‍ വെറ്റിലച്ചെല്ലം, നടവഴി കടക്കുന്ന പീറ്റര്‍ മാഷോടോ, പാല്‍ക്കാരി ആയിസാനോടോ ഉറക്കെ ചോദിക്കും.
'പൊരേല് എല്ലോര്ക്കും സൊകല്ലേ...?'
തന്റെ ചെറുപ്പ കാലത്ത് താനൊരു പരിഷ്‌കാരി ആയിരുന്നെന്ന് വല്യുമ്മ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.
' ഹോ ന്റെ ഉമ്മോ, അനക്കൊരു നുള്ളിയാ കിട്ട്ണ കുപ്പായം ഇട്ടൂടെ.'
എന്ന് പറഞ്ഞു അവരെ തന്റെ തോഴിമാര്‍ കളിയാക്കാറുണ്ടായിരുന്നത്രെ.
വെറ്റിലയെടുത്തു നൂറു തേച്ചു തേച്ചു വല്യുമ്മ കഥ പറഞ്ഞു തുടങ്ങും. മനക്കണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ തുന്നി ഇതുവരെ അറിയാത്ത, കാണാത്ത ദേശത്തേക്ക് ഞാന്‍ പറന്നിറങ്ങും.
'പണ്ട് പണ്ട്... പണ്ട് ന്ന് ച്ചാ... പണ്ടിനും പണ്ട്...'
വല്യുമ്മ എപ്പോഴും കഥ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. വല്യുമ്മ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് വിവാഹിതയാവുന്നത്. അതിനു ശേഷമാണ് ചെമ്പ്രയിലേക്ക് പറിച്ചു നടുന്നത്. അതിനേക്കാള്‍ ഒക്കെ എത്രയോ മുന്‍പ് നടന്ന കഥയാണിത്.
ചെമ്പ്ര തമ്പ്രാക്കന്മാരുടെ കേളി അന്യനാടുകള്‍ വരെ എത്തിയിരുന്നൊരു കാലം. പാണന്മാര്‍ പെരുമ്പറ കൊട്ടി ചെമ്പ്രയുടെ സമൃദ്ധിയും ആഭിജാത്യവും നാടായനാടു മുഴുവന്‍ പാടി നടന്നിരുന്നൊരു കാലം. അയിത്തവും, അവര്‍ണ്ണത്വവും പനമുകളിലെത്തിയ കാലം. അതായത് 'കെട്ട കാലം.' ചെമ്പ് (പണം ) സംഭരിച്ചു വെച്ചിരുന്ന അറ എന്ന സങ്കല്പത്തില്‍ നിന്നാണ് ചെമ്പ്ര ഉത്ഭവിക്കുന്നത്. ഇതെല്ലാം കേട്ടറിഞ്ഞു ചെമ്പ്രയിലേക്ക് വ്യാപാരികളുടെ മലവെള്ളപ്പാച്ചിലായി. അതോടെ ചെമ്പ്രത്തോടിയില്‍ കുടിയേറ്റക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. ആയിടയ്ക്ക് അവിടെയൊരു പുതിയ കുടില്‍ രൂപം കൊണ്ടു. കോഴികൂവും വരെ വിളക്കണയാത്ത ഒരേയൊരു കൂര.
'ആരാ ത്...?' - കണ്ണുകള്‍ തുറുപ്പിച്ചു ഞാന്‍ ചോദിച്ചു.
'തെക്കുറി ന്ന് ഓടി ബന്ന ചാമും ഓന്റെ പുലയത്തീം...' -എന്നെ ചേര്‍ത്തു പിടിച്ചു വല്യുമ്മ മറുപടി പറഞ്ഞു.
'ഒടിച്ചു കൊല്ലലാ ഓരെ പണി...'
'ന്തി നാ കൊല്ല് ണാ...?'
'ഒര് ക്ക് ഇസ്ട്ടല്ലാതോരെ ക്കെ ഓര് കൊല്ലും.'
'കൊല്ലണ്ട..'
'അയിറ്റിങ്ങക്കും പെയ്ച്ച് പോണ്ടെ....'
'ന്നാലും കൊല്ലണ്ട....' ഞാന്‍ വല്യുമ്മാന്റെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു.
അവരുടെ വരവോടെ ചെമ്പ്രയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമായി. കീഴാളര്‍ക്ക് സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ പിറവിയെടുത്ത അവതാര പുരുഷനായി ചാമു രൂപാന്തരപ്പെടാന്‍ അധികം താമസം വന്നില്ല. രാത്രി പുറത്തിറങ്ങുന്നവരെല്ലാം വാലു മുറിഞ്ഞ പുള്ളി പശുവിനെയോ, മുടന്തനായ ചെമ്മരിയാടിനെയോ കണ്ടു പനിച്ചു. തമ്പ്രാക്കന്മാരുടെ പത്തായപ്പുരയും പണ സഞ്ചികളും കൊള്ളയടിക്കപ്പെട്ടു. കളവുകള്‍ വര്‍ദ്ധിച്ചതോടുകുടി കാരണവന്മാര്‍ കിണറ്റിലും പറമ്പിലും സമ്പാദ്യമൊളിപ്പിക്കാന്‍ തുടങ്ങി.
'അതൊന്നും ആര്‍ക്കും ട് ക്കാ പറ്റൂല.'
'അതെന്താ...?' ഞാന്‍ ചോദിച്ചു.
'അയ്‌നെ കാര്‌ണോമാരെ കൊരത്തോം മേണം. ചാത്തമ്മാരാ കാവല്.'- വല്യുമ്മ കണ്ണു തുറുപ്പിച്ചു തലയാട്ടികൊണ്ടു പറഞ്ഞു.
ഒന്നിരുട്ടിയാല്‍ കുട്ടിച്ചാത്തനും ആകാശഭൈരവനും ഇര തേടാനിറങ്ങുന്ന പൊന്തക്കാടുകളുണ്ടവിടെ. ഗര്‍ഭിണികളെയും വയസ്സറിയിച്ച ചെറുപ്പക്കാരികളെയും അവര്‍ തേടിയലഞ്ഞു. കെട്ടുപ്രായം കഴിഞ്ഞ പെണ്ണുങ്ങളും പെണ്ണു കിട്ടാത്ത ആണുങ്ങളും സ്ഥിരം കാഴ്ചയായി. അയല്‍നാട്ടില്‍ നിന്ന് അത്യാവശ്യത്തിനു പോലും ആളുകളെത്താതെയായി. ആഴ്ചച്ചന്തയും, കളിയാട്ടവും ഓര്‍മയായി. ദാഹിച്ചു വലഞ്ഞു ബലി പീഠങ്ങള്‍ വിണ്ടുകീറി. ചെമ്പ്ര തീര്‍ത്തും വിജനമായി.
ഒരിക്കല്‍ ഒരു ചെട്ടിച്ചി വല്യ തമ്പ്രാന്റെ കോലോത്ത് കൈനോക്കാനെത്തി. തമ്പ്രാട്ടിക്ക് കടിഞ്ഞൂല്‍ ഗര്‍ഭം, അഞ്ചാം മാസം. ചെട്ടിച്ചി തമ്പ്രാട്ടിക്ക് ആയുര്‍രാരോഗ്യ സൗഖ്യം നേര്‍ന്നു വെറ്റില പാക്ക് കൊടുത്തു. പിന്നെ കഴിച്ചോളാം എന്നും പറഞ്ഞു തമ്പ്രാട്ടി പാക്ക് ചിരവപ്പൊത്തില്‍ വെച്ചു. രാത്രി വാതില്‍ തട്ടുന്ന ശബ്ദം കേട്ടു വീട്ടുകാര്‍ വന്നു നോക്കുമ്പോള്‍
' പല കെട്ന്ന് തുള്ള്ണ്... വാതില് തൊറക്കാനും വേണ്ടിട്ട്...'
ഇത് ചെയ്തത് വേഷം മാറി വന്ന ചാമുന്റെ പുലയത്തി ആണെന്നും, ചാമുന് ഒടി മരുന്നിന് തമ്പ്രാട്ടിടെ മറുള്ളയ്ക്ക് വേണ്ടി ആണെന്നും തമ്പ്രാക്കന്മാര്‍ ഒട്ടാകെ വിശ്വസിച്ചു.
പക്ഷെ ഇതൊന്നുമല്ല തമ്പ്രാക്കന്മാരെ ചൊടിപ്പിച്ചത്. കാലാകാലമായി തങ്ങളുടെ അവകാശമായിരുന്ന പുലയത്തി പെണ്ണുങ്ങളെ പേടിച്ചു നടക്കേണ്ട സ്ഥിതിയായി. കീഴാളന്മാരെ കടുപ്പിച്ചൊന്ന് നോക്കുവാന്‍ പോലും മുതലാളിമാര്‍ ഭയന്നു. ഒരിക്കല്‍ അടിമകളാക്കി ആസ്വദിച്ചു രസിച്ചിരുന്നവരുടെ ആഹ്ലാദം.
'മ്പ്രാ..,അങ്ങള് ചാമുന്റെ ആളാ....' എന്ന ഒരൊറ്റ വാചകത്തില്‍ എല്ലാം ഇല്ലാതായി.
ചാമുന്റെ പുലയത്തി തമ്പ്രാക്കന്മാര്‍ക്ക് കിട്ടാക്കനിയായി. അവളുടെ കടുപ്പിച്ചുള്ള നോട്ടത്തെ പോലും നാട്ടുകാര്‍ പേടിച്ചു. പെണ്ണുങ്ങളെല്ലാം പറയാതെ പറഞ്ഞു.
'ചാമുന്റെ പുലയത്തിയായാ മതിയേര്‍ ന്ന്...!'
നേരം വെളുക്കുമ്പോ കുളിച്ചു ചുരുണ്ട മുടീന്ന് വെള്ളറ്റിച്ചു ചോന്ന റൗക്കേം തയ്ത്തി ഒറ്റക്കാലിലെ വെള്ളിത്തളേം കെലുക്കി ഓളൊരു വരവുണ്ട്ഓളൊരു സുജായിച്ചേര്‍ന്ന്...' വല്യുമ്മ എല്ലാം കണ്ടതു പോലെ വിവരിച്ചു.
'ഓളെ വെള്ളിത്തളേലാ ഓന്റെ സ്വാസം...'
ചാമുനെ കൊണ്ട് പൊറുതി മുട്ടിയ തമ്പ്രാക്കന്മാര്‍ അവസാനം പ്രതിവിധി കണ്ടെത്തി.
'ഓന്റെ പുലയത്തിനെ കൊല്ലാ....'
അതിന് ഒറ്റ നേരമേ പാകൊള്ളൂ. ചാമു ഒടി മറയുമ്പോ ഓളെ കൊല്ലണം. ന്നാ രണ്ടൊണ്ട് ഗൊണം.. ചാമുനെ ചുളുവില്‍ ഒഴിവാക്കേം ചെയ്യാം...
'നെയ്യപ്പം തിന്നാ രണ്ടുണ്ട് കാരിയം....' വല്യുമ്മ കോളാമ്പിയില്‍ നീട്ടി തുപ്പിക്കൊണ്ട് പറഞ്ഞു.
മന്ത്രം ചൊല്ലി, മഷിപുരട്ടി ഇഷ്ടരൂപം പ്രാപിച്ചു ഒടിമറയുന്ന ഒടിയന് സ്വരൂപം തിരികെ കിട്ടണമെങ്കില്‍ മറ്റൊരാളുടെ സഹായം വേണം. കുളിച്ചു ശുദ്ധിയോടെ രഹസ്യകൂട്ടുകളിട്ടു തളപ്പിച്ച വെള്ളം ഒടിയന്റെ തലവഴി ഒഴിക്കുമ്പോള്‍ മാത്രമേ ഒടിയന് മനുഷ്യരൂപം തിരികെ കിട്ടുകയുള്ളു . ഇതിനായി വിശ്വസ്ഥരായ ഒരാളെ ഒടിയന്‍ തന്റെ അടിമയാക്കും. അത് മിക്കവാറും ഭാര്യയാവും. അതിനായി ചാമു ഒടി മറയുന്നത് വരെ ചെമ്പ്ര കാത്തിരുന്നു.
അങ്ങനെ ഒടി സേവയ്ക്ക് ശേഷം ചാമുനെ കുളിപ്പിക്കാന്‍ മരുന്ന് വെള്ളവുമായി കാത്തിരുന്ന പുലയത്തി തന്റെ ജീവനും മാനത്തിനും വേണ്ടി ചെമ്പ്രയിലെ ഓരോ വീട്ടുപടിക്കലുമെത്തി. അവളുടെ തള കിലുക്കം ചെമ്പ്രയില്‍ ഇടി മുഴക്കം പോലെ മുഴങ്ങി. ആര് രക്ഷിക്കാന്‍! അല്ലെങ്കിലും ചതിക്കാന്‍ അര്‍ഹത സഹായം കൈപ്പറ്റിയവരേക്കാള്‍ മറ്റാര്‍ക്കുമില്ലല്ലോ. അവസാനം ചാമുനെ രക്ഷിക്കാനാവാതെ അവള്‍ ചെമ്പ്രപ്പുഴയില്‍ ചാടി ചത്തു.
അതിന് ശേഷം വാലു മുറിഞ്ഞൊരു പുള്ളിപ്പശു ചെമ്പ്രതൊടിയില്‍ അലഞ്ഞു നടന്നു. കാണുന്നവരെല്ലാം അതിനെ കല്ലെറിഞ്ഞും, കുത്തിയും അരിശം തീര്‍ത്തു. കൂടെ രൂപമില്ലാത്ത വെള്ളിത്തള കിലുക്കം തമ്പ്രാക്കന്മാര്‍ മാത്രം കേട്ടു. തമ്പ്രാക്കന്മാര്‍ ഒന്നടങ്കം പറഞ്ഞു,
'ഇതിങ്ങള് ചത്താലും തൊയ് ര്യം തരൂലെ.....'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...