Malayalam Short Story : ഗണിത വൈദ്യര്‍, ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Dr Muhsina K Ismail

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Dr Muhsina K Ismail


''ഇനിമുതല്‍ ഉച്ചയുറക്കം പതിവാക്കണം,'' കൃഷ്ണന്‍ നമ്പൂതിരി ഈണത്തില്‍ പറഞ്ഞു. 

മുറ്റത്ത് പായയില്‍ നെല്ല് പരത്തിക്കൊണ്ടിരുന്ന അമ്മിണിയമ്മ മുഖമുയര്‍ത്തി നോക്കി. മാവിന്‍ കൊമ്പിലിരുന്ന കാക്കകള്‍ തല ചെരിച്ചു നോക്കി. ചാരുകസേരയിലിരുന്നിരുന്ന വല്യേട്ടന്‍ ചാരിക്കിടന്ന് നോക്കി. ഉമ്മറത്തു വായിച്ചു കൊണ്ടിരുന്ന കണ്ണന്‍ പോലും ഇടം കണ്ണിട്ടു നോക്കി. 

കൃഷ്ണന്‍ നമ്പൂതിരി ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ കിണ്ടിയില്‍ നിന്നും വെള്ളമെടുത്തു വെളുത്ത മിനസമുള്ള കാലുകള്‍ കഴുകി തോളിലെ മുണ്ടില്‍ പിടിച്ചുമ്മറത്തേക്കു കയറി.

'' ഇരിക്ക്യാ,'' വല്യേട്ടന്‍ ക്ഷണിച്ചു.

'' കോളേജിലേക്കുള്ള പ്രബന്ധം തീര്‍ക്കാനുണ്ട് .'' എന്ന് മറുപടി പറഞ്ഞു തീരുമ്പോഴേക്കും നമ്പൂതിരി ഇടനാഴിയിലെത്തിക്കഴിഞ്ഞിരുന്നു. 

'' പായസം കുടിക്കിണില്ലേ ഉണ്യേ?'' കൃഷ്ണന്റെ കാല്‍പ്പെരുമാറ്റം കേട്ടതും അമ്മ ഓടി വന്നു ഒരു സ്റ്റീല്‍ ഗ്ലാസ്സ് നിറയെ അടപ്പായസം നീട്ടി. 

സമവാക്യങ്ങളുരുവിട്ട് കൊണ്ട് പാലടകളിലും സമക്രിയകള്‍ പ്രയോഗിച്ചു തുടങ്ങിയപ്പോ തണുത്തുപോയിത്തുടങ്ങിയ നെയ്പ്പായസത്തിന്റെ രുചി അമ്മയുടെ നാവില്‍ പാടകെട്ടി.

ചൂട് പായസത്തിനു ഒരു രുചി. അത് തണുക്കുമ്പോള്‍ മറ്റൊന്ന്.

''ഇനിയും  വെക്കാതെ ഇതങ്ങു കുടിക്യാ.'' എന്ന് കേട്ടപ്പോള്‍ ഇനിയും ചെയ്തു തീര്‍ക്കാത്ത കണക്കുകള്‍ മറന്നു കൃഷ്ണന്‍ അതൊറ്റവലിക്കകത്താക്കി.  രുചിയറിയുന്നതിനു മുന്‍പേ അത് തൊണ്ട കടന്നു പൊയ്ക്കഴിഞ്ഞിരുന്നു. കൃഷ്ണന് നഷ്ടബോധം തോന്നി. ഒരോ രസമുകളങ്ങളും വെച്ച് രുചിഭേദങ്ങളറിഞ്ഞു അതിങ്ങനെ നുണയണമായിരുന്നു. എന്ത് ചെയ്യാം? അമ്മയുടെ ഇഷ്ടമതായിപ്പോയില്ലേ? 

കൃഷ്ണന്‍ മുറിയിലേക്ക് കേറാന്‍ തുടങ്ങിയതും ഇളയ അനുജന്‍ മഹാനുജന്‍ തന്റെ കളിക്കോപ്പുമായി ചേട്ടനെ തേടിയെത്തി. 

'' ഇതൊന്നു ശെരിയാക്കാ.'' വല്യേട്ടനെപ്പോലെ ആജ്ഞാപിച്ചു. 

ആജ്ഞകള്‍ അനുസരിക്കാതിരിക്കുക ഉപദേശങ്ങള്‍ തിരസ്‌ക്കരിക്കുക, കുറ്റപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളാത്തിരിക്കുക ഇതൊന്നും കൃഷ്ണന്റെ നിഘണ്ടുവിലുള്ളതല്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. തൂണിനും തുരുമ്പിനും വരെ . അനുസരണ ശീലമുള്ള ഒരു കുട്ടിയെപ്പോലെ കൃഷ്ണനതും ചെയ്തു. നിമിഷനേരം കൊണ്ട് കളിക്കോപ്പ് ശരിയാക്കിക്കിട്ടിയ സന്തോഷത്തില്‍ അനുജന്‍ പാഞ്ഞു. 

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കണമെന്നതാണ് കൃഷ്ണന്റെ  തത്വമെങ്കിലും അയാളിലെ മറ്റൊരു മനുഷ്യന്‍ ഒരിറ്റു നന്ദിക്കായി ദാഹിച്ചു. ഉടനെ അത് തെറ്റാണെന്നുള്ള കാര്യം പറഞ്ഞു അതില്‍ കുറ്റബോധം തീകൊളുത്തി. തീയണഞ്ഞു തീര്‍ന്നെങ്കിലും താനൊരു തെറ്റ് ചെയ്തല്ലോയെന്ന ചിന്ത പുകഞ്ഞു കൊണ്ടേയിരുന്നു. പ്രബന്ധം പൂര്‍ത്തിയാക്കാന്‍ പോയിട്ട് ഒരു വരി പോലും വായിക്കാന്‍ പറ്റിയില്ല. രാത്രിയേറെ വൈകി ഉറക്കം വന്നു വിളിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ അതുമനുസരിച്ചു. ഇനി അനുസരണക്കേടാണെന്ന മറ്റൊരു കുറ്റം കൂടി ഏറ്റെടുക്കാനുള്ള ശക്തി ആ മനസ്സിനില്ലായിരുന്നു. 

''കേക്കയിലെ രാമന് ഒട്ടും സുഖല്യാ. പോയി നോക്കി ഒരു മരുന്ന് കുറിച്ചു കൊട്ക്കാ.'' വിങ്ങുന്ന മനസ്സോടെ പ്രാതല്‍ കഴിക്കുമ്പോള്‍ ഒരശരീരി മാതിരി അച്ഛന്റെ ശബ്ദം കൃഷ്ണനെത്തേടി വന്നു.''

''അതിനു താന്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ.'' എന്ന മറുപടി നാവിന്‍ തുമ്പത്ത് നിന്നു പുറത്തെത്തിയെങ്കിലും കൊക്കയില്‍ കാല്‍ വഴുതി വീണ മനുഷ്യനെപ്പോലെ നാക്കില്‍ തൂങ്ങിപ്പിടിച്ചു ഒരു വിധം തിരിച്ചു കയറി. 'അച്ഛനോട് മറുവാക്ക് പറയാന്‍ മുതിര്‍ന്നോ? ഏഭ്യന്‍.' ന്നു മനസ്സ് ശകാരിക്കുകയും ചെയ്തു. 

കുഴലും മരുന്ന് സഞ്ചിയുമെടുത്തു കൃഷ്ണന്‍ കേക്കയിലെ ഇല്ലത്തേക്ക് പുറപ്പെട്ടു. 

''വൈദ്യപഠനം പൂര്‍ത്തിയാക്കാതെ ചികിത്സിക്കുന്നത് ശെരിയാണോ?ഏയ് ചെയ്യാന്‍ പാടില്ല.''

''അച്ഛന്റെ വാക്കോ?''

''അതു നിരസിക്കാനും പാടില്ല.''

''വൈദ്യം പഠിക്കാന്‍ കോളേജില്‍ ചേര്‍ന്നപ്പോള്‍ കണക്കിലാണ് അഭിരുചിയെന്നു താന്‍ പറയാത്തത് നന്നായി. പറഞ്ഞിരുന്നെങ്കില്‍ അച്ഛന്റെ മനസ്സെത്ര വേദനിച്ചേനെ?''

''അപ്പൊ എനിക്കൊരു മനസ്സില്ലേ?''

''താനെപ്പഴാ നമ്പൂതിരി ഒരു സ്വര്‍ഥനായിപ്പോയത്? കൊടും പാപം തന്നെ. ഭഗവതി ക്ഷേത്രത്തിലൊരു കുളിച്ചു തൊഴല്‍ നേരാ.''

''ഒന്നല്ലാ. ഒരു പത്തെണ്ണം നേരാം.''

''അത് നന്ന്. ഇല്ലമെത്താറായി. അവിടെപ്പോയി പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാ.''

നമ്പൂതിരി തല കുലുക്കി സമ്മതിച്ചു. 

'' വരാ. വരാ.''

കേക്കയിലില്ലത്തെ കാര്‍ന്നോരു തന്നെ കിണ്ടിയിലെ വെള്ളമൊഴിച്ചു കാല്‍ കഴുകിക്കൊടുത്തു. ഇലയിട്ട് ഊണ് വിളമ്പി. കളിച്ചു കൊണ്ടിരുന്ന രാമനെ ശകാരിച്ചു കസേരയിലിരുത്തി.

''ഒന്നും കഴിക്കില്യാ. ചോറും നെയ്യും ഇഷ്ടല്യാ. പൊരിക്കടികള് മാത്രേ കഴിക്കുള്ളൂ.''

രാമന്‍ മുമ്പിലെ പുഴുപ്പല്ല് കാട്ടി ചിരിച്ചു.

''കണ്ടോ? പല്ല് മുഴുവന്‍ പുഴു കുത്തിയിരിക്കുണു.'' കൃഷ്ണന്‍ കുഴല്‍ വെച്ച് പരിശോധിക്കുന്നതിനു മുന്‍പ് തന്നെ രാമന്‍ സ്ഥലം വിട്ടിരുന്നു. അവന്‍ നേരെ പോയത് പുളി എറിഞ്ഞു വീഴ്ത്താനാണ്. കൃഷ്ണന്റെ കണ്‍ കോണുകള്‍ രാമനെ പിന്തുടര്‍ന്നു. പുളി മരത്തില്‍ കാലും നീട്ടിയിരുന്നു പുളി നുണഞ്ഞ ശേഷം മാവിലെ കണ്ണി മാങ്ങ പറിച്ചു കടിച്ചു താഴെയിട്ടു. ചുവന്നു തുടുത്ത ഒരു കൈ ചാമ്പക്കയുമായി രാമന്‍ ഉമ്മറത്തു കയറി അകത്തേക്കോടി.

''കണ്ടുവോ. തിരിച്ചു കടിയ്ക്കാത്ത എന്തിനെയും തിന്നാന്‍ നോക്കും. ചോറും നെയ്യും പത്യല്യാ. ഒരു നമ്പൂതിരിക്കു ചേര്‍ന്നതാണോ ഇത്?'' എന്ന് കാര്‍ന്നോരു പറഞ്ഞോണ്ടിരുന്നു. 

കൃഷ്ണന് തന്റെ കുട്ടിക്കാലമോര്‍മ്മ വന്നു. നെയ്യും ചോറും അമ്മ വാരിത്തരുവോളം അകത്താക്കും. മതിയെന്ന് പറയുന്ന ശീലമില്ല. അമ്മക്കതിഷ്ടമല്ല. ഏട്ടനും നങ്ങേലിച്ചേച്ചിയുടെ മകന്‍ കോരനും ഒളിച്ചും പാത്തും കുട്ടിയും കോലും കളിക്കുമ്പോള്‍ കുട വയറും തിരുമ്മി ഒരു മൂലയില്‍ അച്ഛന്‍ കൊടുത്ത പുസ്തകങ്ങളും വായിച്ചിരിക്കും.

'' അവന്‍ നന്നായി വായിക്കും.'' അച്ഛന്‍ എല്ലാവരോടും പറഞ്ഞു.

'' അവനിത്തിരി ചോറും നെയ്യും മതി.'' അമ്മ അഭിമാനിച്ചു.

'എല്ലാവരും നല്ലത് പറയുന്നു.'' 

കൃഷ്ണന്റെ മനസ്സ് അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

സ്‌കൂളിലെ വാധ്യാരുടെ മുഖത്തു നിന്നു കണ്ണെടുക്കാതെ പള്ളിക്കൂടത്തിലൊന്നാമനായി. ഏട്ടന്‍ പള്ളിക്കൂടം കഴിഞ്ഞു എഴുത്തു പഠിക്കാന്‍ കണ്ടങ്കോട് തറവാട്ടില്‍ പോയെങ്കില്‍ കൃഷ്ണന്‍ അക്കങ്ങളോട് യാത്രപറഞ്ഞു വൈദ്യം പഠിക്കാനായി നഗരത്തിലെ കോളേജില്‍ ചേര്‍ന്നു.

നഗരത്തിലെ കുട്ടികള്‍ കൃഷ്ണനോട് കൂട്ട് കൂടി. 

''എല്ലാവരേം സുഹൃത്തുക്കളാക്കണം. ആരേം വേദനിപ്പിക്കാന്‍ പാടില്യാ.'' കൃഷ്ണന്റെ മനസ്സ് ഓര്‍മ്മപ്പെടുത്തി. ചങ്ങാതി ചമഞ്ഞു കുട്ടികള്‍ കാശും സാധങ്ങനങ്ങളും തട്ടിയെടുത്തു. കണക്കിന് പറ്റിച്ചു. എന്നിട്ടും കൃഷ്ണന്‍ സ്വയം പഴിചാരി കരഞ്ഞു കൊണ്ട് നടന്നതല്ലാതെ ആരെയും കുറ്റപ്പെടുത്തിയില്ല. 

വാധ്യാര്‍ ശരീരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ പണ്ട് പിരിഞ്ഞ സമവാക്യങ്ങള്‍ ഒത്തുതീര്‍പ്പിലാക്കാന്‍ വന്നു. കൃഷ്ണന്റെ മനസ്സ് വിലക്കി. 

''വൈദ്യത്തിനിടക്കാണോ ഗണിതം?''

ഗണിതവും ഗണിത പുസ്തകങ്ങളും എന്തിനു പണ്ട് വിദ്യാലയത്തില്‍ എഴുതിപ്പഠിച്ച അക്കങ്ങള്‍ വരെ പിഴുതെറിയപ്പെട്ടു. പകരം  വൈദ്യശാസ്ത്രത്തെ അവിടെ പ്രതിഷ്ഠിച്ചു. അച്ഛന്റെ കത്തുകള്‍ വന്നു. അമ്മയുടെ അച്ചാറുകളും. കത്തുകള്‍ക്ക് കൃത്യമായി നീണ്ട മറുപടികള്‍ കുത്തിയിരുന്നെഴുതിയയച്ചു. ഒഴിഞ്ഞ അച്ചാറു കുപ്പികളും. 

ഇടവേളകളില്‍ പോലും വായിച്ചു വായിച്ചു കണ്ണ് വേദന കലശലായപ്പോള്‍ തല വൈദ്യരെക്കണ്ട് കയ്യില്‍ പിടിക്കുന്ന കണ്ണട സ്വായത്തമാക്കി. കണ്‍ തടത്തിനടിയിലെ കരുവാളിപ്പിന് പച്ചമരുന്നുകള്‍ മാറി മാറിത്തേച്ചു. ഉറക്കമെന്തെന്നു തന്നെ മറന്നു പോയി. 

ആരെക്കണ്ടാലും പുഞ്ചിരിച്ചു. പ്രസന്നമായി സംസാരിച്ചു. കള്ളന്മാര്‍ സൗഹൃദം ഭാവിച്ചു പറ്റിക്കാന്‍ തുടങ്ങി. അവരോട് ദേഷ്യപ്പെടാന്‍ മനസ്സനുവദിച്ചില്ല.

ഒരു ദിനം കോളേജിലെ വാധ്യാരുടെ പുത്രിയെ കാണാനിടയായി. സുമുഖ, സുന്ദരി, സുശീല, സുസ്‌മേരവദന. കൃഷ്ണന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമായി. മനസിന്റെ താക്കീതു കേള്‍ക്കാതെ കൃഷ്ണന്‍ സ്വപ്നങ്ങള്‍ നെയ്തു. സ്വപ്നങ്ങള്‍ നടന്നു ചെന്ന് സുശീലയോട് കാര്യം പറഞ്ഞു. സുശീലക്ക് സമ്മതമായിരുന്നെങ്കിലും വാധ്യാരിടഞ്ഞു. കാര്യമറിഞ്ഞു അച്ഛന്‍ നമ്പൂതിരി വന്നു കൃഷ്ണനെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോയി.

''ചെയ്തത് ശെരിയായില്ല.'' മനസ്സും അച്ഛനും അമ്മയും ഏട്ടനും വിധിയെഴുതി.

തുടര്‍ന്നുള്ള പഠനം മറ്റൊരു കോളേജിലേര്‍പ്പാടാക്കിയിട്ടുണ്ട്. കയറിച്ചെല്ലുമ്പോള്‍ വെറും കയ്യോടെ പോകുന്നത് ശരിയല്ലല്ലോ. അതിനാണ് പ്രബന്ധം. അത് വെട്ടിയും തിരുത്തിയും പൂര്‍ണ്ണതയിലെത്തിക്കുകയായിരുന്നു. അപ്പോഴാണീ യാത്ര. 

മരുന്ന് കുറിച്ചു കാര്‍ന്നോരോട് യാത്രയും പറഞ്ഞു തിരിച്ചു ഇല്ലത്തേക്ക് നടക്കുമ്പോള്‍ ഒരു മൂവാണ്ടന്‍ മാവ് കണ്ടു. ഒന്നുമാലോചിക്കാതെ അതില്‍ കയറി മാങ്ങ പറിച്ചു. 

ചെനയൊട്ടുന്ന മാങ്ങയുടെ പുളി നാവില്‍ പതിയെ തട്ടി. പുളിയെന്നു മസ്തിഷ്‌കം ഉത്തരം നല്‍കി. വഴിയില്‍ കണ്ട അരുവിയില്‍ കുളിച്ചു. അലക്കുകാരന്റെ മകനില്‍ നിന്നും നീന്തല്‍ പഠിച്ചു. കുട്ടിയും കോലും കളിച്ചു. മതിവരുവോളം. ആദ്യമായൊരു ചെടി നട്ടു. വെള്ളമൊഴിച്ചു. സൂര്യന്റെ ആദ്യ രശ്മികളോടു സല്ലപിച്ചു. രാത്രിയില്‍ ക്ഷീണിച്ചുറങ്ങി. ഉച്ചക്ക് നിഴലുകള്‍ നീളുവോളമുറങ്ങി. അരുവിയിലെ വെള്ളത്തില്‍ നോക്കി പുഞ്ചിരിച്ചു പിന്നെ, പൊട്ടി പൊട്ടിച്ചിരിച്ചു. 

മനസ്സ് ഒന്നും പറയാത്തതില്‍ കൃഷ്ണന് അത്ഭുതം തോന്നി. അപ്പോഴാണോര്‍ത്തത് കേക്കയില്‍ ഇല്ലത്തു മനസ്സ്  മറന്നു വെച്ച കാര്യം. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios