Malayalam Short Story: ഫിഷ് ബോസ് താരം വെള്ളായണി അപ്പു, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ദേവന്‍ അയ്യങ്കേരില്‍ എഴുതുന്ന ചെറുകഥാ പരമ്പരയിലെ ആറാമത്തെ കഥ
 

chilla Malayalam short story by Devan Ayyankeril

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Devan Ayyankeril


കഥ ഇതുവരെ:
വെള്ളായണി അപ്പു ഒരു നാടന്‍ നായയാണ്. മറ്റു സഹജീവികള്‍ക്കൊപ്പം വെള്ളായണിയിലും പരിസരത്തുമായി ഉത്തരവാദിത്തത്തോടെ ജീവിച്ചു പോരുന്ന അപ്പു ഇപ്പോള്‍ ഒരു തുടര്‍കഥാ പരമ്പരയിലെ നായക കഥാപാത്രമാണ്. ദേവന്‍ അയ്യങ്കേരില്‍ എഴുതുന്ന കഥാപരമ്പര വെള്ളായണി അപ്പുവിന്റെ ചുറ്റുമാണ് കറങ്ങുന്നത്.  ഈ പരമ്പരയിലെ അഞ്ച് കഥകള്‍ ഇതിനകം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ താഴെ കാണാം: 

ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടിയാകുന്നു,
വെള്ളായണിയിലെ കുളക്കോഴി
മണിക്കുട്ടീസ് കാക്കസ്പാ വെള്ളായണി പി ഒ, വെള്ളായണി
ഫ്‌ളാറ്റിലെ പ്രാവുകള്‍
വെള്ളായണി അപ്പു ഇനി പ്രവാസി

 

chilla Malayalam short story by Devan Ayyankeril

 

രാവിലെ ചായേം കുടിച്ച്, കായലിനു മുകളില്‍ കണ്ണാടി നോക്കാന്‍ വന്ന മേഘക്കീറ് പോലത്തെ ഇളംമഞ്ഞ് നോക്കിയിരിക്കേയാണ് വെള്ളായണി അപ്പു പതിവില്ലാതെ കയറി വന്നത്. മുഖവരയൊന്നുമില്ലാതെ അവന്‍ പറഞ്ഞു,  'ബോറടിക്കണ് ടൗണിലൊന്നു കറങ്ങണം.' 

ഒന്നുകാണാതെ മറ്റൊന്ന് പറയുന്നവനല്ല വെള്ളായണി അപ്പു. മുന്‍പൊരിക്കല്‍ ഇതുപോലെ ഒരു വൈകുന്നേരം അപ്പുവിനെയുംകൊണ്ട് ഞാന്‍ പുറത്തുപോയി. അപ്പൂവല്ലേ, ബോറടിയല്ലേ, മാറ്റേണ്ട കടമ എന്റേതല്ലേ എന്നൊക്കെ ഞാനങ്ങു ചിന്തിച്ചു പോയി. 

സായിപ്പിന്റെ നാട്ടില്‍ രാജ്ഞിക്കുവേണ്ടി മരിക്കുക എന്നത്  വലിയ ഒരു മാഹാത്മ്യമായിരുന്നു. അതുവച്ചാണ് അവര്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമൊക്കെ കെട്ടിപ്പടുത്തത്. ഈ മാഹാത്മ്യം കണ്ടുപിടിച്ചത് സാദാ പീപ്പിള്‍സ് അല്ല എന്ന് എല്ലാ പീപ്പിള്‍സിനും അറിയാം. മനുഷ്യന് ഏറ്റവും പേടിയുള്ളത് ദൈവത്തെ. അപ്പോള്‍പ്പിന്നെ 'ദൈവം നേരിട്ട് ഭരിക്കാന്‍ പറഞ്ഞുവിട്ടതാണ് എന്നെയും എന്റെ മക്കളെയും' എന്ന് പറഞ്ഞാല്‍ സംഗതി കഴിഞ്ഞു. ഭരിക്കപ്പെടേണ്ടവന്‍ ചുമ്മാ കുനിഞ്ഞുനിന്ന് കൊടുത്തോളും. 'ഭരിക്കു സാറേ ഇഷ്ടംപോലെ ഭരിക്കൂ.' കാലാകാലങ്ങളായി ഇങ്ങനെ ദൈവക്കുഞ്ഞുങ്ങള്‍ നമ്മെ ഭരിച്ച് അതിവിശിഷ്ട വ്യക്തികളായി മാറുകയും നമ്മള്‍ അവരെ ദൈവതുല്യരായി കണ്ട് കുനിഞ്ഞു വണങ്ങുകയും ചെയ്യുന്നു. ആദ്യത്തെ ഒരു തള്ള് ഏറ്റാല്‍ തള്ളിയവന്റെ കുടുംബം തലമുറകളോളം  റോയലാകുന്ന അസാമാന്യ ലോകനീതി.

ഇതൊക്കെ ചിന്തിച്ചിട്ടും എനിക്ക് ബോറടിക്കുന്നില്ല. ബോറടിച്ചു വെറുതെ ഇരുന്നാല്‍ പുട്ടടി നടക്കൂല. എന്തെങ്കിലും പണിയെടുത്തെ കഴിയൂ. പക്ഷെ  ബോറടിരഹിതമായ ഒരു മനസ്സുള്ളത് എന്തുകോണ്ടോ ഒരു ബൂര്‍ഷ്വാ കുറ്റമായി മനസ്സ് കാണുന്നു. ഉള്ളത് ഒരു കുറ്റമാണ്. ഇല്ലാത്തവന്റെ ശത്രുവാണ് ഉള്ളവന്‍. ആരാ അത് പഠിപ്പിച്ചത്, എപ്പഴാ പഠിപ്പിച്ചത് എന്നൊന്നും ഓര്‍മയില്ല. അതൊരു അന്തര്‍ധാരയായി ശിവഗംഗപോലെ മനസിലൂടെ അങ്ങൊഴുകുന്നു. അങ്ങനെ 'ഉള്ളവന്റെ'  കടമകളെക്കുറിച്ചു ചിന്തിക്കവേ  ഞാനപ്പുവിനെയുംകൊണ്ട് കറങ്ങാന്‍ പോയി. 

'ഈ കുറ്റബോധം ഒരു രോഗമാണോ ഡോക്ടര്‍?'- ഞാന്‍ എന്നോടുതന്നെ ചോദിച്ചു. റോഡരികില്‍ ഒരു നീണ്ട ക്യൂ. സമാധാനപ്രിയരായ ഒരു ജനാവലി പരാതികളും പരിഭവവുമൊന്നുമില്ലാതെ ക്യൂ നില്‍ക്കുന്നു. രക്തദാനത്തിനോ  മറ്റോ കാത്തുനില്‍ക്കുന്നയിടമായിരിക്കും എന്നുകരുതിയിരിക്കുമ്പോള്‍ അപ്പു പറഞ്ഞു, 'ഒന്ന് നിര്‍ത്തിക്കെ.' ഓ അപ്പു ഒരു പൊതുജനോപകാര ഹൃദയനായിരിക്കുന്നു. ഉള്ള് കുളിര്‍ത്തു 

വണ്ടിനിര്‍ത്തുമ്പോള്‍ അവന്‍ പറഞ്ഞു, 'ഞാനിതങ്ങെടുക്കുവാ.' 

അവനീയിടെയായി ഇങ്ങനാ. പത്രത്തില്‍ പടം വന്നേപ്പിന്നെ ചോതിക്കലും പറച്ചിലുമൊന്നുമില്ല, അങ്ങെടുക്കുവാ, റോയല്‍റ്റിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. 

നോക്കുമ്പോള്‍ മണിക്കുട്ടിക്ക് തീറ്റി വാങ്ങിക്കാന്‍ വച്ചിരുന്ന പൈസ അവന്റെ കയ്യില്‍. ഇപ്പം വരാം. കാശും അപ്പുവും അപ്രത്യക്ഷമായി. തിരിച്ചു വരുമ്പോള്‍ അപ്പുവിന്റെ കയ്യില്‍ ഓള്‍ഡ്മങ്കിന്റെ ഒരു മത്തങ്ങാ കുപ്പി. 

'കാലിനു ഭയങ്കര വേദനയാ, ഉറക്കവുമില്ല', അപ്പുവിന്റെ ആത്മഗതം എനിക്കുവേണ്ടിയുള്ള പ്രസന്റേഷന്‍ ആണെന്നു മനസിലായി. ഇല്ലാത്തവന്റെ കാലുവേദന ഉള്ളവന്റെ ആത്മരോദനമാക്കാന്‍ അപ്പുവിനറിയാം. 

പക്ഷെ മണിക്കുട്ടി എന്ത് പിഴച്ചു! ഈയാഴ്ച്ച അവള്‍ക്കിനി പിണ്ണാക്കില്ല. അശ്വതി ഓരോ പതിനഞ്ചു മിനിട്ടിലും പാല് കുടിക്കാന്‍ വരും. പാലുചുരത്താന്‍ അകിടില്‍ തലകൊണ്ട് ആഞ്ഞിടിക്കും. മൂത്രമൊഴിച്ചുപോകും പലപ്പോഴും മണിക്കുട്ടി. പശുവിനു 'പാട്' ഇല്ലല്ലോ. അതുകൊണ്ട് ഇതൊന്നും ഒരു രഹസ്യമല്ല. പെറ്റ പെണ്ണുങ്ങള്‍ക്കല്ലേ ഇതൊക്കെ അറിയൂ. അപ്പുക്കളോട് ഇതൊക്കെ പറഞ്ഞിട്ട്  എന്ത് കാര്യം!

എന്തായാലും അപ്പുവിന് കുറച്ചു ദിവസത്തേക്ക് ഉറക്കക്കുറവും കാലുവേദനയും ഉണ്ടായില്ല. മണിക്കുട്ടിക്ക്  ഒന്നും മനസ്സിലായില്ല. മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിമ്പേ ഗമിച്ചോണം ബഹുഗോക്കളെല്ലാം എന്ന് 'അമ്മ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് മണിക്കുട്ടി ഒന്നും ചോദ്യം ചെയ്യില്ല. ഗമിച്ചുകൊണ്ടേയിരിക്കും. അശ്വതി ശ്ശി പ്രായാവട്ടെ അവളും ഗമിച്ചു തുടങ്ങും. ചോദ്യം ചോദിക്കാത്ത പശുക്കള്‍, അരുമകള്‍!

അപ്പോള്‍ വീണ്ടും മറ്റൊരു ചിന്ത. അപ്പുവിന്റെ ബോറടിമാറ്റേണ്ടത് എന്റെ കടമയാണെന്ന് അവന്‍ ഒരിക്കലും എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. പിന്നെയെനിക്കെന്തിനാണീ കുറ്റബോധം? 

സദാ സമയവും മതിലിനു വെളിയില്‍ എന്നാല്‍ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് അവനും മറ്റു സമശീര്‍ഷരായ പട്ടിപുംഗവരും കൂട്ടമായി കിടക്കും, ഇരിക്കും, കഥപറയും, ചിലപ്പോഴൊക്കെ കുരയ്ക്കും. ഗെയ്റ്റിന് പുറത്ത്, പക്ഷെ ഗെയ്റ്റിന് ചേര്‍ന്നുള്ള ഈ പൊസിഷനിംഗ് വളരെ പ്രധാനമാണെന്ന് വളരെ വളരെ ചിന്തിക്കാതെയാണ് എനിക്ക് ഒരുനാള്‍ ഉദിച്ചത്. 

'അപ്പൂ അകത്തെ കാര്യങ്ങള്‍ ഒക്കെ ഒന്ന് നോക്കിക്കൂടെ' എന്ന് ഒരിക്കല്‍ ഞാനവനോട് ചോദിച്ചു. 

'അയിന് ഞായ് അകത്തെ സ്റ്റാഫല്ലല്ലോ' ഉടന്‍ മറുപടി വന്നു. 

ശരിയാണ് അപ്പു ഈസ് ആന്‍ ഔട്‌സൈഡ് ഡോഗ്. 

ഒരിക്കല്‍ വിശന്നു പണ്ടാരമടങ്ങി വരുന്നവഴി ചിക്കന്‍ കോര്‍ണറില്‍ നിന്ന് മൂന്ന് പൊറോട്ടയും രണ്ടുപീസു ചിക്കന്‍ പൊതിയുമായി അകത്തേക്ക് കടക്കാന്‍ നോക്കുമ്പോള്‍ അപ്പുവിന്റെ മുഖം വിവര്‍ണമായി. ( അവനു സത്യത്തില്‍ രണ്ടു വര്‍ണമേയുള്ളു; ഒന്ന് അവന്റെ വെളുത്ത നിറം, രണ്ട് മറ്റുള്ളവരുടെ ആസനം മണത്തു നടക്കുമ്പോഴുള്ള തവിട്ടു നിറം. ഒരു ഫ്ളോയ്ക്കു വേണ്ടി വിവര്‍ണമെന്നൊക്കെ പറയുന്നെന്നേയുള്ളു.) 

കണ്ണില്‍ കനത്ത ശോകം വരുത്തി അവന്‍ പറഞ്ഞു, 'രാവെളുക്കോളം ഞാനീ ഗേറ്റിനു മുമ്പി കെടക്കണ്, എന്നിട്ട് ഇങ്ങള് പൊറോട്ടേം ചിക്കനും കഴിക്കണ്.' 

കാമുകിയുടെ ചുമലില്‍ തലവച്ചു കൂട്ടുപട്ടികളുമായി കഥപറഞ്ഞു കിടക്കുന്ന അപ്പു എന്റെ സുരക്ഷിതത്വം നോക്കുന്ന  ജീവന്‍രക്ഷാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അപ്പോള്‍ എനിക്ക് മുച്ചൂടും ബോധ്യമായി. 

കുറ്റബോധം എന്നില്‍ കുമിഞ്ഞുകൂടി. കയ്യിലിരുന്ന പൊതിയഴിച്ച് ഒരു പൊറോട്ട ഞാനവന് വച്ച് നീട്ടി. അപ്പുവിന്റെ മുഖത്ത് പുച്ഛം പരക്കുന്നു. പുച്ഛം എനിക്ക് സഹിക്കാന്‍ പറ്റില്ല. എന്റെ മധ്യവര്‍ഗ സംസ്‌കാരം അതനുവദിക്കില്ല. കുളിച്ചില്ലങ്കിലും കൗപീനം ( ഇന്ത്യന്‍ ടൈ) ഞങള്‍ പുരപ്പുറത്തു തന്നെ വിരിക്കും.

ഞാന്‍ ഒരു പീസ് ചിക്കന്‍ കൂടി ഓഫറു ചെയ്തു. സാധാരണ ഗതിയില്‍ ഓഫറുണ്ടെങ്കില്‍ ഇവിടെ ഒരു പട്ടിയും ഒന്നും ചോദിക്കാറില്ല. കൊടുക്കുന്നത് കഴിച്ചിട്ട് പൊയ്‌ക്കോളും. 

പക്ഷെ  അപ്പുവിന്റെ മുഖത്തെ പുച്ഛത്തിന്റെ ഗ്രാഫ് മുകളിലേക്ക് വളയുകയാണ്. ഒടുവില്‍ ഞാന്‍ പൊതി മുഴുവനായി അവനു വച്ചുനീട്ടി. 'നിങ്ങളൊരു പാവമായതുകൊണ്ടു ഞാന്‍ ഇത് വാങ്ങിക്കഴിക്കാം' എന്ന മട്ടില്‍ അവന്‍ പുച്ഛം ഓഫ് ചെയ്തു ശ്രദ്ധ ചിക്കനിലേക്കു ഫോക്കസ് ചെയ്തു. സഹശുനകരോട് അവന്‍ ഇപ്രകാരം പറഞ്ഞു: 'ചൂഷണം മനുഷ്യ വര്‍ഗ്ഗത്തിന്റെ സഹജവും അടിസ്ഥാനപരവുമായ സ്വഭാവ വിശേഷമാകുന്നു. നമുക്ക് അര്‍ഹതപ്പെട്ടത് തട്ടിപ്പറിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. നമ്മള്‍ കാവല്‍ കിടക്കുകയാണ്. അവര്‍ അതിനെ വെറും കിടപ്പാക്കി മാറ്റി നമ്മുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നു. അതിനെതിരെയുള്ള കുര ചരിത്രദൗത്യമാണ്.'

ആവേശഭരിതരായ പട്ടികള്‍ കുര തുടങ്ങി. ആകാശം നോക്കി അവര്‍ തൊണ്ടപൊട്ടുമാറ് കുരച്ചു. ഈ അവസരം നോക്കി അപ്പു ചിക്കനും പൊറോട്ടയും ഉള്ളിലാക്കി. 

അപ്പുവിന്റെ അനാലിസിസ് എന്റെ മനസിലേക്ക് മണലിലൊഴിച്ച കരിയോയിലുപോലെ ഊര്‍ന്നിറങ്ങി. ഒരു ചൂഷകനാണെന്ന വെളിപാട് എന്നെ കുറ്റബോധിയാക്കി. തീരങ്ങളില്‍ നിന്ന് കരിമണല്‍ അപ്രത്യക്ഷമാകുന്നതുപോലെ ഈ കുറ്റബോധമകറ്റാന്‍ എന്താ വഴിയെന്ന് ആലോചിച്ചിരിക്കെ അപ്പു പെട്ടന്ന് പറഞ്ഞു, 'എനിക്കു ബോറടിക്കുന്നു. ഒന്ന് കറങ്ങീറ്റ് വരാം.'

'ഓ പോകാം.' ഞാന്‍ വണ്ടി സ്റ്റാര്‍ട് ചെയ്തു. അപ്പു ചാടിക്കയറി. 

'പൂവാം.' 

'ഓ പൂവാം.'


മുമ്പ് അപ്പുവുമായി  നടത്തിയ ഒരു കറക്കത്തിന്റെ ഓര്‍മ്മ എന്റെയുള്ളിലേക്കു മണിക്കുട്ടിയുടെ വിളിപോലെ കടന്നുവന്നു. എന്റെ ഉള്ളില്‍ വിടര്‍ന്ന ചിരി ഞാനൊതുക്കി. ഇന്ന് ഒന്നാം തീയതിയാണ്.  ഉത്തരവാദിത്വമുള്ള എല്ലാ ദേശസ്‌നേഹികളും സര്‍ക്കാര്‍ ഖജനാവിലേക്ക്  ഇന്നലെത്തന്നെ വിനോദനികുതിയടച്ചു രശീതി കൈപ്പറ്റി ഇന്ന്  ടച്ചിങ്സുമായി അര്‍മാദിക്കുന്ന മാസപ്പിറവി.

ക്യൂക്കള്‍ ഒന്നും വഴിയില്‍ കാണാഞ്ഞപ്പോള്‍ അപ്പുവിനും കത്തി. ജാള്യത പുറത്തു കാണിക്കാതിരിക്കാന്‍ അവന്‍ വേനല്‍ച്ചൂടിനെക്കുറിച്ചും ഗ്ലോബല്‍ വാമിംഗിനെപ്പറ്റിയും ആത്മഗതംപോലെ സംസാരിച്ചു കൊണ്ടേയിരുന്നു. 

അങ്ങനെ പോകുമ്പോഴാണ് അവനാ പരസ്യം ബില്‍ബോര്‍ഡില്‍ കണ്ടത്. 

'ഫിഷ്ബോസ് കോമണേഴ്‌സിനെ തേടുന്നു!' 

ഫിഷ് ബോസ് ഒരു  റിയാലിറ്റി ഷോയാണ്. നൂറു ദിവസം ഒരു ഫിഷ്  ടാങ്കില്‍ മറ്റു ഫിഷുകളുമായി ഉണ്ണണം, ഉറങ്ങണം, ഉറങ്ങുന്നവയെ പിടിച്ചു തിന്നണം. അത്രയേ ഉളളൂ നിബന്ധനകള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഡെയിലി ഫിഷ് കറി മീല്‍സ്, ഫിഷ് മണം മാറാന്‍ സോപ്പുകമ്പനിവക സോപ്പുകള്‍, പല്ലിട കുത്താന്‍ പേസ്റ്റ് കമ്പനി വക സ്‌പെഷ്യല്‍ പല്ലിടകുത്തികള്‍, അവ മണപ്പിച്ചു അഭിപ്രായം പറയുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഉള്ള പല്ലിട കുത്തികള്‍, കൂടാതെ ഛര്‍ദ്ദി, വയറിളക്കം എന്നിവ വന്നാല്‍ അത് പൊതുജനങ്ങളെ കാണിക്കാന്‍ 24x7 സ്ട്രീമിംഗ്. നൂറു ദിവസം കഴിഞ്ഞു ഫിഷ് ടാങ്കില്‍ നിന്ന് ജീവനോടെ പുറത്തുവന്നാല്‍ താമസിക്കാന്‍ ബംഗ്ലാവ്. 

അപ്പുവിന്റെയുള്ളില്‍ ഒരു മോഹവല്ലി തളിര്‍ത്തു. അവനോര്‍ത്തു; ക്യൂബയില്‍ പോയി രക്ഷപ്പെടാമെന്നു കരുതിയതാണ് ഒരിക്കല്‍. ചെന്നപ്പോഴാണ് മനസിലായത് കേരളത്തിലെ ഉഡായിപ്പൊന്നും അവിടെ നടക്കില്ല. പണിയെടുക്കാന്‍ മടി കാണിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ സായിപ്പു പിതൃസ്ഥാനീയരെ  വിളിച്ച് തിരിച്ചു കയറ്റിവിട്ടു. ഭാഗ്യത്തിന് സായിപ്പ് പറഞ്ഞ വര്‍ഗ്ഗസ്‌നേഹമില്ലാത്ത സ്പാനിഷൊന്നും അപ്പൂന് തിരിഞ്ഞില്ല. എന്തായാലും വര്‍ണശബളമായ ഫിഷ് ബോസില്‍ വെട്ടിത്തിളങ്ങുന്ന തന്റെ മുഖം അവന്‍ സ്വപ്നം കണ്ടു. ചുറ്റും ആരാധകര്‍. വെള്ളായണി അപ്പു ആര്‍മിയുമായി പി ആര്‍ ഏജന്‍സികള്‍. ഓണ്‍ലൈന്‍ മീഡിയകളില്‍ നിറയെ സ്‌റ്റോറികള്‍. അപ്പുവിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍, അവലോകനങ്ങള്‍. സംഗതി കളര്‍! വാരാന്ത്യത്തില്‍ ഗെയിമുകള്‍, വോട്ടിംഗ് റിസല്‍റ്റുകള്‍, എക്‌സിറ്റുകളില്‍നിന്നും രക്ഷപ്പെടുന്നേരമുള്ള ത്രില്ലടി...'ഹോ...'ഭാവനയുടെ വാലും ചുരുട്ടി അപ്പു ഒന്ന് നിവര്‍ന്നു നിന്നു! 

'വെള്ളായണി അപ്പു ഫിഷ് ബോസിലേക്ക്' 

'വെള്ളായണി അപ്പു ഒരു കോമണ്‍ പട്ടിയോ മീനോ?'

യൂട്യൂബ്  ഹാന്‍ഡിലുകള്‍ നിന്ന് തുള്ളി. അപ്പുവിന്റെ ബൈറ്റുകള്‍ കൊണ്ട് സോഷ്യല്‍മീഡിയ നിറഞ്ഞു. ആദ്യം ബൈറ്റ് ചോദിച്ച ലേഖകനെ അപ്പു നന്നായി കടിച്ചു എന്നും പിന്നാമ്പുറത്ത് സംസാരമുണ്ടായി. 

അങ്ങനെ അപ്പു സ്വപ്നഭൂമിയായ ഫിഷ്ബോസിലേക്കു വളരെ രഹസ്യമായി എല്ലാവരോടും യാത്രപറഞ്ഞു പോയി. കാത്തിരിക്കാം ഇനി നൂറു ദിവസം. അപ്പു കപ്പടിക്കാന്‍ പ്രാര്‍ഥിക്കാം!
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios