Malayalam Short Story : കൊച്ചാട്ടന്റെ കൂടോത്രം, ബിപിന്‍ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ബിപിന്‍ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

chilla malayalam short story by Bipin balakrishnan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Bipin balakrishnan

 

നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളു. അടുത്തുള്ള പൊന്നച്ചായന്റെ വീട്ടിലെ ജിമ്മി പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ടിട്ടാണ് സുകുമാരപിള്ള ഉറക്കം ഉണര്‍ന്നത്.

''നാശം പിടിച്ച പട്ടി, ഉറങ്ങാനും സമ്മതിക്കത്തില്ല.'' അയാള്‍ മനസ്സില്‍ പ്രാകികൊണ്ട് എണീറ്റു.

വെട്ട് നിര്‍ത്തിയതില്‍ പിന്നെ അയാള്‍ നേരം പുലര്‍ന്നേ എണിക്കാറുള്ളു. കിണറ്റില്‍ നിന്ന് ഒരു തൊട്ടി വെള്ളം കോരി മുഖം കഴുകിയിട്ടു അയാള്‍ നേരെ തെക്കേഅയ്യത്തെ ആഞ്ഞിലി പ്ലാവിന്റെ ചുവട്ടിലേക്ക് നടന്നു. തലേ രാത്രി പെയ്ത മഴയില്‍ പഴുത്ത ആഞ്ഞിലി ചക്കകള്‍ മുറ്റത്തു അവിടവിടെയായി വീണു കിടപ്പുണ്ട്. 

പ്ലാവിന്റെ ചുവടാണ് പിള്ളയുടെ സ്ഥിരം മൂത്രപ്പുര. മൂത്രം ഒഴിച്ചശേഷം പത്രം വന്നോ എന്ന് നോക്കാനായി മുന്‍വശത്തേക്ക്  നടക്കുമ്പോള്‍ ആണ് അയാള്‍ അത് ശ്രദ്ധിച്ചത്. 

മുറ്റത്ത് നീളത്തില്‍ ഒരു വര! ആരോ കമ്പു കൊണ്ട് വരച്ചത് പോലെ!

പിള്ള ആകാംക്ഷയോടെ മുന്നോട്ടു നടന്നു നോക്കി, വരയും നീളുകയാണ്, അങ്ങനെ നീണ്ടു നീണ്ടു തന്റെ വീടിനെ ചുറ്റി വട്ടം വരച്ചത് പോലെ ഒരു വര.

അയാള്‍ അത് നോക്കി ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചുനിന്നു , ''ഒന്നുരണ്ട് ആഴ്ച മുന്‍പും ഇതുപോലെ ഒരു വര കണ്ടിട്ടില്ലേ, ഉണ്ട് ഉറപ്പായിട്ടും ഉണ്ട് ''-അയാള്‍ മനസ്സില്‍ പറഞ്ഞു.

''അന്ന് അത് വലിയ കാര്യം ആക്കിയില്ല. പക്ഷെ വീണ്ടും ഇപ്പോള്‍... ''

അപ്പോഴാണ് പിള്ളേടെ ഭാര്യ അമ്മിണി ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി അങ്ങോട്ടേക്ക് എത്തിയത്. അയാള്‍ പെണ്ണുമ്പിള്ളയെ നോക്കി പറഞ്ഞു.

''എടി, ഇതൊന്നു നോക്കിയെ നീ''

മുറ്റത്തേക്ക് നോക്കി ഭാര്യ അമ്മിണി പറഞ്ഞു: 
 
''ഇത് എന്തോന്നാ മനുഷ്യാ ഇത്? ആരാ രാത്രിക്ക് രാത്രി ഈ മുറ്റത്തുമൊത്തം കുത്തി വരച്ചു വെച്ചേക്കുന്നത്?''

''ഞാനും അത് തന്നാടി ആലോചിക്കുന്നത്.ഇത് ഏതവന്റെ കുത്തി കഴപ്പാണെന്ന്?''- രാഘവന്‍ പറഞ്ഞു.

''ഇനിയിപ്പോ ഇത് വല്ല കൂടോത്രോ മറ്റോ ആരിക്കുമോ? അല്ലേ പിന്നെ ഇങ്ങനെ ചെയ്തിട്ടു ആര്‍ക്കു എന്നാ കിട്ടാനാ?''-അമ്മിണി തന്റെ സംശയം എടുത്തു നിരത്തി.

അപ്പോഴാണ് ഒരു ശബ്ദം കേട്ട് അവര്‍ രണ്ടു പേരും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നത്.

കിഴക്കേലെ വറീത് മാപ്പിള ആണ്. ടിയാന്‍ രാവിലെ പല്ലു തേച്ചിട്ടു കുലുക്കു പിഴിഞ്ഞ് തുപ്പിയത് ആണ്.

''ഇനിയിപ്പോ ഇങ്ങേരു വല്ലോം ആയിരിക്കുമോ''

അമ്മിണി സംശയത്തോടെ രാഘവന്റെ മുഖത്തേക്ക് നോക്കി.

''ഏയ്, പള്ളി കമ്മറ്റിയില്‍ ഒക്കെ ഉള്ള വറീത് അങ്ങനെ ചെയ്യുമോ?''-പിള്ള ആലോചിച്ചു.

''ഓഹ് പിന്നെ, ഒന്ന് ചുമ്മാതിരി മനുഷ്യാ ഇപ്പൊ വന്നുവന്ന് ഇവര്‍ക്കൊക്കെയാ നമ്മളെക്കാള്‍ ഇതിലൊക്കെ വിശ്വാസം.''

കുറച്ചുകാലമായി വറീതും സുകുമാരപിള്ളയും തമ്മില്‍ അത്ര സുഖത്തിലല്ല. വറീതുമാപ്പിളയുടെ മൂത്ത ചെറുക്കന്‍ അങ്ങ് സൗദിയില്‍ പോയപ്പോള്‍ പിള്ളയുടെ മകന് ഒരു ജോലി ഒപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞതാണ്. പക്ഷെ വറീത് ഇടപെട്ടു അതില്ലാണ്ടാക്കി എന്നാണ് പിള്ള പറയുന്നത്. അതിന്റെ പേരില്‍ പട്ടംതറ ചന്തയില്‍ വെച്ച് രണ്ടുപേരും തമ്മില്‍ ചെറിയ വഴക്കും വയ്കാനോം ഒക്കെ ഉണ്ടാകുവേം ചെയ്തു. പിന്നെ അടുത്ത കാലത്താണ് പിള്ളയുടെ മകന് അങ്ങ് ബോംബയില്‍ എങ്ങാണ്ടു ഒരു ചെറിയ പണി തരപ്പെട്ടത്.

''ഇന്നലെ സന്ധ്യക്ക് ഒരു ഓട്ടോയില്‍ ആരൊക്കെയോ അങ്ങേരുടെ വീട്ടിലേക്കു കയറിപോകുന്നതു കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇത് പോലെ വല്ലോം ഒപ്പിച്ചുവെക്കാനായിരിക്കുമെന്ന്.''-അമ്മിണി തുടര്‍ന്നു.
പിള്ളയുടെ മനസിലൂടെ രോഷം ആളിക്കത്തി.

''എന്റെ ചെക്കന്‍ വല്ല വിധേനയും ഇപ്പോഴാണ് ഒരു കര പറ്റിയത്. അത് ഈ നായിന്റെ മോന് അത്ര പിടിച്ചിട്ടില്ല''
 
ഇതൊന്നും അറിയാതെ വറീത് മാപ്പിള പിള്ളയും ഭാര്യയും തന്നെ നോക്കി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു അവരെ ഒന്ന് നോക്കിയശേഷം അകത്തേക്ക് കയറിപ്പോയി.

''കണ്ടില്ലേ, അങ്ങേരുടെ നോട്ടം.ഇത് അങ്ങേരുടെ പണി തന്നെ ആണ്.''

അമ്മിണി ആ കാര്യം അങ്ങ് ഉറപ്പിച്ചു.

സുകുമാരപ്പിള്ള ഇതെല്ലാം കേട്ട് ഉള്ളിലെ അമര്‍ഷം എല്ലാം ഒതുക്കി അടുത്തത് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

ആ നില്‍പ് കണ്ടപ്പോള്‍ അമ്മിണിക്കു ഉള്ളം കാലില്‍നിന്ന് ദേഷ്യം ഇരച്ചു കേറിവന്നു.

''ചുമ്മാ നോക്കി നില്‍ക്കാതെ മനുഷ്യാ, നിങ്ങള് പോയി ആ വേട്ടക്കോട്ടെ കൊച്ചാട്ടനെ ഒന്ന് കണ്ടേച്ചും വാ , അറിയണമല്ലോ ഇതെന്തോ കൂത്താണെന്നു?''

പിള്ള ഇത് കേട്ട് എന്തോ ഒരു തീരുമാനം എടുത്തപോലെ ഒന്ന് മൂളി. അയാള്‍ ധൃതിയില്‍ തന്റെ മുറിയിലേക്ക് ചെന്നു അയയില്‍ കിടന്ന ഒരു ഷര്‍ട്ട് എടുത്തു ഇട്ടു. എന്നിട്ട് കട്ടിലിന്റെ അടിയില്‍ നിന്ന് തലേരാത്രി അടിച്ചിട്ട് വെച്ച റമ്മിന്റെ കുപ്പി കുനിഞ്ഞെടുത്തു. 

''ഭാഗ്യം! ഒരു പൈന്റിന് ഉള്ള സാധനം ബാക്കി ഉണ്ട്. അത് മതി.''

പിള്ളക്ക് ബ്ലാക്കില്‍ കുപ്പി വില്പന ഉണ്ടാരുന്നു. ബീവറേജ് അടവുള്ള ദിവസങ്ങള്‍ നോക്കി മുന്‍കൂട്ടി കുപ്പികള്‍ വാങ്ങി വെക്കും. അവധി ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് അത്  ഇരട്ടി വിലയ്ക്ക് വില്‍ക്കും. അങ്ങനെ വാങ്ങിയ കുപ്പികളില്‍ ഒന്നാണ് ഇത്, ആവശ്യക്കാര്‍ വരാത്തപ്പോള്‍ അത് പിള്ള തന്നെ കുടിക്കും.

അയാള്‍ കുപ്പിയില്‍ നിന്ന് കുറച്ചു മദ്യം  മറ്റൊരു കുപ്പിയിലേക്ക് ഒഴിച്ച് തന്റെ ആവശ്യത്തിന് മാറ്റി വെച്ചു . എന്നിട്ടു ബാക്കി കുപ്പി അരയില്‍  തിരുകി നേരെ വേട്ടക്കോട്ടേക്കു നടന്നു.

രണ്ടാംകുറ്റിയിലെ കൊച്ചുചെറുക്കനും പിന്നെതോട്ടുംകരയിലെ പ്ലാത്തി സുമയും കൃഷ്ണന്‍ പോറ്റിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും സുകുമാരപിള്ളക്കു പക്ഷെ വേട്ടക്കോട്ടെ കൊച്ചാട്ടനെ ആയിരുന്നു വിശ്വാസം.

വേട്ടക്കോട്ടെ കൊച്ചാട്ടന്‍.

ഇരുനിറം,സാമാന്യം നല്ല ഉയരം, മെലിഞ്ഞു നീണ്ട നല്ല ഉറപ്പുള്ള ശരീരം. മീശ മുകളിലേക്ക് പിരിച്ചു വെച്ചിരിക്കുന്നു.

ഒട്ടിയ കവിളും ബീഡിക്കറ പുരണ്ട കറുത്ത ചുണ്ടുകളും പുള്ളിക്ക് ഒരു പരുക്കന്‍ ലുക്ക് നല്‍കുന്നു. വേട്ടക്കോട്ടെ കൊച്ചാട്ടന്‍ എന്ന് വിളിച്ചു വിളിച്ചു അയാളുടെ പേര് തന്നെ നാട്ടുകാരില്‍ പലരും മറന്നുതുടങ്ങിയിരുന്നു. പുള്ളിക്ക് ഒരു മുറുക്കാന്‍ കട ഉണ്ട്.അവിടെ ഇരുന്നാണ് പുള്ളി നാട്ടുകാരുടെ  പ്രശ്‌നങ്ങള്‍ക്ക് ഒക്കെ പരിഹാരം നിര്‍ദേശിക്കാറുള്ളത്.

സുകുമാര പിള്ള അങ്ങോട്ടേക്ക് ചെല്ലുമ്പോള്‍ കൊച്ചാട്ടന്‍ പെട്ടിക്കടയും തുറന്നു ഒരു ബീഡിയും വലിച്ചു അവിടെ ഇരിപ്പുണ്ട്. കടയ്ക്കു അടുത്തുതന്നെ താമസിക്കുന്ന രവികൊച്ചാട്ടന്‍ ഒരു പുകയിലയും വായിലിട്ടു ചവച്ചു കൊണ്ട് അവിടെ നില്പുണ്ടാരുന്നു. പിള്ളയെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചിട്ട് മുറുക്കാന്റെ കാശും കൊടുത്തു അങ്ങേര് പോയി.

സുകുമാരപിള്ള നേരെ ചെന്നു അരയില്‍ ഇരുന്ന കുപ്പി എടുത്തു കടയിലേക്ക് വെച്ചു. നടന്ന കാര്യം പറഞ്ഞു.
കൊച്ചാട്ടന്‍ പിള്ളയെ ഒന്ന് നോക്കി. തെങ്ങിനാല്‍കുന്ന് മലനട അപ്പൂപ്പനെ മനസ്സില്‍ വിചാരിച്ചു ദക്ഷിണ വയ്ക്കാന്‍ പറഞ്ഞു. സുകുമാരപിള്ള പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ നോട്ടും ഒരു രൂപ നാണയം കൂടി എടുത്തു മുന്നിലേക്ക് വെച്ചു.

കൊച്ചാട്ടന്‍ കടയില്‍ നിന്ന് ഒരു ചെറിയ വിളക്ക് എടുത്തു അതില്‍ അല്പം എണ്ണ ഒഴിച്ച് ഒരു തിരി കത്തിച്ചു വെച്ചു. പിന്നെ ഒരു സ്റ്റീല്‍ ഗ്ലാസില്‍ നിറച്ചു വെള്ളം എടുത്തു. ഒരു കര്‍പ്പൂരം കത്തിച്ചു വെള്ളത്തിലേക്ക് ഇട്ടു.
റം കുപ്പി തുറന്നു അതില്‍നിന്നു  കുറച്ചു ഒരു ഗ്ലാസ്സിലേക്കു ഒഴിച്ച് മലയ്ക്ക് വെച്ചു. എന്നിട്ട് സുകുമാരപിള്ളയോട് കണ്ണടച്ചു ഒരു നിമിഷം സ്ഥല ദൈവങ്ങളെ, മലനട അപ്പൂപ്പനെ, കൊടിയാട്ടു ഭഗവതിയെ ഒക്കെ പ്രാര്‍ത്ഥിച്ചോളാന്‍ പറഞ്ഞു.

കൊച്ചാട്ടാനും ഒരു നിമിഷം മുകളിലേക്ക് കൈകള്‍ കൂപ്പി പ്രാര്‍ത്ഥനനിരതനായി. എന്നിട്ട് അയാള്‍ കടയ്ക്കുള്ളില്‍ മുറുക്കാന്‍ വെച്ചിരുന്ന പാക്കുകളില്‍നിന്ന് നല്ല പോലെ പഴുത്ത പാക്ക് ഒരെണ്ണം നോക്കി എടുത്തു.

പാക്ക് നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചു കൊച്ചാട്ടന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലാന്‍ തുടങ്ങി.

സുകുമാരപിള്ള ആകാംക്ഷയോടെ അത് നോക്കി നിന്നു.

മന്ത്രം ചൊല്ലിക്കൊണ്ടിരുന്ന കൊച്ചാട്ടന്‍ ഒന്ന് വിറച്ചു.

മന്ത്രം ചൊല്ലലിന്റെ വേഗം കൂടി.

കൊച്ചാട്ടന്‍ വീണ്ടും ഒന്നൂടെ വിറച്ചു. പിന്നെ ചൊല്ലുന്ന മന്ത്രം ആര്‍ക്കും മനസിലാവാത്തത്ര  വേഗത്തിലായി.
വിറക്കുന്ന കൈകളോടെ പാക്ക് കൊച്ചാട്ടന്‍ താഴേക്ക് വെച്ച് അത് ഒന്ന് കറക്കി.

പാക്ക് വട്ടംചുറ്റി കറങ്ങി.

പിള്ളയുടെ ആകാംക്ഷ കൂടികൂടിവന്നു. ആരായിരിക്കും തന്നോട് ഇത് ചെയ്തത്?

പാക്ക് കറങ്ങി കറങ്ങി നിന്നു.

കൊച്ചാട്ടന്‍ സൂക്ഷിച്ചു നോക്കി. തെക്കോട്ടാണ് പാക്കിന്റെ അഗ്രഭാഗം നില്‍ക്കുന്നത്. അയാള്‍ ഇരുത്തി ഒന്നുമൂളി.

''പ്രശ്‌നമാണല്ലോ പിള്ളേ'' കൊച്ചാട്ടന്‍ പറഞ്ഞു.

എന്താ കൊച്ചാട്ടാ കാണുന്നത്? പിള്ള അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.

പിള്ളയുടെ നേരെ കൈചൂണ്ടി കൊച്ചാട്ടന്‍ ഉറക്കെ പറഞ്ഞു.

''ബന്ധനം, ബന്ധനം''

പിള്ളക്ക് ഒന്നും മനസിലായില്ല. കൊച്ചാട്ടന്‍ തുടര്‍ന്നു.

''നീയോ നിന്റെ സന്തതി പരമ്പരകളോ ആ വീട്ടില്‍ നിന്നും പുറത്തു പോയി അതുവഴി നിനക്ക് ഒരു ഉയര്‍ച്ച ഉണ്ടാകാന്‍ പാടില്ല. അത് തന്നെയാണ് ഉദ്ദേശം''

ആരാണെന്നു വല്ലതും ? രാഘവന്‍ ചോദിച്ചു 

''നിന്റെ ഉയര്‍ച്ച കണ്ടു സഹിക്കാത്തൊരാള്‍, അത് അയല്‍വാസി ആകാം, ബന്ധുവാകാം അല്ലെങ്കില്‍ നിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആവാം.'' കൊച്ചാട്ടന്‍ പറഞ്ഞു നിര്‍ത്തി
.
അങ്ങനെ ആരേലും ഉണ്ടോ മനസ്സില്‍?''കൊച്ചാട്ടന്‍ ചോദിച്ചു.

പിള്ള ഉണ്ട് എന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളി.

കൊച്ചാട്ടന്‍ വീണ്ടും പാക്ക് എടുത്തു നെഞ്ചോടു ചേര്‍ത്ത്  എന്തൊക്കെയോ ജപിക്കാന്‍ തുടങ്ങി.
ശേഷം അയാള്‍ വീണ്ടും പാക്ക് കറക്കി.

പാക്ക് ഇത്തവണ കറങ്ങി കറങ്ങി നിന്നതു വടക്കോട്ടാണ്.

അത് നോക്കി കൊച്ചാട്ടന്‍ പറഞ്ഞു തുടങ്ങി.

''താന്‍ വിഷമിക്കണ്ട, പരിഹാരം ഉണ്ടാക്കാം.

മലനട അപ്പൂപ്പന് ഒരു കുപ്പി കള്ളും പിന്നെ മുറുക്കാനും പുകയിലേം  വെച്ച് തൊഴുതു പ്രാര്‍ത്ഥിക്കുക. പിന്നെ കോടിയാട്ടമ്മക്ക് ഒരു രക്തപുഷ്പാഞ്ജലിയും.'' 

ഒക്കെ ചെയ്തോളാം എന്ന് സുകുമാരപിള്ള സമ്മതിച്ചു.

കൊച്ചാട്ടന്‍ ഒരു ടിന്നില്‍ നിന്നും കുറച്ചു ഭസ്മം എടുത്തു ഒരു ചെറിയ കടലാസു കഷണത്തില്ലേക്ക്  കുടഞ്ഞിട്ടു. അത് എടുത്തു കുറച്ചു നേരം കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.

എന്നിട്ടത് സുകുമാരപിള്ളയുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.

''ഇത്, മിണ്ടാതെ ഉരിയാടാതെ വീട്ടില്‍കൊണ്ട് പോയി വീടിന്റെ നാലുമൂലക്കും ചെറിയ കുഴി എടുത്തു അതില്‍ കുറേശെ ഇട്ടുമൂടുക. പിന്നെ നടുമുറ്റത്തു നിന്നും കുറച്ചു മണ്ണ് എടുത്തു വീടിന്റെ അതിരിന് വെളിയിലേക്കു കളയുക, എന്നിട്ടു അവിടെ ഒരു കുഴികുത്തി ബാക്കി ഭസ്മം ഇട്ടു മൂടുക''.

ഭയഭക്തി ബഹുമാനത്തോടെ ഭസ്മം വാങ്ങി പിള്ള തിരിച്ചു നടന്നു.

പിള്ളയെയും കാത്തു അമ്മിണി മുറ്റത്തു തന്നെ നില്പുണ്ടാരുന്നു. പിള്ള നേരെ പിന്നാമ്പുറത്തു നിന്നും ഒരു കൂന്താലി എടുത്തോണ്ട് വന്നു വീടിന്റെ മൂലയ്ക്ക് മണ്ണ് എടുക്കാന്‍ തുടങ്ങി. 

അമ്മിണി വേട്ടക്കോട്ടെ കൊച്ചാട്ടന്‍ എന്താ പറഞ്ഞേ എന്നും ചോദിച്ചു പുറകെവന്നെങ്കിലും കൈയില്‍ ഭസ്മം ഇരിക്കുന്നതിനാല്‍ അയാള്‍ ഒന്നും പറഞ്ഞില്ല. നടുമുറ്റത്തെ കുഴിയും ഭസ്മം ഇട്ടു മൂടിയ ശേഷം അയാള്‍ നേരെ ചെന്നു. 

കട്ടിലിന്റെ അടിയില്‍ മാറ്റി വെച്ചിരുന്ന ബാക്കി  റം എടുത്തു ഒറ്റ വലിക്കു കുടിച്ചുതീര്‍ത്തു. എന്നിട്ടു അടുക്കളയില്‍ ചെന്നു ഇത്തിരി അച്ചാര്‍ എടുത്തു തിന്നു. 

അപ്പോഴേക്കും കാര്യം തിരക്കി അമ്മിണി അവിടേക്ക് എത്തി.

''കൊച്ചാട്ടന്‍ എന്താ പറഞ്ഞെ? ഒന്ന് പറ മനുഷ്യാ''

പിള്ള പറഞ്ഞു, ''അവന്‍ തന്നെയാടി, ആ മാപ്പിള''

ആലോചിക്കുംതോറും അയാള്‍ക്ക് വറീതിനോടുള്ള അരിശം കൂടി കൂടി വന്നു.

അപ്പോഴാണ് തന്റെ  അയ്യത്തിന്റെഅതിരില്‍ നിന്നിരുന്ന തെങ്ങില്‍ നിന്ന് പിള്ളയുടെ അയ്യത്തേക്കു വീണ തേങ്ങയും ഓലമടലും പറക്കാന്‍ വറീത് മാപ്പിള അങ്ങോട്ട് വരുന്നത് പിള്ള അടുക്കളയിലെ ജനലിലൂടെ കാണുന്നത്.

കലികൊണ്ടുനിന്നിരുന്ന അയാള്‍ക്ക് ഇത് സഹിച്ചില്ല.

''നില്‍ക്കെടാ മാപ്പിളെ അവിടെ, ആരോട് ചോദിച്ചിട്ടാടാ നീ എന്റെ അയ്യത്തു കയറിയത്?''- അലറികൊണ്ട് അയാള്‍ വറീതിന്റെ അടുത്തേക്ക് ഓടി.

തേങ്ങയും മടലും എടുത്തുകൊണ്ട്  തിരിഞ്ഞു നടക്കുവാരുന്ന മാപ്പിള ഒന്ന് ഞെട്ടി. എങ്കിലും സമചിത്തത വീണ്ടെടുത്ത് മാപ്പിള പറഞ്ഞു.

''ഞാന്‍ എന്റെ അയ്യത്തു നില്‍ക്കണ തെങ്ങിലെ തേങ്ങാ അല്ലെ എടുത്തേ, നിന്റെ അയ്യത്തെ ഒന്നും അല്ലല്ലോ?''

പിള്ളക്ക് വറീതിന്റെ ആ ന്യായം പറച്ചില്‍ അങ്ങോട്ട് സുഖിച്ചില്ല.

''നിന്റെ അയ്യത്തു നില്‍ക്കണ തെങ്ങു ഒക്കെ ആരിക്കും, പക്ഷെ എന്റെ അയ്യത്തോട്ടു വീണാല്‍ അത് എടുക്കാനെന്നും പറഞ്ഞു ഒരു നായിന്റെ മോനും ഇങ്ങോട്ടു കയറണ്ട''

പിള്ള വീണ്ടും ഉടക്ക് ലൈനില്‍ തന്നെ ആരുന്നു.

അതുകേട്ട് വറീതിനു ദേഷ്യം വന്നുതുടങ്ങി. 

''ദേ പിള്ളേച്ചാ കുടിച്ചിട്ടുണ്ടേല്‍ വയറ്റില്‍ കിടക്കണം അല്ലാതെ ചെറ്റ വര്‍ത്തമാനോം കൊണ്ടുവന്നാല്‍ അടിച്ചു ചെപ്പക്കുറ്റി ഞാന്‍ തിരിക്കും പറഞ്ഞേക്കാം.''

''ഓഹോ,എന്നാ തിരിയെടാ''എന്നും പറഞ്ഞുകൊണ്ട് സുകുമാരപിള്ള മാപ്പിളയുടെ നേരെ നീങ്ങിയതും അടി പൊട്ടിയതും ഒന്നിച്ചാരുന്നു. ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയ അമ്മിണി കാണുന്നത് നിലത്തു വീണുകിടക്കുന്ന പിള്ളയെ ആണ്. അതുകണ്ടു എന്റെ കെട്ടിയോനെ തല്ലിക്കൊല്ലുന്നേ എന്നും പറഞ്ഞു അമ്മിണി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി. നിലത്തു വീണു കിടന്ന സുകുമാരപ്പിള്ള പതുക്കെ എണീറ്റു. തന്റെ ഭാര്യയുടെ മുന്നില്‍ വെച്ചാണ് അടി കിട്ടിയേക്കുന്നത്. അഭിമാനിയായ പിള്ളക്കതു സഹിക്കാന്‍ പറ്റുമാരുന്നില്ല. കോപം  കൊണ്ടയാളുടെ കണ്ണുകള്‍ ചുവന്നു. അടുത്തുകണ്ട കൊന്നകമ്പിന്റെ  കൊമ്പ് എടുത്തു അയാള്‍ മാപ്പിളയുടെ തലയെ ലക്ഷ്യമാക്കി ആഞ്ഞുവീശി. അടിയുടെ ശക്തിയില്‍ താഴെ വീണ  മാപ്പിളയുടെ നെറ്റി പൊട്ടി ചോര ഒലിക്കാന്‍ തുടങ്ങി. അപ്പോഴേക്കും അമ്മിണിയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ രണ്ടുപേരെയും പിടിച്ചു മാറ്റി. നാട്ടുകാരില്‍ ആരോ  വിളിച്ചു പറഞ്ഞു കൊടുമണ്‍ സ്റ്റേഷനില്‍ നിന്ന് പോലീസും എത്തി.

സുകുമാരപിള്ളയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസായി, തലപൊട്ടിയ മാപ്പിളക്കു ആശുപത്രി ചിലവും കൊടുക്കേണ്ടി വന്നു. വറീതിന്റെ പേരില്‍ മറ്റൊരാളുടെ പറമ്പില്‍ അതിക്രമിച്ചു കയറി എന്ന ഒരു നിസ്സാര കേസ് മാത്രേ ഉണ്ടാരുന്നുള്ളു.

കാലം പിന്നെയും കടന്നു പോയി. പിള്ളയുടെ  അയ്യത്തിന്റെ അതിരില്‍ നിന്നിരുന്ന ആ വിശേഷാല്‍ തെങ്ങു മണ്ഡരി കുത്തി പോയി.

കേസിന്റെ പുറകെ നടന്നു നടന്നു പിള്ളക്കും മടുത്തു തുടങ്ങി. വക്കീല്‍ ഫീസ് ആയി കുറെ കാശും പോയിക്കിട്ടി.

അവസാനം പുള്ളി സ്ഥലത്തെ പ്രധാന സഖാവായ രവീന്ദ്രന്‍ നായരെ പോയി കണ്ടു കാര്യം പറഞ്ഞു. രവീന്ദ്രന്‍ സഖാവ് വറീതിനേം സുകുമാര പിള്ളയെയും ഇരുത്തി പ്രശ്‌നങ്ങള്‍ എല്ലാം കോംപ്രമൈസ് ചെയ്തു. രണ്ടു കൂട്ടരും കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു കൈകൊടുത്തു പിരിഞ്ഞു.

കാലം പിന്നെയും കടന്നു പോയി. മഴയും മഞ്ഞും വെയിലും എല്ലാം വന്നു പോയി.

അങ്ങനെ ഒരു വെളുപ്പാന്‍കാലത്തു റബ്ബര്‍ വെട്ടാന്‍ പോകാന്‍വേണ്ടി എണീറ്റ പിള്ള കത്തിയും എടുത്തോണ്ട് മുറ്റത്തേക്ക് വരുമ്പോഴാണ് ഒരു ചങ്ങല കിലുക്കത്തിന്റെ ശബ്ദം കേട്ടത്.

അയാള്‍ ആകാംക്ഷയോടെ മുറ്റത്തേക്ക് ഇറങ്ങി.

സമയം 4.30 ആയിട്ടേ ഉള്ളു. മുറ്റത്തു അരണ്ട വെളിച്ചം മാത്രേ ഉള്ളു. അതാ,പൊന്നച്ചന്റെ ജിമ്മി പട്ടി.  
അതിന്റെ തുടല്‍ മണ്ണില്‍ കിടന്നു ഇഴയുന്നതിന്റെ ശബ്ദം ആണ് കേട്ടത്. വെളുപ്പിനെ തുടലും പൊട്ടിച്ചു ഓടിയതാവാം.

തുടലും വലിച്ചു കൊണ്ട് ജിമ്മി പട്ടി നടക്കുന്നിടത്തെല്ലാം ഒരു വര. ആ വര അങ്ങനെ നീണ്ടു പോകുകയാണ് തന്റെ വീടിനെ ചുറ്റി ഒരു വര.

വീടിനെ ഒന്ന് ചുറ്റിയശേഷം പട്ടി തിരിഞ്ഞു നിന്ന് പിള്ളയെ ഒരു വട്ടം നോക്കി, ശേഷം അത് എങ്ങോട്ടോ ഓടിപ്പോയി.

സുകുമാരപിള്ള എല്ലാം കണ്ടു. എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു. അയാള്‍ക്ക് തല ചുറ്റണ പോലെ തോന്നി. ''ബന്ധനം  ബന്ധനം''  കൊച്ചാട്ടന്റെ ഉറക്കെയുള്ള ശബ്ദം അയാളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടാരുന്നു.
 
കാറ്റത്ത് മുറ്റത്തെ കവുങ്ങില്‍ നിന്നും ഒരു പഴുത്ത പാക്ക് താഴേക്ക് വീണ് ഉരുണ്ടു ഉരുണ്ടു സുകുമാരപിള്ളയുടെ കാലിന്റെ അരുകില്‍ വന്നു നിന്നു.


''നിന്റെ ഉയര്‍ച്ച കണ്ടു സഹിക്കാത്തൊരാള്‍, അത് അയല്‍വാസി ആകാം ബന്ധുവാകാം അല്ലെങ്കില്‍ നിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആവാം.'' കൊച്ചാട്ടന്‍ പറഞ്ഞു നിര്‍ത്തി.


 



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios