Malayalam Short Story : മരണാനന്തരം, ബിന്ദു പുഷ്പന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ബിന്ദു പുഷ്പന്‍ എഴുതിയ ചെറുകഥ

chilla malayalam  short story by Bindu Pushpan

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan


'ഹായ് ടിനി ഡിയര്‍..ഹൗ ആര്‍ യൂ..'

'ഹായ് ആന്റീ... ആം ഗുഡ്.'

'നീയെന്താ ലേറ്റായത്?'

കൈയുയര്‍ത്തി ലേഡിയാന്റിയെ അഭിവാദ്യം ചെയ്ത ശേഷമാണ് അബദ്ധം പിണഞ്ഞതെനിക്ക് മനസ്സിലായത്. ഞാനിതെവിടെയാണ് എത്തിപ്പെട്ടതെന്ന് ഒരുവേള സംശയിച്ചു. ഒരിത്തിരി നേരത്തേയ്ക്ക് സ്ഥലകാലഭ്രമം ബാധിച്ച പോലെ ഞാന്‍ നിന്ന് പരിഭ്രമിച്ചു. കണ്ണും തലയുമൊക്കെ കറങ്ങുന്നു. തലയൊന്ന് കുടഞ്ഞ് ഞാന്‍ മുന്നിലേയ്ക്ക് നോക്കി. ലോബിയിലെ സ്മാര്‍ട്ട് ടെലിവിഷനില്‍  സ്വതസിദ്ധമായ പുഞ്ചിരിയോടെ ഊര്‍ജ്ജസ്വലയായി ലേഡിയാന്റി നില്‍ക്കുന്നു. മരണം അറിഞ്ഞെത്തിയ ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് അഭിവാദ്യം ചെയ്യുന്നു. അവരോട് കുശലം ചോദിക്കുന്നു. ചിലരുടെയൊക്കെ ചോദ്യങ്ങള്‍ക്ക് ആന്റി സ്വാഭാവികതയോടെ  മുഖം നിറയെ ചിരിയുമായ് മറുപടി പറയുന്നു. ഞാനെന്തായീ കാണുന്നത്.? കണ്‍മുന്നില്‍ കാണുന്നതൊക്കെയും സത്യമോ, മിഥ്യയോയെന്ന് തിരിച്ചറിയാനാവാത്തൊരു സമ്മിശ്രാവസ്ഥയിലായിരുന്നു ഞാന്‍! 

എനിക്കും അവരോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതിനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാനപ്പോള്‍. എനിക്ക് ചുറ്റും അടുത്ത ബന്ധുക്കളും പരിചയക്കാരുമൊക്കെ ഉണ്ടെങ്കിലും എന്തോ എനിക്കൊരു ഒറ്റപ്പെടല്‍ തോന്നി. പണ്ടും അങ്ങനെ ആയിരുന്നല്ലോ?

എന്റെ മമ്മയുടെ കസിനാണ് ലേഡിയാന്റി. യഥാര്‍ത്ഥ പേര് മറ്റൊന്നാണ്. ഞങ്ങള്‍ ബന്ധുക്കള്‍ക്കിടയില്‍ അവര്‍ 'ഉരുക്ക് ലേഡി ആന്റി' എന്നാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ റോയല്‍ മാഴ്സ്ടെന്‍ ഹോസ്പിറ്റലിലെ നഴ്സിംഗ് ഹെഡായിരുന്നു ആന്റി. വര്‍ഷങ്ങളായി തനിയെയാണ് താമസം. അവരുടെ ആകസ്മികമായുണ്ടായ മരണം അറിഞ്ഞെത്തിയതാണ് ഞാന്‍!  

ലേഡിയാന്റിയുടെ വില്ലയിലെ ഇളം പിങ്ക്‌നിറമുള്ള വലിയ ലോബിയുടെ ഒരറ്റത്ത് മൊബൈല്‍ മോര്‍ച്ചറിക്കുള്ളില്‍ തൂവെള്ള വസ്ത്രമണിഞ്ഞ്, പൂക്കളാലങ്കരിക്കപ്പെട്ട പേടകത്തിനുള്ളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആന്റിയെ ഞാന്‍ കണ്ണിമ ചിമ്മാതെ നോക്കി. പ്രൗഢിയാര്‍ന്ന വേഷവിധാനത്തോടെ മാത്രമേ ഞാനിതുവരെ അവരെ കണ്ടിട്ടുള്ളൂ. വെളുത്ത് തടിച്ച  ആ അറുപത്തിനാലുകാരിയുടെ വേഷവും ഭാവവും ഒരു പരിഷ്‌കൃത ആംഗ്ലോയിന്ത്യന്‍ ലേഡിയുടേതായിരുന്നു. ആ മനസ്സിന്റെ നന്മയെന്തെന്ന് എന്നോളം അറിയാവുന്നവര്‍ ആരുമില്ലായിരിക്കാം. ആജ്ഞാശക്തിയുള്ള അവരുടെ കണ്ണുകളിലെ തീക്ഷ്ണഭാവവും ചടുലമായ നടത്തവുമൊക്കെ ഞാനോര്‍ത്തു നിന്നു. 

'ഉന്നതങ്ങളിലെ മാലാഖേ! നീ ശാന്തമായി ഉറങ്ങൂ. സ്വര്‍ഗ്ഗവാതില്‍ നിനക്ക് മുന്‍പില്‍ തുറക്കപ്പെടട്ടെ, മൈ ഡീപ്പ് കണ്ടൊലന്‍സ് ഡിയര്‍ ആന്റീ..' 

ഉള്ളുലയ്ക്കുന്നൊരു തേങ്ങല്‍ പുറത്തേയ്ക്ക് പൊട്ടിവന്നെങ്കിലും പുരുഷനായ കാരണത്താല്‍ ഞാനതടക്കി. എന്നെപ്പോലെ തന്നെ ചുറ്റുമുള്ള രംഗങ്ങളൊക്കെ കണ്ട് അമ്പരന്ന് കണ്ണുമിഴിച്ചു നില്‍ക്കുന്നവര്‍ ചിലരെങ്കിലും ഉണ്ടെന്നുള്ളത് എനിക്കൊരാശ്വാസമായി. 

'ബൈ ആന്റീ... ലോട്ട് ഓഫ് താങ്ക്‌സ് ഫോര്‍ എവെരി തിങ്ങ്്. എന്റെ ഓര്‍മ്മയില്‍ നിങ്ങളെന്നും ദൈവതുല്യയാണ്...'

അവര്‍ക്ക് വിട ചൊല്ലി ഞാന്‍ മെല്ലെ പുറത്തേയ്ക്ക് നടന്നു.

'ഹൂ ഈസ് റബേക്ക ക്രിസ്റ്റി?'

എനിക്ക് പിന്നില്‍ ടെലിസ്‌ക്രീനിലെ അവതാരകയുടെ മധുരവാണി കേട്ടതോടെ പോര്‍ച്ചിലേക്കിറങ്ങിയ ഞാന്‍ തിരിഞ്ഞു നിന്നു. സ്‌ക്രീനിലെ കോട്ടും സ്യൂട്ടുമിട്ട അവതാരകയുടെ സ്ഥാനത്ത് യുവത്വം തുടിക്കുന്ന ഭാവഹാദികളോടെ പീച്ച് നിറമുള്ളൊരു ഗൗണില്‍ കുഞ്ഞ് ലേഡിയാന്റി ഒരു ചിത്രശലഭത്തെപ്പോലെ സ്‌ക്രീനിലേക്ക് പാറി വന്നു. 

'മെമറീസ്..'  സ്‌ക്രീനില്‍ അനേകായിരം ചിത്രശലഭങ്ങള്‍ തത്തിക്കളിക്കുന്നു.   

ലേഡിയാന്റിയുടെ ചെറുപ്പമാണ് സ്‌ക്രീനിലിപ്പോള്‍ ഞാന്‍ കാണുന്നത്. ടീനേജ് മുതലുള്ള ആന്റിയുടെ ഓരോ ചിത്രങ്ങളും തെളിഞ്ഞു വന്നു. എന്റെ കണ്‍മുന്നിലൊരു വസന്തം പൂത്ത് വിടര്‍ന്നതുപോലെ, ഞാനത്ഭുതപ്പെട്ടു പോയി. അതിലേറെ കൗതുകത്തിനുടമയായി. കാതലുള്ള ഒരു കൊച്ചുമരം വളര്‍ന്ന് വളര്‍ന്ന് വലുതായി. ഭൂമിയില്‍ വേരുകളാഴ്ത്തി, അനേകായിരം ശാഖകളാല്‍ പച്ചിലകള്‍ മൂടി വാനിലേക്കുയര്‍ന്നു നിന്നു. കുഞ്ഞിക്കുരുവികള്‍ അതില്‍ കൂടുകെട്ടി. വിവാഹശേഷം ക്രിസ്റ്റി അങ്കിളിനോടൊപ്പമുള്ള ലേഡിയാന്റിയുടെ നിരവധി ചിത്രങ്ങള്‍ എന്റെ കണ്‍മുന്നിലൂടെ വിസ്മയം തീര്‍ത്ത് കടന്ന് പോയി. ദുഃഖത്തേക്കാളുപരി  ആകാംക്ഷയും അമ്പരപ്പും എന്നെ ഭരിക്കാന്‍ തുടങ്ങി. എനിക്ക് എതിര്‍വശത്തായുള്ള  സ്ഫടിക പേടകത്തിലേക്ക് ഞാനമ്പരപ്പോടെ നോക്കി. ലേഡിയാന്റി അപ്പോഴും അനന്തനിദ്രയിലായിരുന്നു.

'ടിനി ഡിയര്‍, ഡോണ്ട് വറി.. ആം വിത്ത് യൂ..'

ഞാന്‍ ഞെട്ടിപ്പോയി! ആന്റി എന്നോട് എപ്പോഴും പറയാറുള്ള വാചകം. എന്റെ മനസ്സറിഞ്ഞത് പോലെ ആദ്യത്തെ വേഷത്തില്‍ ആന്റി വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷയായി. അതെന്റെ ദുഃഖം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്.  ഞാന്‍ വിവശനായി ചുവരോടൊട്ടി നിന്നു. ആരോ, വന്നെന്നെ അടുത്തുള്ള സോഫയിലേക്ക് പിടിച്ചിരുത്തി. എനിക്കൊന്ന് മുഖംപൊത്തി പൊട്ടിക്കരണയമെന്ന് തോന്നി. 

ആരോരും ഇല്ലാത്തൊരു ഒന്‍പത് വയസ്‌കാരന് മുന്നില്‍ ഒരിക്കല്‍ അന്നവുമായി പ്രത്യക്ഷപ്പെട്ട മാലാഖ! വര്‍ഷങ്ങള്‍ക്കിപ്പുറം മനസ്സിലിന്നും ആ രംഗം തെളിമയോടെ നിലനില്‍ക്കുന്നു. അന്നൊക്കെ ക്രിസ്റ്റിയങ്കിളുമായി എന്തോ അകല്‍ച്ചയിലായിരുന്നു ലേഡിയാന്റി. അപ്പോഴേയ്ക്കും എന്റെ മാതാപിതാക്കാള്‍ തമ്മിലടിച്ചു അവര്‍ക്കിണങ്ങിയ പുതുവഴികള്‍ തേടി പോയിരുന്നു. മൂന്ന് വയസ്സുകാരി സ്റ്റെല്ലയെയും മമ്മ കൂടെ കൊണ്ടുപോയി. അവര്‍ക്ക് അധികപ്പറ്റായത് ഞാന്‍  മാത്രം.

ഇനിയെന്തെന്ന് അറിയാതെ, വാടക വീട്ടില്‍ ചടഞ്ഞ് കൂടിയിരുന്ന എനിക്ക് മുന്നില്‍ ദൈവത്തെപ്പോലെ ലേഡിയാന്റി എത്തി. ഭൂമിയിലെ മാലാഖ! അവര്‍ രാത്രി ഡ്യൂട്ടിയും കഴിഞ്ഞു വന്ന് ഭക്ഷണവും ഉണ്ടാക്കി ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള എന്റെ വീട്ടിലെത്തും. ഒരു മകനെപ്പോലെ നിര്‍ബന്ധിച്ചു  എന്നെ കഴിപ്പിക്കും. ചിലപ്പോള്‍ എനിക്കേറ്റവും പ്രിയമുള്ള വാനില പാന്‍കേക്കുകള്‍ കൊണ്ടുത്തരും. ആര്‍ക്കുമൊരു ഭാരമാവാതെ, തീവ്രലഹരിയുടെ മടിത്തട്ടില്‍ ആത്മഹത്യയിലേക്ക് പിച്ചവെച്ച് നടന്ന എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിച്ചതും ഈ മാലാഖയാണ്. ലഹരിയൊരു സാത്താനാണെന്ന് അവരെന്നെ ഉപദേശിച്ചു, രാപകല്‍ ഉറക്കമൊഴിഞ്ഞു പരിചരിച്ചു. ആരോരുമറിയാതെ, ഈ ഭൂമിയില്‍നിന്ന് തന്നെ മാഞ്ഞുപോകേണ്ടിയിരുന്ന ഒരു ജീവന്‍!

അന്നാണ് അവരെന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. വളരെയേറെ നിര്‍ബന്ധിച്ച്, മുടങ്ങിപ്പോയ എന്റെ പഠനം പൂര്‍ത്തിയാക്കിച്ചതും. ജീവിതവീഥിയില്‍ കാലിടറി പോകുമായിരുന്നൊരു ബാലനെ നേര്‍വഴിക്ക് നയിച്ചു. 'പിരിഞ്ഞു പോയവര്‍ ഒരിക്കല്‍ നിന്റെ ആശ്രയത്തിനായി കേഴും..' അവരെന്നും പറയുമായിരുന്നു.

പഠിത്തം പൂര്‍ത്തിയാക്കി ആര്‍ക്കുമൊരു ശല്യമാവാതെ, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുമായി ഞാനലഞ്ഞു. ലോകമെമ്പാടുമുള്ള വനങ്ങളില്‍ കറങ്ങി തിരിഞ്ഞു. ആമസോണ്‍കാടുകളില്‍ നിന്ന് നഗരത്തില്‍ എത്തുമ്പോഴൊക്കെ ആന്റിയെ കാണാനെത്തും. അവരുടെ കൂടെ ഒന്ന് രണ്ട് ദിവസങ്ങള്‍ താമസിച്ചിട്ട് തിരിച്ചു പോകും. അങ്ങനെ ഒരിക്കല്‍ വന്നപ്പോളാണ് അറിഞ്ഞത് ക്രിസ്റ്റിയങ്കിള്‍ ലിവര്‍സിറോസിസ് ബാധിച്ച് ആന്റിയുടെ അടുത്തേയ്ക്ക് തിരിച്ചു വന്നതും കുറച്ചു ദിവസം മുന്നേ മരണപ്പെട്ടതും. അദ്ദേഹം അവസാന നാളുകളില്‍ ആന്റിയോടൊപ്പമുള്ള ജീവിതം ആഗ്രഹിച്ചിരുന്നു. പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. ആന്റീ അദ്ദേഹത്തിന് മാപ്പ് കൊടുത്തിരുന്നുവോ..? പിന്നീട് ലേഡിയാന്റിയുടെ ജീവിതവും  എന്നെപ്പോലെയുള്ളവര്‍ക്കായി ഉഴിഞ്ഞു വെയ്ക്കുകയായിരുന്നു. മക്കളില്ലാത്ത അവര്‍ക്ക് താനൊരു മകനായിരുന്നോ?  അറിയില്ല.


ആരുടെയോ കൈ എന്റെ ചുമലില്‍ അമര്‍ന്നു.

ഞാന്‍ തിരിഞ്ഞു നോക്കി. ബോബിയാണ്!
മമ്മയുടെ സഹോദരന്‍ മാര്‍ട്ടിനങ്കിളിന്റെ രണ്ടാമത്തെ മകന്‍.

ഡിജിറ്റല്‍ ടെക്‌നോളജിയുടെ തലതൊട്ടപ്പന്‍. ശരിയായ പേര് ജോണ്‍ കാസില്‍. ലോകത്തിന്റെ പല കോണുകളിലായി  അവന് ആറോ, ഏഴോ  ലാബുകള്‍ ഉണ്ട്.

'ഹായ്.. ബോബി'

അവനെന്റെ കരം കവര്‍ന്നു. പതിയെ എന്നെയും കൂട്ടി പുറത്തേയ്ക്കിറങ്ങി.

ടെലിവിഷന്‍ സ്‌ക്രീനിലപ്പോഴും ലേഡിയാന്റിയുടെ ആട്ടോബയോഗ്രാഫി ടീനേജും കടന്ന് മധ്യവയസിലെത്തിയിരുന്നു. പൂച്ചക്കണ്ണുള്ള സുന്ദരിയായ അവതാരക ആന്റിയുടെ ജീവിതത്തിലെ ഓരോ പ്രധാന ഘട്ടങ്ങളും വിശദീകരിക്കുകയാണ്. വ്യക്തിജീവിതത്തില്‍ ആന്റിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെയൊക്കെ തന്മയത്വത്തോടെ തരണം ചെയ്ത രീതികളും അതിന് നമ്മുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരുകയും ചെയ്ത കരുത്താര്‍ജ്ജിച്ചൊരു 'ഉരുക്കു വനിത' എന്നാണവര്‍ ആന്റിയെ വിശേഷിപ്പിച്ചത്. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലേഡിയാന്റി മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നു. ഓരോ ബന്ധുക്കളെത്തുമ്പോഴും അവരെ അഭിസംബോധന ചെയ്തുകൊണ്ട് ലേഡിയാന്റി സ്‌ക്രീനില്‍ എത്തുന്നു. അവരോട് കുശലം ചോദിക്കുന്നു. സംസാരിക്കുന്നു..

എന്റെ സമനില തെറ്റുന്നത് പോലെ എനിക്ക് തോന്നി. ഏതായാലും ബോബിയെത്തിയത് ഒരനുഗ്രഹമായി തോന്നി. 

ഞങ്ങള്‍ പതിയെ നടന്ന് ലേഡിയാന്റിയുടെ ഗാര്‍ഡനരുകില്‍ എത്തിയിരുന്നു. വളരെ നന്നായി ആന്റിയത് പരിപാലിച്ചിരുന്നു. ബോണ്‍സായ് പ്ലാന്റുകളും, ആന്തൂറിയവും, പല നിറത്തിലുള്ള ടുലിപ്പുമൊക്കെ പൂവിട്ട് നില്‍ക്കുന്നു. പച്ചയും ചുവപ്പും ചേര്‍ന്ന ഹൃദയാകൃതിയാണ് പൂന്തോട്ടത്തിന്. അതിന് മധ്യത്തിലായി ചുവന്ന റോസാച്ചെടികള്‍. മഞ്ഞുരുകും മാസങ്ങളില്‍ ഞാനെത്രയോ തവണ ആന്റിയോടൊപ്പം ഇവിടിരുന്ന് സൂപ്പ് കുടിച്ചുകൊണ്ട് ഇളവെയില്‍ കാഞ്ഞിട്ടുണ്ട്. ലേഡിയാന്റി മരിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. അവരുടെ കരസ്പര്‍ശം അദൃശ്യമായി അടുത്തെവിടെയോ ഉണ്ട്. എനിക്കും ചുറ്റും എന്തൊക്കെയോ അദ്ഭുതം നടക്കുന്നു. എന്താണിതൊക്കെ?

'ബോബീ.. വാട്ട് ഈസ് ദിസ്? ഐ ഡോണ്ട് അണ്ടര്‍സ്റ്റാന്‍ഡ് എനിതിങ്..'  

എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം അവന്‍ ഇത്തിരിനേരം മൗനം പാലിച്ചു. പിന്നെ തിരിഞ്ഞ് ചാരുബെഞ്ചില്‍ എനിക്കഭിമുഖമായി ഇരുന്നു.

'ഇതാണ് ഹോളോഗ്രാഫിക് വീഡിയോ ടെക്‌നോളജി.'

'ഹോളോഗ്രാഫിക്കോ?' എനിക്കൊന്നും മനസ്സിലായില്ല. ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി അമ്പരന്ന് ഇരുന്നുപോയി.

'ടിനീ.. നിനക്കറിയാമോ, ലേഡിയാന്റിക്ക് ക്യാന്‍സര്‍ ആയിരുന്നു. അത് നിന്നെ അറിയിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു'

അതുകേട്ട് ഞാന്‍ സ്തംഭിതനായി. എത്ര വിദഗ്ദ്ധമായാണ് ആന്റി എന്നില്‍ നിന്നത് മറച്ചുവെച്ചത്. നാല് മാസം മുമ്പേ ഞാനിവിടെ വന്നപ്പോഴും എന്നോടൊന്നും പറഞ്ഞില്ലല്ലോന്ന് ഞാനോര്‍ത്തു.

'അവരത് തിരിച്ചറിഞ്ഞപ്പം തൊട്ട് ഇങ്ങനെയൊരു ഹോളോഗ്രാഫിക് ഇമേജ് പ്ലാന്‍ ചെയ്തിരുന്നു. അതിനെപറ്റി എവിടെയോ വായിച്ചറിഞ്ഞതാണ്. പണ്ടെന്നോ, ലോസാഞ്ചല്‍സില്‍  ഇതുപോലെ ആരോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ ആന്റിയെന്നെ ഒരിക്കല്‍ വിളിച്ചിരുന്നു. ഇങ്ങനെയൊന്ന് വേണമെന്ന് അവര്‍ വാശി പിടിക്കുകയും ചെയ്തു.''

ഹോളോഗ്രാഫിക് വീഡിയോ ടെക്‌നോളജിയുടെ അനന്തസാധ്യതകളെ പറ്റി എനിക്കൊരു ചുക്കുമറിയില്ല. ഞാനൊരു വെറും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍. അവന്‍ പറയുന്നത് കേട്ട് ഞാനമ്പരന്ന് ഇരുന്നുപോയി.  

'ഒരേ സമയത്ത് ഇരുപതിലധികം ക്യാമറകള്‍ ഉപയോഗിച്ചാണീ  ഹോളോഗ്രാം ചെയ്തിരിക്കുന്നത്. ലോകപ്രശസ്തമായ യു.കെ.യിലെ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പ്രത്യേകമൊരു ത്രീഡി വീഡിയോ ടെക്നോളജിയും അതിനൂതന സൗണ്ട് സിറ്റവും ഉപയോഗിച്ചപ്പോള്‍ നല്ലൊരു ഹോളോഗ്രാം ക്രിയേറ്റ് ചെയ്യാനായി. ഇങ്ങനെ തയ്യാര്‍ ചെയ്തെടുക്കുന്ന പ്രൊഡക്ടുകള്‍ പിന്നീട് സ്റ്റോറി ഫയലിലേക്ക് അപ് ലോഡ് ചെയ്യുന്നു. യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെയല്ലേ ആന്റിയിപ്പോള്‍ നമ്മളോട് സംഭാഷണം നടത്തുന്നത്. തന്റെ മരണാനന്ത ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ആന്റി മുന്‍കൂട്ടി ഗണിച്ചിരിക്കണം. അതിനായി മൂന്ന് ദിവസം അവരെ പ്രാക്ടീസും ചെയ്യിപ്പിച്ചു. ഈ പ്രോഗ്രാം കണക്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ വെര്‍ച്വല്‍സിസ്റ്റത്തിലും നമുക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു ഗുണം. തന്റെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും തന്റെ വിശ്വാസങ്ങളും അടിയുറച്ച നിലപാടുകളും  മൂല്യങ്ങളും സംഘര്‍ഷങ്ങളും അതിജീവനവുമൊക്കെ മനസ്സിലാക്കണം. തന്റെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും പ്രചോദനം ഉണ്ടാവണം എന്നൊരു സദുദ്ദേശ്യത്തോടെ, സംഭാഷണം അടക്കം ഒരു സിനിമപോലെ ചിത്രീകരിച്ചതാണ് ഈ ഹോളോഗ്രാം. ഭാവി തലമുറയ്ക്കായി ഒരു അടയാളപ്പെടുത്തല്‍! ഒരു സാധാരണ മനുഷ്യന്‍ ചോദിക്കാന്‍ സാധ്യതയുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവും അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അത് നേരത്തെ റിക്കോഡ് ചെയ്തു വെച്ചിരുന്നു. അതാണ് നീയിവിടെ കണ്ടത്.'

അവന്‍ പറഞ്ഞു നിര്‍ത്തി.

ഞാനതൊക്കെ കേട്ട് കര്‍ത്തവ്യമൂഢനായി ഇരുന്നുപോയി. ആകെയൊരു മന്ദത.   

'കമോണ്‍ ലെറ്റസ് ഗോ..'

അവനെഴുന്നേറ്റ് എന്റെ കയ്യില്‍ പിടിച്ചു.

'വാ.. നിനക്ക് മമ്മയെ കാണേണ്ടേ? ആന്റി വന്നിട്ടുണ്ട്.'

ശബ്ദം കുറച്ചാണ് അവന്‍ ചോദിച്ചതെങ്കിലും എന്റെ പ്രതികരണം ഇത്തിരി ഉച്ചത്തിലായിരുന്നു.

'എനിക്കാരെയും കാണണ്ടാ..'

ഈര്‍ഷ്യയോടെ ഞാനവന്റെ കൈ തട്ടി മാറ്റുകയും ചെയ്തു.

പഴയ ഒന്‍പത് വയസ്സുകാരന്‍ വീണ്ടുമെന്നില്‍ ഉണര്‍ന്ന് തുടങ്ങി. മരിച്ചത് ഈ ലോകത്തില്‍ ഞാനേറെ സ്‌നേഹിക്കുന്ന എന്റെ ലേഡിയാന്റി ആയിപ്പോയി. അല്ലെങ്കില്‍ ഞാനെപ്പേഴേ സ്ഥലം വിട്ടേനെ!

അവന്‍ എന്നെയും കൊണ്ട് വീണ്ടും ലോബിയിലെത്തി. 

ടെലിസ്‌ക്രീനില്‍ തൂവെള്ള നെറ്റ് ഗൗണില്‍ ആന്റി!

പേടകത്തിനുള്ളില്‍ ആന്റി ധരിച്ചിരിക്കുന്ന അതേ ഡ്രസ്സ്. ശവസംസ്‌കാരത്തിന് എത്തിയവര്‍ക്കെല്ലാം ആന്റി നന്ദി പറയുകയാണ്. 'ഈ മനോഹര തീരത്തൊരു ജീവിതം തന്നതിന് ജീസസിന് ബിഗ് താങ്ക്‌സ്!. ജീവിതയാത്രയില്‍ എന്നെ കൂടെ നിന്ന് സ്‌നേഹിച്ചു സഹായിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ലോട്ട് ഓഫ് താങ്ക്‌സ്! ഈയൊരു വിടവാങ്ങലിന് സാക്ഷ്യം വഹിക്കാനെത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിലയേറിയ സമയം തനിക്ക് വേണ്ടി നീക്കിവെച്ചതിനും ഒരിക്കല്‍ക്കൂടി ഹൃദയപൂര്‍വ്വം നന്ദി' പറയുകയാണ്. 
  
'ടിനീ.. വേര്‍ ആര്‍ യൂ മൈ ബേബി?'

ആന്റി എന്നെ പരതുകയാണ്. ഞാന്‍ ശബ്ദം നഷ്‌പ്പെട്ടവനെപ്പോലെ നിന്നു. 

ബോബി എന്റെ കയ്യില്‍ മുറുകെ പിടിച്ചു.

'ഞാന്‍ നിനക്കൊരു സമ്മാനം എന്റെ ബെഡ്റൂമിലെ ഷെല്‍ഫില്‍ കരുതി വെച്ചിട്ടുണ്ട്. അത് നിനക്കുള്ളതാണ്. നിനക്ക് മാത്രം..'

'ഓകേ ഗയ്സ്... സീ യൂ എഗൈന്‍.. ഗുഡ് ബൈ!'

ആന്റി പുഞ്ചിരിയോടെ കൈകാട്ടി സ്‌ക്രീനില്‍ നിന്നും മാലാഖയെപ്പോലെ അപ്രത്യക്ഷയായി. സ്‌ക്രീന്‍ നിശ്ചലമായി. 

ചുറ്റും ഇരുട്ട് പരക്കുന്നത് പോലെ എനിക്ക് തോന്നി.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios