Malayalam Short Story : മലമുകളിലെ ബംഗ്‌ളാവ്, അശ്വതി എം. മാത്യു എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   അശ്വതി എം. മാത്യു എഴുതിയ ചെറുകഥ

chilla Malayalam short story by Aswathy M Mathew

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla Malayalam short story by Aswathy M Mathew

 

മലയുടെ ഒത്ത മുകളിലായിരുന്നു ആ ബംഗ്ലാവ്. അവിടെയെത്താന്‍ നിരവധി  ചുരങ്ങള്‍ കയറണം. അങ്ങോട്ടേക്കായിരുന്നു അയാളുടെ യാത്ര.

ഇരുണ്ട വെളിച്ചത്തില്‍ അയാളുടെ ചുവന്ന ബെന്‍സ് ഒരു പറക്കും തളിക പോലെ തോന്നിച്ചു. മഴ പേറി ദൂരെ മേഘങ്ങള്‍ കുടുങ്ങി കൂടുന്നുണ്ടായിരുന്നു. മഴയ്ക്കു മുന്നോടിയായി ഇടിവാള്‍  ഇടയ്ക്കിടെ എത്തി നോക്കി. മേപ്പിള്‍ ഇലകള്‍ കൂട്ടമായി പറന്നു പോയി. 

ചാറ്റല്‍ മഴ മാറി, മഴ ശക്തമായി. പേരറിയാത്ത നീലപ്പൂക്കള്‍ മഴവെള്ളത്തില്‍ കൂമ്പിപ്പോയി. ചെളിവെള്ളം ചുറ്റും തെറിപ്പിച്ച് കാര്‍ മുന്നോട്ടു പോയി. 

അന്ന് അവിടെ പോകാന്‍ അയാള്‍ക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അത് അയാളുടെ വീടായിരുന്നു. വലുതും ചെറുതുമായ അന്‍പതു മുറികള്‍.  ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയായിരുന്നിട്ടും അയാള്‍ക്ക് ആ വീടിനോട് ഒരിയ്ക്കല്‍ പോലും സ്‌നേഹം തോന്നിയില്ല. അയാള്‍ക്ക് ലോകത്തില്‍ ഒന്നിനോടും സ്‌നേഹമുണ്ടായിരുന്നില്ല. സ്വന്തം നേട്ടങ്ങള്‍ മാത്രമെ അയാള്‍ അടയാളപ്പെടുത്തിയിരുന്നുള്ളു. 

പോലീസിന്റെ  ഫോണ്‍കാള്‍ വന്നത് കൊണ്ടാണയാള്‍ ഇപ്പോള്‍ ഈ യാത്രയ്ക്ക് തുനിഞ്ഞത്. അല്ലെങ്കില്‍ ബോസ്റ്റണില്‍ നിന്നും ഈ രാത്രിയില്‍  വെര്‍മൗണ്ടിലേക്കു അയാള്‍ ഒരിക്കലും യാത്ര ചെയ്യില്ല. മലകളും, കാടുകളും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമായിരുന്നു വെര്‍മൗണ്ട്. മാറി വരുന്ന ഋതുക്കളെയെല്ലാം അത് പ്രണയിച്ചു. ശൈത്യകാലത്തു മഞ്ഞു മൂടി പ്രണയം കാത്തു കഴിയുന്ന  സ്ത്രീയെപ്പോലെയും, വസന്തകാലത്തു കാമുകനെ പ്രാപിച്ച സ്ത്രീയെപ്പോലെയും, ഗ്രീഷ്മകാലത്തു പ്രണയക്കൊടുമുടിയില്‍ പ്രൗഢിപൂര്‍വ്വം ജീവിക്കുന്ന സ്ത്രീയെപ്പോലെയും,  ഹേമന്തത്തില്‍ ആടയാഭരണങ്ങളെല്ലാം അണിഞ്ഞൊരുങ്ങി പ്രണയതീവ്രതയില്‍ നൃത്തം വെക്കുന്നവളെപ്പോലെയും. 

രാത്രി രണ്ടു പെഗ് അടിച്ച ശേഷം ഏതു വേശ്യാലയത്തില്‍ സമയം  ചിലവിടണം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഈ യാത്ര വേണ്ടി വന്നത്. ചുറ്റുമുള്ളവരെ  വേദനിപ്പിക്കുമ്പോള്‍ അയാളിലെ വിഷാദരോഗി വളരെയധികം സന്തോഷിച്ചിരുന്നു. വേശ്യാലയത്തില്‍ ആകുമ്പോള്‍ കാശിന്റെ ആവശ്യമുള്ള ഗതികെട്ട സ്ത്രീകള്‍ ആ വേദനകള്‍ കടിച്ചുപിടിച്ചു സഹിക്കുമായിരുന്നു. ഒരാളുടെ ഗതികേടില്‍ ഏറ്റവും അധികം പ്രയോജനം കണ്ടെത്താനുള്ള ഒരു പ്രത്യേക വാസന അയാള്‍ക്കുണ്ടായിരുന്നു. 

പോലീസുകാര്‍ അയാളോട് ബംഗ്ലാവിനു തീ പിടിച്ചെന്നും അയാളുടെ അമ്മ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്നും പറഞ്ഞു. ആ ബംഗ്ലാവില്‍ അമ്മയും കുറെ പൂച്ചകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൂച്ചകള്‍ രാജാക്കന്മാരെപ്പോലെ ഉണ്ടും, ഉറങ്ങിയും. പെറ്റുപെരുകിയും ജീവിച്ചു. അയാള്‍ വര്‍ഷത്തിലൊരിക്കല്‍ ക്രിസ്മസിനു മാത്രം അമ്മയെ കാണാന്‍ പോയി. അവരോടൊപ്പം രണ്ടുമൂന്നു ദിവസങ്ങള്‍ താമസിച്ചു. അപ്പനെ അയാള്‍ എസി മുറിയില്‍ വിഷ സ്‌പ്രെ  അടിച്ചു കൊന്നതാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അപ്പന്‍ മരണ വെപ്രാളത്തില്‍ കിടന്നു പിടയുന്നത് അയാള്‍ കണ്ണാടി ജനലിലൂടെ പുറത്തു നിന്നും കണ്ടു രസിച്ചതും അവരറിഞ്ഞില്ല. 

ക്രിസ്മസ് ആഘോഷിക്കാന്‍ ചെന്നപ്പോഴൊക്കെ അപ്പന്‍ പിടഞ്ഞു മരിച്ച ആ മുറിയില്‍ അയാള്‍ സന്തോഷത്തോടു കൂടി ഉറങ്ങി. അപ്പന്റെ മരണ വെപ്രാളത്തിന്റെ ഓര്‍മ്മ  അയാള്‍ക്ക് ജീവിക്കാന്‍ കൂടുതല്‍ ഉണര്‍വ്വ് കൊടുത്തു. വീടിനു ചുറ്റും നക്ഷത്രങ്ങള്‍ തൂക്കി, മരങ്ങളെല്ലാം അലങ്കരിച്ച ബംഗ്ലാവ്  പുറത്തു നിന്ന് നോക്കുമ്പോള്‍ ഏതോ മാന്ത്രികന്റെ  കൊട്ടാരം പോലെ തോന്നിച്ചിരുന്നു. താഴ്‌വാരത്തു നിന്നും നോക്കിയാല്‍  ആ വീട് ഭ്രാന്തടങ്ങിയ ഒരു സ്ത്രീ വീണ്ടും ചിരിക്കാന്‍ തുടങ്ങുന്നത് പോലെ ആയിരുന്നു. 

അയാള്‍ക്ക് ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും വേദനിപ്പിക്കാന്‍ മാത്രം അറിയുന്നവരെ ആരാണ് സ്‌നേഹിക്കുക? സ്‌നേഹമെന്ന വികാരത്തെ അയാള്‍ അടിമത്തമായിട്ടു മാത്രമേ കണ്ടിരുന്നുള്ളൂ. അയാളുടെ അപ്പനെ കൊന്നത് പ്രത്യേകിച്ച് വൈരാഗ്യം ഒന്നും ഉണ്ടായിട്ടല്ല. ഒരു ശല്യമായി എന്നോ തോന്നി.  ഇനി ജീവിതത്തില്‍ അപ്പന്‍ വേണ്ടാ എന്നും തോന്നി.  ചെയ്തതിലൊന്നും ഇന്നേ വരെ അയാള്‍ക്ക് കുറ്റ ബോധം തോന്നിയിട്ടില്ല. 

ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ അയാള്‍ വെട്ടിപ്പിടിച്ചു കൊണ്ടേ ഇരുന്നു. ബിസിനസ് ലാഭത്തിലാണെങ്കിലും അയാള്‍  ആറു മാസം കൂടുമ്പോള്‍ കുറെ തൊഴിലാളികളെ പിരിച്ചു വിടും. രാവിലെ ഓഫീസില്‍ വരുമ്പോള്‍ ഇനി ജോലി ഇല്ല എന്ന് മനസ്സിലാക്കുന്ന തൊഴിലാളികളുടെ വിഷമവും, കണ്ണീരും അയാള്‍ ക്യാമറയിലൂടെ കണ്ടു ആഹ്ളാദിച്ചു. 

അയാള്‍ക്ക് ആ  രാത്രിയില്‍ തന്നെ ആശുപത്രിയില്‍ പോകാന്‍ തോന്നിയില്ല. വീട്ടില്‍ പോയി ഒന്ന് വിശ്രമിച്ചിട്ട് പിറ്റേന്ന് സൗകര്യം പോലെ അമ്മയെ കാണാന്‍ പോകാമെന്ന് അയാള്‍ വിചാരിച്ചു. മരണം വേണമെങ്കില്‍ കാത്തു നില്‍ക്കട്ടെ, അയാള്‍ പുച്ഛത്തോടെ ചിന്തിച്ചു. 

അയാള്‍ കാറോടിച്ചു ബംഗ്ലാവിന്റെ മുന്നിലെത്തി. മഴ അപ്പോഴും ശക്തമായി പെയ്തു. മുറ്റത്തെ ഊഞ്ഞാല്‍ ആടിക്കൊണ്ടിരുന്നു. ആ ഊഞ്ഞാലില്‍ ഇരുത്തി കാഴ്ചകള്‍ കാണിച്ചായിരുന്നു അയാളുടെ  അപ്പന്‍ ചെറുപ്പത്തില്‍ അയാളെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. അത് കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ തേള് കുത്തുന്ന ഒരവസ്ഥ ഉണ്ടായി. 

വീടിന്റെ വാതില്‍പ്പടി കടന്നപ്പോള്‍ തന്നെ അയാള്‍ അസ്വസ്ഥനായി. ആ വീട്ടിലെ എല്ലാ കാഴ്ചകളും വര്‍ഷങ്ങളായി കണ്ടു മടുത്ത വാതില്‍പ്പടി അയാളെ നിസ്സംഗതയോടെ നോക്കി. ലോകം മുഴുവന്‍ അയാളെ  വിജയി എന്ന് കൊണ്ടാടിയപ്പോഴും ഇത് പോലെ പരാജിതനായ ഒരു മനുഷ്യന്‍ വേറെ എവിടെയും കാണില്ല എന്ന് ആ വാതില്‍പ്പടി ഉറച്ചു വിശ്വസിച്ചു. നിന്നിടത്തു തന്നെ നിന്ന് പോയെങ്കിലും തങ്ങളുടെ ജീവിതം ഇതിലും ഭേദമാണെന്ന് ആ വീട്ടിലെ ഓരോ വസ്തുവിനും തോന്നി. 

ആ വീടിന്റെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. കരിഞ്ഞ മണം അയാള്‍ക്ക് ശ്വാസം മുട്ടുണ്ടാക്കി. തീ കണ്ടിട്ടാകണം വീട്ടിലെ പൂച്ചകള്‍ എല്ലാം എങ്ങോട്ടോ ഓടി പോയിട്ടുണ്ടായിരുന്നു. അയാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച ഓരോ സ്ത്രീകളും ആ വീടിന്റെ ഏതൊക്കെയോ കോണില്‍ ഇരുന്നു കരയുന്നുതു പോലെ അയാള്‍ക്ക് ഒരു തോന്നി. അയാള്‍ മനഃസമാധാനത്തിന് അപ്പന്റെ മുറിയില്‍ കയറി കതകടച്ചു ഉറങ്ങാന്‍ കിടന്നു. 

മഴ ശക്തമായി. 

രാത്രിയുടെ ഏകാന്തതയില്‍ അയാളുടെ അപ്പന്റെ വിഷം ഉള്ളില്‍ ചെന്ന് പച്ചയും നീലയുമായ കൈകള്‍ ദേഹത്ത് കൂടെ ഇഴയുന്നത് അയാള്‍ അറിഞ്ഞു. അവ അയാളെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. കുതറി രക്ഷപെട്ട് ഓടാന്‍ ശ്രമിച്ചപ്പോഴാക്കെ മൂലയില്‍ ഇരുന്നു കരഞ്ഞുകൊണ്ടിരുന്ന സ്ത്രീകള്‍ ഓരോരുത്തരായി അയാളെ അപ്പന്റെ കൈയ്യില്‍ തന്നെ തിരിച്ചേല്‍പ്പിച്ചു. നിസ്സഹായത അയാളുടെ മുഖത്തു കണ്ട സ്ത്രീകള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു കൊണ്ടേയിരുന്നു. മല്‍പിടുത്തത്തിനൊടുവില്‍ അയാളുടെ ദേഹം പച്ചയായി. അയാളുടെ ചലനമറ്റു. സ്ത്രീകളെല്ലാവരും പെരുമഴത്ത് ആ വീട്ടില്‍ നിന്ന് അട്ടഹസിച്ചു കൊണ്ട് ഇറങ്ങിപ്പോയി. 

ഹോസ്പിറ്റലില്‍ അന്നേരം അയാളുടെ അമ്മ  സ്വസ്ഥയായി അന്ത്യശ്വാസം വലിച്ചു. 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios