Malayalam Short Story : ഒരു ലൈംഗികത്തൊഴിലാളിയുടെ ഒരു ദിവസം, അശ്വതി ജോയ് അറക്കല്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അശ്വതി ജോയ് അറക്കല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്ന മൊബൈലിന്റെ ശബ്ദം കേട്ടാണ് സുമ കണ്ണുതിരുമ്മി ഉച്ചമയക്കത്തില്‍ നിന്നും എണീക്കുന്നത്. തലേരാത്രിയില്‍ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ക്ഷീണം ആ മുഖത്ത് പ്രകടമായിരുന്നു. ഉറക്കച്ചടവില്‍ ആരെയെന്നില്ലാതെ പ്രാകിക്കൊണ്ട് ഫോണ്‍ കയ്യിലെടുത്തപ്പോള്‍ ഏജന്റ് സുഖുവണ്ണനാണ്.
'എന്താ അണ്ണാ ഈ നട്ടുച്ച നേരത്ത്? ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ലെന്ന് വെച്ചാല്‍ കഷ്ടമാണ് കെട്ടോ,' ഉറക്കം നഷ്ടപ്പെട്ടതിലുള്ള അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെ സുമ സുഖുവണ്ണനോടായി ചോദിച്ചു.
'എന്റെ പൊന്നു സുമം, ഉറക്കമൊക്കെ പിന്നെയാകാം. നീയൊന്ന് കുളിച്ച് റെഡിയായി വഴിയിലേക്ക് കയറി നില്‍ക്ക്. രണ്ടര കഴിയുമ്പോഴേക്കും വണ്ടിയുമായി ഞാനങ്ങ് എത്തും,' സുമയെ ഒന്നു മയപ്പെടുത്തിക്കൊണ്ട് സുഖുവണ്ണന്‍ പറഞ്ഞു.
'രണ്ടരയ്‌ക്കോ, ഇന്നെന്താ ഇത്ര നേരത്തെ?,' -സുമയ്ക്ക് സംശയം.
'അതുപിന്നെ നമ്മുടെ ചില പ്രമുഖന്മാര്‍ എന്തോ പരിപാടിയില്‍ പങ്കെടുക്കാന്‍ ടൗണില്‍ എത്തിയിട്ടുണ്ട്. നാളെ വെളുപ്പിനെയുള്ള ട്രെയിനില്‍ അവര്‍ക്കങ്ങ് തിരിച്ചു പോകേണ്ടതാ. നീ സമയം കളയാതെ വൃത്തിയായൊന്ന് തേച്ചുരച്ച് കുളിച്ചു നില്‍ക്കെന്റെ സുമം,'-സമയം പോകുന്നെന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു സുഖുവണ്ണന്‍.
'ഓഹ്, അപ്പോള്‍ കുറേപ്പേര്‍ കാണുമല്ലോ. ദേ അണ്ണാ ആള് കൂടുതലുണ്ട്, നീ ഒന്നൂകൂടെയൊന്ന് അഡ്ജസ്റ്റ് ചെയ്യ് സുമോ എന്ന് പറഞ്ഞെങ്ങാനും വന്നാലുണ്ടല്ലോ എന്റെ തനിക്കൊണം നിങ്ങള് കാണും,' അവള്‍ ഈര്‍ഷ്യപ്പെട്ടു.
'അതൊക്കെ എന്താന്ന് വെച്ചാല്‍ നമുക്കാലോചിച്ച് ചെയ്യാം. നീ പെട്ടെന്ന് വരാന്‍ നോക്ക്,' അത്രയും പറഞ്ഞശേഷം അയാള്‍ ചിരിച്ചുകൊണ്ട് കോള്‍ കട്ട് ചെയ്തു.
ഒരു നെടുവീര്‍പ്പോടെ തോര്‍ത്തെടുത്ത് അവള്‍ കുളിമുറിയിലേക്ക് കയറി. വാസനസോപ്പ് തേച്ചു നന്നായി പതപ്പിച്ച് കുളിച്ചു വന്നു. ഈറനോടെ നിലക്കണ്ണാടിയില്‍ കണ്ട തന്റെ രൂപം ആസ്വദിച്ചവളങ്ങനെ നിന്നു. പ്രായം മുപ്പത്തിയാറ് ആയെങ്കിലും സുന്ദരിയാണ്. ഒരു കുഞ്ഞിന്റെ അമ്മയാണെങ്കിലും ഉടവ് തട്ടാത്ത ആരെയും മോഹിപ്പിക്കുന്ന ആകാര വടിവുമുണ്ട്. അവളൊരു പുഞ്ചിരിയോടെ ആലോചിച്ചു.
പിന്നെ ഭിത്തിയില്‍ തൂക്കിയിരിക്കുന്ന ഫ്രെയിം ചെയ്ത ചിത്രത്തിലേക്ക് നോക്കിയൊന്നു ദീര്‍ഘമായി നിശ്വസിച്ചു. രമേശേട്ടന്‍, രണ്ടുവര്‍ഷം മുന്‍പ് ആ നശിച്ച ആക്‌സിഡന്റില്‍ അദ്ദേഹം മരിക്കുന്നതു വരെ എത്ര ഭാഗ്യവതി ആയിരുന്നു താന്‍. തന്നെയും, സുഖമില്ലാത്ത മോനെയും തനിച്ചാക്കി അദ്ദേഹം അങ്ങ് പോയപ്പോള്‍ കൂട്ടിന് ബാക്കി വെച്ചത് അദ്ദേഹത്തിന്റെ പ്രായമായ അമ്മയെ മാത്രമാണ്. ഭര്‍ത്താവില്ലാത്തവള്‍ ബാധ്യതയാകുമെന്ന പേടിയില്‍ സ്വന്തം വീട്ടുകാര്‍ വരെ തന്നെയും മോനേയും ഉപേക്ഷിച്ചു.
ആദ്യമൊക്കെ ചെറിയ ജോലികള്‍ക്ക് പോയെങ്കിലും കുഞ്ഞിന്റെ ചികിത്സയ്ക്ക് ഒന്നും മതിയാകാതെ വന്നപ്പോള്‍ സുഖുവണ്ണനെ അങ്ങോട്ട് പോയി കണ്ടതു താനാണ്. ഇപ്പോള്‍ അല്ലലില്ലാതെ കുടുംബവും, കുഞ്ഞിന്റെ കാര്യങ്ങളും നടക്കുന്നു. ഇനിയൊരു ഓപ്പറേഷന്‍ കൂടെ ചെയ്താല്‍ അവന് സുഖമാവും എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്, അതിന് പണമുണ്ടാക്കണം. പിന്നെ അവനെ വളര്‍ത്തണം, പഠിപ്പിക്കണം. അതിനാകെയുള്ളത് ഈ ശരീരം മാത്രമാണ്. പലതും ആലോചിക്കുമ്പോള്‍ സ്വയം പുച്ഛം തോന്നുന്നുണ്ട് പക്ഷെ ഇപ്പോള്‍ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല. അല്ലെങ്കിലും ഭര്‍ത്താവ് മരിച്ച തന്നെ സഹായിക്കാന്‍ എന്ന് പറഞ്ഞു വന്നവര്‍ക്കൊക്കെ വേണ്ടിയിരുന്നത് ഈ ശരീരം ആയിരുന്നല്ലോ. അതിനു വഴങ്ങാതെ വന്നപ്പോഴേ വീണിരുന്നു വേശ്യ എന്ന പേര്.
ക്ലോക്ക് ശബ്ദിച്ചപ്പോഴാണ് സമയം കടന്നു പോയതവളറിഞ്ഞത്. ഉള്ളതില്‍ നല്ലൊരു സാരിയെടുത്തു ചുറ്റി, പൗഡറിട്ട്, ചുണ്ട് ചുവപ്പിച്ച ശേഷം അവള്‍ വീട്ടില്‍ നിന്നുമിറങ്ങി. അവളെ കണ്ടതും നേരെ മുന്‍പിലെ വീട്ടിലെ കാര്‍ത്തുചേച്ചി നീട്ടി കാര്‍ക്കിച്ചൊന്നു തുപ്പി. ''തേവിടിച്ചി, നട്ടുച്ചക്കും തുടങ്ങിയോ'' എന്ന ആത്മഗതവും കേട്ടു. അതൊക്കെ പതിവായത് കൊണ്ടവള്‍ക്കൊന്നും തോന്നിയില്ല.. ഇടവഴിയിലേക്ക് കടന്നപ്പോള്‍ പടുകിഴവന്മാര്‍ വരെ തന്റെ ശരീരത്തില്‍ നോക്കി വെള്ളമിറക്കി പോകുന്നതവള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. കൂട്ടത്തില്‍ കാര്‍ത്തുചേച്ചിയുടെ കെട്ട്യോന്‍ സതീശന്‍ ചേട്ടനെയും കണ്ടപ്പോള്‍ ഒരു പുച്ഛച്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞു. കവലയിലേക്ക് കയറുന്നതിന് മുന്‍പേ ദൂരെ നിന്നും കേള്‍ക്കാം- സദാചാര പ്രസംഗം പൊടി പൊടിക്കുകയാണവിടെ.
വഴി തെറ്റുന്ന യുവത്വമാണ് വിഷയം എന്ന് മനസ്സിലായി. യുവത്വം വഴി തെറ്റുന്നതിനെ പറ്റിയും, ചുംബന സമരത്തെ പറ്റിയും, പെണ്‍കുട്ടികളുടെ വസ്ത്രരീതിയെ പറ്റിയും നീലചിത്രങ്ങളെ പറ്റിയും, കഞ്ചാവ്, മയക്കു മരുന്ന് കൂടാതെ മാതാപിതാക്കളുടെ നോട്ടപ്പിശക് കൊണ്ടുമെല്ലാം വഴിതെറ്റുന്ന യുവത്വത്തെ പറ്റിയൊക്കെ ഘോരഘോരം പ്രസംഗിക്കുന്നത് നാട്ടിലെ പ്രമുഖന്‍ പീറ്റര്‍ മാഷാണ്. സുമത്തെ ദൂരെ നിന്നും കണ്ടപ്പോള്‍ അയാളുടെ ആവേശം കൂടി. കുട്ടികളെ വഴിതെറ്റിയ്ക്കുന്ന വേശ്യകളെ പറ്റി ആയി അടുത്ത വാചകങ്ങള്‍. ഇരുട്ടിന്റെ മറപറ്റി തന്റെ ചൂടറിയാന്‍ വന്നുപോയ പലരും മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ആ വേദിയിലിരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ചിരി വന്നു. പലരും അവളെ കണ്ടു മുഖം വെട്ടിച്ചു.
അതൊന്നും മൈന്‍ഡ് ചെയ്യാതെ അവള്‍ പതിവുപോലെ മാധവേട്ടന്റെ കടയില്‍ നിന്നും രണ്ടു ബോണ്ട വാങ്ങി വഴിയരികത്തു തളര്‍ന്നുറങ്ങുന്ന ആ ഭിക്ഷക്കാരി തള്ളയുടെ കൂടെയുള്ള ഏഴു വയസ്സുകാരിക്ക് കൊടുത്തു. ഒന്ന് വെളുക്കെ ചിരിച്ചശേഷം ആര്‍ത്തിയോടെ അവളത് കഴിക്കുന്നത് നോക്കി നിന്നപ്പഴേക്കും സുഖുവണ്ണന്‍ വണ്ടിയുമായി എത്തി.
അന്നത്തെ പ്രമുഖരുടെ പരാക്രമണവും കഴിഞ്ഞു വണ്ടി തിരിച്ച് സുമത്തിന്റെ വീടിനടുത്തുള്ള ഇടവഴിയിലെത്തിയപ്പോള്‍ സമയം രാത്രി രണ്ടുമണി ആയിരുന്നു. പെട്ടന്ന് ഇടവഴിയുടെ കുറച്ചപ്പുറത്തായി ഒരു വാഹനം നിര്‍ത്തിയശേഷം ഡോര്‍ തുറന്നെന്തോ പുറത്തേയ്ക്ക് വലിച്ചെറിയുന്നതും ഒപ്പം അതിവേഗത്തില്‍ ആ വാഹനം ഓടിച്ചു പോകുന്നതും അവര്‍ കണ്ടു.
'പീറ്ററിന്റെ വണ്ടി ആണല്ലോ അത്, അതിനകത്ത് അവന്റെ മൂത്തചെക്കന്‍ ആ അലോഷിയും പിള്ളേരുമാണല്ലോ. പിള്ളേര്‍ക്കിപ്പോള്‍ പാതിരാത്രിയില്‍ ആണ് കറക്കം. അപ്പനാണെങ്കില്‍ സദാചാരത്തിന്റ...'' സുഖുവണ്ണന്‍ പിറുപിറുത്തു.
സുമ വണ്ടിയില്‍ നിന്നും ഇറങ്ങി വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് നേരത്തെ ആ വണ്ടി നിര്‍ത്തിയ ഭാഗത്ത് നിന്നുമൊരു ഞാരക്കവും മൂളലും കേട്ടത്. സുഖുവണ്ണനെയും വിളിച്ച് ഓടി ചെന്നു നോക്കുമ്പോള്‍ അവര്‍ കാണുന്നത്-ആ ഭിക്ഷക്കാരിയുടെ ഏഴു വയസ്സുകാരി കുഞ്ഞിനെ, ഉച്ചയ്ക്ക് തന്നെ നോക്കി വെളുക്കെ ചിരിച്ച ആ പിഞ്ചോമനയെ പിച്ചിച്ചീന്തി ഇട്ടിരിക്കുന്നതാണ്. ചെയ്തത് വേറാരുമല്ല നാട്ടിലെ പ്രമുഖന്റെ മകനും കൂട്ടുകാരും.
ഉടുത്തിരുന്ന സാരിയില്‍ പൊതിഞ്ഞെടുത്ത് ആ അരപ്രാണനുമായി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ സുമത്തിന്റെ കാതുകളില്‍ മുഴങ്ങിയത് ഉച്ചയ്ക്ക് കേട്ട സദാചാരപ്രസംഗം ആയിരുന്നു. പാല്‍പുഞ്ചിരി മാറാത്ത കുഞ്ഞിലുള്ള എന്താണാവോ അയാളുടെ യുവാവായ മകനെ വഴി തെറ്റിച്ചതെന്ന് ഓര്‍ത്തപ്പോള്‍ അവളില്‍ ദേഷ്യം ഇരച്ച് കയറി അവളൊന്ന് കാര്‍ക്കിച്ചു തുപ്പി- കപട സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ ഒരു കൂട്ടം കള്ളന്മാരുടെ മുഖത്തേക്ക് ഉള്ള പ്രതിഷേധം പോലെ.
നന്നാവലും നന്നാക്കലുമൊക്കെ ആദ്യം സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം എന്നിട്ടേ സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങാവു എന്ന് പറയാതെ പറയും പോലെ.
ഒരു വേശ്യക്കത്രയും അല്ലേ പറ്റു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...