മീന്‍ചട്ടി വിപ്ലവം, ആശ എസ് എസ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ആശ എസ് എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ഉച്ചവെയില്‍ നിലാവ് പോലെ മുറ്റത്തും തൊടിയിലും തണുത്തുറഞ്ഞു കിടന്നു. അന്തിച്ചന്തക്ക് പോകുന്ന പെണ്ണുങ്ങള്‍ കൈലിയുടെ മുന്താണി കൊണ്ട് മാറ് മറച്ച് കൂട്ടം കൂട്ടമായി ഇടവഴികളിലൂടെ നടന്നു. കത്രീന അടുക്കള ചായ്പ്പിന്റെ വടക്കേ മൂലയ്ക്ക് കുത്തിയിരുന്ന് ചക്ക പുഴുക്കിനുള്ള വട്ടം കൂട്ടുകയാണ്.
കറുത്ത ബ്ലൗസ് വിയര്‍ത്തൊട്ടി എപ്പോഴും അവരുടെ ഇടിഞ്ഞൊതുങ്ങിയ മാറിടത്തോട് ചേര്‍ന്ന് കിടക്കും. വിറക് കൊള്ളി പോലെ കുഴി നഖമുള്ള അവരുടെ കാലിലെ തള്ളവിരല്‍ നനഞ്ഞ മണ്ണിന് മേലെ നിന്ന് തുറിച്ചു നോക്കി. അന്ത്യശ്വാസം വലിക്കാറായ ഓട്ടുരുളി വെട്ടിപ്പൊളിച്ചിട്ട ചക്ക കൊണ്ട് വയറു നിറച്ചു. കാന്താരിമുളകും കൊച്ചുള്ളിയും ഉടച്ചെടുത്ത് വെളിച്ചെണ്ണയില്‍ കൂട്ടിത്തിരുമ്മിയത് തൊട്ടു നക്കി ത്രേസ്യ ചേടത്തി അടുപ്പിന്റെ ഓരം ചാരി നിന്നു.
'ഇനിയീ വീട്ടിലാരും കത്രീന വച്ച മീന്‍കൂട്ടാന്‍ കൂട്ടി ചോറ് ഉണ്ണുകേല'-കത്രീന ചക്കച്ചുള പൊളിച്ചുകൊണ്ട് പറഞ്ഞു.
'ഓ....നിനക്ക് അഹങ്കാരമാണ്' ത്രേസ്യാക്കുട്ടി പിറുപിറുത്തു.
മീന്‍ നുള്ളി കൂട്ടാന്‍ വച്ചു വച്ച് കത്രീനയുടെ മേനി മുഴുവന്‍ മീനിന്റെ ചൂര് ആയി തുടങ്ങിയിരുന്നു. അവരിടയ്ക്കിടെ നഖങ്ങള്‍ മണത്തു നോക്കും. ആകെ നാറുന്നു എന്നും പറഞ്ഞ് കത്രീന തേച്ചു കുളിക്കും. തേച്ച് കുളിച്ചു കുളിച്ചു കത്രീന മടുത്തു.
ആ ചെറിയ വീട്ടില്‍ മീന്‍ ചട്ടികള്‍ക്ക് ഇടയില്‍ ഉപ്പും മുളകും തിരയുമ്പോള്‍ കത്രീന ആരെയും കുറ്റം പറഞ്ഞില്ല. അപ്പന് മീന്‍ കച്ചവടമായിരുന്നു. അന്നൊക്കെ വെളുപ്പാന്‍ കാലത്ത് കുട്ട നിറയെ മീനുമായിട്ട് അപ്പന്‍ സൈക്കിളില്‍ നാട് ചുറ്റാന്‍ പോകുമ്പോള്‍ കൊച്ചു കത്രീന കിടക്കപ്പായില്‍ തന്നെ ആയിരിക്കും. ചൂട് പരന്നു തുടങ്ങുമ്പോള്‍ കള്ളും മോന്തി അപ്പന്‍ തിരിച്ചു വരും. കൊട്ടയിലപ്പോള്‍ ഭ്രഷ്ട് കല്പിച്ച് ആരും പടി കയറ്റാത്ത ചെമ്പല്ലിയോ കിളിമീനോ എണ്ണിപ്പെറുക്കാന്‍ പാകത്തിനു കരിംചാളയോ കാണും. ഉമ്മറത്തേക്ക് കയറിയിരുന്ന് പുകയില കൂട്ടി തിരുമ്മി, മോണയില്‍ തിരുകി അപ്പന്‍ നീട്ടിവിളിക്കും.
'എടി കത്രീനെ...'
പാത്രങ്ങള്‍ക്ക് ഇടയില്‍ കുത്തിയിരിക്കുന്ന കത്രീന ആ വിളി കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഉമ്മറത്തേക്ക് ഓടും. ചാമ്പല്‍ വെള്ളം അടുക്കള മുതല്‍ ഉമ്മറം വരെ തുള്ളി തുള്ളിയായി കത്രീനയുടെ പിറകെ വരും.
'എടിയേ.. ചാള വറുക്കാം.. കിളിമീന്‍ പുളിയിട്ട് വച്ചോ'
എട്ടാം ക്ലാസ്സില്‍ രണ്ടു വട്ടം തോറ്റ് മീന്‍ചട്ടികളെ കൂട്ടിനു കൂട്ടിയത് മുതല്‍ കത്രീനക്ക് മീന്‍ കൂട്ടാന്‍ വെപ്പ് ഒരു കുറവായിട്ട് തോന്നിയിരുന്നില്ല. കത്രീന എന്നും മീന്‍ കൂട്ടാന്‍ വെച്ച് കൊടുക്കും, അപ്പന്‍ ഉണ്ണും. മീന്‍ ചട്ടിയും കത്രീനയും തമ്മില്‍ അങ്ങനെ ഇഷ്ടം കൂടിക്കൂടി വന്നു. അപ്പന്‍ മീന്‍ കച്ചവടത്തിനു പോയ തക്കം നോക്കി വേലിക്കല്‍ വന്നിരുന്ന് മൂത്രം ഒഴിച്ചിട്ട്, അവളെ കൈ കാട്ടി വിളിച്ചവന്റെ തല അവള്‍ അടിച്ചു പൊട്ടിച്ചത് അതേ മീന്‍ചട്ടി വച്ചാണ്.. അന്നവള്‍ക്ക് മീന്‍ചട്ടിയോട് പിന്നെയും ഇഷ്ടം കൂടി.
പിന്നൊരിക്കെ ലോറിക്കാരന്‍ വര്‍ഗീസ് കത്രീനയെ പെണ്ണ് കാണാന്‍ വന്നു. പൊന്നും പണവുമൊന്നും വേണ്ട. മീന്‍ കറി വറുത്തരച്ച് വെക്കാന്‍ അറിയാമോന്ന് മാത്രമേ വര്‍ഗീസ് ചോദിച്ചുള്ളൂ. അതുകൊണ്ട് അപ്പന് വര്‍ഗീസിനെ നല്ല പോലെ അങ്ങ് ബോധിച്ചു.
'അവന് അമ്മച്ചി മാത്രേ ഉളളൂ... ആ ത്രേസ്യാക്കൊച്ചൊരു പാവാ...എന്റെ മോള്‍ക്ക് കര്‍ത്താവായിട്ട് കൊണ്ട് വന്നതാ'-അപ്പന്‍ ഉമ്മറത്തിരുന്ന് നാട്ടുകാര്‍ കേള്‍ക്കെ ഉറക്കെ പറഞ്ഞു.
കത്രീനയെ കൈ പിടിച്ചയച്ചപ്പോള്‍ അപ്പന്‍ വാവിട്ട് കരഞ്ഞ് അവളെ കെട്ടിപ്പിടിച്ചു. കള്ളിന്റെ മണം മൂക്കില്‍ ഇരച്ചു കയറി കത്രീനക്ക് ഓക്കാനം വന്നു. കത്രീനയുടെ കെട്ട് കഴിഞ്ഞ് പത്താം നാള്‍ അപ്പന്‍ വീണ്ടും കെട്ടി. പാലം പണിക്ക് വന്ന ഒരു തമിഴത്തിയെ. വയസ്സാം കാലത്ത് പെണ്ണ് കെട്ടിയത് എന്തിനെന്ന് ചോദിച്ചാല്‍ അയാള്‍ കലിതുള്ളും.
'എന്റെ കത്രീന കൊച്ചു പോയില്ലയോ... ഇനി മീന്‍കൂട്ടാന്‍ വച്ചു തരാന്‍ എനിക്കിവിടാരൊണ്ട്?'-അപ്പന്‍ കള്ള കരച്ചില്‍ കരയും.
കത്രീനയുടെ കെട്ടിയോന് അത് കേള്‍ക്കുമ്പോ കലി കയറും. 'നിന്റപ്പന് പ്രാന്താണ്.. വയസ്സാം കാലത്ത് ഓരോ കാട്ടിക്കൂട്ടല്‍.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്'
'അപ്പന് വച്ച് കൊടുക്കാന്‍ ആളിഞ്ഞാട്ടില്ലയോ' കത്രീന അപ്പനെ ന്യായീകരിക്കും.
'ആ പെണ്ണുമ്പിള്ള അത്ര നല്ലതൊന്നുമല്ല. കൊള്ളുമ്പോ പഠിക്കും നിന്റപ്പന്‍.'
കത്രീന തിരിച്ചൊന്നും പറഞ്ഞില്ല. അവള്‍ അപ്പോഴും ഉച്ചക്കുള്ള മീന്‍ കൂട്ടാന് കൊച്ചുള്ളി തൊലി പൊളിക്കുവായിരുന്നു.
കെട്ട് കഴിഞ്ഞ് മൂന്നാം മാസം മീന്‍ വാങ്ങാന്‍ ചന്തക്ക് പോയി ബസ്സില്‍ തിരിച്ചു വരുമ്പോള്‍ കത്രീന ഓക്കാനിച്ചു. ഒരു ചെറു നാരങ്ങ മണത്തു. വീടെത്തിയിട്ടും കത്രീന ഓക്കാണിച്ചുകൊണ്ടിരുന്നു. ചെറു നാരങ്ങാ വേണ്ട, പുളിയുള്ള മാങ്ങാ മതിയെന്ന് കെട്ടിയോനോട് അവള്‍ കണ്ണിറുക്കി പറഞ്ഞു.
വീര്‍ത്ത വയറും താങ്ങി പിടിച്ച് കത്രീന ഉമ്മറത്തും അടുക്കളയിലും മുറിയിലുമെല്ലാം വേച്ചു വേച്ചു നടന്നു. ത്രേസ്യ അവളെ കാണുമ്പോള്‍ മുട്ടു വേദനിക്കുന്നു, തല വേദനിക്കുന്നു എന്നൊക്കെ കള്ളം പറഞ്ഞു കട്ടിലില്‍ കയറിക്കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങി..
'ഇന്ന് വറുത്തരച്ചത്...'
'ഇന്ന് പുളിയിട്ടത്.'
'മാങ്ങാ ഇട്ട് വച്ചോ ഇന്ന്.'
'ഉള്ളി കൂട്ടി ഇട്ടാലെ രുചി കിട്ടൂ...'
കെട്ടിയോന്‍ വര്‍ഗീസ് ഓരോ മാസവും ഇങ്ങനെ ഉപദേശം കൊടുത്തുകൊണ്ടിരുന്നു.
'വയറ്റിലായ നേരം മൊത്തം മീന്‍ നുള്ളി കൂട്ടാന്‍ വച്ചോണ്ട് എന്റെ കൊച്ചിന് മീന്‍ കണ്ണ് ആയിരിക്കോ?
മീന്‍ നാറ്റം കാണോ?'
അവള്‍ ഒറ്റയ്ക്ക് ഇരുന്ന് പിറുപിറുത്തു.
അത് കണ്ട് കെട്ടിയോന്‍ അവളുടെ നേരെ കയ്യോങ്ങി.
'ഇങ്ങനെ കിനാവും കണ്ടിരുന്നാല്‍ ആ മീന്‍കൂട്ടാന്‍ അടിയില്‍ പിടിച്ച് കരിഞ്ഞോവും.. എരണം കെട്ടോള്...'
സോഫിയാക്കൊച്ചിനെ പെറ്റ ശേഷം കത്രീനക്ക് കെട്ടിയോന്‍ മൂന്ന് മീന്‍ചട്ടി സമ്മാനം കൊടുത്തു. പാല്‍ ചുരത്തുന്ന മുലക്കണ്ണുമായി കത്രീന പിന്നെയും മീന്‍ കൂട്ടാന്‍ വച്ചു.
പൂമീനും കരിമീനും കിളിമീനുമെല്ലാം അടുക്കളത്തിണ്ണയില്‍ കറിക്കത്തിക്കായി കാത്തിരുന്നു. കത്രീനയുടെ നഖങ്ങളില്‍ പിന്നെയും മീന്‍ നാറ്റം പടര്‍ന്നു. സോഫിയാക്കൊച്ചിനെ കെട്ടിച്ചയച്ചിട്ടും, വര്‍ഷം കുറെ കഴിഞ്ഞിട്ടും ആ നാറ്റം മാറിയില്ല.
പള്ളിപ്പെരുന്നാളിന്റെ രണ്ടാം നാള്‍ വര്‍ഗീസ് ലോറന്‍സ് മുതലാളിയെയും കൂട്ടി വീട്ടില്‍ വന്നു.
'എടിയേ... ആ കരിമീന്‍ കറിയും കപ്പ പുഴുക്കും ഇങ്ങാട്ട് എടുത്തോ..'
വര്‍ഗീസ് കത്രീനയോട് അധികാരത്തില്‍ പറഞ്ഞു.
വിളമ്പിക്കൊടുക്കുമ്പോള്‍ ലോറന്‍സിന്റെ കണ്ണുകള്‍ കത്രീനയുടെ മേലാകെ പരതി നടന്നു. കെട്ടിയോന് പുത്തന്‍ ലോറി വേണേല്‍ ഉച്ചക്കും രാത്രിയിലും മീന്‍ കറി വച്ചു കൊടുക്കണമെന്ന് അയാള്‍ അവളോട് രഹസ്യം പറഞ്ഞു. കത്രീനയുടെ മീന്‍ചട്ടി പൊട്ടിച്ച് പുറത്തു വന്ന മുളകിട്ട മീനുകള്‍ ലോറന്‍സ് മുതലാളിയുടെ സില്‍ക്ക് ജുബ്ബായിലാകെ ഒഴുകി നടന്നു.
'എരണം കെട്ടോള്....'
വര്‍ഗീസ് പല്ലിറുമ്മി. മുതലാളി എന്നോട് വേണ്ടാത്തത് പറഞ്ഞിട്ടാണെന്ന് അവളും കലി തുള്ളി. അതിന് എന്തിന് നീ മീന്‍ചട്ടി പൊട്ടിച്ചതെന്ന് ചോദിച്ച് അയാള്‍ അവളുടെ കരണത്തടിച്ചു.
പിന്നെ കത്രീന മീന്‍ കൂട്ടാന്‍ വെയ്ക്കില്ലെന്ന് തൊണ്ട കീറി പറഞ്ഞു. ചക്ക പുഴുക്ക് കൂട്ടി തിന്നാന്‍ ഉള്ളിയും കാന്താരി മുളകും തിരുമ്മിയത് പോരേന്ന് കത്രീന കടുപ്പത്തില്‍ ചോദിച്ചു. വര്‍ഗീസും ത്രേസ്യാമ്മയും ഒന്നും മിണ്ടിയില്ല.
മീന്‍ നാറ്റം മാറാന്‍ കടലില്‍ മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞ് കത്രീന വീട്ടില്‍ നിന്നിറങ്ങി. വയര്‍ പൊട്ടിയ മീന്‍ ചട്ടികള്‍ അവളെ നോക്കി ചിരിച്ചു.
ഉപ്പുവെള്ളം മോന്തി കുടിച്ച മണല്‍ തരികളും കുഴിനഖമുള്ള കത്രീനയുടെ കാലുകളും കെട്ടിപ്പുണര്‍ന്നു. അവള്‍ കടലില്‍ മുങ്ങിക്കുളിച്ചു.
കത്രീന ഉപ്പു കാറ്റേറ്റ് സ്വപ്നം കണ്ടു കിടന്നു. അവള്‍ നഖം മണത്തു നോക്കി.. ആ നഖത്തുമ്പുകള്‍ക്ക് മീന്‍ നാറ്റം ഇല്ലായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...