Malayalam Short Story : പരല്‍മീനുകള്‍, അപര്‍ണ അനീഷ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അപര്‍ണ അനീഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ജന്മജന്മാന്തരങ്ങളുടെ ഇരുളറകളില്‍ നിന്ന് ആത്മാക്കള്‍ ഇറങ്ങിവന്ന് അയാളുടെ തലയ്ക്കാംപുറത്ത് നിലയുറപ്പിച്ചു. കണ്ണുകള്‍ മുകളിലേക്ക് പായിച്ച് അയാള്‍ മുപ്പത്തിയൊന്‍പതാം വയസ്സില്‍ മണ്‍മറഞ്ഞ സ്വന്തം അനിയന്റെ ആത്മാവിനെ നോക്കി.
മുകളിലോട്ട് പോവുന്ന അയാളുടെ കൃഷ്ണമണികളെ ഭയത്തോടെ നോക്കി ഭാര്യ അയാളുടെ കൈകളില്‍ തട്ടി വിളിച്ചു.'എന്താ മേല്‍പ്പോട്ട് നോക്കുന്നത്' എന്ന ഭാര്യയുടെ ചോദ്യത്തിന് 'എനിക്ക് പേടിയാവുന്നു' എന്ന്,അയാള്‍ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ട് മറുപടി പറഞ്ഞു. പേടിക്കേണ്ട, കുഴപ്പമൊന്നുമില്ല എന്ന അവരുടെ മറുപടി അയാളുടെ പിടച്ചില്‍ കാണാന്‍ കഴിയാതെ ഗദ്ഗദമായി വായുവില്‍ മറഞ്ഞു.
അതേ സമയം അയാളുടെ അരികിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്ന അയാളുടെ മകള്‍, തനിക്ക് അച്ഛന്റെ അരികിലേക്ക് പറന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തീവ്രമായി ആശിച്ചു. ആശുപത്രിയില്‍ പിടഞ്ഞുകൊണ്ടിരിക്കുന്ന അച്ഛനുവേണ്ടി അവള്‍ ദീര്‍ഘമായി ശ്വസിച്ചു.
എന്നാല്‍, അവളെ കാണാന്‍ കൊതിച്ച് കൊതിച്ച്, കണ്ണുകള്‍ തുറന്നു വെച്ച് അയാളുടെ ശരീരത്തില്‍ നിന്ന് ആത്മാവൊഴിഞ്ഞു പോയി. ഡിസംബറിലെ ആ പുലര്‍ച്ചയെ തോല്‍പ്പിച്ചു കൊണ്ട് അയാളുടെ ശരീരം തണുത്തുറഞ്ഞു.
അച്ഛനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്തതിലുള്ള സങ്കടത്താല്‍ അവളുടെ ഹൃദയം വിതുമ്പി.
ഓര്‍മ്മകളുടെ ഒരു കൂമ്പാരമുണ്ടാക്കി അവള്‍ അതിനുള്ളില്‍ ചുരുണ്ടു കിടന്നു. ഭൂതകാലത്തിന്റെ തലയിണ അവളുടെ കണ്ണീര്‍ വീണു നനഞ്ഞു കുതിര്‍ന്നു. അച്ഛനില്ലാത്ത വര്‍ത്തമാനകാലത്തിലേക്ക് നോക്കാന്‍ ഇഷ്ടമില്ലാതെ അവള്‍ കണ്ണുകളിറുകെ പൂട്ടി.
അച്ഛന്‍ വലവീശിയെറിയുകയാണ്. കുളത്തിലെ പായല്‍ വലയില്‍ കുടുങ്ങി, അച്ഛനെ ദേഷ്യം പിടിപ്പിച്ചു. ഏറെ നേരത്തെ പെടാപ്പാടിനു ശേഷം കിട്ടിയ പത്തിരുപത് പരല്‍മീനുകളെ നോക്കി അച്ഛന്‍ പുഞ്ചിരിച്ചു.
'ഇതിനാണോ ഒരു ദിവസത്തോളം അച്ഛന്‍ മിനക്കെട്ടത്?'
അവളുടെ ചോദ്യം ആ മരണവീട്ടിലെ നിശബ്ദതയില്‍ ചുറ്റിത്തിരിഞ്ഞു.
'മോളേ , ഇങ്ങനെ കരഞ്ഞും, പിച്ചുംപേയും പറഞ്ഞ് കിടന്നും വയ്യായ്ക വരുത്തി വെക്കല്ലേ , ഇത് രണ്ടാം മാസമല്ലേ , നേരത്തിന് വല്ലതും കഴിച്ച് മനസ്സ് സ്വസ്ഥമാക്കി വെച്ചില്ലെങ്കില്‍ വയറ്റിലുള്ള കുഞ്ഞിനാണ് കുഴപ്പം...'
കുഞ്ഞ്. വര്‍ത്തമാനവും കടന്ന് ഭാവി തന്നോട് യാചിക്കുന്നത് അവള്‍ കേട്ടു. അവളൊന്ന് പതറി. അടി വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ തന്നെ അറിഞ്ഞ് കിടക്കുന്നുണ്ടല്ലോ എന്ന യാഥാര്‍ത്ഥ്യം അവളില്‍ നിന്ന് ഉറക്കെയുള്ള ഒരു കരച്ചിലായി പുറത്തു വന്നു.
ക്രിസ്തുമസ് അവധിക്ക് വീട്ടില്‍വന്ന്, അച്ഛന്റെ വലയില്‍ കുടുങ്ങുന്ന പരല്‍മീനുകള്‍ കറിവെച്ചും വറുത്തും കഴിക്കണമെന്ന് അവളാഗ്രഹിച്ചിരുന്നു. ആ ഓര്‍മ്മയിലേക്കാണ് അച്ഛന്‍ വല വീശിയെറിഞ്ഞത്.
മങ്ങിയ ഉച്ചവെയില്‍ ജനാലയിലൂടെ വന്ന് അവളുടെ കണ്ണീരിലേക്കെത്തി നോക്കി. അവളുടെ എണ്ണിപ്പറച്ചിലുകള്‍ ഇടക്കെപ്പൊഴോ മുറിഞ്ഞു പോയി. അവളുടെ ശിരസ്സിലും ചൂടുള്ള നെറ്റിയിലും തലോടിക്കൊണ്ട് അവളെ കേട്ടുകൊണ്ടിരുന്ന അമ്മയുടെ കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങി. അതുവരെ അവരെ ചുറ്റിപ്പറ്റി അവിടെ നിന്നിരുന്ന ഒരാത്മാവ് പുറത്തേക്കിറങ്ങിപ്പോയി.
പിറ്റേന്ന് പുലര്‍ച്ചെ ഈറനുടുത്ത് ബലിയിടാന്‍ മുറ്റത്ത് വന്ന അവളുടെ കണ്ണുകള്‍ ആ കാഴ്ചയില്‍ അമ്പരന്നു. മുറ്റം നിറയെ പരല്‍ മീനുകള്‍!
'തൊട്ടുമുമ്പ് മുറ്റമടിച്ച് ഞാന്‍ പോയതാണല്ലോ.ഇതിപ്പോ എങ്ങനെ?'
വല്ല്യമ്മ അതിശയം പറഞ്ഞു.
ഇന്നലെ വരെ ഇല്ലാതിരുന്ന ആ കാഴ്ചയുടെ പൊരുള്‍ തേടി അവളുടെ മിഴികള്‍ ഇരുളിലാരെയോ തിരഞ്ഞു.
അവളുടെ ആലോചന അറിഞ്ഞിട്ടെന്ന വണ്ണം മുറ്റത്തെ മാവില്‍ നിന്ന് ഒരു കൂട്ടം കൊക്കുകള്‍ പറന്നുയര്‍ന്നു. ജന്മ ജന്മാന്തരങ്ങളുടെ ഇരുളറകളില്‍ അപ്പോള്‍ ആത്മാക്കളില്ലായിരുന്നു. ഡിസംബറിലെ തണുപ്പില്‍ അവളുടെ ശരീരവും മനസ്സും വിറച്ചു. ഈറനുടുത്ത അവളുടെ ശരീരത്തിലേക്ക് കണ്ണീര്‍ചാലുകള്‍ ചൂടു പകര്‍ന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...