malayalam Short Story : സുനാമി, അനു ചന്ദ്ര എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനു ചന്ദ്ര എഴുതിയ ചെറുകഥ

chilla malayalam  short story by Anu Chandra

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Anu Chandra

 


അതു കണ്ട് എനിക്ക് കരച്ചിലാണ് വന്നത്. ഞാന്‍ മനസ്സില്‍ പറഞ്ഞു; അയാള്‍ എങ്ങനെയെങ്കിലും സാഹചര്യവുമായി പൊരുത്തപ്പെട്ടേക്കുമെന്ന്. 

അങ്ങനെ ചിന്തിച്ചുകൂടാ. പക്ഷെ കാണാതായ മകളെ അന്വേഷിക്കുന്ന തിരക്കില്‍ ഏഴെട്ടു വര്‍ഷത്തോളം സ്വയം ജീവിക്കാന്‍ മറന്നുപോയ ഒരച്ഛനെ പറ്റി അതില്‍ കൂടുതല്‍ എന്തോര്‍ത്തു ഞാന്‍ സമാധാനിക്കും. ശിഷ്ടകാലം  കോട്ടയത്തെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ മാനസികമായി തയ്യാറെടുത്ത അയാള്‍ക്ക് വീണ്ടുമൊരു പ്രതീക്ഷ കൊടുത്തത് ഞാനാണ്. ഏകാന്തത്തില്‍ നിന്നും അയാളെ അത്തരത്തില്‍ മോചിപ്പിക്കാനുള്ള എന്റെ ശ്രമത്തിന്റെ ഒന്നാം കാരണം  മലപ്പുറത്തെ കൊണ്ടോട്ടി നേര്‍ച്ചയ്ക്കിടയില്‍ വെച്ച് സംശയാസ്പദമായി ഞാനൊരു പെണ്‍കൊച്ചിനെ കണ്ടു എന്നതാണ്. തമിഴ് ദമ്പതികളായ ഒരു അമ്മൂമ്മയും അപ്പൂപ്പനും ഒപ്പം ഏതാണ്ട് 12 വയസ്സ് വരുന്ന ഒരു പെണ്‍കൊച്ചും. നേര്‍ച്ച കച്ചവടം ചെയ്യാന്‍ അന്യദേശത്തുനിന്നും  വന്നവരാണ്. 

കാഴ്ചയില്‍ രൂപം കൊണ്ട് യാതൊരു സാദൃശ്യവും അവരുമായി ആ പെണ്‍കൊച്ചിനില്ല എന്നതായിരുന്നു ഞാനാദ്യം ശ്രദ്ധിച്ച ഘടകം. രണ്ടാമത്തെ ഘടകം; അവളുടെ രൂപത്തിന് വെട്രിയാര്‍ മാരന്‍  കൊടുക്കാറുള്ള  പത്ര പരസ്യത്തിലെ പെണ്‍കുട്ടിയുടെ രൂപവുമായി ഏകദേശം 80 ശതമാനത്തോളം  സാദൃശ്യമുണ്ട്.  ഇനി മൂന്നാമത്തെ ഘടകം; ഏയ് 'സുനാമി' എന്നായിരുന്നു അവരവളെ വിളിച്ച പേര്. അത് കേട്ടപ്പോള്‍ കേട്ടതായി ഭാവിക്കാതിരിക്കാന്‍ എനിക്കൊട്ടും സാധിച്ചില്ല. നിമിഷ നേരം കൊണ്ട് എന്റെ ചിന്ത  ഒരു കാന്തം പോലെ വെട്രിയാര്‍ മാരന്റെ അടുത്തേക്ക് പാഞ്ഞു. പന്ത്രണ്ടാം വയസ്സിലെ തന്റെ മകളുടെ മുഖവും രൂപവും എങ്ങനെയായിരിക്കുമെന്ന്  സങ്കല്‍പ്പിച്ചെടുത്തു രൂപരേഖയും തയ്യാറാക്കി  അവളെയും അന്വേഷിച്ച് നടക്കുന്ന അയാളെ ഞാന്‍ എങ്ങനെ മറക്കാനാണ്. പത്രമോഫീസില്‍ തൊഴില്‍ ചെയ്യുന്ന എട്ടുവര്‍ഷത്തോളം കാലമായി,  

'മകളെ മടങ്ങി വരൂ' എന്ന അയാളുടെ പത്രപരസ്യം മുടങ്ങാതെ കൊടുക്കുന്ന ആളാണ് ഞാന്‍. അത്രയേറെ വര്‍്ഷങ്ങളായി അയാളുടെ മുഖത്തെ നിസ്സഹായതയും ആ പെണ്‍കൊച്ചിന്റെ വളര്‍ച്ചയുടെ രൂപരേഖയും  കണ്ടുകൊണ്ടിരിക്കുകയാണ്.അതോര്‍ത്തപ്പോള്‍ നേര്‍ച്ച മിട്ടായി പൊതിഞ്ഞെടുക്കുന്ന തമിഴ് ദമ്പതികളോട് ഞാന്‍ ചോദിച്ചു ;

'യേന്‍ അവളെ സുനാമീന്ന് കൂപ്പ്ഡ്രാങ്കേ?'

അവളുടെ  കവിളില്‍ സ്‌നേഹത്തോടെ നുള്ളി, വലത് കൈപ്പത്തി ചേര്‍ത്തുപിടിച്ച്  ആ വൃദ്ധ പറഞ്ഞു

'എങ്കള്‍ക്ക് ഇവളെ വന്ത് സുനാമിയില്‍ താ കെടച്ചാ. അതിനാല താ ഇവക്ക് സുനാമീന്ന് പേര് വെച്ച.'

അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. വെട്രിയാര്‍ മാരന്റെ നിയോഗം എനിക്കു മുന്‍പില്‍ കീഴടങ്ങി എന്ന് തോന്നി. നിന്ന നില്‍പ്പില്‍ ഇരുകൈയും മുകളിലേക്ക് നീട്ടി കര്‍ത്താവിനെ കരഞ്ഞു വിളിക്കാനാണ് തോന്നിയത്. എന്തൊരു യാദൃശ്ചികതയാണിത് .ആ പെണ്‍കൊച്ചിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഒരു സുനാമിക്കാലം അവളില്‍ പ്രതിഫലിക്കുന്നതായി കണ്ടു. അവളുടെ വെളുത്ത മുഖത്തെ തിളക്കമുള്ള കണ്ണുകള്‍ക്കുള്ളിലൂടെ ഞൊടിയിട നേരം കൊണ്ട് ഞാന്‍ എട്ടുവര്‍ഷം പുറകിലേക്ക് കുതിച്ചുകയറി. ഉള്‍വലിഞ്ഞ  കടല്‍ തിരമാലകളെ നോക്കിയുള്ള വെട്രിയാര്‍ മാരന്റെ കരച്ചില്‍ എന്റെ ഹൃദയത്തില്‍ ആര്‍ത്തു മുഴങ്ങി.

ചെന്നൈ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയ വെട്രിയാര്‍ മാരനും ഭാര്യ അനിതയും മകള്‍ ധനലക്ഷ്മിയും ദിവസത്തിന്റെ പാതി അടുക്കുന്നതിനും മുന്‍പേ തന്നെ രാക്ഷസ തിരമാലകളില്‍ പെട്ട് മൂന്നുവഴിക്കായി പിരിഞ്ഞു. വെട്രിയാര്‍ മാരനെ ആദ്യത്തെ തിരമാല വിഴുങ്ങി. അതിനുള്ളില്‍ നിന്നും പുറത്തേക്ക് ചാടാന്‍ അയാള്‍  സാഹസികമായി ശ്രമിച്ചപ്പോള്‍ അതിനെക്കാള്‍ ശക്തിയായി രണ്ടാമത്തെ തിരമാലയും അയാളെ വിഴുങ്ങി. അതൊരു ലൂപ്പായിരുന്നു.  എത്ര മുന്നോട്ടു കുതിക്കാന്‍ ശ്രമിച്ചാലും അയാള്‍ പിന്നെയും അതിനകത്ത് കിടന്ന് വട്ടം കറങ്ങിക്കൊണ്ടെയിരുന്നു. ചുരുളിയില്‍ അകപ്പെട്ടുപോയ ഒരു മനുഷ്യന്‍ എന്ത് ചെയ്യാനാണ്. ബോധം വന്നപ്പോള്‍ കടല്‍ പിന്‍വലിഞ്ഞു കഴിഞ്ഞിരുന്നു. കടല്‍ ഉഴുന്നു മെതിച്ച കരയെ നോക്കി അയാള്‍ തകര്‍ന്നു. ചുറ്റുമുള്ള മനുഷ്യരുടെ കരച്ചില്‍ ശബ്ദം കേട്ട്  അയാള്‍ വെപ്രാളപ്പെട്ടു.  തകര്‍ന്ന ബില്‍ഡിങ്ങുകള്‍, കണക്കില്ലാത്ത ശവശരീരങ്ങള്‍, അടിഞ്ഞുകൂടിയ  അവശിഷ്ടങ്ങള്‍...  ഇതിനെല്ലാം ഇടയില്‍ നിന്നും എങ്ങനെ കണ്ടെത്താനാണ് ധനത്തെയും അനിതയെയും..

ചേ!

അടിഞ്ഞുകൂടിയ ശവക്കൂട്ടത്തില്‍ അനിതയേ നോക്കി അയാള്‍  കണ്ണുകള്‍ മുറുക്കെ അടച്ചു.

ചീര്‍ത്ത് കെട്ടിയ ഭാര്യയുടെ ശവത്തില്‍ തൊടാനോ അവളെ ഇറുകെപ്പിടിക്കാനോ അയാള്‍ ഭയന്നു. അയാളുടെ ഭയം പാതിവഴിയില്‍ കുടുങ്ങി  കണ്ണുകള്‍ പിടഞ്ഞു..

ധനലക്ഷ്മി?

മണല്‍പരപ്പിലൂടെ വെയിലേറ്റ് വിറച്ച്  അയാള്‍ ദീര്‍ഘനേരം നടന്നു. അലമുറയിടുന്ന ഓരോ ആള്‍ക്കൂട്ടത്തിനിടയിലും, ചത്തടിഞ്ഞ ഓരോ ശവശരീരത്തിലും അയാള്‍ ഒരു നാലു വയസ്സുകാരി പെണ്‍കുട്ടിയെ തിരഞ്ഞു കൊണ്ടേയിരുന്നു.. പിടയ്ക്കുന്ന ഹൃദയവുമായി  എട്ടുവര്‍ഷത്തോളം അയാള്‍ മകളെ തിരഞ്ഞു കൊണ്ടേയിരുന്നു. ധനലക്ഷ്മി അയാളില്‍ സുരക്ഷിതയായിരിക്കണമെന്ന ആഗ്രഹം അനിതയുടെ ആത്മാവിന്റെ ചുഴികളില്‍ പോലും പറ്റി കിടക്കുന്നുണ്ടെന്ന് പോലും അയാള്‍ വിശ്വസിച്ചു. അതിക്രമിച്ചു കടന്നു കയറിയ കടലാണെങ്കിലും ആ കുഞ്ഞിനെ ജീവനോടെ തിരിച്ചുവിട്ടു കാണുമെന്ന് അയാള്‍ കരുതി.  എട്ടുവര്‍ഷംകൊണ്ട് അയാള്‍ മറ്റൊരു വെട്രിയാര്‍ മാരനായി മാറി.

2004 ഡിസംബര്‍ 26 എന്ന തീയതി ഓര്‍ത്തുകൊണ്ട് അയാള്‍ എല്ലാവര്‍ഷവും ഡിസംബര്‍ 26ന് 'മകളെ മടങ്ങിവരൂ' എന്ന തലക്കെട്ടോടെ ധനലക്ഷ്മിയുടെ രൂപരേഖ വരച്ച്  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ പത്രങ്ങളിലേക്കുമായി വാര്‍ത്തകള്‍ കൊടുത്തു. മറവി തീണ്ടിയിട്ടില്ലാത്ത ആ മനുഷ്യന്‍ അന്നത്തെ ആ ദുരന്തത്തിന് ശേഷം  ചെന്നൈയിലെ അയാളുടെ തൊഴിലും സ്ഥലവും ഒഴിവാക്കി കോട്ടയത്തെ അനിതയുടെ വീട്ടില്‍ വന്ന് താമസമാക്കി. കോളേജ് കാലത്തെ രണ്ടുപേരുടെയും പ്രേമക്കൊതിയുടെ ഏറ്റവും ഒടുവിലത്തെ സമ്മാനമായിരുന്നു ധനലക്ഷ്മി.  അതുകൊണ്ടുതന്നെ അവള്‍ മാത്രമാണ് അവരുടെ ജീവിതത്തിന്റെ ഏറ്റവും  തീവ്രതയേറിയ ഉത്തരം. അവളെ മറക്കുക എന്നത് പോലും എളുപ്പമല്ല.

വെട്രിയാര്‍ മാരന്റെ ക്ഷീണിച്ച, ദൈന്യതയേറിയ മുഖം ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം തോന്നി. മുന്‍പില്‍ നില്‍ക്കുന്ന പെണ്‍കൊച്ചിന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു; ഇതവള്‍ തന്നെ. വെട്രിയാര്‍ മാരന്‍ എന്ന മനുഷ്യാത്മാവിനെ ഇന്നും ജീവിക്കാന്‍ മോഹിപ്പിക്കുന്ന ഒരേയൊരു ഘടകം അയാളുടെ മകളുടെ ശവം കണ്ടെത്തിയിട്ടില്ല എന്നതുമാത്രമാണ്. അതുതന്നെയാണ്  അവള്‍ മരിച്ചിട്ടില്ല എന്നതിന്റെ ഏക തെളിവും. ഈ തമിഴ് ദമ്പതികള്‍ അവളെ സുനാമി എന്നു വിളിക്കുന്നുവെങ്കില്‍, അവളെ സുനാമിയില്‍ നിന്ന് ലഭിച്ചതാണെന്ന് പറയുന്നുവെങ്കില്‍, അവളുടെ രൂപത്തിന് രൂപരേഖയുമായി ഇത്രത്തോളം സാമ്യമുണ്ടെങ്കില്‍ അതു ധനലക്ഷ്മി തന്നെയായിരിക്കുമെന്ന് മനസ്സ് മന്ത്രിച്ചു. അവളുടെ കണ്ണുകള്‍ പറയാതെ തന്നെ എന്നോട് പറഞ്ഞു; ഞാന്‍ ധനലക്ഷ്മിയാണ്.

പിറ്റേദിവസം കോഴിക്കോട്ടെ ഓഫീസിലേക്ക് ധൃതിയില്‍ കയറിയാണ് കമ്പ്യൂട്ടറില്‍ നിന്നും ഫയലുകള്‍ അരിച്ചുപെറുക്കിയത്. വെട്രിയാര്‍ മാരന്റെ അഡ്രസ്സ് കിട്ടിയപ്പോള്‍ തന്നെ  നമ്പര്‍ എടുത്തു വിളിച്ചു.

'ഹലോ വെട്രിയാര്‍..ദേശസ്‌നേഹം പത്രത്തിലെ അനുപമയാണ് വിളിക്കുന്നത്. എനിക്ക് നിങ്ങളെയൊന്ന് കാണണമായിരുന്നു.'

അയാള്‍ കാണാമെന്നേറ്റു. എന്താണ് കാര്യമെന്ന ചോദ്യം വന്നില്ലെങ്കിലും അയാള്‍ കോട്ടയത്ത് നിന്നും കോഴിക്കോട് വരെ വരാന്‍ തയ്യാറെടുത്തു. കാരണം ആ വിളി ഒരിക്കലും വെറുതെയാവില്ല എന്ന് ഊഹിക്കാനുള്ള ശേഷിയൊക്കെ അയാള്‍ക്കുണ്ടായിരുന്നു.

അയാളോട് ഞാന്‍ പറഞ്ഞു


'വരുന്ന വഴി ഫറോക്ക് ഇറങ്ങിക്കോളൂ.. നിങ്ങളെ ഞാന്‍ പിക്കപ്പ് ചെയ്‌തോളാം'

അതിനും അയാള്‍ സമ്മതം മൂളി.

ഫറോക്ക് സ്റ്റേഷനില്‍ ഇറങ്ങിയ അയാള്‍ക്ക് ഒരു ചായ ഓഫര്‍ ചെയ്‌തെങ്കിലും അയാള്‍ അതുപോലും നിഷേധിച്ചു. അയാളുടെ ജീവിതത്തിലെ സുപ്രധാനപ്പെട്ട എന്തോ ഒന്ന് നടക്കാന്‍ പോകുന്നുവെന്ന് അയാള്‍ക്കുമറിയാമായിരുന്നു എന്ന് തോന്നി. സ്‌കൂട്ടിയില്‍ കയറ്റി അയാളെയും കൊണ്ട് രാമനാട്ടുകര വഴി ഞാന്‍ കൊണ്ടോട്ടിയിലേക്ക് പുറപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണം ബാധിച്ച ആ മനുഷ്യന്‍ ഒന്നും മിണ്ടാതെ പുറകില്‍ അമര്‍ന്നിരുന്നു. നേര്‍ച്ച തിരക്കിലേക്കാണ് അയാളെ ഞാന്‍ കൊണ്ടുപോയത്.  സ്വന്തം മകളെ തിരിച്ചറിയാന്‍ പറ്റുന്നുവെങ്കില്‍ അയാള്‍ തിരിച്ചറിയട്ടെയെന്നു ഞാനും കരുതി. തമിഴ് ദമ്പതികളുടെ നേര്‍ച്ച കടയുടെ മുന്‍പിലേക്കാണ് അയാളെ ഞാന്‍ ഉന്തിത്തള്ളി വിട്ടത്. നേര്‍ച്ച മിട്ടായി വാങ്ങാന്‍ വന്നതാണ് വെട്രിയാര്‍ മാരനെന്നു തമിഴ് ദമ്പതികളും തെറ്റിദ്ധരിച്ചു.  അയാളെ കണ്ട ആവേശത്തിന് എത്ര നേര്‍ച്ച മിട്ടായി പൊതിഞ്ഞെടുക്കണം എന്നായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക.  എന്നാല്‍ അയാളുടെ കണ്ണുകള്‍ പോയത് 12 വയസ്സുള്ള സുനാമിയിലേക്കാണ് . അവളെ കണ്ടു അയാള്‍ അന്ധാളിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. സുന്ദരിയായ കൊച്ചുമാലാഖ!

അയാള്‍ നോട്ടം കൊണ്ട് ഉറപ്പിച്ചു കഴിഞ്ഞു ഇതു തന്റെ  ധനലക്ഷ്മിയാണെന്ന്. രൂപരേഖ തയ്യാറാക്കുന്ന  സെല്‍വന്റെ  ഭാവനയിലുള്ള അതേ മുഖമാണ് ആ പെണ്‍കുട്ടിക്ക്. എന്തൊരു ഐശ്വര്യമുള്ള മുഖം. തമിഴ് ദമ്പതികളുമായി യാതൊരു സാദൃശ്യവുമില്ല. തനിക്ക് നേരെയുള്ള അയാളുടെ നോട്ടം കണ്ട്  സുനാമി ഒന്ന് പതറി പോയി. കച്ചവടക്കാരന് മുമ്പില്‍ നേര്‍ച്ച മിട്ടായി വാങ്ങാന്‍ വന്നുനില്‍ക്കുന്ന ഒരു ആവശ്യക്കാരന്റെ മുഖമല്ല അയാള്‍ക്ക്. ജോലിയില്‍ വര്‍ഷങ്ങളുടെ പഴക്കം കയറിയ തമിഴ് ദമ്പതികള്‍ക്കാണോ  അതറിയാന്‍ പാട്. വെട്രിയാര്‍ മാരന്റെ നോട്ടം കണ്ട് അവര്‍ക്ക് ഭയം തോന്നി.അവര്‍ അവളെ ചേര്‍ത്തുപിടിച്ചു. വിട്ടുകൊടുക്കാന്‍ ഭാവമില്ല എന്നായിരുന്നു അതിന്റെ അര്‍ത്ഥം. അവള്‍ അവരെ മുറുകെ പിടിക്കും തോറും വെട്രിയാര്‍ മാരന്റെ മുഖത്ത്  അവളെ ഞാന്‍ പിടിച്ചെടുക്കുമെന്ന കിതപ്പ് കൂടി.

കൊണ്ടോട്ടി സ്റ്റേഷനിലെ സ്ഥലം എസ് ഐ  അനീഷിനെ വിളിച്ചതും ഞാനാണ്. പത്രത്തില്‍ കയറിയ കാലം തൊട്ടറിയാവുന്ന പരിചയമാണ്. സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഒട്ടുമിക്ക സ്റ്റോറികളും ചെയ്യുന്നത് പലപ്പോഴും അനീഷിന്റെ സഹായത്തോടെയാണ്. ഫോണ്‍ എടുത്ത് വിളിച്ചപ്പോള്‍ തന്നെ സ്റ്റേഷനില്‍ നിന്ന് രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ നേര്‍ച്ച തിരക്കിലേക്ക് വന്നു കയറി. തമിഴ് ദമ്പതികളെയും, സുനാമിയെയും പിടിച്ചുകെട്ടാന്‍ വന്നവരാണ്. ആളും ബഹളവും ഉണ്ടാകും മുന്‍പ് അതും സംഭവിച്ചു.കാര്യങ്ങള്‍ ഉദ്ദേശിച്ച മട്ടില്‍ കടന്നു പോകുന്നതില്‍ എനിക്കും സമാധാനം തോന്നി. കാരണം  തമിഴ് ദമ്പതികള്‍ എവിടെനിന്നോ അവളെ കടത്തിക്കൊണ്ടുവന്നതാണെന്ന്  ഞാന്‍ അത്രമാത്രം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ വെട്രിയാര്‍ മാരന്‍ കടപ്പെട്ടവനെപ്പോലെ എന്റെ മുഖത്തേക്ക് നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി. കടപ്പാടും ആശ്വാസവും വാക്കുകളില്‍ ഒതുങ്ങില്ലാത്തതു കൊണ്ടായിരിക്കും അയാള്‍ കണ്ണുകള്‍ മുറുക്കി അടച്ച് രാമ രാമ എന്ന ഉരുവിട്ടുകൊണ്ടേയിരുന്നു. ഓരോ തവണ അത് ഉരുവിടുമ്പോഴും തൊട്ടപ്പുറത്ത് തമിഴ് ദമ്പതികളോടൊപ്പം നില്‍ക്കുന്ന സുനാമിയെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അയാളുടെ ശബ്ദത്തില്‍ നിറഞ്ഞു കിടപ്പുണ്ടായിരുന്നു. അതു ധനമാണെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു. നഷ്ടപെട്ട കാലത്തെ തിരിച്ചു പിടിക്കാനും അവള്‍ക്കായി സ്‌നേഹം നിറക്കാനുമുള്ള വ്യാഗ്രതയുണ്ടായിരുന്നു. 

എന്നാല്‍ അനീഷിന്റെ നേതൃത്വത്തില്‍ വിചാരണ ആരംഭിച്ചപ്പോള്‍  സുനാമിക്ക് വെട്രിയാര്‍ മാരനെ അറിയില്ല എന്നായി. അവളുടെ ഓര്‍മ്മകളില്‍ എവിടെയും അങ്ങനെയൊരു മനുഷ്യനില്ല. അയാള്‍ പറയുന്ന ഒരു ഓര്‍മ്മയും, അയാള്‍ കാണിക്കുന്ന ഒരു ഫോട്ടോയും അവള്‍ തിരിച്ചറിയുന്നില്ല. അവളുടെ ഓര്‍മ്മകളില്‍ തമിഴ് ദമ്പതികള്‍ മാത്രമാണുള്ളത്. പക്ഷേ വെട്രിയാര്‍മാരന്‍ വിടാന്‍ ഒരുക്കുമല്ലായിരുന്നു. ചെന്നൈ മറീന ബീച്ചിലെ അക്കാലത്തെക്കുറിച്ച് ഒരുപാട് തവണ അയാള്‍ പിന്നെയും പിന്നെയും അവളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചു. ഒരു നാലു വയസ്സുകാരി പെണ്‍കുട്ടിക്ക് എത്രത്തോളം ഓര്‍മ്മയുണ്ടാകാനാണ്. അവള്‍ക്ക് ഓര്‍മ്മയില്ലെങ്കിലെന്താ  അയാള്‍ക്കുറപ്പാണ് അതവളാണെന്ന്. അത്രമാത്രം. ആ ഉറപ്പില്‍ വെട്രിയാര്‍ മാരന്‍ അവസാനത്തെ തെളിവായി ധനത്തിന്റെ മുതുകിലെ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കിനെ പറ്റി സൂചിപ്പിച്ചു. അത് കേട്ട് തമിഴ് ദമ്പതികള്‍ ആശങ്കപ്പെട്ടു. അയാള്‍ക്കുറപ്പുണ്ടായിരുന്നു ആ തെളിവിന് മുമ്പില്‍  തമിഴ് ദമ്പതികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല എന്ന്. ഞാന്‍, വെട്രിയര്‍ മാരന്‍, അനീഷ്, തമിഴ് ദമ്പതികള്‍, രണ്ടു വനിതാ  പോലീസുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവസാനത്തെ ആ തെളിവിനായി സുനാമിയെ തിരിച്ചു നിര്‍ത്തി  അവളുടെ ഉടുപ്പിന്റെ പുറകിലെ സിബ്ബ്  താഴ്ത്തിയത്.  പക്ഷേ നിരാശയെന്ന് പറയട്ടെ വെട്രിയാര്‍ മാരന്റെ സകല പ്രതീക്ഷയെയും ആത്മവിശ്വാസത്തെയും തകിടം മറിച്ചു കൊണ്ടാണ് ആ തെളിവ് ഇല്ലാതായത്. സുനാമിയില്‍ അങ്ങനെയൊരു ഐഡന്റിഫിക്കേഷന്‍ മാര്‍ക്ക് ഇല്ലായിരുന്നു. അപ്പോഴത്തെ വെട്രിയാര്‍മാരന്റെ മുഖഭാവം കണ്ട് എനിക്ക് കരച്ചില്‍ വന്നു. അയാള്‍ വിളറി വെളുത്തു. തമിഴ് ദമ്പതികള്‍ ആഹ്ലാദിച്ചു. ആ മനുഷ്യനോട് ഞാന്‍ ഇനി എന്തു പറയാനാണ്. അയാള്‍ സാഹചര്യവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെട്ടേക്കുമെന്ന് എനിക്കറിയാം. എന്നാല്‍ ആ മനുഷ്യന് അനാവശ്യമായ പ്രതീക്ഷ നല്‍കിയത് ഞാനാണ്. എനിക്ക് മുന്‍പില്‍ ഇരുന്ന് നെഞ്ചു പൊട്ടി കരയുന്ന ആ മനുഷ്യന് മുന്‍പില്‍  ഞാന്‍ ഒന്നുമല്ലാതായി  തീരുമ്പോള്‍  നീതി ലഭിച്ചവരുടെ സന്തോഷത്തില്‍  തമിഴ് ദമ്പതികള്‍ സുനാമിയെ മുറുക്കെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു.

തെറ്റിദ്ധാരണ പരത്തിയത് ഞാനാണ്. സുനാമിയെ കണ്ടപ്പോള്‍ ധനത്തിന്റെ രൂപരേഖയുമായി അത്രത്തോളം സാദൃശ്യം തോന്നി. തമിഴ് ദമ്പതികളുമായി ഒട്ടും സാദൃശ്യം തോന്നിയില്ല. എല്ലാം എന്റെ തെറ്റാണ്. അനീഷിനോട് മാപ്പ് പറഞ്ഞു. അയാളുടെ സമയം അനാവശ്യമായി കവര്‍ന്നത് ഞാനാണ്. ജാള്യതയോടെയും, വെട്രിയര്‍ മാരനെ ഓര്‍ത്തുള്ള കുറ്റബോധത്തോടെയും സ്റ്റേഷനില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് എനിക്കെന്തോ ഒരിക്കല്‍ കൂടി ആ സംശയം അവരോട് ചോദിക്കണമെന്ന് തോന്നി. കാരണം അതവരുടെ മകളാണെന്ന് വിശ്വസിക്കാന്‍ എനിക്കല്പം പാടായിരുന്നു. സുനാമിയെ ചേര്‍ത്ത് പിടിച്ച ആ തമിഴ് ദമ്പതികളോട് ഒരിക്കല്‍ കൂടി ആ പഴയ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചു

'യേന്‍ അവളെ സുനാമീന്ന് കൂപ്പ്ഡ്രാങ്കേ?'

ഇത്തവണ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരിലെ തമിഴ് സ്ത്രീ എന്നോടായി പറഞ്ഞു

'സുനാമിയില്‍ എങ്കളുടെ പുള്ളയും അവള്‍ടെ കണവനും തൊലഞ്ച്‌ട്ടെ... ഉസിരോടെ കെടച്ചത് പേത്തിയെ മട്ടും താ... അതിനാലെ താ ഇവളെ സുനാമീന്ന് കൂപ്പിടരത്'

ഓഹ്!

അതുകേട്ടു എന്റെ ഹൃദയം കനച്ചു.ഈശ്വര, ഒരു രൂപരേഖയുടെ പേരില് ഞാന്‍ സംശയിച്ചത് ഇവരെയാണോ. എന്റെ ഹൃദയം മൊത്തത്തില്‍ കുറ്റബോധം പേറി. 12 വയസ്സ്‌ക്കാരി സുനാമിയെയും കൊണ്ട് എന്റെ കണ്മുന്‍പില്‍ നിന്ന് മറയുന്ന അവരെ ഞാന്‍ ഒരിക്കലും മറക്കില്ല. അവളെയും.

വെട്രിയാര്‍ മാരനോട് മൗനം കൊണ്ട് മാപ്പ് സൂചിപ്പിച്ചാണ് തിരികെ ഫാറൂഖ് റെയില്‍വെ സ്റ്റേഷനിലേക്കെത്തിച്ചത്. അടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴും, ട്രെയിനില്‍ കയറുമ്പോള്‍ പോലും അയാള്‍ ഒന്നും പറഞ്ഞില്ല. ഞാനും. കോട്ടയത്തേക്കുള്ള ട്രെയിന്‍ കയറുമ്പോള്‍ അയാളുടെ കൈയില്‍ ഞാനൊന്നു മുറുകെ പിടിച്ചു. വാക്കുകളില്ലാത്ത എന്തോ ഒരര്‍ത്ഥം അതിലുണ്ടായിരുന്നു. എന്നാല്‍ അതെന്താണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങുമ്പോള്‍ അയാള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. 

അപ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു അടുത്ത തവണ ഒരു പുതിയ രൂപരേഖയുമായി ധനത്തെ തേടി ഒരു പത്രവാര്‍ത്ത തയ്യാറാക്കാന്‍ അയാള്‍ തിരികെ വരുമെന്ന്. അകലുന്ന ട്രെയിനിലേക്ക് ഞാനപ്പോള്‍ ഒന്നുംകൂടെ നോക്കി. ഡോറിന്റെ അടുത്ത് നില്‍ക്കുന്ന അയാളുടെ കണ്ണുകളിലപ്പോള്‍ വിഷാദം നിറഞ്ഞതെനിക്ക് കാണാമായിരുന്നു.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios