Malayalam Short Story : അന്നേരം, അനൂപ് അശോക് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനൂപ് അശോക് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
രണ്ട് മുറി മാത്രമുള്ള വീടിന്റെ മുന്നോട്ട് വലിച്ചു കെട്ടിയ നീല ടാര്‍പോളിന്‍ ഇട്ട ചെറിയ പന്തലിന്റെ കിഴക്കേ മൂലയിലെ കുറ്റിയില്‍ ചാരി ഞാന്‍ നിന്നു. കുളിച്ച്, പൗഡര്‍ ഒക്കെ പൂശി നീണ്ട് നിവര്‍ന്ന് കിടക്കുന്ന എന്നെ ഞാന്‍ കൊതിയോടെ നോക്കി.
ആദ്യമായാണ് ഞാന്‍ എന്നെ തന്നെ ഇങ്ങനെ കാണുന്നത്. കണ്ണാടിയില്‍ കാണും പോലെ.വല്ലാത്ത കൗതുകം തോന്നി, രസവും. ഇടയ്ക്കിടെ പന്തലിലെ ആളുകള്‍ ഞങ്ങളുടെ കണ്ണില്‍ കണ്ണില്‍ നോട്ടത്തെ തടസ്സപ്പെടുത്തി. എന്തൊരു തിരക്കാണ് പന്തലില്‍. ഉറങ്ങിയത് പോലെ കിടക്കുന്ന എന്നെ കാണാന്‍ ആണ് ഈ തിരക്ക്. മൗനം മുഖത്തണിഞ്ഞ ആള്‍ക്കൂട്ടം. ഉള്ളിലെ സങ്കടം മുഖത്തുള്ളവരും, സങ്കട ഭാവത്തിന് പരിശ്രമിക്കുന്നവരും, യാതൊരു വികാരവും ഇല്ലാത്തവരും ആ കൂട്ടത്തില്‍ ഉണ്ട്. എന്നെ നന്നായി അറിയുന്നവരും, അശേഷം അറിയാത്തവരും ഉണ്ട്. നാട്ടുകാരും, അന്യനാട്ടുകാരും ഉണ്ട്. നിശബ്ദമായ ആള്‍ക്കൂട്ടം ആ ചെറിയ പന്തലിനടിയില്‍ തിരക്കിട്ട് പോകുകയും, വരികയും ചെയ്യുന്നു.
ഞാന്‍ പൗഡര്‍ ഇടാറില്ല. മുടി ഇങ്ങനെ ചീകാറും ഇല്ല. ഇത് എന്നോട് ദേഷ്യം ഉള്ള ആരോ എന്നെ ഒരുക്കിയത് പോലുണ്ട്. അത് മനസ്സിലാക്കിയത് കൊണ്ടാകണം എന്റെ ഭാര്യ അവളുടെ കൈകള്‍ കൊണ്ട് എന്റെ മുഖം തുടച്ച് കൊണ്ടേയിരിക്കുന്നു.
കരഞ്ഞു കരഞ്ഞു കലങ്ങി ചുവന്നിട്ടുണ്ട് അവളുടെ കണ്ണുകള്‍.. മുടി ആകെ അലങ്കോലം ആയിരിക്കുന്നു. വസ്ത്രങ്ങളും അങ്ങനെ തന്നെ. ഒറ്റയ്ക്ക് പോകുന്നതിനുള്ള പരിഭവം കൊണ്ട് ഒരുങ്ങിയിറങ്ങുന്ന എന്നെ യാത്രയാക്കാന്‍ തീരെ ഒരുങ്ങാതെ അവള്‍ വന്നിരിക്കുന്നു. 'അമ്മയാകട്ടെ ഞാന്‍ കിടക്കുന്ന ഡെസ്‌കില്‍ തല ചേര്‍ത്ത് കിടപ്പാണ്. ഇനി കരയാന്‍ ആ പാവത്തിന് കെല്‍പ്പില്ല. കണ്ണീരും ഇല്ല. അമ്മയുടെ കിടപ്പ് കണ്ടപ്പോള്‍ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഞാന്‍ മെല്ലെ തൊട്ടടുത്ത പറമ്പിലേക്ക് നടന്നു.
എല്ലായിടത്തും ആള്‍ക്കൂട്ടം ആണ്. കിഴക്കേ പറമ്പിന്റെ വടക്ക് വശമുള്ള മതിലില്‍ ചാരി നിന്നു. ഇന്നലെ വരെ ഞങ്ങള്‍ ഒന്നായിരുന്നു. ഇന്നിപ്പോ വേര്‍പിരിഞ്ഞു. അവന്‍ നിശ്ചലമായി കിടക്കുന്നു. ഞാന്‍ ആരാലും കാണാന്‍ ആകാതെ നടക്കുന്നു. വല്ലാത്തൊരു അവസ്ഥ തന്നെ. രണ്ടാളും ഒന്നിക്കുമ്പോഴേ ജീവിതം ഉള്ളൂ എന്ന് പഠിപ്പിക്കുന്ന വലിയൊരു അവസ്ഥ. ഇനി ഞങ്ങളെ രണ്ട് പേരെയും ഈ ലോകത്തിന് വേണ്ട. കിടക്കുന്നവനെ തീയും, എന്നെ നിങ്ങളുടെ മറവിയും വിഴുങ്ങും. പിന്നെ വാവിനും, ബലിക്കും ഒരോര്‍മ്മ പുതുക്കല്‍. വെറും ചടങ്ങ് മാത്രം.
''ഒരു കുഴപ്പവും ഇല്ലായിരുന്നു.''
''പെട്ടെന്ന് പറ്റിയതാണ്.''
''പാവം ആയിരുന്നു.''
''ഒരു മൂരാച്ചി സ്വഭാവം ആയിരുന്നു.''
''ഇനി ആ ജോലി ആര്‍ക്ക് കിട്ടുമോ എന്തോ?''
''കെട്ടിയോള്‍ക്ക് ആയിരിക്കും.''
''അവള്‍ ആ തള്ളയെ നോക്കുമോ?''
''ആര്‍ക്കറിയാം..''
നിശ്ശബ്ദതയിലും പതിഞ്ഞ ശബ്ദത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.
കുറച്ചകലെ മാറി എന്റെ ആത്മാര്‍ഥ സുഹൃത്ത് നില്‍ക്കുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞിട്ടില്ല. പക്ഷെ മനസ്സിലെ വിഷമം മുഖം വിളിച്ചു പറയുന്നുണ്ട്. കുറച്ച് കാലമായി ഞങ്ങള്‍ മിണ്ടിയിട്ട്. ചെറിയൊരു പിണക്കം പിന്നീട് വലുതായി. ഞാന്‍ മരിച്ചാലെ ഇനി അത് മാറു എന്നവന്‍ വേറൊരു സുഹൃത്തിനോട് പറഞ്ഞെന്ന് കേട്ടിരുന്നു. ഇത്ര പെട്ടെന്ന് ഞാന്‍ പോയപ്പോള്‍ ആ പിണക്കവും അല്പായുസ്സ് ആയിപ്പോയി. പിണക്കങ്ങളും, കടങ്ങളും തീരാവേദന ആക്കാന്‍ മരണത്തിന് അല്ലാതെ മറ്റൊന്നിനും കഴിയില്ല. അവനില്‍ നിന്നും മാറി ഞാന്‍ വഴിയിലേക്കിറങ്ങി.
ചെറിയൊരു കാലം എനിക്ക് ഈ മണ്ണില്‍ ലഭിച്ചു. ഒരുപാട് ഒന്നും നേടാതെയും, ഒരുപാട് നഷ്ടം ആകാതെയും ഞാന്‍ ഇപ്പോള്‍ മടക്ക യാത്രക്ക് ഇറങ്ങുന്നു. എല്ലാവരും എന്നെങ്കിലുമൊക്കെ നിര്‍ബന്ധമായും പോകുന്ന ആ യാത്രക്ക്. യാതൊരു ഒരുക്കങ്ങളും ഇല്ലാത്ത ദീര്‍ഘയാത്രയ്ക്ക്. വഴി തെറ്റാത്ത തുണയില്ലാത്ത യാത്രയ്ക്ക്. എന്ത് നേടി എന്ന് ചോദിച്ചാല്‍ കുറെ കണക്കുകള്‍ നിരത്താന്‍ എനിക്കില്ല. പക്ഷെ ആ കണക്കുകള്‍ ഉള്ളവര്‍ ആണ് ഇവിടുത്തെ വിജയികള്‍. ഇരുനിലയുള്ളവര്‍, കാറുള്ളവര്‍, പണ്ടങ്ങളും, പറമ്പും ഉള്ളവര്‍. അവരുടെ തലമുറയ്ക്ക് സുഖം ആണത്രേ. ഇനിയിപ്പോ കരച്ചില്‍ ഒതുങ്ങുമ്പോള്‍ എന്റെ ജീവിത കരുതലിന്റെ കീറിമുറിക്കല്‍ നടക്കും. അതില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കോടെ ഞാന്‍ പിന്‍ബെഞ്ചിലേക്ക് തള്ളപ്പെടും.
ഇവിടെ ഇങ്ങനെ ആണ്. ഇനിയും ഇങ്ങനെ തന്നെ ആകും. സ്‌നേഹവും, കരുതലും കണക്കുകള്‍ ആണ്. അളവുകള്‍ ആണ്. കണക്കില്ലാത്ത ഒന്നിനും ഇവിടെ സ്ഥാനം ഇല്ല. സ്മരണയും ഇല്ല. കണക്ക് പിഴച്ചവന് പരാജയപ്പെട്ടവന്റെ പേടകത്തില്‍ ആണ് സ്ഥാനം. വര്‍ഷം തോറും നടത്തുന്ന ആണ്ടു ബലി ആ പരാജയത്തിന്റെ സ്മരണ പുതുക്കല്‍ ആണ്.
ഇനി എനിക്ക് എങ്ങോട്ടും പോകാം. ആരും തടയില്ല. ആരും തിരക്കില്ല. ഒന്നോര്‍ത്താല്‍ ഈ അവസ്ഥ ആണ് നല്ലത്. ജീവനുള്ളപ്പോള്‍ മാത്രം ആണ് വേദനയുള്ളത്. അതില്ലാതെ ആകുമ്പോള്‍ വേദന ജീവനുള്ളവരുടെ ലോകത്തു നില്‍ക്കും. ഒരിക്കലും പരേതനില്‍ വേദന ഉണ്ടാകില്ല. പരേതന് വികാരങ്ങള്‍ ഇല്ല. അഭിപ്രായങ്ങള്‍ ഇല്ല. ഇതൊക്കെ ജീവനുള്ളവരുടെ ലോകത്തില്‍ മാത്രമേ ഉള്ളു. പരേതന്‍ എന്നുമൊരു കാഴ്ചക്കാരന്‍ ആണ്. വെറുമൊരു മൂകസാക്ഷി. മരണം എന്നും ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും. ശരീരം അറിയാത്തതും, ആത്മാവിന് മാത്രം പറയാനും കഴിയുന്ന ഉത്തരങ്ങള്‍ ഉള്ള കുറേ ചോദ്യങ്ങള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...