Malayalam Short Story : വിത്തുകള്‍ മുള പൊട്ടുന്നിടം, അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നഴ്‌സ് ആനിയമ്മ, രോഗികളില്‍ ഒരാളെ വഴക്കു പറയുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ ആശുപത്രിയിലെ അള്‍ട്രാസൗണ്ട് സ്‌കാനിങ് റൂമിലേക്ക് കയറി ചെന്നത്. ഇതൊരു പതിവാണ്. വെള്ളം കുടിച്ചിരിക്കാന്‍ പറഞ്ഞ രോഗികളാരെങ്കിലും ബ്ലാഡര്‍ നിറഞ്ഞിട്ട് ബഹളം വെക്കുന്നതാവാം. ദിവസവും കണ്ട് പരിചയിച്ചത് കൊണ്ടാവാം ആനിയമ്മക്ക് ഇതൊന്നും അത്ര രസിക്കില്ല. സ്‌കാന്‍ ചെയ്യുമ്പോള്‍ വ്യക്തമായ ചിത്രം കിട്ടണമെങ്കില്‍ ഇതൊക്കെ സഹിക്കേണ്ടി വരുമെന്ന് ശകലം ശുണ്ഠിക്കാരിയായ സിസ്റ്റര്‍ ദേഷ്യപ്പെടും. പലപ്പോഴും സിസ്റ്ററെ മാറ്റി വേറെ നഴ്‌സുമാരെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട് ഇവിടെ. പക്ഷേ പ്രശ്‌നം രൂക്ഷമായിട്ടേയുള്ളൂ. വഴക്കിട്ടാലും രോഗികളെ കൈകാര്യം ചെയ്യാന്‍ ആനിയമ്മക്കൊരു പ്രത്യേക മിടുക്കാണ്. ആരുടേയും ഒച്ച പൊന്താതെ നോക്കുമവര്‍. സ്വന്തം കാര്യം മാത്രം നോക്കുന്ന മലയാളികളെ കുറിച്ചോര്‍ത്തപ്പോള്‍ ചിരി വന്നു.
ആണിയില്‍ കൊളുത്തിയിട്ടിരുന്ന കോട്ടെടുത്തിട്ട്, സ്‌ക്രീന്‍ ഓണാക്കി ട്രാന്‍സ്ഡ്യൂസറും ജെല്ലും ഒന്നു കൂടി പരിശോധിച്ച് ഞാന്‍ സീറ്റില്‍ വന്നിരുന്നു. തിരക്കുള്ള ദിവസമാണിന്ന്. നഗരത്തിലെ ഏറ്റവും വിദഗ്ധയായ, തിരക്കുള്ള റേഡിയോളജിസ്റ്റാണ് ഞാന്‍. കരുതലോടെ മുന്നില്‍ കിടക്കുന്ന ഓരോ രോഗിയുടെയും വയറിനു മുകളില്‍ മൃദുവായി ജെല്‍ പുരട്ടി ട്രാന്‍സ്ഡ്യൂസര്‍ വയറിന് മുകളിലൂടെ ചലിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കം പരിശോധിക്കുമ്പോള്‍ എന്റെ ഹൃദയവും തുടിക്കും. ഓരോ കുഞ്ഞു ചലനങ്ങളും അടയാളപ്പെടുത്തുമ്പോള്‍ കാണാതെ പോവുന്ന അപകടസൂചനകളെക്കുറിച്ച് ഭയമാണെനിക്ക്. ഈ ജോലിയില്‍ കയറിയിട്ട് അഞ്ചു വര്‍ഷമായെങ്കിലും ഇന്നും ഓരോ രോഗിയുടെ വയറിനു മുകളില്‍ ജെല്‍ പുരട്ടുമ്പോഴേ ഉള്ളിലൊരു നിശ്ശബ്ദ പ്രാര്‍ത്ഥനയുണരും.
ആദ്യത്തെ രോഗിയെ വിളിച്ചു ആനിയമ്മ. നിറഗര്‍ഭിണിയാണവള്‍. നീരുവന്നു വീങ്ങിയ കാലുകള്‍ കട്ടിലിലേക്കെടുത്ത് വെയ്ക്കാന്‍ ഞാനും സഹായിച്ചു. സാരി നീക്കി വീര്‍ത്ത വയറിനു മുകളില്‍ ജെല്‍ പുരട്ടിയപ്പോഴേ കുഞ്ഞിക്കാലടികള്‍ മുഴച്ചു വന്നു. ഗര്‍ഭിണിയുടെ കൂടെ വന്ന അവരുടെ ഭര്‍ത്താവിനും ഗര്‍ഭിണിക്കും നേരെ തിരിച്ചു വെച്ച സോണോളജിസ്റ്റിന് സമീപമുള്ള മോണിറ്ററില്‍ കൂടി കുഞ്ഞിന്റെ അനക്കങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ വിടരുന്ന ആനന്ദത്തിന്റെയും ആശ്ചര്യത്തിന്റെയും തിളക്കത്തില്‍ നിന്നു തന്നെ കടിഞ്ഞൂല്‍ കുഞ്ഞായിരിക്കുമെന്ന് മനസ്സിലായി. കുഞ്ഞിന്റെ കിടപ്പത്ര ശരിയല്ല. സിസേറിയന്‍ ആവാന്‍ സാധ്യത കൂടുതലാണ്.
ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് ചെയ്താല്‍ ഒന്നുകൂടി കൃത്യമായി മനസ്സിലാവും. അതവരോട് പറയേണ്ടി വരുന്നതാണ് ബുദ്ധിമുട്ട്.
'സിസ്റ്ററേ, ട്രാന്‍സ് ചെയ്യേണ്ടി വരും.'
'കൊച്ചേ, ആ കാണുന്ന വാഷ് റൂമില്‍ പോയി പാന്റീസ് അഴിച്ചിട്ടിട്ട് വരൂ. അകത്തേക്ക് കയറ്റി പരിശോധിക്കണം.'
രണ്ടു പേരുടേയും മുഖം എത്ര വേഗമാണ് മാറിയത്. കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ മുഖങ്ങള്‍.
'പേടിക്കാനൊന്നുമില്ല.' ഞാനവളുടെ കൈകളില്‍ അമര്‍ത്തി മെല്ലെ എഴുന്നേല്‍പ്പിച്ചു. അയാളും വേഗമെഴുന്നേറ്റ് അവളെ താങ്ങിപ്പിടിച്ചു. അവള്‍ കണ്‍കോണിലൊരു നീര്‍ തിളക്കത്തോടെ വാഷ്‌റൂമിലേക്ക് പോയി.
'ഡോക്ടറേ, നിത്യക്ക് എന്തെങ്കിലും കുഴപ്പം?'- അയാള്‍ പരിഭ്രമത്തോടെ അന്വേഷിച്ചു.
'പേടിക്കാനൊന്നുമില്ല. കുഞ്ഞിന്റെ കിടപ്പിന്റെ സ്ഥാനം നോക്കാനാ. വിശദമായി നിങ്ങളോട് ഗൈനക്കോളജിസ്റ്റ് സംസാരിക്കും.'
'ഞങ്ങള്‍ പ്രേമിച്ച് കല്യാണം കഴിച്ചവരാ, അവള്‍ക്കു ഞാനും എനിക്കവളുമേയുള്ളൂ.'
'അതിനെന്താ, ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമായി ഒരാള്‍ കൂടി വരികയല്ലേ. സന്തോഷമായിരിക്കൂ.'
അയാളുടെ മുഖത്തെ വേദന മാറി ചിരി തെളിയുന്നത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. നിത്യ ഇതിനകം വന്ന് കിടന്നു. ആനിയമ്മ പുതപ്പെടുത്തവരെ പുതപ്പിച്ചു. ട്രാന്‍സ്ഡ്യൂസറിനു മുകളിലൊരു കോണ്ടമിട്ട് അതിനു മേലെ ജെല്‍ തേച്ച് അകത്തെ പരിശോധനക്കായൊരുങ്ങി ഞാന്‍. നിത്യയുടെ മുഖം പേടിയാല്‍ വിളറി വെളുത്തു. ഒരു കൈ വയറിന് മുകളില്‍ വെച്ചു കൊണ്ട് ഞാന്‍ മെല്ലെ പരിശോധിക്കാന്‍ തുടങ്ങി.
'ബലം പിടിക്കാതെ നിത്യാ, കഴിയുമെങ്കില്‍ ശ്വാസം വലിച്ചു വിടൂ. ശരീരം തളര്‍ത്തിയിട്ടാല്‍ പരിശോധന നമുക്ക് രണ്ടു പേര്‍ക്കും എളുപ്പമാവും.'
ആര്‍ദ്രമായി ഞാനവളെ നോക്കി.
പരിശോധന തീര്‍ന്നവര്‍ പോയപ്പോള്‍ ഞാന്‍ റിപ്പോര്‍ട്ട് സേവ് ചെയ്ത് ഫയലാക്കി പ്രിന്റ്റെടുത്തു.
അപ്പോഴേക്കും ആനിയമ്മ അടുത്ത രോഗിയെ വിളിച്ചു. നാല്‍പ്പതു വയസ്സുകാരി നിര്‍മ്മല. 20 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഗര്‍ഭിണിയാവുകയാണ്. പക്ഷേ എപ്പോഴും വയറുവേദന.
'കുളി തെറ്റിയിട്ട് രണ്ടാഴ്ച ആവുന്നേയുള്ളൂ ഡോക്ടറേ, ഇപ്പോഴേ ഇങ്ങനെ വേദന. ഇവളാണെങ്കില്‍ ആരോടും ഒന്നും പറയില്ല. സ്‌കാനിങ്ങ് കഴിഞ്ഞാലേ പറയാന്‍ പറ്റൂന്നാ സുശീല ഡോക്ടറ് പറഞ്ഞത്. വയറ്റിലൂറുമ്പോഴേക്കും സ്‌കാനിങ്ങൊന്നും ചെയ്യണ്ടാന്ന് പറഞ്ഞ് ഇവള്‍ടെ അമ്മായമ്മ ഒരേ ചീത്ത പറച്ചില്‍. ഇതിപ്പോ അവരറിയാതെ ഞാനിങ്ങ് കൊണ്ടുവന്നതാ ഡോക്ടറേ, 40 വയസ്സായാലും അവളെന്റെ മോളല്ലേ. പെറ്റ തള്ളക്ക് സഹിക്കോ..'
നിര്‍മ്മലയുടെ മുഖത്തെ നിര്‍വികാരത എന്നിലും വേദനയുളവാക്കി. എക്‌റ്റോപ്പല്‍ പ്രെഗ്‌നന്‍സിയാണ്. ട്യൂബിലെ ഗര്‍ഭമാണെന്ന് എങ്ങനെ അവരോട് പറയും. ഉടന്‍ തന്നെ D& C ചെയ്യേണ്ടി വരും. പക്ഷേ അവരുടെ മുഖത്തു നോക്കി ഒന്നും പറയാന്‍ തോന്നിയില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുഞ്ഞുണ്ടാവുകയെന്നത്! രണ്ടു പിങ്കു വരകള്‍ കണ്ടപ്പോള്‍ അവരെത്ര സന്തോഷിച്ചു കാണും. എന്നിട്ടിപ്പോള്‍.. എനിക്കാരോടൊക്കെയോ ദേഷ്യം തോന്നി.
'ഡോക്ടര്‍ പറയും. അങ്ങോട്ട് ചെന്നോളൂ.'
ഞാനവരുടെ മുഖത്തേക്ക് നോക്കാതെ റിപ്പോര്‍ട്ടില്‍ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു. അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മേശമേലിരുന്ന വെള്ളത്തിന്റെ കുപ്പി തുറന്നു ഞാന്‍ മടമടാന്ന് കുടിച്ചു. അഞ്ചു വര്‍ഷമായി ഈ പണി തുടങ്ങിയിട്ട്. പക്ഷേ ഇപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ എനിക്ക് ഭീതിയാണ്. ഇന്നു മുഴുവന്‍ നിര്‍മ്മലയുടെ മുഖമെന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കും.
'ആനിയമ്മേ, അടുത്ത പേഷ്യന്റിനെ വിളിച്ചോളൂ..'
ചെറുപ്പത്തിന്റെ തിളക്കത്തോടെയാണവള്‍ കടന്നു വന്നത്. വായിലിട്ട് ചവക്കുന്ന ച്യൂയിങ് ഗം. മുഖത്താരേയും കൂസാത്ത ഭാവം. പതിനെട്ടു വയസ്സോ അതില്‍ താഴെയോ കാണൂ പ്രായം.
'കുട്ടി, വായിലുള്ളത് തുപ്പിക്കളഞ്ഞിട്ട് കയറി കിടക്കൂ.'
ആനിയമ്മ ശബ്ദമുയര്‍ത്തി. വയറിനുള്ളില്‍ വളര്‍ന്നു വന്നിരിക്കുന്ന മുഴ. ഞണ്ടുകള്‍ പിടിമുറുക്കിയതായിരിക്കുമോ? എന്റെ ഇത്തരം ചില ഇന്‍ട്യൂഷന്‍സ് സത്യമാവാറുണ്ട് പലപ്പോഴുമെന്ന് ഞെട്ടലോടെ ഓര്‍ത്തു. എത്ര ചെറുപ്പമാണവള്‍. ഒന്നുമുണ്ടാവരുതേയെന്ന് ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളായി നീറി. മുഴകളുടെ വലിപ്പം കൃത്യമായി അടയാളപ്പെടുത്തിയ ഇമേജുകള്‍ റിപ്പോര്‍ട്ടാക്കി. തലവേദനിച്ചു തുടങ്ങിയിരുന്നു എനിക്ക്. സാധാരണ ഗര്‍ഭിണികളുടെ സ്‌കാനിങ്ങുകള്‍ നടക്കുന്ന ദിവസങ്ങള്‍ എത്ര സന്തോഷപ്രദമാണ്. കുഞ്ഞിനെ സ്‌ക്രീനില്‍ കാണുമ്പോഴുള്ള അവരുടെ കൗതുകം. കുട്ടി ആണോ പെണ്ണോ എന്നറിയാനുള്ള ആകാംക്ഷ, ചാഞ്ഞും ചെരിഞ്ഞുമുള്ള നോട്ടം. കുഞ്ഞിന്റെ അനക്കങ്ങള്‍, കുഞ്ഞിക്കൈക്കാലുകള്‍, തല ഒക്കെ നോക്കിയിരിക്കുന്നവര്‍. ചിലര്‍ അരുമയോടെ മോണിറ്ററില്‍ തലോടുന്നത് കാണാം. ചിലര്‍ ഒരു പടി കൂടി കടന്ന് ഭാര്യയുടേയും മോണിറ്ററിന്റേയും ഫോട്ടോ എടുക്കുന്നത് കാണാം. അവരുടെ സ്വകാര്യ സന്തോഷങ്ങളല്ലെയെന്ന് കരുതി ആനിയമ്മ വഴക്കു പറഞ്ഞാലും ഞാനതെല്ലാം ചെറുചിരിയോടെ സമ്മതിക്കാറാണ് പതിവ്.
'അടുത്തത് സാദാ ഗര്‍ഭിണികളെ ആരെയെങ്കിലും വിളിക്കൂ ആനിയമ്മേ..'
എന്റെ അസ്വസ്ഥത മനസ്സിലാക്കിയിട്ടെന്നോണം തല കുലുക്കി കൊണ്ട് ആനിയമ്മ പുറത്തേക്ക് നടന്നു. ഷാനിബയാണ് വന്നത്. ഏഴാം മാസത്തിലെ സ്‌കാനിങ്ങാണ്. മൂന്നാമത്തെ കുഞ്ഞാണ്. മൂത്തതു രണ്ടും പെണ്‍കുഞ്ഞുങ്ങളാണ്. അധികാര ഭാവത്തോടെ കടന്നു വന്ന് സിറാജ് കസേര വലിച്ചിട്ട് ഇരുന്നു കഴിഞ്ഞു. പരിശോധന തുടങ്ങിയതേയുള്ളൂ.
'ഇതെങ്കിലും ആണാവോ ഡോക്ടറേ?' അയാളുടെ സ്വരത്തില്‍ അക്ഷമ നിഴലിച്ചിരുന്നു. പ്രസവിച്ചാല്‍ അവളും കുഞ്ഞുങ്ങളും അനുഭവിക്കേണ്ടി വരുന്ന ദുരിതപര്‍വങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ എന്റെ നെഞ്ചു കനത്തു.
'സിറാജേ, ചുമരില്‍ എഴുതി വെച്ചിരിക്കുന്നതൊന്ന് വായിച്ചേ.'-ലിംഗനിര്‍ണ്ണയം നടത്തുന്നതും അന്വേഷിക്കുന്നതും കുറ്റകരം
'അതൊക്കെ ചുമരില്‍ മാത്രം ഒതുങ്ങുന്ന നിയമമല്ലേ ഡോക്ടറേ, ഇങ്ങളെ വേണ്ട പോലെ ഞാന്‍ കണ്ടോളാം.' ഷാനിബയുടെ മുഖത്തെ ദൈന്യം കണ്ടപ്പോള്‍ ഞാന്‍ തികട്ടി വന്ന പലതും പറയാതെ മിണ്ടാതിരുന്നു.
'തന്നെ പുറത്തേക്കിരുത്തണോ?'
ആനിയമ്മ ശബ്ദമുയര്‍ത്തി. അതോടെ അയാള്‍ അടങ്ങി. ലിംഗനിര്‍ണ്ണയം നടത്തി എത്രയോ കുഞ്ഞുങ്ങളുടെ ഈ ഭൂമിയിലേക്ക് പിറന്നു വീഴാനുള്ള അവകാശം തന്നെ നിഷേധിച്ചിട്ടുണ്ടാവും ഇവരെ പോലുള്ളവര്‍.
'ആരോഗ്യമുള്ള കുഞ്ഞാണ്. കാര്യമായി പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. സന്തോഷമായിരിക്കൂ ഷാനിബ.'
ഞാനവളുടെ കവിളിലൊന്നു തലോടി മെല്ലെ എഴുന്നേല്‍പ്പിച്ചിരുത്തി. അവരു പുറത്തേക്കിറങ്ങുന്നതും നോക്കി റിപ്പോര്‍ട്ടെഴുതി.
'ഇന്നൊരു വല്ലാത്ത ദിവസമാണല്ലോ ഡോക്ടറേ, രണ്ടു കേസ് കൂടിയുണ്ട്. വിളിക്കട്ടേ?'
'വിളിച്ചോളൂ.'
സ്‌കൂള്‍ യൂണിഫോമിട്ട പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ്. അമ്മയും കൂടെയുണ്ട്. അവളുടെ മുഖത്ത് വേദനയും പരിഭ്രമവും നിറഞ്ഞു നിന്നിരുന്നു. അവരവരുടെ സങ്കടങ്ങളുടെ ദു:ഖക്കള്ളികളില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാത്ത പോലെ ഒരമ്മയും മകളും.
'എന്തു പറ്റി?'
അവളുടെ മൃദുവായ ഇത്തിരി തള്ളി നില്‍ക്കുന്ന വയറില്‍ ജെല്‍ പുരട്ടി കൊണ്ട് ഞാന്‍ ചോദിച്ചു.
'ഇവക്ക് ഇടക്കിടക്ക് വയറിലൊരു കൊളുത്തി പിടുത്തം. രണ്ടു മൂന്നു മാസമായിട്ടും മാറാത്ത ഛര്‍ദി. കൊറെ നാട്ടുവൈദ്യമൊക്കെ പരീക്ഷിച്ചതാ ഡോക്ടറെ, സ്‌കൂളിലെ ടീച്ചറാ പറഞ്ഞത് ഇവിടത്തെ ഡോക്ടറെ കാണിക്കാന്‍.'
'എത്ര വയസ്സായി മോള്‍ക്ക്?'
' പതിനാല് '
അവരത് പറഞ്ഞതും മോണിട്ടറില്‍ രണ്ടു കുഞ്ഞു കാലടികള്‍ കണ്ടതും ഞാന്‍ ഞെട്ടി. അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റ് എന്റെയുള്ളില്‍ ആഞ്ഞുവീശി. സകല നിയന്ത്രണങ്ങളും ലംഘിച്ച് എല്ലാം വലിച്ചെറിഞ്ഞ് വല്ലയിടത്തേക്കും ഓടിപ്പോവാന്‍ തോന്നിയെനിക്ക്. ചങ്കെരിയുന്നൊരു മൗനത്തിലേക്ക് എടുത്തെറിയപ്പെട്ടു ഞാന്‍.
അവരോടെന്ത് പറയണമെന്ന് അറിയില്ലായിരുന്നു. നാവുണങ്ങി. ആനിയമ്മ പരിഭ്രാന്തയായി എന്നെ നോക്കി. ആനിയമ്മക്കും സ്‌കൂളില്‍ പഠിക്കുന്ന അവരുടെ ഇളയ കൊച്ചിനെ ഓര്‍മ്മ വന്നിരിക്കും.
അവളുടെ ചുരിദാറിന്റെ അറ്റം വലിച്ചിട്ടു കൊണ്ട് പുറത്തേക്കിരുന്നോളാന്‍ പറഞ്ഞത് ആനിയമ്മയായിരുന്നു.
'ഒരാള്‍ കൂടിയുണ്ട്.'-എന്റെ ഭാവവ്യത്യാസങ്ങള്‍ ശ്രദ്ധിച്ച ആനിയമ്മയുടെ സ്വരം ചിതറി തെറിച്ചു.
വെള്ളമെടുത്ത് കുടിച്ചു കൊണ്ട് ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.
ഇത്തിരി നരകയറി തുടങ്ങിയ മുടി, കവിളിലെ മിനുപ്പ് മാഞ്ഞിട്ടില്ല. അയാളുടെ തല നന്നായി നരച്ചിരിക്കുന്നു.
'എട്ടു വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട് ഡോക്ടറേ, കുറെക്കാലം മന്ത്രവാദവും നാട്ടുവൈദ്യവുമൊക്കെ നോക്കി. ഇവളുടെ ഒരു കൂട്ടുകാരിയാ ഈ ഡോക്ടറെ പറ്റി പറഞ്ഞത്. ടെസ്റ്റ് ട്യൂബ് ശിശു എന്നൊക്കെ ഇവള് പറയുന്നുണ്ട്. അതൊക്കെ തറവാട്ടീ പിറന്നോര്‍ക്ക് പറ്റുന്നതാണോ ഡോക്ടറേ?'
ഞാനൊന്നും പറഞ്ഞില്ല. സാധാരണ ഇത്തരത്തില്‍ സംസാരിക്കുന്നവരുടെ അബദ്ധ ധാരണകളൊക്കെ തിരുത്തി കൊടുക്കാറുള്ളതാണ് ഞാന്‍. ഇന്നു പക്ഷേ എനിക്കൊന്നും സംസാരിക്കാന്‍ കഴിയുന്നില്ല. 'നിങ്ങള്‍ക്കൊരു കുഞ്ഞു വേണമെന്നാഗ്രഹമുണ്ടോ?'-എന്റെ പെട്ടെന്നുള്ള ചോദ്യത്തില്‍ അയാള്‍ ആകെ ഒന്നു പതറിയതായി തോന്നി. മ്ലാനത കലര്‍ന്ന മുഖത്തോടെ കട്ടിലില്‍ കിടന്നവള്‍ കണ്ണടച്ചുപിടിച്ചു. ഒന്നും ചോദിക്കണ്ടായിരുന്നു എന്നു തോന്നിയെനിക്കപ്പോള്‍.
ഫലോപ്പിയന്‍ ട്യൂബിന് ചില്ലറ പ്രശ്‌നങ്ങളുണ്ട്. അണ്ഡോത്പാദനം ഉണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഗര്‍ഭാശയത്തിലേക്ക് കുത്തിവെച്ചാല്‍ കുഞ്ഞുങ്ങളുണ്ടാവാം. ഡോക്ടര്‍ പറഞ്ഞോളും. ഞാന്‍ റിപ്പോര്‍ട്ട് എഴുതാന്‍ തുടങ്ങി.
അവസാനത്തെ രണ്ട് റിപ്പോര്‍ട്ടുകളുമെടുത്ത് കൊടുത്ത് ഗൈനക്കോളജിസ്റ്റിന്റെ മുറിയുടെ മുന്നിലൂടെ നടക്കുമ്പോള്‍, ഞാന്‍ പറയാതെ വിട്ട സത്യങ്ങള്‍ താപമായി പതിനാലുകാരിയിലേക്കും അമ്മയിലേക്കും പെയ്തിറങ്ങുന്നതോര്‍ത്തെന്റെ നെഞ്ചുനീറി.
ഈ ഭൂമിയില്‍ പിറക്കാതെ പോയ നിരവധി കുഞ്ഞുങ്ങളുടെ കരച്ചില്‍ ചെവിയില്‍ മുഴങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...