Malayalam Short Story : ഗദ്ദാമ, അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.അമല്‍ ഫെര്‍മിസ് എഴുതിയ ചെറുകഥ

chilla malayalam short story by Amal Fermis

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Amal Fermis

 

അടുക്കളയിലെ സമ്മിശ്ര ഗന്ധങ്ങളില്‍ മുങ്ങി നിവരുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ഇടക്കിങ്ങനെയാണ്. എവിടെയൊക്കെയോ എന്തൊക്കെയോ വേദനകള്‍. കൈയ്യെടുത്ത് ഒന്നു പൊക്കാന്‍ പോലും വയ്യാത്തത്ര വേദന. മസാല മണം പറ്റിപ്പിടിച്ച ഈ വേഷമൂരിക്കളഞ്ഞ് ഒന്നു കുളിക്കണം. തലയില്‍ തണുത്ത വെള്ളമൊഴിച്ചാല്‍ ഈ വിങ്ങലിന് ഒരു കുറവുണ്ടാവും. 

അപ്പോഴാണ് ഓര്‍ത്തത്, ഇന്ന് വെള്ളം പിടിച്ച് വെക്കാന്‍ മറന്ന കാര്യം. പൈപ്പ് തുറന്നാല്‍ ചുട്ടുപഴുത്ത വെള്ളമാണ് വരുന്നത്, ചൂടുകാലം കഴിയാത്തതെന്താവോ? 

മജ്ബൂസിന്റെ മുകളിലേക്ക് വെക്കാന്‍ കോഴി, കനലിലിട്ട് മൊരിക്കുമ്പോഴാണ് അടിവയറ്റില്‍ നിന്നൊരു ഭൂഗോളം ഉരുണ്ടു കയറി വന്നത്.  ചവറ്റുകൂനയിലേക്ക് തലയിട്ട് ഛര്‍ദ്ദിച്ച് തിരിഞ്ഞതും ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട് അപ്പൂപ്പന്‍ താടി കണക്കെ ഞാന്‍ പാറി വീണു. 

'പൊള്ളുന്ന പനിയുണ്ടല്ലോ!'

അബ്ബാസിന്റെ ശബ്ദം കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്. അറബി വീട്ടിലെ ഡ്രൈവറാണ് അബ്ബാസ്. സ്വന്തം സഹോദരന്മാര്‍ക്കു പോലുമില്ലാത്തത്രയും സ്‌നേഹമാണവന്. 

'വയ്യെങ്കില്‍ ഒരു ഭാഗത്ത് കിടന്നൂടേ ജമീലാത്താ, ആരെ കണ്ടിട്ടാ നിങ്ങളിങ്ങനെ ചത്ത് പണിയെടുക്കുന്നത്?'

പുതിയ ഗദ്ദാമമാര്‍ ഏറെയുണ്ടെങ്കിലും എല്ലായിടത്തും എന്റെ കൈയ്യെത്തണം. എങ്കിലേ ബാബക്കും മാമക്കും* സമാധാനമാവൂ. മുപ്പത് വര്‍ഷമായി ഈ വീടിനകത്ത്. ഇവിടത്തെ മക്കളൊക്കെ എന്റെ കൈകളില്‍ കിടന്ന് വളര്‍ന്നു വലുതായവരാണ്. സ്വന്തം മക്കളെ വളര്‍ത്തി വലുതാക്കാന്‍ ഭാഗ്യമില്ലെങ്കിലെന്താ, അവരെ കാണാതെ ഹൃദയം വിണ്ടുകീറിയ നാളുകളില്‍ സ്വന്തം മക്കളെ പോലെ രാവെന്നോ പകലെന്നോ ഭേദമില്ലാതെ  നോക്കി വളര്‍ത്തി വലുതാക്കിയ മക്കള്‍.

എല്ലാവരും  ഇന്ന് വലിയ നിലയിലാണ്. ഇവിടത്തെ മക്കള്‍ക്കെല്ലാവര്‍ക്കും തന്നെ വല്യ കാര്യമാണ്. അവരുടെ ഉമ്മയോളം വാത്സല്യത്തോടെ എന്നെയും കാണുന്നു അവര്‍. അവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ഞാന്‍ വെറും ഗദ്ദാമയാണ്. അവര്‍ക്ക് വെച്ചുവിളമ്പുന്ന, അവരുടെ ആട്ടും തുപ്പും ഏല്‍ക്കേണ്ടവള്‍! ഗദ്ദാമ! ആരോടും പരാതി പറയാറില്ല.

തല പൊട്ടിപ്പിളരുന്ന വേദന. ആന്ധ്രക്കാരി  സാധനയോട് തോര്‍ത്ത് നനച്ച് തരാമോന്ന് ചോദിച്ചു. നനഞ്ഞ തോര്‍ത്ത് തലയില്‍ വരിഞ്ഞ് കെട്ടി ഞാനെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഇനിയും പണികളേറെയുണ്ട് ചെയ്ത് തീര്‍ക്കാന്‍. ബാബയും കൂട്ടുകാരും വരുന്നതിന് മുന്‍പ് മജ്‌ലിസിലേക്ക് മജ്ബൂസും അനുസാരികളും നിറച്ച പാത്രങ്ങള്‍ തയ്യാറാക്കി വെക്കണം. മറ്റുള്ളവര്‍ക്കൊന്നും ബാബയുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് വിളമ്പി വെക്കാനറിയില്ല. കാവയുടെ ചൂടിന്റെ പാകവും, അരിഞ്ഞ വെള്ളരിക്കാ കഷ്ണങ്ങളുടെ കനവുമെല്ലാം ജമീലാത്താക്കേ അറിയൂന്ന് കളിയാക്കും അബ്ബാസ്. മറ്റുള്ള ഗദ്ദാമകള്‍ക്കെല്ലാം ഇതൊരു ജോലി മാത്രമാണ്. പക്ഷേ എനിക്കിവര്‍ എന്റെ ആരൊക്കെയോ ആണ്. എന്റെ ജീവിതമാണ്.

വേഗം പണികള്‍ തീര്‍ക്കണമെന്ന് കരുതി എഴുന്നേറ്റ് നിന്ന, ഞാന്‍ അതേ വേഗത്തില്‍  അവിടെ തന്നെയിരുന്നു. എണീറ്റ് നില്‍ക്കാന്‍ പോലും കഴിയാത്തത്ര വേദന. കാല് നിലത്തുറക്കാത്ത പോലെ. കാലില്‍ നീരുവന്ന് വീങ്ങിയിരിക്കുന്നു. കുറച്ചു ദിവസമായി കാലിലെ നീര്‍കെട്ട്. പുറംഅടുക്കളയുടെ അതിരിലെ കോണ്‍ക്രീറ്റ് പാളി അടര്‍ത്തിയെടുത്തിടത്ത് ഞാന്‍ അരുമയായി വളര്‍ത്തി വലുതാക്കിയ മുരിങ്ങയില്‍ നിന്നും ഒരു പിടി ഇലയെടുത്തരച്ച് ഉപ്പും കൂട്ടി നീരുള്ളിടത്ത് കെട്ടിവെക്കണമെന്നൊക്കെ ഓര്‍ത്തതായിരുന്നു ഇന്നലെ. പണികളൊക്കെ ഒതുങ്ങി അടുക്കള വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ എവിടെയെങ്കിലുമൊന്ന് തല ചായ്ച്ചാല്‍ മതിയെന്നു തോന്നി. ഈയ്യിടെയായി വല്ലാത്ത ക്ഷീണമാണ്. അബ്ബാസ് പറയും പോലെ കട്ടേം പടോം മടക്കാനായിരിക്ക്ണ്. ഒരായുസ്സില്‍ അധ്വാനിക്കാനുള്ളതില്‍ കൂടുതല്‍ അധ്വാനിച്ച്. പക്ഷേ ഒരു മടക്കയാത്ര, വിശ്രമജീവിതം അതൊക്കെ സ്വപ്നം കാണാനുള്ള ഭാഗ്യം പോലുമില്ല എനിക്ക്. 

'മിന്‍ ഫള്‌ലികല്‍ ഹുദ്‌റാഅതല്‍ ഉഹ് തീ, സാഅ ഖൂം ബില്‍ അമലി'* ഇന്തോനേഷ്യക്കാരി അനീസ എന്നെ സമാധാനിപ്പിച്ചു. ഒന്നുറങ്ങി എഴുന്നേറ്റാല്‍ ഈ പനി വിടുമായിരിക്കും. അബ്ബാസിനോട് പറഞ്ഞ് ഇത്തിരി ചുക്കുകാപ്പി ഉണ്ടാക്കണം. അനീസ കൊണ്ടു തന്ന രണ്ട് പനഡോളും കഴിച്ച് കമ്പിളിപ്പുതപ്പ്  തല വഴി മൂടി അങ്ങിനെ കിടന്നു.

ഓര്‍മ്മകളിങ്ങനെ എന്റെ ഏകാന്തതയിലേക്ക് ക്ഷണിക്കാതെ കടന്നു വന്ന അതിഥികളായി. പൊട്ടിപ്പൊളിഞ്ഞ് പൊടിയുയരുന്ന ഞങ്ങളുടെ തെരുവും ഇരുവശത്തും നിലംപതിക്കാറായ കുറച്ച് വീടുകളും. ഓരോ മഴയത്തും മേല്‍പ്പാളിയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്ന ഞങ്ങളുടെ കുഞ്ഞു വീട്. ഈര്‍പ്പം കിനിയുന്ന മണ്‍ ചുമരുകള്‍. പതിമൂന്നു വയസ്സിലെ കല്യാണം. അണ്ടി പറിക്കാന്‍ പറങ്കിമാവിന്റെ തുഞ്ചത്ത് ഊയലാടി കൊണ്ടിരിക്കുമ്പോഴായിരുന്നു, വീട്ടില്‍ വിരുന്നുകാരുണ്ടെന്ന് പറഞ്ഞ് അണ്ണന്‍ വിളിച്ചിറക്കി കൊണ്ടുപോയത്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കിടയില്‍ നിക്കാഹ്. വീട് മാറിയെന്നല്ലാതെ ദാരിദ്രത്തിന്റെ മേലാപ്പുകള്‍ക്ക് മാറ്റമൊന്നുമില്ലായിരുന്നു പുതു ജീവിതത്തില്‍. ഒന്നേകാല്‍ വയസ് വ്യത്യാസത്തില്‍  പറക്കമുറ്റാത്ത അഞ്ച് കുഞ്ഞുങ്ങള്‍. നാല് പെണ്‍മക്കള്‍, ഏറ്റവും താഴെ ഒരാണ്. രാപകലില്ലാതെ ചാരായം മോന്തി, ഭോഗതൃഷ്ണ തീര്‍ക്കാന്‍ മാത്രം വീടണയുന്ന എന്റെ പുരുഷന്‍. തഴമ്പു വീണ കൈകള്‍ ശരീരത്തില്‍ ഇഴയുമ്പോള്‍ പരുപരുപ്പിന്റെ വേദന. ചെളി നിറഞ്ഞ നഖങ്ങള്‍ പോറി മുറിപ്പെട്ട ശരീരം.

അടിയും ഇടിയും പട്ടിണിയും പരിവട്ടവുമായി മുങ്ങിത്താഴുമ്പോഴാണ് അടുത്ത വീട്ടിലെ ഹനീഫാക്ക ഖത്തറിലെ അറബി വീട്ടിലേക്ക് ഒരു പണിക്കാരത്തീനെ വേണം, കൂടെ പോരണോന്ന് ചോദിച്ചത്. ചാണകം മെഴുകിയ നിലത്തിരുന്ന് വിറകടുപ്പിന്റെ മുകളിലെ കരിപിടിച്ച ഞെളുങ്ങിയ അലുമിനിയ പാത്രത്തിലെ തിളച്ച വെള്ളത്തില്‍ തവിയിട്ട് ഇളക്കി കൊണ്ടിരിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ വിശന്നു കരയുന്ന മക്കള്‍. പുറത്തെ പുകയുടെ ചൂടാണോ അകത്തെ സങ്കടക്കടലാണോ എന്റെ മുഖത്തെ രക്തവര്‍ണ്ണമാക്കിയത്? കുഞ്ഞുമക്കളുടെ മുഖം കാണുമ്പോള്‍ തീരുമാനമെടുക്കാനാവാതെ ഉഴറിയ ദിനങ്ങള്‍. ഒടുക്കം അക്കയാണ് ധൈര്യം തന്നത്. അക്ക നോക്കിക്കോളാം മക്കളെയെന്ന് പറഞ്ഞപ്പോള്‍ ചങ്കുപൊടിയുന്ന വേദനയോടെയാണ് വിമാനം കയറിയത്.  ഓര്‍മ്മകളങ്ങനെ നിലം തൊടാതെ പറക്കുകയാണ്. മരുന്നിന്റെ ക്ഷീണത്തില്‍ കണ്ണുകള്‍ അടഞ്ഞുപോയി.

ഫോണ്‍ നിര്‍ത്താതെയടിക്കുന്നത് കേട്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ശരീരമാകെ വിയര്‍ത്തു കുളിച്ചിരുന്നു, കണ്‍കോണുകളില്‍ കണ്ണീരിന്റെ പശപശപ്പ്. 

ഫോണെടുത്ത് നോക്കി. ഷെമീറാണ്.

സൗദിയില്‍ ഒരു കമ്പനിയില്‍ ജോലിയാണവന്. ഈ സമയത്ത് വിളിക്കുന്ന പതിവില്ല. വെള്ളിയാഴ്ച വൈകുന്നേരമാണ് വിളിക്കാറുള്ളത്. വേപഥുവോടെ അവന്റെ നമ്പറില്‍ തിരികെ വിളിച്ചു. എന്താണെന്ന് ആരാഞ്ഞപ്പോള്‍ അവന്റെ ശബ്ദത്തിലെ സങ്കടക്കടല്‍ വന്നെന്നെ തൊട്ടു. 'ഉമ്മീ, കൊറോണയല്ലേ ജോലി പോയി, നാട്ടിലേക്ക് പോവാനും കഴിയില്ലല്ലോ എങ്ങനെ പിടിച്ച് നില്‍ക്കണമെന്നറിയില്ല'-പറഞ്ഞപ്പോഴേക്കും തൊണ്ടയിലെന്തോ കുരുങ്ങിയപ്പോലെ അവന്റെ തേങ്ങലിന്റെ ചീളുകള്‍ എന്റെ ചെവിയിലൂടെ കടന്നു പോയി. അവനെ നെഞ്ചോട് ചേര്‍ത്ത് ആ മൂര്‍ദ്ദാവില്‍ മുകരാന്‍ തോന്നിയെനിക്ക്. പക്ഷേ ഫോണിലൂടെ അവനെയെങ്ങനെയാശ്വസിപ്പിക്കണമെന്നറിയാതെ നിന്നു പോയി ഞാന്‍. കുട്ടികള്‍, കുടുംബം, ഭാവി !

നെഞ്ചു പൊടിയുന്ന വേദന തോന്നിയപ്പോഴാണ് ഐപാഡില്‍ നോക്കി ഇരുന്നിരുന്ന അനീസാടെ നേരെ ആംഗ്യം കാണിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞ ദിനരാത്രങ്ങള്‍. ഹൃദ് രോഗിയുടെ നിയന്ത്രണങ്ങളോടെ ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞ ദിവസം, എല്ലാം അവസാനിപ്പിച്ച് നാട്ടില്‍ പോവണമെന്ന് തീരുമാനമെടുത്തു ഞാന്‍. 

ഇനിയും ഇവിടെ നിന്നിട്ടെന്താ? നാട്ടിലേക്ക് അറിയിച്ചില്ല.  സാധനങ്ങളെല്ലാമടക്കി പറക്കുമ്പോഴാണ് നാട്ടില്‍ നിന്നും ഇളയ മോള്‍ സൈറാടെ മിസ് കാള്‍ വന്നത്. തിരിച്ച് വിളിച്ചപ്പോള്‍ ശബ്ദം താഴ്ത്തിയെങ്കിലും, ഇത്തിരി വൈക്ലബ്യത്തോടെ മെല്ലെ പറഞ്ഞു- 'ഇനി ജോലി ചെയ്യാനൊന്നും വയ്യ, നാട്ടിലേക്ക് തിരികെ വരാമെന്ന് കരുതുന്നു.' 

ആദ്യത്തെ നിശ്ശബ്ദതക്കു ശേഷം, അവള്‍ കടുത്ത വിഷാദത്തിന്റെയും നിരാലംബതയുടെയും ചിറകിലേറി എന്തൊക്കെയാണ് പറഞ്ഞത്! ഷെമീറിനും ജോലി പോയിരിക്കുകയാണ്, തിരിച്ച് വരുമ്പോള്‍ കുറച്ച് വിഷം കൂടി വാങ്ങി പോരേന്ന്. ഇനിയും ഇവിടെ നില്‍ക്കാനും പണിയെടുക്കാനും ഉമ്മാക്ക് വയ്യാതായി മക്കളേന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു ഞാന്‍. 'മക്കളെ നോക്കേണ്ട പ്രായത്തില്‍, കണ്ടോരെ ഏല്‍പ്പിച്ച്, ഇട്ടെറിഞ്ഞ് സ്വന്തം സുഖം നോക്കി പോയതല്ലേ, ഭാരം ഒഴിവാക്കും പോലെ കണ്ടവരുടെ തോളില്‍ കെട്ടിവെച്ചില്ലേ, അന്നേരം ഞങ്ങളെ നാലക്ഷരം പഠിപ്പിച്ചിരുന്നെങ്കില്‍ ' വീണ്ടുമെന്തൊക്കെയോ പുലമ്പികൊണ്ടിരുന്നവള്‍.

കരള്‍രോഗം പിടിപെട്ട് ആയുസ്സെത്താതെ ഭര്‍ത്താവ് മരിച്ചപ്പോഴും, വിദേശത്ത് പോയി സുഖിക്കുകയാണെന്ന് പറഞ്ഞ് ഉറ്റവരും ഉടയവരും കുറ്റപ്പെടുത്തിയപ്പോഴും കണ്ണീരമര്‍ത്തി പുഞ്ചിരിച്ചത് മക്കള്‍ക്കെങ്കിലും സ്വസ്ഥമായൊരു ജീവിതം ലഭിക്കുമെന്ന് മോഹിച്ചായിരുന്നു.  അരികിലില്ലാത്ത പെണ്‍മക്കളുടെ മാനത്തെക്കുറിച്ചോര്‍ത്ത് ഉറക്കമില്ലാത്ത ദിനരാത്രങ്ങളിലാണ്

അക്കയുടെയും അണ്ണന്റെയും ഉപദേശമനുസരിച്ചാണ് ഓരോ മക്കളെയും പ്രായപൂര്‍ത്തിയെത്തിയപ്പോഴേ കെട്ടിച്ചയക്കാന്‍ തീരുമാനിച്ചത്. ചെറുക്കന്മാരെ പറ്റി അവരന്വേഷിച്ചെന്ന് പറഞ്ഞപ്പോള്‍, അവരെ വിശ്വസിച്ചാണ്, നേരിട്ട് പോയില്ലെങ്കിലും പറഞ്ഞ പണ്ടവും പണവും കൊടുത്തവരെ കെട്ടിച്ചു വിട്ടത്. ആവശ്യങ്ങളെല്ലാം നിവര്‍ത്തിച്ചു കൊടുത്തിട്ടേയുള്ളൂ. ഇന്ന് മക്കള്‍ തന്നെക്കാള്‍ വലിയ ദുരിതത്തിലാണ്. കറുത്ത ലോകത്തിന്റെ ആവര്‍ത്തനം. താനിവിടെ എല്ലുമുറിയെ പണിയുന്നത് കൊണ്ട് അവര്‍ക്ക് സ്വന്തം മക്കളോടൊത്ത് നില്‍ക്കാന്‍ കഴിയുന്നുവെന്നു മാത്രം.

മരിക്കാതെ തന്നെ മനുഷ്യന്‍ ഒറ്റപ്പെട്ടു പോവുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്. വയസ്സുകാലത്തെങ്കിലും ഇത്തിരി നാള്‍ മക്കളോടും പേരക്കുട്ടികളോടുമൊപ്പം ജീവിക്കണമെന്ന കുഞ്ഞു സ്വപ്നമേ ഇന്നോളം ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളൂ. മൂന്നു ദിവസം രാവും പകലും ഇരുന്നും കിടന്നും ഓര്‍ത്തോര്‍ത്ത് ആര്‍ത്തിരമ്പി പെയ്യുന്ന എന്റെ സങ്കടങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഞാനൊരു തീരുമാനത്തിലെത്തി.

എന്നെ നാട്ടിലേക്ക് മടക്കി അയക്കരുതേയെന്ന് പറയാന്‍ ബാബയുടെയും മാമയുടേയും മുറിയിലെത്തിയപ്പോള്‍ പെയ്യാന്‍ തുടങ്ങിയ മിഴികളെ നോക്കി മാമ അടുത്ത് വന്ന് 'നിനക്കെന്നും ഞങ്ങളുടെ കൂടെ നില്‍ക്കാം ഹബീബ്ത്തി' എന്നു പറഞ്ഞ് തൊണ്ടയിലെരിഞ്ഞ് നിന്നിരുന്ന എന്റെ വിഷാദക്കടലിനെ  അതീവ വാത്സല്യത്തോടെ മാറോട് ചേര്‍ത്തു. 

അമ്മ നെഞ്ചിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന കുഞ്ഞുപൈതലിനെ പോലെ ഞാനവരെ ചുറ്റിപ്പിടിച്ചു. എന്റെ ഉടലില്‍ സ്‌നേഹത്തിന്റെ  അദൃശ്യമാം ആകാശമുല്ലകള്‍ പൂത്തു.

* ബാബ - പിതാവ്, മാമ - മാതാവ്

* നിങ്ങള്‍ വിശ്രമിക്കൂ താത്താ, ജോലികള്‍ ഞാന്‍ ചെയ്ത് തീര്‍ക്കാം


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios